അടിമകളാക്കപ്പെട്ടവരുടെ ദുരന്തകഥകള്‍<br>അമേരിക്കയിലെ ഇസ്‌ലാമും മുസ്‌ലിംകളും-2
അമേരിക്കയിലെ ഇസ്‌ലാമിന്റെ ചരിത്രം സമ്പന്നവും സങ്കീര്‍ണവും ബഹുസ്വരവുമാണ്. ഇന്ന് ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ സമൂഹങ്ങളില്‍ ഒന്നാണ് അമേരിക്കയിലെ മുസ്‌ലിം സമുദായം. എഴുപതിലധികം രാജ്യങ്ങളില്‍നിന്ന് എത്തിയ അവരുടെ എണ്ണം അടുത്തിടെ നടന്ന കണക്കെടുപ്പുകള്‍ പ്രകാരം എഴുപത്/എണ്‍പത് ലക്ഷം വരും. ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. മക്കയില്‍ ഹജ്ജ് വേളയിലൊഴിച്ച് ലോകത്തെവിടെയും മുസ്‌ലിം സമൂഹത്തിന്റെ വൈവിധ്യം യു.എസില്‍ കാണുന്നതുപോലെ ഒരുപക്ഷേ കാണാനാവില്ല.
എന്നാല്‍, ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നാണ് അമേരിക്കയിലെ മുസ്‌ലിം സമൂഹം ഇന്നത്തെ നിലയിലെത്തിയത്. കെട്ടുറപ്പുള്ള ഒരു സമൂഹമെന്ന ഇന്നത്തെ നിലയിലെത്തുന്നതിനു മുമ്പ് നശീകരണം, അടിമത്തം, സാംസ്‌കാരിക ഉന്മൂലനം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിങ്ങനെ വിവിധ ഘട്ടങ്ങള്‍ അത് അതിജീവിച്ചിട്ടു്. എല്ലാ ഘട്ടങ്ങളെയും വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. വിഷയം ഗ്രഹിക്കുന്നതിനാവശ്യമായ രീതിയില്‍ ഇവയുടെ സാഹചര്യം ലഘുവായി പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
ഒരു വേള നാശത്തെ മുഖാമുഖം കണ്ടിരുന്ന ഒരു സമൂഹം ഇന്നത്തെ നിലയിലെത്തിയതിന്റെ വികാസചരിത്രം മനസ്സിലാക്കുന്നതിന് ചെറിയൊരു കഥ പറയാം:
ഒന്നാം ലോക യുദ്ധം കഴിഞ്ഞ നാളുകളിലാണ് സിറിയയില്‍നിന്നും ലബനാനില്‍നിന്നുമുള്ള മുസ്‌ലിം കുടിയേറ്റക്കാരുടെ ആദ്യസംഘം യു.എസിലെത്തുന്നത്. അക്കാലത്ത് അമേരിക്കയിലേക്ക് കപ്പല്‍ കയറിയ ശേഷം ഒരു ലബനാന്‍കാരന് വീണ്ടുവിചാരമുണ്ടായത്രെ. അയാള്‍ കപ്പിത്താനോട് ചോദിച്ചു: ''അമേരിക്കയില്‍ മുസ്‌ലിം പള്ളികളുണ്ടോ?'' ''ഇല്ല''- ക്യാപ്റ്റന്റെ മറുപടി. ഇതു കേട്ടപാടെ ലബനാനി കടലിലേക്ക് എടുത്തുചാടി. അയാള്‍ പിന്നീടൊരിക്കലും അമേരിക്കയിലെത്തിയില്ല.
90 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയില്‍ നൂറുകണക്കിന് പള്ളികള്‍ ഉയരുമെന്ന് ലബനാന്‍കാരന്നോ ക്യാപ്റ്റന്നോ സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തിലധികം പള്ളികളുണ്ട്. എല്ലാ പ്രമുഖ അമേരിക്കന്‍ നഗരങ്ങളിലും മുസ്‌ലിം പള്ളികളുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 175 പള്ളികള്‍.
കുടിയേറ്റത്തിലൂടെയല്ല അമേരിക്കയില്‍ മുസ്‌ലിംകളെത്തുന്നത്. ക്രിസ്റ്റഫര്‍ കൊളംബസ് 1492-ല്‍ യു.എസിലെത്തുന്നതിനു മുമ്പ് മുസ്‌ലിംകള്‍ അവിടെയെത്തിയിരുന്നു. കൊളംബസാണ് അമേരിക്ക കണ്ടെത്തിയതെന്ന സാമ്പ്രദായിക വാദം നുണയാണ്. സംവത്സരങ്ങളായി ദശലക്ഷക്കണക്കിനാളുകള്‍ അമേരിക്കയില്‍ അധിവസിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് ഉത്തരാഫ്രിക്കയിലെയും ചൈനയിലെയും മുസ്‌ലിംകളുമായി ബന്ധമുണ്ടായിരുന്നതായും ചരിത്രരേഖകളു്.
ആഫ്രിക്കയെയും അമേരിക്കയുടെ കണ്ടെത്തലിനെയും സംബന്ധിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലാ പ്രഫസര്‍ ലിയോ വീനര്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അമേരിക്കയില്‍ മുസ്‌ലിംകളുടെ സാന്നിധ്യത്തെ കുറിച്ച് കൊളംബസിന് ആദ്യമേ അറിവുണ്ടായിരുന്നൂ എന്ന് ലിയോ വീനര്‍ പറയുന്നു.
കൊളംബസിനു മുമ്പു തന്നെ മുസ്‌ലിംകള്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. 1312-ല്‍ മാലിയിലെ മന്‍സ അബൂബക്ര്‍ രണ്ടാമന്‍ ആഫ്രിക്കയിലെ സെനഗാമ്പിയന്‍ മേഖലയില്‍നിന്ന് മെക്‌സിക്കോ തീരം വരെ സഞ്ചരിക്കുകയുണ്ടായി. ഈ വാദത്തെ സാധൂകരിക്കുന്ന നിരവധി സാഹചര്യത്തെളിവുകളുമുണ്ട്. തദ്ദേശവിഭാഗങ്ങളുടെ എഴുത്തുകളിലും ഭാഷയിലും അവ പ്രത്യക്ഷമായിരുന്നു. മക്ക, മദീന, റമദാന്‍ തുടങ്ങിയ ഇസ്‌ലാമിക പേരുകള്‍ അവര്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നതായും ചരിത്രരേഖകളില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍, ഇസ്‌ലാം സ്വീകരിച്ച അമേരിക്കക്കാര്‍ വരെ ഇന്ന് വാദിക്കുന്നത്, കൊളംബസിനും മുമ്പ് മുസ്‌ലിംകള്‍ അമേരിക്കയിലെത്തിയിരുന്നു എന്നാണ്.
15-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനുമിടയില്‍ നടന്ന അടിമവ്യാപാരത്തിലൂടെയാണ് അമേരിക്കയില്‍ മുസ്‌ലിംകളുടെ അടുത്ത വരവുണ്ടാവുന്നത്. 16-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കോളനിവത്കരണം തുടങ്ങിയപ്പോള്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തൊഴിലാളികളെ ആവശ്യമായി വന്നു. വടക്കന്‍ അമേരിക്കയിലും തെക്കന്‍ അമേരിക്കയിലുമുള്ള തോട്ടങ്ങളിലും ഖനികളിലും പണിയെടുക്കുന്നതിനായിരുന്നു തൊഴിലാളികളെ ആവശ്യമായിവന്നത്. തദ്ദേശീയ ജനങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരുന്നതിനാല്‍, അവര്‍ക്ക് എളുപ്പത്തില്‍ രോഗം പിടിപെടുമായിരുന്നു. അങ്ങനെയാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലകുറഞ്ഞ മനുഷ്യവിഭവങ്ങള്‍ക്ക് വേണ്ടി ആഫ്രിക്കയിലെത്തുന്നത്.
