ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് വിഷന്‍ 2026
വിഷന്‍ 2016-ല്‍നിന്ന് 2026 എങ്ങനെ വ്യത്യസ്തമാകുന്നു?
'വിഷന്‍ 2016' പദ്ധതിക്ക് തുടക്കം കുറിച്ച പ്രഗത്ഭമതികളും ദീര്‍ഘദര്‍ശികളുമായ നേതാക്കളെ ആദ്യമായി ഓര്‍ക്കുകയാണ്. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, സയ്യിദ് ഹാമിദ് തുടങ്ങിയവര്‍ ഒരു സവിശേഷ സാഹചര്യത്തില്‍ ബൃഹത്തായ ഈ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. വിഷന്‍ പദ്ധതിക്ക് കര്‍മരൂപം നല്‍കുന്നതിലും അതിനു നേതൃത്വം നല്‍കുന്നതിലും പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പങ്ക് നിസ്തുലമാണ്. അദ്ദേഹത്തെപ്പോലെ ഭാവനാസമ്പന്നരും കര്‍മനിരതരുമായ നേതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പദ്ധതി രൂപപ്പെടില്ലായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
'വിഷന്‍' ഒരു വലിയ സ്വപ്നത്തിന്റെ പേരാണ്. പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ച് സമൂഹത്തിന്റെ പൊതു വിതാനത്തിലേക്കെത്തിക്കുകയാണ് ആ സ്വപ്‌നം. 'വിഷന്‍' ശില്‍പികള്‍ ആ സ്വപ്‌നത്തിന് കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതില്‍ വന്‍ ചുവടുവെപ്പുകളാണ് നടത്തുന്നത്.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരവസ്ഥയിലേക്ക് തുറന്നുവെച്ച കണ്ണാടിയായിരുന്നു. ആ ദര്‍പ്പണത്തിലൂടെ ക മുസ്‌ലിം സമൂഹത്തിന്റെയും ഇതര അധഃസ്ഥിത വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വസ്തുതകളും അന്വേഷിച്ചറിയാനും മുസ്‌ലിം സമൂഹത്തിലും പുറത്തുമുള്ള സമ്പന്നരെയും ഉയര്‍ന്ന പദവിയിലുള്ളവരെയും ബോധവത്കരിക്കാനും അവരെ കര്‍മസജ്ജരാക്കാനും വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പിന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഒരു വലിയ ഐക്കണായിരുന്നു വിഷന്‍ 2016. ഇപ്പോള്‍ 'വിഷന്‍' ശില്‍പി
കള്‍ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ അധഃസ്ഥിത-ദരിദ്ര വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പത്തു വര്‍ഷം കൊണ്ടോ ഏതാനും ദശവത്സര പദ്ധതികള്‍ കൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല. ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നത് പത്തു വര്‍ഷത്തെ അനുഭവം നല്‍കിയ ആത്മവിശ്വാസത്തോടെയാണ്. വിഷന്‍ 2016-ന്റെ വലിയ നേട്ടങ്ങളിലൊന്ന് ഈ ആത്മവിശ്വാസവും പരിചയസമ്പത്തുമാണ്. മുന്‍ഗണനാക്രമങ്ങള്‍ (Priorities) നിശ്ചയിക്കാനും പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാനും ഉചിതമായ മേഖലകള്‍ തെരഞ്ഞെടുക്കാനും പത്തു വര്‍ഷത്തെ അനുഭവം നമ്മെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ സങ്കീര്‍ണമായ രാഷ്ട്രീയ - സാമൂഹിക പരിതഃസ്ഥിതിയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നമ്മുടെ മുന്നിലുണ്ട്.
