ദലിതരും ആര്‍.എസ്.എസ്സും
'ഒരു ബ്രാഹ്മണ സംഘടനയായി ആര്‍.എസ്.എസ് ചിത്രീകരിക്കപ്പെടുന്നു. ഈ ദുഷ്‌പേര് മാറ്റാന്‍ കഴിയുന്ന തരത്തില്‍ ദലിതരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടോ' എന്ന ചോദ്യത്തിന് നല്‍കപ്പെട്ട ഉത്തരം ഇങ്ങനെ: ''ജാതിരഹിതവും വര്‍ഗരഹിതവുമാണ് ആര്‍.എസ്.എസ് തത്ത്വശാസ്ത്രത്തിലെ രണ്ട് പ്രധാന ഉള്ളടക്കങ്ങള്‍. ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് തന്റെ വിജയദശമി പ്രസംഗത്തില്‍ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള വലിയൊരു ആഹ്വാനം തന്നെ നടത്തിയിരുന്നു. 'ഒരു കിണര്‍, ഒരു ക്ഷേത്രം, ഒരു ശ്മശാനം' എന്നിങ്ങനെ അദ്ദേഹം ഒരു ആശയം അവതരിപ്പിച്ചു. സമത്വാധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തോടുള്ള ആര്‍.എസ്.എസ്സിന്റെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവെച്ചത്.''
ആര്‍.എസ്.എസ് എഴുത്തുകാരനായ രാകേഷ് സിന്‍ഹയുടെ അഭിമുഖത്തില്‍നിന്ന് എടുത്തതാണ് ഈ ഉദ്ധരണി (ദി ടൈംസ് ഓഫ് ഇന്ത്യ). ഇത്ര സമത്വസുന്ദരമാണോ ആര്‍.എസ്.എസ്സിന്റെ സാമൂഹിക സങ്കല്‍പം? ആര്‍.എസ്.എസ്സിന്റെ ദലിത് സമീപനം എന്താണ്? ഇത് തിരിച്ചറിയാന്‍ ദലിതര്‍ക്ക് എത്രത്തോളം സാധിച്ചിട്ടുണ്ട്?
ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പുനരുജ്ജീവനത്തിനാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിതമായത്. ആ സംസ്‌കൃതിയുടെ ആധാരശിലയാണ് വര്‍ണാശ്രമ ധര്‍മം. മനുഷ്യവര്‍ഗത്തെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് ജാതികളായി വേര്‍തിരിക്കുകയും പിറവിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ ഉയര്‍ന്നവരും അധഃകൃതരുമായി തരംതിരിക്കുകയും ചെയ്യുകയായിരുന്നു അതിന്റെ അനന്തരഫലം. അതു പ്രകാരം ഏറ്റവും ഉയര്‍ന്ന ജാതിയാണ് ബ്രാഹ്മണര്‍. ക്ഷത്രിയര്‍ക്കാണ് രാജഭരണം. വൈശ്യര്‍ വ്യാപാര- വ്യവസായങ്ങള്‍ക്കായി ഉഴിഞ്ഞിടപ്പെട്ടവരും ശൂദ്രര്‍ മൂന്ന് മേല്‍ജാതികളുടെ സേവകരും തൊഴിലാളികളുമാണ്. ദലിതരും അധഃകൃതരുമാകട്ടെ മനുഷ്യരായി പോലും അംഗീകരിക്കപ്പെട്ടവരല്ല. ഈ സങ്കല്‍പം പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കേണ്ടതിന്റെ ശാസ്ത്രമാണ് മനുസ്മൃതി. ബ്രാഹ്മണര്‍ ഇരിക്കേണ്ടിടത്ത് ശൂദ്രനിരുന്നാല്‍ അവന്റെ ആസനത്തില്‍ കമ്പി പഴുപ്പിച്ച് കുത്തിക്കയറ്റേണ്ടതാണ് എന്നത്രെ മനുവിന്റെ അരുളപ്പാട്. മനുസ്മൃതിയെ ആര്‍.എസ്.എസ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നിസ്വാര്‍ഥമായ സേവനമാണ് ഗീത ഉദ്‌ഘോഷിക്കുന്ന വര്‍ണാശ്രമ ധര്‍മമെന്നാണ് എം.എസ് ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാരയില്‍ എഴുതിയിരിക്കുന്നത് (ലോകത്ത് ആദ്യമായി നല്‍കപ്പെട്ട മഹത്തായ നിയമസംഹിത എന്നാണ് ഗോള്‍വാള്‍ക്കര്‍ മനുസ്മൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത് (We, Our Nationhood Defined).
