Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

ഇംഗ്ലീഷ് ചാനല്‍ കരയിലെ നോമ്പ് പാഠം

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ  ചരിത്ര പ്രസിദ്ധമായ കെന്റ്റ്  പ്രവിശ്യയില്‍  ഇംഗ്ലീഷ് ചാനല്‍ മുനമ്പത്ത് ഫ്രഞ്ച്കരക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൗരാണിക കടലോര പട്ടണമാണ്  രംസ്‌ഗേറ്റ്.  അവിടെ, രാഷ്ര്ടാന്തര പ്രശസ്തമായ ഒരു ഫാക്ടറിയില്‍ നിര്‍മാണത്തിലിരുന്ന ഭീമന്‍ യന്ത്രത്തിന്റെ  ഗുണ പരിശോധനക്കായി ചെന്നെത്തിയത് ഒരു നോമ്പ് മാസത്തില്‍. ഗ്രീഷ്മ കാലമായതിനാല്‍ ഇരുപത് മണിക്കൂറോളം ദൈര്‍ഘ്യമുള്ള  പകലും പതിവിലും ഉയര്‍ന്ന  അന്തരീക്ഷ ഊഷ്മാവും.

രംസ്‌ഗേറ്റ് പട്ടണത്തില്‍നിന്ന് അല്‍പം മാറി യന്ത്ര പരിശോധനക്കായി സജ്ജീകരിച്ച ഫാക്ടറിയില്‍ വെച്ചാണ് ഞാന്‍ മിഖായേലിനെ പരിചയപ്പെടുന്നത്. സാങ്കേതിക സന്നാഹങ്ങള്‍ ഒരുക്കുന്ന വിദഗ്ധ ജോലികള്‍  ഏകോപിപ്പിച്ചുകൊണ്ട് വിശാലമായ  ഫാക്ടറി മുറിയിലെ പരീക്ഷണ തറയില്‍ ഊര്‍ജസ്വലനായി ഓടി നടക്കുകയായിരുന്നു അമേരിക്കന്‍ പൗരനായ മിഖായേല്‍.

യന്ത്ര ഭാഗങ്ങള്‍ തമ്മില്‍ ഘടിപ്പിക്കുന്ന ശ്രമകരമായ ജോലിയില്‍ കൂട്ടുകാരെ സഹായിച്ചും കോഫി മെഷീനില്‍നിന്ന് ചൂട് കോഫി കടലാസ് കപ്പുകളില്‍ പകര്‍ന്ന്  വിതരണം ചെയ്തും യന്ത്രത്തിന്റെ സാങ്കേതിക രേഖകള്‍  തരം തിരിച്ച്  മേശപ്പുറത്ത്  അടുക്കിവെച്ചും മനംനിറഞ്ഞ പുഞ്ചിരിയോടെ ഏവരോടും കുശലം പറഞ്ഞും  അയാള്‍  അവിടം നിറഞ്ഞുനിന്നു.

പരിശോധനയുടെ പ്രാരംഭ  രേഖകള്‍  വായിച്ചു നോക്കവെ ഒരു കപ്പ് ചൂട്  കാപ്പിയും തുറന്നുവെച്ച ഇംഗ്ലീഷ് കുക്കിയുടെ കൂടും   വെച്ച് നീട്ടി  അയാള്‍  എന്റെ അരികിലെത്തി. സ്‌നേഹപൂര്‍വമുള്ള  എന്റെ  തിരസ്‌കാരം അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒട്ടും അഴല്‍ വീഴ്ത്താതിരുന്നത് ഞാന്‍ ശ്രദ്ധിച്ചു.

