ഒരു ഫ്രഞ്ച് വേനല്‍ നോമ്പ്
സമയം രാവിലെ 3 മണി ആകുന്നതേയുള്ളൂ. ഫോണിലെ അലാറത്തിന്റെ ശബ്ദം കേട്ട് പതുക്കെ എഴുന്നേറ്റു മുഖമൊക്കെ വൃത്തിയാക്കി അത്താഴത്തിനായി തയാറായി. രാജ്യമൊട്ടുക്കുമുള്ള 60 ലക്ഷത്തിലേറെ വരുന്ന മുസ്‌ലിംകള്‍, പല നിറത്തിലും പശ്ചാത്തലത്തിലുമുള്ളവര്‍, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് എന്നെപ്പോലെ നോമ്പിനായി തയാറെടുക്കുകയാണല്ലോ എന്ന ചിന്ത എന്തെന്നില്ലാത്ത സന്തോഷം പകര്‍ന്നു. സ്വുബ്ഹ് ബാങ്ക് ഏതാണ്ട് 3:30-നാണ്. രാത്രി പന്ത്രണ്ടരക്ക് നമസ്‌കാരമെല്ലാം കഴിഞ്ഞ് കിടന്നിട്ട് അധികമൊന്നും ആയിട്ടില്ല.
പാരീസില്‍, ഫ്രാന്‍സില്‍ പൊതുവെയും വേനല്‍കാലത്തിന്റെ തുടക്കമാണ്. ദീര്‍ഘമായ പകലുകളും ഹ്രസ്വമായ രാത്രികളുമാണ് ഇവിടങ്ങളിലെ വേനലിന്റെ പ്രത്യേകത. ഭൂമധ്യരേഖയില്‍നിന്ന് വടക്കോട്ട് പോകുന്നതനുസരിച്ച് വേനലിലെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടിക്കൊണ്ടേയിരിക്കും. 4 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വീഡനിലെ കിരുണ എന്ന പ്രദേശത്ത് താമസിക്കുന്ന സമയത്ത്, റമദാനിലെ 16 ദിവസങ്ങളില്‍ സൂര്യാസ്തമയം തീരെയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പൂര്‍ണമായി സൂര്യന്‍ അസ്തമിക്കുന്ന ഏറ്റവും അടുത്ത പ്രദേശത്തെ സമയങ്ങള്‍ക്കനുസരിച്ചാണ് നോമ്പെടുത്തിരുന്നതും തുറന്നിരുന്നതുമെല്ലാം. പട്ടാപ്പകല്‍ സൂര്യന്‍ കത്തിനില്‍ക്കുമ്പോള്‍ നോമ്പ് തുറക്കുന്നത് ആദ്യമൊക്കെ അല്‍പം വിഷമകരമായിരുന്നെങ്കിലും പിന്നീട് ശീലമായി. ആ അനുഭവ വിവരണം മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെക്കാം.
മറ്റു ഉത്തര യൂറോപ്യന്‍ രാജ്യങ്ങളെ പോലെ, കാനഡയിലും റഷ്യയിലും ചില അമേരിക്കന്‍ പ്രദേശങ്ങളിലും വേനലിലെ പകല്‍സമയങ്ങള്‍ സുദീര്‍ഘമാണ്. ഇത്തവണത്തെ നോമ്പിനു പക്ഷേ ചൂടും അല്‍പം കൂടുതലാണ്. കഴിഞ്ഞ രണ്ടു ദിവസമായി 30 ഡിഗ്രി വരെ ഉയര്‍ന്ന ചൂടായിരുന്നു പകല്‍ സമയങ്ങളില്‍ അനുഭവപ്പെട്ടത്. ഇത്തരം പ്രദേശങ്ങളിലെ കാലാവസ്ഥ പക്ഷേ കേരളത്തില്‍നിന്ന് വ്യത്യസ്തമായി അന്തരീക്ഷത്തില്‍ ഊഷ്മാവ് കുറഞ്ഞവയായിരിക്കും. അതുകൊണ്ടുതന്നെ തണലില്‍ നിന്നാല്‍ ഒരളവ് വരെ ചൂടില്‍നിന്ന് രക്ഷപ്പെടാം. രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലത്തെ പ്രതിരോധിക്കാന്‍ ഗള്‍ഫ് മേഖലകളില്‍ കാണുന്നപോലെ എ.സി സംവിധാനം എവിടെയുമില്ല. ഫാനുകള്‍ പോലും സ്ഥിരമായി ഒരിടത്തും ഒരുക്കിയിട്ടുണ്ടാവില്ല.
