Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

ഒരു രാത്രി രണ്ട് വിത്ര്‍ നമസ്‌കാരം

ഇല്‍യാസ് മൗലവി

രാത്രി ഇമാമിനോടൊപ്പം വിത്‌റ് നമസ്‌കരിച്ച ഒരാള്‍ തഹജ്ജുദ് നമസ്‌കരിക്കണമെന്ന് വെച്ചാല്‍ പറ്റുമോ? വീണ്ടും വിത്‌റ് നമസ്‌കരിക്കേണ്ടതുണ്ടോ? ഇമാമിന്റെ കൂടെ ദുആ യില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിത്ര്‍ നമസ്‌കരിക്കേണ്ടിവരുമല്ലോ? വിത്ര്‍ നമസ്‌കരിച്ച ഒരാള്‍ക്ക് വീണ്ടും നമസ്‌കരിക്കണമെന്ന് തോന്നിയാല്‍ വിത്ര്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ? ഒരു രാത്രി രണ്ട് വിത്റില്ല എന്ന ഹദീസിന് എതിരാവുകയില്ലേ അങ്ങനെ ചെയ്യുന്നത്?

സ്ഥിരമായി ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ച് ശീലമുള്ളവരും, തഹജ്ജുദ് നമസ്‌കരിക്കാന്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം എഴുന്നേല്‍ക്കുമെന്ന് ഉറപ്പുള്ളവരും തങ്ങളുടെ വിത്ര്‍ നമസ്‌കാരം ഏറ്റവും അവസാനത്തെ നമസ്‌കാരത്തോടൊപ്പം ആക്കേണ്ടതാണ്. നബി(സ) പറഞ്ഞു: ''രാത്രിയിലെ നിങ്ങളുടെ നമസ്‌കാരത്തില്‍ ഏറ്റവും അവസാനത്തേത് വിത്റാക്കുവിന്‍'' (ബുഖാരി: 998, മുസ്ലിം: 751). രാത്രി ഒരാള്‍ക്ക് എത്രയും നമസ്‌കരിക്കാം, പക്ഷേ വിത്റായി(ഒറ്റയായി)ട്ടായിരിക്കണം അവസാനിപ്പിക്കുന്നത് എന്നാണ് ഈ ഹദീസിന്റെ താല്‍പര്യമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല നബിയോട് ഒരാള്‍ രാത്രി നമസ്‌കാരം എങ്ങനെയാണെന്ന് ചോദിക്കുകയുണ്ടായി. അന്നേരം നബി (സ) പറഞ്ഞു: ''രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ടായിട്ടാണ് നിര്‍വഹിക്കേണ്ടത്. അങ്ങനെ സ്വുബ്ഹ് ആയിപ്പോവുമെന്ന് ആശങ്കിച്ചാല്‍ ഒറ്റയാക്കി അവസാനിപ്പിക്കുക'' (ബുഖാരി: 1137). 

ഇമാം നവവി തന്നെ പറയുന്നു: ''വിത്റാക്കുകയും എന്നിട്ട് ഐഛികമോ അല്ലാതെയോ നമസ്‌കരിക്കണമെന്ന് വിചാരിച്ചാല്‍ യാതൊരു കറാഹത്തും കൂടാതെ അനുവദനീയമാകും. എന്നാല്‍ വീണ്ടും വിത്റാക്കരുത്. ആഇശ(റ)യുടെ ഹദീസാണ് അതിന് തെളിവ്'' (ശറഹുല്‍ മുഹദ്ദബ് 3/512).

