Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

മൂസാ നബിയുടെ രാഷ്ട്രീയം

ടി. മുഹമ്മദ് വേളം

ഫറോവയുടെ കൊട്ടാരത്തിലാണ് മൂസാ നബിയുടെ പ്രവാചക പ്രഖ്യാപനം നടന്നത്. വ്യവസ്ഥയുടെ മര്‍മത്തിലാണ് മൂസാ നബി അതിലൂടെ കൈവെച്ചത്. ഫറോവ പ്രകോപിതനായി. അതിരൂക്ഷമായി തിരിച്ചടിച്ചു. ഇസ്രാഈല്‍ സന്തതികളെ മോചിപ്പിക്കണമെന്നതായിരുന്നു ആ പ്രവാചക പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ പ്രമേയം. മൂസാനബിയുടെ പ്രവാചക പ്രഖ്യാപനത്തിന് ഫറോവയുടെ മറുപടി ഇതായിരുന്നു: ''നിന്നെ ചെറുപ്പത്തില്‍ പോറ്റി വളര്‍ത്തിയത് ഞങ്ങളല്ലേ. നിന്റെ ആയുസ്സിലെ നിരവധി സംവത്സരങ്ങള്‍ നീ ഞങ്ങളിലല്ലേ ചെലവിട്ടത്. പിന്നെ നീ ചെയ്ത ആ പണിയില്ലേ, ആ പണിയും ചെയ്തുപോയവനല്ലേ നീ, നീ നന്ദികെട്ടവനാണ്'' (അശ്ശുഅറാഅ് 16-19).

ഇതിന് കൃത്യമായ മറുപടി പറഞ്ഞുകൊണ്ടാണ് മൂസാ നബിയുടെ പ്രബോധനം പുരോഗമിക്കുന്നത്. പക്ഷേ ഫറോവ രണ്ടാമത് ഉന്നയിച്ച കൊലപാതക ആരോപണത്തിനാണ്  മൂസാനബി ഒന്നാമതായി മറുപടി പറയുന്നത്. കാരണം, നിന്നെ വളര്‍ത്തിയത് ഞങ്ങളല്ലേ എന്ന ഒന്നാമത്തെ വാദത്തിന്റെ  മറുപടി വളരെ എളുപ്പമാണ്. കൊട്ടാരത്തില്‍ വളര്‍ന്നതിന് മൂസാ നബി കുറ്റക്കാരനല്ല; ഉത്തരവാദിയല്ല. അതിനൊരു ഉത്തരവാദിയുണ്ടെങ്കില്‍ അത് ഫറോവ തന്നെയാണ്, ഫറോവ അന്യായമായി സൃഷ്ടിച്ച സാമൂഹികക്രമമാണ്. പക്ഷേ, എന്ത് കാരണത്താലായാലും, ബോധപൂര്‍വമല്ലെങ്കിലും മൂസാ നബിയുടെ ഭാഗത്തുനിന്ന് കൊലപാതകം സംഭവിച്ചിരിക്കുന്നു. ഇവിടെ ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണ് ഫറോവ പയറ്റാന്‍ ശ്രമിച്ചത്. ചെയ്ത കൃത്യം എന്താണെന്ന് ഫറോവ കൃത്യമായി പറയുന്നില്ല. 'ചെയ്ത ആ പണിയും ചെയ്ത് പോയതല്ലേ നീ' എന്നാണ് അവന്‍ ചോദിക്കുന്നത്. ഈ രണ്ടാമത്തെ ചോദ്യത്തിന് ഒന്നാമത് മറുപടി പറഞ്ഞുകൊണ്ടാണ് മൂസാ നബിയുടെ വിശദീകരണം ആരംഭിക്കുന്നത്. കാരണം, ധാര്‍മികമായി കരിനിഴലില്‍നിന്നുകൊണ്ട്  പ്രബോധനം നടത്തുക അസാധ്യമാണ്. ധാര്‍മികതയാണ് പ്രബോധകന്റെ ഏറ്റവും വലിയ മൂലധനം. ആ മുടക്കുമുതലില്‍ എന്തെങ്കിലും കുറവോ അപാകതയോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുമാത്രമേ പ്രബോധകന് മുന്നോട്ടു പോകാന്‍ കഴിയൂ. ആ കൊലപാതകം ബോധപൂര്‍വമായിരുന്നില്ല. ഇസ്രാഈല്‍ മക്കള്‍ക്കു നേരെ നടക്കുന്ന കൊടിയ മര്‍ദനങ്ങളും വിവേചനങ്ങളുമാണ് കൊലപാതകത്തില്‍ ചെന്ന് കലാശിച്ച സംഭവങ്ങളുടെ യഥാര്‍ഥ കാരണം. പക്ഷേ, മറുപടിയില്‍ തനിക്കനുകൂലമായ അത്തരം ആനുകൂല്യങ്ങളൊന്നും മൂസാ നബി ഉപയോഗപ്പെടുത്തിയില്ല. ഉയര്‍ന്ന തലത്തിലുള്ള ആദര്‍ശ വിശദീകരണമാണ് മൂസാ നബി ഫറോവയുടെ കൊട്ടാരത്തില്‍ നടത്തിയത്: ''ഞാന്‍  വഴി അറിയാത്തവനായിരുന്ന കാലത്താണ് അത് ചെയ്തത്. നിങ്ങളുടെ പ്രതികാര നടപടിയെ ഭയപ്പെട്ടുകാണ്ട് ഞാന്‍ നിങ്ങളില്‍നിന്ന് ഓടിപ്പോയി. പക്ഷേ, അല്ലാഹു എനിക്ക് തത്ത്വജ്ഞാനവും പ്രവാചകത്വവും പ്രദാനം ചെയ്തു'' (അശ്ശുഅറാഅ് 21).

കൊലപാതക ആരോപണത്തിന്, പ്രത്യേകിച്ച് അന്നത്തെ സാമൂഹിക ക്രമവുമായി ബന്ധപ്പെട്ട് ഒരുപാട് മറുന്യായങ്ങള്‍ പറയാനുണ്ടായിരുന്നു. പക്ഷേ, മൂസാ (അ) അതൊന്നും പറഞ്ഞില്ല. പ്രശ്‌നത്തെ എങ്ങനെ സമീപിക്കണമെന്നറിയാത്ത, അജ്ഞതയുടെ കാലത്ത് സംഭവിച്ചതാണെന്ന് ആദര്‍ശപരമായി വ്യക്തത വരുത്തുകയാണ് അദ്ദേഹം ചെയ്തത്. മറ്റു മറുപടികള്‍, പ്രത്യേകിച്ച്  വധം ബോധപൂര്‍വമായിരുന്നില്ല എന്ന വ്യക്തിതലത്തിലുള്ളതും ഫറോവയുടെ വംശീയാതിക്രമപരമായ സാമൂഹികക്രമമാണ് ഖിബ്ത്വിയെ ഇസ്രാഈല്‍ സന്തതിയെ അക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന സാമൂഹികതലത്തിലുമുള്ള മറുപടികള്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് അതിനര്‍ഥമില്ല. മൂസാ നബി പറഞ്ഞ മറുപടി മാത്രമല്ല പറയാത്ത മറുപടികളും ഇസ്‌ലാമികമായി സാധ്യതകള്‍ തന്നെയായിരുന്നു. പറഞ്ഞ മറുപടി മൂസാനബിയുടെ ഒരു തെരഞ്ഞെടുപ്പായിരുന്നു. അടിസ്ഥാന ആദര്‍ശ വിശദീകരണത്തിന്റെ തെരഞ്ഞെടുപ്പ്. അതിനര്‍ഥം എന്തിനും എപ്പോഴും അങ്ങനെ മാത്രമേ മറുപടി പറയാവൂ എന്നല്ല. മൂസാ നബിയുടെ ആ തെരഞ്ഞെടുപ്പിന് ഒരു കാരണമുണ്ട്. പ്രബോധകനെ സംബന്ധിച്ചേടത്തോളം ധാര്‍മിക പ്രതിഛായയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു അവ്യക്തതയുമില്ലാത്ത തെളിച്ചം വരുത്തിക്കൊണ്ടേ മുന്നോട്ടു പോകാന്‍ കഴിയൂ. അടിസ്ഥാന പാഥേയം നഷ്ടപ്പെടുത്തിക്കൊണ്ട് പ്രബോധകന് സഞ്ചരിക്കാനാവില്ല.

