Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

മാറ്റമുണ്ടാക്കാന്‍ ചില പ്രായോഗിക രീതികള്‍

ഇബ്‌റാഹീം ശംനാട്‌

നമ്മുടെ കാലത്ത് വ്യാപകമായി ഉപയോഗിക്കുകയും പ്രചരിക്കുകയും ചെയ്ത ഒരു സാങ്കേതികപദമാണ് മാറ്റം (ഇവമിഴല). കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമെന്ന നിലയില്‍ ചെയ്ഞ്ച് അന്ന് ലോകത്ത് സജീവ ചര്‍ച്ചാവിഷയമാവുകയുണ്ടായി. മാറ്റം എന്നത് എല്ലാവരും താലോലിക്കുന്ന വിപ്ലവകരമായ ആശയമാണ്. നമ്മുടെ താല്‍പര്യങ്ങളനുസരിച്ച് നമുക്ക് നല്ലതിലേക്ക് മാറാം, തിയ്യതിലേക്കും മാറാം. എന്നാല്‍ ക്രിയാത്മകമായ നല്ലതിലേക്കുള്ള മാറ്റത്തെ കുറിക്കാനാണ് ഈ പദം ഉപയോഗിച്ചുവരുന്നത്.

സ്വയം മാറാനും നമ്മുടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും ധാരാളം പരിശീലന പരിപാടികള്‍ നടന്നുവരുന്ന ഒരു കാലമാണിത്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലവിലെ അവസ്ഥയില്‍നിന്ന് അതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള മാറ്റമാണ്  ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഏതു കാര്യത്തിലും സ്ഥായിയായ അവസ്ഥയില്‍ നിലയുറപ്പിച്ചാല്‍ നമുക്കൊരിക്കലും പുരോഗതി കൈവരിക്കുക സാധ്യമല്ല.  എന്നാല്‍ നിലവിലുള്ള അവസ്ഥയില്‍ തന്നെ ജീവിക്കുന്നതിന്റെ സുഖം ആലോചിക്കുമ്പോള്‍ മാറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യവുമല്ല.

 

മാനസികമാറ്റം സുപ്രധാനം

മാനസികമാറ്റമാണ് ഏറ്റവും പ്രയാസകരമായത്. ഭൗതികമായ മാറ്റം കുറേക്കൂടി എളുപ്പമാണ്. ഒരു വീട്ടമ്മ തന്റെ ഗൃഹോപകരണങ്ങള്‍ അടുക്കിലും ചിട്ടയിലും വെക്കാന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. അത് ഏതാനും ദിവസങ്ങള്‍ കൊണ്ട് ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ. എന്നാല്‍ അതുപോലെയാണോ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത്? ഒരിക്കലുമല്ല. അത് വളരെ പ്രയാസം തന്നെയാണ്.

യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന് ശത്രു സൈന്യത്തെ ധീരമായി നേരിടാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ പുകവലി പോലുള്ള അദ്ദേഹത്തിന്റെ ദുശ്ശീലങ്ങള്‍ രായ്ക്കുരാമാനം മാറ്റുക സാധ്യമാണെന്ന് തോന്നുന്നില്ല. ഒരാളുടെ പെരുമാറ്റം, സ്വഭാവം, കാഴ്ചപ്പാട് ഇതിലെല്ലാം മാറ്റം സംഭവിക്കാന്‍ ധാരാളം ക്ഷമയും സഹനവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. എങ്കില്‍ മാത്രമേ പുരോഗതി കൈവരിക്കുകയുള്ളൂ. ബ്രിട്ടീഷ് സാഹിത്യകാരനായ ബര്‍നഡ് ഷാ പറഞ്ഞതാണ് വാസ്തവം: ''മാറ്റമില്ലാതെ പുരോഗതി കൈവരിക്കുക അസാധ്യമാണ്. സ്വന്തം മനസ്സിനെ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഒന്നിനെയും മാറ്റാന്‍ കഴിയുകയില്ല.''