ചുരുക്കത്തില്‍, രാത്രി നമസ്‌കാരം അവസാനിക്കുമ്പോള്‍ റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. മൊത്തം റക്അത്തുകളുടെ എണ്ണമാണ് ഇവിടെ പരിഗണനീയം. അഥവാ ഒരിക്കല്‍ വിത്ര്‍ നമസ്‌കരിച്ചയാള്‍ വീണ്ടും വിത്ര്‍ നമസ്‌കരിക്കരുത് എന്നര്‍ഥം. പതിനൊന്ന് റക്അത്ത് നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ അയാള്‍ക്ക് താഴെപ്പറയുന്ന രണ്ടിലേതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്:

ഒന്ന്: ആദ്യം ഒരു റക്അത്ത് നമസ്‌കരിക്കുക. അപ്പോള്‍ നേരത്തേ നമസ്‌കരിച്ച പതിനൊന്ന് റക്അത്ത് എന്നത് പന്ത്രണ്ട് റക്അത്തായി. തുടര്‍ന്ന് ഈരണ്ട് വീതം നമസ്‌കരിച്ച് അവസാനം ഒറ്റ റക്അത്ത് വരും വിധം നമസ്‌കാരം അവസാനിപ്പിക്കുക. സ്വഹാബിമാരില്‍ ഉസ്മാന്‍(റ), ഇബ്നു ഉമര്‍(റ) തുടങ്ങിയവര്‍ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഈ രൂപത്തില്‍ ചെയ്യുന്നത് ആഇശ(റ) ശക്തമായി നിരൂപണം ചെയ്യുകയും ഇവര്‍ നമസ്‌കാരം കൊണ്ട് കളിക്കുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു (തുഹ്ഫത്തുല്‍ അഹ്വദി).

രണ്ട്: ഏറ്റവും ഉത്തമമായ രൂപം ഇതാണ്. നേരത്തേ വിത്ര്‍ നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ പിന്നീട് വിത്ര്‍ നമസ്‌കരിക്കേണ്ടതില്ല. ഈരണ്ട് വീതം എത്രയും നമസ്‌കരിക്കാം. മൊത്തം അദ്ദേഹം നമസ്‌കരിച്ചത് കണക്കുകൂട്ടുമ്പോള്‍ ഒറ്റയില്‍ ആയിരിക്കും അവസാനിച്ചിട്ടുണ്ടാവുക. പതിനൊന്ന് നമസ്‌കരിച്ചവര്‍ വീണ്ടും രണ്ട് റക്അത്ത് നമസ്‌കരിക്കുമ്പോള്‍ പതിമൂന്ന് റക്അത്താവും. അങ്ങനെ അവസാനം ഒറ്റയില്‍ തന്നെയാവും അവസാനിക്കുക. അബൂബക്ര്‍(റ) അങ്ങനെയായിരുന്നു ചെയ്തിരുന്നത് എന്ന് ആഇശ(റ) വ്യക്തമാക്കുന്നുണ്ട്. ഇബ്നു അബ്ബാസിനെപ്പോലുള്ള പ്രമുഖരായ പണ്ഡിത സ്വഹാബിമാരും സുഫ്യാനുസ്സൗരി, ഇമാം മാലിക്, ഇമാം അഹ്മദ്, ഇമാം ശാഫിഈ പോലുള്ളവരും ഈ വീക്ഷണക്കാരാണ്.

