മതത്തിന്റെ ആസ്വാദനപരമായ ഉള്ളടക്കത്തെ ഇല്ലാതാക്കരുത്
ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയില്‍ വന്ന മനുഷ്യന്‍ ഇടപാടുകള്‍ നടത്തേണ്ടത് ഇതര മനുഷ്യരും പ്രകൃതിയുമായിട്ടാണ്. അതിനാല്‍ അപരനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന ഒരു ആശയം ഉല്‍പാദിപ്പിക്കാന്‍ മതബോധത്തിന് സാധിക്കണം. അപ്പോള്‍ മാത്രമേ മാനവികത പൂത്തുലയുന്ന സാംസ്‌കാരിക വിനിമയമായി മതം മാറുകയുള്ളൂ. മതത്തിന്റെ അക്ഷരവായന സമ്മാനിച്ച ഒരു ദുരന്തത്തിന്റെ ബാക്കിപത്രമായി നവസലഫിസം കേരളത്തിലെ സാമൂഹിക ജീവിതത്തിന് പരിക്കേല്‍പ്പിക്കുന്ന ചില വാദങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ഇതര മത ആഘോഷങ്ങള്‍ക്ക് ആശംസ നേര്‍ന്നു കൂടാ, അവരുടെ ഭക്ഷണം കഴിച്ചുകൂടാ തുടങ്ങി കേരളീയ സാമൂഹികബോധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ച്, ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടുന്ന രീതിയില്‍ മുന്നേറുന്ന ഇത്തരം പ്രചാരണങ്ങള്‍ അത്യന്തം ഭയാനകമാണ്. കേരളീയ നവോത്ഥാനത്തിന്റെ കൂടെ സഞ്ചരിച്ച സലഫീ പ്രസ്ഥാനങ്ങളില്‍നിന്നാണ് ഇത്തരം വിതണ്ഡവാദങ്ങള്‍ പുറത്ത് വരുന്നത് എന്നത് വിരോധാഭാസമാണ്. മതത്തെ കര്‍മശാസ്ത്ര വ്യവഹാരങ്ങളില്‍ മാത്രം തളച്ചിട്ട അല്‍പജ്ഞാനികളായ ഈ മതബോധക്കാര്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ പതിറ്റാണ്ടുകളുടെ പ്രയത്‌നമെടുത്താലും ഉണക്കാന്‍ സാധ്യമാവാത്തേടത്തോളം ഭീകരമാണ്. അതിനാല്‍ ഇസ്‌ലാമിക സംസ്‌കൃതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ വിശ്വാസികളും ഈ തീവ്ര മതബോധത്തെ ചെറുത്തുതോല്‍പിക്കേണ്ടതാണ്.
ഇതര മതസ്ഥരുടെ ആഘോഷത്തില്‍ സൗഹാര്‍ദപൂര്‍വം പങ്കുകൊണ്ടു കൂടാ, അവരുടെ ഭക്ഷണം കഴിച്ചുകൂടാ, അവര്‍ക്ക് സംഭാവന നല്‍കിക്കൂടാ തുടങ്ങി പരമതവിദ്വേഷം ഉല്‍പാദിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ഏത് ഇസ്‌ലാമിനെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്? അമ്പലത്തിനോ ചര്‍ച്ചിനോ സംഭാവന നല്‍കിയാല്‍ ഇസ്‌ലാമില്‍നിന്ന് പുറത്തുപോവുന്നതിന് പിന്‍ബലമേകുന്ന ഏത് ആധികാരിക രേഖയാണ് ഇക്കൂട്ടരുടെ കൈയിലുള്ളത്? ഇതര മതസ്ഥരുടെ ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചാല്‍ തകര്‍ന്നടിഞ്ഞുപോവുന്ന മതബോധത്തെയാണോ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്? അമ്പലത്തിന് സംഭാവന കൊടുക്കുന്നത് ഇഷ്ടമില്ലാതെയാണെന്ന് പരസ്യമായി പറയാന്‍ മാത്രം ഇടുങ്ങിയ മതബോധത്തിന്റെ ശുദ്ധിവാദത്തിലേക്ക് ഇവരെപ്പോഴാണ് വഴുതിവീണത്? ഇവിടെയാണ് മതത്തിന്റെ അക്ഷരവായന സമ്മാനിച്ച ദുരന്തമാണിതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സ്വന്തം പള്ളിയില്‍ അന്യമതസ്ഥര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്റെ പാരമ്പര്യമുള്ള ഒരു സംസ്‌കൃതി എങ്ങനെ ഇതരരുടെ വിശ്വാസത്തെ മാനിക്കാന്‍ കഴിയാത്ത വിധം ഇടുങ്ങിയതായി മാറി? മതത്തിന്റെ സാമൂഹിക ഉള്ളടക്കത്തെ മാറ്റിനിര്‍ത്തി ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ചരടില്‍ വലിച്ചുകെട്ടാന്‍ ശ്രമിച്ചതിന്റെ തിക്തഫലമാണ് ഇന്ന് ഇവര്‍ അഭിമുഖീകരിക്കുന്നത്. ഇവര്‍ കേരളീയ സമൂഹത്തിന്റെ ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കിലും സാധാരണക്കാരായ വിശ്വാസികളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനും തൊട്ടടുത്തുള്ള ഇതര മതസ്ഥനെ സംശയദൃഷ്ടിയോടെ നോക്കിക്കാണാനും പ്രേരിപ്പിക്കുന്നു.
മതത്തെ ഹിംസാത്മകമായി ഉപയോഗിക്കുന്ന സംഘ്പരിവാറിന്റെ അക്രാമക ലോകത്തുനിന്ന് ഇത്തരം ഫത്‌വകള്‍ പുറപ്പെടുവിച്ച് ആയുധം കൊടുക്കുന്നവര്‍ അറിയുന്നില്ല അവര്‍ വിളിച്ചുപറയുന്ന വിഡ്ഢിത്തത്തിന്റെ പ്രത്യാഘാതം എത്രയുണ്ടെന്ന്. ഇത്തരം പ്രതിലോമപരവും പിന്തിരിപ്പനുമായ ആശയങ്ങള്‍ ഉല്‍പാദിപ്പിച്ച് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌നേഹവും സൗഹൃദവും തകര്‍ക്കുന്നതിനു പകരം മതത്തിന്റെ പുരോഗമനപരവും വിമോചന പരവുമായ വ്യാഖ്യാനമാണ് നമുക്കാവശ്യം. അതിന് കര്‍മശാസ്ത്രത്തിലെ തലനാരിഴ കീറാനുള്ള കഴിവോ മതഗ്രന്ഥങ്ങളിലെ അക്ഷരവായനയോ പ്രാപ്തമല്ല. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും അപഗ്രഥിക്കാനമുള്ള കഴിവ് വേണം. മതത്തിന്റെ കലാപരവും ആസ്വാദനപരവുമായ ഉള്ളടക്കത്തെ ഇല്ലാതാക്കി മനുഷ്യജീവിതത്തിന്റെ എല്ലാ ആഘോഷഛായയും തകര്‍ത്തെറിഞ്ഞ് വരണ്ടുണങ്ങിയ കൃത്രിമത്വത്തിന്റെ ആചാരനിഷ്ഠകളെ വിനിമയം ചെയ്ത് ശുദ്ധ മതവാദക്കാര്‍ നടത്തുന്ന ഈ തേരോട്ടം അത്യന്തം അപകടകരമാണ്. ഇത് ഇവിടെ തടഞ്ഞു നിര്‍ത്തിയില്ലെങ്കില്‍ നാളെ സംഭവിക്കാന്‍ പോകുന്ന ദുരന്തം സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതായിരിക്കും. ഇവരുടെ ഫത്‌വകളെ തള്ളിക്കളയണമെന്ന 'സമസ്ത'യുടെ പ്രസ്താവന ഏറെ പുരോഗമനപരവും സാമുദായിക ഐക്യത്തിനുതകുന്നതുമാണ്. യാഥാസ്ഥിതിക വിഭാഗത്തിന്റെ വക്താക്കള്‍ ഉയര്‍ത്തിയ വിശാലമനസ്‌കതയും സഹാനുഭൂതിയും നവോത്ഥാനക്കാര്‍ക്ക് ഇല്ലാതെ പോയത് അത്യന്തം ഖേദകരം തന്നെ. വൈയക്തികമായി അന്യത്വം പ്രശ്‌നസങ്കീര്‍ണമല്ലെങ്കിലും സാമൂഹികപരികല്‍പനയില്‍ അന്യ മതം, അന്യ ജാതി, അന്യ സംസ്‌കാരം എന്നിവയായി പരിണമിക്കുന്നു. ഈ അപരത്വം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്ര ഉപകരണമായി സംഘപരിവാരം ഉപയോഗപ്പെടുത്തുമ്പോള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മറുപാഠം കൊണ്ട് നേരിടുന്നതിനു പകരം അന്യമതസ്ഥന്റെ ആഘോഷവും ഭക്ഷണവും അയിത്തമാണെന്ന തെറ്റായ പാഠം പകര്‍ന്നുനല്‍കി മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്റെയും ഭയത്തിന്റെയും അസ്വസ്ഥതകളെ ഉല്‍പാദിപ്പിച്ച് സാമൂഹികസംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള സംഘപരിവാരത്തിന്റെ അജണ്ടക്ക് ഊര്‍ജം പകരുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മാനിക്കേണ്ട മിനിമം നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ മതത്തിന്റെ പ്രചാരകരായി രംഗത്തുവരേണ്ടതില്ല. വ്യത്യസ്ത മത ജാതി വിഭാഗങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നിടത്ത് മറ്റു വിഭാഗക്കാരുടെ ആഘോഷം മ്ലേഛമാണെന്നും അവരുടെ ഭക്ഷണം ഹറാമാണെന്നും വിളിച്ചു പറയുന്ന ശുദ്ധിവാദം സംഘ്പരിവാരം ഉല്‍പാദിപ്പിച്ച മൂല്യബോധമാണ്. ഈ മൂല്യബോധത്തിലേക്ക് ഇസ്‌ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍ സംഘ്പരിവാറിന്റെ അജണ്ടകള്‍ക്ക് ശക്തി പകരുകയാണെന്ന സത്യം മനസ്സിലാക്കാന്‍ അധികകാലം വേണ്ടിവരില്ല. അന്യമതസ്ഥരെ സ്‌നേഹിക്കാനും അവരുടെ വിശ്വാസാചാരങ്ങളെ ബഹുമാനിക്കാനുമുള്ള വിശാലമനസ്‌കത ലഭിക്കാത്തേടത്തോളം ഇത്തരം കെട്ട മതബോധങ്ങള്‍ ദുരന്തമായിതന്നെ പരിണമിക്കും. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഖുര്‍ആനികാധ്യാപനങ്ങളെ വായിക്കാതിരിക്കുകയും സ്വയം സൃഷ്ടിച്ച തടവറയില്‍ കിടന്ന് നടത്തുന്ന തടവറ വായനയിലൂടെ പുറത്തുവിടുന്ന ഇത്തരം വികല സങ്കല്‍പങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ സാമൂഹിക ശാസ്ത്രജ്ഞരും മതപണ്ഡിതന്മാരും മുന്നോട്ടുവരണം. വ്യത്യസ്ത സാംസ്‌കാരിക സമൂഹങ്ങളുടെ കൂടിച്ചേരലിന്റേതും സഹവര്‍ത്തിത്വത്തിന്റേതുമായ ബഹുസ്വരതയുടെ ഒരു ലോകവീക്ഷണമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് എന്ന ഖുര്‍ആന്റെ ബാലപാഠം മനസ്സിലാകാത്തവര്‍ മതത്തിന്റെ വക്താക്കളായും പ്രചാരകരായും രംഗത്തുവന്ന് സാഹോദര്യത്തില്‍ കഴിയുന്ന വ്യത്യസ്ത മതവിഭാഗങ്ങളെ അകല്‍ച്ചയുടെ പാഠം പഠിപ്പിക്കരുത്. ദൈവത്തിന് വേണമെങ്കില്‍ മനുഷ്യരെ മുഴുവനും ഒറ്റ സമുദായമായി മാറ്റിത്തീര്‍ക്കാമെന്നിരിക്കെ, വ്യത്യസ്ത മതവിഭാഗങ്ങളായി മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുന്നത് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ സാക്ഷ്യമാണ്.
Comments