 

അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക 

പരിവര്‍ത്തനത്തിനുവേണ്ടി ഒരാള്‍ ആലോചിക്കുമ്പോള്‍ അയാള്‍ പല  പ്രയാസങ്ങളും പ്രതിബന്ധങ്ങളും നേരിട്ടേക്കാം. അപ്പോഴും അയാള്‍ അതില്‍നിന്ന് പിന്‍വാങ്ങാന്‍ പാടില്ല. പകരം അയാള്‍ ഇങ്ങനെ വിശ്വസിക്കുന്നതാണ് ഉത്തമം: മാനസികമായും ആത്മീയമായും സാമൂഹികമായും പുരോഗതിയിലേക്ക് മാറാനുള്ള നല്ല അവസരമാണ് തനിക്ക് കൈവന്നിരിക്കുന്നത്. ഈ  അവസരം പരമാവധി ഉപയോഗപ്പെടുത്തുക. കാരണം ഒന്നും പൂര്‍ണമോ കുറ്റമറ്റതോ അല്ലല്ലോ? അതുകൊണ്ട് മാറ്റം മനുഷ്യനെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്. അവസരം കിട്ടുമ്പോള്‍ അമാന്തിച്ചു നില്‍ക്കരുത്. ഇത് അതിനുള്ള നല്ല അവസരമായി കരുതി മുന്നോട്ടുപോവുകയാണ് വേണ്ടത്.

 

മാറ്റത്തിന് പകരം മാറ്റം മാത്രം 

മാറ്റത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. അമിത ചെലവ് കാരണം ഒരാള്‍ക്ക് കടബാധ്യത ഉണ്ടാവുകയാണെങ്കില്‍, അതിനെ അയാള്‍ എങ്ങനെയായിരിക്കണം മറികടക്കേണ്ടത്? ചെലവാക്കുന്ന രീതിയില്‍ മാറ്റം വരുത്തുകയല്ലാതെ അതിന് മറ്റു കുറുക്കു വഴികളൊന്നുമില്ല. അല്ലെങ്കില്‍ അയാള്‍ നിയമ നടപടിക്ക് വിധേയനാവുകയും ജയിലിലടക്കപ്പെടുകയും ചെയ്‌തേക്കാം. അപ്പോള്‍ നമ്മുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താതെ നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

ജീവിതത്തിലെ വിരസത ഒഴിവാക്കാനും വിജയവും സന്തോഷവും ലഭിക്കാനും മാറ്റത്തിലൂടെ മാത്രമാണ് സാധ്യമാവുക. വിദ്യാവിഹീനരും നിരക്ഷരരും നിരാശ ബാധിച്ചവരുമാണ് ഒരിക്കലും മാറാന്‍ തയാറാവാത്തവര്‍. അവരാണ് യഥാര്‍ഥത്തില്‍ സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ട വിഭാഗം.  ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക. വ്യക്തികളിലെ മാറ്റം ആഴത്തിലുള്ള സാമൂഹിക മാറ്റത്തിന് നിമിത്തമാവുന്നു. അങ്ങനെ അത് ഒരു ജനവിഭാഗത്തിന്റെ അവസ്ഥയില്‍ മാറ്റം വരുത്തുന്നു. വ്യക്തിയുടെ മനസ്സില്‍നിന്നാണ് മാറ്റത്തിന്റെ തുടക്കം.

