കുട്ടികളുടെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട തത്ത്വങ്ങള്‍
കുടുംബ കൗണ്‍സലിംഗ്, വിദ്യാഭ്യാസം, ശിക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ ഞാന്‍ ആവിഷ്‌കരിച്ച പന്ത്രണ്ട് തത്ത്വങ്ങളെക്കുറിച്ച് പറയാം.
ഒന്ന്: മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു അവസാനവും പ്രതീക്ഷിക്കേണ്ടണ്ട. കുഞ്ഞിന്റെ പിറവി തൊട്ടുതുടങ്ങി, മക്കളുടെ വിവാഹ ജീവിതത്തിലൂടെ തുടര്‍ന്ന് അറുതിയില്ലാത്ത ഇത്തരം പ്രശ്‌നങ്ങളൊക്കെ അവരുടെ വിവാഹശേഷവും അവശേഷിച്ചെന്നിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു നിര്‍ണിത കാലയളവുണ്ടെന്ന് ധരിക്കുന്നത് വെറുതെ. 'ഞാന്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല' എന്നൊരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് പ്രശ്‌നങ്ങളെ കുറിച്ച് തിരിച്ചറിവുണ്ടായിട്ടില്ല എന്നാണര്‍ഥം.
രണ്ട്: നിങ്ങള്‍ക്കും നിങ്ങളുടെ മകന്നുമിടയില്‍ പൊതുവായി കാണുന്ന സദൃശ സ്വഭാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. നിങ്ങളില്‍നിന്ന് വ്യത്യസ്തവും ഭിന്നവുമായ സ്വഭാവങ്ങളാല്‍ അനുഗൃഹീതനാണ് മകനെങ്കില്‍ ആ സ്വഭാവം വളര്‍ത്താനും പരിപോഷിപ്പിക്കാനുമാണ് നിങ്ങള്‍ യത്‌നിക്കേണ്ടത്; അതിനെ വിമര്‍ശിക്കുകയോ അടിച്ചമര്‍ത്തുകയോ അവന്റെ വ്യക്തിത്വത്തില്‍നിന്ന് അവ തുടച്ചു മാറ്റുകയോ ചെയ്യുകയല്ല വേത്.
മൂന്ന്: മക്കളെ വളര്‍ത്തുന്ന വിഷയത്തില്‍ വലിയുപ്പ വലിയുമ്മമാരുടെ ഇടപെടല്‍ നിങ്ങള്‍ക്ക് ദുഃഖനിമിത്തമാവരുത്; നിങ്ങളുടെ രീതിയില്‍നിന്ന് വ്യത്യസ്തമാണ് അവരുടെ രീതിയെന്നിരുന്നാലും. ഉമ്മയുടെ ശിക്ഷണം തന്നെയാണ് ശക്തം. ജോലിയാവശ്യാര്‍ഥമോ മറ്റോ ദീര്‍ഘ ദിവസങ്ങളോ നീണ്ടകാലങ്ങളോ കുഞ്ഞിനടുത്ത് നില്‍ക്കാന്‍ സാധിക്കാത്ത ഉമ്മക്ക് വലിയുമ്മമാര്‍ തന്നെയാണ് ശരണം.
നാല്: കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. അത് അവന്റെ സഹോദരനുമായി പോലും അരുത്. ഈ താരതമ്യം അവനെ തകര്‍ക്കും. അന്യോന്യം പകയും പോരും വെറുപ്പും വളര്‍ത്താനിടവരുത്തും. ഇനി താരതമ്യം ആവശ്യമാണെങ്കില്‍ അവന്റെ തന്നെ സ്വഭാവം മുന്‍നിര്‍ത്തിയാവണം അത്. ഉദാഹരണമായി ‘ഇന്നലെ നീ ഇങ്ങനെയായിരുന്നില്ല. 'ഈ രീതിയേക്കാള്‍ വിശിഷ്ടമായിരുന്നു നിന്റെ ഇന്നലത്തെ രീതി' എന്നിങ്ങനെ.
