Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

നടവഴിയിലെ അത്ര കുളിരില്ലാത്ത പെരുന്നാളുകള്‍

മെഹദ് മഖ്ബൂല്‍

പെരുന്നാളിനെപ്പറ്റി ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ആരും കുട്ടിക്കാലത്തേക്ക് പായും. എന്നിട്ടനേകം മൈലാഞ്ചിക്കഥകള്‍ ചികഞ്ഞെടുക്കും. പള്ളിയില്‍ ഉറക്കെ തക്ബീര്‍ വിളിക്കാനായി മൈക്കിനടുത്തേക്ക് ആഞ്ഞകാലം ഇന്നലെയെന്ന പോലെ പറയും. പൈസത്തൊണ്ട് പൊട്ടിച്ച്, ആ കാശ് കൊണ്ട് വാങ്ങിയ കളിപ്പാട്ടങ്ങളുടെ സന്തോഷം നിരത്തും. ഷെമിയുടെ ആത്മകഥാപരമായ നോവല്‍ 'നടവഴിയിലെ നേരുകളി'ല്‍, ഒട്ടേറെ പെരുന്നാള്‍ പങ്കപ്പാടുകള്‍ അക്ഷരമാവുന്നുണ്ട്. വേണ്ടുവോളം സങ്കടങ്ങളിലേക്ക് ചാലുകീറുന്ന ആ പെരുന്നാളുകള്‍ക്ക് പക്ഷേ അത്ര കുളിരില്ല. ആഹ്ലാദത്തിന്റെ പൂത്തിരിയില്ല.

 

****

പെരുന്നാള്‍ അടുത്തെത്താനായി. ഇത്തവണത്തെ പെരുന്നാളിന്റെ പ്രത്യേകത ഇളയവരായ അവള്‍ക്കും റാഫിക്കും ചെരിപ്പ് കിട്ടി എന്നതാണ്. നടക്കുമ്പോള്‍ കീ കീ ശബ്ദിക്കുന്ന ഓരോ ജോഡി ചെരിപ്പ്. ഫുട്പാത്തില്‍നിന്ന് വാങ്ങിയതാണ്. ഉമ്മ കാണാതെ ഷെമി പലവട്ടം അതെടുത്ത് നോക്കി. അതുമിട്ട് വേണം മുറ്റത്തൂടെ പത്രാസില്‍ ഓടി നടക്കാന്‍. അംഗന്‍വാടിയിലും പോണം. എല്ലാറ്റിനും വല്ലാത്ത തിടുക്കം. ഉമ്മ വെള്ളം കോരാനും തുണിയലക്കാനും പോകുന്ന വേളയില്‍ ആകാംക്ഷ അടക്കാനാവാതെ അതെടുത്തണിഞ്ഞ് വീട്ടില്‍ തന്നെ നടന്നു നോക്കി. ശബ്ദം വരുമ്പോള്‍ വീണ്ടും വീണ്ടും അമര്‍ത്തിച്ചവിട്ടി. പെട്ടെന്ന് പീപ്പി പൊട്ടി ശബ്ദം നിലച്ചു. ഇനി ഉമ്മയോടെന്ത് പറയും. ആകെ പേടി കൂടി. രാത്രി അവള്‍ക്ക് പനിക്കാന്‍ തുടങ്ങി. പെരുന്നാള്‍ ദിവസം റാഫി ശബ്ദമുണ്ടാക്കുന്ന ചെരുപ്പിട്ട് വിലസും. എല്ലാവരും അവനെ മാത്രം ശ്രദ്ധിക്കും. അവന്റെ ചെരിപ്പും കൂടി പൊട്ടിക്കാം...

പനിക്കുന്ന അവളെ ഡോക്ടറെ കാണിക്കണമല്ലോ  എന്നാലോചിച്ച് ഉമ്മ അടുത്ത വീട്ടിലേക്ക് കാശ് കടം വാങ്ങാന്‍ പോയ നേരം റാഫിയുടെ പീപ്പി കൂടി കടിച്ച് പൊട്ടിച്ചു.

ആശുപത്രിയില്‍ അവളെ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തമായിരുന്നു. പനി കൂടിക്കൂടി വന്നു.

'പ്രതീക്ഷക്ക് വകയില്ല! മഞ്ഞപ്പിത്തം അധികരിച്ചുപോയി. ആരെയെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ആവാം...' ഡോക്ടര്‍ വിധിയെഴുതി. തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു.

