Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

ബ്രിട്ടനിലെ മുസ്‌ലിം ജീവിതവും റമദാന്‍ കാഴ്ചകളും

നസിയ ലണ്ടന്‍

ലണ്ടനില്‍ എത്തിയിട്ട് ഒന്നോ രണ്ടോ മാസങ്ങളേ ആയിരുന്നുള്ളൂ. അന്ന് മുല്ലാക്ക അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ്. ലണ്ടനില്‍ എത്തിയ ഉടനെ പരിചയപ്പെട്ടതാണ് മുഹമ്മദ് മുല്ല എന്ന മുല്ലാക്കയെ. വീട്ടില്‍ പ്രത്യേക ഭക്ഷണമെന്തെങ്കിലും ഉണ്ടാക്കിയാല്‍ അദ്ദേഹം ക്ഷണിക്കും. അങ്ങനെയാണ് അന്നും ക്ഷണം വന്നത്. വീടിന്റെ വാതില്‍ തുറന്നു തന്നത് മകന്‍. അകത്തേക്ക് കയറി, മുല്ലാക്കയുടെ മടിയില്‍ ഒരു വലിയ പൂച്ച ഇരിക്കുന്നതാണ് ആദ്യ കാഴ്ച. കുശലാന്വേഷണത്തിനിടയില്‍ മുല്ലാക്ക പറഞ്ഞു: 'ഇവനെ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ട് വന്നതാണ്.'

അമ്പരപ്പോടെ ഞാന്‍ അദ്ദേഹത്തെ നോക്കി. മുല്ലാക്ക കാര്യങ്ങള്‍ വിശദീകരിച്ചു: ''ആരുടേതാണ് പൂച്ച എന്നറിയില്ല. ഏതാനും മാസങ്ങള്‍ക്ക്  മുമ്പാണ് ഇടക്കൊക്കെ വീടിന്റെ പിന്‍വശത്ത് പൂച്ചയെ കാണാന്‍ തുടങ്ങിയത്. ഞങ്ങള്‍ ഇടക്കൊക്കെ എന്തെങ്കിലും ഭക്ഷണം കൊടുക്കും. പൂച്ച പിന്നെ നിത്യ സന്ദര്‍ശകനായി. ഒരു ദിവസം പൂച്ചക്ക് എന്തോ ഒരു വല്ലായ്മ പോലെ. ചുറു ചുറുക്കൊന്നും കാണുന്നില്ല. ഞാന്‍ എന്തോ കാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍ അടുത്ത വീട്ടുകാരന്‍ പുറത്ത് നില്‍ക്കുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ പൂച്ചയുടെ വല്ലായ്മയെക്കുറിച്ചും സൂചിപ്പിച്ചു.

അയല്‍ക്കാരന്‍ പറഞ്ഞു: 'നിങ്ങളുടെ പൂച്ചയല്ലല്ലോ? അതിനെന്തെങ്കിലും സംഭവിച്ചാല്‍ ഉടമസ്ഥര്‍ കേസ് കൊടുക്കും,  നിങ്ങള്‍ കുടുങ്ങും. ഉടനെ വെറ്റിനറി ക്രിട്ടിക്കല്‍ കെയറില്‍ അറിയിക്കണം.'

മുല്ലാക്ക വെറ്റിനറി ക്രിട്ടിക്കല്‍ കെയറില്‍ വിളിച്ചു. ഏതാണ്ട് നാല്‍പത് മിനിറ്റായപ്പോഴേക്കും ആംബുലന്‍സ് വന്നു, പൂച്ചയെ കൊണ്ട് പോയി. വൈകുന്നേരം അഞ്ചു മണിക്ക് ഹോസ്പിറ്റലില്‍ നിന്ന് ഫോണ്‍ വന്നു: 'പൂച്ചയെ ഇന്ന് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നാളെയേ ഡിസ്ചാര്‍ജ് ചെയ്യൂ.'

പിറ്റേന്ന് വൈകുന്നേരം ഏകദേശം മൂന്ന് മണിക്ക് പൂച്ചയെയും കൊണ്ട് ആംബുലന്‍സ് എത്തി. രണ്ട് മൂന്നു ദിവസത്തേക്കുള്ള മരുന്നും കുറേ ഭക്ഷണവും എല്ലാമുണ്ട്. അസുഖമൊക്കെ ഭേദമായി നല്ല കുട്ടപ്പനായി പൂച്ച മുല്ലാക്കയുടെ കൂടെ ഇരിക്കുമ്പോഴാണ് ഞാന്‍ കയറിച്ചെന്നത്. കാര്യങ്ങള്‍ ആദ്യം അവിശ്വസനീയമായി തോന്നിയെങ്കിലും ബ്രിട്ടന്‍ എന്ന രാജ്യത്തെകുറിച്ചും ജനങ്ങളുടെയും മറ്റു ജന്തുക്കളുടെ പോലും ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെകുറിച്ചും കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ഒരുപാട് മൂല്യങ്ങളും നന്മകളും കാത്തുസൂക്ഷിക്കുന്ന ജനങ്ങളാണ് ലണ്ടനിലേത്. ഇസ്‌ലാം പഠിപ്പിക്കുന്ന സാംസ്‌കാരിക മൂല്യങ്ങളില്‍ പലതും ഇവിടത്തെ അമുസ്‌ലിം സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്.

