Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

നഷ്ടപ്പെടുത്തരുത്; ജീവിതത്തിന്റെ ആഹ്ലാദവും ആസ്വാദനത്തിന്റെ സ്വഛതയും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

എങ്ങനെയാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കേണ്ടത് എന്നറിയാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ? അത് രണ്ടിലുമുള്ള വിശ്വാസമാണ് മനുഷ്യാത്മാവിന് പ്രപഞ്ചത്തിന്റെ രഹസ്യവും പൊരുളും തുറന്നുകാട്ടുന്ന വിലപിടിച്ച രണ്ടു താക്കോലുകള്‍. സൗഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും വാതിലുകള്‍ തുറന്നിടുന്ന താക്കോലുകളും അതുതന്നെ. മനുഷ്യന് എങ്ങനെയാണ് തന്റെ സ്രഷ്ടാവില്‍ ക്ഷമയോടെ ഭരമേല്‍പ്പിക്കാനും അന്നദാതാവില്‍ നന്ദിപൂര്‍വം പ്രതീക്ഷയര്‍പ്പിക്കാനും കഴിയുക എന്നറിയാന്‍ താങ്കള്‍ക്കു മോഹമുണ്ടോ? ഫലപ്രദമായ രണ്ടു ചികിത്സാമന്ത്രങ്ങളാണ് ക്ഷമയും നന്ദിയും. ഖുര്‍ആന്‍ എങ്ങനെ സ്വാംശീകരിക്കണം, ഖുര്‍ആനിക വിധികളോട് എങ്ങനെ താദാത്മ്യപ്പെടണം, നമസ്‌കാരമെങ്ങനെ നിര്‍വഹിക്കണം, പാപകൃത്യങ്ങളെങ്ങനെ ഉപേക്ഷിക്കണം എന്നൊക്കെയറിയാന്‍ താങ്കള്‍ക്കാഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പറഞ്ഞതൊക്കെയാണ് പാരത്രിക ജീവിതത്തിലേക്കുള്ള പാഥേയം, ഖബ്‌റുകളില്‍ ജ്വലിക്കുന്ന പ്രകാശദീപം, അനശ്വര ഗേഹത്തിലേക്കുള്ള യാത്രാടിക്കറ്റ്. 

ഇപ്പറഞ്ഞതൊക്കെയറിയാന്‍ താങ്കള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഈ ആഖ്യാനമൊന്നു കേള്‍ക്കൂ.

ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു സൈനികന്‍ അതീവസങ്കീര്‍ണമായ ഒരു വിഷമസന്ധിയില്‍ അകപ്പെട്ടു. തന്റെ ഇരുകൈകള്‍ക്കും ഗുരുതരമായി മുറിവുകളേറ്റു. പിന്നിലേക്ക് നോക്കുമ്പോള്‍ ഭീമാകാരനായൊരു സിംഹം ആക്രമിക്കാനൊരുങ്ങിനില്‍ക്കുന്നു. മുന്നിലാകട്ടെ നിരവധി സഖാക്കളെ കൊന്നുതീര്‍ത്തുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന കഴുമരം തന്റെ ജീവിതം കാത്ത് ആര്‍ത്തിയോടെ ഒരുങ്ങിനില്‍ക്കുന്നു. അങ്ങേയറ്റം ദുസ്സഹവും സുദീര്‍ഘവുമായൊരു യാത്രയും ബാക്കി കിടപ്പുണ്ട്. വേദനിപ്പിക്കുന്ന ഈ പതിതോവസ്ഥയില്‍ നിരാശനും വ്യഥിതനുമായി ചിന്തയിലാണ്ടിരിക്കെ ഖിദ്ര്‍-അലൈഹിസ്സലാം-നെപ്പോലൊരു സാത്വികന്‍ സൈനികന്റെയടുത്തെത്തി. ആഗതന്റെ മുഖം പ്രശോഭിതമായിരുന്നു. 