നമ്മുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലുമെല്ലാം മാറ്റം അനിവാര്യമാണ്. അതിനെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മാറ്റം ആവശ്യമാണ്. മാറ്റം സംഭവിക്കാന്‍ രണ്ട് കാര്യങ്ങളെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: മാറാനുള്ള ദൃഢനിശ്ചയം. കുതിരക്ക് വെള്ളം കുടിക്കണമെന്ന് കുതിര തന്നെ തീരുമാനിക്കണം. അതുപോലെ ഒരു വ്യക്തി തന്നെ തീരുമാനിക്കേണ്ട കാര്യമാണ് മാറ്റം. രണ്ട്: ഏതൊന്നിലേക്കാണോ നാം മാറാന്‍ ആഗ്രഹിക്കുന്നത് അതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നമുക്ക് ഒരു ലക്ഷ്യമുണ്ടെങ്കില്‍ ആ ലക്ഷ്യത്തെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഒരു മാറ്റവും ഇല്ലാതെ നിശ്ചലമായിരിക്കാന്‍ തീരുമാനിച്ചാല്‍ നാം അതിന് കനത്ത വില നല്‍കേണ്ടിവരും.

 

പ്രായോഗിക രീതികള്‍ 

മാറ്റത്തെക്കുറിച്ച് ധാരാളം കേട്ട് കൊണ്ടിരിക്കുന്നുണ്ടെങ്കിലും, എങ്ങനെ മാറണം എന്ന് ചോദിച്ചാല്‍ വലിയൊരു ശൂന്യതയാണ് നമുക്ക് അനുഭവപ്പെടുക. എവിടെനിന്ന് എവിടെത്തേക്ക് മാറണം എന്നത് തികച്ചും വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. എങ്കിലും എങ്ങനെ മാറാം എന്നതിനെക്കുറിച്ച് ചില പൊതു സൂചനകള്‍ ഇവിടെ നല്‍കാം. അത് മുമ്പില്‍ വെച്ച് ഏത് കാര്യത്തിലാണ് മാറേണ്ടതെന്നും അത് എങ്ങനെയായിരിക്കണമെന്നും സ്വയം തീരുമാനിക്കുക. ഒരു സ്റ്റീരിയോടൈപ്പ് രീതി അവലംബിക്കുക പ്രായോഗികമാവില്ല.

ഒരു സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ കാര്യമെടുക്കാം. പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കണം എന്ന് അവന്‍ ആഗ്രഹിക്കുന്നു. ഇതിന് കഠിനാധ്വാനം അനിവാര്യമാണെന്ന് മറ്റേത് വിദ്യാര്‍ഥിയെയും പോലെ അവനും മനസ്സിലാക്കിയിട്ടുണ്ട്. എങ്കില്‍ തന്റെ പഠനരീതിയും ചുറ്റുപാടും എങ്ങനെ മാറ്റണം എന്നാണ് അവന്‍ ആദ്യം തീരുമാനിക്കേണ്ടത്. ആ വിദ്യാര്‍ഥിക്ക് നമ്മള്‍ നേരത്തേ പറഞ്ഞ ദൃഢനിശ്ചയമുണ്ടെങ്കില്‍, അഥവാ മാറ്റത്തോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ തനിക്ക് സൗകര്യപ്രദമായ രീതിയില്‍ മാറാവുന്നതേയുള്ളൂ. 

ആ വിദ്യാര്‍ഥിക്ക് ഗാര്‍ഹികാന്തരീക്ഷമാണ് തന്റെ പഠനത്തിന് തടസ്സമാവുന്നതെങ്കില്‍, പഠനം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ അധിക വായനയാണ് ആവശ്യമെങ്കില്‍, അവന് പൊതു വായനശാലയെയോ ലൈബ്രറിയെയോ ഉപയോഗപ്പെടുത്താം. ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നത് അവന്റെ ഗുണപരമായ മാറ്റത്തിന് നിമിത്തമാവും. കഠിനാധ്വാനിയായ വിദ്യാര്‍ഥിയാവുന്നതെങ്ങനെ എന്ന് ഇതിലൂടെ അവന് മനസ്സിലാക്കാന്‍  കഴിയുന്നു. അതുല്യ സംഭാവനകള്‍ നല്‍കിയ ഗുരുവര്യന്മാരുടെയും മഹദ് വ്യക്തിത്വങ്ങളുടെയും ജീവചരിത്ര കൃതികള്‍ അവന്‍ വായിക്കട്ടെ. അത്തരം വായനയിലൂടെ അവര്‍ എങ്ങനെയാണ് ഉന്നതിയിലെത്തിയതെന്ന് അവന് ഗ്രഹിക്കാന്‍ കഴിയും.

