Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

ഉത്തരേന്ത്യന്‍ മുസ്‌ലിം ശാക്തീകരണം കേരള മുസ്‌ലിംകളുടെ മുഖ്യ അജണ്ടയാവണം

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ / ബഷീര്‍ തൃപ്പനച്ചി

കലാപ-പ്രകൃതി ദുരന്തപ്രദേശങ്ങളിലെല്ലാം സാധ്യമായ ദുരിതാശ്വാസ-പുനരധിവാസപദ്ധതികളും സേവനപ്രവര്‍ത്തനങ്ങളും നടത്തുക രൂപീകരണം തൊട്ടേ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയിലുള്ളതാണ്. ഇത്തരം അടിയന്തര റിലീഫ്-റിഹാബിലിറ്റേഷന്‍ വര്‍ക്കുകള്‍ക്കപ്പുറം, കൃത്യമായ ആസൂത്രണത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും ഒരു ബൃഹദ് പദ്ധതിയായി വിഷന്‍ 2016 രൂപപ്പെടാനുായ സാഹചര്യം എന്തായിരുന്നു? 

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ് കേരളം. വിദ്യാഭ്യാസ-സാമ്പത്തിക മേഖലയിലെ പുരോഗതിയോടൊപ്പം ഇവിടത്തെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാന്തമാണ് എന്നത് കേരളത്തെ വേറിട്ടു 

നിര്‍ത്തുന്നു. ഈ അനുകൂലാന്തരീക്ഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന് വിദ്യാഭ്യാസ-സാമൂഹിക-സേവന മേഖലകളില്‍ ഒട്ടേറെ മാതൃകാ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ ഈ മേഖലകളില്‍ വേത്ര മുന്നേറ്റം നടത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിരുന്നില്ല. ഡോ. അബ്ദുല്‍ഹഖ് അന്‍സാരി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി ഉത്തരവാദിത്തമേറ്റയുടന്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സേവന സംരംഭങ്ങളെ മാതൃകയാക്കി അഖിലേന്ത്യാതലത്തില്‍ പദ്ധതികളാവിഷ്‌കരിക്കാന്‍ കേരള ജമാഅത്തിനോടാവശ്യപ്പെട്ടു.  ആ ലക്ഷ്യം മുന്നില്‍ കാണ് ഈയുള്ളവനെ അദ്ദേഹം ദല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്. 

1989-ല്‍ ബിഹാറിലെ ഭഗത്പൂരില്‍ കലാപമുായപ്പോള്‍ കെ.എം റിയാലു സാഹിബും ഒ. അബ്ദുല്ല സാഹിബും ഞാനും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഹൃദയഭേദകമായിരുന്നു ഞങ്ങള്‍ കണ്ട കാഴ്ചകള്‍. ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരെ തെരഞ്ഞുപിടിച്ച് അതിക്രൂരമായി അറുകൊല ചെയ്യുകയായിരുന്നു. ഞങ്ങളവിടെ സന്ദര്‍ശിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ വയലുകളിലും കുളങ്ങളിലുമായി കുഴിച്ചുമൂടിയ രീതിയിലായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിം ദുരന്തചിത്രങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു അത്. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം അന്നേ മനസ്സിലുണ്ടായിരുന്നു. പിന്നീട് ദല്‍ഹിയും മറ്റും പല പ്രാവശ്യം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ സര്‍വതലത്തിലുമുള്ള പിന്നാക്കാവസ്ഥ നേരിട്ടറിയാന്‍ സാധിച്ചു. 'കേരളത്തില്‍ വിദ്യാഭ്യാസ-സാമൂഹിക-സേവന രംഗങ്ങളില്‍ നിങ്ങള്‍ ആര്‍ജിച്ച മികച്ച നേട്ടങ്ങള്‍ മുന്നില്‍വെച്ച് അഖിലേന്ത്യാതലത്തില്‍ ഒരു പദ്ധതി തയാറാക്കണം' എന്ന് അമീര്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ആവശ്യപ്പെട്ടപ്പോള്‍ ഈ ഉത്തരേന്ത്യന്‍ അനുഭവങ്ങളെല്ലാം മനസ്സിലേക്ക് കടന്നുവന്നു. അതിനാല്‍തന്നെ കേവലമൊരു പ്രോജക്ടിനപ്പുറം ആസൂത്രിതവും ദീര്‍ഘവീക്ഷണവുമുള്ള ഒരു ബൃഹദ് പദ്ധതിയാവണമതെന്ന് തുടക്കം മുതലേ തീരുമാനിച്ചു. 