യൂറോപ്യന്‍ അടിമവ്യാപാരികള്‍ ആഫ്രിക്കന്‍ തീരങ്ങളിലെത്തി. പലവിധ കുത്സിത മാര്‍ഗങ്ങളിലൂടെയാണ് അടിമകളെ അവര്‍ സ്വന്തമാക്കിയിരുന്നത്. വയലുകളില്‍ പണിയെടുക്കുന്ന മനുഷ്യരെ തട്ടിക്കൊണ്ടുപോയും, തദ്ദേശീയരായ രാജക്കന്മാരെ കൊണ്ട് യുദ്ധങ്ങള്‍ നടത്തി പിടിയിലാകുന്ന ഭടന്മാരെ കൈവശപ്പെടുത്തിയും അവര്‍ അടിമവ്യാപാരം നടത്തി. 1.2 കോടി ആഫ്രിക്കക്കാരെയെങ്കിലും അമേരിക്കയില്‍ അടിമകളായി എത്തിച്ചിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ പലരും അമേരിക്കയിലേക്കുള്ള കടല്‍യാത്രയില്‍ മരണപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നാണ് അടിമവ്യാപാരം പ്രധാനമായും നടന്നിരുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയിലെത്തിയ ആഫ്രിക്കക്കാരില്‍ ഒരുപാട് അടിമകള്‍ മുസ്‌ലിംകളായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള മാലി, സോങ്കായി എന്നിവിടങ്ങളിലെ സാവന്ന സാമ്രാജ്യങ്ങള്‍ ദീര്‍ഘകാലം ഇസ്‌ലാമിക നാഗരികതയുടെ ഈറ്റില്ലമായിരുന്നു. മുസ്‌ലിം ജനസംഖ്യയും ഇവിടെ ഏറെയായിരുന്നു.
അമേരിക്കയിലെ അടിമത്ത സമ്പ്രദായം തികഞ്ഞ ക്രൂരതയുടേതായിരുന്നു. മനുഷ്യരായല്ല അടിമകളെ കണ്ടിരുന്നത്. തല മുതല്‍ കാലുവരെ ചങ്ങല കൊണ്ട് ബന്ധിച്ച് കപ്പലുകളില്‍ കുത്തിനിറച്ചായിരുന്നു അവരെ അമേരിക്കയിലെത്തിച്ചിരുന്നത്. അമേരിക്കയിലെത്തിയതിനു ശേഷം, കാലികളോട് പെരുമാറുന്നതിനേക്കാള്‍ നികൃഷ്ടമായിരുന്നു അടിമകളോടുള്ള പെരുമാറ്റം. പ്രതികൂലമായ കാലാവസ്ഥകളില്‍ ദീര്‍ഘനേരം അവരെക്കൊണ്ട് പണിയെടുപ്പിച്ചു. പാരമ്പര്യമനുസരിച്ചുള്ള ആചാരങ്ങളും കര്‍മങ്ങളും പിന്തുടരാന്‍ അവര്‍ക്ക് സാധ്യമാകാതെ വന്നു.
അലന്‍ ഡി. ഓസ്റ്റിന്‍ എഴുതിയ ആഫ്രിക്കന്‍ മുസ്‌ലിംസ് ഇന്‍ ആന്റിബെല്ലം അമേരിക്ക: ട്രാന്‍സ് അറ്റ്‌ലാന്റിക് സ്റ്റോറീസ് ആന്റ് സ്പിരിച്വല്‍ സ്ട്രഗ്ള്‍സ് എന്ന പുസ്തകത്തില്‍ ചങ്ങലയില്‍ ബന്ധിതരാക്കി അമേരിക്കയിലെത്തിച്ച അടിമകളുടെ ഹൃദയഭേദകമായ കഥകള്‍ വിവരിക്കുന്നുണ്ട്. പ്രതികൂലമായ സാഹചര്യത്തിലും സ്വന്തം വിശ്വാസം മുറുകെപ്പിടിക്കാന്‍ ആ അടിമകള്‍ അനുഭവിച്ച ത്യാഗം നമുക്കെല്ലാം പ്രചോദകവും നമ്മെ കണ്ണീരിലാഴ്ത്തുന്നതുമാണ്. സ്വന്തം സ്ഥൈര്യവും ക്ഷമയും വിവരിച്ച് അടിമകളിലൊരാള്‍ തനിക്കു തന്നെ എഴുതിയ കത്ത് ആ പുസ്തകം ഉദ്ധരിക്കുന്നു.
