Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

കശാപ്പ് നിരോധത്തിന്റെ രാഷ്ട്രീയവും മാട്ടിറച്ചിയുടെ കയറ്റുമതി സാധ്യതകളും

എ. റശീദുദ്ദീന്‍

മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ ജനത്തിന് നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രയെണ്ണം പാലിക്കാന്‍ ബാക്കിയുണ്ടെന്ന് ഒരു ചാനലും ചര്‍ച്ച ചെയ്യുന്നില്ല. അത്തരം ചര്‍ച്ചകള്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാറിനെ കുറിച്ചു മാത്രമേ പുതിയ കാലത്ത് പാടുണ്ടായിരുന്നുള്ളൂ. ചില കണക്കുകള്‍ പറയുന്നത് വെറും 9 ശതമാനം വാഗ്ദാനം മാത്രമാണ് മോദി സര്‍ക്കാറിന് പാലിക്കാനായത് എന്നാണ്. കോര്‍പറേറ്റുകളുടെ അടിസ്ഥാന വിഭവമായ ഭൂമിക്ക് മാത്രമാണ് ഈ സര്‍ക്കാറിന്റെ കാലത്ത് വില കുറഞ്ഞത്. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ഭയാനകമായ തൊഴിലില്ലായ്മയാണ് രാജ്യത്ത് പെരുകുന്നത്. മുനിസിപ്പാലിറ്റികളില്‍ ഒഴിവു വന്ന 40,000 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിലേക്ക് കഴിഞ്ഞ വര്‍ഷം യു.പിയില്‍നിന്ന് 18 ലക്ഷം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഒരു കാലത്ത് വാല്‍മീകി, ധനുക്, ചമാര്‍ പോലുള്ള ദലിത് സമുദായക്കാര്‍ മാത്രം ചെയ്തുവന്ന ഈ തൊഴിലിന് ഒരു ലക്ഷം ബ്രാഹ്മണ യുവാക്കളും 75000 ഠാക്കൂറുകളും 33000 ബനിയകളും അപേക്ഷ സമര്‍പ്പിച്ചവരിലുണ്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേ സംസ്ഥാനത്തെ 368 പ്യൂണ്‍ തസ്തികകളിലേക്ക് 2015-ല്‍ പി.എച്ച്.ഡി ബിരുദധാരികള്‍ ഉള്‍പ്പടെ 23 ലക്ഷം ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളാണ് ഒഴുകിയെത്തിയത്. 2017 അവസാനിക്കുന്നതോടെ യു.പിയില്‍ മാത്രം അഭ്യസ്തവിദ്യരായ ഒരു കോടി 32 ലക്ഷം തൊഴിലില്ലാത്ത യുവജനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് അസാധുവാക്കല്‍ അതിന്റെ മുഴുവന്‍ ഭീകരതയോടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പിടിമുറുക്കിക്കഴിഞ്ഞു. കാര്‍ഷിക മേഖല തളരുകയും നിര്‍മാണ മേഖല കുതിക്കുകയും ചെയ്ത ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം 2016 നവംബര്‍ 8-നു ശേഷം ഭയാനകമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. നിര്‍മാണ മേഖല പാടേ തളര്‍ന്നതാണ് ഇപ്പോഴത്തെ ചിത്രം. 

 