പ്രോജക്ട് തയാറാക്കുന്നതിന്റെ മുന്നോടിയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ഗ്രാമീണ മേഖലകള്‍ അതത് സംസ്ഥാനങ്ങളിലെ ജമാഅത്ത് നേതാക്കള്‍ക്കൊപ്പം ചുറ്റി സഞ്ചരിച്ചു. ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുഴുക്കളെപ്പോലെ കഴിഞ്ഞുകൂടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ദയനീയാവസ്ഥ നേരില്‍ കണ്ടു. സ്വന്തമായി കിടപ്പാടമോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത പതിനായിരങ്ങള്‍. പലര്‍ക്കും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പോ

ലുമില്ല. ദാരിദ്ര്യത്തിനു പുറമെ ബംഗ്ലാദേശികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തപ്പെട്ട് ഭരണകൂട പീഡനമടക്കം ഏറ്റുവാങ്ങുന്ന നിസ്സഹായരായിരുന്നു അവരില്‍ പലരും. പ്രാഥമിക വിദ്യാഭ്യാസവും ചികിത്സാ സൗകര്യവും വെയിലും മഴയുമേല്‍ക്കാത്ത സുരക്ഷിതമായ കൊച്ചുകൂരയും രണ്ടുനേരം സാമാന്യം നല്ല ഭക്ഷണവും ഇവരില്‍ ഭൂരിപക്ഷത്തിനും സ്വപ്നം മാത്രമായിരുന്നു. ഈ യാത്ര പകര്‍ന്നുതന്ന തീഷ്ണമായ ഇന്ത്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രഗത്ഭരുടെ സഹായത്തോടെ ഒരു പ്രോജക്ട് തയാറാക്കി 2006-ല്‍ അമീര്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിക്ക് സമര്‍പ്പിച്ചു. അദ്ദേഹം ആ പ്രോജക്ട് അംഗീകരിച്ചതോടെ 'വിഷന്‍ 2016' എന്ന പേരില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കുകയായിരുന്നു. 

 

'വിഷനു' വേണ്ടി മുന്നോട്ടുവെച്ച പ്രഥമ പ്രോജക്ടിന്റെ ഉള്ളടക്കമെന്തായിരുന്നു? പ്രായോഗികമായി എങ്ങനെയാണ് അതിന് തുടക്കം കുറിച്ചത്?

ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് മുഖ്യകാരണം വിദ്യാഭ്യാസമില്ലായ്മയാണെന്ന് പ്രോജക്ടിനു വേണ്ടിയുള്ള യാത്രയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പരിധിവരെ വിദ്യാഭ്യാസമില്ലായ്മയുമായി തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ പ്രഥമ പ്രോജക്ടില്‍ വിദ്യാഭ്യാസപദ്ധതികള്‍ക്കും ബോധവല്‍ക്കരണത്തിനുമാണ് മുഖ്യ ഊന്നല്‍ നല്‍കിയിരുന്നത്. തൊഴില്‍ പരിശീലനങ്ങള്‍, തൊഴിലുപകരണങ്ങളുടെ വിതരണം, ഭവന നിര്‍മാണ പദ്ധതികള്‍, നിയമ പോരാട്ടങ്ങള്‍ക്കായുള്ള സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ വേദികള്‍, അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നല്‍കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനം എന്നിവയായിരുന്നു മറ്റു പദ്ധതികള്‍. കലാപങ്ങളും പ്രകൃതിദുരന്തങ്ങളും സംഭവിക്കുമ്പോള്‍ അവിടെ കുതിച്ചെത്തി അടിയന്തര സേവനം ചെയ്യുന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്ന് മുദ്രകുത്തി അന്യായമായി വര്‍ഷങ്ങളോളം ജയിലിലിടുന്ന ഭരണകൂട വേട്ട ഇന്നത്തെപ്പോലെ അന്നും ചില സംസ്ഥാനങ്ങളില്‍ സജീവമായിരുന്നു. അത്തരം കേസുകളില്‍ നിയമ പോരാട്ടം നടത്തുന്നതിനു വേണ്ടിയാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) കൂടി വിഷന്റെ ഭാഗമാക്കിയത്. 