പരിസര ശുചിത്വം, വഴിയരികിലും മറ്റുമുള്ള മനോഹരമായ പൂന്തോട്ടങ്ങള്‍, ഭംഗിയായി വളര്‍ത്തി പരിപാലിക്കുന്ന മരങ്ങള്‍, വൃത്തിയില്‍ ആകര്‍ഷകമായി സംരക്ഷിച്ചുപോരുന്ന പാര്‍ക്കുകള്‍, വൃത്തിയുള്ള റോഡുകള്‍, അവയുടെ ഇരു വശത്തും ഒരേ രൂപത്തിലുള്ള വീടുകള്‍, റോഡിന്റെ ഇരു വശത്തും നട്ടുപിടിപ്പിച്ച മരങ്ങള്‍, പഴയ കൊട്ടാരങ്ങള്‍ പോലുള്ള വലിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, അടുത്തടുത്ത സ്ഥലങ്ങളില്‍ വലിയ ലൈബ്രറികള്‍... ഇതൊക്കെ ബ്രിട്ടനിലെ സാധാരണ കാഴ്ചകളാണ്. ഗള്‍ഫ് നാടുകളിലെപ്പോലെ അംബരചുംബികളായ  കെട്ടിടങ്ങള്‍ ഇവിടെ സാധാരണമല്ല. പൗരാണികത കാത്തുസൂക്ഷിക്കുന്നതും കുറഞ്ഞ സാമ്പത്തിക ചെലവുള്ളതും സ്ഥലനഷ്ടം കുറഞ്ഞതുമായ വീടുകളും കെട്ടിടങ്ങളുമാണ് പൊതുവില്‍ ഇവിടെ!

'പടിഞ്ഞാറ് ഈമാന്‍ ഇല്ലെങ്കിലും ഇസ്‌ലാം ഉണ്ടെന്ന' നിരീക്ഷണം സാധൂകരിക്കുംവിധത്തിലാണ് ജനങ്ങളുടെ സമീപന രീതികള്‍. നല്ല പെരുമാറ്റ മര്യാദകള്‍ ഇവിടത്തെ ജനങ്ങളുടെ പൊതു സ്വഭാവമാണ്. തെറ്റ് നമ്മില്‍നിന്ന് വന്നതാണെങ്കില്‍ പോലും ചിലപ്പോള്‍ അവര്‍ ഇങ്ങോട്ട് സോറി പറഞ്ഞുകളയും. തുറിച്ചുനോട്ടങ്ങളില്ല, മോശം കമന്റുകളില്ല. ഒരു സ്ത്രീക്ക് ഏത് പാതിരാത്രിയിലും സുരക്ഷിതമായി യാത്ര ചെയ്യാം. ഇങ്ങനെ ഇസ്‌ലാം വിഭാവന ചെയ്യുന്ന ധാര്‍മിക സമൂഹത്തിന്റെ പല സ്വഭാവ സവിശേഷതകളും ഒരു പരിധി വരെ ഇവിടെ കാണാം.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി സാഹിബ് ഈയിടെ ലനില്‍ വന്നപ്പോള്‍ നടത്തിയ വ്യക്തി സംഭാഷണത്തില്‍ ഈ വിഷയം അദ്ദേഹം പങ്കുവെക്കുകയുായി; 'ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം ആത്മാവില്‍ സ്വീകരിച്ച് ഒരു ജനത നിലവില്‍വന്നാല്‍ ഉണ്ടാകുമെന്ന് നാം പറയുന്ന പല സാമൂഹിക നന്മകളും  ഒരര്‍ഥത്തില്‍ പുലര്‍ന്നുകഴിഞ്ഞിട്ടുള്ള ബ്രിട്ടനിലെ സമൂഹത്തില്‍ ഇസ്‌ലാമിന്റെ ഏതു വശമാണ് നാം ഊന്നിപ്പറയേതെന്ന് ചിന്തിക്കേതു്!'

പശ്ചാത്യ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ നാം വേണ്ടുവോളം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചില രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ നാമവരെ വിമര്‍ശിക്കാറുമു്. പക്ഷേ, ആ സമൂഹത്തിലെ ധാരാളം നന്മകള്‍ നാം തീരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നു വേണം കരുതാന്‍. വലിയ മുസ്‌ലിം രാജ്യങ്ങളെന്ന് നാം പറയുന്ന ദേശങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ സാധിക്കുന്നതല്ല ഇത്തരം നന്മകളില്‍ പലതും. 