അബൂബക്ര്‍ അല്‍ സിദ്ദീഖ് എന്നയാളുടേതാണ് ആ കത്ത്. അറബി ഭാഷയില്‍ എഴുതിയ അദ്ദേഹത്തിന്റെ ആത്മകഥ മരണശേഷമാണ് കണ്ടെടുക്കപ്പെട്ടത്. 'ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം ഇസ്‌ലാമാണ്' എന്ന് തുടങ്ങുന്ന അബൂബക്ര്‍ അല്‍ സിദ്ദീഖ്, ശേഷം വയലിലൂടെ നടക്കവെ തന്നെ തട്ടിക്കൊണ്ടുപോയതിന്റെ കഥ വിവരിക്കുന്നു: ''എന്റെ അടിമത്തത്തിന്റെ തുടക്കമായിരുന്നു അത്. അടിമത്തത്തിന്റെ കയ്പുനീര്‍ ഞാന്‍ രുചിച്ചറിഞ്ഞു. വിവരണാതീതമായ ക്രൂരതകള്‍ ഞാന്‍ അവരില്‍നിന്ന് ഏറ്റുവാങ്ങി. എല്ലാ സ്തുതിയും അല്ലാഹുവിന്. എല്ലാറ്റിനും കഴിവുള്ള അവന്റെ ഇഛക്കനുസൃതമായാണല്ലോ എല്ലാം സംഭവിച്ചത്. അല്ലാഹു വിധിച്ചതിനെ തടുക്കുക ആര്‍ക്കും സാധ്യമല്ല. അല്ലാഹു തടഞ്ഞതിനെ നല്‍കാനും ആര്‍ക്കുമാവില്ല.'' ഖുര്‍ആന്റെ പകര്‍പ്പ് കൈയിലില്ലാതിരുന്ന അദ്ദേഹം, അതിലെ വാക്കുകള്‍ ഓര്‍മിച്ച് ഉദ്ധരിക്കുന്നു: ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.''
അറിവ് കൈമാറാനോ, പള്ളികള്‍ പണിയാനോ, ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനോ അടിമകള്‍ക്ക് സന്ദര്‍ഭവും സാഹചര്യവുമുണ്ടായിരുന്നില്ല. മറ്റു പുസ്തകങ്ങള്‍ പോയിട്ട് ഖുര്‍ആന്റെ പകര്‍പ്പുപോലും ആ വിശ്വാസികളുടെ കൈയിലുണ്ടായിരുന്നില്ല. എങ്കിലും, ചില അസാധാരണ വ്യക്തിത്വങ്ങള്‍ ആ പ്രതികൂല സാഹചര്യത്തെ സാഹസികമായി നേരിട്ടു. അവരില്‍ ഒരാളാണ് അയ്യൂബ് ബിന്‍ സുലൈമാന്‍ (ജോബ് ബെന്‍ സോളമന്‍). ഉന്നത നിലയില്‍ ജീവിച്ചിരുന്ന അദ്ദേഹം 1730-ലാണ് ഗാംബിയയില്‍നിന്ന് അടിമയായി അമേരിക്കയിലെത്തുന്നത്. മാരിലാന്റിലെ കെന്റ് ദ്വീപിലുള്ള പുകയിലപ്പാടങ്ങളിലായിരുന്നു അദ്ദേഹത്തിന് ജോലി. ഖുര്‍ആനിലും അറബി ഭാഷയിലും അയ്യൂബിന് പാണ്ഡിത്യമുണ്ടായിരുന്നു.