ഇമാം നവവി പറയുന്നു: ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബലവും പ്രസിദ്ധവുമായ അഭിപ്രായമനുസരിച്ച് ഒരാള്‍ ഉറങ്ങുന്നതിനു മുമ്പേ വിത്‌റാക്കുകയും പിന്നീട് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കുകയും ചെയ്യുന്ന പക്ഷം നേരത്തേ നമസ്‌കരിച്ച വിത്‌റിനെ ഭംഗപ്പെടുത്തേണ്ട കാര്യമില്ല. പ്രത്യുത തനിക്ക് സൗകര്യമാകുന്നത്രയും തഹജ്ജൂദ് ഈരണ്ട് റക്അത്തുകളായി നമസ്‌കരിക്കുകയാണ് വേണ്ടത്. ബഹുഭൂരിഭാഗം ഫുഖഹാക്കളുടെയും ഖണ്ഡിതമായ അഭിപ്രായവും ഇതുതന്നെ.  എന്നാല്‍ ഇമാമുല്‍ ഹറമൈനിയും ഖുറാസാനീ ഫുഖഹാക്കളും വ്യക്തമാക്കിയ മറ്റൊരു രൂപവും ഉണ്ട്. അതുപ്രകാരം അയാള്‍ ആദ്യം ഒരു റക്അത്ത് നമസ്‌കരിച്ച് നേരത്തേ നമസ്‌കരിച്ച വിത്ര്‍ ഇരട്ടയാക്കുകയും പിന്നെ താനുദ്ദേശിക്കുന്നത്രയും ഈ രണ്ട് വീതം നമസ്‌കരിച്ച് ഒടുവില്‍ ഒരു വിത്ര്‍ കൂടി നമസ്‌കരിക്കുകയും ചെയ്യുക എന്നതാണത്. വിത്‌റിനെ ദുര്‍ബലപ്പെടുത്തല്‍ എന്നാണ് ഇതിന് പറയുക. എന്നാല്‍ ആദ്യം പറഞ്ഞതാണ് ശാഫിഈ മദ്ഹബിലെ പരിഗണനീയമായ രൂപം. ത്വല്‍ഖു ബ്‌നു അലി നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി:  'ഒരു രാത്രിയില്‍ രണ്ട് വിത്‌റ് പാടില്ല' എന്ന ഹദീസാണ് അതിന് തെളിവ്. അബൂ ദാവൂദ്, തിര്‍മിദി, നസാഈ തുടങ്ങിയവര്‍ ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഇത് ഹസനായ ഹദീസാണെന്ന് തിര്‍മിദി രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: ഐഛിക നമസ്‌കാരം എന്ന ആധ്യായം).

 

ഇടക്കു വെച്ച് പിരിഞ്ഞുപോകല്‍

റമദാനിലെ തറാവീഹ് നമസ്‌കാരം 8 റക്അത്ത് നിര്‍വഹിച്ച ശേഷം വിത്‌റ് നമസ്‌കാരം വീട്ടില്‍ പോയി ചെയ്യുന്ന ആളുകളെ പള്ളികളില്‍ സാധാരണ നാം കണാറുള്ളതാണ്. ഇപ്പോള്‍ പല പണ്ഡിതന്മാരും അതൊന്നിച്ച് നിര്‍വഹിച്ചാലേ നമസ്‌കാരം സ്വീകാര്യമാകൂ എന്ന് ഫത്‌വ നല്‍കുന്നു. ശരിയായ രൂപം എന്താണ്?

ഒരാള്‍ ഇമാമിനോടൊപ്പം പതിനൊന്ന് റക്അത്ത് നമസക്കരിക്കുന്നു, പിന്നീട് അല്ലാഹുവിന്റെ റസൂല്‍ റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിലധികം നമസ്‌കരിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ് പിരിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിനെ സംബന്ധിച്ച് പ്രശസ്ത സുഊദി പണ്ഡിതന്‍  ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉസൈമീനോട് ചോദിച്ചപ്പോള്‍  അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:

