Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

ദാമ്പത്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ?

ഡോ. ജാസിമുല്‍ മുത്വവ്വ

ദാമ്പത്യജീവിതം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണോ എന്ന് അന്വേഷിച്ചറിയാന്‍ ഒരു മാപിനിയുണ്ട്. ചില സൂചകങ്ങളും അടയാളങ്ങളുമാണവ. സൂചിപ്പിക്കാന്‍ പോകുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്ന് ദമ്പതികളില്‍ ആര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയാല്‍ സത്വരമായി ഇടപെട്ട് പ്രശ്‌ന പരിഹാരം തേടണം. ഏറ്റവും കുറഞ്ഞത് തല്‍സ്ഥിതി നിലനിര്‍ത്തി പ്രതിവിധി കാണണം. വിവാഹ ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്ന ആറ് അടയാളങ്ങള്‍ ഞാന്‍ കുറിക്കാം. 

1. ഒരേ വിഷയത്തെച്ചൊല്ലി ആവര്‍ത്തിച്ച തര്‍ക്കം: ഏതെങ്കിലും വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ ചര്‍ച്ച വേണ്ടിവരുമ്പോള്‍ കഴിവതും അതേ ഇരുത്തത്തില്‍തന്നെ തീരുമാനമെടുക്കാന്‍ നോക്കണം. ആലോചനകള്‍ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരുമെങ്കില്‍ തീരുമാനമെടുക്കുന്നത് മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെക്കാം. തീരുമാനം എടുക്കാനാവാതെ ഇരുവരും സ്തംഭിച്ചുനിന്നാല്‍ അറിയണം, ദാമ്പത്യജീവിതത്തിലെ സ്‌നേഹത്തകര്‍ച്ചയുടെ ആദ്യ സൂചനയാണത്. ബന്ധം ക്രമേണ തണുത്തുറയും. ദാമ്പത്യം വരണ്ടുണങ്ങും. ജീവിതാന്തരീക്ഷത്തില്‍ ഊഷരത ഇരുള്‍പരത്തും. 

2. പ്രേമം പഴങ്കഥയാവുക: സ്‌നേഹവും സമ്മാനദാനവും സല്ലാപവചനങ്ങളും സോത്സാഹം മുന്‍കൈയെടുക്കുന്ന സ്‌നേഹപ്രഹര്‍ഷങ്ങളും ദമ്പതികളില്‍ ഒരാളെ സംബന്ധിച്ചേടത്തോളമെങ്കിലും പണ്ടെന്നോ കഴിഞ്ഞുപോയ പഴങ്കഥ പോലെ തോന്നുന്നുവെങ്കില്‍ മനസ്സിലാക്കുക ദാമ്പത്യബന്ധമാപിനിയിലെ സൂചകം താഴുകയാണ്. 

3. കുറ്റം കണ്ടുപിടിക്കുക: വിട്ടുവീഴ്ചാ മനോഭാവത്തിലും വിശാലമനസ്‌കതയിലും സഹിഷ്ണുതാ ബോധത്തിലും കെട്ടിയുയര്‍ത്തേണ്ട ദാമ്പത്യം തകരുന്നുവെന്നതിന്റെ മറ്റൊരു ലക്ഷണം പരസ്പരം തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാനുള്ള പ്രവണതയാണ്. ദമ്പതികളില്‍ ഒരാള്‍ ദോഷൈകദൃക്കായി മാറും. പിന്നെ വീട് ഒരു മത്സരക്കളരിയായിത്തീരും. ആരാണ് കൂടുതല്‍ കുറ്റം കണ്ടുപിടിക്കുന്നത് എന്ന ഏകചിന്തയാവും ഇരുവരെയും ഭരിക്കുക. 

4. വസ്ത്രധാരണത്തിലും അലങ്കാരത്തിലും അശ്രദ്ധ: ദമ്പതികളില്‍ മറ്റെയാളെക്കുറിച്ച്, അയാള്‍ വസ്ത്രധാരണത്തിലും ചമയത്തിലും അലങ്കാരത്തിലും തീരെ ശ്രദ്ധകാണിക്കുന്നില്ലെന്ന് ധരിച്ചാല്‍ വിവാഹജീവിതം പരാജയത്തിലേക്ക് നീങ്ങിത്തുടങ്ങുന്നു എന്ന് മനസ്സിലാക്കാം. 