പ്രതികൂലമായ ഈ കാലാവസ്ഥയും റമദാന്‍ സമയവും ഒരുമിച്ചു വന്നതുകൊണ്ട് വ്രതമനുഷ്ഠിക്കല്‍ അല്‍പം ശ്രമകരമായ കര്‍മമാണ് എന്ന് വേണമെങ്കില്‍ പറയാം. ദിവസമാരംഭിക്കുമ്പോള്‍ തന്നെ ആളുകള്‍ ക്ഷീണിതരാകാന്‍ സാധ്യതകളേറെയാണ്. ഓഫീസ്-ജോലിസ്ഥലങ്ങളില്‍ ഫാന്‍ പോലും ഇല്ലാത്തത് കാരണം തളര്‍ച്ചയും അനുഭവപ്പെട്ടേക്കാം. കായിക ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് കുറേക്കൂടി ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ ഓഫീസില്‍ തണുപ്പുകാലത്ത് പ്രവര്‍ത്തിക്കുന്ന ഹീറ്റര്‍ സംവിധാനം മാത്രമാണുള്ളത്.
ഇങ്ങനെയൊക്കെയാണെങ്കിലും, ഈ പ്രതികൂലാവസ്ഥ ഒരുവേള സാധ്യതകളും തുറന്നുതരുന്നു്. ദീര്‍ഘമായ വ്രതാനുഷ്ഠാനം കൂടുതല്‍ അല്ലാഹുവിനോട് അടുക്കാനും ഖുര്‍ആനുമായുള്ള ബന്ധം ദൃഢമാക്കാനും ഒരുപാട് സമയം നല്‍കുന്നു എന്നത് ആശ്വാസകരമാണ്. ജോലിസമയത്തിനു ശേഷം നോമ്പ് തുറക്കുന്ന സമയം വരെ ഏതാണ്ട് നാലഞ്ച് മണിക്കൂറുകള്‍ ലഭിക്കുന്നു. മുസ്‌ലിംകള്‍ സാധാരണയായി ഖുര്‍ആന്‍ പാരായണം ചെയ്യാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും പള്ളികളിലെ മറ്റു സാമൂഹിക കര്‍മങ്ങളില്‍ ഏര്‍പ്പെടാനുമാണ് ഈ സമയം ഉപയോഗിക്കാറുള്ളത്. വിശ്രമിക്കുന്നവരും കുറവല്ല.
ഓഫീസിനു അടുത്ത് താമസിക്കേണ്ടതിനാല്‍, കുടിയേറിയ അല്‍പം അള്‍ജീരിയന്‍ കുടുംബങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സഹോദര സമുദായങ്ങളിലെ ആളുകളാണ് ഞങ്ങളുടെ അയല്‍പക്കങ്ങളില്‍ അധികവും. ഏറ്റവും അടുത്ത പള്ളി ഏകദേശം 5 കിലോമീറ്റര്‍ അപ്പുറമാണ്. പോക്കുവരവിന് കാര്‍ ഉള്ളവര്‍ക്ക് അതൊരു ദൂരമല്ല താനും. പൊതുഗതാഗത സംവിധാനങ്ങള്‍ ഭദ്രവും കൃത്യവുമായതുകൊണ്ട് പള്ളിയില്‍ എത്തിപ്പെടാന്‍ സാധാരണഗതിയില്‍ പ്രയാസങ്ങള്‍ നേരിടാറില്ല.
