Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

ഭരണകൂടം ഫാഷിസ്റ്റ് പ്രവണതകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു

ഇറോം ശര്‍മിള/ ബഷീര്‍ മാടാല

മുമ്പ് ഇടവിട്ട വര്‍ഷങ്ങളില്‍ രണ്ട് മൂന്ന് തവണ ഇറോം ശര്‍മിളയെ ജയിലില്‍ പോയി നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ജയിലധികൃതര്‍ കനിഞ്ഞു നല്‍കുന്ന സമയത്തിനുള്ളില്‍ അവരെ കണ്ട് പോരുകയായിരുന്നു പതിവ്. ഇത്തവണ ആരുടെയും കര്‍ശന നിയന്ത്രണമോ മേല്‍നടപടികളോ ഇല്ലാതെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു ശേഷം ആദ്യമായി ഇറോമിനെ കണ്ടപ്പോള്‍ അവര്‍ ശരിക്കും സ്വാതന്ത്ര്യം ആസ്വദിക്കുന്നതായി തോന്നി. മണിപ്പൂരിലെ മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം ഇംഫാല്‍ പട്ടണത്തില്‍നിന്ന് ഏതാനും മൈല്‍ ദൂരെ ഒരു മലഞ്ചെരുവിലെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ അവര്‍ സുഹൃത്തുക്കളുമായി ഭാവി പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. മുമ്പ് രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ടെങ്കിലും ഓര്‍മയില്ലെന്ന് പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയ അവര്‍ക്ക് അവരുടെ വാര്‍ത്തകളും ഫീച്ചറുകളും വന്ന പത്രങ്ങളും, വാരികകളും മാസികകളും  നല്‍കിയപ്പോള്‍ അവരുടെ കണ്ണുകളില്‍ സന്തോഷം നിറയുന്നത് കാണാമായിരുന്നു. എന്നെക്കുറിച്ച് ഇത്രയധികം എഴുത്തുകളോ എന്ന ചോദ്യത്തിന് മലയാളികള്‍ നിങ്ങളിലെ പോരാളിയെ അറിയുന്നവരാണ് എന്ന മറുപടിയില്‍ അവര്‍ അത്ഭുതം കൂറി. രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത അംഗീകാരമാണ് ഒരു പോരാളി എന്ന നിലയില്‍ തനിക്ക് കേരളത്തില്‍ ലഭിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലാതായ പോലെ തോന്നി. ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ട് ഒന്നര മാസത്തിലധികം ആയെങ്കിലും ശരീരം പൂര്‍വ സ്ഥിതിയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. കൂടുതല്‍ സംസാരിക്കുമ്പോള്‍ നാവ് കുഴയുകയും ശരീരം ഒരു വശത്തേക്ക് ചരിഞ്ഞുപോവുകയും ചെയ്യുന്നതുകൊണ്ട് എല്ലാം ചിരിയിലൊതുക്കി തന്റെ സ്‌നേഹവും സന്തോഷവും അവര്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. ജയിലില്‍ കൃത്യമായ സമയനിഷ്ഠയുള്ള പോലെ ഇവിടെ അതില്ലാത്തതുകൊണ്ടുതന്നെ ഇറോമിന്റെ സമയത്തിനനുസരിച്ച്, മണിക്കൂറുകള്‍ അവരുടെ കൂടെ രണ്ട് ദിവസങ്ങളിലായി ചെലവഴിച്ചാണ് എല്ലാം ചോദിച്ചറിഞ്ഞത്. മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത നീണ്ട നിരാഹാര സമരം നടത്തിയ അവരിപ്പോള്‍ ശാരീരിക ക്ഷീണം അനുഭവിക്കുന്നുണ്ടെങ്കിലും മാനസികമായി കരുത്തു നേടി ഉരുക്കുവനിതയായി മാറിക്കഴിഞ്ഞിരിക്കുന്നു. 

 

2000 നവംബര്‍ രണ്ടിന് മാലോം കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിന് ഇറങ്ങുമ്പോള്‍ ഇത്രയധികം കാലം സമരം തുടരേണ്ടിവരും എന്ന് കരുതിയിരുന്നോ?