ഹ്യൂമന്‍ വെല്‍െഫയര്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് അതിനു കീഴില്‍ വ്യത്യസ്ത എന്‍.ജി.ഒകള്‍ രൂപീകരിച്ചാണ് വിഷന്‍ 2016 പ്രായോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. ആരോഗ്യ-സാമൂഹികസേവന രംഗത്ത് ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, പൗരാവകാശ സംരക്ഷണത്തിനും നിയമപോരാട്ടങ്ങള്‍ക്കുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മൈക്രോഫിനാന്‍സ് പ്രവര്‍ത്തകര്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സഹൂലത്ത്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായി മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി എന്നീ എന്‍.ജി.ഒകള്‍  നിലവില്‍വന്നു. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട വായ്പകള്‍, സംരംഭകത്വം, തൊഴില്‍ പരിശീലനങ്ങള്‍, മനുഷ്യാവകാശ പോരാട്ടങ്ങള്‍, റിലീഫ്-റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഈ സന്നദ്ധ സംഘടനകള്‍ക്കു കീഴില്‍ നിരവധി പദ്ധതികളാണ് ഇന്ത്യയിലുടനീളം നടപ്പാക്കിയത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു പ്രത്യേക പദ്ധതിക്കും വിഷന്‍ രൂപം കൊടുത്തിരുന്നു. പല കാരണങ്ങളാല്‍ അക്കാര്യത്തില്‍ വിഷന് വേണ്ടത്ര മുന്നോട്ടുപോകാനായില്ല.

 

ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതി എന്നതിനപ്പുറം സംഘടനാതീതമായി ഇന്ത്യന്‍ മുസ്‌ലിംകളുടെ ശാക്തീകരണത്തിനുള്ള പൊതു പ്രോജക്ടായി മാറാന്‍ വിഷന് സാധിച്ചിട്ടുണ്ട്. സംഘടനാതലത്തിനപ്പുറത്തേക്ക് ഈ പദ്ധതിയെ വികസിപ്പിക്കാന്‍ എങ്ങനെയാണ് സാധിച്ചത്? 

വിഷന്റെ പ്രാഥമിക പ്രോജക്ടുകള്‍ തയാറാക്കുന്ന വേളയില്‍തന്നെ സംഘടനാതീതമായി ഓരോ മേഖലയിലെയും പ്രഗത്ഭരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഞങ്ങള്‍ തേടിയിരുന്നു. സമീപിച്ചവരെല്ലാം വളരെ പോസിറ്റീവായാണ് ഇതിനോട് സഹകരിച്ചത്. വിഷന്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ വന്‍ സാമ്പത്തിക സഹായങ്ങള്‍ ആവശ്യമായിരുന്നു. സാധ്യമാവുന്നവരെയെല്ലാം തുടക്കം മുതല്‍തന്നെ സമീപിക്കുകയും അവരെ വിഷന്റെ ഭാഗമാക്കുകയും ചെയ്തു. ദല്‍ഹിയിലും മറ്റുമുള്ള സാമൂഹിക പ്രവര്‍ത്തകരായ ചില പ്രമുഖ വ്യക്തികള്‍ വിഷന് അകമഴിഞ്ഞ പിന്തുണയുമായെത്തുകയും ചെയ്തു. അലീഗഢ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി സയ്യിദ് ഹാമിദ്, സിറാജ് ഹുസൈന്‍ (ഐ.എ.എസ്) എന്നിവര്‍ അവരില്‍പെടും. സയ്യിദ് ഹാമിദായിരുന്നു വിഷന്‍ 2016-ന്റെ ആദ്യ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ പരിചയവും അനുഭവങ്ങളും വിഷന്‍ ടീമിന്റെ മുന്നോട്ടുപോക്കിന് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. കേരളത്തില്‍നിന്ന് ഗള്‍ഫാര്‍ പി. മുഹമ്മദലി, ഡോ. കുന്നേല്‍ ബശീര്‍, ഡോ. മുബാറക് പാഷ എന്നിവര്‍ തുടക്കം മുതലേ വിഷന്റെ ഉത്തരവാദപ്പെട്ട വേദികളിലുണ്ടായിരുന്നവരാണ്. വിദ്യാഭ്യാസ-തൊഴില്‍-സേവന സംരംഭങ്ങള്‍ തുടങ്ങിയേടത്തൊക്കെ അതത് രംഗങ്ങളിലെ പരിചയസമ്പന്നരെ വിഷന്‍ സമീപിക്കുകയും അവരതിന്റെ ഭാഗമാവുകയും ചെയ്തു. പിന്നെ സംഘടനാതീതമായി മുഴുവന്‍ മലയാളികളും, വിശിഷ്യാ ഗള്‍ഫ് മലയാളികള്‍ വിഷന്റെ പ്രധാന പിന്‍ബലമായിത്തീര്‍ന്നു. ഇങ്ങനെ എല്ലാവരും വിഷനെ സ്വന്തം പദ്ധതിയായി ഏറ്റെടുക്കുകയായിരുന്നു. അതാണ് വിഷന്റെ ഇതുവരെയുള്ള മുന്നോട്ടുപോക്കിന്റെ മുഖ്യ ഊര്‍ജവും. 