ഗവണ്മെന്റ് മാത്രമല്ല, ഉദ്യോഗസ്ഥന്മാരും ഉയര്‍ന്ന പൗരബോധമുള്ള ജനങ്ങളും രാജ്യത്തോടും നിയമത്തോടും ആദരവോടെ പെരുമാറുകയും നിയമവ്യവസ്ഥകള്‍ പാലിക്കുന്നതിലും മറ്റും ഒരുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണിത് സാധ്യമാകുന്നത്.

ബ്രിട്ടനിലെ മൊത്തം ജനങ്ങളെ പരിശോധിച്ചാല്‍ ഈ സാമൂഹിക ഗുണങ്ങളും നന്മകളും താരതമ്യേന കുറവ്  ഇവിടത്തെ മുസ്‌ലിംകളിലാണ് എന്നതാണ് സത്യം. എന്നിട്ടും ഇവിടെ ആളുകള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാകുന്നുണ്ട് എന്നത് ചിന്തനീയമാണ്. ബ്രിട്ടീഷ് ജനതയില്‍നിന്ന് നമുക്ക് പല ഇസ്‌ലാമിക മൂല്യങ്ങളും പഠിക്കാനുണ്ട്. യഥാര്‍ഥത്തില്‍ നമ്മളില്‍നിന്ന് അവര്‍ക്ക് ലഭിക്കേണ്ടതായിരുന്നു ആ ഗുണങ്ങള്‍.

ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന  ജെഫ്രി ചോസറുടെ (Geoffrey Chaucer 1343-1400)  കാന്റര്‍ബെറി കഥകളില്‍ (Chaucer's Canterbury Tales 1386-)  കാണുന്ന ഇസ്‌ലാമിനെക്കുറിച്ചും ഇമാം റാസി, ഇബ്‌നുസീന, ഇബ്‌നു റുശ്ദ് തുടങ്ങിയ മഹാ പണ്ഡിതന്മാരെ കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ് ഇസ്‌ലാമിനെ സംബന്ധിച്ച ഏറ്റവും പഴയ രേഖകള്‍ എന്ന് തോന്നുന്നു. റോമന്‍ കത്തോലിക്കാ സഭയെ വെല്ലുവിളിച്ച് ഇംഗ്ലണ്ടില്‍ പുതിയ പ്രൊട്ടസ്റ്റന്റ് സഭക്ക് രൂപം നല്‍കിയ ഒന്നാം എലിസബത്ത് രാജ്ഞി (Elezebath-I 1558), പോപ്പിന്റെയും കത്തോലിക്കാ രാജ്യമായ സ്‌പെയിനിന്റെയും മറ്റും എതിര്‍പ്പുകളെ അതിജീവിക്കാനായി തുര്‍ക്കിയിലെ മുറാദ് മൂന്നാമന്‍ സുല്‍ത്താനുമായി ഉണ്ടാക്കിയ നയതന്ത്ര ബന്ധത്തിലൂടെയാണ് മുസ്‌ലിം ലോകവും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിച്ചത്. നേരത്തേ തന്നെ നിരവധി പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിം ലോകത്ത് സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ടാകുമെങ്കിലും ആദ്യമായി ഇസ്‌ലാം സ്വീകരിച്ച ഇംഗ്ലീഷുകാരനായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ജോണ്‍ നെല്‍സിണ്‍ ആണ്. 

1641-ല്‍ എഴുതപ്പെട്ട ഒരു രേഖയില്‍ ലണ്ടനില്‍ ഒരു കൂട്ടം മുസ്‌ലിംകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടു്. ഏതാണ്ടിതേ കാലത്തുതന്നെ കുറച്ചു പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നതായും 1649-ല്‍ അലക്‌സാണ്ടര്‍ റോസ്സ് ഭാഷാന്തരം ചെയ്ത ആദ്യത്തെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങിയതായും പ്രസ്തുത രേഖ വ്യക്തമാക്കുന്നു. ഈ പരിഭാഷ പ്രധാനമായും ഈജിപ്തിലെ ഫ്രഞ്ച് കോണ്‍സല്‍ ആയിരുന്ന ആന്‍ഡ്രൂ ഡ്യൂ റെയ്‌സിന്റെ 1947-ല്‍ ഇറങ്ങിയ 'ഫ്രഞ്ച് ഖുര്‍ആന്റെ' ഇംഗ്ലീഷ് പരിഭാഷയായിരുന്നു.

18,19 നൂറ്റാണ്ടുകളിലായി ബ്രിട്ടീഷ് പൊതു സമൂഹത്തിലെ വില്യം ഹെന്റി അബ്ദുല്ല വില്യം, എഡ്വാര്‍കമോണ്ടേഗ് തുടങ്ങി ചില ഉന്നത വ്യക്തിത്വങ്ങള്‍ ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. 