''പെരുന്നാള് ഈട മുറ്റത്ത് എത്തിയപ്പം വല്ലാത്തൊര് ദുര്‍വിധിയായിപ്പോയല്ല... ഹോജ രാജാവായ തമ്പുരാനേ, എന്റെ പെണ്ണ്ന്റ രോഗം മുഴ്മന്‍ മാറ്യാല് നിലാമുറ്റത്ത് വന്ന് ഓളക്കൊണ്ടന്നെ ആട്‌ത്തെ മുറ്റമടിപ്പിച്ചോളം..''

ഉമ്മയുടെ നേര്‍ച്ച.

'കുഞ്ഞിത്താത്താ' എന്ന് തട്ടി വിളിക്കുന്ന റാഫി. അവന്റെ ചെരിപ്പ് പൊട്ടിച്ചതില്‍ അവള്‍ക്ക് അതീവ സങ്കടം തോന്നി. പെരുന്നാള്‍ ദിനം എല്ലാവരെയും വിസ്മയിപ്പിച്ച് കൊണ്ട് ഷെമി കണ്ണ് തുറന്നു. ഉറക്കം വിട്ടെഴുന്നേറ്റ പോലെ രോഗമുക്തയായി ചിരിച്ചു.

'കുഞ്ഞിത്താത്താ, കുഞ്ഞിത്താത്താ, നമ്മള ചൂച്ച് കീ കീ കരയ്ന്ന്ല്ലലാ...' 

അവള്‍ റാഫിയുടെ കാലിലേക്ക് നോക്കി. അവനെയൊന്ന് കെട്ടിപ്പിടിച്ച് കരയാന്‍ തോന്നി.

 

****

എന്നും പെരുന്നാളിനെ എണ്ണിയെണ്ണി കാത്തിരിക്കും. ബിരിയാണി തിന്നാന്‍ പറ്റുക അന്നാണ്. ചിലപ്പോള്‍ കോടിയുടുപ്പ് കിട്ടും. എല്ലാവര്‍ക്കും പുതുവസ്ത്രം കിട്ടിയ പെരുന്നാളിനെ പറ്റി ഷെമി എഴുതുന്നു. സൗറ, ഹാജറ, റംല മൂന്നു പേര്‍ക്കും ഉമ്മാന്റെ സാരി മുറിച്ച് പാവാടയടിച്ചു. അതിന് ചേരുന്ന ബ്ലൗസും. അവരുടെയെല്ലാം ബാക്കിയും ചന്ദ്രേട്ടന്റെ പീടികത്തറയില്‍ വെട്ടേറ്റ് വീഴുന്ന വല്ലവന്റെയും ശീല ചീന്തുകളും ചേര്‍ത്ത് കണ്ടംവെച്ച കോട്ടുപോലെ ഷെമിക്കും കിട്ടി ഒരുടുപ്പ്. റാഫിക്ക് നിക്കറും ബനിയനും മേജോടും ഷൂസുമുണ്ട്. പക്ഷേ പെരുന്നാള്‍ ദിനം ആരെയും പുതുവസ്ത്രമിടാന്‍ റാഫി സമ്മതിച്ചില്ല... 

'ഉമ്മു കുല്‍സുനും പെരുന്നാള്‍ കോടി വേണം!' 

വീട്ടിലെ കോഴിയാണ് ഉമ്മുകുല്‍സു!

സഹോദരന്‍ ഹൈദ്രോസ് ഗള്‍ഫില്‍നിന്നും വന്നപ്പോള്‍ കൊടുത്ത ഫോറിന്‍ തുണി ഉമ്മ പെട്ടിയില്‍ ഭദ്രമായി വെച്ചിട്ടുണ്ടായിരുന്നു. അനുരഞ്ജന ശ്രമങ്ങള്‍ ഒന്നും റാഫിയുടെ മുമ്പില്‍ വിലപ്പോകാതെ വന്നപ്പോള്‍ ഉമ്മ ആ തുണിയെട്ത്ത് ചന്ദ്രേട്ടന്റെ കടയിലേക്ക് നടന്നു.

'ചന്ദ്രാ നെന്റെ കൈയ്‌ല് ബാക്കി വന്ന കണ്ടം തുണിണ്ടങ്ക്‌ല് ഈ കോഴിക്കൊരു കുപ്പായം തുന്നിത്താ... തുണിയില്ലെങ്ക്‌ലിത് വച്ച്‌റ്റെങ്കിലും ബേം ഒന്ന് തുന്നിത്താ...'

