ശാസ്ത്രമെഴുത്ത് തുടരട്ടെ
വിഷയം പ്രസക്തമായതിനാല്‍ മികച്ചുനില്‍ക്കേണ്ടതായിരുന്നു 'അകംതൊട്ട വായനയുടെ 3000 ലക്കങ്ങള്‍.' പല ലേഖനങ്ങളും ആ തലത്തിലേക്കുയര്‍ന്നില്ല. എന്നിരുന്നാലും ഇനിയും അറിഞ്ഞിട്ടില്ലാത്ത അനേകം പുസ്തകങ്ങളെ വായിക്കാനുള്ള ഒരു കാറ്റലോഗായിരുന്നു പ്രസ്തുത ലക്കം.
ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ വായന അനുഭവമായി മാറുന്നത് പ്രബോധനം വായിക്കുമ്പോഴാണ്. ഒരു ഗവേഷണ വിദ്യാര്‍ഥി എന്ന നിലയില്‍, എ.കെ അബ്ദുല്‍മജീദിന്റെ 'മുസ്ലിം തത്ത്വചിന്ത: ഉറവിടം, ഉള്ളടക്കം' എന്ന തുടര്‍ ലേഖനം വൈജ്ഞാനികവും ഉപകാരപ്രദവുമായിരുന്നു. പൊതുവെ രാഷ്ട്രീയ വിഷയങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ചരിത്രവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ആധുനിക ശാസ്ത്രത്തിന്റെ തുടിപ്പുകളെ അടയാളപ്പെടുത്താന്‍ പ്രബോധനമുള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ വേണ്ടത്ര താല്‍പര്യം കാണിക്കാറില്ല. ഇസ്‌ലാമിക ശാസ്ത്രം എന്ന തലക്കെട്ടുകളില്‍ കാലാകാലങ്ങളിലായി വിശദീകരിക്കപ്പെടുന്നത് ക്രി. 800-നും 1200- നും ഇടയില്‍ അബ്ബാസി കാലഘട്ടത്തിലുായ കണ്ടുപിടിത്തങ്ങള്‍ മാത്രമാണ്. ഇബ്‌നു ബത്തൂത്തയിലും ഇബ്‌നു ഹൈത്തമിലും അല്‍ബിറൂനിയിലും ചര്‍ച്ചകള്‍ അവസാനിക്കും. പ്രൗഢമായിരുന്ന ഈ ശാസ്ത്ര ചരിത്രത്തെ അവഗണിക്കാതെത്തന്നെ ആധുനിക ഇസ്‌ലാമിക ലോകത്ത് നടക്കുന്ന ശാസ്ത്ര ചലനങ്ങളെ പരിചയപ്പെടുത്തണം. ആധുനിക ശാസ്ത്രത്തിലെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ അറബിഭാഷയിലും മുസ്‌ലിം ലോകത്തുമൊക്കെ നടക്കുന്നുണ്ട്. Artificial Neural Network പോലുള്ള സാങ്കേതികത ഉപയോഗിച്ച് അക്ഷരങ്ങളെ വായിച്ചെടുക്കാനും മനുഷ്യനെ പോലെ അപഗ്രഥനം നടത്താനും (Recognize and Interpret) കമ്പ്യൂട്ടറുകളെ സജ്ജമാക്കുന്ന രീതിയാണ് Optical Character Recognition. അനേകം ആപ്ലിക്കേഷനുകളുള്ള ടെക്‌നോളജി ഇംഗ്ലീഷ്, ചൈനീസ് ഭാഷകളോടൊപ്പം കൃത്യതയോടെ അറബിയിലും വളര്‍ച്ച പ്രാപിച്ചിട്ടുണ്ട് .