താത്ത്വികമായി ജാതീയതയെ അംഗീകരിക്കുന്ന ആര്‍.എസ്.എസ് പ്രയോഗതലത്തിലും അതിനെ നിരാകരിച്ചിട്ടില്ലെന്നു മാത്രമല്ല, ദലിതരെയും മറ്റു അധഃസ്ഥിത വിഭാഗങ്ങളെയും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. അവരുടെ ശാക്തീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ സംവരണത്തെക്കുറിച്ച് നിലവിലെ മേധാവി മോഹന്‍ ഭഗവതിന്റെ ആവര്‍ത്തിച്ചുള്ള അഭിപ്രായം അത് പുനഃപരിശോധിക്കണം എന്നാണ്. മുഖ്യമായും ദലിതരും മുസ്‌ലിംകളും ഏര്‍പ്പെട്ട തൊഴില്‍ രംഗമായ മാട്ടിറച്ചി വിനിമയത്തെ പാടേ വിലക്കുന്ന ഒടുവിലത്തെ മോദി സര്‍ക്കാറിന്റെ ഉത്തരവ് മറ്റൊരു മികച്ച ഉദാഹരണമാണ്. 'ഒരു കിണര്‍, ഒരു ക്ഷേത്രം, ഒരു ശ്മശാനം' എന്ന ഭഗവതിന്റെ സ്വപ്‌നമുദ്രാവാക്യം അംഗീകരിച്ച ബി.ജെ.പി ഭരിക്കുന്ന ഒരു പഞ്ചായത്തെങ്കിലും ഇന്ത്യാ മഹാ രാജ്യത്ത് ചൂണ്ടിക്കാണിക്കാനാവുമോ? ഒരൊറ്റ ഉത്തരവിലൂടെ രാജ്യത്താകെ മാട്ടിറച്ചി ഉല്‍പാദനത്തിന്റെയും കൈമാറ്റത്തിന്റെയും വാതിലടച്ച ആര്‍.എസ്.എസ് സര്‍ക്കാറിന് എന്തുകൊണ്ട് മേല്‍പറഞ്ഞ ശാസന നടപ്പാക്കാനാവുന്നില്ല?
അംബേദ്കറും മുഹമ്മദലി ജിന്നയും
''ന്യൂനപക്ഷമായതുകൊണ്ട് തങ്ങള്‍ക്കും മുസ്‌ലിംകളെ പോലെ വേറെ രാഷ്ട്രം വേണമെന്ന വാദം അംബേദ്കര്‍ ഉയര്‍ത്തിയില്ല. മുസ്‌ലിംകള്‍ക്ക് ഭൂമി നല്‍കുമെങ്കിലും തങ്ങള്‍ക്കും ഭൂമി വേണമെന്ന ആവശ്യം ഉന്നയിച്ച് ബാബാ സാഹിബിനു ജിന്നയോട് കൈകോര്‍ക്കാമായിരുന്നു. പക്ഷേ അദ്ദേഹം ജിന്നയെ പിന്തുണക്കുകയല്ല, ജിന്നയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്.''
'സാമൂഹിക സമത്വവും അംബേദ്കറും' എന്ന തലക്കെട്ടില്‍ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച രമേശ് പതംഗേയുടെ ലേഖനത്തിലേതാണ് മേല്‍ ഉദ്ധരണി. അംബേദ്കറെ ഭാരതീയ പാരമ്പര്യത്തിന്റെ വക്താവായി അവതരിപ്പിക്കുന്നുണ്ട് പ്രസ്തുത ലേഖനം. അംബേദ്കര്‍ക്ക് മുഹമ്മദലി ജിന്നയോടും ഇന്ത്യന്‍ ജാതിവ്യവസ്ഥയോടും ഉണ്ടായിരുന്ന സമീപനം ഹിന്ദുത്വവാദികളുടേതിന് സമാനമായിരുന്നോ?