ചന്ദ്രേട്ടന്‍ ഉടനെ ഒരു കോഴിക്കുപ്പായം തയ്ച്ചു. അത് കിട്ടും വരെ ആരെയും കോടിയിടാന്‍ റാഫി സമ്മതിച്ചില്ല. ആദ്യം ഉമ്മുകുല്‍സുവിനെ മാറ്റിച്ചു. എന്നിട്ടവനും ഒരുങ്ങി. പിന്നെ ബിരിയാണി കഴിക്കലാണ്. അവന്റെ പ്‌ളെയിറ്റില്‍നിന്ന് ഉമ്മുകുല്‍സുവും ബിരിയാണി കൊത്തിപ്പെറുക്കിത്തിന്നു.

 

****

ദാരിദ്ര്യത്തിന് പരിചിതമായ അവളുടെ കുടിലിലേക്ക് പരദേശിയെപ്പോലെ മറ്റൊരു പെരുന്നാള്‍ കടന്നുവന്നു. ആര്‍ക്കും കോടിയുടുപ്പില്ലാത്ത, മൈലാഞ്ചിയണിയാത്ത, ബിരിയാണി വെക്കാത്ത പെരുന്നാള്‍. അന്ന് പതിവിലും വൈകിയാണ് ഉണര്‍ന്നത്. കുളിച്ച് പുതിയ കോടിയുടുക്കാനില്ലാത്തതിനാലാവണം പ്രതീക്ഷയില്ലാത്ത ആ ദിവസത്തെ വരവേല്‍ക്കാന്‍ കുഞ്ഞു മനസ്സ് വൈമുഖ്യം കാണിച്ചത്.

'ഉമ്മു കുല്‍സു. എന്റെ പൊന്നാര മോളുമ്മക്കുല്‍സൂ...' റാഫിയുടെ തുടര്‍ച്ചയായ വിളി കേട്ടു. കോഴിയെ കാണാനില്ല. വാത്സല്യം മുറ്റിത്തഴച്ച ആ വിളി കേള്‍ക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ സത്യവും സ്വത്തും അവനും അവന്റെ കോഴിയും മാത്രമാണെന്ന് തോന്നിപ്പോകും.

അന്ന് പക്ഷേ, എന്നത്തേയും പോലെ ഉമ്മുകുല്‍സു ഓടിവന്ന് അവന്റെ മടിയിലിരുന്നില്ല. കൊക്ക് കൊണ്ടവന്റെ മൂക്കിലുരസിയില്ല! ഓലമടലും ചകിരിയും കുത്തിനിറച്ച ആളിക്കത്തുന്ന അടുപ്പിന് മുകളില്‍ കരിപിടിച്ച ചട്ടിയില്‍ ദിക്ക് ചുറ്റിലും മണം പരത്തി കോഴിക്കറി തിളച്ചുകൊണ്ടിരുന്നു.

എല്ലാം മനസ്സിലായത് പോലെ റാഫി അടുപ്പിന്‍ ചോട്ടില്‍ കുത്തിയിരുന്ന് ചട്ടിയിലേക്ക് നോക്കി.

'എന്ത്‌നാന്നുമ്മാ.. എന്റെ പൊന്നാര ഉമ്മകുല്‍സൂനെ നിങ്ങളറ്ത്ത് കളഞ്ഞെ...? ഇപ്പം ഇണ്ടെങ്കിലോടി കളിക്ക്ന്ന്ണ്ടാകൂല്ലേ....?'

റാഫി ചെന്ന് കട്ടിലില്‍ ചുരുണ്ട് കൂടിക്കിടന്നു. കുറച്ച് കഴിഞ്ഞതും അവന് കടുത്ത പനി തുടങ്ങി. ആ കോഴിക്കറി കഴിക്കാന്‍ ആരും തയാറായില്ല! അപ്രതീക്ഷിതവും അസാധാരണവുമായ ഒരു മരണവീടിന്റെ ചായം തേച്ചത് താനാണല്ലോ എന്ന കുറ്റബോധത്തോടെ ഉമ്മയും മൗനം വിടാതെ നടന്നു...