ധാര്‍മികമായ ഈ വ്യക്തത വരുത്തല്‍ മറ്റു പ്രവാചകന്മാരുടെ ചരിത്രത്തിലും നമുക്ക് കാണാനാകും. ധാര്‍മികതയുടെ പേരില്‍ ഏറ്റവും കടുത്ത പരീക്ഷണത്തിന് വിധേയനാവുകയും തന്റെ സദാചാര സംരക്ഷണത്തിന്റെ മാര്‍ഗത്തില്‍ ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത, ധാര്‍മികതയുടെ വെട്ടിത്തിളങ്ങുന്ന യുവനക്ഷത്രമായ യൂസുഫ് നബി(അ)യുടെ ചരിത്രത്തിലെ ഒരു രംഗം ഇവിടെ സ്മരണീയമാണ്. രണ്ട് സഹതടവുകാര്‍ കണ്ട സ്വപ്നത്തെ യൂസുഫ് നബി വ്യാഖ്യാനിച്ചുകൊടുക്കുന്നു. അതില്‍ ഒരുവന്‍ ജയില്‍മോചിതനാവുന്നു. പിന്നീട് രാജാവ് ഒരു സ്വപ്നം കാണുന്നു: ''ഏഴ് തടിച്ച പശുക്കള്‍, അവയെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നു. ഏഴ് പച്ച ധാന്യക്കതിരുകള്‍, ഏഴ് ഉണങ്ങിയ ധാന്യക്കതിരുകള്‍.'' കൊട്ടാര വിദ്വാന്മാരോട് ഇത് വ്യാഖാനിച്ചുകൊടുക്കാന്‍ രാജാവ് ആവശ്യപ്പെട്ടപ്പോള്‍ ഇത് വെറും പൊയ്ക്കിനാവുകളാണെന്ന്  അവര്‍ പറഞ്ഞു. ആ തള്ളിക്കളയലില്‍ അദ്ദേഹം സംതൃപ്തനായില്ല. അപ്പോഴാണ് ജയില്‍മോചിതനായ കൊട്ടാരവാസിക്ക് യൂസുഫി(അ)നെ ഓര്‍മവന്നത്. രാജാവിനോട് യൂസുഫി(അ)നെക്കുറിച്ചും യുസുഫിന്റെ സ്വപ്ന വ്യാഖ്യാന പാടവത്തെക്കുറിച്ചും ആ മുന്‍തടവുകാരന്‍ സംസാരിച്ചു. രാജാനുമതിയോടെ ജയിലില്‍ ചെന്ന് യൂസുഫിനോട് രാജസ്വപ്നത്തിന്റെ വ്യാഖ്യാനമാരാഞ്ഞു. യൂസുഫ് (അ) സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്തു. തടിച്ച പശുക്കളും പച്ചക്കതിരുകളും ഇപ്പോള്‍ മുതലുള്ള സമൃദ്ധിയുടെ ഏഴ് സംവത്സരമാണ്. മെലിഞ്ഞ പശുക്കളും ഉണങ്ങിയ കതിരുകളും ശേഷം വരാനിരിക്കുന്ന വരള്‍ച്ചയുടെ ഏഴ് വര്‍ഷക്കാലമാണ്. ആപത്തുകാലത്തിനുവേണ്ടി സമ്പത്തുകാലത്തെ കാത്തുവെക്കുക. വ്യാഖ്യാനത്തില്‍ തൃപ്തനായ രാജാവ് യൂസുഫിനെ രാജസന്നിധിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പത്തു വര്‍ഷത്തോളമായുള്ള ജയില്‍വാസം അവസാനിപ്പിക്കാന്‍ ഔദ്യോഗിക ഉത്തരവും രാജസാമീപ്യവും പ്രഖ്യാപിക്കപ്പെട്ടിട്ടും യൂസുഫ് ജയില്‍മോചിതനാവാന്‍ സന്നദ്ധനായില്ല. രാജദൂതനോട് അദ്ദേഹം പറഞ്ഞു: ''സംശയത്തിന്റെ നിഴലില്‍ നിന്നുകൊണ്ട് പുറത്തിറങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ തിരിച്ചുപോവുക. എന്നിട്ട് തങ്ങളുടെ കൈകള്‍ സ്വയം മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ അവസ്ഥയെന്തെന്ന് നീ നിന്റെ യജമാനനോട് ചോദിക്കുക. എന്റെ നാഥന്‍ അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് നന്നായി അറിയുന്നുണ്ട്. രാജാവ് ആ സ്ത്രീകളോട് ചോദിച്ചു. യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവം എന്തായിരുന്നു?! എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു. 