ഈ ചെയ്തി അഥവാ പതിനൊന്നിലധികം തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിനെ വിട്ട് പിരിഞ്ഞു പോവുക എന്നത് സുന്നത്തിന് എതിരാകുന്നു. പ്രതീക്ഷിക്കപ്പെടുന്ന കൂലിയും പ്രതിഫലവും നഷ്ടപ്പെടുത്തലുമാകുന്നു. സലഫുസ്സ്വാലിഹുകളുടെ ചര്യക്ക് വിരുദ്ധവുമാകുന്നു. കാരണം നബി(സ)യോടൊപ്പം നമസ്‌കരിച്ച സ്വഹാബിമാര്‍ അവിടുന്ന് നമസ്‌കരിച്ചു തീരുന്നതിനു മുമ്പ് പിരിഞ്ഞു പോവുകയുണ്ടായിട്ടില്ല. അതുപോലെ തന്നെ സ്വഹാബിമാരാരും തങ്ങള്‍ ശരിയെന്ന് കണ്ടതിനേക്കാള്‍ അധികം നമസ്‌കരിച്ചിരുന്ന ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാറുമുണ്ടായിരുന്നു. മിനയില്‍ വെച്ച് ഉസ്മാന്‍ (റ) നാല് റക്അത്ത് പൂര്‍ണമായി നമസ്‌കരിച്ചപ്പോള്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ 'ഭിന്നത നാശം തന്നെയാകുന്നു' എന്നും പറഞ്ഞ് അവര്‍ അദ്ദേഹത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കി നമസ്‌കരിക്കുകയും ചെയ്തു. അതുപോലെ 'ആരെങ്കിലും ഇമാം നമസ്‌കാരത്തില്‍നിന്ന് വിരമിക്കുന്നതുവരെ ഇമാമിനോടൊപ്പം തുടരുന്ന പക്ഷം രാത്രി മുഴുവന്‍ നമസ്‌കരിച്ച പ്രതിഫലം അയാള്‍ക്ക് രേഖപ്പെടുത്തപ്പെടും'  എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ആ പ്രതിഫലം കൂടി നഷ്ടപ്പെടുത്തുക എന്നതു കൂടി  ഇവിടെ സംഭവിക്കുന്നു (മജ്മൂഉ ഫതാവ: 805). പതിനൊന്ന് റക്അത്ത് നമസ്‌കരിക്കുന്ന ഇമാമിനോടൊപ്പം, എട്ട് റക്അത്ത് നമസ്‌കരിക്കുകയും തഹജ്ജുദ് നമസ്‌കരിക്കാന്‍ ഉദ്ദേശിച്ച് പതിനൊന്ന് പൂര്‍ത്തിയാക്കാതെ പിരിയുകയും ചെയ്യുന്നതിനേക്കാള്‍ ഉത്തമം ഇമാമിനോടൊപ്പം 11 പൂര്‍ത്തിയാക്കുന്നതാണ്. പതിനൊന്നാം റക്അത്തില്‍ ഇമാം സലാം വീട്ടിയാല്‍, തഹജ്ജുദ് നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ എഴുന്നേറ്റുനിന്ന് ഒരു റക്അത്ത് കൂടി നമസ്‌കരിച്ച് സലാം വീട്ടണം. പിന്നീട് തഹജ്ജുദും വിത്‌റും നമസ്‌കരിക്കാം. ഇതാണ് ഉത്തമമായ രീതി.

 

മുസ്വ്ഹഫ് നോക്കി പാരായണം ചെയ്യല്‍

എനിക്ക് ഖുര്‍ആന്‍ അധികമൊന്നും ഹൃദിസ്ഥമല്ല.  നമസ്‌കാരത്തില്‍, വിശിഷ്യാ തഹജ്ജുദില്‍ മുസ്വ്ഹഫ് നോക്കി ഓതാന്‍ പറ്റുമോ? മുസ്വ്ഹഫിനു പകരം  മൊബൈലില്‍ നോക്കി ഓതുന്നത് അനുവദനീയമാണോ?

 

നമസ്‌കാരത്തില്‍ മുസ്വ്ഹഫ് നോക്കി പാരായണം ചെയ്യുന്നതിന് കുഴപ്പമില്ല. ആഇശ(റ)യുടെ ഭൃത്യനായിരുന്ന ദഅ്വാന്‍ എന്ന കുട്ടി അവര്‍ക്ക് ഇമാമായി നില്‍ക്കാറുണ്ടായിരുന്നു എന്നും മുസ്വ്ഹഫില്‍ നോക്കിയാണ് ഓതിയിരുന്നതെന്നും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട് (ബുഖാരി: 691, അടിമയുടെയും ഉടമയുടെയും ഇമാമത്ത്). അതിന്റെ ശറഹില്‍ ഇമാം ഇബ്നു ഹജര്‍ നമസ്‌കാരത്തില്‍ മുസ്വ്ഹഫ് നോക്കി ഓതാമെന്നതിന് ഇതില്‍ തെളിവുണ്ടെന്ന് രേഖപ്പെടുത്തുന്നു. (ഫത്ഹുല്‍ ബാരി 2/362).