ഇനി നമുക്കെല്ലാം മാറ്റം ആവശ്യമാണെന്ന് തോന്നുന്ന മറ്റൊരു കാര്യത്തിലേക്ക് കടക്കാം. ഒരു പാപിയായ മനുഷ്യന് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങണമെന്നും വിശ്വാസം ശക്തിപ്പെടുത്തണമെന്നും അങ്ങനെ സമൂല പരിവര്‍ത്തനം ഉണ്ടാവണമെന്നും അതിയായ ആഗ്രഹം. അയാള്‍ എന്ത് ചെയ്യണം? അത്തരം വ്യക്തികള്‍ ദുഷിച്ച ചുറ്റുപാടിലാണ് ജീവിക്കുന്നതെങ്കില്‍ അവരുടെ ജീവിതത്തെ അവിടെനിന്ന് പറിച്ചെടുത്ത് ഭക്തിപൂര്‍ണമായ സാഹചര്യത്തിലേക്ക് പറിച്ചുനടണം.  കഴിയുമെങ്കില്‍ താമസം മസ്ജിദിനരികിലേക്ക് മാറ്റുന്നത് ഏറ്റവും അഭികാമ്യം. ചീത്തയാളുകളുമായി സഹവാസം ഒഴിവാക്കി ഉത്തമ സ്വഭാവ ഗുണങ്ങളുള്ള വ്യക്തികളുമായി ചങ്ങാത്തം കൂടുക. ജീവകാരുണ്യ- സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ധാര്‍മികമായി പ്രതിബദ്ധതയുള്ള ആളുകളുമായി സൗഹൃദം പങ്കുവെക്കുന്നതും അയാളുടെ ജീവിതത്തില്‍ സമൂല മാറ്റമുണ്ടാക്കും.

ഇനി ഒരാള്‍ക്ക് തന്റെ പൊണ്ണത്തടി കുറക്കണമെന്നിരിക്കട്ടെ. അതിനും വളരെ എളുപ്പത്തില്‍ പരിഹാര മാര്‍ഗങ്ങളുണ്ട്. സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഓപന്‍ ബൊഫെ അയാള്‍ ഒഴിവാക്കുക. സല്‍ക്കാരങ്ങള്‍ക്കുള്ള ക്ഷണം സ്വീകരിക്കുന്നത് പരമാവധി കുറക്കുക. പൊണ്ണത്തടിയന്മാരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കുക. അവരോടെപ്പം ചേര്‍ന്നാല്‍ കൂടുതല്‍ കഴിക്കാന്‍ പ്രേരിതനാകും. വിവാഹിതനാവുകയാണെങ്കില്‍ കൃശഗാത്രികയെ വിവാഹം കഴിക്കുക.

മാറ്റത്തിന്റെ പ്രായോഗിക രീതികള്‍ മനസ്സിലാക്കാന്‍ ഏതാനും ഉദാഹരണങ്ങളാണ് നല്‍കിയത്. തന്റെ ജീവിതത്തില്‍ എന്താണ് മാറേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണ്. മുകളില്‍ വിവരിച്ച രീതി മുമ്പില്‍വെച്ച് കൊണ്ട് ഒരു മാതൃക സ്വീകരിച്ച് മാറ്റത്തിന്റെ മഹത്തായ പാതയിലേക്ക് നമുക്ക് ഒരു ചുവട് മുന്നോട്ടുവെക്കാം. നിങ്ങള്‍ സ്വയം മാറാന്‍ തീരുമാനിച്ചാല്‍, ലോകത്തെ മാറ്റാന്‍ നിങ്ങള്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അതിനര്‍ഥം. ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന കാര്യവും മറ്റൊന്നല്ല; ''അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുന്നതുവരെ'' (13:11).

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