അസമിന്റെ പുത്രന്‍ വിടവാങ്ങി
'അസമിന്റെ പുത്രന്‍' എന്നറിയപ്പെട്ടിരുന്ന നിയമവിദഗ്ധനും ഗാന്ധിയനുമായ അഡ്വ. മക്‌റം അലി ലസ്‌കര്‍ അന്തരിച്ചു. പ്രതിസന്ധികളോട് പൊരുതി വിളര്‍ന്ന മക്‌റം അലി, അസമിലെ പിന്നാക്ക മുസ്‌ലിം സമൂഹത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്നുവന്ന വ്യക്തിത്വമാണ്. 1935-ല്‍ അസമിലെ അന്നത്തെ കാച്ചിര്‍ ജില്ലയില്‍ ഹൈലാകണ്ടി, നിതൈനാഗര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം 2017 ജനുവരി 10-ന് 82-ാമത്തെ വയസ്സിലാണ് വിടവാങ്ങിയത്.
ഹൈലാകണ്ടിയിലെ പ്രസിദ്ധ ഗോത്ര വിഭാഗമാണ് ലസ്‌കര്‍. കച്ചവടക്കാരനായിരുന്ന ഹബീബ് അലി ലസ്‌കറിന്റെയും മസുര്‍ജാന്‍ ബീവിയുടെയും മകനായിട്ടാണ് ജനനം. ഏഴു സഹോദരങ്ങളുണ്ടായിരുന്നു മക്‌റം അലിക്ക്. പിതാവിന്റെ മരണത്തോടെ അനാഥരായിട്ടാണ് വളര്‍ന്നത്. പക്ഷേ, മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ മസുര്‍ജാന്‍ ബീബി വിജയിച്ചു. മക്‌റം ലസ്‌കറിന്റെ ഇളയ സഹോദരന്‍ നൂറുല്‍ ഹുദാ ലസ്‌കര്‍ ഹൈലാകണ്ടി ജില്ലാ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. 2012-ല്‍ മരിച്ച മറ്റൊരു സഹോദരന്‍ നൂറുല്‍ ഇസ്‌ലാം ലസ്‌കര്‍ അറിയപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
ഹൈലാകണ്ടിയിലെ പ്രസിദ്ധമായ വിക്‌ടോറിയ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍നിന്ന് 1952-ല്‍ മെട്രിക്കുലേഷന്‍ പാസായ മക്‌റം അലി സില്‍ചാറിലെ ഗുരുചരണ്‍ കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി. ഗുവാഹത്തി കോട്ടണ്‍ കോളേജില്‍നിന്ന് ബി.എയും ഗുവാഹത്തി യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1962-ല്‍ നിയമബിരുദവും നേടി. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ പൂര്‍ത്തിയാക്കി.
ഗുവാഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച മക്‌റം അലിക്ക് പ്രസിദ്ധ നിയമജ്ഞന്‍ ബി.എല്‍ ഹന്‍സാരിയയോടൊപ്പം പ്രവര്‍ത്തിക്കാനും നിയമത്തില്‍ ഗവേഷണം നടത്താനും അവസരം ലഭിച്ചു. 1969-'76 കാലത്ത് മക്‌റം അലി ഗുവാഹത്തി യൂനിവേഴ്‌സിറ്റിയിലെ നിയമവിഭാഗത്തില്‍ അധ്യാപകനായിരുന്നു. 1976-ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ 'സ്റ്റാന്റിംഗ് കൗണ്‍സല്‍ ഫോര്‍ യൂനിയന്‍ ഓഫ് ഇന്ത്യ'യായി നിയമിക്കപ്പെട്ടു. അസം ഗവണ്‍മെന്റ് പാനല്‍ അഡ്വക്കറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഒട്ടനവധി സിവില്‍, ക്രിമിനല്‍, കോണ്‍സ്റ്റിറ്റിയൂഷണല്‍ കേസുകള്‍ അദ്ദേഹം വാദിക്കുകയുണ്ടായി. 1986-ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കറ്റായി മറ്റു അഞ്ചു പേരോടൊപ്പം അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1991-ല്‍ അസം ഗവണ്‍മെന്റിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ടു. 'ആഭിജാത്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമന്വയമായിരുന്നു മക്‌റം അലി' എന്നാണ് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് മക്‌റം അലിയെക്കുറിച്ച് പറഞ്ഞത്.