കൂറ്റന്‍ ഡീസല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത അളക്കാനുള്ള ദൈര്‍ഘ്യമേറിയ പരീക്ഷണ പ്രവര്‍ത്തന സമയങ്ങളിലത്രയും ഉഷ്ണവും പുകയും വകവെക്കാതെ അയാള്‍  യന്ത്രത്തോട് ഒട്ടിനില്‍ക്കുകയായിരുന്നു. ചൂണ്ടാണി വിരലില്‍ ആനയെ  തളക്കുന്ന മാന്ത്രികനെ പോലെ തന്റെ കരചലനങ്ങളില്‍ അയാള്‍  യന്ത്രബുദ്ധിയെ നിയന്ത്രിച്ചുനിര്‍ത്തുന്നത് കൗതുകത്തോടെ ഞാന്‍ കണ്ടുനിന്നു.

പരീക്ഷണങ്ങള്‍ക്ക് അര്‍ധ വിരാമമിട്ട്  മധ്യാഹ്ന വിശ്രമത്തിന്  പിരിഞ്ഞ അതിഥികളെയും ജോലിക്കാരെയും മിഖായേല്‍  വിശ്രമ മുറിയിലെ തീന്‍ മേശയിലേക്ക് ആനയിച്ചു. ഭക്ഷണ പൊതികള്‍ അഴിച്ചുനിരത്തി, തികഞ്ഞ ആതിഥ്യ മര്യാദയോടെ ഭക്ഷ്യ വിശേഷണങ്ങള്‍ വിവരിച്ച് ആളുകളെ ഊട്ടാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ പുറം വരാന്തയിലെ ചാരുകസാരയിലേക്ക് മാറിയിരുന്നു.

ഫാക്ടറിപ്പുറത്ത്  വിളവ്  കഴിഞ്ഞ കൃഷിയിടങ്ങളും പുല്‍പ്പാടങ്ങളും ഹരിത ഭംഗി തീര്‍ക്കുന്ന  ഇംഗ്ലീഷ് സമതലത്തിന്റെ ദൃശ്യ കൗതുകങ്ങള്‍ ആസ്വദിച്ചിരിക്കുമ്പോള്‍  കൈയില്‍  ഒരു കട്ടി കടലാസ് ചുരുളുമായി  മിഖായേല്‍ അരികില്‍  വന്നെത്തി.

'നമസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു തരട്ടെ?'

ഒന്ന് ഞെട്ടി തിരിഞ്ഞ എന്റെ ആശ്ചര്യഭാവങ്ങള്‍ ഒരു പ്രതിസ്പന്ദനവും സൃഷ്ടിക്കാതെ അയാള്‍ എനിക്ക് മുമ്പേ നടന്ന് ആളൊഴിഞ്ഞ മൂലയില്‍ കടലാസ് ചുരുള്‍ നിവര്‍ത്തി നമസ്‌കാരത്തിനായി ബാങ്കും ഇഖാമത്തും ചൊല്ലി മുന്നില്‍ നിന്നു. ലളിതമായി നമസ്‌കരിച്ച്  യന്ത്രത്തറയിലേക്ക്  തിരിച്ച് നടക്കുമ്പോള്‍ ഒരു നേര്‍ത്ത  പുഞ്ചിരിയോടെ മിഖായേല്‍ പറഞ്ഞു: 'ഞാനും നോമ്പുകാരനാണ്.'

ആശ്ചര്യം വിടര്‍ത്തിയ  കണ്ണുകളുമായി ഞാന്‍ മിഖായേലിനെ  നോക്കി. പൂര്‍ണ ക്ഷൗരം ചെയ്ത അയാളുടെ മുഖത്ത് തിരയടിക്കുന്ന അനിതര മാസ്മരിക ചൈതന്യം.

