Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

പശ്ചിമേഷ്യയും നൂറ്റാണ്ട് പിന്നിടുന്ന സൈക്‌സ്-പിക്കോട്ട് കരാറും

ഹകീം പെരുമ്പിലാവ്

സംസ്‌കാരത്തിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന ബഗ്ദാദും ദമസ്‌കസും കയ്‌റോയുമെല്ലാം അധിനിവേശത്തിന്റെയും ആഭ്യന്തര കാലുഷ്യങ്ങളുടെയും കേളീരംഗങ്ങളാണിന്ന്. പശ്ചിമേഷ്യയിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപരിധികള്‍ നിശ്ചയിച്ച കരാറുകള്‍ അതിലൊന്നാണ്. ലോകരാഷ്ട്രീയത്തില്‍ രൂപപ്പെട്ട മൂന്ന് തരത്തിലുള്ള രാഷ്ട്രീയ തരംഗങ്ങളാണ് പശ്ചിമേഷ്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഒന്നാം ലോക യുദ്ധാനന്തരം ഉസ്മാനിയാ (ഓട്ടോമന്‍) ഭരണകൂടത്തിന്റെ തകര്‍ച്ച, രണ്ടാം ലോക യുദ്ധത്തോടനുബന്ധിച്ച് സംഭവിച്ച യൂറോപ്യന്‍ കോളനികളുെട തകര്‍ച്ച, മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിനേറ്റ കടുത്ത പരാജയം എന്നിവയാണവ. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടല്‍ തികഞ്ഞ പരാജയം മാത്രമല്ല പൂര്‍ണദുരന്തം കൂടിയായിരുന്നുവെന്നും അതാണ് ഐസിസിന്റെ പിറവിക്കും ഇറാഖ്-സിറിയന്‍ കൂട്ടക്കുരുതികള്‍ക്കും കാരണമായതെന്നും മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സ്റ്റാഫും പ്രമുഖ ആക്ടിവിസ്റ്റുമായ റോഡ്‌നി മാര്‍ട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളും അണിയറക്കു പിന്നില്‍ രൂപംകൊള്ളുന്ന യുദ്ധ-യുദ്ധേതര നീക്കങ്ങളും നിലവിലെ പശ്ചമേഷ്യന്‍ ഭൂപടം മാറ്റിവരക്കുന്നതില്‍ കൊണ്ടെത്തിക്കുമെന്നാണ് കരുതേണ്ടത്. 

ആഭ്യന്തരയുദ്ധം മുറുകിയ സിറിയയില്‍ ഭീകരര്‍ക്കെതിരെ മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനെതിരെയും റഷ്യ യുദ്ധമുന്നണി തുറന്നിരിക്കുന്നു. പഴയ സിറിയ ഇനി വെറുമൊരു സ്വപ്‌നം മാത്രം. സമാധാനം ഏറെ അകലെ. വന്‍ ശക്തികള്‍ ഉണ്ടാക്കുന്ന കരാറുകള്‍ ജനങ്ങളെ കബളിപ്പിക്കലാണ്. അധിനിവേശാനന്തര ഇറാഖിന്റെ പല ഭാഗങ്ങളും ഇന്നും പ്രശ്‌നകലുഷിതമാണ്. കുറേ പ്രദേശങ്ങളുടെ നിയന്ത്രണം ഭരണകൂടത്തിനല്ല. ഇറാഖ് ഛിന്നഭിന്നമാവാന്‍ ഇനിയധികം കാക്കേണ്ടിവരില്ല. പട്ടാള അട്ടിമറി മറികടന്ന തുര്‍ക്കിയില്‍ ഇടക്കിടെ സ്‌ഫോടനം നടത്തി കാലുഷ്യം സൃഷ്ടിക്കുകയാണ് ഐ.എസ്. തുര്‍ക്കി ഭരണകൂടം ഐ.എസിനും കുര്‍ദ് ശക്തികള്‍ക്കും മറ്റു തീവ്രവാദികള്‍ക്കുമെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്നു. ഇറാന്‍ അമേരിക്കയുമായും മറ്റു വമ്പന്‍ രാഷ്ട്രങ്ങളുമായും പുതിയ കരാറുകളില്‍ ഒപ്പിട്ട് പരിണതികള്‍ക്ക് കാത്തിരിക്കുന്നു. യമനില്‍ സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന യുദ്ധം എവിടെയുമെത്താതെ നില്‍ക്കുന്നു. അസര്‍ബൈജാനും അര്‍മീനിയയും പഴയ ശത്രുതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ കനലെരിയാതെ ഫലസ്ത്വീനും ഉഴലുന്നു. ഇറാന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ കുര്‍ദുകള്‍ സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുന്നു. തുനീഷ്യയിലും മറ്റും മുല്ലപ്പൂ പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ജനാധിപത്യത്തെ ആട്ടിപ്പുറത്താക്കിയ ഈജിപ്തിലും സ്ഥിതിഗതികള്‍ ശുഭകരമല്ല. പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും അകമ്പടിയായി സാമ്പത്തിക മാന്ദ്യവും പെട്രോളിയം വിലത്തകര്‍ച്ചയും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പുതിയ വെല്ലുവിളിയുയര്‍ത്തുന്നു. എവിടെയാണ് പശ്ചിമേഷ്യയില്‍ സമാധാനമുള്ളത് എന്ന ചോദ്യം സ്വാഭാവികമാണ്. 