'ഹാശലില്ലാഹ്' ഞങ്ങള്‍ അദ്ദേഹത്തില്‍ തിന്മയുടെ ലാഞ്ഛനപോലും കണ്ടിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടുകഴിഞ്ഞു. അദ്ദേഹത്തെ കെണിയില്‍ പെടുത്താന്‍ നോക്കിയത് ഞാന്‍ തന്നെയായിരുന്നു. അദ്ദേഹം തികഞ്ഞ സത്യസന്ധനായിരുന്നു. യൂസുഫ് പറഞ്ഞു. അതു മുഖേന എന്റെ ഉദ്ദേശ്യം ഇതായിരുന്നു. പ്രഭുവിന്റെ അഭാവത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്നും വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു വിജയിപ്പിക്കില്ലെന്നും അദ്ദേഹം അറിയണം'' (യൂസുഫ് 50,51).

ഇതിലൂടെ തന്റെ വ്യക്തിത്വത്തിന് കൈവന്ന ധാര്‍മിക വ്യക്തതയുടെ കരുത്താണ്, ഈ നാടിന്റെ ഖജനാവുകള്‍ തന്നെ ഏല്‍പിക്കൂ എന്ന് ആവശ്യപ്പെടാന്‍ യൂസുഫ് നബിക്ക് കരുത്ത് പകര്‍ന്നതും, ഏല്‍പിച്ചുകൊടുക്കാന്‍ രാജാവിന് വിശ്വാസം നല്‍കിയതും എന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നിരീക്ഷിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ സന്ദേശത്തെ അംഗീകരിക്കാത്തവരും മുഹമ്മദ് നബിയുടെ ധാര്‍മിക വ്യക്തിത്വത്തെ  അംഗീകരിച്ചിരുന്നു. പ്രവാചകന്‍ യസ്‌രിബിലേക്ക് പലായനം ചെയ്യുമ്പോഴും എതിരാളികളുടെ സൂക്ഷിപ്പുസ്വത്തുക്കള്‍ പ്രവാചകന്റെ വിശ്വസ്ത സുരക്ഷയില്‍ ഉണ്ടായിരുന്നു.  അത് ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ പ്രവാചകന്‍ അലി(റ)യെ ഏല്‍പിക്കുകയായിരുന്നു. മദീനയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെതന്നെ ഇസ്‌ലാമിക ക്ഷേമ രാഷ്ട്രം സ്ഥാപിക്കാന്‍ സാധിച്ചതിന്റെ കാരണവും, പ്രവാചകന്റെ പ്രവാചക വ്യക്തിത്വത്തെ അംഗീകരിക്കാത്തവരും മുഹമ്മദ് എന്ന നേതാവിന്റെ നീതിബോധത്തെ അംഗീകരിച്ചതുകൊണ്ടാണ്. മക്കയിലും പ്രവാചകന്റെ ആദര്‍ശം നിഷേധിക്കപ്പെട്ടപ്പോഴും പ്രവാചകന്റെ ധാര്‍മിക സുസമ്മതത്വം നിലനിന്നിരുന്നു. പ്രവാചകന്റെ കൊടിയ ശത്രുവായിരുന്ന അബൂജഹ്ല്‍ പ്രവാചകനുമായുള്ള സംഭാഷണമധ്യേ പറഞ്ഞതായി അലി (റ) ഉദ്ധരിക്കുന്നു: 'ഞാന്‍ നിന്നെ കളവാക്കുന്നില്ല. ഞാന്‍ കളവാക്കുന്നത് നീ കൊണ്ടുവന്നതിനെയാണ്.'