 

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ജനകീയ സ്വഭാവത്തില്‍ വലിയ സ്വാധീനമുള്ള സംഘടനകള്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ അവരുടെ അജണ്ടയില്‍ സ്ഥാനം പിടിക്കാറുാേ?

ഉത്തരേന്ത്യന്‍ മതസംഘടനകളൊക്കെ കേവലം 'ദീനീ' അജണ്ടകളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. മത-സാമുദായിക വിഷയങ്ങള്‍ക്കപ്പുറമുള്ള പരിപാടികളെക്കുറിച്ചൊന്നും അവരിതുവരെ ആലോചിച്ചിട്ടു പോലുമുണ്ടോ എന്ന് സംശയമാണ്. പ്രകൃതിദുരന്തങ്ങളോ കലാപങ്ങളോ ഉണ്ടാകുമ്പോള്‍ ചെയ്യുന്ന ചില്ലറ സേവനങ്ങള്‍ മാത്രമാണിതിന് അപവാദം. ദീനീ മദാരിസുകളല്ലാത്ത പ്രാഥമിക വിദ്യാലയങ്ങള്‍ പോലും ഈ സംഘടനകള്‍ക്കു കീഴിലില്ല. കുറച്ചെങ്കിലും പ്രാഥമിക സ്‌കൂളുകളും തൊഴില്‍ പരിശീലന സ്ഥാപനങ്ങളുമുള്ളത് ജമാഅത്തെ ഇസ്‌ലാമിക്കു കീഴിലാണ്. ഉന്നത ഭൗതിക കലാലയങ്ങളാവട്ടെ ജമാഅത്തിനു കീഴില്‍ പോലുമില്ല. വിഷന്‍ പദ്ധതികള്‍ ആരംഭിച്ചതോടെ ഈ രംഗത്ത് മാറ്റങ്ങളുണ്ടാവുന്നു്. ഒട്ടേറെ സ്‌കൂളുകളും ഹോസ്റ്റലുകളും ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും തൊഴില്‍ പരിശീലനകേന്ദ്രങ്ങളും ജമാഅത്തിന്റെ പിന്തുണയോടെ പല സംസ്ഥാനങ്ങളിലും വിഷനു കീഴില്‍ ആരംഭിച്ചുകഴിഞ്ഞു. 

 

വിഷന്‍ പ്രോജക്ടുകള്‍ പത്തു വര്‍ഷം പിന്നിട്ടു. എന്നിട്ടും അത് മുസ്‌ലിം സംഘടനാ അജണ്ടകളില്‍ സ്വാധീനം ചെലുത്തിയില്ലെന്നാണോ? 