 

ആരാണ് സൂപ്പര്‍ പവര്‍? 

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലേക്ക് റഷ്യ തിരിച്ചെത്തുകയാണ്. അതില്‍ പ്രധാന പങ്കുവഹിച്ചത് ഇറാനാണെന്ന് പറയാം. റഷ്യയും ഇറാനും തമ്മിലുള്ള കൂട്ടുകെട്ടിന് പഴക്കമേറെയുണ്ട്. അവര്‍ തമ്മിലെ നയതന്ത്രപരവും സൈനികവുമായ സഖ്യം പതിനാറാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്നതാണ്. ശത്രുപാളയങ്ങള്‍ ഒഴിവാക്കി റഷ്യ വഴി ചരക്കുകള്‍ കടത്തിയിരുന്നതും പൊതു ശത്രുവിനെതിരെ, അഥവാ അമേരിക്കക്കെതിരെ എന്നും അവര്‍ ഒന്നിച്ചിരുന്നുവെന്നതും ചരിത്രമാണ്. ഇവരുടെ ചില രാഷ്ട്രീയ കരുനീക്കങ്ങള്‍ ലോക സമാധാനത്തിനു, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. എന്നും മാറ്റങ്ങളുടെ പ്രഭവകേന്ദ്രമാവുന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഈജിപ്ത് ഒഴിച്ചുനിര്‍ത്തിയാല്‍ അറബ് രാജ്യങ്ങളില്‍ അധികവും ഒന്നാം ലോക യുദ്ധാനന്തരം യൂറോപ്പ് ഡിസൈന്‍ ചെയ്തതും ഒരു നൂറ്റാണ്ടിനുള്ളില്‍ രൂപീകൃതമായവയുമാണ്. സാംസ്‌കാരിക പാരമ്പര്യമുണ്ടെന്ന് സ്വയം വാദിക്കുമ്പോഴും ദീര്‍ഘ ചരിത്രങ്ങളൊന്നും പറയാനില്ല പല രാജ്യങ്ങള്‍ക്കും. 

ഉയര്‍ന്ന മതിലുകൊണ്ട് അതിരുകെട്ടിനിര്‍ത്തിയിട്ടും പുറംരാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികളെ തടയാനോ തിരിച്ചയക്കാനോ കഴിയാതെ പ്രയാസപ്പെടുകയാണിന്ന് കുറേ രാജ്യങ്ങള്‍. രാജ്യത്തിനകത്തുള്ള ജനതയെ പോലും യഥാവിധം നിയന്ത്രിക്കാന്‍ സാധിക്കാനാവാതെ കഷ്ടപ്പെടുന്നു വേറെ ചില രാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ അതിര്‍ത്തികളുടെ കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്ന കുറേ നിയമങ്ങളും നീക്കുപോക്കുകളും നൂറുവര്‍ഷത്തേക്കായി എഴുതപ്പെട്ട സൈക്‌സ്-പിക്കോട്ട് (Sykes-Picot) കരാറാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. കൊളോണിയല്‍ ശക്തികള്‍ തയാറാക്കിയ സൈക്‌സ്-പിക്കോട്ട് കരാറിന്റെ പിന്നാമ്പുറങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നൂറ്റാണ്ടിനപ്പുറം ഒരുക്കിയ ചതിയുടെ കറുത്ത അധ്യായങ്ങള്‍ മാത്രമാണ് നാം കാണുന്നത്. 