2016-ല്‍ നിന്ന് 'വിഷന്‍ 2026'-ന്റെ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രധാന ഊന്നല്‍ ഇനി പറയുന്നവയാണ്:
1) സേവന പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളുടെ പൂര്‍ണ പങ്കാളിത്തത്തോടെ നടപ്പാക്കും. ഒരു കൂട്ടര്‍ നല്‍കുന്നവരും മറ്റൊരു കൂട്ടര്‍ സ്വീകരിക്കുന്നവരും എന്നതിനു പകരം സമൂഹ വികസനത്തിന് മുന്‍കൈയെടുക്കുന്നവരും ഗുണഭോക്താക്കളും തോളോടുതോള്‍ ചേര്‍ന്നുനിന്നുകൊണ്ട്, ഗുണഭോക്താക്കളെ സ്വയം പര്യാപ്തരാക്കാനുതകുന്ന രൂപത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
2) പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനു പകരം മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സൂക്ഷ്മമായ അവലോകനങ്ങളിലൂടെ പാളിച്ചകള്‍ കത്തെി അവ തിരുത്തി മുന്നോട്ടുപോകുംവിധം പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന സ്ഥലവും സേവന മേഖലയും കൂടുതല്‍ കൃത്യപ്പെടുത്തും. സാമൂഹിക പുരോഗതിയുടെ സര്‍വ സൂചകങ്ങളിലും ഇന്ത്യന്‍ പൊതു ശരാശരിയും (General Average) മുസ്‌ലിം സമൂഹത്തിന്റെ ശരാശരിയും തമ്മില്‍ ഭീമവും ഭയാനകവുമായ അന്തരം നിലനില്‍ക്കുന്നുണ്ട്. സാക്ഷരത, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് (Dropout Rate), ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം, ഉദ്യോഗ പങ്കാളിത്തം, ആളോഹരി വരുമാനം, ശിശുമരണ നിരക്ക്, മാതാക്കളുടെ പോഷാകാഹാര കുറവ്, ശുചിത്വ നിലവാരം, ശുദ്ധജല ലഭ്യത തുടങ്ങി എല്ലാ മേഖലകളിലും ഈ അന്തരം ദൃശ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഓരോ സ്ഥിതിവിവര കണക്കുകളും ഈ അന്തരം വര്‍ധിച്ചുവരികയാണെന്ന് വിളിച്ചുപറയുന്നു. ഇത് ഇല്ലാതാക്കാനുള്ള കഠിന ശ്രമമാണ് ഒരു കമ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന നിലയില്‍ വിഷന്‍ 2026-ന്റെ പ്രവര്‍ത്തനലക്ഷ്യം. വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഈ കാഴ്ചപ്പാട് നമ്മുടെ മുന്നിലുണ്ട്.
3) എല്ലാ കാലത്തും ഒരേ പ്രദേശങ്ങളില്‍തന്നെ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. വ്യത്യസ്ത സമൂഹങ്ങളിലും പ്രദേശങ്ങളിലും വിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ മനുഷ്യ വിഭവശേഷിയും സാമ്പത്തിക സ്രോതസ്സുകളും പരമാവധി അവിടെ നിന്നുതന്നെ കണ്ടെത്തി പദ്ധതികളുടെ സുസ്ഥിരത (Sustainability) ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളൊരുക്കുക വിഷന്‍ 2026-ന്റെ സവിശേഷതയാണ്. ഓരോ പ്രദേശത്തുനിന്നും വളന്റിയര്‍മാരെ കണ്ടെത്താനും അവര്‍ക്ക് ആത്മീയവും ബുദ്ധിപരവും വൈജ്ഞാനികവും ശേഷീപരവുമായ പരിശീലനങ്ങള്‍ നല്‍കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
4) മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ക്ക് വലിയ തോതില്‍ തന്നെ തുടക്കം കുറിക്കാന്‍ വിഷന്‍ -2026 ലക്ഷ്യം വെക്കുന്നു. ഗ്രാമീണ മേഖലകളിലും സബെര്‍ബന്‍ മേഖലകളിലും സ്ഥാപിതമാകുന്ന സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകളും ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റികളും സാമൂഹിക വികസന പ്രവര്‍ത്തനങ്ങളെ ഈടും കരുത്തുമുള്ളതാക്കി മാറ്റുമെന്ന് കരുതുന്നു.