റാഫിയുടെ പനി ഒരാഴ്ചയിലേറെ നീണ്ടു. ഉമ്മാന്റെ തോളില്‍ കിടന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ധര്‍മാസ്പത്രികളിലും നിന്നുമായി അവന്‍ ഗുളികകളും കുത്തിവെപ്പുകളും ഏറ്റുവാങ്ങി. ഏറെ നാള്‍ അവനാരോടും സംസാരിക്കുകയോ കളിക്കുകയോ ചെയ്തില്ല.

 

****

പുതുവസ്ത്രമില്ലാത്തൊരു പെരുന്നാള്‍. കഴിഞ്ഞ പെരുന്നാളിനെടുത്ത വസ്ത്രം തന്നെ ധരിച്ചു. എന്നെയും റാഫിയെയും വളപട്ടണത്തേക്ക് കൊണ്ടുപോകാം എന്ന് ഉപ്പ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു ചാക്കില്‍ നിറയെ കളിപ്പാട്ടങ്ങള്‍, കൂടെ കുറെ പഴയ പത്രങ്ങളും കെട്ടിയെടുക്കുമ്പോള്‍ കരുതി, പോകുന്ന വഴിക്ക് കടയില്‍ കൊട്ക്കാനായിരിക്കും...

പെരുന്നാളിന് പുറത്തേക്ക് പോകുന്നത് ആദ്യാനുഭവമായതിനാല്‍ അതിന്റെ ആവേശത്തില്‍ രണ്ടു പേരും ബസ്സിലിരുന്ന് വാ ഒഴിയാതെ കളിതമാശകള്‍ പറഞ്ഞ് രസിച്ചു. 

ബസ്സിറങ്ങിയപ്പോള്‍ കടകമ്പോളങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു. അടഞ്ഞുകിടന്ന കടത്തിണ്ണയില്‍ പേപ്പറ് വിരിച്ച് ചാക്ക് അതില്‍ കൊട്ടാന്‍ പറഞ്ഞു ഉപ്പ. എന്നിട്ട് കളിപ്പാട്ടങ്ങള്‍ അതില്‍ നിരത്തിവെച്ചു.

'ഇനി ഓരോ പീപ്പിയെടുത്ത് ഊതി ഒച്ചയ്ണ്ടാക്കി വിളിച്ച് പറ. ഏതെടുത്താലും ഒരുറ്പ്യാന്ന്.'

കുറെ കഴിഞ്ഞപ്പോള്‍ നിരത്തിലാളുകള്‍ നിറഞ്ഞുതുടങ്ങി. വര്‍ണപ്പകിട്ടാര്‍ന്ന കോടിവസ്ത്രങ്ങള്‍ അണിഞ്ഞ് കൈയില്‍ ഐസ്‌ക്രീമുമായി കുറെ കുട്ടികള്‍ ഞങ്ങള്‍ക്ക് ചുറ്റുംകൂടി. എല്ലാ മുഖങ്ങളിലും പെരുന്നാള്‍ പ്രതീതി പ്രസന്നതയുണ്ടാക്കിയിട്ടുണ്ട്.

പീപ്പി വലിച്ചൂതി കവിളുകള്‍ കഴച്ചു. വിളിച്ചുപറഞ്ഞ് നാവ് വരണ്ടു. വിറ്റുകിട്ടിയ കാശില്‍നിന്ന് ഉപ്പ അവര്‍ക്ക് ഇടക്ക് ഓരോ ഐസ് വാങ്ങിക്കൊടുത്തു.

ഒരു പെരുന്നാള്‍ കൂടി കഴിഞ്ഞിരിക്കുന്നു. ഒരു ഐസ്... അതുമാത്രമായിരുന്നു ഭക്ഷണം.

 

****

സ്വന്തത്തെ ഓര്‍ത്ത് വേണ്ടുവോളം വേദനിക്കാനുള്ള പെരുന്നാളായിരുന്നു ഷെമിക്കത്. നല്ല ട്രൗസറും ഷര്‍ട്ടും ധരിച്ച് റാഫി ഒരുങ്ങിവന്നു. സിംഗപ്പൂരുകാരന്റെ താല്‍ക്കാലിക ദത്തുപുത്രനായതുകൊണ്ട് സിംഗപ്പൂര്‍ ആഢ്യതയിലാണ് നില്‍പ്പ്. ഹാജറയും സൗറയും റംലയും പുതിയതുടുത്തിട്ടുണ്ട്. മൂന്നു പേര്‍ക്കും പച്ചപ്പാവാടയും അനുയോജ്യമായ ബ്ലൗസും. മക്കള്‍ക്ക് പെരുന്നാള്‍ കോടിയില്ലെന്ന് വിലപിച്ചപ്പോള്‍ സഫൂര്‍ത്തയാണത്രെ മുറിച്ച് തയ്ക്കാന്‍ സാരി കൊട്ത്തത്. അയല്‍വീട്ടിലും ചുറ്റിലുമുള്ള കുട്ടികളും, എന്തിന് കിടന്നു മുള്ളുന്ന സിംഗപ്പൂരുപ്പാന്റെ കിഴവി ബീവി പോലും പുതുക്കോടി അണിഞ്ഞിട്ട്!