മാലോം സംഭവത്തിനു മുമ്പു തന്നെ മണിപ്പൂരില്‍ വിന്യസിക്കപ്പെട്ടിരുന്ന പട്ടാളത്തിനെതിരെ വ്യാപകമായ പരാതികളാണുണ്ടായിരുന്നത്. അക്കാലത്ത് ദിനംപ്രതി വെടിവെപ്പും ബോംബേറും കൊലപാതക പരമ്പരകളും അരങ്ങേറിയിരുന്നു. സര്‍ക്കാറും അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളും പട്ടാളവും കൂടി ചേര്‍ന്ന് മണിപ്പൂരികളെ വേട്ടയാടുകയായിരുന്നു. ഇന്നത്തെ പോലെയൊന്നുമല്ല എവിടെയും ഭയവും നാളെയെക്കുറിച്ചുള്ള ആശങ്കയുമായിരുന്നു. എങ്കിലും പട്ടാളത്തിനെതിരായ ഒരു പൊതുവികാരം ഇവിടെ രൂപപ്പെട്ടിരുന്നു. ഇതിനെതിരായ ഒറ്റപ്പെട്ട സമരങ്ങളും നടന്നിരുന്നു. ഞാന്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ സംഘം പട്ടാളത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ സമര രംഗത്തുണ്ടായിരുന്നു. പെട്ടെന്നാണ് മാലോം ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന പത്തുപേരെ പട്ടാളക്കാര്‍ വെടിവെച്ചുകൊന്നതറിഞ്ഞത്. ഈ സംഭവം മണിപ്പൂരിനെ ഇളക്കിമറിച്ചു. സ്ത്രീകള്‍ രംഗത്തിറങ്ങി. ഞങ്ങള്‍ ചിലര്‍ മരണം വരെ സമരം ചെയ്യാന്‍ തീരുമാനിച്ചു. ഒടുവില്‍ സമരരൂപം പ്രഖ്യാപിച്ചു. പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന 'അഫ്‌സ്പ' പിന്‍വലിക്കുന്നതുവരെ നിരാഹാരം കിടക്കും. പ്രത്യേകിച്ചൊരു തയാറെടുപ്പും ഇല്ലാതെ തന്നെയാണ് അന്ന് സമരത്തിന് മുന്നോട്ടുവന്നത്. എന്നാല്‍ ഇത്രയധികം കാലം സമരം ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. കാരണം അന്ന് മണിപ്പൂര്‍ അത്രയധികം പ്രക്ഷുബ്ധമായിരുന്നു.

 

ഗാന്ധിയന്‍ സമരരീതി തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടായിരുന്നു? ഗാന്ധിജി നടത്തിയ നിരാഹാര സമരങ്ങളെക്കുറിച്ച് അറിയാമായിരുന്നോ? ഒടുവില്‍ സമരം പിന്‍വലിച്ചപ്പോള്‍ ഈ സമരരീതി തന്നെയായിരുന്നു ശരി എന്ന അഭിപ്രായമുണ്ടോ?

അന്നത്തെ സാഹചര്യത്തില്‍ പട്ടാളത്തിനെതിരെ വ്യാപക പ്രതിഷേധം ആളിക്കത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും ഭരണകൂടം മണിപ്പൂരിലെ കിരാത നിയമം പിന്‍വലിക്കുമെന്ന് ആരും വിശ്വസിച്ചില്ല. മറ്റു സമര പരിപാടികളെക്കുറിച്ച് ചിന്തിച്ചെങ്കിലും ഗാന്ധിയന്‍ സമരമുറ കൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് കരുതി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ ഗാന്ധിയന്‍ സമരത്തിന് കഴിഞ്ഞതുപോലെ പട്ടാളക്കാരില്‍നിന്നുള്ള സ്വാതന്ത്ര്യത്തിന് ഈ സമരരീതി ഗുണം ചെയ്യുമെന്ന് വിശ്വസിച്ചു. അങ്ങനെയാണ് മുമ്പ് ഇത്തരം സമരരീതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ഞാന്‍ ഗാന്ധിയന്‍ സമരരീതി പിന്തുടര്‍ന്നത്. എനിക്ക് മുമ്പ് മണിപ്പൂരില്‍ ഈ സമരരീതി ആരും പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അറിഞ്ഞു; 66 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ ജീവന്‍ വെടിഞ്ഞ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ബോബി സാന്‍ഡ് സിനെക്കുറിച്ച്. 1981-ല്‍ 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബോബി സാന്‍ഡ്‌സ് തന്റെ അനിശ്ചിതകാല നിരാഹാര സമരം 66 ദിവസത്തിനപ്പുറം കൊണ്ടുപോയില്ല. ബോബി സാന്‍ഡ്‌സിനെ പോലെ ഞാനും 28 വയസ്സിലാണ് മരണം വരെയുള്ള ഉപവാസ സമരം തുടങ്ങിയത്. ജീവന്‍ പോകാതെ 16 വര്‍ഷം പിടിച്ചുനിന്നത് എന്റെ മനക്കരുത്ത് കൊണ്ടുമാത്രമാണ്. ഈ സമരം വിജയിച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം മണിപ്പൂരിലെ പട്ടാള ഇടപെടലുകള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണല്ലോ.