5) കഴിഞ്ഞ പത്തു വര്‍ഷം ഉദാരമതികളില്‍നിന്ന് നിര്‍ലോഭ പിന്തുണയാണ് വിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ഒരുപക്ഷേ, ഒരു കമ്യൂണിറ്റി എന്ന നിലയില്‍ വിഷനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് മലയാളി മുസ്‌ലിംകളാണ്. ധാരാളമാളുകള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ല പങ്ക് കഷ്ടപ്പെടുന്ന ഉത്തര-മധ്യേന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുന്നു. എന്നാല്‍, വിവിധ സര്‍ക്കാറുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ഷേമപദ്ധതികള്‍ക്കായി വകയിരുത്തുന്ന തുകയുടെ ചെറിയ ഒരംശം മാത്രമാണ് ഇങ്ങനെ പിരിച്ചെടുക്കുന്ന തുക. ഓരോ വാര്‍ഷിക ബജറ്റിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹസ്ര കോടികള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ടെങ്കിലും യഥാര്‍ഥ അവകാശികളിലേക്ക് അവ എത്തുന്നില്ല. നല്ലൊരു പങ്ക് പാഴായി പോവുകയും വലിയൊരു പങ്ക് ഇടത്തട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റുകളിലെത്തുകയുമാണ്. അര്‍ഹരായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സഹായങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ അറിവോ കാര്യശേഷിയോ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി അടുപ്പമോ ഇല്ല എന്നതാണ് യഥാര്‍ഥ അവകാശികളിലേക്ക് ഇതെത്താതിരിക്കാനുള്ള കാരണം. സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ തന്നെ സഹായിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതി വിഷന്‍ 2026-ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി നാം ചെലവഴിക്കുന്ന തുകയുടെ അനേക മടങ്ങാണ്, ഗവണ്‍മെന്റ് പദ്ധതികളിലൂടെ ജനങ്ങളിലെത്തിക്കാന്‍ കഴിയുക.
ഏതൊക്കെ മേഖലകളിലാണ് വിഷന്‍ 2026 ഊന്നല്‍ നല്‍കുന്നത്?
വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകരണം, ദുരന്തനിവാരണവും പുനരധിവാസവും, സാമൂഹിക ക്ഷേമവും വികസനവും എന്നീ മേഖലകളിലാണ് വിഷന്‍ 2026 ഊന്നല്‍ നല്‍കുന്നത്. ഓരോ മേഖലയിലും കൃത്യമായ ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടികളും നിര്‍ണയിച്ചിട്ടുണ്ട്. ലക്ഷ്യങ്ങളും പ്രധാന പ്രവര്‍ത്തന പരിപാടികളും താഴെ പറയുന്നവയാണ്.
വിദ്യാഭ്യാസം
മുസ്‌ലിം സമൂഹത്തിലെയും ഇതര പിന്നാക്ക വിഭാഗങ്ങളിലെയും മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഈ വിഭാഗങ്ങളില്‍പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ദേശീയ ശരാശരിയുടെ തോതിലേക്ക് കുറച്ചുകൊണ്ടുവരികയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യും. വിഷന്‍ 2026, മോഡല്‍ വിദ്യാലയം സ്‌കോളര്‍ സ്‌കൂളുകള്‍ പുതിയ സ്ഥലങ്ങളിലും ആരംഭിക്കും. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് എന്‍.ജി.ഒക്ക് രൂപംനല്‍കും. കൂടാതെ കൂടുതല്‍ പ്രീ പ്രൈമറി സ്‌കൂളുകളും സ്‌പെഷ്യല്‍ സ്‌കൂളുകളും സ്ഥാപിക്കും.