യന്ത്ര പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഫാക്ടറി വിട്ടിറങ്ങുമ്പോള്‍ സമയം ഏറെ വൈകിയിരുന്നില്ല. സമീപത്തെവിടെയോ സ്ഥിതിചെയ്യുന്ന യുദ്ധവിമാനങ്ങളുടെ മ്യൂസിയത്തില്‍ ലോക യുദ്ധങ്ങളുടെ ചരിത്ര പാഠങ്ങള്‍ പഠിക്കാനും നഗരക്കാഴ്ചകള്‍ കാണാനും കൂട്ടുകാര്‍ മിഖായേലിനെ ശട്ടം കെട്ടി. പുലര്‍ച്ചെ  രണ്ടു മണിക്ക് കഴിച്ച ലഘു പ്രാതലിന്   കടിഞ്ഞാണിട്ടു നിര്‍ത്താനാവാത്ത  വിധം  യാത്രയും നോമ്പും ഉറക്കകുറവും സമ്മാനിച്ച ആലസ്യം ശരീരത്തെ കീഴ്‌പ്പെടുത്തുകയാല്‍   ഞാന്‍ അവരെ വിട്ട് താമസസ്ഥലത്തേക്ക് തിരിക്കാന്‍ തീരുമാനിച്ചു. 

വണ്ടിയില്‍ കയറുന്നതിനു മുമ്പ് മിഖായേല്‍ അടുത്ത് വന്നു ചെവിയില്‍ പറഞ്ഞു: 'നോമ്പ് തുറക്കാന്‍ നമുക്ക് ഒരിടം വരെ പോകണം.'

നിറഞ്ഞ മനസ്സോടെ ക്ഷണം സ്വീകരിച്ച്  ഞാന്‍ കടല്‍ക്കരയിലെ ഹോട്ടലിലേക്ക് പോയി.

എട്ടു മണിയോടെ  മിഖായേല്‍ വണ്ടിയുമായി വന്നു.   സൂര്യാസ്തമയമാവാന്‍ ഇനിയും മണിക്കൂര്‍ കഴിയുമെന്നതിനാല്‍  പുറത്ത്  നല്ല വെയില്‍. കാറ്റുപായകള്‍ വിരിച്ച ജലനൗകകളും  ആഡംബര കപ്പലുകളും തിങ്ങി നിറഞ്ഞ കടല്‍ തീരത്തിലൂടെ മിഖായേലിന്റെ വണ്ടിയില്‍ ഞങ്ങള്‍ യാത്ര തുടങ്ങി.

ക്ഷീണത്തിന്റെ നിഴല്‍പാടുകള്‍  ദൃശ്യമെങ്കിലും അയാളുടെ മുഖത്തെ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും കെട്ടു പോയിരുന്നില്ല.

തീരപാതയില്‍  ഏറെ  അകലെയല്ലാതെ ഹലാല്‍ ഭക്ഷണം ലഭ്യമാണെന്ന് വലിയ അക്ഷരത്തില്‍ അറബിയിലും ഉര്‍ദുവിലും ബംഗാളിയിലും പിന്നെ ഏതൊക്കെയോ ഭാഷകളിലും എഴുതിവെച്ച കൊച്ചു ഭക്ഷണശാലക്കരികിലൂടെ നിര്‍ത്താതെ മുന്നോട്ടു പോയപ്പോള്‍ ഞങ്ങളുടെ യാത്രാ ലക്ഷ്യം ഞാന്‍ തിരക്കി. 

'നമ്മള്‍ കേന്റര്‍ബറി (ഇമിലേൃയൗൃ്യ) യിലേക്ക് പോകുന്നു... അവിടംവരെ നല്ലൊരു യാത്രയും നോമ്പ് തുറയും.'

രംസ്‌ഗേറ്റില്‍നിന്ന്  മുപ്പതിലേറെ കിലോമീറ്റര്‍ ദൂരെ ഇംഗ്ലീഷ് ചര്‍ച്ചിന്റെ ആസ്ഥാന കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന  കേന്റര്‍ബറിയിലേക്ക്.   നഗരമധ്യം വിട്ട്   നാട്ടുപാതയിലേക്ക് യാത്രാ പഥം  മാറിയപ്പോള്‍   മിഖയേല്‍ ഏറെ ഉന്മേഷവാനായി കാണപ്പെട്ടു.

'താങ്കള്‍ യാത്രക്കാരനല്ലേ .. നോമ്പ് നിര്‍ബന്ധമല്ലല്ലോ?'

