Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

ജീവനും അഭിമാനവും ചവിട്ടിമെതിക്കപ്പെടുമ്പോള്‍

''ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും അവരെ വഹിച്ചുകൊണ്ടുപോവുകയും നല്ലതില്‍നിന്ന് അവര്‍ക്ക് ഭക്ഷണം നല്‍കുകയും നാം സൃഷ്ടിച്ച മിക്കതിനേക്കാളും അവരെ ഉത്കൃഷ്ടരാക്കുകയും ചെയ്തിരിക്കുന്നു'' (അല്‍ ഇസ്‌റാഅ് 70). ''നീതി ചെയ്യാനും നന്മ പ്രവര്‍ത്തിക്കാനും ബന്ധുക്കള്‍ക്ക് ദാനം ചെയ്യാനും അല്ലാഹു കല്‍പിക്കുന്നു; നീചകൃത്യങ്ങളും നിഷിദ്ധ കര്‍മങ്ങളും അക്രമവും നിരോധിക്കുകയും ചെയ്യുന്നു'' (അന്നഹ്ല്‍ 90). ഈ രണ്ട് ഖുര്‍ആനിക വചനങ്ങളും ചേര്‍ത്ത് വായിക്കുക. ആദ്യത്തേതില്‍ മനുഷ്യമഹത്വമാണ് ഉദ്‌ഘോഷിക്കുന്നത്. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ, പൗരസ്ത്യനെന്നോ പാശ്ചാത്യനെന്നോ ഭേദമില്ലാതെ ഏതൊരു മനുഷ്യനും ആദരവും ബഹുമാനവും അര്‍ഹിക്കുന്നു. മൗലികാവകാശങ്ങളും ജീവിത വിഭവങ്ങളും ലഭ്യമാവുകയും, അതിക്രമങ്ങളില്‍നിന്ന് സുരക്ഷിതനായിരിക്കുകയും ചെയ്യുമ്പോഴേ ഒരാള്‍ ആദരിക്കപ്പെട്ടു എന്നു പറയാനാകൂ. മനുഷ്യ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തേണ്ട ത്യാഗപരിശ്രമങ്ങളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചുമാണ് രണ്ടാമത്തെ സൂക്തത്തില്‍ ഉദ്‌ബോധിപ്പിക്കുന്നത്.

മറ്റു സൃഷ്ടികളില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായ രീതിയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. ആശയവിനിമയത്തിന് ഭാഷ നല്‍കി; ചിന്തിക്കാനും മനനം ചെയ്യാനും ബുദ്ധി നല്‍കി. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള കഴിവും മനുഷ്യനുണ്ട്. ഏതു വിഷയത്തിലും സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു. ഈ സവിശേഷ കഴിവുകള്‍ നല്‍കിയത് എന്തിനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു: ഭൂമിയെ പുതുക്കിപ്പണിയാന്‍, എല്ലാ അര്‍ഥത്തിലും. ഇക്കാര്യത്തില്‍ ഓരോ മനുഷ്യന്നും തന്റേതായ റോള്‍ നിര്‍വഹിക്കാനുണ്ട്. അതിന് സ്വാതന്ത്ര്യം കൂടിയേ തീരൂ. മൗലികാവകാശങ്ങള്‍ ലഭ്യമായേ മതിയാവൂ. അതാരുടെയും ഔദാര്യമല്ല. ഭരണകര്‍ത്താക്കള്‍ക്ക് തോന്നുമ്പോള്‍ നല്‍കാനും, അല്ലാത്തപ്പോള്‍ തടഞ്ഞുവെക്കാനുമുള്ളതല്ല മൗലികാവകാശങ്ങള്‍. മനുഷ്യന്റെ നിയോഗ ലക്ഷ്യവുമായി അതിന് ആഴത്തിലുള്ള ബന്ധമുണ്ട്. മൗലികാവകാശങ്ങളെ ഹനിക്കുന്ന സ്വേഛാധിപത്യവുമായി ഇസ്‌ലാമിന് ഒരു നിലക്കും ഒത്തുപോകാനാകില്ലെന്ന് സമര്‍ഥിച്ചുകൊണ്ട് മുഹമ്മദുല്‍ ഗസ്സാലിയെപ്പോലുള്ള പണ്ഡിതന്മാര്‍ ഗ്രന്ഥ രചന വരെ നടത്തിയത് അതുകൊണ്ടാണ്. വിശ്വാസികള്‍ക്ക് തങ്ങളുടെ ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കണം. ഇസ്‌ലാമിന് കടകവിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്കും അതനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന ഖുര്‍ആനിക പരാമര്‍ശത്തില്‍ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മഹനീയമായ പ്രഖ്യാപനമാണ് നാം കാണുന്നത്.

വിശ്വാസ സ്വാതന്ത്ര്യം മാത്രമല്ല, ഭക്ഷണ സ്വാതന്ത്ര്യം വരെ കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് ഭരണകൂടത്തിന്റെ കറുത്ത പട്ടികയിലുള്ള ഭിന്ന മതക്കാരും ഭിന്ന ജാതിക്കാരും എവിടെ വെച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിവിശേഷമാണ്. ഭരണകൂടത്തിന് അനഭിമതരാണെന്നതുകൊണ്ടു മാത്രം അവരുടെ ജീവനും സ്വത്തും സദാ ഭീഷണി നേരിടുന്നു. മനുഷ്യന് മൃഗത്തിന്റെ വില പോലുമില്ല. മനുഷ്യജീവനു വേണ്ടി, അവന്റെ അന്തസ്സിനും അഭിമാനത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങേണ്ട അടിയന്തര സന്ദര്‍ഭം. 'മറ്റൊരാളെ വധിച്ചതിനോ നാട്ടില്‍ കലാപമുണ്ടാക്കിയതിനോ അല്ലാതെ ആര്‍ ഒരാളെ കൊന്നുവോ അവന്‍ മനുഷ്യരെ മുഴുവന്‍ കൊന്നതുപോലെയാണ്. ആര്‍ ഒരാളെ രക്ഷിച്ചുവോ അവന്‍ മനുഷ്യരെ മുഴുവന്‍ രക്ഷിച്ചതുപോലെയാണ്' (5:32) എന്ന ഉയര്‍ന്ന മാനവിക ബോധമാവണം ആ പോരാട്ടത്തിന് പ്രചോദനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