മെട്രിക്കുലേഷന്‍, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന മുസ്‌ലിം - പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ എണ്ണം ദേശീയ ശരാശരിക്ക് തുല്യമായ രീതിയിലേക്ക് ഉയര്‍ത്തും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പഠനമികവുള്ള 5,000 വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. പ്രശസ്ത ദേശീയ-അന്തര്‍ദേശീയ യൂനിവേഴ്‌സിറ്റികളില്‍ നിയമം, ജേര്‍ണലിസം, ഇക്കണോമിക്‌സ് തുടങ്ങിയ മാനവിക വിഷയങ്ങളില്‍ മുസ്‌ലിം സമൂഹത്തിലെയും ഇതര പിന്നാക്ക വിഭാഗങ്ങളിലെയും കുട്ടികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും, അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ദല്‍ഹിയില്‍ ഒരു സ്റ്റുഡന്റ്‌സ് സെന്ററും അവിടെ നാഷ്‌നല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഫോറവും സ്ഥാപിക്കും.
കേന്ദ്ര-സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയാറെടുത്തുകൊണ്ടിരിക്കുന്ന മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തും . മുസ്‌ലിം ഭൂരിപക്ഷ പട്ടണങ്ങളിലും നഗരങ്ങളിലും വൊക്കേഷണല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കും. ഭരണഘടനയുടെ മുപ്പതാം അനുഛേദപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഒരു സൊസൈറ്റി രജിസ്റ്റര്‍ ചെയ്യും. മദ്‌റസകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കും.
വിദ്യാഭ്യാസ അവകാശം (Right to Education) കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനും സോഷ്യല്‍ ഓഡിറ്റിംഗിനും ഉതകുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പുതിയ സ്‌കീമുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ കൂടി ഉദ്ദേശിച്ചിട്ടുള്ളതായിരിക്കും വിഷന്‍ 2026-ന്റെ ഈ മേഖലയിലെ ഓരോ പ്രവര്‍ത്തനവും.
ആരോഗ്യ പരിരക്ഷ
ഗ്രാമങ്ങളിലെയും നഗരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ചേരിപ്രദേശങ്ങളിലെയും ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായ്മയാണ്. ബോധവത്കരണം വഴി അവിടെയുള്ള ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ ഭീഷണിയില്‍നിന്ന് അവരെ രക്ഷിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കും. മാതാക്കളുടെ പോഷകാഹാര കുറവ് ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ ഇടവരുത്തുന്നുണ്ട്. ഇത് പരിഹരിക്കാനായി സര്‍ക്കാറുകള്‍ പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗ്രാമീണ ജനങ്ങളിലേക്ക് അവയെത്തുന്നില്ല. ഗ്രാമ തലങ്ങളില്‍ ആരോഗ്യ ബോധവത്കരണ കേന്ദ്രങ്ങള്‍ (Health Awareness Centres) സ്ഥാപിച്ചുകൊണ്ട് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്, മാതാക്കളുടെയും ശിശുക്കളുടെയും ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പുവരുത്തും. ശുദ്ധമായ കുടിവെള്ളത്തിനുള്ള സൗകര്യവും വീടുകളിലും പൊതു സ്ഥലങ്ങളിലും ടോയ്‌ലറ്റുകളും ഒരുക്കും. പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കും.
ആരോഗ്യപൂര്‍ണമായ ജീവിതരീതി ജനങ്ങളെ ശീലിപ്പിക്കുന്നതിനായി ആരോഗ്യ സാക്ഷരതയും അവബോധവും വര്‍ധിപ്പിക്കാനുതകുന്ന Medical Awareness Campaign സംഘടിപ്പിക്കും. ഡി അഡിക്ഷന്‍ ക്യാമ്പുകള്‍, പൊതു മെഡിക്കല്‍ ക്യാമ്പുകള്‍, നേത്ര പരിശോധനാ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി എന്‍.ജി.ഒ രജിസ്റ്റര്‍ ചെയ്യും.