സമരത്തിന്റെ തുടക്കത്തില്‍ മണിപ്പൂരിലെ ജനസമൂഹം പൂര്‍ണമായും താങ്കള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. താങ്കളെ പാര്‍പ്പിച്ചിരുന്ന ജയിലിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. പുറത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് വല്ല ധാരണയും ഉണ്ടായിരുന്നോ?

നിരാഹാര സമരം തുടങ്ങി ഏതാനും ദിവസം പിന്നിട്ടതോടെ പോലീസ് എന്നെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. അവിടെയും സമരം തുടര്‍ന്നതിന് ശേഷമാണ് എന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടത്. അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ ആയതോടെ എനിക്ക് പുറത്ത് നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയാത്ത നിലയിലായി. ഇതിനിടയില്‍ എന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഭരണകൂടം നിര്‍ബന്ധിത ഫീഡിംഗിന് വിധേയമാക്കാന്‍ തുടങ്ങി. മൂക്കിലൂടെ ട്യൂബിട്ട് എനിക്ക് ദ്രവരൂപത്തിലുള്ള മരുന്നുകള്‍ നല്‍കി. വളരെ വേദന നിറഞ്ഞ നാളുകളായിരുന്നു അതെല്ലാം. അതേസമയം എന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്റെ ആരോഗ്യ നിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായി പൊതുജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നതായി പിന്നീടറിഞ്ഞു. എന്റെ ആശുപത്രിയിലെ ജയില്‍ വാസത്തിനിടയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആശുപത്രിക്ക് പുറത്തും മണിപ്പൂരിലാകമാനവും ശക്തമായ സമരങ്ങളാണ് നടന്നുവന്നത്. ഈ നില നാലഞ്ച് വര്‍ഷക്കാലം തുടര്‍ന്നു.

 

പിന്നീട് ആ സമരത്തിന് എന്താണ് സംഭവിച്ചത്?

ജയിലിലെ എന്റെ ആദ്യ അഞ്ച് വര്‍ഷവും പുറത്ത് സമരത്തിന്റെ വേലിയേറ്റങ്ങളുടെ കാലമായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരസംഘങ്ങള്‍ സജീവമായി നിലകൊണ്ടു. ഈ സമയത്തും പട്ടാളത്തിന്റെ അതിക്രമങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരുന്നു. ഇടക്ക് ജയിലില്‍നിന്ന് പുറത്തുവിടുന്ന എന്നെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കും. ജയിലില്‍നിന്ന് പുറത്തുവരുന്ന ദിവസം മാത്രമാണ് ഞാന്‍ എല്ലാവരുമായും ബന്ധപ്പെടാറുള്ളത്. ജയിലിന് മുമ്പില്‍ സ്ത്രീകളുടെ സമരപ്പന്തലില്‍ എത്താറുള്ളതും അപ്പോള്‍ മാത്രമാണ്. എന്റെ സമരം പുറത്ത് ഏറ്റെടുത്ത് നടത്തിയിരുന്നത് ചില മനുഷ്യാവകാശ സംഘടനകളായിരുന്നു. അവരൊക്കെ ഇപ്പോഴും കൂടെയുണ്ടെങ്കിലും ആദ്യകാലത്തെ പിന്തുണ പിന്നീട് ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ജയിലിലെ ആദ്യ അഞ്ചു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് മണിപ്പൂരിന് പുറത്തും രാജ്യത്താകമാനവും എന്റെ സമരം ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. സമരം ഏറെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും രണ്ടാംഘട്ട സമരങ്ങളില്‍നിന്ന് പലരും പിന്മാറിയ വിവരം പിന്നീടാണ് അറിഞ്ഞത്.

 

ആശുപത്രി ജയിലിലെ ആദ്യ അഞ്ചു വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നു? 

