Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

സന്ദേശ പ്രചാരണത്തിന്റെ ആരംഭം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-13

ദൈവത്തിന്റെ ഏകത്വത്തില്‍ മുസ്‌ലിംകള്‍ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഒരു തരത്തിലുള്ള ദൈവാവതാര സങ്കല്‍പങ്ങളിലും അവര്‍ വിശ്വസിക്കുന്നില്ല. മനുഷ്യന്‍ ആധ്യാത്മികമായി എത്രതന്നെ ഉയര്‍ന്നാലും അവന്‍ മനുഷ്യന്‍ തന്നെയാണ്; ദൈവത്തിനു താഴെ മാത്രമാണ് അവന്റെ പദവി. അതേസമയം മനുഷ്യന് തന്റെ ഇഛകളും ആഗ്രഹങ്ങളും വേണ്ടെന്നുവെച്ച് ഭൂമിയില്‍ ദൈവത്തിന്റെ സമ്പൂര്‍ണ പ്രതിനിധി(ഖലീഫ) ആയിത്തീരാന്‍ സാധിക്കുന്നതുമാണ്. ഒരു ദൈവദൂതന് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്നത് മനുഷ്യ പ്രകൃതത്തില്‍ മാറ്റങ്ങളൊന്നും വരാതെ തന്നെയാണ്. മാലാഖയാണ് ദിവ്യസന്ദേശവുമായി വരുന്നത്. ആ മാലാഖയെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല. അനന്തരമായി പിതാവില്‍നിന്ന് മകന് കിട്ടുന്നതുമല്ല ദൈവദൂതന്‍ എന്ന പദവി.

ഇവിടെ അറബിയായ ഒരാള്‍ക്ക്- അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി ജനം അംഗീകരിച്ചിട്ടുണ്ട്, തന്ത്രമന്ത്രങ്ങള്‍ പോലുള്ളതൊന്നും അറിഞ്ഞുകൂടാ, അത്തരം കാര്യങ്ങളോട് വെറുപ്പുമാണ്-പെട്ടെന്ന് ഒരറിയിപ്പ് കിട്ടുകയാണ്; തന്നെ ദൈവദൂതനായി തെരഞ്ഞെടുത്തിരിക്കുന്നുവെന്ന്. തന്റെ സമൂഹത്തെ അജ്ഞതാന്ധകാരങ്ങളില്‍നിന്ന് സത്യപ്രകാശത്തിലേക്ക് നയിക്കാനുള്ള ചുമതലയും ഏല്‍പിച്ചുകൊടുത്തിരിക്കുന്നു. അറബികളില്‍ ദൈവദൂതന്മാര്‍ ഉണ്ടായിരുന്നില്ല; ഇസ്രായേല്‍ വംശത്തിലാവട്ടെ നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിരുന്നിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നബിതിരുമേനിയുടെ പെട്ടെന്നുള്ള പ്രതികരണം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാനാവും. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ഇബ്‌നു ഇസ്ഹാഖ്1 രേഖപ്പെടുത്തുന്നു: ''ദൈവദൂതന്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഞാന്‍ ഒറ്റക്കായിരിക്കുമ്പോള്‍ ഒരു അശരീരി 'ഓ മുഹമ്മദ്' എന്ന് എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അത് ഉറക്കത്തിലല്ല; പൂര്‍ണമായ ഉണര്‍ച്ചയിലാണ്. ഒരു ദിവ്യപ്രകാശം ഞാന്‍ കാണുകയും ചെയ്യുന്നു. ദൈവമാണ, ഈ വിഗ്രഹങ്ങളെയും കൈനോട്ടക്കാരെ(കാഹിനുകള്‍)യും ഞാന്‍ വെറുത്തിട്ടേയുള്ളൂ. ഒടുവില്‍ ഞാനും ഒരു കൈനോട്ടക്കാരനും ഭാവി പ്രവചനക്കാരനുമായി മാറിയോ?  എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്, അതൊരു പിശാചായിക്കൂടെന്നുണ്ടോ?'' കള്ളം പറയുന്നവനെന്നും മാന്ത്രികനെന്നും മാരണക്കാരനെന്നും പിശാചുബാധയേറ്റവനെന്നുമൊക്കെ പറഞ്ഞ് ജനങ്ങള്‍ തന്നെ ആക്ഷേപിക്കുമോ എന്ന ഈ ഭീതി തികച്ചും സ്വാഭാവികമാണ്. കാരണം ദിവ്യബോധനം എന്താണ് എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് അറബികള്‍. മുഹമ്മദ് നബിക്ക് തന്നെയും ആ വിഷയകമായി ഒന്നും അറിയുകയില്ല. ദിവ്യബോധനമേത്, പിശാചിന്റെ ദുര്‍ബോധനമേത് എന്ന് തിരിച്ചറിയാനും മാര്‍ഗമില്ല. കാരണം രണ്ടും വരുന്നത് പ്രത്യക്ഷത്തില്‍ ഒരേ രൂപത്തിലാണല്ലോ; മറ്റുള്ളവര്‍ക്ക് അദൃശ്യമായ രൂപത്തില്‍.