കശാപ്പ് വിവാദം

പിതാമഹനായ ഭീഷ്മരെ കൊല്ലാന്‍ തീരുമാനിച്ചതിനു ശേഷവും ന്യായം പറയാന്‍ ശിഖണ്ഡിയെ മുന്നില്‍ വെച്ച് യുദ്ധം ചെയ്ത മഹാഭാരതത്തിലെ അര്‍ജുനന്റെ ധര്‍മവ്യവസ്ഥക്കു തുല്യമാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി ഗവണ്‍മെന്റുകള്‍. കൈയേറ്റം ചെയ്യപ്പെട്ട സര്‍ക്കാര്‍ ഭൂമികള്‍ ഒഴിപ്പിച്ചെടുക്കാന്‍ 2011-ല്‍ സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ  ഉത്തരവിന്റെ മറ പിടിച്ചാണ് അസമില്‍ ഇതിനകം ആയിരക്കണക്കിന് മുസ്ലിംകളെ  സര്‍ബാനന്ദ് സോനുവാലിന്റെ ഭരണകൂടം കിടപ്പാടങ്ങളില്‍നിന്ന് ബുള്‍ഡോസറുകളുപയോഗിച്ച് ഇറക്കിവിട്ടത്. അസമില്‍ ബ്രഹ്മപുത്രാ നദിയുടെ മണ്ണൊലിപ്പിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ പകരം ഭൂമി നല്‍കുമെന്ന പ്രതീക്ഷയില്‍ താമസിച്ചുവന്ന വീടുകളായിരുന്നു ഒരു നോട്ടീസു പോലും നല്‍കാതെ  പട്ടാളവും പോലീസും വന്ന് തല്ലിത്തകര്‍ത്തത്. മിച്ചഭൂമി എന്ന് മറ്റു സംസ്ഥാനങ്ങളില്‍ വിശേഷിപ്പിക്കാറുള്ള വെളിമ്പ്രദേശങ്ങളില്‍ താമസിച്ചുവന്ന ഇവരില്‍ പലരുടെയും കുടികിടപ്പ് അവകാശം ഹൈക്കോടതിയില്‍ ഇപ്പോഴും ഹരജികളായി നിലനില്‍ക്കുന്നുമുണ്ട്. ബാര്‍പേട്ടയിലും കാസിരങ്കയിലും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അസമി ഭാഷ സംസാരിക്കുന്ന, 1950 മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള അന്നാട്ടിലെ മണ്ണിന്റെ മക്കളായിരുന്നു. മനുഷ്യത്വവിരുദ്ധതയുടെ ഈ ബീഭത്സ മുഖം ഇരുചെവിയറിയാതെ മൂടിവെക്കാന്‍ അസമിലെ മാധ്യമങ്ങള്‍ സോനുവാലിന് വിടുപണി ചെയ്തു. നിയമം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും പറയുമ്പോഴും യഥാര്‍ഥ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശീ ഹിന്ദുക്കളുടെ കാര്യത്തില്‍ ഈ നിയമം പ്രയോഗിക്കുന്നത് കാണാനുണ്ടായിരുന്നില്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 'ബംഗ്ലാദേശി'കളാണെന്ന് സ്വന്തം പാര്‍ട്ടി യോഗങ്ങളില്‍ അണികളുടെ ആത്മവീര്യം ജ്വലിപ്പിച്ചുനിര്‍ത്താന്‍ പ്രസംഗിക്കുമ്പോള്‍ അത് മുസ്ലിംകളാണ് എന്നും, ഗവണ്‍മെന്റിനു വേണ്ടി വായതുറക്കുമ്പോള്‍ നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ എന്നുമായിരുന്നു വ്യാഖ്യാനം. കൈക്കുഞ്ഞുങ്ങളുമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇനി എന്ത് ചെയ്യണമെന്ന് 'സബ്കാ സാത്ത്, സബ്കാ വികാസി'ന്റെ ആളുകള്‍ക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. 

ഇതുതന്നെയാണ് കശാപ്പ് നിരോധത്തിന്റെയും അവസ്ഥ. അറവുശാലകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു വിശദീകരിച്ചുകൊണ്ടുതന്നെയാണ് കന്നുകാലി ചന്തകളില്‍ അറവുമാടുകളെ വില്‍ക്കരുതെന്ന പുതിയ നിയമം വരുന്നത്. അറവുശാലകള്‍ മാടുകളെ എവിടെനിന്ന് വാങ്ങണമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. ഗ്രാമീണ ചന്തകള്‍ അറവുശാലകളുടെ നിയമങ്ങള്‍ മറികടക്കുന്നുവെന്നും ഇന്ത്യയുടെ ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ അറവുമാടുകളുടെ കള്ളക്കടത്ത് നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഗൗരി മൗലേഖി സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ മറപിടിച്ചാണ് വനം-പരിസ്ഥിതി മന്ത്രാലയം ഇപ്പോഴത്തെ ഉത്തരവ് പുറത്തിറക്കുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാലിച്ചന്തകളിലൂടെ അപ്പുറത്തെത്തുന്ന അറവുമാടുകള്‍ ഭീകരവാദത്തിന് പണം കണ്ടെത്താനുള്ള വഴിയായി മാറുന്നുണ്ടെന്നാണ് മൗലേഖിയുടെ വാദം. ദല്‍ഹിയുടെ അതിര്‍ത്തികളില്‍ സ്ഥിതി ചെയ്യുന്ന അറവുശാലകളിലെ ദൃശ്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മൗലേഖി വന്‍കിട അറവു ഫാക്ടറികളില്‍ മൃഗങ്ങളോട് കടുത്ത ക്രൂരതയാണ് നിലനില്‍ക്കുന്നതെന്ന് വിലപിക്കുന്നു. എന്നാല്‍ ഇറച്ചി കയറ്റുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയല്ല ഈ 'മൃഗസ്നേഹി' ചെയ്തത്. മൃഗങ്ങളെ വില്‍ക്കുന്ന ചന്തകളില്‍ നിയന്ത്രണം വന്നാല്‍ അറവുശാലകള്‍ ഇല്ലാതാകുമെന്ന മൗലേഖിയുടെ വാദം ഫലത്തില്‍ കോര്‍പറേറ്റ് ക്വട്ടേഷന്‍ സിദ്ധാന്തമായിരുന്നു. അതാണ് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ ഏറ്റുപിടിച്ചത്. 