അബ്ദുല്ല കോഴിക്കോട്
സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി സ്വതന്ത്ര ഇന്ത്യയെ പ്രഖ്യാപിച്ച ഭരണഘടനയുടെ ശില്‍പിയായ ബി.ആര്‍ അംബേദ്കര്‍ ഒരര്‍ഥത്തിലും ഹിന്ദുത്വാദര്‍ശങ്ങളുടെയോ ഹിന്ദു രാഷ്ട്രത്തിന്റെയോ വക്താവായിരുന്നില്ല. ഹിന്ദുമതത്തിലെ ജാതീയതയില്‍ പ്രതിഷേധിച്ച് അവസാനകാലത്ത് അനുയായികളോടൊപ്പം ബുദ്ധമതത്തില്‍ പ്രവേശിക്കുക കൂടി ചെയ്തു അദ്ദേഹം. മാത്രമല്ല, ഇന്ത്യ സ്വാതന്ത്ര്യം നേടിയാല്‍ ബ്രാഹ്മണ മേധാവിത്വമായിരിക്കും പുലരുക എന്ന തിരിച്ചറിവില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ നേതാവ് മുഹമ്മദലി ജിന്നയുമായും ദ്രാവിഡസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പെരിയാര്‍ രാമസ്വാമിയുമായും കൈകോര്‍ത്ത് സ്വയംനിര്‍ണയാവകാശ പ്രസ്ഥാനത്തിന് 1939-ല്‍ മുന്‍കൈയെടുത്തു അദ്ദേഹം. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പൂനയില്‍ മറ്റു രണ്ടു പേരോടൊപ്പം അംബേദ്കര്‍ സന്ധിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് പകരം കോണ്‍ഗ്രസ് ഇന്ത്യയുടെ ഭരണമേറ്റെടുത്താല്‍ ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിന് പകരം ബ്രാഹ്മണരുടെ അടിച്ചമര്‍ത്തലിലാണ് കലാശിക്കുക എന്ന് മൂന്നു നേതാക്കളും ഭയപ്പെട്ടതാണ് കാരണം. രാജ്യത്തുനിന്ന് വേറിട്ടുപോയാല്‍ മാത്രമേ മഹാറുകളുടെ(ദലിതരുടെ ഏറ്റവും താഴെ തട്ടിലുള്ള ജാതി)യും മുസ്‌ലിംകളുടെയും ദ്രാവിഡരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടൂ എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ജിന്നയുടെ പാകിസ്താനും പെരിയാറുടെ ദ്രാവിഡസ്ഥാനും പുറമെ മഹാറുകളുടെ സ്വന്തം രാജ്യവും അംബേദ്കര്‍ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക മുസ്‌ലിം രാഷ്ട്ര സംസ്ഥാപനത്തില്‍ മാത്രം തല്‍പരനായിരുന്ന ജിന്ന കോണ്‍ഗ്രസ്സുമായി സന്ധി ചെയ്യുക വഴി വഞ്ചനയാണ് കാണിച്ചതെന്നാണ് അംബേദ്കര്‍ വിലയിരുത്തിയത് (പ്രമുഖ ഇന്റര്‍നെറ്റ് പത്രമായ 'ഇന്ത്യ'യില്‍ 2016 ഏപ്രില്‍ 14-ന് ഉദ്ധരിക്കപ്പെട്ടത്). ജിന്ന സ്വാര്‍ഥിയായ നേതാവായിരുന്നു എന്ന തന്റെ വീക്ഷണവും അംബേദ്കര്‍ പല പ്രസംഗങ്ങളിലും പ്രകടിപ്പിച്ചതായി കാണാം. സ്വാതന്ത്ര്യത്തിന് 70 വര്‍ഷം തികയാറായ ഈ ഘട്ടത്തില്‍ അംബേദ്കര്‍ ആശങ്കിച്ച ബ്രാഹ്മണ മേധാവിത്തം അക്ഷരാര്‍ഥത്തില്‍ പുലരുന്നതാണ് നാം കാണുന്നത്. കന്നുകാലി കടത്തും കശാപ്പും നിരോധിച്ചതിലൂടെ അത് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. അതേസമയം, ആര്‍.എസ്.എസ് നഖശിഖാന്തം എതിര്‍ത്ത മഹാത്മാ ഗാന്ധിയെയും അംബേദ്കറെയും ഇപ്പോള്‍ ഹിന്ദുത്വവാദികളായി പുനരവതരിപ്പിക്കാന്‍ ശ്രമിക്കുക വഴി ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ കിണഞ്ഞു ശ്രമിക്കുന്നു.