ഉത്തരേന്ത്യന്‍ മുസ്‌ലിം സംഘടനകളുടെ അജണ്ടയിലോ മുന്‍ഗണനാക്രമങ്ങളിലോ പറയത്തക്ക സ്വാധീനമൊന്നും വിഷന്‍ 2016 ഉണ്ടാക്കിയിട്ടില്ലെന്നുതന്നെയാണ് തോന്നുന്നത്. അവരിപ്പോഴും സാമ്പ്രദായിക മത അജണ്ടകളില്‍ തന്നെയാണ് കറങ്ങുന്നത്. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം പോലും അവര്‍ക്ക് അജണ്ടയായിട്ടില്ല. പട്ടിണിയും ദാരിദ്ര്യവുമൊക്കെ ഒരു വശത്ത് നിലനില്‍ക്കെ, അതിനു നേരെ കണ്ണടച്ച് പരമ്പരാഗത ഫിഖ്ഹ് പഠിച്ചും പഠിപ്പിച്ചും ജീവിക്കുകയാണവര്‍. തീവ്രവാദ കേസുകളില്‍ അന്യായമായി കുരുക്കപ്പെട്ടവര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്താന്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മുന്നോട്ടുവന്നത് മാത്രമാണ് ഏക അപവാദം. അപ്പോഴും വിദ്യാഭ്യാസ-സേവന-തൊഴില്‍ മേഖലയിലെ മുസ്‌ലിം ശാക്തീകരണ അജണ്ടയിലേക്കു വരാന്‍ അവര്‍ തയാറായിട്ടില്ല. ഈ സംഘടനകളെപോലെതന്നെ ഉത്തരേന്ത്യന്‍ മുസ്‌ലിം സമ്പന്നരില്‍നിന്നും വിഷന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയിട്ടില്ല. അവിടത്തെ സമ്പന്നര്‍ക്ക് മുസ്‌ലിം സാധാരണക്കാരോ അവരുടെ പട്ടിണിയോ പിന്നാക്കാവസ്ഥയോ ഒന്നും പരിഗണനീയ വിഷയം പോലുമല്ല. എന്നാല്‍, ചില ഉത്തരേന്ത്യന്‍ പ്രവാസി മുസ്‌ലിം കൂട്ടായ്മകളും വ്യക്തികളും വിഷനെ സഹായിച്ചിട്ടുണ്ടെന്ന കാര്യം എടുത്തുപറയേണ്ടതു്. 

അതേസമയം, കേരളീയ മുസ്‌ലിം സംഘടനകളിലും സ്ഥാപനങ്ങളിലും വിഷന്‍ പദ്ധതികള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ ഗുണഫലം വ്യത്യസ്ത പ്രോജക്ടുകളിലൂടെ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊിരിക്കുന്നുണ്ട്. സംഘടനകളും സ്ഥാപനങ്ങളും ഉത്തരേന്ത്യയില്‍ വ്യത്യസ്തമായ  പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ഏറ്റക്കുറച്ചിലോടെ എല്ലാ കേരളീയ മുസ്‌ലിം സംഘടനകളുടെയും അജണ്ടയില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിം ശാക്തീകരണം സ്ഥാനം പിടിച്ചിട്ടു്. മലയാളി മുസ്‌ലിം സമ്പന്നരില്‍ ചിലര്‍ വ്യക്തിപരമായിത്തന്നെ ചില പ്രോജക്ടുകള്‍ അവിടെ നടപ്പാക്കുന്നുണ്ട്. വലിയ മാറ്റമാണിതെല്ലാം. 


വിഷന്‍ 2016-നു കീഴില്‍ പൂര്‍ത്തീകരിച്ച വലിയ പ്രോജക്ടുകളിലൊന്നായിരുന്നു ന്യൂദല്‍ഹിയിലെ അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. ആതുരസേവനരംഗത്ത് ശ്രദ്ധ പതിപ്പിക്കാന്‍ വിഷനെ പ്രേരിപ്പിച്ച ഘടകം?

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍, വിശേഷിച്ച് മുസ്‌ലിം പോക്കറ്റുകളില്‍ ചികിത്സാ സൗകര്യങ്ങള്‍ വളരെ വിരളമാണ്. സാധാരണഗതിയില്‍ ഒരസുഖം ബാധിച്ചാല്‍ ഗ്രാമത്തിലുള്ള അപ്പോത്തിക്കിരിയെയാണ് അവര്‍ സമീപിക്കുക. നമ്മുടെ നാട്ടിലെ പഴയ കമ്പോണ്ടറുടെ നിലവാരമേ ഈ അപ്പോത്തിക്കിരിക്കുണ്ടാവൂ. എന്നിട്ടും അസുഖം മാറിയില്ലെങ്കില്‍ ദൂരെയുള്ള സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ സമീപിക്കും. അവിടെയും ചികിത്സാ സൗകര്യം പരിമിതമായിരിക്കും. അതിനപ്പുറം ചികിത്സ തേടാനുള്ള അറിവോ ശേഷിയോ അവര്‍ക്കില്ലാത്തതിനാല്‍ ചികിത്സ അവിടെ അവസാനിക്കും. ഒന്നുകില്‍ ഭാഗ്യത്തിന് അസുഖം ഭേദമാകും. അല്ലെങ്കില്‍ രോഗി മരണമടയും. ഈയൊരവസ്ഥക്ക് ചെറിയ മാറ്റമെങ്കിലുമുണ്ടാവണമെന്ന ആലോചനയില്‍നിന്നാണ് അല്‍ശിഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിച്ചത്. ഗ്രാമങ്ങളില്‍നിന്ന് വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളവരെ വിഷന്‍ വളന്റിയര്‍മാര്‍ അല്‍ശിഫ ഹോസ്പിറ്റലില്‍ എത്തിക്കുന്നു. ദല്‍ഹി നിവാസികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാ സൗകര്യമൊരുക്കി ഹോസ്പിറ്റലുകള്‍ക്ക് മാതൃകയാകാനും അല്‍ശിഫക്ക് സാധിക്കുന്നുണ്ട്. 