ഈ ആശയക്കുഴപ്പത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത് ഭാര്യ ഖദീജയാണ്: ''താങ്കള്‍ നിസ്വാര്‍ഥിയും അലിവുള്ളവനുമാണ്. പൈശാചിക പരീക്ഷണങ്ങളിലേക്ക് താങ്കളെ ദൈവം ഒരിക്കലും തള്ളിവിടുകയില്ല.'' പിന്നെ ഖദീജ അദ്ദേഹത്തെയും കൊണ്ട് തന്റെ പി

തൃസഹോദര പുത്രനും ക്രൈസ്തവ വിശ്വാസിയുമായ വറഖത്തുബ്‌നു നൗഫലിന്റെ അടുത്തേക്ക് പുറപ്പെടുന്നു (ബലാദുരിയുടെ2 വിവരണമനുസരിച്ച് നബിയെ അബൂബക്‌റിന്റെ കൂടെ വറഖത്തിന്റെ അടുത്തേക്ക് അയക്കുകയാണ് ഖദീജ). ബുഖാരിയുടെ (91/1) വിവരണമനുസരിച്ച് അപ്പോഴേക്കും വറഖ അന്ധനായിക്കഴിഞ്ഞിരുന്നു. തിരുദൂതന്‍ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ട ശേഷം വറഖ അത്ഭുതം കൂറി: ''ഇത് മോശക്ക് പ്രത്യക്ഷനായ 'നോമോസ്'3 പോലെ ഒന്നാണ്. ഇതൊരിക്കലും പൈശാചികമാവാന്‍ ഇടയില്ല. താങ്കളുടെ ദൗത്യനിര്‍വഹണത്തിനിടക്ക് പ്രയാസങ്ങള്‍ വന്നുപെടുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ സംരക്ഷിക്കുകയും എനിക്ക് കഴിയുന്ന പോലെ പിന്തുണക്കുകയും ചെയ്യും.'' പിന്നെ ഖദീജ4 ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. ഒരുപക്ഷേ ഇത് വറഖ നിര്‍ദേശിച്ചതാകാം. പ്രവാചകനോട് ഖദീജ പറഞ്ഞു: 'ഇനി മാലാഖയെ കാണുമ്പോള്‍ എന്നെ വിളിക്കുക.' അപ്പോള്‍ നബി പറഞ്ഞു: 'മാലാഖ ഇതാ ഇവിടെ.' അപ്പോഴവര്‍ നബിയോട് തന്റെ വലതു വശത്ത് ചെന്ന് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇരുന്നപ്പോള്‍ അവര്‍ ചോദിച്ചു: 'ഇപ്പോള്‍ കാണുന്നുണ്ടോ?' അദ്ദേഹം: 'അതേ, കാണുന്നുണ്ട്.' പിന്നെ നബിയെ തന്റെ ഇടതു വശത്ത് ഇരുത്തി ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും കാണുന്നുണ്ട് എന്നു തന്നെയായിരുന്നു നബിയുടെ മറുപടി. പിന്നെ ദമ്പതിമാര്‍ ചെയ്യുന്നതുപോലെ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച ശേഷം ഖദീജ 'ഇപ്പോള്‍ കാണുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'ഇല്ല' എന്നായിരുന്നു നബിയുടെ മറുപടി. അപ്പോള്‍ ഖദീജ പറഞ്ഞു: 'വന്നത് മാലാഖ തന്നെ എന്ന് എനിക്ക് ഉറപ്പായിക്കഴിഞ്ഞു. കാരണം പിശാചായിരുന്നുവെങ്കില്‍ നമ്മള്‍ കെട്ടിപ്പിടിച്ചാലും അത് ഒഴിഞ്ഞുപോകുമായിരുന്നില്ല.'