അതുപോലെ പരിചയപ്പെടുത്തലുകള്‍ ആവശ്യമായ ഒരിടമാണ് സൈബര്‍ എത്തിക്‌സ്. ഓരോ വ്യക്തിക്കും അളവില്ലാത്ത സ്വകാര്യത ഓഫര്‍ ചെയ്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കുതിക്കുകയാണ്. ഈ സൗകര്യങ്ങളില്‍ ലംഘിക്കപ്പെടുന്ന അതിര്‍ത്തികള്‍ നിരവധിയാണ്. പ്രവചനാത്മകതയുള്ള ഖുര്‍ആനിക ആയത്തുകള്‍ മുന്‍നിര്‍ത്തി സൈബര്‍ എത്തിക്‌സ് വിശദീകരിക്കപ്പെടണം. ഇന്തോനേഷ്യ, ബംഗ്ലാദേശ് യൂനിവേഴ്‌സിറ്റികളില്‍ കാര്യമായി ഗവേഷണം നടക്കുന്ന വിഷയമാണിത്.
ഉത്തരാധുനിക ലോകത്ത് ഇസ്‌ലാം ചേരുവയായി കടന്നുവരുന്ന അനേകം കൃതികളുമുണ്ട്. ഇവയെ ഏത് ചേരിയില്‍ നില്‍ക്കുന്നു എന്ന് പരിഗണിക്കാതെ വിശദമായി നിരൂപണം ചെയ്യാന്‍ പ്രബോധനത്തിന് കഴിയും. ഓര്‍ഹന്‍ പാമുക്, ഖാലിദ് ഹുസൈനി, A Fort of Nine Towers എന്ന മനോഹര ഗ്രന്ഥം എഴുതിയ ക്വയ്സ് അക്ബര്‍ ഉമര്‍, നദീം അസ്ലം (The Blind Man's Garden), നാഇഫ് അല്‍ മുത്വവ്വ (The 99 Comic Series) തുടങ്ങി അക്ഷരങ്ങള്‍ കൊണ്ട് വികാര പ്രപഞ്ചം തീര്‍ക്കുന്ന എഴുത്തുകാരെ പരിചയപ്പെടുത്തണം.
നഗര ജീവിതത്തിന്റെ ബലിയാടുകള്‍
ചരിത്രസ്മരണകള്‍ ഉറങ്ങുന്ന പ്രദേശമാണ് കൊച്ചി-മട്ടാഞ്ചേരി മേഖല. ഒരുകാലത്ത് വാണിജ്യ-കയറ്റുമതി രംഗങ്ങളില്‍ കൊച്ചി ഇതര പ്രദേശങ്ങളേക്കാള്‍ മുന്നിലായിരുന്നു. നഗര ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പിന്നെ കൊച്ചിയുടെ മുഖഛായ തന്നെ മാറി. എന്നാല്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കര്‍മപദ്ധതികളൊന്നും അവിടെ ഇന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.
പതിനായിരക്കണക്കിന് ചേരിനിവാസികള്‍ കൊച്ചിയുടെ സിരാ കേന്ദ്രങ്ങളില്‍ അധിവസിക്കുന്നുണ്ട് എന്ന ദുഃഖസത്യം നമ്മെ ഞെട്ടിക്കേണ്ടതാണ്.
കലാ-കായിക -സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് ഇവിടത്തുകാരുടെ ജീവിതത്തിന്റെ ദിശ തെറ്റിക്കുന്നത്. ശുദ്ധ ജലം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ബൃഹദ് പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ ചേരിനിവാസികളുടെ ശാക്തീകരണത്തിന് അനിവാര്യമാണ്. അതിന് സോളിഡാരിറ്റിയുടെ സണ്‍റൈസ് കൊച്ചി പോലുള്ള പദ്ധതികളെ എല്ലാവരും അകമഴിഞ്ഞ് പിന്തുണക്കണം.
ആചാരി തിരുവത്ര, ചാവക്കാട്
ആരോഗ്യമുള്ള മനസ്സും ശരീരവും
ആരോഗ്യകരമായ മനസ്സും ശരീരവുമുള്ള മനുഷ്യന് മാത്രമേ കര്‍മനിരതനാകാന്‍ സാധിക്കുകയുള്ളൂ. മനസ്സ് ആരോഗ്യമുള്ളതാകണമെങ്കില്‍ എല്ലാ തിന്മകളില്‍നിന്നും അതിനെ മോചിപ്പിക്കണം. ശരീരം ആരോഗ്യമുള്ളതാകാന്‍ എല്ലാ രോഗങ്ങളില്‍ നിന്നും അതിനെ മുക്തമാക്കണം.