മൂവായിരത്തില്‍പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ഗ്രാന്‍ മോസ്‌ക്കെ ദിസുലിസ്' (La Grande Mosquee des Ulis) ഞങ്ങളുടെ താമസസ്ഥലത്തിനടുത്താണ്. അതിലും വലിയ മറ്റൊരു പള്ളിയായ 'മോസ്‌കെ ദു മാസ്സി' (Mosquee de Massy) തൊട്ടടുത്ത മറ്റൊരു പ്രദേശത്താണ്. വളരെ വിപുലവും സുശക്തവുമായ നിര്‍മാണ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഭൂസ്വത്തുക്കള്‍ക്ക് പൊള്ളുന്ന വിലയാണ്. നിര്‍മാണ പ്രവൃത്തികള്‍ക്കും വളരെ ചെലവേറും. എന്നാല്‍ പുതിയതും പഴയതുമായ ഇത്തരം അനവധി പള്ളികള്‍, പ്രത്യേകിച്ച് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നതു കാണാം. മുസ്‌ലിം സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യവും അല്ലാഹുവിന്റെ ദീനിനോടുള്ള സ്‌നേഹവും സുസ്ഥിരമായ സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള ആത്മാര്‍ഥ ശ്രമങ്ങളുമാണ് ഇത്തരം നേട്ടങ്ങള്‍ സാധ്യമാക്കുന്നത്. വ്യക്തികളുടെയും ചെറു കൂട്ടായ്മകളുടെയും പരിശ്രമങ്ങള്‍ കൊണ്ടാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്കിടയിലും ഒത്തൊരുമയോടെ നിലകൊള്ളാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുന്നത്.
നോമ്പുതുറയുടെ അര മണിക്കൂര്‍ മുമ്പ് എല്ലാവരും പള്ളിയില്‍ എത്തും. ഈന്തപ്പഴവും പാലും പുഴുങ്ങിയ മുട്ടകളും ജ്യൂസുകളും ടേബിളില്‍ നിരത്തി വെച്ചിട്ടുാവും. ആവശ്യമുള്ളവ എടുത്ത് ഒരു ഭാഗത്ത് ബാങ്കിനായി കാത്തിരിക്കുകയാണ് ചെയ്യുക. മിമ്പറിനടുത്തു അസ്ഹരി പണ്ഡിതനായ ഇമാം ഒരു ചെറിയ സദസ്സിന് ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്നുണ്ടാകും. ഓരോരുത്തരായി ഇമാമിനെ അല്‍പാല്‍പം ഓതിക്കേള്‍പ്പിക്കും. തെറ്റുണ്ടെങ്കില്‍ ഇമാം തിരുത്തിത്തരും. ചെറിയ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കുമൊക്കെ ആ സദസ്സില്‍ പങ്കെടുക്കാം.
സാമുദായിക സൗഹാര്‍ദവും പരസ്പര കൊള്ളക്കൊടുക്കകളുമാണ് പള്ളികളില്‍ നോമ്പ് തുറക്കുന്നതിന്റെ ഹൃദ്യത. പാശ്ചാത്യ രാജ്യങ്ങളിലെ 'കമ്യൂണിറ്റി ലൈഫ്' നമ്മുടെ നാട്ടിലെ സാമൂഹിക അനുഭവങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങളില്‍ തീര്‍ത്തും സ്വകാര്യത അനുവദിച്ചുകൊടുക്കുന്ന ഒരു ജീവിത രീതിയാണിവിടെ. അതുകൊണ്ടുതന്നെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബ വിശേഷങ്ങള്‍ ഇത്യാദിയെല്ലാം ചോദിക്കുകയും പറയുകയും ചെയ്യുന്നത് അനുചിതമായാണ് കണക്കാക്കുക. നോമ്പ് മുറിക്കുന്ന സമയങ്ങളില്‍ പലരും വീട്ടില്‍നിന്ന് പാകം ചെയ്ത ലഘു ഭക്ഷണങ്ങള്‍ പള്ളിയില്‍ കൊണ്ടുവന്ന് പരസ്പരം പങ്കിടുമ്പോള്‍, എന്തെന്നില്ലാത്ത സന്തോഷവും നിര്‍വൃതിയുമാണ്. ആത്മാര്‍ഥതയും ആര്‍ജവവുമുള്ള ആളുകള്‍ക്കിടയില്‍ സമയം ചെലവഴിക്കുമ്പോള്‍, അവരുമൊത്തു നോമ്പ് തുറക്കുമ്പോള്‍, അത് തന്നെയാണ് ഏറ്റവും ഹൃദ്യമായ അനുഭവം എന്ന് പലപ്പോഴും തോന്നാറുണ്ട്.