മൈക്രോഫിനാന്‍സ്-ചെറുകിട വായ്പാ-രംഗത്ത് വിഷന് കീഴിലെ 'സഹൂലത്ത്' നിര്‍വഹിക്കുന്ന ദൗത്യം? 

ഇന്ത്യയിലുടനീളം പലിശരഹിത മൈക്രോഫിനാന്‍സ് കോ-ഓപറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഹൂലത്ത്' രൂപവത്കരിച്ചത്. ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കുന്ന സംവിധാനമാണ് 'സഹൂലത്തി'ന്റെ ശ്രദ്ധേയ പദ്ധതികളിലൊന്ന്. മറ്റ് സംരംഭകത്വ പദ്ധതികളും സഹൂലത്തിനു കീഴില്‍ നടന്നുവരുന്നുണ്ട്. ബിഹാറില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഖൈര്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാതൃകയിലാണ് 'സഹൂലത്ത്' ഇത്തരം സൊസൈറ്റികള്‍ മറ്റ് പ്രദേശങ്ങളിലും തുടങ്ങിയത്. നിലവില്‍ 36 പ്രദേശങ്ങളില്‍ ഇത്തരം പലിശരഹിത സൊസൈറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ക്രമപ്രവൃദ്ധമായി ഇവയുടെ എണ്ണം വര്‍ധിപ്പിച്ച് സേവനം സാധ്യമാകുന്നത്ര ഗ്രാമീണര്‍ക്ക് ലഭ്യമാക്കാനാണ് വിഷന്‍ ലക്ഷ്യമിടുന്നത്. സംഗമം (കേരളം, പോണ്ടിച്ചേരി), ഖിദ്മത്ത് (ആന്ധ്രാ പ്രദേശ്, തെലങ്കാന), സഹായത (പശ്ചിമ ബംഗാള്‍, അസം), യൂനിറ്റി (മഹാരാഷ്ട്ര, ഗുജറാത്ത്), അല്‍ഖൈര്‍ (ദല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്) തുടങ്ങിയ മൈക്രോഫിനാന്‍സ് സൊസൈറ്റികളൊക്കെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് സഹൂലത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഡോ. അര്‍ശദ് അജ്മലാണ് സഹൂലത്തിന്റെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ സമര്‍പ്പണവും കാഴ്ചപ്പാടുകളുമാണ് ഈ രംഗത്ത് വലിയ രീതിയില്‍ മുന്നോട്ടുപോകാന്‍ വിഷനെ സഹായിച്ചത്. 


ത്രിതല പഞ്ചായത്ത് ഫണ്ടുകളും മറ്റ് സര്‍ക്കാര്‍ പദ്ധതികളുമടക്കം ഒട്ടേറെ ഗ്രാമീണ വികസന പ്രോജക്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴിലുണ്ട്. ഇവയെ കാര്യമായി ഉപയോഗപ്പെടുത്താനുള്ള ആലോചന വിഷന്‍ നടത്തുന്നുണ്ടോ? വിഷന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ? 