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ കരുത്ത് ധാര്‍മികതയാണ്. അതുകൊണ്ടാണ് ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അന്ധമായ സാമുദായികതയെയും തീവ്രവാദത്തെയും ശക്തമായി തള്ളിപ്പറയുന്നത്. സാമുദായികതയിലും തീവ്രവാദത്തിലും എത്രതന്നെ ശരികളുണ്ടെങ്കിലും അതിന്റെ ഒരു കാല് ഉറപ്പിച്ചിരിക്കുന്നത് അനീതിയിലും അധാര്‍മികതയിലുമായിരിക്കും. ഐ.എസ് ഇസ്‌ലാമല്ല എന്ന് ഇസ്‌ലാമിക പ്രസ്ഥാനം പറയുന്നതിന്റെ പ്രേരണ ഇസ്‌ലാമിന്റെ ധാര്‍മിക മുഖത്തെക്കുറിച്ച ഈ ജാഗ്രതയാണ്. കേവല ഭൗതികമായ അര്‍ഥത്തില്‍, അല്ലെങ്കില്‍ വെറും രാഷ്ട്രീയമായ മാനത്തില്‍ മുസ്‌ലിം തീവ്രവാദത്തിനും തീവ്ര സാമുദായിക വാദത്തിനും നിരവധി ന്യായങ്ങളുണ്ട്. പക്ഷേ നിഷ്‌കൃഷ്ടമായ നീതി, വിട്ടുവീഴ്ചയില്ലാത്ത ധാര്‍മികത എന്നിവക്കു മുന്നില്‍ അത് അപ്രധാനമാവുകയാണ്. എന്തിന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇത്ര ശക്തമായി തീവ്രവാദത്തെ തള്ളിപ്പറയുന്നു എന്നതിന്റെ ഉത്തരം അവ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ധാര്‍മികതയുടെ കൊടിയാണ് എന്നതാണ്. ഇത് പ്രവാചകപാരമ്പര്യമാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥാമാറ്റം ആയുധ പ്രയോഗത്തിലൂടെ സാധ്യമല്ലേ എന്ന് സായുധ വിപ്ലവങ്ങളുടെ വസന്തകാലത്ത് ബ്രിട്ടനിലെ ഇസ്‌ലാമിസ്റ്റ് ചെറുപ്പക്കാര്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയോട് ചോദിക്കുന്നുണ്ട്. അത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ നാല് കാരണങ്ങളില്‍ ഒന്ന്, അധാര്‍മികതയോട് കൂട്ടുചേര്‍ന്ന് കൊണ്ടല്ലാതെ സായുധ പ്രവര്‍ത്തനം സാധ്യമല്ല എന്നാണ്. നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് തോക്കെടുക്കാന്‍ അനുവാദം നല്‍കുന്നതിലൂടെ മദ്യ-മയക്കുമരുന്ന് മാഫിയകളുമായി ബന്ധം സ്ഥാപിക്കാന്‍ കൂടിയാണ് നിങ്ങള്‍ അനുവാദം നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ സ്വയം അധാര്‍മികവും മറ്റു അധാര്‍മികതകളോട് കൂട്ടുകൂടി നിലനില്‍ക്കുന്നതുമാണ്.