5. അറിയുന്നവരില്‍ ഒടുവിലത്തെ ആളാവുക: ദമ്പതികള്‍ക്കിടയില്‍ വേണ്ടവിധത്തില്‍ ആശയവിനിമയം നടക്കാതിരിക്കുമ്പോള്‍ ദൈനംദിന ജീവിതത്തില്‍ ഇരുവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ പോലും അറിയാതെ പോവുകയും തങ്ങള്‍ ഒടുവിലാണല്ലോ അറിയുന്നത് എന്ന് ഇരുവരും കുറ്റപ്പെടുത്തുകയും ചെയ്യും. ഓരോരുത്തരും അപരനില്‍ പഴിചാരും. ഇരുവര്‍ക്കുമിടയില്‍ വര്‍ത്തമാനം നടക്കാതിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഓരോരുത്തരും തങ്ങളുടേതായ സ്വകാര്യലോകം സൃഷ്ടിച്ച് അതില്‍ കഴിഞ്ഞുകൂടുകയാണ്. ഓര്‍ക്കുക, സ്‌നേഹസൂചി കീഴ്‌പോട്ട് താഴ്ന്നുവരികയാണ്. 

6. അന്യതാബോധം, ഒറ്റപ്പെടല്‍: ദമ്പതികള്‍ക്കിടയില്‍ വിരുന്ന്, വിനോദയാത്ര, സന്ദര്‍ശനം, വര്‍ത്തമാനം തുടങ്ങി ഇരുവര്‍ക്കും പങ്കാളിത്തമുണ്ടാവേണ്ട കാര്യങ്ങള്‍ ഇല്ലാതാവുന്നു. ഇങ്ങനെ വരുമ്പോള്‍ ഓരോരുത്തരും തനിക്കു വേണ്ടി ജീവിച്ചുതുടങ്ങും. കിടപ്പറയിലാവും പിന്നെ ഇരുവരും കണ്ടുമുട്ടുന്നത്. വീട് ഹോട്ടല്‍മുറിയായി മാറിയ പ്രതീതിയാണുണ്ടാവുക. 

ഈ ആറ് ലക്ഷണങ്ങളുടെയും വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. വൈവാഹിക ജീവിതമാപിനിയിലെ സൂചിക താഴോട്ടുതാഴോട്ടു പോകുന്നതിനു പകരം ഉയര്‍ന്നുവരണമല്ലോ. ഒന്നാമത്തെ അവസ്ഥ വന്നുപെട്ടെന്നിരിക്കട്ടെ, ദമ്പതികള്‍ പ്രശ്‌നങ്ങളുടെ ചര്‍ച്ചക്ക് വേണ്ടി തുറന്നാല്‍ ഉടനെ അത് അടച്ചുവെച്ചേ തീരൂ. അനിവാര്യമെങ്കില്‍ മാത്രമേ അത് വീണ്ടും തുറക്കാവൂ. രണ്ടാമത്തെ കേസില്‍ ദമ്പതികളില്‍ ഒരാള്‍ മുന്‍കൈയെടുത്ത് വര്‍ത്തമാനങ്ങള്‍ക്കും സല്ലാപ സംസാരങ്ങള്‍ക്കും സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കുന്നതിനും തുടക്കം കുറിക്കണം. ആദ്യമാദ്യം ഈ സമീപനം ഇത്തിരി പ്രയാസകരമായി തോന്നിയേക്കാമെങ്കിലും ബന്ധം മെച്ചപ്പെടാന്‍ വേറെ വഴിയില്ല. മൂന്നാമത്തെ ലക്ഷണത്തെക്കുറിച്ചാണെങ്കില്‍ ഇരുവരും പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചുതുടങ്ങണം. പല തെറ്റുകളുടെയും വീഴ്ചകളുടെയും നേരെ ഇരുവരും കണ്ണ് ചിമ്മേണ്ടിവരും. കുറ്റങ്ങളുടെയും കുറവുകളുടെയും നേരെ തുറന്നുപിടിച്ച കണ്ണുകളുടെ ഉടമകള്‍ ജീവിക്കാന്‍ മറന്നുപോകുന്നവരാണ്. വേഷവിധാനങ്ങളിലെ അശ്രദ്ധയാണ് അടുത്തത്. ഇതിന്റെ പ്രതിവിധി എളുപ്പമാണ്. ദമ്പതികളില്‍ ഓരോരുത്തരും മറ്റെയാള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങുകയും ആവശ്യമായ അലങ്കാരങ്ങള്‍ അണിയുകയും വേണം. പിന്നത്തെ അടയാളം വിനിമയത്തിന്റെ അഭാവമാണല്ലോ ഇരുവര്‍ക്കുമിടയില്‍. ഒരുദിവസം കാല്‍ മണിക്കൂറെങ്കിലും കുടുംബ കാര്യങ്ങളെക്കുറിച്ച് ഉള്ളുതുറന്ന് ചര്‍ച്ചചെയ്യാന്‍ നീക്കിവെക്കണം. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്രശ്‌നം പരിഹരിക്കേണ്ടത് ആഴ്ചയില്‍ ഒരു തവണയെങ്കിലും പുറത്തുപോയി പാര്‍ക്കുകളിലോ കടല്‍ത്തീരത്തോ ആളൊഴിഞ്ഞ ഇടങ്ങളിലോ ചെന്ന് ഉലാത്തുകയാണ്. ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാം, ഏതെങ്കിലും പരിപാടികളില്‍ പങ്കുകൊള്ളാം. അങ്ങനെയങ്ങനെ... 