ഇന്ന് ലോകത്തെ ഏറ്റവും വലിയ മാട്ടിറച്ചി കയറ്റുമതി രാജ്യം ഇന്ത്യയാണ്. 2016-ല്‍ 2.4 ദശലക്ഷം ടണ്‍ മാട്ടിറച്ചി ഇന്ത്യ വിദേശത്തേക്ക് അയച്ചുവെന്നാണ് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക മന്ത്രാലയം വിലയിരുത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആഗോള കയറ്റുമതിയുടെ 20.8 ശതമാനമായിരുന്നു ഇന്ത്യയുടെ സംഭാവനയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തോടെ ഇത് 23.5 ശതമാനമായി വര്‍ധിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് മാംസ കയറ്റുമതിക്കാരും ബി.ജെ.പിയുമായോ കോണ്‍ഗ്രസുമായോ ഉറ്റ ബന്ധമുള്ള ബ്രാഹ്മണര്‍ മുതല്‍ ബനിയകള്‍ വരെ നയിക്കുന്ന ഗ്രൂപ്പുകളാണ്. ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരെന്ന് സ്വയം അവകാശപ്പെടുന്ന മുംബൈയിലെ അല്ലാനോ ഗ്രൂപ്പ് 2013-ലും 2014-ലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 2.5 കോടി രൂപ സംഭാവന ചെയ്തുവെന്നാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച കണക്കുകളിലുള്ളത്.അല്‍ കബീര്‍, അറേബ്യന്‍ എക്സ്‌പോര്‍ട്സ്, എം.കെ.ആര്‍ ഫ്രോസന്‍ എക്സ്പോര്‍ട്സ്, പി.എം.എല്‍ ഇന്‍ഡസ്ട്രീസ് എന്നൊക്കെയുള്ള പേരുകളില്‍ അറിയപ്പെടുന്ന കമ്പനികള്‍ മുസ്ലിംകള്‍ അല്ലാത്തവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. പ്രധാനപ്പെട്ട പത്തെണ്ണത്തില്‍ രണ്ടോ മൂന്നോ കമ്പനികള്‍ മാത്രമാണ് മുസ്ലിം ഉടമസ്ഥതയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ 'എന്റെ ധാരാളം ജൈന സുഹൃത്തുക്കള്‍ ഈ ബിസിനസില്‍ ഉണ്ടെന്ന്' ഗുജറാത്തിലെ മാംസ കയറ്റുമതിയെ കുറിച്ച ചോദ്യത്തിന് മറുപടി പറയുന്നത് യൂട്യൂബില്‍ ഇപ്പോഴും കാണാനാവും. 