1948-ലെ കോമണ്‍വെല്‍ത്ത്  സിറ്റിസണ്‍ ആക്ട് നിലവില്‍വന്നതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി നൂറുകണക്കിന് കപ്പല്‍ ജോലിക്കാരെ ഇന്ത്യയില്‍നിന്ന് കൊണ്ടുവരികയുണ്ടായി. അവരില്‍ ഭൂരിഭാഗവും ഇന്നത്തെ ബംഗ്ലാദേശിലെ സില്‍ഹെട്ടില്‍നിന്നുള്ള മുസ്‌ലിംകളായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കൂടിയപ്പോള്‍ യമനില്‍നിന്നും ഈജിപ്തില്‍നിന്നും വീണ്ടും നൂറുകണക്കിന് ആളുകള്‍ തൊഴില്‍ തേടിയെത്തുകയുണ്ടായി. 1950-കള്‍ക്കു ശേഷം വീണ്ടും വ്യാപകമായ കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.  2011-ലെ സെന്‍സസ് അനുസരിച്ച് ബ്രിട്ടനിലെ മുസ്‌ലിം സാന്നിധ്യം മൊത്തം 2,706,066 (4.8 ശതമാനം) ആണെന്ന് കണക്കുകള്‍ കാണിക്കുന്നു.

ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകള്‍ ഏറിയോ കുറഞ്ഞോ ബ്രിട്ടനിലുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പാകിസ്താനില്‍നിന്നുള്ളവരാണ്. അടുത്തത് ബംഗ്ലാദേശുകാരും. മുസ്‌ലിം ജനസംഖ്യയുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുത്ത പട്ടികയില്‍നിന്ന് മനസ്സിലാക്കാം. 

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ധാരാളം മുസ്‌ലിംകള്‍ ഇവിടെയുള്ളതുകൊണ്ട് വിവിധ രാജ്യക്കാരുടെ നേതൃത്വത്തില്‍ ധാരാളം മസ്ജിദുകള്‍ പ്രവര്‍ത്തിക്കുന്നു്. പള്ളികളുണ്ടാക്കുന്നതിന് പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. ഏതു കെട്ടിടമുണ്ടാക്കുന്നതിനും, നിലവിലുള്ള കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനും, കെട്ടിടം നേരത്തേ അനുവദിച്ചതല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും ലോക്കല്‍ അതോറിറ്റിയുടെ അനുവാദം ആവശ്യമാണ്. പള്ളികള്‍, ഓഡിറ്റോറിയങ്ങള്‍  പോലുള്ള, ധാരാളം ആളുകള്‍ വരാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക്  അനുവാദം നല്‍കുന്നതിനു മുമ്പ് സമീപവാസികളുടെ അഭിപ്രായം ആരായും. എതിര്‍പ്പ് ന്യായമാണെങ്കില്‍ അനുവാദം ലഭിക്കുകയില്ല.

5.5 ശതമാനം മുസ്‌ലിംകള്‍ മാത്രമാണ് മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേറ്റീവ്, പ്രഫഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ബ്രിട്ടനിലെ മൊത്തം ജനസംഖ്യ എടുക്കുമ്പോള്‍ ശരാശരി 35 ശതമാനം ആളുകള്‍ ഫുള്‍ടൈം ജോലി ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍ അത് 20 ശതമാനം മാത്രമാണ്. 16 വയസ്സ് മുതല്‍ 24 വയസ്സ് വരെയുള്ള സത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം നാഷ്‌നല്‍ ആവറേജ് 50 ശതമാനം ഉള്ളപ്പോള്‍ മുസ്‌ലിം സ്ത്രീകളുടേത് 29 ശതമാനം മാത്രമാണ്. 16 വയസ്സ് മുതല്‍ 74 വയസ്സ് വരെയുള്ള സ്ത്രീകളില്‍ കുടുംബ കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയ ശരാശരി 6 ശതമാനമുള്ളപ്പോള്‍ മുസ്‌ലിം സ്ത്രീകളുടേത് 18 ശതമാനമാണ്.

കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ തങ്ങളുടെ കുട്ടികളുടെ മതപഠനത്തിനും, കുറേക്കൂടി വളര്‍ന്നപ്പോള്‍ പ്രാര്‍ഥനകള്‍ക്കുമായി വീടുകള്‍ കേന്ദ്രമാക്കി തുടങ്ങിയ സ്ഥാപനങ്ങളാണ് പില്‍ക്കാലത്ത് പള്ളികളായി വളര്‍ന്നത്.

