Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

വഖ്ഫ് സ്വത്തുക്കളും ശാക്തീകരണ സംരംഭങ്ങളും

കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വിവിധ വഖ്ഫ് ഭാരവാഹികളുടെ സുപ്രധാനമായ ഒരു സമ്മേളനമാണ് ജനുവരി എട്ടിന് തലസ്ഥാന നഗരിയില്‍ വിളിച്ചുചേര്‍ത്തത്. നാഷ്‌നല്‍ വഖ്ഫ് ഡെവലപ്‌മെന്റ് കോര്‍പറേഷനും വഖ്ഫ് കൗണ്‍സിലും സമ്മേളന നടത്തിപ്പില്‍ പങ്കാളികളായി. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്ക് വഖ്ഫ് സ്വത്തുക്കള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു മുഖ്യ അജണ്ട. മുസ്‌ലിംകളെ ശാക്തീകരിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ ദേശീയ ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളും, അതു സംബന്ധമായ പരാതികള്‍ പരിഹരിക്കും, എല്ലാ സംസ്ഥാനങ്ങളിലെയും വഖ്ഫ് സ്വത്തുകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയും അവ രേഖപ്പെടുത്തിവെക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. 24 സംസ്ഥാനങ്ങളില്‍ മൂന്നംഗ വഖ്ഫ് ട്രൈബ്യൂണലുകള്‍ നിലവില്‍ വന്നുകഴിഞ്ഞു. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായി രാജ്യത്ത് 4,49,314 വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്നും നഖ്‌വി വെളിപ്പെടുത്തി.

പ്രത്യക്ഷത്തിലെങ്കിലും ആശാവഹമാണ് വഖ്ഫ് ഭാരവാഹികളുടെ സമ്മേളനവും തുടര്‍ന്നുള്ള നടപടിക്രമങ്ങളും. യുദ്ധകാലാടിസ്ഥാനത്തില്‍ ഇതുസംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടുനീക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. അതെത്ര മാത്രം പ്രയോഗത്തില്‍ വരുമെന്ന് കണ്ടുതന്നെ അറിയണം. പക്ഷേ, സമീപനം പോസിറ്റീവാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ മോദി ഭരണത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒട്ടുവളരെ വിഷയങ്ങളിലും നെഗറ്റീവ് സമീപനമാണ് കണ്ടുവന്നിരുന്നത്. 'ശത്രുവിന്റെ സ്വത്ത്' (Enemy's Property) വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് ഉദാഹരണം. ഏക സിവില്‍കോഡ് വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ എല്ലാ മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. അത്തരം പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള ഒരടവായിക്കൂടേ ഇത് എന്ന സംശയം ന്യായമാണ്; പ്രത്യേകിച്ച് അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍. പക്ഷേ, ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചതു മുതല്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും മുഴുവന്‍ ശ്രദ്ധയും തന്റെ മന്ത്രാലയത്തിലാണെന്നുമാണ് സംസാരം. ഏക സിവില്‍ കോഡ് കേന്ദ്ര ഗവണ്‍മെന്റിന്റെ അജണ്ടയിലില്ലെന്നും ഈയിടെ അദ്ദേഹം പറയുകയുണ്ടായി. അതെന്തെങ്കിലുമാകട്ടെ, ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ സമുദായത്തിന്റെ തന്നെ വഖ്ഫ് സ്വത്തുക്കള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം മുന്നോട്ടുവന്ന സ്ഥിതിക്ക്, എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും പ്രശ്‌നാധിഷ്ഠിതമായി അതുമായി സഹകരിക്കാമെന്നാണ് തോന്നുന്നത്.