അഞ്ച്: ചരിത്രവും ഭൂതകാലവും കുട്ടിക്ക് വിവരിച്ചു കൊടുക്കണം. തന്റെ വേരുകളെ കുറിച്ചറിയണം കുട്ടി. തന്റെ മൂല്യവും വിലയും കുട്ടിക്ക് അപ്പോഴേ മനസ്സിലാവൂ. താന്‍ ജീവിക്കുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റയും ചരിത്രം വിവരിച്ചു കൊടുക്കണം. നമ്മുടെ സ്വത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായ ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച അറിവു നല്‍കണം. കഴിഞ്ഞ കാലത്തിന്റെ വേരുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വര്‍ത്തമാനമില്ല, ഭാവിയുമില്ല.
ആറ്: കളി, വിനോദം, കൂട്ടുകാര്‍, വസ്ത്രധാരണം, ഉറക്കം, ആചാരം. തുടങ്ങി വീട്ടില്‍ എല്ലാറ്റിനുമുണ്ടാവണം ഒരു വ്യവസ്ഥയും ചിട്ടയുമൊക്കെ. അത് പാലിക്കാനുള്ള നിഷ്ഠ അങ്ങനെ കുട്ടിയില്‍ വളര്‍ന്നുവരും. കുടുംബനിയമങ്ങളോടും ചട്ടങ്ങളോടുമുള്ള ആദരവ് അവനില്‍ വളരും. നിഷ്ഠകള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ക്കശ്യമല്ല വേണ്ടത്, ഉറച്ച നിലപാടാണ്.
ഏഴ്: പുതുതായി എന്തെങ്കിലും കണ്ടെത്താനുള്ള അവസരം കുട്ടിക്ക് നല്‍കുക. ഒരുവേള ആ കണ്ടുപിടിത്തം അവന് ദോഷകരമായി ഭവിക്കുമെന്ന് കണ്ടാലും അവന്റെ പാട്ടിന്‌വിട്ടേക്കുക. അപ്പോഴും നിങ്ങളുടെ ഒരു കണ്ണ് അവന്റെ മേല്‍ വേണം. തിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമല്ലോ. കവിഞ്ഞ കരുതലും സംരക്ഷണവും കുട്ടിയുടെ വ്യക്തിത്വത്തെ തകര്‍ക്കും, അവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും.
എട്ട് : ഖുര്‍ആനിലെ കഥകളും നബി(സ)യുടെ ചരിത്രവും പറഞ്ഞുകൊടുത്ത് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കുട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക. തന്റെ ജീവിതം അല്ലാഹുവിന്റെ സംരക്ഷണത്തിലാണെന്ന തോന്നല്‍ കുട്ടിയില്‍ നിര്‍ഭയത്വവും കരുത്തും പകര്‍ത്തും.
ഒമ്പത്: കുട്ടിയുടെ നല്ല സ്വഭാവത്തെയും പെരുമാറ്റരീതികളെയും വാഴ്ത്തണം.
പത്ത് : കുട്ടിയില്‍നിന്ന് നിങ്ങളുടെ പ്രതീക്ഷക്ക് വിപരീതമായ പ്രവര്‍ത്തനമോ സമീപനമോ കാണാനിടവന്നാല്‍, നിങ്ങള്‍ അവനെ വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ധരിച്ചു വശാവരുത്. അവനെ തിരുത്താനും നേര്‍വഴിലേക്ക് കൊണ്ടു വരാനുമുള്ള സന്ദര്‍ഭമായിട്ടാണ് കാണേണ്ടത്.
പതിനൊന്ന്: ശിക്ഷണപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റരീതികള്‍ നന്നാക്കിയെടുക്കുന്നതിനും ഒരേയൊരു രീതിയല്ല ഉള്ളത്. ഓരോ കുട്ടിക്കുമുണ്ട് അവന്റെ വ്യക്തിത്വത്തിനിണങ്ങുന്ന രീതി. കുട്ടിയുടെ പ്രായം, കുട്ടി വളരുന്ന സാഹചര്യം തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു അത്.
പന്ത്രണ്ട്: നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനാകാര്യങ്ങളില്‍ ഉള്‍േച്ചര്‍ന്ന തത്ത്വങ്ങളും പൊരുളുകളും കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം. ഈ ആരാധനാ കര്‍മ്മങ്ങള്‍ അവയുടെ ആത്മാവ് അറിഞ്ഞ് അനുഷ്ഠിക്കാന്‍ അത് കുട്ടിയെ പ്രാപ്തനാക്കും. ആരാധനകളുടെ കേവല അനുഷ്ഠാനം കുട്ടിയുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉതകില്ല.
വിവ: പി.കെ ജമാല്‍
Comments