ഏറ്റവും പഴയ പള്ളിയായി അറിയപ്പെടുന്നത് ശൈഖുല്‍ ഇസ്‌ലാം എന്നറിയപ്പെടുന്ന, അബ്ദുല്ല വില്യം 1887-ല്‍ ലിവര്‍പൂളില്‍ സ്ഥാപിച്ചതാണെങ്കിലും, വെയില്‍സിലെ കാര്‍ഡിഫിലുള്ള അല്‍മനാര്‍ മസ്ജിദ് ആണ് ബ്രിട്ടനിലെ ഏറ്റവും പഴയ മസ്ജിദ് എന്ന അവകാശവാദവും ഉ്. മത സ്ഥാപനങ്ങളുടെ രജിസ്റ്റര്‍ പകര്‍ത്തിയപ്പോള്‍   പറ്റിയ ഒരു അബദ്ധം മൂലമാണ് 1860-ല്‍ സ്ഥാപിച്ച ഈ പള്ളി രണ്ടാമത്തെ പള്ളിയായതത്രെ. 

ബ്രിട്ടനില്‍ ഏകദേശം 1750 പള്ളികളുണ്ട്. ലണ്ടനില്‍ മാത്രം 423-ല്‍ അധികം മസ്ജിദുകളാണുള്ളത്. ഞങ്ങള്‍ താമസിക്കുന്ന ഈസ്റ്റ് ഹാം എന്ന ചെറിയ ടൗണിലും പരിസരത്തുമായി എട്ടോളം മസ്ജിദുകളുണ്ട്. ഈസ്റ്റ് ലണ്ടന്‍ മോസ്‌ക്, ലണ്ടന്‍ ഗ്രാന്‍ഡ് മോസ്‌ക്, ഫിന്‍സ്ബറി മോസ്‌ക് തുടങ്ങിയവ ലണ്ടനിലെ വലിയ പള്ളികളാണ്.

ഈ പള്ളികളൊക്കെ ഓരോ രാജ്യക്കാരുടേതുമാണ്. സാധാരണ നമസ്‌കരിക്കാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും എല്ലാവര്‍ക്കും  പറ്റുമെങ്കിലും മറ്റാളുകള്‍ക്ക്  പരിപാടികള്‍ നടത്താനോ മറ്റോ സാധാരണയായി അനുവാദം കിട്ടാറില്ല. പള്ളികളില്‍ നടക്കുന്ന ക്ലാസുകളും ജുമുഅക്കു മുമ്പ് നടക്കുന്ന പ്രസംഗങ്ങളും മിക്കവാറും താന്താങ്ങളുടെ മാതൃഭാഷയിലായിരിക്കും. ഇങ്ങനെ പൊതു പള്ളി എന്നതിലുപരി പാകിസ്താനി പള്ളി, ബംഗാളി പള്ളി, ശ്രീലങ്കന്‍ പള്ളി, സോമാലിയന്‍ പള്ളി, ടര്‍കിഷ് പള്ളി, അറബിക് പള്ളി എന്ന രീതിയിലാണ് മിക്ക പള്ളികളും പ്രവര്‍ത്തിക്കുന്നത്. അതില്‍തന്നെ ദയൂബന്ദി, ബറേല്‍വി, അഹ്‌ലെ  ഹദീസ്, സലഫി, സൂഫി തുടങ്ങിയ ചേരിതിരിവുകളുമുണ്ട്. പക്ഷേ കേരളത്തിലെ പോലെ വിഭാഗീതയതോ മറ്റോ തീരെ ഇല്ല എന്ന് പറയാം. എല്ലാവരും എല്ലാ പള്ളികളിലും നമസ്‌കരിക്കുന്നവരാണ്. ഹനഫീ മദ്ഹബുകാരാണ് കൂടുതലെങ്കിലും ഇവിടെ എല്ലാ മദ്ഹബുകാരും ഉണ്ട്.

മിക്ക പള്ളികളിലും ജുമുഅക്കു മുമ്പ് മിമ്പറിനു താഴെ വെച്ച് മാതൃഭാഷയിലുള്ള ഒരു പ്രസംഗം നടക്കും. ചില പള്ളികളില്‍ ഇംഗ്ലീഷും തങ്ങളുടെ ഭാഷയും കൂടിച്ചേര്‍ന്ന പ്രസംഗമായിരിക്കും. ഈ പ്രസംഗത്തിനു ശേഷം ഒരു ചടങ്ങ് പോലെ ചെറിയൊരു ഖുത്വ്ബ. നമ്മുടെ നാട്ടിലെ വിവാഹ ഖുത്വ്ബ പോലെ മിക്കവാറും ഒരേ വാക്കുകള്‍ മാത്രം അതിവേഗതയില്‍ ഓതിത്തീര്‍ക്കാറാണ് പതിവ്. ചിലപ്പോഴെങ്കിലും ആയത്ത് മാത്രമേ മാറുകയുള്ളൂ. 