പ്രവാചക(സ)ന്റെ കാലത്ത് ബിലാല്‍ (റ) നേരിട്ട പ്രയാസങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് അയ്യൂബിന്റെ ചരിത്രം. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ബിലാല്‍ അഹദ്, അഹദ് എന്ന് പ്രഖ്യാപിച്ചു. യജമാനന്മാരുടെ ചോദ്യങ്ങളോട് 'അല്ലാഹ്, മുഹമ്മദ്' എന്നായിരുന്നു അയ്യൂബിന്റെ പ്രതികരണം.
സില്‍വിയാന്‍ ദിയൂഫ് എന്ന ചരിത്രകാരന്‍ മികച്ച രീതിയില്‍ അത് പ്രതിപാദിക്കുന്നുണ്ട്: ''അയ്യൂബ് സുലൈമാന്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചു. നിസ്സഹായനെന്ന് ബോധ്യപ്പെട്ട, അപകടകരമായ സന്ദര്‍ഭങ്ങളിലൊക്കെയും അദ്ദേഹം തന്റെ വിശ്വാസം ആവര്‍ത്തിച്ചുറപ്പിച്ചു. ശഹാദത്തിനെ അദ്ദേഹം തന്റെ നിലനില്‍പ്പിന്റെ നിര്‍വചനം തന്നെയാക്കുകയായിരുന്നു. കാരണം, അദ്ദേഹത്തിന്റെ ഇസ്‌ലാമിക വിശ്വാസവും വിദ്യാഭ്യാസവുമാണ് അദ്ദേഹത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചത്.''
തോട്ടത്തില്‍നിന്ന് ഓടി രക്ഷപ്പെട്ട അയ്യൂബ്, വെള്ളക്കാരുടെ പിടിയിലായി ജയിലിലടക്കപ്പെട്ടു. അയ്യൂബിന്റെ എഴുത്തിലുള്ള പ്രാവീണ്യവും നല്ല പെരുമാറ്റവും ജയിലധികൃതരില്‍ മതിപ്പുളവാക്കി. തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍മോചിതനാക്കി, ഗാംബിയയില്‍ ബ്രിട്ടീഷുകാരുടെ സേവനത്തിനു വേണ്ടി അദ്ദേഹത്തിന്റെ നാട്ടിലേക്ക് തിരിച്ചയച്ചു. നാട്ടിലേക്കുള്ള യാത്രാമധ്യേ, ലണ്ടനില്‍ കപ്പലെത്തി. അവിടെ വെച്ച് അയ്യൂബിന്റെ ഒരു പടം വരക്കാന്‍ വെള്ളക്കാര്‍ ഒരുങ്ങി. പരമ്പരാഗത വേഷമിടാന്‍ അയ്യൂബിനോട് അവര്‍ ആവശ്യപ്പെട്ടു. 'നിങ്ങള്‍ എന്നെ തട്ടിക്കൊണ്ടുവന്നപ്പോള്‍, വസ്ത്രങ്ങളടങ്ങിയ സ്യൂട്ട് കേസ് എടുക്കാന്‍ നിങ്ങള്‍ എന്നെ അനുവദിച്ചിരുന്നില്ല. വേഷം എങ്ങനെയായിരുന്നുവെന്ന് ഞാന്‍ വിവരിച്ചുതരാം' എന്നായിരുന്നു അയ്യൂബിന്റെ മറുപടി. ഞങ്ങളിതുവരെ കാണാത്ത ഒരു വേഷം വരക്കുന്നതെങ്ങനെ എന്ന വെള്ളക്കാരുടെ ചോദ്യത്തോട് 'എങ്കില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ ചിത്രം വരക്കാന്‍ നിങ്ങള്‍ക്കാവുന്നതെങ്ങനെ' എന്നായിരുന്നു അയ്യൂബിന്റെ പ്രതികരണം.