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഭാര്യ പ്രമീളയും ബി.ജെ.പിയുടെ ബീഫ്‌വിരുദ്ധ രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് സംഗീത് സോമുമൊക്കെ മാംസ കയറ്റുമതി സ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. ചുരുക്കത്തില്‍ ബീഫ് രാഷ്ട്രീയത്തിലൂടെ ചില നിഗൂഢമായ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മോദി സര്‍ക്കാര്‍ ഒളിച്ചുകടത്തുന്നുണ്ടെന്ന് വ്യക്തം. കാലികളുടെ വില ആഭ്യന്തര മാര്‍ക്കറ്റില്‍ കുത്തനെ ഇടിയുന്നതോടെ ഇവ ഫാക്ടറികളിലേക്കു മാത്രമായി ഒഴുകും. ആ ഒഴുക്കിന് ഗോരക്ഷകര്‍ നേതൃത്വം കൊടുക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പാലുല്‍പ്പന്നങ്ങള്‍ക്കു വേണ്ടി പോലും മുസ്ലിംകള്‍ക്ക് പശുവിനെ ഇന്ത്യയില്‍ വളര്‍ത്താന്‍ കഴിയാതെയാവും. അതോടൊപ്പം സംഘ്പരിവാറിലെ പച്ചക്കറിവാദികളുടെ ചൊരുക്കിന് ആശ്വാസം നല്‍കുക, പാരമ്പര്യവാദികളായ 'ഗോമാതാ' വോട്ടുബാങ്കിനെ ആകര്‍ഷിക്കുക തുടങ്ങിയ പലതരം ആഭ്യന്തര നേട്ടങ്ങളും ഈ മേഖലയില്‍ ഇറങ്ങിക്കളിക്കാന്‍ ബി.ജെ.പി സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. ഒരേസമയം മന്‍ കീബാത്തില്‍ മുസ്ലിംകള്‍ക്ക് റമദാന്‍ ആശംസ നേരുകയും ഒപ്പം 'ഇറച്ചി തീറ്റക്കാരായ' അവരെ ഒരു പാഠം പഠിപ്പിച്ചുവെന്ന് സംഘ്പരിവാറിനോട് ആശയവിനിമയം നടത്തുകയും ചെയ്യുന്ന ബഹുമുഖ തന്ത്രമായിരുന്നു ഇത്.  

വോട്ടര്‍മാരെ തമ്മിലടിപ്പിക്കുകയും ഒപ്പം മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് വാഹനമാവുകയും മാത്രമായിരുന്നു മാധ്യമങ്ങള്‍. അറവുമാടുകളുടെ കശാപ്പ് വിഷയത്തിലും നേരത്തേ മാട്ടിറച്ചി വിവാദത്തിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭരണഘടനയുടെ തത്ത്വങ്ങളെയും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തെയും കുറിച്ചു പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ മൂടിവെച്ച മാധ്യമങ്ങള്‍ അവരെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാര്‍ 'മാട്ടിറച്ചി ഏജന്റ്' എന്ന മട്ടില്‍ അധിക്ഷേപിച്ചത് തലക്കെട്ട് വാര്‍ത്തയാക്കി. മമത പറഞ്ഞതിനേക്കാള്‍ വലിയ ഭരണഘടനാപരമായ വാര്‍ത്ത രണ്ടാമത്തെ കൂട്ടര്‍ തെറി പറഞ്ഞതായിരുന്നു. രാജസ്ഥാനിലെയോ മഹാരാഷ്ട്രയിലെയോ മധ്യപ്രദേശിലെയോ മുഖ്യമന്ത്രിമാരെ ഏതെങ്കിലും പൂജാരിമാര്‍ അധിക്ഷേപിച്ചാല്‍ ഇതാവുമായിരിക്കുമോ മാധ്യമ സമീപനം? അരവിന്ദ് കെജ്‌രിവാള്‍ എന്ത് ജനകീയ പ്രശ്നം ഉന്നയിച്ചാലും 'അരാജകവാദി', 'സമരക്കാരന്‍' മുതലായ നാമവിശേഷണങ്ങള്‍ ഉപയോഗിച്ചല്ലാതെ ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ ചാനലുകള്‍ക്ക് കഴിയാറില്ല. സാകിര്‍ നായിക്കിനെ 'ഐസിസ് അനുകൂല' പണ്ഡിതന്‍ എന്നോ മുസ്ലിം ഭീകരന്‍ എന്നോ ചേര്‍ത്തുകൊണ്ടല്ലാതെ കനേഡിയന്‍ എംബസിയുടെ വക്കീല്‍ നോട്ടീസ് ലഭിക്കുന്നതുവരെയും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കാനഡയിലേക്ക് നായിക്കിന് വിസ കൊടുത്ത എംബസിക്ക് ഇദ്ദേഹത്തെ ഇന്ത്യ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ് ചാനലില്‍നിന്നും അറിയേണ്ടിയിരുന്നത്. അര്‍ണബ് ഗോസ്വാമി മാപ്പുപറയേണ്ടിവന്ന  അപൂര്‍വം അവസരങ്ങളിലൊന്നായിരുന്നു ഇത്. 