മിക്ക പള്ളികളിലും ഒരു ജുമുഅയില്‍ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുമൂലം രണ്ടോ മൂന്നോ ജുമുഅ നമസ്‌കാരം നടക്കാറുണ്ട്. പെരുന്നാള്‍ നമസ്‌കാരം മിക്ക പള്ളികളിലും മൂന്ന് തവണയും ചില പള്ളികളില്‍ അഞ്ചും ആറും തവണയും നടത്താറുണ്ട്. അങ്ങനെയുള്ള ചില പള്ളികളില്‍ രണ്ടാം ജുമുഅക്ക് ഖുത്വ്ബ ഇംഗ്ലീഷിലായിരിക്കും. ചുരുക്കം ചില പള്ളികളില്‍ നമ്മുടെ നാട്ടിലെ മലയാളം ഖുത്വ്ബ പോലെ ഇംഗ്ലീഷില്‍ ഖുത്വ്ബ നടക്കാറുണ്ട്.

കൂടുതല്‍ സ്ത്രീകളൊന്നും നമസ്‌കരിക്കാന്‍ പള്ളിയില്‍ വരാറില്ലെങ്കിലും ദയൂബന്ദി, ബറേല്‍വി, അഹ്‌ലെ ഹദീസ്, സലഫി, സൂഫി വ്യത്യാസമില്ലാതെ മിക്ക പള്ളികളിലും സ്ത്രീകള്‍ക്ക്  പ്രവേശനമുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് പണ്ഡിതകളായ സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കായി ഖുര്‍ആന്‍-ഹദീസ്-സീറ ക്ലാസുകള്‍ നടത്തിവരുന്നു. ഓരോ പള്ളിയുടെ കീഴിലും സ്വതന്ത്രമായി വീടുകള്‍ കേന്ദ്രീകരിച്ചും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  പൊതുവായും സ്ത്രീകള്‍ക്ക്  പ്രത്യേകമായും ധാരാളം ദീനീകൂട്ടായ്മകളും ക്ലാസ്സുകളും  നടന്നുവരുന്നു.

പള്ളികളിലെ ഇമാമുമാര്‍ മിക്കവാറും പള്ളി നടത്തിപ്പുകാരുടെ നാട്ടില്‍നിന്ന് വരുന്നവരാണ്. ബ്രിട്ടനില്‍ ജനിച്ച്, പഠിച്ച് വളര്‍ന്ന ചെറുപ്പക്കാരായ പണ്ഡിതന്മാരും ഉണ്ട്. ചുരുക്കം ചില വലിയ പള്ളികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക പള്ളി മാനേജ്‌മെന്റുകളും അത്ര സാമ്പത്തിക ശേഷിയുള്ളവയല്ല. അതുകൊണ്ടുതന്നെ ഇമാമുമാരുടെ വേതനം അത്രയൊന്നും ഉയര്‍ന്നതല്ല. അതിനാല്‍ ഇവിടെ ജനിച്ചു വളര്‍ന്ന ആളുകള്‍ ഇത്തരം ജോലികളില്‍ വേത്ര താല്‍പര്യം കാണിക്കുന്നില്ല. കേംബ്രിഡ്ജ് മുസ്‌ലിം കോളേജിലെ ഡോ. ഹകീം മുറാദ്, അബ്ദുര്‍റഹീം ഗ്രീന്‍ തുടങ്ങിയ ഏതാനും ഇംഗ്ലീഷ് പണ്ഡിതന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍, തനി ഇംഗ്ലീഷുകാരായ പണ്ഡിതന്മാര്‍ ഇവിടെ വളരെ കുറവാണ്.

വേള്‍ഡ് ഇസ്‌ലാമിക് മിഷന്‍ നേതാവായ അല്ലാമാ ഖമറുസ്സമാന്‍ ആസ്മി, മുസ്‌ലിം ചാരിറ്റിയുടെയും ജാമിഅ അല്‍ കറമിന്റെയും നേതൃത്വം വഹിക്കുന്ന മുഹമ്മദ് ഇംദാദ് പീര്‍സാദ, അല്‍ മുസ്തഫ സെന്ററിന്റെ ശൈഖ് മുഹമ്മദ് അല്‍ യഅ്ഖൂബി, ഇ.യു ഇന്റര്‍ കള്‍ച്ചറല്‍ ഡയലോഗ് അംബാസഡര്‍ വഖാര്‍ ആസ്മി, മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ മസ്ജിദ് ഇമാം മുഹമ്മദ് ഇര്‍ശാദ് മിസ്ബാഹി, ഈസ്റ്റ് ലണ്ടന്‍ മസ്ജിദിലെ ഇമാം ശൈഖ് അബ്ദുല്‍ ഖയ്യൂം, ബര്‍മിംഗ്ഹാം സെന്‍ട്രല്‍ മസ്ജിദിലെ ഇമാം അബൂ യൂസുഫ് രിയാദുല്‍ ഹഖ്, എസ്സെക്‌സ് മസ്ജിദ് ഇമാം ഡോ. മഹ്മൂദുല്‍ ഹസന്‍, ദാറുല്‍ ഉമ്മാഹ് മസ്ജിദ് ഇമാം അബ്ദുര്‍റഹ്മാന്‍ മദനി, ശരീഅ കൗണ്‍സില്‍ യു.കെ മെമ്പറും മുസ്‌ലിം റിസര്‍ച്ച്  ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ െൈശഖ് ഹൈത്തം അല്‍ ഹദ്ദാദ്, പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ താരിഖ് റമദാന്‍,  ലണ്ടന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഖലീഫ ഇസ്സത്ത് തുടങ്ങിയവര്‍ യു.കെയിലെ പ്രമുഖ പണ്ഡിതന്മാരും ഇമാമുമാരുമാണ്.