ഈ രണ്ട് മുക്തികള്‍ നേടിയെടുത്ത് മൂല്യമുള്ള മനുഷ്യനായിത്തീരാന്‍ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് നല്‍കുന്ന സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്‍. അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നതിനോടൊപ്പം ശാരീരികവും സാമൂഹികവുമായ നന്മകളും നല്‍കുംവിധമാണ് ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനവും സംവിധാനിച്ചിട്ടുള്ളത്. നമസ്‌കാരവും നോമ്പും ശാരീരികമായ ഗുണങ്ങള്‍ നല്‍കുമ്പോള്‍ സകാത്തും ഹജ്ജും സാമൂഹികമായ ഗുണങ്ങള്‍ നല്‍കുന്നു. ഇങ്ങനെ, പരലോകത്ത് മാത്രമല്ല ഇഹലോകത്തും പ്രയോജനങ്ങള്‍ ലഭ്യമാകും വിധമാണ് ഇസ്‌ലാമിക അനുഷ്ഠാനങ്ങളൊക്കെയും. ഇത്തരം ചിന്തകളുണര്‍ത്തുന്നതായി ലക്കം 3003-ലെ നോമ്പ് ലേഖനങ്ങള്‍.
എം.എം അബ്ദുന്നൂര്‍, ഈരാറ്റുപേട്ട
വായനയുടെ മുവ്വായിരം ലക്കങ്ങള്‍
2017 മെയ് അഞ്ചിലെ പ്രബോധനം വായിച്ചു. എല്ലാ നാഗരികതകളിലെയും സംസ്‌കാരങ്ങളിലെയും ധിഷണാശാലികളും പണ്ഡിതന്മാരും ഒരിക്കലും കൈയൊഴിയരുതെന്ന് ഉപദേശിച്ച വായനയെ ഗൗരവമായിത്തന്നെ സമീപിക്കണം, അത് നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ഇന്ന് നാം, പുതുതലമുറ പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ പാതി വെന്ത വിശകലനങ്ങളെയും കമന്റുകളെയുമാണ് ആശ്രയിക്കുന്നത്. മലയാളത്തില്‍ ഗൗരവ വായനക്ക് പ്രോത്സാഹനം നല്‍കിയ പത്രമാണ് പ്രബോധനം. ആഴമേറിയ വായനയുള്ള തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയട്ടെ. അലസതയും നേരമ്പോക്കും ഒഴിവാക്കി വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും യുവതലമുറ മുന്നോട്ടുവരട്ടെ
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്
റമദാന്‍ കരിച്ചുകളയേണ്ടത് എന്തിനെ?
റമദാന്‍ ശുദ്ധീകരണ മാസമാണ്. റമദാനു മുമ്പുള്ള ആഴ്ചകളില്‍ ശുദ്ധീകരണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരാണ് വിശ്വാസികള്‍. മാറാലകള്‍ തട്ടിയും തേച്ചും മിനുക്കിയും വീടും പള്ളിയും മനോഹരമാക്കുമ്പോള്‍, തന്റെ മനസ്സില്‍നിന്നും ചിലതൊക്കെ കഴുകി ശുദ്ധീകരിക്കേണ്ടതുണ്ട് എന്ന ബോധം വിശ്വാസിക്കുണ്ടാകണം.
പുണ്യ റമദാനില്‍ അവതരിച്ച ഖുര്‍ആനിന്റെ പ്രകാശം ജീവിതത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കണമെങ്കില്‍ കറകളഞ്ഞ ഹൃദയം നാം സൃഷ്ടിച്ചെടുക്കണം. ഏതെല്ലാം ഹൃദയ മാലിന്യങ്ങളാണ് പുറത്തെടുത്ത് കത്തിച്ചു കരിച്ചുകളയേണ്ടത് എന്ന് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അത്തരം ഖുര്‍ആന്‍ ആയത്തുകള്‍ ഓതുമ്പോള്‍ അവിടെ നിര്‍ത്തി ആ ദുഷിപ്പുകള്‍ തന്നില്‍നിന്ന് പുറത്തെടുത്ത് ചാമ്പലാക്കിയതിനു ശേഷം അടുത്ത ആയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാകണം അല്ലാഹുവിന്റെ വചനങ്ങള്‍ നമ്മിലൂടെ സഞ്ചരിക്കേണ്ടത്.