കാറിന്റെ മുന്‍സീറ്റില്‍ ക്ഷീണിച്ചൊതുങ്ങി മയക്കത്തിലേക്ക് വഴുതിവീണു കൊണ്ടിരുന്നതിനാലാവാം  സഹാനുഭൂതി നിറഞ്ഞ അന്വേഷണം. 

'ഒരു യൂറോപ്യന്‍ നോമ്പ് അനുഭവിക്കണം എന്ന് തോന്നി... ഇത്ര കഠിനമാവുമെന്ന്  ഓര്‍ത്തില്ല.'  

എന്റെ മറുപടി കേട്ട്  ചിരിച്ചു കൊണ്ട്  മിഖായേല്‍  പറഞ്ഞു: 'നോക്കൂ, എനിക്ക് നോമ്പെടുത്ത് യാത്ര ചെയ്യുന്നതാണിഷ്ടം.' 

'താങ്കള്‍  എങ്ങനെ ഇത്ര  ഉന്മേഷവാനായിരിക്കുന്നു?' എന്റെ ചോദ്യം അയാളെ വാചാലനാക്കി. 

'എന്റെ വ്രതം ദൈവത്തിനുള്ളതാണ്. പ്രഭാതത്തില്‍ ഞാന്‍ എന്റെ ആത്മത്തെ ദിവ്യ സവിധത്തില്‍ സമര്‍പ്പിക്കുന്നു.  പരമകാരുണ്യവാനും ഞാനുമായി   വ്രത നീള്‍ച്ചയുടെ കാലമത്രയും സുദൃഢമായ ഒരു കരാറിലാണ്. വ്രതചര്യകള്‍ തെറ്റില്ലെന്ന്  ഞാനും  ഉന്മേഷത്തോടെ   ജീവിതചര്യകള്‍  ചെയ്യാന്‍ എന്റെ  ശരീരത്തെയും മനസ്സിനെയും  വരുതിയില്‍  നിര്‍ത്തിത്തരാമെന്ന്   അവനും.'  

മിഖായേലിന്റെ ഭാഷ  ദാര്‍ശനിക ഭാവം കൈവരിക്കുകയായിരുന്നു.  

'ഞാന്‍ ഏറെ കര്‍മ നിരതനാവുന്നതും  ജോലികളില്‍  ശ്രദ്ധ കൂടുന്നതും ബന്ധങ്ങളില്‍ തീവ്രതയേറുന്നതും മനസ്സ് ശാന്തമാവുന്നതും  ഉന്മേഷപൂര്‍വം യാത്ര ചെയ്യുന്നതും   നോമ്പ് കാലത്താണ്. രക്ത നാഡിയേക്കാള്‍ അരികെ ഞാന്‍ ദൈവ സാമീപ്യം അനുഭവിച്ചറിയുന്നതും.'

അയാളുടെ മുഖം ചുവന്നു തിളങ്ങുന്നത് ഞാന്‍ കണ്ടു. കണ്ണുകളില്‍ തീവ്രമായ പ്രകാശവും. ആ മാസ്മരിക തേജഃപ്രസരത്തില്‍  എന്റെ ആലസ്യം പതിയെ മാഞ്ഞുപോകുന്നതും ഞാനറിഞ്ഞു.

പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന  ഹൈവേയിലൂടെയായിരുന്നില്ല ഞങ്ങളുടെ യാത്ര.  പച്ച പുതച്ച കൃഷിയിടങ്ങള്‍ മുറിച്ചു കടന്നുപോകുന്ന വളഞ്ഞ പാത അയാള്‍ ബോധപൂര്‍വം തെരഞ്ഞെടുത്തതായിരുന്നു. പാതക്കിരുവശവും കാറ്റില്‍ ഉലഞ്ഞാടുന്ന  ഹരിത ശോഭയാര്‍ന്ന് ചെടി പടര്‍പ്പുകള്‍.  കണ്ണെത്താ ദൂരത്തോളം പച്ചപ്പാടങ്ങളും  കൊച്ചു കൊച്ചു കുന്നുകളും. 