ജീവന്‍ പണയം വെച്ചുള്ള സമരമായിരുന്നു. ഏകാന്തത, ഒറ്റപ്പെടല്‍. ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ മാധ്യമസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എന്റെ സമര വാര്‍ത്തകള്‍ പോലും അപൂര്‍വമായി മാത്രമാണ് അച്ചടിച്ചുവന്നത്. പുറത്തുനടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. പുറത്ത് പട്ടാളക്കാരുടെ കാവലില്‍, ഇടക്കിടക്ക് കര്‍ഫ്യൂ, ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന ബന്ദുകള്‍ ഇതിനിടയിലൊക്കെ ജീവിതം തികച്ചും ഏകാന്തമായി, ഏകാഗ്രമായി കൊണ്ടുപോവുകയായിരുന്നു.

 

അക്കാലത്ത് താങ്കളെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഇറോം ശര്‍മിള വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളെന്നായിരുന്നു. 

അത് ഇന്ത്യന്‍ പട്ടാളം കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നു. ഞാനൊരിക്കലും വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അന്നും ഇന്നും എനിക്ക് ഒരു നിലപാട് മാത്രമാണുള്ളത്. മണിപ്പൂരില്‍ ധാരാളം വിഘടനവാദ ഗ്രൂപ്പുകളുണ്ട്. ഇവര്‍ക്കാവശ്യമായ സഹായവും ആയുധങ്ങളും എവിടെനിന്ന് ലഭിക്കുന്നു എന്ന് അന്വേഷിക്കേണ്ടത് ഭരണകൂടമാണ്. വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് ഇനി മണിപ്പൂരില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വിഘടനവാദം ഉയര്‍ത്തുന്നവരുടെ നിലപാടുകളെ ഇവിടത്തുകാര്‍ ഒരിക്കലും അംഗീകരിക്കാനിടയില്ല.

 

എന്നുമുതലാണ് താങ്കളുടെ സമരം ലോകശ്രദ്ധയില്‍ വന്നുതുടങ്ങിയത്?

2005-നു ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എന്നോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകള്‍ എത്തിത്തുടങ്ങിയത്. നിരവധി പേര്‍ സന്ദര്‍ശകരായി എത്തിയതും 2005-നു ശേഷമാണ്. എന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ചില കൂടിച്ചേരലുകള്‍ നടക്കാറുണ്ട്. വിയറ്റ്‌നാമിലെ ഒരു സ്ത്രീ ആക്ടിവിസ്റ്റ് വര്‍ഷത്തിലൊരിക്കല്‍ ഏഴു ദിവസം എനിക്കു വേണ്ടി നിരാഹാര സമരം നടത്താറുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലും തന്റെ സമരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിത്തുടങ്ങിയത് 2005-നു ശേഷം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്.

 

പിന്നീടുള്ള വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നു?

യഥാര്‍ഥത്തില്‍ ആശുപത്രി ജയിലിലെ 16 വര്‍ഷങ്ങള്‍ ഒരേപോലെ ആയിരുന്നു. എങ്കിലും കാലം കഴിയുന്തോറും പ്രായം കൂടിവരികയും ഞാനാകെ മാറിവരികയും ചെയ്തു. പുറത്തു നടക്കുന്ന സമരത്തിന്റെ തീക്ഷ്ണത കുറഞ്ഞുവരികയായിരുന്നു. മണിപ്പൂരികള്‍ പട്ടാളക്കാരോട് സന്ധിയായതുപോലെ തോന്നി. ഒറ്റപ്പെട്ട സംഭവങ്ങള്‍ മണിപ്പൂരില്‍ ഉണ്ടാകാറുണ്ടെങ്കിലും മുമ്പുണ്ടായിരുന്ന ആവേശം ഉണ്ടായിരുന്നില്ല. പുറത്ത് നടന്നിരുന്ന സമരത്തിന്റെ സ്ഥിതിഗതികള്‍ എന്നെ ആരും അറിയിച്ചിരുന്നില്ല. ഒരു അഭിപ്രായവും എന്നോടാരും ചോദിച്ചില്ല. ഒരു സ്ത്രീ ആക്ടിവിസ്റ്റ് എന്ന നിലയില്‍ എന്റെ സമരം ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇടക്ക് ദല്‍ഹിയില്‍ പോയി. പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടു. മണിപ്പൂരില്‍ പ്രധാനമന്ത്രിമാര്‍ വന്നുപോയി. എന്നെ കാണാന്‍ അവരെത്തിയില്ല. ഇതിനിടെ മണിപ്പൂരിലെ 'അഫ്‌സ്പ'യെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ഒരുപക്ഷേ എന്നെങ്കിലും ഈ നിയമം പിന്‍വലിച്ചേക്കാം. വായനയും എഴുത്തും മുറപോലെ നടന്നു. ജയില്‍ റൂമില്‍ എനിക്ക് കൂട്ടുകാരായി കുറച്ച് വളര്‍ത്തെലികളും പൂച്ചകളുമാണ് ഉണ്ടായിരുന്നത്. ഇടക്ക് ചിലര്‍  കാണാന്‍വരാറുണ്ട്. സന്ദര്‍ശകര്‍ക്ക് അനുവാദം ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ താണ്ടണം. അതുകൊണ്ടുതന്നെ പല പ്രമുഖരും എന്നെ കാണാതെ തിരിച്ചുപോയി. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിലാണ് ഞാന്‍ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