മുസഫര്‍ നഗര്‍ കലാപത്തെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിരന്തരമായി ഉയര്‍ത്തിക്കാട്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയ മാധ്യമങ്ങള്‍ ഠാക്കൂറുകള്‍ ദലിതരെ ആക്രമിച്ച സഹാരണ്‍പൂര്‍ കലാപത്തിനു ശേഷം നിയമവാഴ്ച എന്ന വാക്ക് ഉച്ചരിക്കാന്‍ ഉത്തര്‍പ്രദേശില്‍ ഇന്നേവരെ ധൈര്യം കാണിച്ചിട്ടില്ല. ആഭ്യന്തരമന്ത്രാലയത്തിലിരിക്കുന്ന ഠാക്കൂറുകളുടെ കണ്‍കണ്ട നേതാവിനോടുള്ള ഭയഭക്തി ബഹുമാനമല്ല ഇതെങ്കില്‍ പിന്നെന്ത്? അതേ ദിവസങ്ങളില്‍ തന്നെ രാഹുല്‍ ഗാന്ധി 'നിയമം ലംഘിച്ച്' സഹാരണ്‍പൂരിലേക്കു പോയെന്ന ബ്രേക്കിംഗ് വാര്‍ത്തകള്‍ എത്രയെങ്കിലും ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതേ ആഴ്ചയില്‍ ആഗ്രാ ഹൈവേയില്‍ ഒരു കുടുംബത്തെ കാറില്‍നിന്നും വലിച്ചിറക്കി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തക്കല്ല, മറിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്ന സര്‍ക്കാറിന്റെ വിശദീകരണത്തിനാണ് പ്രാമുഖ്യം ലഭിച്ചത്. ഒരു പ്രത്യേക സമുദായത്തിലെ ഇരകളായതുകൊണ്ട് ഇനി നടന്നിട്ടുണ്ടെന്ന് തെളിയിച്ചാലും അത് വാര്‍ത്തയാകാന്‍ പോകുന്നുണ്ടായിരുന്നില്ല. അഖിലേഷ് യാദവിന്റെ കാലത്തുനടന്ന സമാനമായ സംഭവം എത്ര ദിവസങ്ങളാണ് ഇന്ത്യയിലുടനീളം ഇതേ മാധ്യമങ്ങള്‍ കത്തിച്ചു നിര്‍ത്തിയതെന്നോര്‍ക്കുക. വര്‍ഗീയ വിഷം ചീറ്റിയതിന് അമിത് ഷാ ശാസിച്ചുവെന്ന് രണ്ടു തവണ 'വാര്‍ത്ത'യെഴുതിയ മാധ്യമങ്ങള്‍ അതേ ഗൊരഖ്പൂര്‍ മഠാധിപതി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍ 'യോഗി രാജ്യ'ത്തിന്റെ സ്തുതിപാഠകരായി മാറി. മുലായമിന്റെ ചെറിയ മരുമകള്‍ അപര്‍ണ യാദവിന്റെ ലഖ്നൗവിലെ പശുത്തൊഴുത്ത് ആദിത്യനാഥ് സന്ദര്‍ശിച്ചതും കാലികള്‍ക്ക് പുല്ലും കാടിയും കൊടുത്തതും തലക്കെട്ടുകളില്‍ ഇടംപിടിച്ചത് ഏതാനും ആഴ്ചകള്‍ മാത്രം മുമ്പെയായിരുന്നു. അഖിലേഷുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ എന്നിരിക്കെ കാലിത്തൊഴുത്തില്‍നിന്ന് തുടങ്ങിയ കൊട്ടാരവിപ്ലവത്തിന്റെ പര്യവസാനം ബി.ജെ.പിയുടെ തൊഴുത്തില്‍ യാദവ കുമാരനെ കൊണ്ടെത്തിക്കുമോ എന്ന ദിവാസ്വപ്നവുമായി രാജ്യത്തെ പ്രധാനപ്പെട്ട ചാനലുകളിലെ ചര്‍ച്ചാ വിശാരദന്മാര്‍ പൊതുജനത്തെ മനഃപായസം കുടിപ്പിച്ചു.  