നമസ്‌കരിക്കുന്നവന്‍ മുസ്വ്ഹഫില്‍ നോക്കി പാരായണം ചെയ്യുന്നത് പേജുകള്‍ മറിച്ചുകൊണ്ട് തന്നെയാണെങ്കില്‍ പോലും അതൊന്നും നമസ്‌കാരത്തിന് ഭംഗം വരുത്തുകയില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രധാന കിതാബുകളില്‍ കാണുന്നത്. അത് നിസ്സാര ചലനങ്ങളാണ് എന്നും തുടര്‍ച്ചയായ ചലനത്തില്‍ പെടില്ലെന്നുമാണ് അതിന്റെ ന്യായം (മുഗ്നില്‍ മുഹ്താജ്: 3/31, നിഹായ: 5/88, ശര്‍വാനി: 2/152).

രാത്രി നമസ്‌കാരത്തില്‍ മുസ്വ്ഹഫ് നോക്കിയോതുന്നതിന് വിരോധമില്ല എന്നാണ് ഇമാം അഹ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. ഫര്‍ദിലോ എന്നു  ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ ഞാനിതുവരെ ഒന്നും കേട്ടിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. റമദാനില്‍ മുസ്വ്ഹഫ് നോക്കി പാരായണം ചെയ്തുകൊണ്ട് നമസ്‌കരിക്കുന്നതിനെപ്പറ്റി ഇമാം സുഹ്രിയോട് ചോദിച്ചപ്പോള്‍, 'ഞങ്ങളിലെ ഉത്തമരായ ആളുകള്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു' എന്നദ്ദേഹം മറുപടി പറയുകയുണ്ടായി (അല്‍ മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ 33/57). അതിനാല്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാമിനെ ലഭ്യമല്ലാതിരിക്കുന്ന സന്ദര്‍ഭങ്ങളിലും, തനിച്ച് നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ അധികമൊന്നും  കാണാപാഠമില്ലാത്തവര്‍ക്കും മുസ്വ്ഹഫ് നോക്കി ഓതാവുന്നതാണ്. അതുപക്ഷേ നമസ്‌കാരത്തില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തിനും ഭവ്യതക്കും ചേരാത്ത വിധത്തിലാവാന്‍ പാടില്ല. സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം മുസ്വ്ഹഫ് പിടിക്കാനും നിവര്‍ത്താനും എടുക്കാനും വെക്കാനുമൊക്കെ. മുസ്വ്ഹഫിന്റെ വിധി തന്നെയാണ് മൊബൈലിലെ ഖുര്‍ആനിനും. മൊബൈല്‍ നോക്കിയും ഖുര്‍ആന്‍ പാരായണം ചെയ്യാം.

 

മാതൃഭാഷയില്‍ പ്രാര്‍ഥിക്കല്‍

പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ ഏറെ സാധ്യതയുള്ള സന്ദര്‍ഭമാണല്ലോ നിശാ നമസ്‌കാരം. ഒരുപാട് കാര്യങ്ങള്‍ പ്രാര്‍ഥിക്കണമെന്നുണ്ട്. പക്ഷേ അറബിയില്‍ പ്രാര്‍ഥിക്കാന്‍ അറിഞ്ഞുകൂടാ. എന്നെപ്പോലെ അറബി അറിയാത്തവര്‍ക്ക് നമസ്‌കാരത്തില്‍ തങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ പ്രാര്‍ഥിക്കാമോ?

അറബി ഭാഷാ പരിജ്ഞാനമുള്ള ഒരാള്‍ നമസ്‌കാരത്തില്‍ മറ്റു ഭാഷകളില്‍ പ്രാര്‍ഥിക്കുന്നത് ശരിയല്ല എന്നതാണ് പണ്ഡിതന്മാരുടെ പ്രബലമായ അഭിപ്രായം. എന്നാല്‍ അറബി ഭാഷാ പരിജ്ഞാനമില്ലാത്ത ഒരാള്‍ നമസ്‌കാരത്തില്‍ തന്റെ സ്വന്തം ഭാഷയില്‍ പ്രാര്‍ഥിക്കുന്നതില്‍ തെറ്റില്ല.