ഇന്ത്യ മുസ്‌ലിം രാഷ്ട്രമാവും?
''ഹിന്ദു ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.17 ശതമാനം. മുസ്‌ലിം വളര്‍ച്ചാ നിരക്ക് 3.04 ശതമാനം. പതിറ്റാണ്ടിനു ശേഷം ഇന്ത്യ പാകിസ്താനെപ്പോലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായി മാറും.'' കേരള ക്ഷേത്ര സംരക്ഷണ സമിതി യോഗത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് (മാധ്യമം 14-5-2017). ഈ കണക്കുകളുടെ യാഥാര്‍ഥ്യം എന്താണ്?
എ.ആര്‍ ചെറിയമുണ്ടം
മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഏതെങ്കിലും മതവിശ്വാസികള്‍ക്ക് സ്വാഭാവികമായിത്തന്നെ എണ്ണത്തില്‍ കൂടുതലാവുന്നതില്‍ ഒരാശങ്കക്കും പ്രസക്തിയില്ല. രാജ്യത്തിന്റെ ഭരണഘടനക്കനുസൃതമായി ജീവിക്കുന്നേടത്തോളം കാലം എല്ലാവരും തുല്യ പൗരന്മാരാണ്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി അതിന് വിരുദ്ധമായി സംസാരിക്കുന്നത് നീതീകരണമര്‍ഹിക്കുന്നില്ല. സ്വന്തം മതക്കാരെ, അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിനും ഹിന്ദുത്വ സംഘടനകള്‍ക്കും പ്രേരിപ്പിക്കാം. കൂടുതല്‍ പ്രസവിക്കുന്ന അമ്മമാര്‍ക്ക് വി.എച്ച്.പി വന്‍ പ്രോത്സാഹനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അത് ഹിന്ദുക്കള്‍ പൊതുവെ സ്വീകരിക്കുന്നില്ലെങ്കില്‍, സംഘ് പരിവാറിന്റെ ആശങ്ക അവര്‍ പങ്കിടുന്നില്ലെന്നാണര്‍ഥം. വി.എച്ച്.പി 'ഘര്‍വാപസി' പ്രസ്ഥാനം കൊട്ടിഘോഷിച്ച് ആരംഭിച്ചതും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസംഖ്യ കുറക്കാനുള്ള വഴിയാണ്. അതും പരാജയമാണെങ്കില്‍ മടങ്ങാന്‍ പ്രേരിപ്പിക്കുന്ന വീടിന് എന്തോ തകരാറുണ്ടെന്നാണ് ധരിക്കേണ്ടത്. തൊട്ടുകൂടായ്മ, ജാതീയത പോലുള്ള മൗലികമായ തകരാറുകളാണതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇപ്പോള്‍ യു.പിയിലെ ദലിതുകള്‍, മേല്‍ജാതിക്കാരുടെ പീഡനത്തില്‍ പ്രതിഷേധിച്ച് മതംമാറ്റത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകളും ശ്രദ്ധിക്കുക. സമ്പൂര്‍ണാധികാരം ലഭിച്ചിട്ടും സ്വസമുദായത്തെ ഉദ്ധരിക്കാനും സംസ്‌കരിക്കാനും കഴിയുന്നില്ലെങ്കില്‍ ഇതര മതസ്ഥരെ പഴി പറഞ്ഞിട്ട് എന്തു പ്രയോജനം?
Comments