 

സൈക്‌സ്-പിക്കോട്ട് കരാര്‍ 

പശ്ചിമേഷ്യയെ ഒന്നാകെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഒപ്പുവെച്ച രഹസ്യ ഉടമ്പടിയാണ് സൈക്‌സ്-പിക്കോട്ട് കരാര്‍. 1916 മെയ് 16-നാണ് ഈ കരാര്‍ ഔദ്യോഗികമായി നിലവില്‍വന്നത്. പശ്ചിമേഷ്യയുടെ ഭൂമിശാസ്ത്ര അതിരുകള്‍ രൂപപ്പെടുന്നത് ഈ കരാറില്‍നിന്നാണ്. പൊതുജനങ്ങള്‍ക്കു മുമ്പാകെ ചര്‍ച്ചചെയ്യുകയോ നയപരമായി അന്വേഷണങ്ങള്‍ നടത്തുകയോ ചെയ്യാതെ വന്‍ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി രൂപപ്പെടുത്തിയ പിന്‍വാതില്‍ കരാറായിരുന്നു ഇത്. 2014-ല്‍ ഇറാഖിനും സിറിയക്കും കുറുകെയുള്ള അന്താരാഷ്ട്ര അതിര്‍ത്തി രേഖകള്‍ ഐ.എസ് ലംഘിച്ചപ്പോള്‍ അന്നത്തെ ഗാര്‍ഡിയന്‍ ദിനപത്രം 'സൈക്‌സ്-പിക്കോട്ട് അവസാനിച്ചു'വെന്ന് ടിറ്റ്വറില്‍ ഹാഷ്ടാഗ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് പതിനാറിന് നൂറു വര്‍ഷം തികഞ്ഞതോടെ ഈ കരാറിന്റെ കാലാവധിയും കഴിഞ്ഞുവെന്നതാണ് ഇത് ഇപ്പോള്‍ വീണ്ടും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാവാന്‍ കാരണം. 

1916-ല്‍ അന്നത്തെ രണ്ടു പ്രമുഖ നയത്രന്ത്ര പ്രതിഭകളാണ് ഈ ഉടമ്പടിക്ക് ചുക്കാന്‍ പിടിച്ചത്. അവരുടെ പേരില്‍നിന്നാണ് ഈ ഉടമ്പടിയെ 'സൈക്‌സ്-പിക്കോട്ട് കരാര്‍' എന്നു വിളിച്ചത്.   ബ്രിട്ടീഷുകാരനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ സര്‍ മാര്‍ക്ക് സൈക്‌സ് ആണ് അതിലൊന്നാമന്‍. ഫ്രഞ്ച് അഭിഭാഷകനായ ഫ്രാന്‍സിസ് ജോര്‍ജ് പിക്കോട്ട് ആയിരുന്നു രണ്ടാമന്‍. 1908-ല്‍ കുര്‍ദ് നരവംശ പഠനങ്ങള്‍ നടത്തിയ വ്യക്തിയാണ് സര്‍ മാര്‍ക്ക് സൈക്‌സ്. ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ രൂപപ്പെടുത്തിയ ഉടമ്പടി ഇന്ന് നാം കാണുന്ന ഭൂപടം പോലെ ഒന്നായിരുന്നില്ല. കരാര്‍ അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയില്‍ വരുന്നതുമായിരുന്നില്ല. ഈ കരാര്‍ സാമ്രാജ്യത്വപരവും ഏകമുഖവുമാണെന്നു മാത്രമല്ല, ഗൂഢാലോചനയും വഞ്ചനയുമാണ് അതിന്റെ പിന്നിലെന്ന് അമേരിക്ക അന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. സമാനമായ മറ്റൊരു കരാര്‍ ഉണ്ടാക്കി അവര്‍ കുറേ കാലം കാത്തിരിക്കുകയും ചെയ്തിരുന്നു. 