ഷേക്‌സ്പിയര്‍, ടാഗോര്‍, ഖാസി നസ്‌റുല്‍ ഇസ്‌ലാം എന്നിവരെ വായിച്ചിരുന്ന അദ്ദേഹം, അസമിന്റെ പരമ്പരാഗത സംഗീതത്തില്‍ അതീവ തല്‍പരനുമായിരുന്നു. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം, സ്വാതന്ത്ര്യ സമരസേനാനിയും ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുല്‍ കലാം ആസാദിനാല്‍ പ്രചോദിതനായിരുന്നു. ശരത്ചന്ദ്ര സിന്‍ഹയോടൊപ്പം അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തില്‍ മക്‌റം അലി സജീവമായി പങ്കെടുത്തു. ഇതിന്റെ ഭാഗമായി 1983-ല്‍ അദ്ദേഹം അസം നിയമസഭയിലേക്ക് മത്സരിക്കുകയുണ്ടായി. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരായി രൂപീകരിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരിച്ചതെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് നിയമരംഗത്ത് സജീവമായ അദ്ദേഹം 2002 -നുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഒരു മകന്‍ അസീം ലസ്‌കര്‍ സുപ്രീം കോടതിയിലും ഇംറാന്‍ ലസ്‌കര്‍ ഗുവാഹത്തി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു. 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍' എന്ന് നിരന്തരം പഴികേള്‍ക്കുന്ന അസം മുസ്‌ലിംകളില്‍നിന്ന് അഭിമാനകരമായ ഇത്തരം പദവികളിലേക്ക് എത്തിച്ചേരുന്നവര്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നുണ്ട്.
'മുസ്‌ലിംകള്‍ വ്യക്തിനിയമങ്ങള്‍ സ്വയം ലംഘിക്കുന്നു'
മുസ്‌ലിംകള്‍ സ്വയം വ്യക്തിനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഗവണ്‍മെന്റിനോടും മറ്റും അതിന്റെ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്നത് അര്‍ഥശൂന്യമാണെന്നും ഇസ്‌ലാമിക ശരീഅത്തിന്റെ സൗന്ദര്യവും സൗരഭ്യവും ലോകത്തിനു മുന്നില്‍ പ്രായോഗികമായി കാണിച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ സന്നദ്ധമാകണമെന്നും ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മൗലാനാ റഫീഖ് ഖാസിമി. ഇസ്‌ലാമിക അധ്യാപനങ്ങള്‍ സ്വന്തം ജീവിതം കൊണ്ടാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പക്കേണ്ടത്- അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി നടത്തുന്ന 'സോഷ്യല്‍ റിഫോര്‍മേഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ ഓഫ് ശരീഅ' എന്ന കാമ്പയിന്റെ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധേരിയിലെ മില്ലത്ത് നഗര്‍ ജിംനേഷ്യ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം റാശിദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവിതം ശുദ്ധീകരിക്കലാണ് മറ്റുള്ളവരുടെ തെറ്റുകളെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ പ്രധാനമെന്നും നല്ല കുടുംബവും നല്ല സമൂഹവും രൂപപ്പെടുത്താന്‍ ഇത് സ്വാഭാവികമായി വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മൗലാനാ അബൂസഫര്‍ ഹസന്‍ അസ്ഹരി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിനു വേണ്ടി ജീവിക്കുക എന്നത് ഇസ്‌ലാമിന്റെ സുപ്രധാന അധ്യാപനമാണ്. ഇത് വ്യക്തിയെ വിശ്വാസ യോഗ്യനും സമൂഹത്തില്‍ ആദരണീയനുമാക്കും. ഇസ്‌ലാം മറ്റുള്ളവര്‍ക്ക് പലതും നല്‍കാനാണ് വന്നത്, അവരില്‍നിന്ന് ഒന്നും എടുക്കാനല്ല- അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ 2000-ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഔറംഗാബാദില്‍ കൂറ്റന്‍ സംവരണ റാലി
വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്‌ലിംകള്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ നാലു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. സച്ചാര്‍-രംഗനാഥ മിശ്ര കമീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സംവരണത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് റാലിയെ അഭിസംബോധന ചെയ്ത നേതാക്കള്‍ സംസാരിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധനത്തിനും ബീഫ് നിരോധത്തിനുമെതിരെ റാലിയില്‍ ശബ്ദമുയര്‍ന്നു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച റാലി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുവന്ന് ആം ഖാസ് മൈതാനിയില്‍ സമാപിച്ചു. സംസ്ഥാനത്തെ മുസ്‌ലിം അവസ്ഥകളുടെ സ്ഥിതിവിവരകണക്കുകള്‍ ഉള്‍ക്കൊള്ളുന്നതും 15 ശതമാനം സംവരണം ആവശ്യപ്പെടുന്നതുമായ മെമ്മോറാണ്ടം സംസ്ഥാന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
Comments