Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

ഇസ്‌ലാമിനെ കാലികമായി വായിക്കണം

എ. അബ്ബാസ് റോഡുവിള

ഇസ്‌ലാം മതമെന്നതിലുപരി സര്‍വതലസ്പര്‍ശിയായ ഒരു സാമൂഹിക വിപ്ലവ ദര്‍ശനമാണെന്ന കാര്യം ഒരു ഇസ്‌ലാം പഠിതാവിന് ഇന്ന് ബോധ്യപ്പെടാതിരിക്കില്ല. ഇസ്‌ലാം സമഗ്രവും ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകവുമാണെന്നു പറയുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ എവിടെ എന്നതാണ് ചോദ്യം. ഒരു വ്യവസ്ഥിതി സ്ഥാപിക്കുന്നതിനു മുമ്പ് അതിന്റെ എല്ലാ വിശദാംശങ്ങളും മുന്‍കൂട്ടി രേഖപ്പെടുത്തിവെക്കുക പ്രായോഗികമല്ല. എന്നാല്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മൗലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കുന്ന അടിസ്ഥാന ആശയങ്ങള്‍ അതിലുണ്ടായിരിക്കണം. ഈ അടിസ്ഥാനത്തിലാണ് ഇസ്‌ലാം സാര്‍വജനീനവും സാര്‍വകാലികവുമായ വ്യവസ്ഥയാണെന്നു പറയുന്നത്. 

പരിവര്‍ത്തനവിധേയമായ സമൂഹത്തില്‍ സുസ്ഥിരമായ അടിസ്ഥാനങ്ങളില്‍നിന്നുകൊണ്ട് ഇസ്‌ലാമിനെ മനുഷ്യപ്പറ്റുള്ളതും ജീവിതഗന്ധിയുമായ വ്യവസ്ഥയായി അവതരിപ്പിക്കുന്ന പ്രയത്‌നമാണ് ഇസ്‌ലാമിലെ ഇജ്തിഹാദ്. ഇസ്‌ലാമിന് ആധിപത്യമുണ്ടായിരിക്കുകയും ഇസ്‌ലാമിക നാഗരികത വളര്‍ന്നു വികസിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ ഇജ്തിഹാദിന്റെ സാധ്യത മുസ്‌ലിം പണ്ഡിതന്മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ഇസ്‌ലാമിക ചിന്തയെ രൂപപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതാപം

ഇല്ലാതാവുകയും ഇസ്‌ലാമിക നാഗരികത തകരുകയും മുസ്‌ലിം സമൂഹം ശിഥിലമായിത്തീരുകയും ചെയ്തതോടെ ഇജ്തിഹാദും നിലച്ചു. 

പില്‍ക്കാല പണ്ഡിതന്മാര്‍ കേവല കര്‍മശാസ്ത്ര പ്രശ്‌നങ്ങളില്‍ മാത്രം മുഴുകി കാലം കഴിച്ചു. മാത്രമല്ല ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും അവര്‍ നടത്തിയതായി കാണാം. ഉദാഹരണം അടിമത്തം. ഇസ്‌ലാം അടിമത്തം അംഗീകരിക്കുന്നില്ല, പ്രോത്സാഹിപ്പിച്ചിട്ടുമില്ല. നിരുത്സാഹപ്പെടുത്തുകയും ക്രമത്തില്‍ നിര്‍ത്തലാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തതായാണ് ചരിത്രം. എന്നാല്‍ അടിമത്തം ഇസ്‌ലാമിന്റെ ഭാഗമാണെന്ന് തോന്നുംവിധം അടിമകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ചര്‍ച്ച! അനുവദനീയമല്ലാത്ത (ഇല്ലാത്ത) ഒരു കാര്യത്തെക്കുറിച്ച ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്? ഇത്തരം ചില ഗ്രന്ഥങ്ങള്‍ ഇന്നും ചില ദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇതൊക്കെ ഇസ്‌ലാമിന്റേതായി അവതരിപ്പിക്കുന്നത് അതിനെ തെറ്റിദ്ധരിക്കാനേ ഉപകരിക്കു. കേരളത്തിലെ മദ്‌റസകളില്‍ സകാത്തിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒട്ടകമാണല്ലോ മുന്തിനില്‍ക്കുന്നത്. കേരളത്തില്‍ ഒട്ടകചര്‍ച്ചക്ക് എന്തു പ്രസക്തിയാണുള്ളത്? സമൂഹത്തിനാവശ്യമായതും ഔചിത്യദീക്ഷയോടുകൂടിയതുമായ ഇസ്‌ലാമിക രചനകള്‍ പില്‍ക്കാലത്തുണ്ടായില്ല എന്നതാണ് സത്യം. ഇതിന്റെ ഫലമായി ആധുനിക ലോകവും ഇസ്‌ലാമും തമ്മില്‍ ധൈഷണികരംഗത്ത് ഒരു വലിയ വിടവ് ഉണ്ടായിത്തീരുകയും ചെയ്തു. ഇസ്‌ലാം ആചാരപ്രധാനമായ മതമായി മനസ്സിലാക്കപ്പെടുകയും സാമൂഹിക രംഗങ്ങളില്‍ ഇസ്‌ലാമിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. 