ദല്‍ഹിയിലെ അല്‍ശിഫ ഹോസ്പിറ്റലിന് ഷീലാ ദീക്ഷിത് ഗവണ്‍മെന്റ് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപോലെ മറ്റൊരു പദ്ധതിക്ക് പ്രണബ് മുഖര്‍ജിയുടെ എം.പി ഫണ്ടില്‍നിന്ന് 10 ലക്ഷവും ലഭിച്ചു. ഇവ മാറ്റിനിര്‍ത്തിയാല്‍ എടുത്തുപറയത്തക്ക സഹായങ്ങളൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്ന് വിഷന്‍ പദ്ധതികള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍  വിഷന്റെ ഒരു പദ്ധതിക്കും ഉദ്യോഗസ്ഥ-സര്‍ക്കാര്‍ തലങ്ങളില്‍നിന്ന് ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നത് പ്രസ്താവ്യമാണ്. പൊതുവെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഴിയോ മറ്റ് സര്‍ക്കാര്‍ പ്രോജക്ടുകള്‍ മുഖേനയോ ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ കുറവാണ്. അത്തരം പദ്ധതികളെപ്പറ്റി ഗ്രാമീണര്‍ക്കോ അവരുടെ ജനപ്രതിനിധികള്‍ക്കോ വേണ്ടത്ര ധാരണയില്ല എന്നതാണ് യാഥാര്‍ഥ്യം. എം.എല്‍.എ-എം.പി ഫണ്ടുകളാവട്ടെ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലേക്ക് എത്താറുമില്ല. ഫണ്ടുകള്‍ ഇവിടത്തെപ്പോലെ അവിടെയുമുണ്ട്. ഉപയോഗിക്കാതെ ലാപ്‌സായി പോകാറാണെന്നു മാത്രം. വിഷന്റെ ഉത്തരവാദപ്പെട്ട വേദികളില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്. വിഷന്‍ 2026-ന്റെ ഊന്നലുകളില്‍ മുഖ്യമായ ഒന്ന്, ഈ സര്‍ക്കാര്‍ ഫണ്ടുകളെ ഗ്രാമീണ ശാക്തീകരണത്തിന് സാധ്യമാവുംവിധം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ്. അതിനായി ഗ്രാമീണരെയും ജനപ്രതിനിധികളെയും ബോധവല്‍ക്കരിക്കാനും വിഷന് പദ്ധതികളുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിത പദ്ധതികള്‍ അതത് സമയം അന്വേഷിച്ചറിഞ്ഞ് അവ ഗ്രാമീണര്‍ക്ക് നേടിക്കൊടുക്കാനുള്ള ഊര്‍ജിതശ്രമം വിഷന്‍ 2026-ന്റെ മുഖ്യലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി എം.എല്‍.എ-എം.പി ഫണ്ടുകളും മറ്റ് പദ്ധതികളും പരമാവധി അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ ഈ മേഖലയിലേക്ക് അനുവദിക്കുന്ന ഫണ്ടുകളും പദ്ധതികളും ലാപ്‌സാവുകയാണ്. അത് നേടിയെടുക്കാനുള്ള രാഷ്ട്രീയ സാക്ഷരത അവിടത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്ന് വിഷന്‍ ആഗ്രഹിക്കുന്നു. 

 

വിഷന്‍ 2016 ഇപ്പോള്‍ വിഷന്‍ 2026 ആയി വികസിച്ചിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം അധഃസ്ഥിത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോള്‍ വിഷന്‍ പദ്ധതികള്‍ എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ട്? 

വിഷന്‍ ഇനിയും നീണ്ടുപോകും. പ്രോജക്ടുകള്‍ 2026-നു ശേഷവും തുടരേണ്ടിവരും. പത്തോ ഇരുപതോ വര്‍ഷം കൊണ്ട് പരിഹരിക്കാവുന്ന പിന്നാക്കാവസ്ഥയിലല്ല ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍. വിഷന്‍ പ്രോജക്ടുകള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഓരോ പത്തു വര്‍ഷവും മുമ്പില്‍വെച്ച് ആസൂത്രണത്തോടെ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കുന്നുവെന്നു മാത്രം. ഒന്ന് പൂര്‍ത്തീകരിക്കുമ്പോള്‍ അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതികളൊരുക്കേണ്ടിവരും. 

ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെച്ചുനോക്കുമ്പോള്‍ വിഷന്‍ പദ്ധതികള്‍ സമുദ്രത്തിലെ തുള്ളിയാണ്. അത് ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് എന്നു പറഞ്ഞുകൂടാ. പരിഹാരശ്രമങ്ങളുടെ ചെറു മാതൃകയും തുടക്കവുമാണെന്നു പറയാം. വിഷന്‍ ഒരു മോഡല്‍ പ്രോജക്ട് മാത്രമാണ്. ഇങ്ങനെയൊക്കെ സാധ്യമാണെന്ന് സര്‍ക്കാറിനും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും കാണിച്ചുകൊടുക്കുകയാണ് വിഷന്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. സര്‍ക്കാറടക്കമുള്ള എല്ലാ സംവിധാനങ്ങളും കൂട്ടായ്മകളും ഇത്തരം ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയാല്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ് ഈ പിന്നാക്കാവസ്ഥയെന്ന് തെളിയിച്ചുകൊടുക്കുകയാണ് വിഷന്‍.  