പുതിയ 'കാര്‍ഷിക' നിയമം നടപ്പിലാകുന്നതോടെ ഗോസംരക്ഷകരെ പോലെ മറ്റൊരു നിയമവിരുദ്ധ സംഘത്തിനു കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത്. കന്നുകാലികളുടെ പോക്കുവരവും ക്ഷേമവും ഉറപ്പുവരുത്തുക ഇനിയങ്ങോട്ട് ഈ കമ്മിറ്റികളാവും. കാലിയെയും കൊണ്ട് മാര്‍ക്കറ്റില്‍ എത്തുന്നയാള്‍ കാര്‍ഷിക ആവശ്യത്തിനാണെന്നും അറുക്കാനല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന രേഖ ഈ കമ്മിറ്റിയാണ് പരിശോധിച്ച് ഉറപ്പുവരുത്തുക. ഇക്കാര്യം അവര്‍ ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല. സ്വാഭാവികമായും മുസ്ലിംകള്‍ വാങ്ങുന്ന പശുക്കള്‍ അറവിനാണെന്ന് 'ഗോരക്ഷകര്‍' തീരുമാനിക്കുന്ന സമ്പ്രദായമായിരിക്കും നടപ്പിലാകാന്‍ പോകുന്നത്. വില്‍ക്കാന്‍ കൊണ്ടുവരുന്ന മൃഗത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ കൊണ്ടുവരണമെന്നു പറയുമ്പോള്‍ ഇത് ആര് അംഗീകരിച്ച രേഖയെന്ന് മന്ത്രാലയം വിശദീകരിക്കുന്നില്ല. നിലവില്‍ എവിടെയും മാര്‍ക്കറ്റ് കമ്മിറ്റികള്‍ എന്നൊരു സംവിധാനം ഇന്ന് രാജ്യത്തില്ല. സ്വാഭാവികമായും അങ്ങാടിയില്‍ തൊഴിലില്ലാതെ ഗുണ്ടായിസം കളിച്ചു നടക്കുന്നവര്‍ കാലിക്കച്ചവടത്തിന്റെ മാമാപ്പണിയെടുക്കുന്നവരായി മാറുന്ന സാഹചര്യമാണ് ഈ തലതിരിഞ്ഞ നിയമത്തിന്റെ അനന്തരഫലമായി ഉണ്ടാവുന്നത്. പക്ഷേ മര്യാദ വേണമല്ലോ, അതുകൊണ്ട് സര്‍ക്കാര്‍ ഇപ്പോഴും വിശദീകരിക്കുന്നത് കന്നുകാലികളെ അറുക്കുന്നത് എവിടെയും നിരോധിച്ചിട്ടില്ല എന്നു തന്നെയാണ്. പക്ഷേ സര്‍ക്കാറിന് നികുതി കൊടുത്ത് ലൈസന്‍സ് വാങ്ങി അറവുശാല നടത്തുന്നവര്‍ മൃഗങ്ങളെ വാങ്ങാന്‍ എവിടെ പോകണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല. അവന്‍ സ്വന്തം നിലയില്‍ ഗ്രാമങ്ങളില്‍ പോയി നേരിട്ട് കന്ന് കച്ചവടം നടത്തിയാല്‍ കന്നുകളെ കടത്തിക്കൊണ്ടുപോകുന്നതിനിടെ ആര്‍ക്കും നേരത്തേ പറഞ്ഞ ഉഡായിപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വഴിയില്‍ തടഞ്ഞ് അവനെ തല്ലിക്കൊല്ലാവുന്നതേയുള്ളൂ. തത്ത്വത്തില്‍ പശുവിന്റെ പേരില്‍ ഗുണ്ടായിസം കാണിക്കാന്‍ പുതിയൊരു സംഘത്തിനു കൂടി നിയമസാധുത നല്‍കുകയാണ് മന്ത്രാലയം ചെയ്തത്. പശുക്കച്ചവടം അധികാരത്തിന്റെ തണലില്‍ ഒരു പ്രത്യേക സമുദായത്തിന്റെ കുത്തകാവകാശമാക്കിമാറ്റുകയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