ബിലാലി മുഹമ്മദാണ് മറ്റൊരാള്‍. അടിമയായി എത്തിയ ബിലാലി, യജമാനനായ തോമസ് സ്പാള്‍ഡിംഗിന്റെ വിശ്വാസവും തൃപ്തിയും നേടി. മറ്റു വെള്ളക്കാരില്‍നിന്ന് വ്യത്യസ്തമായി അടിമകളോട് ഉദാരമായ സമീപനമാണ് തോമസ് സ്വീകരിച്ചിരുന്നത്. ബിലാലിയുടെ കഴിവുകള്‍ മനസ്സിലാക്കിയ തോമസ് അദ്ദേഹത്തെ തോട്ടത്തിന്റെ ചുമതലക്കാരനാക്കി. ഇസ്‌ലാമിക വിശ്വാസം തുടരാനും പള്ളി പണിയാനും ബിലാലിക്ക് തോമസ് അനുവാദം നല്‍കി. ബിലാലി അറബിയില്‍ എഴുതിയ ഒരു നിയമസംഹിത അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുക്കപ്പെട്ടു. യു.എസില്‍ എഴുതപ്പെട്ട ആദ്യ ഫിഖ്ഹ് ഗ്രന്ഥം 'ബിലാലി ഡോക്യുമെന്റ്' എന്ന് അറിയപ്പെട്ട ആ പുസ്തകമായിരിക്കും.
അമേരിക്കയിലെയും ഇതര ഭാഗങ്ങളിലെയും മുസ്‌ലിംകള്‍ക്ക് പ്രചോദനമാവുന്ന മറ്റൊരു പേരാണ് യാരോ മഹ്മൂദ്. മേരിലാന്റ് മുസ്‌ലിം എന്നും ചില രേഖകളില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ജെയിംസ് അലക്‌സാര്‍ സിംപ്‌സണ്‍, ചാള്‍സ് വില്‍സണ്‍ പീല്‍ എന്നിവര്‍ യാരോയുടെ ചിത്രം പെയിന്റ് ചെയ്തിട്ടുണ്ട്. യാരോയുടെ ഒരു ചിത്രം ജോര്‍ജ് ടൗണ്‍ ലൈബ്രറിയിലെ പീബോഡി റൂമില്‍ പ്രദര്‍ശനത്തിലുണ്ട്.
നിസ്തുലമായ ജീവിതമായിരുന്നു യാരോയുടേത്. 1752-ല്‍ 16-ാം വയസ്സില്‍ ഗിനിയയില്‍നിന്ന് അടിമയായി അന്നാപൊളീസിലെത്തിയ യാരോ അറബിയില്‍ പ്രാവീണ്യമുള്ളയാളായിരുന്നു. തന്റെ പേര് ഇംഗ്ലീഷില്‍ എഴുതാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. 44 വര്‍ഷം അടിമയായി ജീവിച്ച യാരോ 60-ാം വയസ്സിലാണ് സ്വതന്ത്രനാകുന്നത്. അമേരിക്കയില്‍ ഏറ്റവുമധികം കാലം ജീവിച്ചയാളായിരുന്നു അദ്ദേഹം. 134-ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. ഇസ്‌ലാമിക ഭക്ഷണക്രമം കൃത്യമായി പാലിച്ചയാളായിരുന്നു യാരോ. തെരുവില്‍ നടക്കുമ്പോഴും അദ്ദേഹം ദിക്‌റുകള്‍ ചൊല്ലി. ജോര്‍ജ് ടൗണ്‍ നഗരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
കുന്‍ത കിന്‍തെ എന്നറിയപ്പെട്ട നിര്‍ഭാഗ്യവാനായ ഒരാളെ കുറിച്ച് പറഞ്ഞ് ഈ ഭാഗം അവസാനിപ്പിക്കാം. മാല്‍കം എക്‌സിന്റെ ആത്മകഥ എഴുതിയ അലക്‌സ് ഹാലിയാണ് കുന്‍തയുടെ ചരിത്രം പുറത്തുകൊണ്ടുവന്നത്. മാല്‍കം എക്‌സിന്റെ പുസ്തകം എഴുതിയതില്‍ പ്രചോദിതനായ ഹാലി, സ്വന്തം വേരുകള്‍ തേടാന്‍ തുടങ്ങി. ലഭ്യമായ സര്‍ക്കാര്‍ രേഖകളും ചരിത്രരേഖകളും അദ്ദേഹം ചികഞ്ഞു പരിശോധിച്ചു.