നോമ്പുതുറയും മഗ്‌രിബ് നമസ്‌കാരവും കഴിഞ്ഞാല്‍ കുറേ പേര്‍ കുടുംബവുമായി ഒത്തുചേരാന്‍ വീടുകളിലേക്ക് തിരിക്കും. മറ്റുള്ളവര്‍ പള്ളി ഒരുക്കുന്ന ഇഫ്ത്വാര്‍ വിരുന്നില്‍ പങ്കെടുക്കാനായി അവിടെ നില്‍ക്കും. പ്രത്യേകമായി സജ്ജീകരിച്ച ഭക്ഷണമുറിയിലേക്കാണ് നമസ്‌കാരാനന്തരം ആനയിക്കപ്പെടുക. ഇറച്ചിക്കഷ്ണങ്ങള്‍ ചേര്‍ത്ത ഒരു പ്രത്യേകതരം സൂപ്പ് ആണ് ആദ്യം. 'ബഗേറ്റ്' എന്നറിയപ്പെടുന്ന ഫ്രഞ്ച് ബ്രെഡ് കൂട്ടി സൂപ്പ് കഴിച്ചാല്‍ തന്നെ അത്യാവശ്യം വയറ് നിറയും. പഴവര്‍ഗങ്ങളും ജ്യൂസുകളും കൂടാതെ ഒരു പ്രധാന വിഭവവും കൂടിയാകുമ്പോള്‍ ദീര്‍ഘമായ ഒരു നോമ്പിന്റെ പരിസമാപ്തി ഉന്മേഷം പകരുന്ന ആസ്വാദ്യകരമായ അനുഭവമായിത്തീരും. ദാഹവും വിശപ്പും അകറ്റുന്നതിലപ്പുറം, അത് പകര്‍ന്നുനല്‍കുന്ന സാമൂഹിക സുരക്ഷിതത്വവും ഐക്യവും ഒറ്റപ്പെട്ടുപോയേക്കാവുന്ന ഒരു രാജ്യത്ത് വളരെ പ്രധാനമാണ്.
രാത്രി പതിനൊന്നരക്കാണ് ഇശാ ബാങ്ക്. തറാവീഹ് നമസ്‌കാരം കഴിയുമ്പോള്‍ ഒരു മണിയോടടുക്കും. ഏകദേശം മൂന്ന് മണിക്കൂര്‍ മാത്രമേ പിന്നീട് സ്വുബ്ഹ് ബാങ്കിന് സമയം ബാക്കിയുണ്ടാകൂ. തറാവീഹ് നമസ്‌കാരാനന്തരം തിരികെ വീട്ടിലെത്താന്‍ ബസ് ലഭിക്കാത്തതിനാല്‍ പള്ളിയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കാറില്ല. അടുത്ത് താമസിക്കുന്നവരും വാഹനങ്ങളുള്ളവരും ഇശാ സമയമാകുമ്പോള്‍ തിരികെ വരാറാണ് പതിവ്. അധികം സമയമില്ലാത്തതിനാല്‍ മഗ്‌രിബിനു ശേഷം ഇശാവരെ പള്ളിയില്‍ കാത്തിരിക്കുന്നവരുമു്. പുലര്‍ച്ചെ മൂന്നര മണിയാകുന്നതോടെ മറ്റൊരു നോമ്പിലേക്ക് കാലെടുത്തുവെക്കുകയായി. നോമ്പുതുറക്കും രാത്രി നമസ്‌കാരങ്ങള്‍ക്കും അല്‍പം വിശ്രമത്തിനുമെല്ലാം കഷ്ടിച്ച് 5 മണിക്കൂര്‍. ഒരു മാരത്തോണ്‍ മത്സരം പോലെയായി നോമ്പനുഭവം മാറുന്നു.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ഫ്രാന്‍സ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാണിവരിലധികവും. തദ്ദേശീയരായ ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. ഫ്രാന്‍സില്‍ സെന്‍സസുകളിലും ഔദ്യോഗിക രേഖകളിലും മതവും മറ്റു വംശീയ പരാമര്‍ശങ്ങളും ഉണ്ടാവില്ലെന്നതിനാല്‍ ഔദ്യോഗിക കണക്കുകള്‍ ഉണ്ടാവില്ല. ചെറുതല്ലാത്ത വിഭാഗം തദ്ദേശീയര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ടെന്നാണ് പല ഗവേഷകരും പറയുന്നത്.