അവള്‍ക്ക് മാത്രമില്ല. എങ്ങനെ സഹിക്കും. ഷെമി ഉച്ചത്തില്‍ കരഞ്ഞു. ഉമ്മ പൊതിരെ തല്ലി. അതോടെ വാശി ഇരട്ടിച്ചു. വൈകുന്നേരമായിട്ടും കരച്ചില്‍ അവസാനിക്കാതായപ്പോള്‍ അവളെയും ഉമ്മയെയും കൂട്ടി സഫൂര്‍ത്ത ടൗണിലേക്ക് തിരിച്ചു. ഒരു ചെറിയ കടയില്‍നിന്ന് ഉടുപ്പ് വാങ്ങിക്കൊടുത്തു. വലിയ ആകര്‍ഷണമില്ലെങ്കിലും പുതിയ കുപ്പായം കിട്ടിയതില്‍ സംതൃപ്തിയടഞ്ഞു. ശരീരമാസകലം അടികൊണ്ട് തിണര്‍ത്തുപൊട്ടിയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ രാത്രിയായി. അടികൊണ്ടും വിശന്നും കരഞ്ഞും തളര്‍ന്നിരുന്നു. എല്ലാവരുടെയും പെരുന്നാള്‍ അവസാനിച്ചപ്പോള്‍ ഷെമി മാത്രം പെരുന്നാള്‍ തുടങ്ങാനാകാതെ പുതുക്കോടിയും കൈയില്‍ മുറുക്കിപ്പിടിച്ച് എവിടെയോ കിടന്ന് ഉറങ്ങിപ്പോയി!

 

****

കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. മീന ടി. പിള്ളൈ ദ ഹിന്ദു ദിനപത്രത്തിലെഴുതിയത് അനാഥരുടെ സങ്കീര്‍ത്തനമാണ് (അി ഛറല ീേ ഛൃുവമി)െ 'നടവഴിയിലെ നേരുകള്‍' എന്നാണ്. പുറത്തിറങ്ങി ഒരാഴ്ചക്കകം തന്നെ വിറ്റുതീര്‍ന്ന് വിസ്മയമായി ഈ നോവല്‍. 'ദാരിദ്ര്യത്തിന്റെ പൊറുതികേടുകള്‍ക്ക് മുന്നില്‍ പകച്ചുപോയ അനാഥ പെണ്‍കുട്ടിയുടെ കഥ അകങ്ങളില്‍ വളരെ നേരം വെന്ത് നില്‍ക്കും. ചെറിയ വീട്, ആ അടുപ്പില്‍നിന്നും ഉയരുന്ന ലളിതമായ ഭക്ഷണമണം. അത്രമാത്രമായിരുന്നു അവളുടെ സ്വപ്നം.

പഠിച്ച് സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ആദ്യ ശമ്പളം കൊണ്ട് മായിന്‍ കാക്കാന്റെ ഭരണിയിലെ മുഴുവന്‍ മൈസൂര്‍ പാക്കും വാങ്ങണമെന്ന് ആഗ്രഹിച്ച ബാല്യം. ഉപ്പയും ഉമ്മയും മരിച്ചപ്പോള്‍ യത്തീംഖാന തേടി കണ്ണൂര് നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറിയ മക്കള്‍ ആരുടെയും കണ്ണ് നനയിക്കും. വീടിന് ചുറ്റും കരിങ്കല്‍ വേലി കെട്ടി അപ്പുറത്തുള്ളതൊന്നും കാണണ്ട എന്ന് തീരുമാനിച്ചവരേ, അയലത്ത് പട്ടിണിയുണ്ട് എന്ന് ഓര്‍മപ്പെടുത്തുകയാണ് 'നടവഴിയിലെ നേരുകള്‍.'

