Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

യു.പിയില്‍ ആരാണ് പിളരുന്നത്?

ഇഹ്‌സാന്‍

യാദവ സമുദായക്കാരനായ മറ്റൊരു മുഖ്യമന്ത്രി എന്ന നിലയില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോയി സാമുദായികസമവാക്യങ്ങള്‍ക്കപ്പുറത്ത് ഭീമാകാരം പൂണ്ട നേതാവായാണ് അഖിലേഷ് യാദവ് ആസന്നമായ യു.പി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തെത്തുന്നത്. മകന് കൂടുതല്‍ അധികാരം ലഭിക്കാനും പാര്‍ട്ടിയിലെ വിമതരെ നിശ്ശബ്ദരാക്കാനും മുലായം സിംഗ് അറിഞ്ഞുകൊണ്ട് നടത്തുന്ന നാടകമാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ പിളര്‍പ്പ് എന്ന് മാധ്യമങ്ങള്‍ പേരിട്ടു വിളിക്കുന്ന ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അഖിലേഷ് യാദവ് പൂര്‍ണമായും സമാജ്വാദി പാര്‍ട്ടിയും ചിഹ്നവും പിടിച്ചടക്കുകയാണുണ്ടായത്. തന്റെ പാര്‍ട്ടിയെയും ഭരണത്തെയും പൊതുജനം നോക്കിക്കാണുന്ന മുഴുവന്‍ അളവുകോലുകളെയും കഴിഞ്ഞ ദിവസങ്ങളില്‍ അഖിലേഷ് തിരുത്തിയെഴുതി. പാര്‍ട്ടിയിലെ അഴിമതിക്കാരായ കടല്‍ക്കിഴവന്മാരെ പുറത്താക്കിയ, എല്ലാ പിന്‍സീറ്റ് ഡ്രൈവര്‍മാരെയും ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തിയ, അഴിമതിയാരോപണങ്ങളില്ലാത്ത, വികസനം മുഖ്യ അജണ്ടയായ ഊര്‍ജ്വസ്വലനായ യുവ മുഖ്യമന്ത്രി എന്ന പരിവേഷമാണ് ഇപ്പോള്‍ അഖിലേഷ് യാദവിനുള്ളത്. ഹിന്ദുത്വ വര്‍ഗീയതയുടെ ചിറകിലേറി ബി.ജെ.പി സംസ്ഥാനത്ത് സ്വപ്നം കണ്ട 'അധികാരമാറ്റം' സമര്‍ഥമായ കരുനീക്കങ്ങളിലൂടെ അഖിലേഷ് ദുര്‍ബലമാക്കുന്ന കാഴ്ചയാണ് ഒടുവിലുള്ളത്. 2014-ല്‍ ബി.ജെ.പിക്ക് ഏതാണ്ട് സമ്പൂര്‍ണമായ മേധാവിത്വം ലഭിച്ച ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ചിത്രത്തിലേക്ക് തുല്യസാധ്യതയുള്ള പലരോടും വിയര്‍പ്പൊഴുക്കി ജയിക്കേണ്ട അവസ്ഥയിലേക്കെങ്കിലും മോദി-അമിത് ഷാ കൂട്ടുകെട്ടിനെ അഖിലേഷ് യാദവ് കൊണ്ടെത്തിച്ചിരിക്കുന്നു.

യു.പിയില്‍ ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ചിത്രം 2016-ന്റെ തുടക്കം തൊട്ടേ ഉണ്ടായിരുന്നു. സംസ്ഥാനത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങള്‍ക്കകത്തെ ഓരോ നാലിലും മൂന്ന് അസംബ്ലി സീറ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കിയ പാര്‍ട്ടി അതില്‍നിന്നും പകുതിയോളം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലുമായാണ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മദശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോഴിക്കോട്ടെ സമ്മേളനത്തിനു ശേഷവും മോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും പ്രതിഛായ വര്‍ധിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നുണ്ടായിരുന്നില്ല. മോദിയുടെ റാലികള്‍ക്ക് പൊതുജനം തടിച്ചുകൂടുന്ന ചിത്രം സംസ്ഥാനത്ത് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. ദീര്‍ഘകാലമായി ബി.ജെ.പിയെ പിന്തുണക്കുന്ന സവര്‍ണ-മുന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം സൃഷ്ടിച്ച അതൃപ്തി കൂടി കണക്കിലെടുക്കുമ്പോള്‍ മോദിയും കൂട്ടരും 2017-ല്‍ സംസ്ഥാനത്ത് കുറേക്കൂടി ദുര്‍ബലമായതാണ് ചിത്രം. അഖിലേഷ് യാദവിന്റെ ഭരണകാലഘട്ടം തന്റെ പിതാവിന്റേതു പോലെ യാദവരെ അമിതമായി പ്രീണിപ്പിക്കുന്നതോ അഴിമതിയില്‍ മുങ്ങിക്കുളിച്ചതോ ആയിരുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ടെല്ലാ നഗരങ്ങളെയും കേന്ദ്രീകരിച്ച് സജീവവുമാണ്. സവര്‍ണ ഹിന്ദുക്കള്‍ക്ക് അതൃപ്തി ഉണ്ടാകുന്ന നീക്കങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ ബുദ്ധി അഖിലേഷ് കാണിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം നിലയില്‍ വോട്ടു പിടിച്ചു ജയിക്കുക എന്നതിനേക്കാളേറെ എതിരാളിയുടെ വോട്ട് ചിതറിക്കുന്നതില്‍ വിജയിച്ചെങ്കിലേ യു.പിയില്‍ ബി.ജെ.പിയുടെ മുമ്പില്‍ സാധ്യതകള്‍ ബാക്കിയാവുന്നുള്ളൂ.