100 സ്ഥലങ്ങളില്‍ പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അവിടെ മൊബൈല്‍ മെഡിക്കല്‍ വാനുകള്‍ സജ്ജീകരിക്കും. അഞ്ച് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും പത്ത് ഡയഗ്‌നോസ്റ്റിക് സെന്ററുകളും സ്ഥാപിക്കും. കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാവുന്ന സഹകരണ മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖല ആരംഭിക്കും. Drug Bank സ്ഥാപിക്കും. കമ്യൂണിറ്റി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീം ആരംഭിക്കും.
സാമ്പത്തിക വികസനം
വിപണിമൂല്യമുള്ള, നൈപുണ്യ വികസന പരിശീലനത്തിലൂടെയും (Skill Development Training) തൊഴില്‍ മേഖലയിലെ സാധ്യതകളെ കുറിച്ച് അവബോധം നല്‍കുന്നതിലൂടെയും മുസ്‌ലിം സമൂഹത്തിലെയും ഇതര പിന്നാക്ക വിഭാഗങ്ങളിലെയും ആളുകളുടെ തൊഴില്‍ ശരാശരി ദേശീയ ശരാശരിയുടെ തോതിലേക്ക് ഉയര്‍ത്തും. ഇതിനായി ടെക്‌നിക്കല്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. സ്വയംസംരംഭകത്വം (Enterpreneurship) പ്രോത്സാഹിപ്പിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. സാമ്പത്തിക സാക്ഷരത നല്‍കി സമ്പാദനത്തിനുള്ള അവസരങ്ങള്‍ തുറന്നുകൊടുക്കും.
കൃഷി, നെയ്ത്ത്, കൈത്തറി, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയ തൊഴിലുകള്‍ക്ക് പിന്‍ബലമേകാനും ആധുനികവത്കരിക്കാനും സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കും.
സ്ത്രീ ശാക്തീകരണം
വിഷന്‍ 2016-ന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിനും വേദികളുണ്ട്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിഷന്‍ 2026-ന്റെ ഭാഗമായി ദേശീയ തലത്തില്‍ എന്‍.ജി.ഒ ആരംഭിക്കും. പ്രഫഷനല്‍ ഏജന്‍സികളുടെ സഹായത്തോടെ സ്ത്രീകളുടെ നൈപുണ്യവും സ്വയംസംരംഭകത്വവും വര്‍ധിപ്പിക്കും.
ദുരന്തനിവാരണവും പുനരധിവാസവും
ദുരന്തവേളകളെ നേരിടാന്‍ ജനങ്ങള്‍ക്ക് അവബോധവും പരിശീലനവും നല്‍കും. ദുരന്തബാധിതര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും.
സാമൂഹികക്ഷേമവും വികസനവും
അനാഥര്‍, വിധവകള്‍, രോഗികള്‍, പ്രായമുള്ളവര്‍ തുടങ്ങിയവരെ സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള പതിനായിരത്തോളം അനാഥരെ സംരക്ഷിക്കും. നിരാലംബരായ സ്ത്രീകള്‍, തെരുവുകുട്ടികള്‍ എന്നിവര്‍ക്കു വേണ്ടി ഇരുപത് Rescue and Rehabilitation Centre-കള്‍ സ്ഥാപിക്കും.
ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേമപദ്ധതികളെ കുറിച്ച് അറിവ് നല്‍കുന്നതിനും അത് നേടിയെടുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും 'നാഗരിക് വികാസ് കേന്ദ്ര' എന്ന പേരില്‍ ഒരു എന്‍.ജി.ഒ പ്രവര്‍ത്തനമാരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളില്‍ ഇതിന്റെ ഭാഗമായി കിളീൃാമശേീി മിറ ഏൗശറമിരല ഇലിൃേല സ്ഥാപിക്കും.
പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി(Prime Minister's 15 Point Programme)യും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ Multi Sectoral Development Programme (MSDP)ഉം നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തും.