 

എന്നില്‍ സകാത്ത് നിക്ഷേപിച്ചിട്ടെന്ന പോലെ കടന്നുപോയ പെരുന്നാളുകള്‍

ഷെമി / മെഹദ് മഖ്ബൂല്‍

 

കണ്ണൂര്‍ സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കോഴിക്കോട്ടും കോട്ടയത്തുമായി തുടര്‍ വിദ്യാഭ്യാസം. ആരോഗ്യ വകുപ്പില്‍ അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം കുടുംബവുമൊത്ത് ദുബൈയില്‍ താമസിക്കുന്നു. വടക്കേ മലബാറിലെ മുസ്‌ലിം ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് ഷെമിയുടെ നടവഴിയിലെ നേരുകള്‍ എന്ന നോവല്‍. 2015-ല്‍ മികച്ച മലയാള സാഹിത്യ കൃതിയായി മലയാള മനോരമ തെരഞ്ഞെടുത്തത് ഈ പുസ്തകമാണ്. ഷാര്‍ജ ബുക് ഫെസ്റ്റിവെലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നടവഴിയിലെ നേരുകള്‍ മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്.

ഒട്ടേറെ പെരുന്നാള്‍ നോവുകളാണ് നടവഴിയിലെ നേരുകളില്‍. അത്ര ആഹ്ലാദകരമായിരുന്നില്ല ഒരു പെരുന്നാളും?

വേദന നിറഞ്ഞതാണെങ്കിലും ആ പെരുന്നാളുകളെല്ലാം എന്റെ ഹൃദയ കുഞ്ചിയില്‍ സകാത്ത് നിക്ഷേപിച്ചിട്ടേ കടന്നു പോയിട്ടുള്ളൂ. ആ ഭണ്ഡാരം പൊളിച്ചു നോക്കിയപ്പോഴാകട്ടെ, നടവഴിയിലെ നേരുകളുടെ ഭാഗമാകാനുള്ള അക്ഷരങ്ങളും ആയിരുന്നു. പെരുന്നാളില്ലാത്ത കുട്ടികള്‍ക്ക് ആ ചില്ലറ തുട്ടുകളെല്ലാം കൊണ്ട് വയറു നിറക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് എന്റെ ഇപ്പോഴുള്ള ആശ്വാസം.

 

അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷമാണെന്നത് കൊണ്ട് പലതവണ യത്തീംഖാനയിലെ പഠനം നിര്‍ത്തുന്നുണ്ട്. എന്നാല്‍ പിന്നെയും അവിടേക്ക് തന്നെ എത്തിപ്പെടേണ്ടിവരുന്നു...

പഠിക്കുമ്പോള്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ പഠനത്തിനായില്ലെങ്കിലും, പിന്നാലെ ഒച്ചയിട്ടു വന്ന പ്രയാസങ്ങളെ അവധി പറഞ്ഞു നിര്‍ത്താന്‍ സഹായിച്ചത് അറിവിനൊപ്പം ലഭിച്ച സംസ്‌കാരം തന്നെയായിരുന്നു. കൂടെ പരിശ്രമിക്കാനുള്ള മാനസികാരോഗ്യവും സ്വയം വിശ്വസിക്കാനുള്ള കരുത്തും ലഭിച്ചു. എന്റെ നാളെയെ ഇരുട്ടാക്കില്ലെന്നു എന്റെയുള്ളില്‍ ഉറക്കെ ഉറപ്പു തന്നതും വിദ്യാഭ്യാസം തന്നെയാണ്.

 

വീടുയരും മുമ്പേ മതിലുയരുകയും വീട്ടുകാരനെ കാണുംമുമ്പേ കാവല്‍പ്പട്ടിയെ കാണുകയും ചെയ്യുന്ന ഈ കാലത്തെ പറ്റി പവിത്രന്‍ തീക്കുനിയുടെ കവിതയുണ്ടല്ലോ.. സമൂഹത്തില്‍ പിന്നെയും വിടവും അസമത്വവും വര്‍ധിച്ച് വരുന്നകാലത്ത് നടവഴിയിലെ നേരുകള്‍ സമൂഹത്തെ എന്തെല്ലാമോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്...