1917-ല്‍ ലെനിന് 'സൈക്‌സ്-പിക്കോട്ട്' രഹസ്യ കരാറിന്റെ കോപ്പി ലഭിച്ചതോടെയാണ് അത് വിവാദമാകുന്നത്.    1917 നവംബര്‍ 24-ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ലിയോണ്‍ ട്രോട്‌സ്‌കിയാണ് ആദ്യമായി ഇത് പ്രസിദ്ധീകരണത്തിനു നല്‍കിയത്. 'കൊളോണിയല്‍ കള്ളന്മാരുടെ കരാര്‍' എന്നാണ് ലെനിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഒന്നാം ലോക യുദ്ധത്തിനു ശേഷം സൈക്‌സ്-പിക്കോട്ട് കരാറിലേക്ക് സാന്റ്-റിമോ കരാറുകൂടി ചേര്‍ത്തുവെച്ച് ചില പരിഷ്‌കരണങ്ങള്‍ വരുത്തുകയുണ്ടായി. 

ഒട്ടോമന്‍ ആധിപത്യം അവസാനിച്ചപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും അതിര്‍ത്തികള്‍ ഭേദിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അന്ന് ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദാന്‍, സുഊദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ചരിത്രകാരന്മാര്‍ക്ക് അതിര്‍ത്തികളെ സംബന്ധിച്ച കൃത്യമായ ധാരണയും ഉണ്ടായിരുന്നില്ല. വിവിധ തരത്തിലുള്ള വിഭാഗീയതകള്‍ ഈ രാജ്യങ്ങളുടെ കൂടപ്പിറപ്പായി ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണം ഇതാകാം. ഇത്തരം വിഭാഗീയതകള്‍ നിലനിര്‍ത്തിപ്പോന്നുവന്നത് സൈക്‌സ്-പിക്കോട്ട് കരാറില്‍  വേവിച്ചെടുത്ത ഭൂപട നിര്‍മാണത്തിന്റെ വിജയം കൂടിയാണ്. ഫലസ്ത്വീന്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും വളമായത് ഈ കരാറാണ്. അതുപ്രകാരം ഫലസ്ത്വീനുള്ളില്‍ ജൂതന്മാര്‍ക്ക് ഒരു ദേശീയ ഗേഹം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചിരുന്നു. 1920-ല്‍ അന്നത്തെ ബ്രിട്ടീഷ് ഹൈകമീഷണര്‍ ഹേര്‍ബെര്‍ട്ട് സാമുവല്‍ അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തു. 

ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിര്‍ണയിച്ച് സ്വേഛാധിപതികളെ രാജ്യങ്ങളില്‍ കുടിയിരുത്തുകയും അവയുടെ സമ്പത്ത് ഊറ്റുകയുമായിരുന്നു 'സൈക്‌സ്-പിക്കോട്ട്' ഗൂഢ ഉടമ്പടിയുടെ ലക്ഷ്യം. അധിനിവേശ ശക്തികള്‍ അവരുടെ ഖജനാവുകള്‍ വീര്‍പ്പിക്കുക മാത്രമായിരുന്നില്ല, അറബ് രാജ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തടയിടുക കൂടിയായിരുന്നു. അധിനിവേശ ശക്തികള്‍ക്ക് രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ശക്തിക്ഷയം ഒട്ടേറെ അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കലാശിച്ചു. എന്നാല്‍ പശ്ചിമേഷ്യയില്‍ ഇന്നും കാണുന്ന സ്പര്‍ധയുടെ വേരുകള്‍ അവരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും, 1950-കളില്‍ തലപൊക്കിയ അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും ബലപരീക്ഷണങ്ങളില്‍ രൂപപ്പെട്ട ശീതസമരം അതില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കും വിധമായിരുന്നു. വന്‍ശക്തികളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള കുത്രന്ത്രങ്ങളുടെയും ബലാബലങ്ങളുടെയും ആകത്തുകയായിരുന്നു ശീതയുദ്ധം. പശ്ചിമേഷ്യയില്‍ മാത്രമായി ഒതുങ്ങിയില്ല അസ്വസ്ഥതകള്‍. മധ്യപൂര്‍വേഷ്യയിലും ആഫ്രിക്കയിലുമെല്ലാം അസ്വസ്ഥതകളുടെ തീപ്പൊരി പടര്‍ത്തുന്നതായിരുന്നു ശീതസമരം. 

ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്‌സ്-പിക്കോട്ട് കരാര്‍ മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്ക് അതിര്‍ത്തികളുണ്ടാക്കിയെങ്കിലും, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി വിഷയങ്ങളിലോ മറ്റേതെങ്കിലും തര്‍ക്കങ്ങളിലോ പരിഹാരമുണ്ടാക്കാന്‍ ഈ ഉടമ്പടിക്ക് സാധ്യമായില്ല. യു.എ.ഇയും ഇറാനും തമ്മിലും, സുഊദിയും യമനും തമ്മിലും, ഇറാനും ഇറാഖും തമ്മിലുമുള്ള തര്‍ക്കങ്ങളിലോ ഇസ്രയേല്‍ കടന്നാക്രമണങ്ങളിലോ ഒന്നും ഒരു റോളും വഹിക്കാന്‍ ഈ കരാറിനായില്ല. യൂറോപ്പിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചായിരുന്നു ഈ ഭൂമിശാസ്ത്ര പരിധികള്‍ നിര്‍ണയിച്ചിരുന്നത്.  

ആഭ്യന്തര കലാപങ്ങളില്‍പെട്ടുഴലുന്ന പശ്ചിമേഷ്യയുടെ ഭാവി ശോഭനമല്ലെന്നു തീര്‍ച്ച. ഇറാഖും സിറിയയും കഷ്ണങ്ങളാക്കാന്‍ നേരത്തേതന്നെ പശ്ചാത്യരുടെ ഒത്താശയുണ്ട്. ഇറാഖിനെ ഉള്‍ക്കൊള്ളിച്ച് വിശാല ശീഈ രാഷ്ട്ര ഭൂപട സ്വപ്‌നം നെയ്യുന്നുണ്ട് ഇറാന്‍. ചിരപരിചിതമായ പല രാജ്യങ്ങളും ഇല്ലാതാവുകയും ചെറുപ്രദേശങ്ങള്‍ പുതിയ സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്‌തേക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. പുതിയ ഭൂമിശാസ്ത്ര പരിധികള്‍ അംഗീകരിക്കേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യം സൃഷ്ടിക്കുകയും അല്ലാത്തപക്ഷം അത് മൂന്നാം ലോക യുദ്ധത്തിനു വരെ കാരണമായേക്കാവുന്ന പ്രതിസന്ധിയായി വളര്‍ത്തുകയുമാണ് സാമ്രാജ്യത്വ ശക്തികള്‍. 

സൈക്‌സ്-പിക്കോട്ട്  കരാറിന്റെ നൂറു വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ സംഭവവികാസങ്ങള്‍ക്ക് പശ്ചിമേഷ്യ സാക്ഷിയായി. അര ഡസനോളം രാജ്യങ്ങള്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായി. ദക്ഷിണ-ഉത്തര യമനുകള്‍ ഒന്നായി. എന്നാല്‍ ഫലസ്ത്വീന്‍ വിഭജനവും ഇസ്രയേലിന്റെ തീരാത്ത അധിനിവേശ ശ്രമങ്ങളുമാണ് ലോകത്തെ ഞെട്ടിച്ച ആദ്യ ക്രൂരഫലം. അമേരിക്കയുടെ ഇറാഖ് അധിനിവേശം, മുല്ലപ്പൂ വിപ്ലവം, തുടര്‍ന്നുണ്ടായ സിറിയന്‍ സംഭവവികാസങ്ങള്‍, ഐ.എസിന്റെ ആവിര്‍ഭാവം തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. മേഖലയില്‍ ദശലക്ഷങ്ങള്‍ അഭയാര്‍ഥികളായി. ഈ ഉടമ്പടി കാലഹരണപ്പെട്ടതാണെന്ന് ഏറ്റവും കൂടുതല്‍ വാദിച്ചിരുന്നത് സ്വാതന്ത്ര്യം കാത്തുകഴിയുന്ന കുര്‍ദുകളാണ്. ഇറാഖീ ഭരണകൂടത്തില്‍നിന്ന് അകന്നുകഴിയുന്ന കുര്‍ദിസ്താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചുവരികയാണ്. സിറിയയിലും തങ്ങള്‍ സ്വതന്ത്രരാണ് എന്ന് കുര്‍ദുകള്‍ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. വിശാല കുര്‍ദിസ്താന്‍ രൂപീകൃതമാവാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കുകയാണ് ഇരു രാജ്യങ്ങളിലെയും കുര്‍ദ് ജനത. അവരോടൊപ്പം ഇറാനിലും തുര്‍ക്കിയിലുമുള്ള കുര്‍ദുകളും.  

 

(കുര്‍ദിസ്ഥാനിലെ ഇര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