Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

നമ്മളിലൊളിച്ചിരിപ്പുണ്ട് വംശീയ ചിന്തകള്‍

ബഷീര്‍ തൃപ്പനച്ചി

'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'... ബാലവാടിയില്‍നിന്ന് ഉരുവിട്ടു തുടങ്ങിയതാണീ പ്രതിജ്ഞ. പിന്നീട് അല്‍പം മുതിര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ 'നാനാത്വത്തില്‍ ഏകത്വവും' പഠിച്ചു. മലയാളിയും തമിഴനും കശ്മീരിയും പഞ്ചാബിയുമെല്ലാം വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഉള്ളവരാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നുമായിരുന്നു ആ പാഠം. വ്യത്യസ്ത സംസ്‌കാരവും ഭാഷയും നിറവും രൂപവുമുള്ളവര്‍ ഒന്നിച്ചൊരു നാട്ടില്‍ സമാവകാശത്തോടെ ജീവിക്കുകയെന്നതാണ് നാനാത്വത്തില്‍ ഏകത്വത്തിന്റെ പ്രായോഗിക മാതൃക. അങ്ങനെ ജീവിക്കുമ്പോള്‍ ഭാഷയും സംസ്‌കാരവും വിശ്വാസങ്ങളുമെല്ലാം പങ്കുവെക്കപ്പെടുക സ്വാഭാവികം. ചിലരുടെ സംസ്‌കാരം ശ്രേഷ്ഠമെന്നും മറ്റു ചിലരുടേത് മോശമെന്നുമുള്ള അഭിപ്രായത്തിനിവിടെ സ്ഥാനമില്ല. ഈ സങ്കര ജീവിതമാണ് നമ്മുടെ സംസ്‌കാരമെന്നും അതില്‍ സ്വയം അഭിമാനിക്കണമെന്നുമാണ് ഓരോ ഇന്ത്യന്‍ പൗരനും സ്‌കൂള്‍കാലം തൊട്ടേ പഠിപ്പിക്കപ്പെടുന്നത്. മതവും ജാതിയും നിറവും വേഷവും ഭാഷയും ഏതുമായിക്കൊള്ളട്ടെ പൗരനെന്ന നിലയില്‍ ഇന്ത്യക്കാരെല്ലാം സമന്മാരാണെന്ന  സങ്കല്‍പമാണ് ഭരണഘടനാ ശില്‍പികള്‍ ഈ ദേശീയ മുദ്രാവാക്യത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ജന്മം കൊണ്ട് വരേണ്യനും കീഴാളനുമുണ്ടാകുന്ന ജാതി-വംശ സമവാക്യങ്ങളെ ബോധപൂര്‍വം മറികടക്കാനുള്ള ഉദ്ദേശ്യം കൂടി ഈ സമഭാവനാ പൗരത്വ കാഴ്ചപ്പാടിനുണ്ടായിരുന്നു. അതിനാല്‍തന്നെ മലയാളിക്കൊപ്പം ഇടകലര്‍ന്ന് ബംഗാളിയും ആസാമിയും ബിഹാരിയും ജീവിക്കുമ്പോള്‍ കേരളീയ സംസ്‌കാരം മലിനപ്പെടുമെന്ന അശുദ്ധതാ വാദം ആദ്യം പരിക്കേല്‍പിക്കുന്നത് ഈ ദേശീയ കാഴ്ചപ്പാടിനെയാണ്. പകരം പുനഃപ്രതിഷ്ഠിക്കപ്പെടുന്നതാവട്ടെ, ഭരണഘടനാ ശില്‍പികള്‍ മറികടക്കാന്‍ ശ്രമിച്ച വര്‍ണാശ്രമ വ്യവസ്ഥയുടെ ജാതി-വംശ വരേണ്യബോധവുമാണ്. ശുദ്ധാശുദ്ധ വാദങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ ഇന്ത്യയില്‍ ഇന്നും അവശേഷിക്കുന്നുവെന്നത് ഒരു നിത്യാനുഭവ യാഥാര്‍ഥ്യമാണ്. കേരളീയ നവോത്ഥാനം മറികടന്നത് ഇത്തരം ജാതിഭ്രഷ്ട് ഭ്രാന്തുകളെയാണെന്നാണ് പഠിപ്പിക്കപ്പെടാറുള്ളത്. ആ നവോത്ഥാന-പുരോഗമനധാരയെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞ് നാം ആദരിച്ചവര്‍ തന്നെ  അത്തരം വംശീയ ചിന്തകള്‍ അബോധത്തിലെങ്കിലും പേറുന്നവരാണെന്നത് ഒരു സാംസ്‌കാരിക ദുരന്തമാണ്.

നാടുവിട്ട് വീടും നാടും പോറ്റുന്നവരാണ് കേരളീയര്‍. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകള്‍ക്കു മുമ്പേ കുടിയേറിയവര്‍. അവരില്‍ ചിലരെങ്കിലും അന്നാട്ടുകാരില്‍നിന്ന് വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരുമാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന പുതുതലമുറയില്‍ മൂന്നില്‍ രണ്ടും ഇതര സംസ്ഥാനങ്ങളിലേക്കാണ് വണ്ടി കയറുന്നത്. മലയാളി കുടുംബങ്ങളില്‍ ഒരാളെങ്കിലും ഇന്ത്യക്ക് പുറത്ത് ജോലി തേടിപോയ പ്രവാസിയുമാണ്. ഇങ്ങനെയൊരു കേരളീയ പരിസരത്തു നിന്നു വേണം ഉത്തരേന്ത്യന്‍ ഭായിമാരുടെ കേരളീയ ജീവിതം കൊണ്ട് നമ്മുടെ സംസ്‌കാരം മലിനപ്പെടുന്നുവെന്ന മുറുമുറുപ്പിനെ വായിക്കാന്‍.

പ്രവാസി മലയാളികളുടെ അധ്വാനം ഓരോ ഗള്‍ഫ് രാജ്യത്തിന്റെ സേവന - ജോലിയിടങ്ങളില്‍ എത്ര നിര്‍ണായക റോളാണോ വഹിക്കുന്നത് അത്രതന്നെ സേവനം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇന്ന് കേരളത്തിലും നിര്‍വഹിക്കുന്നുണ്ട്. വിദ്യാഭ്യാസ- സാമ്പത്തിക വളര്‍ച്ച വഴി മധ്യവര്‍ഗമായി മാറിയ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിക്ക് പിറകെ പോവുമ്പോള്‍ അവര്‍ ഉപേക്ഷിച്ച ജോലിയിടങ്ങളിലേക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കടന്നുവന്നത്. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന മേഖലകളില്‍ സേവനം നിര്‍വഹിക്കുന്നവരെ ആദരിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കുകയെന്നത് ഏറ്റവും ചെറിയ മര്യാദയാണ്. മലയാളി പ്രവാസികളുടെ വര്‍ധിത ഗള്‍ഫ് കുടിയേറ്റം വഴി അന്നാട്ടുകാര്‍ക്ക് അല്ലറചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിവിടെ കേരളത്തിലുമുണ്ടാകാം. അസഹിഷ്ണുതയും പുഛവും നിറഞ്ഞ നോട്ടവും വാക്കും കൊണ്ടല്ല; സ്‌നേഹപൂര്‍വം നമ്മുടെ സാംസ്‌കാരിക, വിദ്യാഭ്യാസ വളര്‍ച്ചകള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള സൗകര്യങ്ങളൊരുക്കിക്കൊണ്ടാണ് അതിനെ മറികടക്കേണ്ടത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