ദിവ്യസന്ദേശത്തിന്റെ ആദ്യ ഭാഗങ്ങള്‍ വന്നതിനു ശേഷം പിന്നെ താല്‍ക്കാലികമായ ഒരു ഇടവേള (ഫത്‌റഃ) ഉണ്ടായതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.5 പിന്നീടുള്ള രണ്ടോ മൂന്നോ വര്‍ഷം നബിതിരുമേനി കാര്യമായ ആ പരിവര്‍ത്തന പ്രക്രിയയിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. ആദ്യ ദിവ്യബോധനം ലഭിച്ചതിന്റെ പരിഭ്രമവും ഭയാശങ്കകളും മാറിയപ്പോള്‍ സ്വസ്ഥതയിലേക്കും ശാന്തതയിലേക്കും തിരിച്ചുവന്ന അദ്ദേഹം ദിവ്യസന്ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ദിവ്യവെളിപാട് കുറച്ചുകാലത്തേക്ക് ഇല്ലാതായത് അദ്ദേഹത്തെ വളരെയേറെ അസ്വസ്ഥനും നിരാശനുമാക്കി. ജീവിതം അവസാനിപ്പിക്കാനായി അദ്ദേഹം ഒന്നിലധികം തവണ മലമുകളില്‍ കയറിയെന്നും അപ്പോഴൊക്കെ ജിബ്‌രീല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവദൂതന്‍ തന്നെയാണെന്ന കാര്യം സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തെ ആശ്വസിപ്പിച്ചുവെന്നും ചില ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്.6 ഇത് താല്‍ക്കാലികമായി അദ്ദേഹത്തിന് മനസ്സമാധാനം നല്‍കി. തന്റെ തപസ്യയിലേക്കും പ്രാര്‍ഥനകളിലേക്കും അദ്ദേഹം പിന്‍വാങ്ങുകയും ചെയ്തു. വീട്ടുകാരുമായി ഏറക്കുറെ പൂര്‍ണമായി ബന്ധം വിഛേദിക്കപ്പെട്ട നിലയിലായിരുന്നു ഈ ഘട്ടത്തില്‍. കഅ്ബയുടെ ചാരത്താണ് അദ്ദേഹം അന്തിയുറങ്ങുന്നത്. മനസ്സിനെ ശുദ്ധീകരിക്കുന്നതിലും എല്ലാവരോടും ഉദാരമായി ഇടപഴകുന്നതിലും മാത്രമായി അദ്ദേഹത്തിന്റെ ശ്രദ്ധ.

ഇതൊരു തീവ്ര പരിശീലന ഘട്ടമാണ്. ആത്മാവിലെ എല്ലാ കറകളും പാടുകളും കഴുകിക്കളയാനുള്ള പരിശീലനം. ഇനി ഭൗതികതയുടെ കെട്ടുപാടുകളോ താല്‍പര്യങ്ങളോ ഇല്ല. അദ്ദേഹം ഇനിയും മറ്റു മനുഷ്യരെപ്പോലെ ജീവിക്കുമെങ്കിലും, ആ ജീവിതത്തിലെ ഓരോ വാക്കും പ്രവൃത്തിയും ഇനിമേല്‍ ദൈവേഛ അനുസരിച്ച് മാത്രമായിരിക്കും. ഈയൊരു ആധ്യാത്മിക വികാസം ആര്‍ജിച്ചെടുത്തപ്പോള്‍, ദിവ്യബോധനം വരാതിരിക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്താതെയായി. അതൊക്കെ ദൈവേഛ പ്രകാരം അതിന്റെ സമയത്ത് നടക്കട്ടെ എന്ന മാനാസികാവസ്ഥയില്‍ അദ്ദേഹം എത്തി. മുഹമ്മദിനെ അദ്ദേഹത്തിന്റെ ദൈവം കൈവിട്ടു എന്ന് ജനം പറഞ്ഞു തുടങ്ങിയ സന്ദര്‍ഭം. ആധ്യാത്മിക പരിശീലനം അപ്പോഴേക്കും പൂര്‍ണമായി കഴിഞ്ഞിരുന്നു. ഉടന്‍ ജിബ്‌രീല്‍ പ്രത്യക്ഷനായി, പുതിയൊരു സന്ദേശവുമായി:7