നമസ്‌കാരത്തിന്റെ രൂപവും ആത്മാവും അല്ലാഹുവില്‍നിന്ന് വഹ്യ് മുഖേനെ പ്രവാചകന് ലഭിച്ചിട്ടുള്ളതാണ്. നബി(സ) പറഞ്ഞു: ''ഞാന്‍ നമസ്‌കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കണ്ടിട്ടുള്ളത് അതുപോലെ നമസ്‌കരിക്കുക.''

നമസ്‌കാരത്തില്‍ എന്തൊക്കെയാണ് പാരായണം ചെയ്യേണ്ടതെന്നും പ്രാര്‍ഥിക്കേണ്ടതെന്നും നബി(സ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് നമസ്‌കാരം ആ രൂപത്തില്‍ തന്നെ നിര്‍വഹിക്കേണ്ടത് പ്രധാനമാണ്. ഒരാള്‍ക്ക് അറബി ഭാഷയില്‍ അത് നിര്‍വഹിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ തന്നെയാണത് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഒരാള്‍ക്ക് ആ രൂപത്തില്‍ അറബിയില്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് സാധിക്കുന്നതുവരെ തന്റെ ഭാഷയില്‍ ആ പ്രാര്‍ഥനകളുടെ അര്‍ഥം ചൊല്ലാവുന്നതാണ്. അതോടൊപ്പം അറബിയില്‍തന്നെ അത് പഠിക്കാനുള്ള ശ്രമവും തുടര്‍ന്നുകൊണ്ടിരിക്കണം. നമസ്‌കാരത്തില്‍ ചൊല്ലേണ്ട പ്രാര്‍ഥനകളെല്ലാം അറബിയില്‍ പഠിച്ച ഒരാള്‍ക്ക്, തന്റെ സ്വന്തമായ പ്രാര്‍ഥനകള്‍ ചൊല്ലാവുന്നതാണ്, പ്രത്യേകിച്ചും സുജൂദില്‍. നബി(സ) പറഞ്ഞു: ''ഒരാള്‍ അല്ലാഹുവിലേക്ക് ഏറ്റവുമധികം അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതുകൊണ്ട് സുജൂദില്‍ ധാരാളമായി പ്രാര്‍ഥിക്കുക'' (മുസ്‌ലിം: 1111).

അറബി ഭാഷ നിശ്ചയമില്ലാത്ത അനറബിയായ വ്യക്തി നമസ്‌കാരത്തില്‍ തന്റെ മാതൃഭാഷയില്‍ പ്രാര്‍ഥിക്കുന്നതിനെപ്പറ്റി ഇമാം മാലികിനോടുള്ള ചോദ്യം ശിഷ്യനായ ഇബ്‌നുല്‍ ഖാസിം കേള്‍ക്കുകയുണ്ടായി. അന്നേരം ഇമാം മാലികിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായത് വഹിപ്പിക്കുകയില്ല' (അല്‍ബഖറ 286). എന്നു വെച്ചാല്‍ ഇമാം മാലിക് അദ്ദേഹത്തോട് ലാഘവ സമീപനം സ്വീകരിച്ചു എളുപ്പമാക്കിക്കൊടുത്ത പോലെ (അത്താജു വല്‍ ഇക്‌ലീല്‍: 1-459).

നമസ്‌കാരത്തില്‍  അറബിയില്‍ തക്ബീര്‍ ചൊല്ലാന്‍ അറിയാത്തവര്‍ക്ക് മാതൃഭാഷയില്‍ ചൊല്ലല്‍ അനുവദനീയമാണെന്ന് ഇമാം ശാഫിഈ രേഖപ്പെടുത്തിയിട്ടുണ്ട് (അല്‍ ഉമ്മ്: 1-100).


Comments