ദമ്പതികളില്‍ ഒരോരുത്തരും ഇണക്കുനേരെ സ്വീകരിക്കുന്ന നിര്‍മമായ സമീപനമുണ്ടാവാം ചില നേരങ്ങളില്‍. അത് വൈകാരിക മരവിപ്പിന്റെ ഒരു വേളയാണ്. വിവാഹം തകര്‍ച്ചയുടെ ശൂന്യവേളയില്‍ എത്താന്‍ പോകുന്നുവെന്നോ ഈ ബന്ധം ഇനി അധികനാള്‍ മുന്നോട്ടുപോകില്ല എന്നോ തോന്നുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ടു സന്ദര്‍ഭങ്ങളില്‍ ഈ വിചാരം സ്വാഭാവികമായി ഉണ്ടാവാം. ഒന്ന്, ദമ്പതികളില്‍ ഒരാള്‍ പ്രശ്‌നസങ്കീര്‍ണതകള്‍ മൂലം മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോള്‍. പലതരം ചിന്തകള്‍ ആ സന്ദര്‍ഭത്തില്‍ മനസ്സിനെ മഥിക്കും. രണ്ട്, പ്രത്യേക പ്രായത്തില്‍ എത്തുമ്പോള്‍. നാല്‍പത് വയസ്സാകുമ്പോള്‍ തനിച്ചിരിക്കാനും തന്റെ ജീവിതത്തെയും ഭാവിയെയും കുറിച്ച് ആലോചിക്കാനുമാണ് മനുഷ്യന്‍ മുതിരുക. പല ചിന്തകളും കടന്നുവരും മനസ്സില്‍. കഴിഞ്ഞ കാലത്ത് എന്താണ് നേടിയത്? താന്‍ സഞ്ചരിക്കുന്നത് ശരിയായ പാതയില്‍, ശരിയായ ദിശയില്‍ തന്നെയോ? തന്റെ വിവാഹത്തെക്കുറിച്ച് എടുത്ത തീരുമാനം ശരിയായിരുന്നോ? അബദ്ധമായിപ്പോയോ? ഒരു പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയെന്താണ്? ഇങ്ങനെയുള്ള ശിഥിലചിന്തകള്‍ കഴിഞ്ഞകാല ജീവിതവും അടച്ചുവെച്ച ഫയലുകളും ഒന്നൊന്നായി തുറന്നു പരിശോധിക്കാന്‍ ഇടവരുത്തിയേക്കും. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും ഫയലും അക്കൂട്ടത്തില്‍ പുനഃപരിശോധനക്കും അവലോകനത്തിനു വിധേയമാവും. എന്തു ഫലം, അശുഭചിന്തകള്‍ വര്‍ധിക്കുമെന്നല്ലാതെ? 

വിവ: പി.കെ ജമാല്‍ 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