''പൂര്‍വാഹ്നവും ശാന്തമായി പരക്കുന്ന രാത്രിയും തന്നെ സത്യം! താങ്കളുടെ നാഥന്‍ താങ്കളെ കൈവിട്ടിട്ടില്ല; താങ്കളോട് കോപിച്ചിട്ടുമില്ല. ഇഹലോകത്തേക്കാള്‍ എത്രയോ ഉത്തമമാണ് താങ്കള്‍ക്ക് പരലോകം. താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് നല്‍കാന്‍ പോകുന്നു; അപ്പോള്‍ താങ്കള്‍ തൃപ്തനാവും. താങ്കളെ അനാഥനായി കണ്ട് അവന്‍ താങ്കള്‍ക്ക് അഭയം നല്‍കിയില്ലേ? വഴിയറിയാത്തവനായി കണ്ട് താങ്കള്‍ക്ക് വഴി കാണിച്ചുതന്നില്ലേ? സാമ്പത്തിക ഞെരുക്കമുള്ളവനെന്നു കണ്ട് താങ്കള്‍ക്ക് ഐശ്വര്യം നല്‍കിയില്ലേ? ആയതിനാല്‍ അനാഥനെ അടിച്ചമര്‍ത്തരുത്; സഹായം യാചിക്കുന്നവരെ ആട്ടിയകറ്റരുത്. താങ്കളുടെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ചാവട്ടെ താങ്കള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്.''8

'നിന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിക്കുക'- ഇസ്‌ലാം എന്ന ഈ പുതിയ ആശയം പ്രബോധനം ചെയ്യാനുള്ള ആഹ്വാനമുണ്ടായിരുന്നു ഈ സൂക്തത്തില്‍. മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഇസ്‌ലാമാണെന്ന് പറയുകയാണ്.

വിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ (വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ അവതരണകാലം അടിസ്ഥാനപ്പെടുത്തിയല്ല ക്രമീകരിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം) ദൈവത്തിന്റെ ഏകത്വമാണ് ഊന്നിപ്പറയുന്നത്. ആ ഏകദൈവമാണ് എല്ലാം സൃഷ്ടിച്ചത്. ജീവിക്കാന്‍ വേണ്ടതെല്ലാം സ്രഷ്ടാവ് കനിഞ്ഞുനല്‍കിയിരിക്കുകയാണ്. പഠിക്കാനും തൂലികയിലൂടെ അറിവ് പകര്‍ന്നുനല്‍കാനുമുള്ള സവിശേഷ കഴിവ് മനുഷ്യന് നല്‍കി. നിരീശ്വരത്വം, ബഹുദൈവത്വം, ഭൗതികവാദം എന്നിവയില്‍നിന്ന് പൂര്‍ണമായ ഒരു തിരിഞ്ഞു നടത്തമായിരുന്നു അത്. നാം നേരത്തേ ഉദ്ധരിച്ച അധ്യായത്തിന്റെ (സൂറഃ 93) രണ്ടാം പകുതിയില്‍, മനുഷ്യന്‍ തന്റെ സഹജീവിയോട് കരുണയും അലിവും ഉള്ളവനാകണം എന്ന സന്ദേശമാണ് നല്‍കുന്നത്. പാവങ്ങളെയും പ്രയാസപ്പെടുന്നവരെയും സഹായിക്കണം. ബുദ്ധിപരമായും ആത്മീയമായും ഭൗതികമായുമുള്ള സഹായം. അതൊരു ബാധ്യതയാണെന്നും പഠിപ്പിക്കുന്നു. സത്യത്തിന്റെ ഈ മാര്‍ഗം പിന്‍പറ്റാതിരുന്നാല്‍ മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യന്‍ ഏകദൈവത്തെ മാത്രമേ ആരാധിക്കാനും അനുസരിക്കാനും പാടുള്ളൂ. ആരാധനകളും മറ്റു അനുഷ്ഠാനങ്ങളും നിര്‍വഹിക്കുന്നതിനു മുമ്പ് ഒരാള്‍ ശാരീരികവും ആത്മീയവുമായ ശുദ്ധീകരണം നടത്തേണ്ടതുണ്ട്. ദൈവശാപ കോപങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന എല്ലാറ്റില്‍നിന്നും വിട്ടുനില്‍ക്കുകയും വേണം (ആദ്യ അധ്യായങ്ങളിലൊന്നായ അല്‍ മുദ്ദസിര്‍ കാണുക). ദൈവം ആജ്ഞാപിക്കുന്നതെന്തോ അത് തുറന്നു പ്രഖ്യാപിക്കണമെന്നും നിഷേധികളായ ബഹുദൈവപൂജകരെ അവഗണിക്കണമെന്നും ഉണര്‍ത്തുന്നു (15:94). അടുത്ത ബന്ധുക്കളാവട്ടെ ആദ്യ പ്രബോധിതര്‍. ഇത് യുക്തിജ്ഞനും സര്‍വജ്ഞനുമായ ദൈവത്തിങ്കല്‍നിന്നുള്ള വെളിപാടുകളാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഇത് നിഗൂഢമായ വെളിച്ചപ്പെടലോ പ്രകൃത്യാതീത ശക്തികളെ ആവാഹിക്കാനെന്ന പേരില്‍ നടത്തുന്ന തന്ത്രമന്ത്രങ്ങളോ പൈശാചിക ബാധകളോ പുതിയൊരു കാവ്യ രീതിയോ ഒന്നുമല്ല. ഇങ്ങനെയൊരു ദൈവദൂതന്‍ വരുന്നുണ്ടെന്ന പ്രഖ്യാപനം മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ടെന്ന വസ്തുതയും പ്രബോധിതരെ അറിയിക്കണം (അശ്ശുഅറാഅ് അധ്യായം). സൊറാസ്ട്രര്‍, ബുദ്ധന്‍, മോസസ്, യേശു തുടങ്ങിയവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന സന്ദേശങ്ങളിലെല്ലാം അവസാന മിനുക്കു പണികള്‍ ചെയ്യുന്ന ഒരാള്‍ വരാനിരിക്കുന്നു എന്ന സൂചനകള്‍  ഉള്ളതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എഴുതിയിട്ടുണ്ട്. ആ പ്രവചനമാണ് മുഹമ്മദ് നബിയില്‍ പുലര്‍ന്നിരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സമര്‍ഥിച്ചു. മുഹമ്മദ് നബിയാകട്ടെ, തനിക്കു ശേഷം ഒരു പ്രവാചകനുണ്ടാവും എന്ന സൂചന നല്‍കുന്നില്ലെന്ന് മാത്രമല്ല, നബിപരമ്പരയിലെ അവസാനത്തെ കണ്ണി താനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