ശിര്‍ക്ക്, കുഫ്‌റ്, ബിദ്അത്ത്, പലതരം അക്രമങ്ങള്‍, അനീതി, ആര്‍ത്തി, അസൂയ, അഹങ്കാരം, പരിഹാസം, ആഡംബരം, ആര്‍ഭാടം, അസത്യം, ദുരാചാരം, ആഭിചാരം, സന്ദേഹം, സ്വേഛാപ്രമത്തത, ശത്രുത, ശാപം, വഞ്ചന, ലുബ്ധ്, വാഗ്ദത്ത ലംഘനം, പിടിവാശി, വ്യഭിചാരം, പലിശ, വ്യാമോഹം, ഉപദ്രവം, ഊഹം, കാപട്യം, കലഹം, കുതന്ത്രം, കുത്തുവാക്കുകള്‍, കോപം, രഹസ്യം പരസ്യപ്പെടുത്തല്‍, യാചന, അവകാശ ധ്വംസനം, അനാവശ്യ ഭിന്നിപ്പ്, ഭീഷണിപ്പെടുത്തല്‍, ഫിത്‌ന, ഗൂഢാലോചന, ഏഷണി, പരദൂഷണം, ദുഷ്‌പേര് വിളിക്കല്‍, ചുഴിഞ്ഞന്വേഷണം, ചൂതാട്ടം, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, അഴിമതി, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, പ്രതികാര ചിന്ത തുടങ്ങിയവയിലേക്ക് നയിക്കുന്ന മുഴുവന്‍ ഹൃദയമാലിന്യങ്ങളെയും പുറത്തെടുത്ത് കരിച്ചുകളയുമ്പോഴാണ് റമദാന്‍ എന്ന വാക്ക് അര്‍ഥപൂര്‍ണമാവുന്നത്.
കെ. സ്വലാഹുദ്ദീന്‍ അബൂദബി
അര്‍ഥം അനര്‍ഥമാകാതെ നോക്കണം
'സഞ്ചാരിയുടെ വഴിയും വെളിച്ചവും' എന്ന ജമീല്‍ അഹ്മദിന്റെ ലേഖനത്തിലെ (ലക്കം 3001) ''പുരുഷന്മാരുടെ ലിംഗഛേദം ചെയ്യുന്ന ഇസ്ലാമിക ക്രിയക്ക് 'മാര്‍ക്കക്കല്യാണം' എന്ന പേരുണ്ടായതും .....'' എന്ന പരാമര്‍ശം തെറ്റിദ്ധാരണാജനകമാണ്. 'ലിംഗഛേദം' അതിന്റെ മുഴുവന്‍ അര്‍ഥത്തിലല്ല ലേഖകന്‍ ഉപയോഗിച്ചതെന്ന് പൊതുസമൂഹത്തിന് അറിയണമെന്നില്ലല്ലോ. അതൊരു 'ഇസ്ലാമിക' മാത്രമായ 'ക്രിയ'യുമല്ല. ജൂതസമൂഹത്തിലും ഈ ആചാരമുണ്ട്. ചികിത്സയുടെ ഭാഗമായി ഭിഷഗ്വരന്മാരുടെ നിര്‍ദേശപ്രകാരം ഈ കര്‍മം സ്വീകരിക്കുന്നവരുമുണ്ട്. മാര്‍ക്കക്കല്യാണത്തിന് ശബ്ദതാരാവലി നല്‍കുന്ന ഒരര്‍ഥം 'ചേലാകര്‍മം' എന്നാണ്. 'ലിംഗഛേദം' എന്നതിനു പകരം ഈ പദം ഉപയോഗിച്ചിരുന്നുവെങ്കില്‍ ഉദ്ദേശിച്ച അര്‍ഥം കുറേക്കൂടി സൂക്ഷ്മമായേനെ.
എന്‍.കെ ഹുസൈന്‍ കുന്ദമംഗലം
Comments