നടവഴിയിലെ നേരുകള്‍ സമൂഹത്തെ ഒന്നും തന്നെ ബോധ്യപ്പെടുത്താനും ചിന്തിപ്പിക്കാനും ശ്രമിക്കുകയല്ല, മറിച്ച് ആവശ്യപ്പെടുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനായി മൗനം വിടാനാണ്.അപ്പോഴേ നാടിനു സമൃദ്ധി ഉണ്ടാകൂ.അതില്‍ നിന്നേ സ്വയം സൗന്ദര്യം ഉണ്ടാകൂ. സൗന്ദര്യം സ്വന്തമാകുമ്പോള്‍ സന്തോഷിക്കാത്തവര്‍ ആരുമില്ല. നമ്മുടെ സൗന്ദര്യവും സന്തോഷവും മറ്റുള്ളവരുടെ കണ്ണുനീര്‍ സമുദ്രത്തിലാണെങ്കില്‍ ആ സമുദ്രം വറ്റിച്ചും നമുക്കത് സ്വന്തമാക്കണം. ഉദ്ദേശിച്ചത് അപരന്റെ കണ്ണീര്‍ തുടക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തിനാണ് നിലനില്‍പ്പുള്ളത്.

 

പുസ്തകം തുറക്കുമ്പോള്‍ തന്നെ ഇങ്ങനെ കാണാം. 'എന്റെ ബാല്യം തെരുവിലായിരുന്നു. അത്‌കൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി തെരുവിലെ ബാല്യങ്ങള്‍ക്കവകാശപ്പെട്ടതാണ്.' 

പഠനം കഴിഞ്ഞു സ്വന്തം കാലില്‍ നില്‍ക്കാനാകുമ്പോള്‍ ആദ്യ ശമ്പളം മുഴുവന്‍ വീട്ടിലേക്ക് അയച്ചു കൊടുക്കാറാണല്ലോ നമ്മില്‍ പലരുടെയും പതിവ്. സാഹിത്യ മേഖലയില്‍ ആദ്യ ചുവട് വെച്ചപ്പോള്‍ ആ ചിന്ത തന്നെയാണ് എന്നില്‍ ഉണര്‍ന്നത്. ബാല്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ വിഷമിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിക്കെങ്കിലും പ്രചോദനം ആയെക്കുമോ എന്ന പ്രതീക്ഷയിലാണ് ഈ പുസ്തകം വെളിച്ചം കാണിച്ചത്.  സ്‌കൂള്‍ വിട്ടു വന്നാല്‍ റെയില്‍വേ പുറമ്പോക്കിലെ കുറ്റികാട്ടില്‍ സൂക്ഷിച്ചു  വെക്കുന്ന പുസ്തകങ്ങള്‍ മഴ നനയുമോ എന്ന വ്യഥയുമായി നടക്കുന്ന കുട്ടികള്‍ ഇന്നും നമ്മുടെ കണ്‍വട്ടത്തുണ്ടാകാം. നാം ഇരിക്കുന്ന പീഠത്തിന്റെ ഉയരം കൂടിയതിനാല്‍ നമ്മുടെ ദൃഷ്ടി അവരില്‍ പതിയാതെ പോകുന്നു.  തെരുവിലെ മക്കളുടെ കഥ പറയുന്നതിന്റെ പേരില്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ അവരുടെ അവകാശമാണ്. അത് അവരില്‍ തന്നെ എത്തിച്ചേരുന്നതില്‍ ആശ്ചര്യം തോന്നേണ്ടതില്ല.

 

മുന്നില്‍ പിന്നെയും ജീവിതം നീണ്ടുനിവര്‍ന്ന് കിടക്കുന്നു. നടക്കേണ്ടവഴികള്‍? സ്വപ്നം?

സ്വപ്നം എന്നൊന്ന് ഈ ലോകത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. യാഥാര്‍ഥ്യങ്ങളെ കാണാനുള്ള, ലക്ഷ്യങ്ങളെ സമീപിക്കാനുള്ള തിക്കും തിരക്കുമേ ഉള്ളൂ. ഉണ്ടാകാന്‍ പാടുള്ളൂ. അഥവാ ഉണ്ടായിപോകുന്ന സ്വപ്നങ്ങളെ ആഗ്രഹങ്ങളെന്നു പേരിടാം. ആഗ്രഹങ്ങളെ മാറ്റി നിര്‍ത്താന്‍ ആകും, പക്ഷേ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ളതാണ്... 

 

Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