 

മനുഷ്യചരിത്രത്തില്‍ ഇന്നേവരെ ആരും നടത്തിയിട്ടില്ലാത്ത സമരത്തെ താങ്കള്‍ എങ്ങനെയാണ് അതിജീവിച്ചത്? ഒരു ട്യൂബിലൂടെ നല്‍കുന്ന മരുന്ന് മാത്രം മതിയായിരുന്നോ അത്തരം ഒരു അതിജീവനത്തിന്?

സമരത്തിന്റെ ആദ്യനാളുകളില്‍ എനിക്ക് മരണം വിധിച്ചവരുണ്ടായിരുന്നു. ഒട്ടും വൈകാതെ മരിക്കുമെന്ന് പിന്നെയും ചിലര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഭരണകൂടത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് ഞാന്‍ നിര്‍ബന്ധിത ഫീഡിംഗിന് വിധേയയായത്. പിന്നീട് അത് ഒരാവരണം പോലെ എന്റെ ശരീരത്തില്‍ ഇഴുകിച്ചേരുകയായിരുന്നു. മരണം മുന്നില്‍ കണ്ട ദിനങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. കരച്ചിലൊടുങ്ങാത്ത ദിവസങ്ങളും. എല്ലാം അതിജീവിച്ചതിനു പിന്നിലെ ത്യാഗം ഇന്ന് പലരും തിരിച്ചറിയുന്നില്ല. ധൈര്യവും മനക്കരുത്തും തന്നെയായിരുന്നു എനിക്ക് തുണയായത്. കാരണം മരണം മുന്നില്‍ കണ്ടിട്ടു തന്നെയാണല്ലോ സമരത്തിനിറങ്ങിയത്. ഒരിറ്റുവെള്ളം ചുണ്ടിലൂടെ കടന്നിറങ്ങാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല. 16 വര്‍ഷം മുമ്പുള്ള എന്റെ പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ഇനിയും സമയം വേണ്ടിവരും.

 

ഒരു സ്ത്രീ എന്ന നിലയില്‍ ഏതു തരത്തിലുള്ള ശാരീരിക, മാനസിക വെല്ലുവിളികളെയാണ് ഈ കാലത്ത് അഭിമുഖീകരിക്കേണ്ടിവന്നത്?

മാനസികമായി എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശാരീരികമായി ഞാനാകെ തളരുകയായിരുന്നു. രക്തം ശരീരത്തില്‍ ദിനംപ്രതി കുറഞ്ഞുവന്നു. വിളറിയ ശരീരവുമായി ഞാന്‍ ജീവിച്ചു എന്നത് എനിക്കു പോലും അത്ഭുതമായി തോന്നിയിട്ടുണ്ട്. നീണ്ട സമരത്തിനിടയില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. എന്റെ ആര്‍ത്തവ രക്തം നിലച്ചുപോയി. ആ കുറച്ചുകാലം ഞാന്‍ ജീവിച്ചോ മരിച്ചോ എന്ന് അറിയില്ലായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷമാണ് എനിക്ക് നഷ്ടപ്പെട്ട എന്റെ പിരീയഡ് തിരിച്ചുകിട്ടിയത്. ഇതൊരു വെല്ലുവിളിയുടെ കാലമായിരുന്നു. എന്തായാലും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിഞ്ഞു എന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു.

 

സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം വെറും ഒറ്റയാള്‍ സമരം എന്ന തോന്നല്‍ വന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ?