101 ഗ്രാമങ്ങളെ Model Village-കളായി ദത്തെടുക്കുകയും അവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'ഗ്രാമീണ്‍ ദോസ്തി' എന്ന പേരില്‍ എന്‍.ജി.ഒ ആരംഭിക്കുകയും ചെയ്യും.
മോഡല്‍ വില്ലേജ് പ്രോജക്ട് വിശദീകരിക്കാമോ?
വിഷന്‍ 2016-ന്റെ ഭാഗമായി നമ്മള്‍ ചില ഗ്രാമങ്ങളെ മോഡല്‍ വില്ലേജുകളായി ദത്തെടുത്തിരുന്നു. ഈ ഗ്രാമങ്ങളില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടു്. ഒരു ഗ്രാമം മോഡല്‍ വില്ലേജായി തെരഞ്ഞെടുക്കുന്നത് ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഗ്രാമസഭ എന്നിവയുടെ സഹായത്തോടെ ഗ്രാമത്തെ കുറിച്ച് പ്രാഥമിക പഠനം നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ ഓരോ വീടും കയറിയിറങ്ങി വിശദ സര്‍വേ നടത്തി സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുന്നു. പിന്നീടാണ് ഈ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നത്. അഞ്ച് കൊല്ലത്തെ പദ്ധതികളാണ് ഓരോ ഗ്രാമത്തിലും നടപ്പിലാക്കുക.
ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ ധാരാളം പണം ചെലവാക്കി ഒരുപാട് നിര്‍മാണ പ്രവൃത്തികള്‍ നടത്താനല്ല ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവണ്‍മെന്റ് പദ്ധതികള്‍ ഗ്രാമങ്ങളില്‍ എത്തിക്കാനാണ് ശ്രമിക്കുക. ശുദ്ധ ജലത്തിന്റെ അഭാവം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ കുടിവെള്ളത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു ദിവസം 20 ലിറ്റര്‍ കുടിവെള്ളമെങ്കിലും ഓരോ വീട്ടിലും എത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കുക.
സ്‌കൂള്‍ പഠനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സംവിധാനം ഒരുക്കും. ഏറ്റെടുത്ത ഗ്രാമങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കും. ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ ഏകാധ്യാപക വിദ്യാലയങ്ങള്‍ (One Teacher Schools) സ്ഥാപിക്കും. ഗ്രാമത്തിനു പുറത്താണ് സ്‌കൂളെങ്കില്‍ അവിടെ എത്തിപ്പെടാനുള്ള വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഉപരിപഠന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും കഴിവുള്ള കുട്ടികള്‍ക്ക് അവരുടെ ഗ്രാമങ്ങള്‍ക്ക് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്യും.
യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും സ്ത്രീകള്‍ക്കിടയില്‍ സ്വയം സഹായക സംഘങ്ങള്‍ (Self Help Groups) രൂപീകരിക്കുകയും ചെയ്യുന്നു്. ഗ്രാമീണ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് നടത്തി അവര്‍ക്ക് നല്ല വില ലഭ്യമാക്കുന്നതിന് സംവിധാനങ്ങളേര്‍പ്പെടുത്തും.
ഗ്രാമപ്രദേശങ്ങളില്‍ ജാതിമത സ്പര്‍ധ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇവിടങ്ങളില്‍ സ്ഥാപിക്കുന്ന കമ്യൂണിറ്റി കള്‍ച്ചറല്‍ സെന്ററുകള്‍ ഗ്രാമവാസികളുടെ ഒത്തുചേരലുകള്‍ക്ക് വേദിയൊരുക്കും. മുസ്‌ലിംകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പള്ളി, മതപഠന സംവിധാനങ്ങള്‍ എന്നിവ സ്ഥാപിക്കും. ഗ്രാമവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകരെ നിയമിച്ച് അവര്‍ക്ക് പരിശീലനം നല്‍കും.
Comments