'ഞാന്‍  ഏറെ ദിവസങ്ങളിലും ഈ വഴി വരാറുണ്ട്. ഈ പച്ചില ചില്ലകളില്‍നിന്ന് ഒഴുകിയെത്തുന്ന  ഊര്‍ജം  നമ്മുടെ ആലസ്യങ്ങളെ തല്ലിക്കെടുത്തുന്നത് കണ്ടില്ലേ.' ഒഴുകിയെത്തുന്ന കാറ്റിന്റെ തലോടലിനായി  വണ്ടിയുടെ  ചില്ല് ജാലകം അയാള്‍  പതിയെ  തുറന്നിട്ടു.

അസ്തമയത്തോടെ ഞങ്ങള്‍ കേന്റര്‍ബറി കത്തീഡ്രലിന്റെ മതില്‍ കെട്ടിനരികെയുള്ള മൊറോക്കന്‍  ഭക്ഷണ ശാലയില്‍  യാത്ര അവസാനിപ്പിച്ചു. അറേബ്യന്‍ ചിത്രപ്പണികള്‍  കൊണ്ട്  ചാരുത  ചാര്‍ത്തിയ കൊച്ചു ഭക്ഷണശാല.

ഒരു ഗ്ലാസ് വെള്ളം കൊണ്ട് നോമ്പ് തുറന്ന് നമസ്‌കരിച്ച് ഞങ്ങള്‍  ഭക്ഷണ മേശക്ക് അഭിമുഖമിരുന്നു.  എന്റെ മുന്നിലെത്തിയ അരിഞ്ഞ  പച്ചിലകളും റൊട്ടിയും  ചുട്ടെടുത്ത ഇറച്ചിക്കഷ്ണങ്ങളും തിന്നു തീര്‍ത്ത്  ചൂടുള്ള മൊറോക്കന്‍  ചായ പാത്രത്തില്‍ കൈ വെച്ചപ്പോഴും  മിഖായേല്‍ അയാളുടെ ഇലക്കഷ്ണങ്ങള്‍ പോലും തിന്നുതീര്‍ത്തിട്ടുണ്ടായിരുന്നില്ല. ഒരു യോഗിയെപോലെ ഓരോ ഇലച്ചീന്തും ഓരോ നുള്ള് മാംസവും  പതിയെ മുറിച്ചു മാറ്റി വായിലിട്ട്  മിഠായി  പോലെ   നുണഞ്ഞ് ജൈവ പ്രപഞ്ചത്തിലെ  ഊര്‍ജങ്ങളൊക്കെയും തന്നിലേക്ക് ആവാഹിച്ചെടുത്ത്  ആസ്വദിക്കുക്കയായിരുന്നു അയാള്‍.

മടക്ക യാത്രയില്‍ ഞങ്ങള്‍ കുറെയേറെ സംസാരിച്ചു. മിഖായേല്‍  ഒരു അമേരിക്കന്‍ സാങ്കേതിക ബിരുദധാരിയാണ്.   തനിക്കു ചുറ്റും സ്വയം  വരച്ച   വ്യാസം കുറഞ്ഞ  സമൂഹ വൃത്തത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന, ലോക രാഷ്ര്ടീയ  കാര്യങ്ങളില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത, ഒരു അമേരിക്കന്‍ മുസ്‌ലിം. ഇസ്‌ലാമിക കര്‍മശാസ്ത്ര, രാഷ്ര്ടീയ,  മേഖലകളിലെ ചിന്താധാരകളെ കുറിച്ച് ഏറെയൊന്നും അയാള്‍ക്കറിയില്ല. അതയാളുടെ താല്‍പ്പര്യ വിഷയവുമല്ല. മിഖായേല്‍ സംസാരിച്ചത് മുഴുവന്‍ ദൈവ സാമീപ്യത്തെക്കുറിച്ചും അത് സമ്മാനിക്കുന്ന അത്യപൂര്‍വ ആത്മശാന്തിയെക്കുറിച്ചും ദിവ്യ സവിധത്തില്‍ സ്വയം സമര്‍പ്പിച്ചു  ഒരു സാധാരണക്കാരനായി ജോലി ചെയ്തു ജീവിക്കുന്നതിലുള്ള ആത്മീയാനന്ദത്തെക്കുറിച്ചും, അതിന് അയാളെ പ്രാ