ഫ്രാന്‍സില്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവരുടെ അനുഭവങ്ങള്‍ വളരെ കടുത്തതാണെന്നാണ് ഇസ്‌ലാമിലേക്ക് കടന്നുവന്ന തദ്ദേശീയനായ സുഹൃത്ത് അബ്ദുസ്സലാം പറയുന്നത്. പാരീസിലെ ഒരു കമ്പനിയില്‍ ഇലക്‌ട്രോണിക് എഞ്ചിനീയറായി ജോലിചെയ്യുന്ന 42 വയസ്സുകാരനാണ് അബ്ദുസ്സലാം. ''ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍തന്നെ വിവേചനങ്ങളനുഭവിക്കുന്നുണ്ട്. ഇസ്‌ലാമിലേക്ക് കടന്നുവന്ന ചില തദ്ദേശീയര്‍ സിറിയയിലും മറ്റും പോരാട്ടത്തിനായി പോയെന്ന വാര്‍ത്തകളാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരം നടപടികള്‍ക്ക് കാരണമാകുന്നത്. ഞാന്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതുവരെ അനുഭവിക്കാത്ത പലതും അതിനു ശേഷം അനുഭവിക്കേണ്ടിവന്നു. എന്നാലും മുസ്‌ലിം സഹോദരങ്ങളില്‍നിന്ന് ഹൃദ്യമായ അനുഭവങ്ങളാണ് ഉണ്ടായത്. റമദാനില്‍ പ്രത്യേകിച്ചും മുസ്‌ലിംകളില്‍നിന്ന് ലഭിക്കുന്ന സ്‌നേഹ പരിഗണനകള്‍ വളരെ വലുതാണ്. ഇതിനു മുമ്പ് ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത കാര്യങ്ങളാണിവ.'' അബ്ദുസ്സലാം പറയുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇസ്‌ലാം വാര്‍ത്തകളില്‍ നിറഞ്ഞ കാലത്താണ് അബ്ദുസ്സലാം ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നത്. ധാരാളം ഫ്രഞ്ചുകാര്‍ ഇത്തരം വാര്‍ത്തകളിലൂടെ കേട്ട ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവരില്‍ ചിലര്‍ ഇസ്‌ലാമിലെത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
''ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍ക്ക് വ്യത്യസ്തമായ ആത്മീയാനുഭൂതിയാണ് റമദാന്‍ നല്‍കുന്നത്. മുസ്‌ലിംകളല്ലാത്തവരാണ് ചുറ്റുപാടില്‍ കൂടുതലെങ്കിലും റമദാനുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. വിപണിയിലും മാര്‍ക്കറ്റുകളിലുമെല്ലാം അതിന്റെ ആരവങ്ങള്‍ കാണാനാകും. ഷോപ്പുകളിലെല്ലാം ഹലാല്‍ ഫുഡുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. അങ്ങനെ എല്ലാവര്‍ക്കും റമദാനിന്റെ വരവ് അനുഭവിക്കാനാവും. പകല്‍ നേരങ്ങളിലെ ഭക്ഷണ സമയങ്ങളിലും മറ്റുമെല്ലാം എല്ലാവരും മുസ്‌ലിംകളുടെ വിശ്വാസാനുഷ്ഠാനങ്ങളെ മാനിക്കും. ഇത് അഭിമാനവും ആത്മവിശ്വാസവും നല്‍കുന്ന അനുഭവമാണ്'' - അബ്ദുസ്സലാം കൂട്ടിച്ചേര്‍ത്തു.
റമദാനില്‍ മുസ്‌ലിംകളുടെ സംഘടിത ബോധവും ആചാരാനുഷ്ഠാനങ്ങളും ചുറ്റുമുള്ളവര്‍ക്കും റമദാനിനെ അനുഭവിക്കാന്‍ ഇടവരുത്തുന്നുണ്ടെന്നാണ് സാമിര്‍ ആംഗര്‍ പറഞ്ഞത്. യൂറോപ്പിലെ റാഡിക്കല്‍ ഇസ്‌ലാമിനെ കുറിച്ച് പഠനം നടത്തിയ സോഷ്യോളജിസ്റ്റാണ് അദ്ദേഹം. ഇസ്‌ലാം എല്ലാവര്‍ക്കും സമാധാനവും ആശ്വാസവുമാണ് പകര്‍ന്നു നല്‍കുന്നതെന്ന് സാമിര്‍ പറഞ്ഞു.
Comments