ബ്രിട്ടനിലെ റമദാന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ജൂണ്‍ മാസത്തില്‍ പകല്‍ ഏകദേശം 18-19 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. അതി ദൈര്‍ഘ്യമുള്ള പകലാണെങ്കിലും തീരെ ചൂടില്ലാത്തതിനാല്‍ നാട്ടിലെ നോമ്പിനെ അപേക്ഷിച്ച് കുറഞ്ഞ ക്ഷീണമേ അനുഭവപ്പെടുകയുള്ളൂ. ഏകദേശം രാത്രി ഒമ്പതര മണിക്ക് മഗ്‌രിബും മൂന്ന് മണിക്കു മുമ്പ് ഫജ്‌റും ആകുന്നതിനാല്‍ ഒരു നേരം മാത്രമേ കാര്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ സ്ത്രീകളില്‍ പലരും ഈ ദൈര്‍ഘ്യം  ഒരു അനുഗ്രഹമായാണ് കാണുന്നത്. ദിവസം ഒരു നേരത്തെ ആഹാരമുണ്ടാക്കിയാല്‍ മതിയല്ലോ. ഖുര്‍ആന്‍ പാരായണത്തിനും ഇബാദത്തുകള്‍ക്കും  മറ്റും ധാരാളം സമയം ലഭിക്കും.

എന്നാല്‍ ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കുറഞ്ഞ പകല്‍ അനുഭവപ്പെടുക. ഏകദേശം 6:30-ന്  ഫജ്ര്‍ തുടങ്ങുകയും നാലു മണിക്കു മുമ്പ് ഇഫ്ത്വാറിന് സമയമാവുകയും ചെയ്യും. 2004-ല്‍ ആണ് ഇതിനു മുമ്പ് ഏറ്റവും ദൈര്‍ഘ്യം  കുറഞ്ഞ റമദാന്‍ വന്നത്.

പള്ളികളിലൊക്കെ ഇഫ്ത്വാര്‍ ഗംഭീരമായി നടക്കും. ഓരോ പള്ളിയിലും ധാരാളമാളുകള്‍ ഇഫ്ത്വാറിനുണ്ടാകും. ഓരോരുത്തരും  എന്തെകിലും വിഭവങ്ങളുമായാണ് പള്ളിയിലെത്തുക. റമദാന്‍ പ്രമാണിച്ച് പ്രത്യേകം ഖാരിഉകളെ നാട്ടില്‍നിന്ന് കൊണ്ടുവരാറാണ് പതിവ്. ഏതാണ്ടെല്ലാ പള്ളികളിലും റമദാന്‍ കഴിയുമ്പോഴേക്ക് ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കും. മിക്ക പള്ളികളിലും തറാവീഹ് ഇരുപത് റക്അത്താണ്. ചുരുക്കം ചില പള്ളികളിലേ 11 റക്അത്ത് തറാവീഹ് നമസ്‌കരിക്കുന്നുള്ളൂ. എല്ലാ റക്അത്തുകാരും എല്ലാ പള്ളികളിലും നമസ്‌കരിക്കും. ഏട്ട് കഴിഞ്ഞു പോകുന്നവരും 11 കഴിഞ്ഞു പോകുന്നവരും 23 കാരുമുണ്ടാകും. മിക്ക പള്ളികളിലും തറാവീഹിന് വലിയ തിരക്കായിരിക്കും. ചില പള്ളികളില്‍ പുറത്ത് വലിയ ക്യൂ ഉണ്ടാകും. ഒരാള്‍ പുറത്തിറങ്ങിയാല്‍ മറ്റൊരാള്‍ കയറും. ഇശാഅ് നമസ്‌കരിക്കാന്‍ കയറിയാല്‍ ചിലപ്പോള്‍ തറാവീഹ് നമസ്‌കരിക്കാതെ പുറത്തിറങ്ങാന്‍ കഴിഞ്ഞു എന്ന് വരില്ല. അത്ര തിരക്കാണ് ചില പള്ളികളില്‍. മിക്ക പള്ളികളിലും ഇഅ്തികാഫിന് ഭക്ഷണമടക്കം സൗകര്യങ്ങളുണ്ടാകും. ചിലരൊക്കെ മഗ്‌രിബിന് പള്ളിയില്‍ പോയാല്‍ സ്വുബ്ഹിനു ശേഷമാണ് തിരിച്ച് വീട്ടിലെത്തുക. മധ്യ ഇംഗ്ലണ്ടിലെ പല പള്ളികളിലും കുടുംബ സമേതമാണ് ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. മിക്ക പള്ളികളിലും ഇഅ്തികാഫുകാരുടെ നേതൃത്വത്തില്‍ തഹജ്ജുദ് നമസ്‌കാരവും ജമാഅത്തായി നടത്താറുണ്ട്. മറ്റൊരു കൗതുകകരമായ കാര്യം നാം സ്ഥിരമായി ഓരോ പത്തിലും പ്രത്യേകമായും എല്ലാ പത്തിലും പൊതുവായും ചൊല്ലുന്ന പ്രാര്‍ഥനകള്‍ ഉണ്ടല്ലോ, അത് ഇവിടുത്തെ ചില പണ്ഡിതന്മാര്‍ കേട്ടിട്ട് പോലുമില്ല. ഇവിടെയൊന്നും അങ്ങിനെ ഒരു പതിവുമില്ല.