കൈയബദ്ധമായി സംഭവിച്ച വധത്തെക്കുറിച്ച് വ്യംഗ്യമായ ഓര്‍മപ്പെടുത്തലിന് മൂസാ നബി പറയാത്ത മറുപടികളും ഇസ്‌ലാമികമായി പറയാവുന്ന മറുപടികള്‍ തന്നെയാണ്.  'നിന്നെ പോറ്റി വളര്‍ത്തിയത് ഞങ്ങളല്ലേ' എന്ന ചോദ്യത്തിന്റെ മറുപടിയില്‍ പറയാത്ത മറുപടിയുടെ ഒരു ഭാഗം കടന്നുവരുന്നുണ്ട്.  മൂസാ നബി പറഞ്ഞതും പറയാത്തതും, എന്നാല്‍ പറയല്‍ അനുവദനീയവുമായ പല മറുപടികളില്‍നിന്ന് പറഞ്ഞ മറുപടി തന്നെയുണ്ടായത് ഒരു പ്രബോധകന്റെ തെരഞ്ഞെടുപ്പിന്റെ ഫലമായാണ്. ആ തെരഞ്ഞെടുപ്പ് പ്രവാചകന്റേതല്ല, അല്ലാഹുവിന്റേതാണ് എന്നും വരാം. തന്റെ പ്രവാചകപൂര്‍വ ജീവിതത്തിലെ ധാര്‍മികതയുടെ കാര്യത്തിലും വ്യക്തത വരുത്തേണ്ടത് പ്രവര്‍ത്തനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാവണം. 

സ്വന്തം തെറ്റിന്റെ വിശദീകരണം പറയുമ്പോള്‍തന്നെ എതിരാളിയുടെ തെറ്റിന്റെ വലുപ്പം ചൂണ്ടിക്കാട്ടി മറുപടി പറയുന്ന രീതിയും ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഹിജ്‌റ രണ്ടാം കൊല്ലം റജബ് മാസത്തില്‍, അഥവാ ബദ്‌റിനു മുമ്പ് ഖുറൈശികളുടെ പടനീക്കത്തിന്റെ വിവരം ശേഖരിക്കാന്‍ നബി എട്ടംഗ സംഘത്തെ മക്കക്കും ത്വാഇഫിനുമിടയിലുള്ള നഖലയിലേക്കയച്ചു. യുദ്ധം ചെയ്യാന്‍ അവര്‍ക്കനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍, അവര്‍ വഴിയില്‍ വെച്ച് ഖുറൈശികളുടെ ഒരു കച്ചവടസംഘത്തെ കണ്ടുമുട്ടുകയും അവരെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും ബാക്കിയുള്ളവരെ അവരുടെ സാധന സാമഗ്രികളോടൊപ്പം പിടിച്ച് മദീനയില്‍ കൊണ്ടുവരികയും ചെയ്തു. യുദ്ധം നിഷിദ്ധമായ റജബ് മാസം അവസാനിക്കുകയും നിഷിദ്ധമല്ലാത്ത ശഅ്ബാന്‍ ആരംഭിക്കുകയും ചെയ്ത സമയത്താണ് ഈ നടപടിയുണ്ടായത്. ആക്രമണം റജബില്‍ തന്നെയാണോ നടന്നത് എന്നത് സംശയാസ്പദമായിരുന്നു. എന്നാല്‍ ഖുറൈശികളും അവരുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ട ജൂതന്മാരും മദീനയിലെ കപടവിശ്വാസികളും മുസ്‌ലിംകള്‍ക്കെതിരായ പ്രചാരണത്തിന് ഈ സംഭവത്തെ വ്യാപകമായി ഉപയോഗിച്ചു. 'തങ്ങള്‍ അല്ലാഹുവിന്റെ ആളുകളാണെന്ന് ഇവര്‍ പെരുമ്പറയടിച്ച് നടക്കുന്നു. എന്നിട്ടും ആദരണീയ മാസത്തില്‍ രക്തം ചിന്തുന്നതിന് ഇവര്‍ക്കൊട്ടും സങ്കോചമുണ്ടായില്ല' എന്നതായിരുന്നു ശത്രുക്കളുടെ പ്രചാരണം. ഇതിന് മറുപടിയായി അല്ലാഹു പറഞ്ഞു: ''അവര്‍ താങ്കളോട് ചോദിക്കുന്നു. പവിത്രമാസത്തില്‍ യുദ്ധം ചെയ്യുന്നത് എങ്ങനെ? പറയുക, അതില്‍ യുദ്ധത്തില്‍ ഏര്‍പ്പെടല്‍ ഗുരുതരമായ കാര്യമാകുന്നു. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടയലും അവനെ നിഷേധിക്കലും ദൈവഭക്തര്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്കുള്ള വഴിമുടക്കലും ഹറം നിവാസികളെ അവിടെനിന്ന് കുടിയിറക്കലും അതിനേക്കാള്‍ ഗുരുതരമത്രെ, അവകാശനിഷേധങ്ങള്‍ കൊലയേക്കാള്‍ ഗുരുതരമാണ്''  (അല്‍ബഖറ 217).