ഗവേഷണഫലമായി റൂട്ട്‌സ്: ദി സാഗ ഓഫ് ആന്‍ അമേരിക്കന്‍ ഫാമിലി എന്ന പുസ്തകം 1976-ല്‍ പ്രസിദ്ധീകരിച്ചു. ഗാംബിയയില്‍നിന്ന് പിടികൂടിയ കുന്‍ത കിന്‍തെ എന്നയാളിലാണ് തന്റെ കുടുംബവേരുകള്‍ ഹാലി കണ്ടെത്തിയത്. 17-ാം വയസ്സില്‍ അടിമയാക്കപ്പെട്ട് അമേരിക്കയിലെത്തിയ കുന്‍തയുടെ ഏഴ് പരമ്പരകള്‍ ഹാലി വിവരിക്കുന്നു.
20-ാം നൂറ്റാണ്ടിലെ പ്രധാന പുസ്തകങ്ങളിലൊന്നായാണ് ഹാലിയുടെ പുസ്തകം വിലയിരുത്തപ്പെടുന്നത്. മാസങ്ങളോളം ദി ന്യൂയോര്‍ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ അതൊന്നാമതായിരുന്നു. പുസ്തകവും അതിനെ ആധാരമാക്കിയെടുത്ത ടെലിവിഷന്‍ പരമ്പരയും യു.എസില്‍ വന്‍ സ്വീകാര്യത നേടി.
എല്ലാ പ്രതിസന്ധികള്‍ക്കിടയിലും തന്റെ വിശ്വാസവും സംസ്‌കാരവും മുറുകെപ്പിടിക്കാന്‍ കുന്‍ത നടത്തിയ പ്രയത്‌നങ്ങള്‍ പുസ്തകം ദൃശ്യവത്കരിക്കുന്നുണ്ട്.
കടുത്ത അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും കാരണം സ്വന്തം വിശ്വാസവും ആചാരങ്ങളും അടുത്ത തലമുറക്ക് കൈമാറാന്‍ അടിമകളായി അമേരിക്കയില്‍ എത്തിയ ഭൂരിഭാഗം ആഫ്രിക്കന്‍ മുസ്‌ലിംകള്‍ക്കും സാധിച്ചില്ല. ഒട്ടേറെ ആഫ്രിക്കന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായി. അതുവഴി, 19-ാം നൂറ്റാണ്ടോടെ അമേരിക്കയില്‍ ഇസ്‌ലാം ഇല്ലാതായെന്നു പറയാം.
എന്നാല്‍, 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തോടെ കാറ്റ് മാറിവീശി. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ക്കു ശേഷമെത്തിയ മുസ്‌ലിം കുടിയേറ്റക്കാര്‍ അമേരിക്കയുടെ ചിത്രം മാറ്റിവരക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലെ ബ്ലാക് നാഷ്‌നലിസ്റ്റ് മൂവ്‌മെന്റുകളുടെ ആവിര്‍ഭാവവും ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേഗം നല്‍കി. അലക്‌സ് ഹാലി രചിച്ച മാല്‍കം എക്‌സിന്റെ ആത്മകഥയും റൂട്ട്‌സും ആഫ്രിക്കന്‍ അമേരിക്കക്കാരെ ഇസ്‌ലാമിന്റെ വേരുകള്‍ കണ്ടെത്താന്‍ പ്രചോദിപ്പിച്ചു.
അടുത്ത രണ്ട് ഭാഗങ്ങളിലായി ആ ചരിത്രം വിശദീകരിക്കാം.
(തുടരും)
Comments