മറുഭാഗത്ത്, ഇസ്‌ലാമിക നാഗരികതയുടെ സ്വാധീനത്താല്‍ യൂറോപ്യന്‍ പണ്ഡിതന്മാര്‍ പുതിയ ചിന്താ-ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ചിന്തയും ഗവേഷണവും പുരോഗമിച്ചു. മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന വിഷയങ്ങളുടെ വിശദാംശങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. അത്തരം ചിന്തകള്‍ മനുഷ്യജീവിതത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി. എന്നാല്‍ ഇത്തരം ചിന്തകളുടെ അടിസഥാനങ്ങള്‍ കേവലം ഊഹവും ഭാവനകളും മാത്രമായിരുന്നു. തുടര്‍ന്നു വന്ന നൂറ്റാണ്ടുകളില്‍ നിരവധി തത്ത്വചിന്തകളും ദര്‍ശനപദ്ധതികളും പ്രത്യയശാസ്ത്രങ്ങളും ആവിഷ്‌കരിക്കപ്പെട്ടു. ദക്കാര്‍ത്തെയും സ്പീനോസയും ജോണ്‍ ലോക്കും കാന്റും ഹെഗലും ഫോയര്‍ബാഗും നീറ്റ്‌ഷേയും ഫ്രായ്ഡും ദറിദയുമെല്ലാം അക്കാദമികതലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ അവ ഒന്നുംതന്നെ മനുഷ്യജീവിതമെന്തെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുകയോ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സംശയരഹിതവും ഉചിതവുമായ പരിഹാരം നല്‍കുകയോ ചെയ്തിട്ടില്ല. ലോകത്തുള്ള മഹാപ്രതിഭാശാലികള്‍ അവരുടെ കഴിവുകളും സമയവും സമ്പത്തും ഇത്തരം ചിന്താപദ്ധതികള്‍ക്കു വേണ്ടി തുലച്ചുകളഞ്ഞിട്ടുണ്ട്. സമൂഹത്തിന് അതിന്റെ പ്രയോജനം ലഭിച്ചിട്ടുമില്ല. 

ഇവിടെയാണ് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പ്രസക്തി. മനുഷ്യന്‍ എത്ര ഉന്നതനായാലും അവന്റെ കഴിവുകള്‍ക്ക് പരിമിതിയുണ്ട്. ചിന്താ-ഗവേഷണപ്രവര്‍ത്തനങ്ങള്‍ വഴിതെറ്റാതിരിക്കാന്‍ ദൈവിക മാര്‍ഗദര്‍ശനത്തെ പിന്‍പറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല. 

പുതിയ കാലത്ത് ഇസ്‌ലാമിന്റെ വിപ്ലവ-വിമോചനമുഖം അവതരിപ്പിച്ചാല്‍ മാത്രമേ ജനത്തെ ആകര്‍ഷിക്കാനാവുകയുള്ളൂ. 'അഖില ലോക തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ചങ്ങലകളല്ലാതെ; നേടാനുള്ളതോ പുതിയൊരു ലോകം' എന്ന മാര്‍ക്‌സിന്റെ ആഹ്വാനത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ 'മനുഷ്യന്റെ മുതുകിനെ ഞെരുക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവനെ ബന്ധിച്ചിരിക്കുന്ന ചങ്ങലക്കെട്ടുകള്‍ അറുത്തുമാറ്റുകയും ചെയ്യുന്ന' ഒരു പ്രവാചകനെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞുതരുന്നു. ലോകത്തെ മര്‍ദിതരും പീഡിതരുമായ സ്ത്രീ-പുരുഷന്മാര്‍ക്കുവേണ്ടി നിങ്ങള്‍ എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഇത്തരത്തിലുള്ള ഒരാശയമാണ് ആധുനിക ലോകം തേടുന്നത്. 

ആധുനിക സമൂഹത്തിലെ പ്രശ്‌നങ്ങളെ വേണ്ടവിധം അഭിമുഖീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ആധുനിക മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്യുന്നതില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വേണ്ടണ്ടത്ര വിജയിച്ചിട്ടില്ലെന്ന് ചില ചിന്തകന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. 

ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലാത്ത ലക്ഷക്കണക്കിനാളുകളും പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അന്യായമായി കൈയടക്കിവെച്ച് നാടുവാഴുന്ന ജന്മികളും ഒരുമിച്ച് താമസിക്കുന്ന ഒരു സമൂഹത്തില്‍ പരിധിയില്ലാത്ത സ്വകാര്യസ്വത്തവകാശവും ഭൂവുടമാവകാശവും ഇസ്‌ലാമിന്റെ പേരില്‍ ന്യായീകരിക്കുകയോ അവയെക്കുറിച്ച് മൗനം പാലിക്കുകയോ ചെയ്യുന്നത് നീതിയല്ല. മുതലാളിത്തവും നാടുവാഴിത്തവും വംശീയതയും ഗോത്രപക്ഷപാതിത്വവും അതിക്രൂരമായ അസമത്വവും നിലനില്‍ക്കുന്ന സമൂഹം ഒരിക്കലും ഒരു യഥാര്‍ഥ ഇസ്‌ലാമിക സമൂഹമാവുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ സാമൂഹിക വിപ്ലവത്തിന്റെ ഉപകരണമായി അവതരിപ്പിക്കുന്ന ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഒരു ഇമാം ഗസാലിയെയോ ഒരു ഇബ്‌നുഖല്‍ദൂനെയോ സൃഷ്ടിക്കാന്‍ ആധുനിക മുസ്‌ലിം സമൂഹത്തിന് സാധിച്ചിട്ടില്ല. ഇസ്‌ലാമിലൂന്നിനില്‍ക്കുന്ന സാമൂഹിക ശാസ്ത്ര ചിന്തകളും വിശകലനങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ടുമാത്രമേ ഒരു ജനകീയ ഇസ്‌ലാമിക വിപ്ലവപ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ.

 

അടിവേരറുക്കുന്ന വിയോജിപ്പുകള്‍ 

സലീം നൂര്‍ ഒരുമനയൂര്‍ 

ഇസ്ലാമിക ചരിത്രത്തില്‍ ഹിജ്റ സൃഷ്ടിച്ച വഴിത്തിരിവ് നിര്‍ണായകമായിരുന്നു. ഇസ്ലാമിലെ അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സം നേരിട്ടതുകൊണ്ടല്ല മുഹമ്മദ് നബി(സ) അനുചരന്മാര്‍ക്കൊപ്പം ഹിജ്‌റ ചെയ്തത്. ഒരു പുതിയ സാമൂഹികക്രമത്തിന്റെ  നിര്‍മാണം എന്ന മഹത്തായ ലക്ഷ്യം മുന്നില്‍കണ്ടായിരുന്നു അത്. പ്രവാചകന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കിയതുകൊണ്ടാണ് അനുയായികള്‍ പിറന്ന നാടും കുടുംബവും വിലപ്പെട്ട സമ്പത്തും ഉപേക്ഷിച്ച് ഹിജ്റ ചെയ്തത്. 

അനുയായികള്‍ സുരക്ഷിതമായി എത്തേണ്ടിടത്തെത്തി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നബി സന്തതസഹചാരി അബൂബക്‌റു(റ)മൊത്ത് യസ്രിബിലേക്ക് യാത്ര പുറപ്പെടുന്നത്. ശത്രുക്കളുടെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ ആളൊഴിഞ്ഞ വഴികള്‍ പരീക്ഷിച്ചെങ്കിലും, നൂറു ഒട്ടകമെന്ന ഖുറൈശിപ്രമുഖരുടെ മോഹന വാഗ്ദാനത്തില്‍ വശംവദരായി  നബിയെ പിടികൂടാന്‍ നിരവധി പേര്‍ ഇറങ്ങിത്തിരിച്ചിരുന്നു. യാത്രാമധ്യേ സുറാഖത്തു ബ്‌നു മാലികിന്റെ  മുന്നില്‍ പ്രവാചകന്‍(സ). അളവറ്റ സമ്പത്ത് ലഭിക്കാന്‍ പോകുന്ന സന്തോഷത്താല്‍ സുറാഖ മതിമറന്നു. അറേബ്യയിലെ സമ്പന്നരില്‍ ഒരാളായി താന്‍ മാറാന്‍ പോകുന്ന അസുലഭ നിമിഷത്തെ സുറാഖ സ്വപ്നം കണ്ടണ്ടു. 