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും അവയുടെ ശരിയായ വിനിയോഗവും സ്വാതന്ത്ര്യ ലബ്ധി മുതല്‍ തന്നെ മുഖ്യ പരിഗണന ലഭിക്കേണ്ട വിഷയമായിരുന്നു. പക്ഷേ, വിഭജനാനന്തരമുണ്ടായ അതിരൂക്ഷമായ വര്‍ഗീയ കലാപങ്ങളും മറ്റും കാരണം വഖ്ഫ് കാര്യങ്ങള്‍ വേണ്ടപോലെ ശ്രദ്ധിക്കാന്‍ സമുദായത്തിനായില്ല. മാറിമാറി വന്ന ഭരണകൂടങ്ങളും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. വഖ്ഫ് സ്വത്തുക്കള്‍ വലിയ തോതില്‍ നശിക്കാനും അന്യാധീനപ്പെടാനും ഇത് കാരണമായിട്ടുണ്ട്. മൂന്നുതരം വഖ്ഫ് സ്വത്തുക്കളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഒന്ന്, സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുത്ത സ്വത്തുക്കള്‍. രണ്ട്, കൈയേറ്റക്കാര്‍ അധീനപ്പെടുത്തുകയോ അല്ലെങ്കില്‍ വരുമാനം സ്വന്തമായി അനുഭവിക്കുകയോ ചെയ്യുന്ന സ്വത്തുക്കള്‍. മൂന്ന്, മുസ്‌ലിംകള്‍ തന്നെ നടത്തിക്കൊണ്ടു പോകുന്നവ. ഇതില്‍ മുസ്‌ലിംകള്‍ നടത്തിക്കൊണ്ടു പോകുന്നവ വളരെ കുറവാണ്. അതിന്റെ പ്രയോജനമാകട്ടെ മുസ്‌ലിം സമൂഹത്തിന് കാര്യമായി ലഭിക്കുന്നുമില്ല. വഖ്ഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനവും ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പരിതാപകരമാണ്.

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണകാര്യത്തില്‍ മാത്രമല്ല, വഖ്ഫ് എന്ന ആശയത്തോടുതന്നെ പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രവണതയാണ് പൊതുവെ മുസ്‌ലിം സമൂഹത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നത്. നമ്മളിപ്പോഴും ആവേശത്തോടെ അനുസ്മരിക്കാറുള്ള മധ്യകാല സ്‌പെയ്‌നിലെയും ബഗ്ദാദിലെയുമൊക്കെ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വഖ്ഫായിരുന്നു എന്നതാണ് വസ്തുത. ആതുരാലയങ്ങളും വിദ്യാലയങ്ങളും റോഡുകളും ജലസേചനം സംവിധാനങ്ങളുമൊക്കെ അക്കാലത്ത് മുസ്‌ലിം നാടുകളിലൊട്ടുക്ക് ഉയര്‍ന്നുവന്നത് വഖ്ഫിന്റെ പിന്‍ബലത്തില്‍ തന്നെയായിരുന്നു. എല്ലാ തരത്തിലുമുള്ള സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഇന്നും അതിന് കഴിയുമെന്ന് തുര്‍ക്കിയിലും മറ്റും നടന്നുവരുന്ന നൂതന പരീക്ഷണങ്ങള്‍ പറഞ്ഞുതരും. ഇത് മനസ്സിലാക്കി, ഭരിക്കുന്നത് ആരെന്ന് നോക്കാതെ കഴിയാവുന്ന തലങ്ങളിലെല്ലാം സഹകരിക്കാനും സമുദായത്തിലെ ലക്ഷക്കണക്കായ ദരിദ്രര്‍ക്കും നിരാലംബര്‍ക്കും വഖ്ഫിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കാനും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും മുസ്‌ലിം മജ്‌ലിസെ മുശാവറയുമൊക്കെ രംഗത്തിറങ്ങേണ്ടതുണ്ട്.

വഖ്ഫ് സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തിയാല്‍തന്നെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറയുന്നത് വെറുംവാക്കല്ല. മന്ത്രി പുറത്തുവിട്ട കണക്കുകളില്‍നിന്നുതന്നെ അതിന്റെ വൈപുല്യവും സാധ്യതകളും വ്യക്തമാവുന്നുണ്ട്. വിഷന്‍ 2026 പ്രോജക്ടും മറ്റു ശാക്തീകരണ സംരംഭങ്ങളും ഈയൊരു വന്‍ സാധ്യതയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വളരെ കാര്യഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