യഥാര്‍ഥത്തില്‍ ഒറ്റയാള്‍ സമരം തന്നെയായിരുന്നല്ലോ. പത്തുവര്‍ഷം പിന്നിട്ടതിനു ശേഷം എന്റെ സമരത്തിന്റെ ജാഗ്രതയില്‍ സംശയം തോന്നിത്തുടങ്ങിയിരുന്നു. പുറത്തു നടക്കുന്ന സംഭവങ്ങള്‍ എന്നെ ധരിപ്പിക്കുന്നതില്‍ കൂടെയുള്ളവര്‍ വിമുഖത കാട്ടി. വീണ്ടും ഒരു ഒറ്റപ്പെടല്‍. ഇതിനിടയിലാണ് അഫ്‌സ്പയെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം ഉണ്ടായത്. മാത്രമല്ല, ഇനിയും ഒരായുസ്സ് മുഴുവന്‍ ഇതിനകത്ത് പട്ടിണി കിടന്ന് മരിച്ചാലും മണിപ്പൂരില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കാന്‍ കേന്ദ്ര ഭരണകൂടം തയാറാകുമെന്നും തോന്നിയില്ല. അങ്ങനെയാണ് രാഷ്ട്രീയ പ്രവേശം എന്ന തോന്നല്‍ ഉണ്ടായത്. ഇനി മണിപ്പൂരിനു വേണ്ടി വാദിക്കാന്‍ രാഷ്ട്രീയ രംഗത്ത് ഞാനുണ്ടാകും. അഴിമതിയും പട്ടാളത്തിന്റെ കടന്നുകയറ്റവും വിഷയമാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ അവര്‍ അത് അംഗീകരിക്കും.

 

സമരത്തില്‍നിന്നുള്ള പിന്മാറ്റവും രാഷ്ട്രീയ പ്രവേശവും മണിപ്പൂര്‍ ജനത തള്ളുകയാണല്ലോ ചെയ്തത്?

രണ്ട് തീരുമാനവും ഞാന്‍ ഒറ്റക്കെടുത്തതാണ്. ആരോടും കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം. അതുകൊണ്ടായിരിക്കാം അവര്‍ അംഗീകരിക്കാത്തത്. എന്നാല്‍ സമരം അവസാനിപ്പിച്ച ദിവസത്തെ നിലപാടുകളില്‍നിന്ന് അവരിപ്പോള്‍ വളരെയധികം മുന്നോട്ടുവന്നിരിക്കുന്നു. ഞാനവര്‍ക്കും കൂടിയാണ് 16 വര്‍ഷം ജയിലില്‍ കിടന്നത്. വൈകിയാണെങ്കിലും അവര്‍ എന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ തന്നെയാണ് സാധ്യത. എന്റെ വീട്ടുകാര്‍ പോലും, പ്രത്യേകിച്ച് എന്റെ അമ്മ പോലും ഇതുവരെ എന്നെ കാണാന്‍ വന്നിട്ടില്ല. വൈകാതെ അവരെല്ലാം എന്നെ അംഗീകരിച്ച് രംഗത്തുണ്ടാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാവുകയാണ് ഞാന്‍. അതിനു മുമ്പ് ശാരീരിക നില ശരിയാക്കണം. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാവുക എന്നത് നടക്കാത്ത കാര്യമൊന്നുമല്ല. ജനം വിചാരിച്ചാല്‍ എല്ലാം നടക്കും, പ്രതീക്ഷയുണ്ട്.

 

ഒരു സമരനായിക എന്ന നിലയില്‍ രാജ്യത്തെ സമര മുന്നേറ്റങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നത്?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന സമരമുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇവിടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള വര്‍ഗീയ-ഫാഷിസ്റ്റ് നിലപാടുകള്‍ സര്‍ക്കാര്‍ നയമായി നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്. ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. ഭരണകൂടം അതിന്റെ ഫാഷിസ്റ്റ് പ്രവണതകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം എതിരായി രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രക്ഷോഭ സമരങ്ങളില്‍ ഇനിമുതല്‍ എന്റെ സാന്നിധ്യം ഉണ്ടാകും. അതിന് മുന്നോടിയായി നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടത്തുകൊണ്ട് സമര രംഗത്തിറങ്ങും. ഇവിടത്തെ പ്രശ്‌നങ്ങള്‍ ദേശീയ-സാര്‍വദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യം. അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം പോരാടുന്നതിന് അവശേഷിക്കുന്ന കാലം നീക്കിവെക്കും. 

 

കേരളത്തിലേക്ക് എന്നാണ് വരിക? 

കേരളം എന്റെ ഇഷ്ടഭൂമിയാണ്. ഇതിനകം നിരവധി പേര്‍ ക്ഷണിച്ചിട്ടുണ്ടണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു യാത്ര നടക്കില്ല. തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് കേരളത്തിലെത്തും.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