ഫറോവയുടെ ഒന്നാമത്തെ ചോദ്യമായ 'നിന്നെ പോറ്റിവളര്‍ത്തിയത് ഞങ്ങളല്ലേ' എന്നതിന്  മൂസാ നബി രണ്ടാമതായി മറുപടി പറയുന്നു: ''നീ എനിക്ക് ചെയ്തുതന്നതായി എടുത്തു പറയുന്ന ഔദാര്യത്തിന്റെ അര്‍ഥം നീ ഇസ്രാഈല്‍ സന്തതികളെ അടിമകളാക്കി എന്നതല്ലേ'' (അശ്ശുഅറാഅ് 22). ഫറോവ മൂസാനബിക്ക് വ്യക്തിപരമായി ചെയ്തുകൊടുത്തതായി പറയുന്ന ഔദാര്യത്തെ സാമൂഹികമായി വിവര്‍ത്തനം ചെയ്താല്‍ അതിനര്‍ഥം നിങ്ങള്‍ ഇസ്രാഈല്‍ സന്താനങ്ങളെ അടിമകളാക്കി എന്നാണല്ലോ. നീ എനിക്ക് ഔദാര്യം ചെയ്തു എന്നത് പ്രത്യക്ഷസത്യമാണ്. വിഷയത്തെ ഞാനും നീയും തമ്മിലെ വ്യക്തിതലത്തിലെ വിഷയമായി കണ്ടാല്‍ നീ പറയുന്നത് ശരിയുമാണ്. പക്ഷേ എന്റെ വ്യക്തിപരമായ അനുഭവത്തെ, വ്യക്തിപരമായി നിങ്ങള്‍ എനിക്കു ചെയ്തുതന്ന ഔദാര്യത്തെ രാഷ്ട്രീയമായി പരിഭാഷപ്പെടുത്തിയാല്‍ കിട്ടുന്ന അര്‍ഥമെന്താണ്? അത് നിങ്ങള്‍ ഇസ്രാഈല്‍ വംശത്തെ അടിമകളാക്കി എന്നതാണ്. കാരണം നീ ഇസ്രാഈല്‍ വംശത്തെ അടിമകളാക്കുകയും ആണ്‍കുട്ടികളെ അറുകൊല നടത്തുകയും ചെയ്തതിന്റെ ഫലമായാണല്ലോ ഞാന്‍ നിന്റെ കൊട്ടാരത്തിലെത്തിച്ചേര്‍ന്നത്, നീ എന്നെ വളര്‍ത്തേണ്ടിവന്നത്. അത് എന്റെ ഒരു തെരഞ്ഞെടുപ്പായിരുന്നില്ല. നീ സൃഷ്ടിച്ച അധികാര ഘടനയുടെ ഉല്‍പന്നമായിരുന്നു. നീ ഇസ്രാഈല്‍ മക്കളെ അടിച്ചമര്‍ത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ ഉള്ള കഞ്ഞി കുടിച്ചു കഴിയുമായിരുന്നു. നിന്റെ  കൊട്ടാര ഔദാര്യങ്ങള്‍ എനിക്ക് ആവശ്യമായി വരില്ലായിരുന്നല്ലോ? അപ്പോള്‍ പ്രശ്‌നം വ്യക്തിപരമല്ല, രാഷ്ട്രീയമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ചെയ്തുകൊടുത്ത ഔദാര്യത്തിന്റേതല്ല, അധികാര ഘടനയുടെ മര്‍ദനക്രമത്തിന്റേതാണ്. 