പ്തനാക്കുന്ന നോമ്പിനെക്കുറിച്ചും മാത്രം.

വ്രതം അയാള്‍ക്കൊരു തപസ്സാണ്. ദൈവ സാമീപ്യ സായൂജ്യം തേടി പരിത്യാഗിയായി കാടും മലയും ഗുഹകളും കയറാതെ ലൗകിക ജീവിത ചുറ്റുവട്ടങ്ങളില്‍ ജീവിച്ച് ദിവ്യ ചൈതന്യത്തിന്റെ   ശീതളഛായയില്‍ സ്വയം സമര്‍പ്പിച്ച്  ആത്മനിര്‍വൃതി സാധ്യമാക്കുന്ന കഠിന തപസ്സ്. തുറന്നു വെച്ച കണ്ണുകളും ചലിക്കുന്ന പാദങ്ങളും പ്രവര്‍ത്തിക്കുന്ന കരങ്ങളും ജൈവവികാരങ്ങള്‍ കടിഞ്ഞാണിടപ്പെട്ട പകലുകളും ചിത്തശാന്തിയുടെ ആനന്ദാനുഭൂതി സമ്മാനിക്കുന്ന ഗാഢതപസ്സ്.

ഞങ്ങള്‍ രംസ്‌ഗേറ്റില്‍ മടങ്ങിയെത്തിയപ്പോള്‍  പാതിരാവ് കഴിഞ്ഞിരുന്നു. സ്‌നേഹാലിംഗനത്തോടെ മിഖായേല്‍ ശാന്തി വാചകം ചൊല്ലി യാത്രയായി.

ഏറെ അകലെയല്ലാത്ത പ്രഭാത നമസ്‌കാരസമയം കാത്ത് കടല്‍ക്കരയിലെ നടപ്പാതയിലൂടെ ഞാന്‍ ഏകനായി നടക്കാനിറങ്ങി. ശാന്തമായ കടലും വിജനമായ കരയും മനം തണുപ്പിക്കുന്ന കടല്‍ കാറ്റും. കാറ്റില്‍ ചാഞ്ചാടുന്ന ജലനൗകകള്‍. നിലാവില്ലാത്ത ആകാശത്ത് കണ്ണ് ചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങള്‍. ഇരുട്ടില്‍ അനന്ത വിസ്തൃതമായ ദൃശ്യ പ്രപഞ്ചത്തിന്റെ അഗാധതയിലേക്ക് മനസ്സ് പാഞ്ഞുപോയി. അവിടെ ഒരു കൊച്ചു പൊട്ടുപോലെ ദൃശ്യമായ ഭൂഗോളത്തിന്റെ പുറംതോടില്‍ അടയാളപ്പെടുത്താന്‍ പോലും അസാധ്യമാംവിധം ചെറുതായ ഞാന്‍. എന്റെ ജീവനാഡിയെക്കാള്‍ അരികില്‍ ഈ മഹാ പ്രപഞ്ചത്തിന്റെ ഏകനാഥന്‍. ആന്തരാത്മാവില്‍ പെയ്തിറങ്ങിയ അനിര്‍വാച്യമായ കുളിര്‍മഴയില്‍ നനഞ്ഞ് ഞാന്‍ കടല്‍ക്കരയില്‍നിന്ന് തിരിച്ചുനടന്നു, അടുത്ത പ്രഭാതത്തില്‍ മിഖായേലിന്റെ നോമ്പ് നോല്‍ക്കാന്‍. 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