''സുഹൃത്തേ, നിരാശപ്പെടരുത്. രണ്ടു മന്ത്രങ്ങള്‍ ഞാന്‍ പഠിപ്പിച്ചുതരാം. അവ നന്നായി ഉപയോഗിച്ചാല്‍ അക്രമിക്കാനിരിക്കുന്ന സിംഹം വിശ്വസ്തനായൊരു കുതിരയായി മാറും. നിനക്കു വേണ്ട സേവനങ്ങള്‍ ചെയ്യും. ആര്‍ത്തിയോടെ നില്‍ക്കുന്ന കഴുമരം ആടിത്തിമര്‍ക്കാനാവുന്ന ഊഞ്ഞാലായി രൂപപ്പെടും. രണ്ട് ഔഷധങ്ങള്‍ കൂടി ഞാനഭ്യസിപ്പിക്കാം. അവ നന്നായി പ്രയോജനപ്പെടുത്തിയാല്‍ കൈകളിലെ മുറിവുകളില്‍നിന്ന് സുഗന്ധം പരത്തുന്ന നറുപുഷ്പങ്ങള്‍ പൊട്ടിവിടരും. യാത്രാ ടിക്കറ്റും ഞാന്‍ തരാം. അതുപയോഗിച്ച് ഒരൊറ്റ ദിവസം കൊണ്ട് ഒരു കൊല്ലത്തെ ദൂരം താങ്കള്‍ക്ക് സഞ്ചരിച്ചെത്താം. അതും പക്ഷിയെപ്പോലെ പറന്ന്. വിശ്വാസം വരുന്നില്ലെങ്കില്‍ ഒരിക്കലൊന്നു പരീക്ഷിച്ചുനോക്കൂ. അപ്പോള്‍ അതിന്റെ സാധ്യതയും സാധുതയും താങ്കള്‍ക്ക് ബോധ്യപ്പെടും.'' 

പരീക്ഷിച്ചുനോക്കേണ്ട താമസം സൈനികന് അവയുടെ സാധ്യതയും സാധുതയും ബോധ്യമായി. അയാളത് പരസ്യപ്പെടുത്തുകയും ചെയ്തു. 

അപ്പോഴാണ് ഇടതുഭാഗത്തുകൂടി പിശാചിനെപ്പോലെയെന്നോണം ഒരു കോമാളി അടുത്തെത്തിയത്. മുന്തിയ വേഷഭൂഷകള്‍ കോമാളി ധരിച്ചിരുന്നു. ആകര്‍ഷിക്കുന്ന ചിത്രവേലകളും പ്രലോഭിപ്പിക്കുന്ന ലഹരി പദാര്‍ഥങ്ങളും കൈയിലുണ്ടായിരുന്നു. 

''ഒന്നിങ്ങുവരൂ സുഹൃത്തേ, ഒരുമിച്ചിരുന്നു നമുക്കൊന്നു കളിക്കാം. ഈ ചിത്രങ്ങളുടെ ഭംഗി കണ്ട് നമുക്ക് ആസ്വദിക്കാം. പാട്ടുകേട്ടും തിന്നു രമിച്ചും നമുക്കടിച്ചുപൊളിക്കാം. താങ്കളെന്തിനാണ് ഇങ്ങനെ പിറുപിറുത്തുകൊണ്ടിരിക്കുന്നത്? എന്ത് മന്ത്രം? എന്ത് സമസ്യ? ഇതൊക്കെ വിട്ടുകളയൂ. ആസ്വാദനത്തിന്റെ സ്വഛതയും ജീവിതത്തിന്റെ ആഹ്ലാദവും നഷ്ടപ്പെടുത്താതിരിക്കൂ. എന്ത് ടിക്കറ്റ്? വലിച്ചുകീറി ദൂെരക്കളയൂ. പ്രഫുല്ലമായ ഈ വസന്തകാലത്ത് എങ്ങോട്ട് യാത്രചെയ്യാന്‍?'' 

ഇങ്ങനെയൊക്കെപ്പറഞ്ഞ് കോമാളി സൈനികനെ കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പതുക്കെപ്പതുക്കെ സൈനികന്‍ അയാളിലേക്ക് ചായാന്‍ തുടങ്ങി. പെട്ടെന്നായിരുന്നു വലതുഭാഗത്തുകൂടി ഇടിനാദം പോലെയൊരു അലര്‍ച്ച സൈനികന്‍ കേട്ടത്. 