ഫറോവ തനിക്ക് ചെയ്തുതന്നതായി അവകാശപ്പെടുന്ന ഔദാര്യത്തെ തങ്ങളുടെ, അഥവാ മര്‍ദിതരുടെ പക്ഷത്തുനിന്ന് വായിച്ചുകൊണ്ട് അട്ടിമറിക്കുകയാണ് മൂസാ നബി ചെയ്തത്. മര്‍ദകരും മര്‍ദിതരുമുള്ള ഒരു സാമൂഹിക ഘടനയില്‍, സാമൂഹിക ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മര്‍ദകന്റെ യുക്തിയായിരിക്കില്ല, മര്‍ദിതന്റെ പക്ഷമായിരിക്കും നീതിയുടെ പക്ഷം. അനീതി ഘടനാരൂപം കൈക്കൊള്ളുമ്പോള്‍ നീതിയുടെ സമീപനവും ഘടനാ രൂപം കൈക്കൊള്ളും, കൈക്കൊള്ളണം. ഖുര്‍ആനിലെ വളരെ ശക്തമായ സൂക്ഷ്മ രാഷ്ട്രീയമുള്ള പ്രസ്താവനയാണ് മൂസാ നബിയുടെ മേല്‍പറഞ്ഞ മറുപടി.

ഇന്ത്യയില്‍ സഹസ്രാബ്ദങ്ങളായി സവര്‍ണ മേധാവിത്വം അടിമകളാക്കി വെച്ച ദലിത്-പിന്നാക്ക സമൂഹങ്ങള്‍ക്ക് ജനാധിപത്യക്രമത്തില്‍ നല്‍കുന്ന പോസിറ്റീവ് ഡിസ്‌ക്രിമിനേഷനായ സംവരണം ഭരണകൂടത്തിന്റെയും മുന്നാക്കക്കാരുടെയും ഔദാര്യമാണെന്ന് കരുതുന്നവരുണ്ട്. അവരുടെ രാഷ്ട്രീയം ഫറോവയുടെ രാഷ്ട്രീയമാണ്. ദലിത് -പിന്നാക്ക സമൂഹത്തെ ഇന്ത്യയിലെ സവര്‍ണാധിപത്യ സാമൂഹിക ഘടന അടിമകളാക്കിയതുകൊണ്ടാണ് ജനാധിപത്യക്രമത്തില്‍ അവര്‍ക്ക് സംവരണം നല്‍കേണ്ടി വരുന്നത്. അല്ലെങ്കില്‍ അവരും മുന്നാക്കക്കാരെപ്പോലെ പാരമ്പര്യമായി അവരുടെ വീടുകളില്‍ പഠിച്ചും വളര്‍ന്നും സമ്പത്ത് കൈവശം വെച്ചും വികസിക്കുമായിരുന്നു. അവര്‍ക്കങ്ങനെ കഴിയാതെപോയത് അവരെ സഹസ്രാബ്ദങ്ങളായി ഇവിടുത്തെ സാമൂഹിക ഘടന അടിമകളാക്കിയതുകൊണ്ടാണ്, അറിവ് നേടാനും വഴിനടക്കാനും  സ്വത്ത് കൈവശം വെക്കാനുമുള്ള അവകാശം  നിഷേധിച്ചതുകൊണ്ടാണ്. സംവരണത്തെക്കുറിച്ച് സംവരണവിരുദ്ധരോട് സംവരണമുള്ളവര്‍  ചോദിക്കുന്ന ചോദ്യം ഫറോവയോട് മൂസാ നബി ചോദിച്ച അതേ ചോദ്യമാണ്: നിങ്ങള്‍ എടുത്തുപറയുന്ന ഔദാര്യത്തിന്റെ ശരിയായ അര്‍ഥം നിങ്ങള്‍ സഹസ്രാബ്ദങ്ങളായി ഞങ്ങളെ അടിമകളാക്കി എന്നതല്ലേ? 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