പ്രവാചകന്‍ വളരെ ശാന്തനായി അയാളെ കാര്യങ്ങള്‍ ധരിപ്പിച്ചു. തനിക്ക് ലഭിക്കാന്‍ പോകുന്ന 'നൂറു ഒട്ടക' സൗഭാഗ്യമാണ് അയാളുടെ മനസ്സില്‍. സൗമ്യതയോടെ പ്രവാചകന്‍ അരുളി: 'കിസ്റ രാജാവിന്റെ വളകള്‍ നിന്റെ കൈകളിലണിയിക്കുന്ന ഒരു കാലം വരാനുണ്ട്.' ഇത് സുറാഖയെ മാറിച്ചിന്തിപ്പിച്ചു. എന്നോ വന്നേക്കാവുന്ന കിസ്‌റയുടെ അധികാര വളകള്‍ കൊതിച്ചിട്ടാകണം, സുറാഖ തനിക്ക് ലഭിക്കുമായിരുന്ന അതിരറ്റ സമ്പത്തുകള്‍ വേന്നെു വെച്ചു. 

സുറാഖ തീര്‍ത്തും പ്രവാചകനിഷേധിയായിരുന്നു. സമൂഹത്തിന്റെ സൗഭാഗ്യത്തിന് കാരണമാകുന്ന ഒരു സംഗതിക്കു വേണ്ടി സുറാഖ വഴിമാറുന്നതാണ് ചരിത്രം കാണിച്ചുതരുന്നത്. 

നമ്മുടെ സാമൂഹിക ചുറ്റുപാടുകളില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് നിരവധി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, പരസ്പരം പഴിചാരി ശത്രുക്കളെ സൃഷ്ടിക്കുന്ന പതിവ് അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭൗതിക  സമ്പത്തിനു വേി പരലോകത്തെ പണയം വെക്കുന്ന അഭിനവ ഖാറൂനുമാരും ഫിര്‍ഔനുമാരും ഇന്ന് നേതൃത്വം കൈയടക്കിയിരിക്കുന്നു. കാലം സുറാഖത്തുബ്‌നു മാലികിന്റെ കൈയില്‍ കിസ്റയുടെ വളകള്‍ അണിയിച്ച ചരിത്രം ഇത്തരക്കാര്‍ ഓര്‍ത്തിരുന്നെങ്കില്‍.

 

 

തലയോട്ടികളുടെ 'സ്വര്‍ഗം'

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

പരലോകത്ത് സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിക്കുന്ന മതവിശ്വാസികളെ പരിഹസിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത് സ്വര്‍ഗം ഭൂമിയില്‍തന്നെ പണിയുമെന്നാണ്. എന്നാല്‍ കമ്യൂണിസ്റ്റ് സ്വര്‍ഗങ്ങളില്‍നിന്ന് ചോര്‍ന്നുവന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു. ആളുകളെ ഉടലോടെ സ്വര്‍ഗത്തിലേക്ക് കയറ്റിവിടുകയായിരുന്നു. ഭൂമിയിലെ ഏറ്റവും ഭയാനകമായ നരകം തീര്‍ത്തുകൊണ്ടായിരുന്നു കമ്യൂണിസം ജൈത്രയാത്ര തുടങ്ങിയത്. മരണവണ്ടികള്‍ ഭരണകേന്ദ്രത്തിന്റെ മുറ്റത്ത് കാത്തുകിടന്നു. 'വാ' തുറന്നവര്‍ക്ക് ഉടനെ പാസ് നല്‍കി. ആരാണ് ഏറ്റവും കൂടുതല്‍ തലയോട്ടികള്‍ ശേഖരിച്ചത് എന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. കമ്യൂണിസ്റ്റ് സ്വേഛാധിപതികള്‍ കൊയ്‌തെടുത്ത തലകളുടെ ഏകദേശ കണക്ക് താഴെ കൊടുക്കുന്നു:

മാവോ സേതൂങ് (ചൈന) 50 ലക്ഷം, പോള്‍പോട്ട് (കമ്പോഡിയ) 30 ലക്ഷം, ജോസഫ് സ്റ്റാലിന്‍ (റഷ്യ) 30 ലക്ഷം, നികൊളാസ് ചെഷസ്‌ക്യൂ (റുമാനിയ) പതിനായിരം, മാര്‍ഷല്‍ ടീറ്റോ (യൂഗോസ്ലാവ്യ) പതിനായിരം, അന്‍വര്‍ ഹോജ (അല്‍ബേനിയ) പതിനായിരം, കിം ജോങ് ഇല്‍ (ഉത്തര കൊറിയ) പതിനായിരം.

'ശവമെത്തകള്‍ സ്വന്തമാക്കാത്ത' ഫിദല്‍ കാസ്‌ട്രോക്ക് അന്ത്യാഭിവാദ്യങ്ങള്‍ (ലക്കം 2980). കണക്കുകള്‍ നിരത്തിയ സി. ദാവൂദിന് അഭിനന്ദനങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