''സൂക്ഷിക്കണം. വഞ്ചിക്കപ്പെടരുത്. മ്ലേഛനായ ആ ചതിയനോട് ആര്‍ജവത്തോടെ പറയൂ; എന്റെ പിന്നിലുള്ള സിംഹത്തെ വകവരുത്താനും എന്റെ മുന്നിലുള്ള കഴുമരം തച്ചുതകര്‍ക്കാനും ഇരുകൈകളിലുമുള്ള മുറിവുകള്‍ ഭേദമാക്കാനും സങ്കീര്‍ണവും സുദീര്‍ഘവുമായ യാത്ര ഇല്ലാതാക്കാനും നിനക്കു കഴിയുമോ? എങ്കിലാ കഴിവൊന്നു കാണിക്കൂ. മിടുക്ക് പുറത്തെടുക്കൂ. എന്നിട്ട് വിളിക്കൂ കളിച്ചുല്ലസിക്കാന്‍. അടിച്ചുപൊളിക്കാന്‍. ഇതിനൊന്നുമാവില്ലെങ്കില്‍ വായടച്ച് മിണ്ടാതിരിക്കെടാ വിഡ്ഢീ. ഞാന്‍ ഖിദ്‌റിനോട് സാമ്യമുള്ള ഈ സാത്വികനോട് കുറച്ച് സംസാരിക്കട്ടെ.'' 

കഴിഞ്ഞുപോയ യുവത്വനാളുകളില്‍ ചിരിച്ചുതിമിര്‍ത്തതിനെയോര്‍ത്ത് ഇപ്പോള്‍ പരിതപിക്കുന്ന മനുഷ്യാ, ആഖ്യാനത്തിലെ പരിക്ഷീണനായ ആ സൈനികന്‍ താങ്കള്‍ തന്നെയാണ്. സിംഹമെന്നത് ആയുസ്സാണ്. കഴുമരം മരണവും. രാവും പകലുമെന്നില്ലാതെ പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി നമ്മെ വിട്ടുപിരിഞ്ഞുപോകുന്നത് താങ്കള്‍ കാണുന്നില്ലേ? ആഴത്തിലുള്ള ആ മുറിവുകളില്‍ ഒന്ന് അറ്റമില്ലാത്ത ബലഹീനതയും മറ്റേത് അവസാനിക്കാത്ത ദാരിദ്ര്യവുമാണ്. ഒഴിച്ചുപോക്കും പലായനവുമെല്ലാം മനുഷ്യന്‍ അനുഭവിക്കാനിരിക്കുന്ന സുദീര്‍ഘമായ പരീക്ഷണങ്ങളാണ്. ആത്മാക്കളുടെ ലോകത്തുനിന്നാരംഭിച്ച് ഉമ്മയുടെ ഗര്‍ഭത്തിലെത്തി ശൈശവം കടന്ന് യുവത്വവും വാര്‍ധക്യവും താി ദുന്‍യാവും ഖബ്‌റും ബര്‍സഖും മഹ്ശറും പിന്നിട്ട് അനന്തമായി തുടരുന്ന യാത്ര. 

ആഖ്യാനത്തില്‍ പരാമര്‍ശിക്കപ്പെട്ട ഇരു മന്ത്രങ്ങള്‍ അല്ലാഹുവിലുള്ള വിശ്വാസവും അന്ത്യദിനത്തിലുള്ള വിശ്വാസവുമാണ്. ഈ വിശുദ്ധമന്ത്രം വഴി മരണം സിംഹത്തിനു പകരമായി കുതിരയുടെ വേഷം ധരിച്ചെത്തുന്നു. എന്നല്ല വിശ്വാസിയായ മനുഷ്യനെ ദുന്‍യാവിന്റെ തടവറയില്‍നിന്ന് സ്വര്‍ഗപ്പൂങ്കാവനത്തിലേക്കും പരമകാരുണികന്റെ ആരാമത്തിലേക്കും ആനയിക്കുന്ന അതിവേഗ കുതിരയായി പ്രത്യക്ഷപ്പെടുന്നു. വിശ്വാസം പൂര്‍ത്തീകരിച്ച ആളുകള്‍ മരണത്തെ പ്രണയിക്കുകയും അതിന്റെ പൊരുളറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മരണം വരിക്കാന്‍ അഭിലഷിക്കുകയും ചെയ്യുന്നു. കാലത്തിന്റെ ഗതിവിഗതികളും അതു നടപ്പാക്കുന്ന മരണവിയോഗങ്ങളുമെല്ലാം വിശ്വാസമന്ത്രത്തിന്റെ  ഫലമായി തെളിഞ്ഞ ചിത്രങ്ങള്‍ കണക്കെ രൂപാന്തരപ്പെടുന്നു. 