മുസ്ലിംകളോട് അമിതമായ അനുഭാവമില്ലാത്ത, സ്ഥാനാര്‍ഥി പട്ടികയില്‍ അവര്‍ക്ക് മതിയായ ഇടം നല്‍കാത്ത, മുസ്‌ലിംകളിലെ അറിയപ്പെടുന്ന ക്രമിനല്‍ മുഖങ്ങളുമായി കൂട്ടുകൂടാന്‍ താല്‍പര്യമില്ലാത്ത അഖിലേഷിന്റെ ഒടുവിലത്തെ നീക്കങ്ങള്‍ കൂടി പുറത്തുവന്നതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി ഇക്കുറി പ്രവചനാതീതമായ മത്സരമാണ് കാഴ്ചവെക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം വിജയിച്ചാല്‍ 2014-ല്‍നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമായിരിക്കും ഇത് യു.പിയില്‍ സൃഷ്ടിക്കുന്നത്. മൃദു ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ സമീപകാലത്ത് ഇന്ത്യ കണ്ട മാസ്റ്റര്‍ പീസ് ഭരണങ്ങളില്‍ ഒന്നാണ് അഖിലേഷിന്റെ നേതൃത്വത്തില്‍ യു.പിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടന്നുവന്നത്. ലൗ ജിഹാദ്, ഗോമാതാവ് അടക്കമുള്ള പ്രചാരണങ്ങള്‍ക്കിടയിലും ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒരു നീക്കത്തിനും ഇപ്പോഴത്തെ സമാജ്‌വാദി സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. 18 ശതമാനം സംവരണം നല്‍കുമെന്ന് കഴിഞ്ഞ തവണ പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാക്കു നല്‍കിയ പാര്‍ട്ടി അതിന്റെ നാലയലത്തു പോലും സംസ്ഥാനത്ത് മുസ്ലിംകള്‍ക്ക് തൊഴിലവസരങ്ങളോ വിദ്യാഭ്യാസ സംവരണമോ നല്‍കിയിട്ടില്ല. മുസഫര്‍ നഗറിലും സഹാറന്‍പൂരിലും നടന്ന വന്‍ കലാപങ്ങളും എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ഭരണത്തിന്റെ മൃദുഹിന്ദുത്വത്തെ അടയാളപ്പെടുത്തുകയും ചെയ്തു. ഖൗമി ഏകതാ ദളുമായി കൂട്ടുകൂടാന്‍ മുലായം ശ്രമിക്കുകയും അഖിലേഷ് അതിനെ തള്ളിപ്പറയുകയും ചെയ്തത് സവര്‍ണ ഹിന്ദുക്കളില്‍ സമാജ്വാദിയോടുള്ള മതിപ്പ് വര്‍ധിക്കാന്‍ ഇടയാക്കിയ രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നാണ്. കിഴക്കന്‍ യു.പിയിലെ 15-18 സീറ്റുകളില്‍ പേശീബലം കാണിക്കാന്‍ അറിയുന്ന അധോലോക നേതാവ് മുഖ്താര്‍ അന്‍സാരിയെയും സഹോദരന്മാരെയും പിണക്കിയതിന്റെ നഷ്ടത്തേക്കാള്‍ വലുതായിരിക്കും അതുകൊണ്ട് സംസ്ഥാനത്തെ ബാക്കി സീറ്റുകളില്‍ ഉണ്ടാകാന്‍ പോകുന്ന നേട്ടം എന്നു തന്നെയാണ് അഖിലേഷ് വിലയിരുത്തിയത്.

നേരിയ ഒരു ശതമാനമെങ്കിലും എക്കാലത്തും വളര്‍ച്ച കാണിച്ചുകൊണ്ടിരുന്ന മായാവതിയുടെ പാര്‍ട്ടിയാണ് യഥാര്‍ഥത്തില്‍ യു.പിയില്‍ വിധി നിര്‍ണായകമാവുക. സമാജ്‌വാദിയിലെ പിളര്‍പ്പ് 98 ശതമാനത്തിനും രണ്ടു ശതമാനത്തിനുമിടയിലെ തര്‍ക്കമാണെങ്കിലും മാധ്യമങ്ങള്‍ പൊതുവെ പ്രചരിപ്പിക്കുന്നതനുസരിച്ച് കുടുംബപ്പോര് യു.പിയിലെ ഭരണകക്ഷിയെ നെടുകെ രണ്ടാക്കിയതു പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ പ്രചാരണം സാധാരണക്കാരെ ബാധിക്കുകയാണെങ്കില്‍ രണ്ട് സാധ്യതകളെയാണത് ബാക്കിയാക്കുന്നത്. ഒന്നുകില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് ന്യൂനപക്ഷ വോട്ടുബാങ്ക് അഖിലേഷ് കൂടി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനും മായാവതിക്കുമിടയില്‍ ചിതറുക. അല്ലെങ്കില്‍ രണ്ടാലൊരുപക്ഷത്ത് ഉറച്ചു നില്‍ക്കുക. മുസ്ലിം വോട്ട് മായാവതിയുടെ ഒപ്പം പോയാല്‍ അവരുടെ വോട്ടിംഗ് ശതമാനം 40-ന് മുകളില്‍ ഉയരുമെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ നാലില്‍ ഒരു സീറ്റ് വീതം മായാവതി മുസ്ലിംകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. മുസ്ലിം വോട്ട് എത്രകണ്ട് ആശയക്കുഴപ്പത്തിലാകുന്നു എന്നതുതന്നെയാണ് ഇത്തവണ യു.പിയില്‍ നിര്‍ണായകമാകുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