പല രാജ്യക്കാരും നാട്ടുകാരുമായ ആളുകള്‍ തങ്ങളുടെ പ്രത്യേകം പ്രത്യേകം ഇഫ്ത്വാര്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്.  ഏറ്റവും വലിയ മലയാളി മുസ്‌ലിം കൂട്ടായ്മയായ ങങഇണഅ, ഗങഇഇ ലണ്ടന്‍, സമസ്ത ഇസ്‌ലാമിക് സെന്റര്‍ ലണ്ടന്‍, എ.പിവിഭാഗത്തിന്റെ അല്‍ ഇഹ്‌സാന്‍ ദഅ്‌വാ സെന്റര്‍ തുടങ്ങിയ മലയാളി സംഘടനകള്‍ പ്രത്യേകം പ്രത്യേകം ഇഫ്ത്വാര്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. നാട്ടിലെ പോലെ 'തൊട്ടുകൂടായ്മ' കുറവായതിനാല്‍ മിക്കവരും എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്.

പല മുസ്‌ലിം കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ധാരാളം ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പല പള്ളികളിലും ജുമുഅക്കു ശേഷം ഇംഗ്ലീഷുകാരും അല്ലാത്തവരുമായ ആളുകള്‍ ശഹാദത്ത് ചൊല്ലാന്‍ എത്തിച്ചേരുന്നത് കാണാം. ഇവിടെ ആര്‍ക്കും  ഏതു പള്ളിയും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാമെങ്കിലും വര്‍ഷത്തില്‍ ഇവിടെ 'വിസിറ്റ് അവര്‍ മോസ്‌ക്' എന്ന  പരിപാടി നടക്കാറുണ്ട്. അന്നേ ദിവസം പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക്  ലഘു ഭക്ഷണവും ഇമാമുമായും മറ്റു പണ്ഡിതന്മാരുമായും സംവദിക്കാനും തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരവുമുണ്ടാകും. ധാരാളം സഹോദര സമുദായാംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്താറുണ്ട്.

വിശാലവും ഗംഭീരവുമായ ധാരാളം ക്രിസ്ത്യന്‍ പള്ളികളുണ്ടെങ്കിലും ആളുകള്‍ വരാത്തതു കാരണം പലതും കമ്യൂണിറ്റി സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത ബിലാല്‍ മസ്ജിദ് പുതുക്കിപ്പണിതപ്പോള്‍ രണ്ട് വര്‍ഷത്തോളം ജുമുഅ നമസ്‌കരിച്ചിരുന്നത് തൊട്ടടുത്ത ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ചായിരുന്നു. ഹാര്‍ട്ട്‌ലി  സെന്റര്‍ എന്ന ഈ പള്ളിയില്‍ സ്വന്തമായി പള്ളികളില്ലാത്ത പല കമ്യൂണിറ്റികളും തങ്ങളുടെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.  ഈയിടെ ഈ സെന്റര്‍ പൊളിച്ചുകളഞ്ഞതിനാല്‍  കഴിഞ്ഞ വര്‍ഷം ബലി പെരുന്നാള്‍ നമസ്‌കാരം മറ്റൊരു ക്രിസ്ത്യന്‍ പള്ളിയായ ട്രിനിറ്റിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. അത്രത്തോളം വിശാലതയും വ്യക്തിസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്ന ജനതയാണ് ഇവിടെയുള്ളത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