സര്‍വത്ര ബിംബാരാധനകള്‍ നടമാടുന്ന  സമൂഹത്തിലേക്ക് ആഗതനായ ദൈവദൂതന്‍ രണ്ട് കാര്യങ്ങളാണ് തുടക്കത്തില്‍ ഊന്നിപ്പറഞ്ഞത്. ഒന്ന്, ഏകദൈവത്വത്തിലുള്ള അചഞ്ചല വിശ്വാസം. ദൈവത്തിന് ഒരു തരത്തിലുള്ള പങ്കുകാരനും ഇല്ല. എല്ലാ സീമകള്‍ക്കും അതീതമാണ് ദൈവത്തിന്റെ ശക്തിവിശേഷങ്ങള്‍. നേരായ മാര്‍ഗത്തില്‍ ചരിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. 'വിശ്വസിക്കുക, സല്‍ക്കര്‍മങ്ങള്‍ ചെയ്യുക' എന്നത് ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു ആശയമാണ്. എന്തിന് ദൈവാസ്തിക്യത്തില്‍ വിശ്വസിക്കണം എന്നതിനും ഖുര്‍ആന്‍ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. ഖുര്‍ആന്‍ ചോദിക്കുന്നു: മനുഷ്യനെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചത് ആരാണ്? അത് മനുഷ്യനല്ല എന്ന് ഉറപ്പ്. അപ്പോള്‍ പിന്നെ ദൈവമാണ് സ്രഷ്ടാവ്. ജീവിത മരണങ്ങളുടെയും ഒടുവില്‍ പുനരുത്ഥാന നാളിന്റെയുമൊക്കെ ഉടമയായ ദൈവം ശൂന്യതയില്‍നിന്നാണ് സൃഷ്ടി നടത്തിയിരിക്കുന്നത്. ശൂന്യതയില്‍നിന്ന് അവന് സൃഷ്ടി നടത്താമെങ്കില്‍, മരണശേഷം മനുഷ്യനെ പുനര്‍ജീവിപ്പിക്കാനും വിചാരണ ചെയ്യാനും ദൈവത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതല്ലേ ന്യായം? സകലതും സൂക്ഷ്മമായി അറിയുക മാത്രമല്ല, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്‍ രേഖപ്പെടുത്തുന്നുണ്ടെന്നും വിചാരണാ നാളില്‍ മനുഷ്യന്റെ കര്‍മങ്ങള്‍ പരിശോധിക്കപ്പെടുമെന്നും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഇങ്ങനെ നല്ലതിലേക്ക് മാത്രം മനുഷ്യനെ നയിക്കുകയാണ് ഇസ്‌ലാം. അതേസമയം തിന്മ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും അവന് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. ചുറ്റുപാടും പ്രലോഭനങ്ങളും വശീകരണങ്ങളുമാണ്. അവയിലൊന്നും വീണുപോകാതെ മനുഷ്യന്‍ തന്റെ ഇഛകളെ മെരുക്കുകയും കീഴ്‌പ്പെടുത്തുകയുമാണ്. രണ്ടിലേതു വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്നെപ്പറ്റി മാത്രം ആലോചിക്കുന്ന, ഭവിഷ്യത്തുകള്‍ ആലോചിക്കാത്ത ഒരു വിവരദോഷിയെ സംബന്ധിച്ചേടത്തോളം തിന്മ ആകര്‍ഷകമാണല്ലോ എന്നയാള്‍ക്ക് തോന്നിയേക്കാം. ഇതാണ് ഖുര്‍ആന്റെ ഭാഷയില്‍ പൈശാചികത. ''പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികള്‍ മനോഹരമാക്കി കാണിച്ചുകൊടുക്കുന്നു.''8 ''തങ്ങളുടെ ദുര്‍വൃത്തികള്‍ അവര്‍ക്ക് മനോഹരമായി തോന്നുകയാണ്.''9

വിശ്വാസം മാത്രമല്ല, അതിനൊപ്പിച്ച പ്രവൃത്തിയും കൂടി ഉണ്ടാകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും. നിരന്തരമായ ചെറുത്തുനില്‍പ് തന്നെ പ്രതീക്ഷിക്കണം.  

(തുടരും)

കുറിപ്പുകള്‍

1. ബലാദുരി-അന്‍സാബ് 1/193

2. സുഹൈലി 1/157

3. Nomos-ന്റെ അറബ് വത്കൃത രൂപം 'നാമൂസ്' എന്നാണ്. ഇതൊരു ഗ്രീക്ക് വാക്കാണ്. അര്‍ഥം: മോസസിന്റെ തോറ.

4. ഇബ്‌നു ഹിശാം, പേജ് 154. ഇബ്‌നുല്‍ ജൗസി- വഫാഅ്, പേജ് 164

5. ഇബ്‌നു ഹിശാം, പേജ് 156, സുഹൈലി 1/161

6. ബുഖാരി 91:1. ഒരുപാട് തവണ എന്നല്ല, ഒരിക്കല്‍ എന്നതാവാം ശരി. മനുഷ്യനെന്ന നിലക്ക് അത്തരം ചിന്തകളൊക്കെ വന്നുപോകാവുന്നതാണ്.

7. ബലാദുരി- 1/208, ഇബ്‌നു ഹിശാം, പേജ് 156.

8. ഖുര്‍ആന്‍ 98:1-11

9. ഖുര്‍ആന്‍ 8:48

10. ഖുര്‍ആന്‍ 9:37

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