 

കേരളീയ മുസ്‌ലിം കൂട്ടായ്മകളും സംഘടനകളും ഉത്തരേന്ത്യന്‍ മുസ്‌ലിം ശാക്തീകരണത്തെ അജണ്ടയില്‍ ഏറ്റക്കുറവോടെ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് താങ്കള്‍ സൂചിപ്പിച്ചു. ഈ രംഗത്ത് പദ്ധതികളൊരുക്കുമ്പോള്‍ ഈ മേഖലയിലുളളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? 

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭൗതികമായ ശേഷിയും സമാധാനപരമായ സാമൂഹികാന്തരീക്ഷവും കേരളീയ മുസ്‌ലിംകള്‍ക്കാണ് ഇന്ത്യയില്‍ ഏറെ ലഭ്യമായിട്ടുള്ളത്. അതിന്റെ ഗുണഫലം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നമുക്കാവണം. ഇന്ത്യന്‍ മുസ്‌ലിംകളെ വിസ്മരിച്ച് നമുക്കു മാത്രമായി ഒരു സ്വര്‍ഗമില്ലെന്ന് മലയാളി മുസ്‌ലിംകളും കൂട്ടായ്മകളും തിരിച്ചറിയണം. ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സംഘടനാ അജണ്ടകളും മുന്‍ഗണനാക്രമങ്ങളും അവരെക്കൂടി മുന്നില്‍ കണ്ടാവണം തയാറാക്കേണ്ടത്.  അവരുടെ സാമൂഹിക ശാക്തീകരണവും സംഘാടനവും നമ്മുടെ കൂടി അജണ്ടയാവണം. അത്തരമൊരു ഗുണപരമായ മാറ്റം ഇപ്പോള്‍ ഉണ്ടായിവരുന്നുണ്ട്. ഇത് കൃത്യമായി ലക്ഷ്യത്തിലെത്തണമെങ്കില്‍ പരസ്പര ധാരണയും ഏകോപനവും അനിവാര്യമാണ്. അല്ലെങ്കില്‍ കടലില്‍ കായം കലക്കുന്ന പോലെയാകും. ഓരോ സംഘടനയും  അവര്‍ക്കു കീഴില്‍ പ്രത്യേക പ്രദേശമോ സവിശേഷ പ്രോജക്ടുകളോ ഏറ്റെടുക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കുവെച്ചാല്‍ വ്യത്യസ്ത പദ്ധതികളുമായി മറ്റൊരു പ്രദേശം അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇത്തരമൊരു ഏകോപനവേദിയുണ്ടാക്കാനുള്ള ശ്രമം ഈയിടെ നടത്തിയിരുന്നു. വിഷനുമായി സഹകരിക്കുന്ന ഒട്ടേറെ വ്യക്തികളും കൂട്ടായ്മകളും ഉത്തരേന്ത്യയില്‍ സ്വന്തമായി പദ്ധതികള്‍ നടപ്പിലാക്കുന്ന മറ്റു ചില കൂട്ടായ്മകളും വ്യക്തികളും അതില്‍ പങ്കെടുത്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി ആ കൂട്ടായ്മയില്‍ രൂപീകരിച്ചിട്ടുണ്ട്. സാധ്യമാവുന്ന രംഗങ്ങളിലെല്ലാം യോജിച്ചും സഹകരിച്ചും പരസ്പര ധാരണയോടെ മുന്നോട്ടുപോകണമെന്ന് ആ യോഗത്തില്‍ തീരുമാനിച്ചിട്ടു്. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഉത്തരേന്ത്യന്‍ മുസ്‌ലിം ശാക്തീകരണം പ്രധാന അജണ്ടയായി സ്വീകരിക്കുകയും ന്യൂ

നപക്ഷ ഉന്നമനത്തിനുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ വൈകാതെ നേരിയ മാറ്റങ്ങളെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