വസ്തുതകളെ പുതുമയോടെ കാണാനും ദൈവികദൃഷ്ടാന്തങ്ങളെയും അവന്റെ ശക്തിപ്രതിഭാസങ്ങളെയും കാരുണ്യത്തെളിവുകളെയും കുറിച്ച് ചിന്തിച്ച് ആസ്വാദനമടയാനും പ്രസ്തുത ചിത്രങ്ങള്‍ മനുഷ്യനെ സജ്ജമാക്കുന്നു. സൂര്യപ്രകാശത്തിന്റെ വര്‍ണരാജികളെ പ്രതിബിംബിക്കുന്ന കണ്ണാടികളുടെ ധര്‍മം പോലെ, ഹൃദ്യതയും ചാരുതയും കൊണ്ട് അത്യാകര്‍ഷകമായിത്തീരുന്ന അഭ്രപാളിയിലെ ചിത്രരൂപാന്തരം പോലെ. 

ആഖ്യാനത്തില്‍ സൂചിപ്പിച്ച രണ്ടു ചികിത്സകളില്‍ ഒന്ന് അല്ലാഹുവിലുള്ള സമര്‍പ്പണവും ക്ഷമയുമാണ്. അതായത് പ്രപഞ്ചസ്രഷ്ടാവിന്റെ ശക്തിയിലുള്ള ആശ്രയവും അവന്റെ യുക്തിവൈഭവത്തിലുള്ള അടിയുറച്ച ബോധ്യവും. സ്വന്തം ബലഹീനത തിരിച്ചറിഞ്ഞ് കൈകാര്യകര്‍ത്താവായ പ്രപഞ്ചരാജനില്‍ സര്‍വവുമര്‍പ്പിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് അസ്വസ്ഥനാവാന്‍ കഴിയുക? എങ്ങനെയാണ് ആശ്ചര്യപ്പെടാനാവുക? ഏതു കടുത്ത പരീക്ഷണങ്ങള്‍ക്കു മുന്നിലും അയാള്‍ ഉറച്ചുനില്‍ക്കും. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കും. മനസ്സില്‍ സമാധാനവും ഹൃദയനിര്‍വൃതിയും അനുഭവിക്കും. 

''നിശ്ചയം നാം അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിലേക്കു തന്നെ മടങ്ങിപ്പോകേണ്ടവരുമാണ്'' (അല്‍ ബഖറ 156) എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കും അയാള്‍. 

അല്ലാഹുവിനെ തിരിച്ചറിഞ്ഞ ഒരാള്‍ തന്റെ ബലഹീനത ആസ്വദിക്കുന്നതുപോലെ ദൈവത്തിലുള്ള ഭയവും ആസ്വദിക്കും. തീര്‍ച്ചയായും ദൈവഭയത്തിലുമുണ്ട് ഒരാസ്വാദ്യത. ഭാഷണശേഷിയും ബൗദ്ധികശേഷിയുമുള്ള ഒരു കുട്ടിയോട് അവന് ഒരു വയസ്സായിരുന്നപ്പോള്‍ ഏറെ ആസ്വാദ്യകരമായ സന്ദര്‍ഭം ജീവിതത്തില്‍ ഏതായിരുന്നു എന്നു ചോദിച്ചാല്‍ പറയാനിടയുള്ള ഉത്തരമിതാണ്: ''പേടിയും ബലഹീനതയും അനുഭവിച്ചപ്പോള്‍ പ്രതീക്ഷയോടെ വാത്സല്യനിധിയായ ഉമ്മയുടെ നെഞ്ചോടു ചേര്‍ന്നുകിടന്നപ്പോള്‍.'' 

അതേ, ആ കുട്ടി മനസ്സിലാക്കിയിട്ടുണ്ട് എല്ലാ ഉമ്മമാരും കാണിക്കുന്ന കാരുണ്യവും വാത്സല്യവും പ്രവിശാലമായ ദൈവികകാരുണ്യത്തിന്റെ അനുരണനം മാത്രമാണെന്ന്. 

മൊഴിമാറ്റം: 

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