കേരളത്തെ നോട്ടമിട്ട് ബി.ജെ.പി
ബി.ജെ.പി ദേശീയ കൗണ്‍സില്‍ -നിര്‍വാഹക സമിതി സമ്മേളനവും അനുബന്ധ പരിപാടികളും മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ട് സംഘടിപ്പിച്ചതിന് സംഘടനക്ക് നിരവധി ന്യായങ്ങള്‍ നിരത്താനുണ്ട്. ഹിന്ദുത്വത്തിന്റെ താത്ത്വികാചാര്യന്മാരിലൊരാളായ ദീന്‍ദയാല്‍ ഉപാധ്യായ ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ഒരു സമ്മേളനത്തില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികളും പാര്‍ട്ടി സമ്മേളനങ്ങളും ആ നഗരത്തില്‍ വെച്ചു തന്നെയാവുക സ്വാഭാവികം മാത്രം. ഇതൊന്നുമല്ല യഥാര്‍ഥ കാരണമെന്ന് പരിപാടികള്‍ ആദ്യന്തം വീക്ഷിച്ച ആര്‍ക്കും ബോധ്യമാവും. ബി.ജെ.പി കാര്യമായും നോട്ടമിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഒന്നു രണ്ട് വര്‍ഷം മുമ്പ് വരെ രാഷ്ട്രീയമായി യാതൊരു പ്രതീക്ഷയും അവര്‍ക്ക് കേരളത്തില്‍ ഇല്ലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടും ഒരു സീറ്റും നേടാന്‍ കഴിഞ്ഞതാണ് പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയത്. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇനി മുമ്പിലുള്ളത്. ഏതു വിധേനയെങ്കിലും ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും കുറേ സീറ്റുകള്‍ നേടണം.
നിലവിലെ സാഹചര്യത്തില്‍ ഈ ലക്ഷ്യം നേടണമെങ്കില്‍ കുറേ കടമ്പകളുണ്ട്. മുഖ്യ പ്രതിബന്ധം കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി തന്നെ. അതിനാല്‍ മോദിയും കൂട്ടരും സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കൊലപാതക രാഷ്ട്രീയം പറഞ്ഞായിരുന്നു തല്ല്. ഇതിന്റെ കാപട്യം തിരിച്ചറിയാന്‍ സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ പോലും പശു സംരക്ഷണത്തിന്റെയും മറ്റും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട അതിക്രമങ്ങളുടെ വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനും സംഘ്പരിവാറിനും തുല്യ പങ്കാളിത്തമുണ്ടെന്നു തന്നെയാണ് യാഥാര്‍ഥ്യം. തിരുത്താന്‍ ഇരു കൂട്ടരും തയാറില്ലാത്ത സ്ഥിതിക്ക്, കൊലപാതക രാഷ്ട്രീയം പറഞ്ഞ് മേല്‍ക്കൈ നേടാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രം.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രുവാണെങ്കിലും, കോണ്‍ഗ്രസിനെതിരെ കടന്നാക്രമണങ്ങളൊന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ കാണാനുണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാവാം അത്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഗ്രൂപ്പ് യുദ്ധത്തിന് അവധി കൊടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തയാറല്ല. ഇത് അണികളിലുണ്ടാക്കുന്ന അസംതൃപ്തിയും നൈരാശ്യവും മുതലെടുത്ത് അവരെക്കൂടി ഒപ്പം കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട തന്ത്രമാണിത്. കേരള കോണ്‍ഗ്രസ് (എം) പോലെ ഇടഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പുകളിലും അവര്‍ക്ക് നോട്ടമുണ്ട്. ക്രിസ്ത്യന്‍ മത മേലധ്യക്ഷന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായി തന്നെയാണ് കാണേണ്ടത്. ഇടഞ്ഞുവെന്ന് നടിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ചു നിര്‍ത്തുന്നതിലും ബി.ജെ.പി നേതൃത്വം വിജയിച്ചിരിക്കുന്നു. എന്‍.ഡി.എ കേരള ഘടകം പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ വൈസ് ചെയര്‍മാന്‍ തന്നെയാണ് കേരള എന്‍.ഡി.എയുടെയും വൈസ് ചെയര്‍മാന്‍ എന്നത് ബഹളത്തിനിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. മോദിയുടെ സ്വന്തക്കാരായ കുത്തക കമ്പനികള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ചാനലുകളെയും വിലക്കെടുത്തു കഴിഞ്ഞു. അതിന്റെ അനുരണനങ്ങളാണ് കേരളത്തിലും കാണുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ പെരുകുമ്പോഴും ചാനലുകള്‍ മോദിസ്തുതികളാല്‍ നിറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം മറ്റെവിടെയും തിരക്കേണ്ടതില്ല.
ഗമണ്ടന്‍ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മറ്റൊരു ബാക്കിപത്രം. ഒരാഴ്ച മുമ്പ് നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി മോദിയെ കണക്കിന് കളിയാക്കുന്നുണ്ടായിരുന്നു. കള്ളപ്പണക്കാരെ കൈയോടെ പിടികൂടി ആ പണം ദരിദ്രരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരു പൈസയും ഒരാളുടെയും അക്കൗണ്ടിലേക്ക് വന്നില്ല. കള്ളപ്പണക്കാരെക്കുറിച്ച വര്‍ത്തമാനം തന്നെ നിര്‍ത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ മോദി, രണ്ടര വര്‍ഷം പിന്നിട്ടിട്ടും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി? 20 കോടീശ്വരന്മാര്‍ക്കല്ലാതെ ആര്‍ക്കാണിവിടെ അഛാ ദിന്‍? രാഹുല്‍ ചോദിക്കുന്നു. ഗരീബി കല്യാണ്‍ (ദരിദ്രക്ഷേമം), ജന്‍ കല്യാണ്‍ (ജനക്ഷേമം) പോലുള്ള കോഴിക്കോടന്‍ പ്രഖ്യാപനങ്ങളുടെയും ഗതി മറ്റൊന്നാവില്ലെന്നാണ് അനുഭവപാഠം.
മുസ്‌ലിം ന്യൂനപക്ഷം അതിക്രമങ്ങള്‍ക്കിരയായപ്പോഴെല്ലാം മൗനം പാലിച്ച പ്രധാനമന്ത്രി, ദീന്‍ദയാലിനെ കൂട്ടുപിടിച്ചാണെങ്കിലും അവരോടുള്ള തന്റെ നിലപാട് കോഴിക്കോട് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിംകളെ അവഹേളിക്കുകയോ പ്രീണിപ്പിക്കുകയോ വോട്ട് ബാങ്കായി കാണുകയോ ചെയ്യുന്നതിനു പകരം അവരെ 'ശുദ്ധീകരിച്ച്' ഒപ്പം കൂട്ടണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് ഈ പറഞ്ഞതിന്റെ അര്‍ഥമെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. 'ശുദ്ധീകരണ'ത്തിന് ഹിന്ദുത്വ ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ നല്‍കിയ അര്‍ഥ പ്രകാരമാണെങ്കില്‍, മുസ്‌ലിംകള്‍ തങ്ങളുടെ പാരമ്പര്യങ്ങളും മതവിശ്വാസങ്ങളും ഉപേക്ഷിക്കണമെന്നും 'ഘര്‍വാപസി'ക്ക് തയാറാകണമെന്നുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് ഒരാള്‍ക്ക് വ്യാഖ്യാനിക്കാം. മറ്റു വല്ലതുമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്.
Comments