Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

അഭയാര്‍ഥികളുടെ നോമ്പ്

ഹകീം പെരുമ്പിലാവ്

മദാന്‍ നോമ്പ് സമൂഹങ്ങളും മനസ്സുകളും  ഐക്യപ്പെടുന്ന അവസരമാണ്.  ദൈവത്തിങ്കല്‍നിന്ന് പ്രതിഫലം വാങ്ങിക്കൂട്ടാനുള്ള വിശ്വാസികളുടെ ഉത്സവമാണത്. പല രാജ്യങ്ങളിലും കുടുംബങ്ങളും ബന്ധുക്കളും ഒന്നിക്കുന്ന സമയം കൂടിയാണ്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കോടിക്കണക്കിനു അഭയാര്‍ഥികള്‍ക്ക് ഇല്ലായ്മയുടെയും യാതനയുടെയും ദാസ്യപ്പെടലിന്റെയും കണ്ണീരനുഭവവും നരകയാതനയുടെ വേളയുമാണ് ഈ റമദാനും. പട്ടിണി കൊണ്ടത്താഴമൊരുക്കി വെള്ളം കുടിച്ച് നോമ്പ് മുറിക്കുന്ന ഈ പാവങ്ങളുടെ നേര്‍ചിത്രം ആരുടെയും കരളലിയിപ്പിക്കുന്നതാണ്.    

കിരാതമായ നിയമങ്ങളുടെ കാര്‍ക്കശ്യത്താല്‍ പൊള്ളുന്ന ചൂടിലും ശീതീകരിക്കാത്ത ക്യാമ്പുകളിലും ആരുടെയോ ഔദാര്യത്തില്‍ കിട്ടിയ ഇടിഞ്ഞു പൊളിഞ്ഞ കൂരകളിലും എരിഞ്ഞമരുകയാണ് കുറേ ജീവിതങ്ങള്‍. ആവേശമോ ആഹ്ലാദമോ ഒന്നുമില്ലെങ്കിലും ഈ റമദാനിലും എല്ലാം കാണുന്ന നാഥനു വേണ്ടി നോമ്പെടുക്കാന്‍ സാധിക്കുന്നുവല്ലോ എന്ന് സമാധാനമടയുകയാണ്  ഈ അഭയാര്‍ഥി ലക്ഷങ്ങള്‍. ഉറച്ച മനസ്സുമായി കരളുരുകി കരയാന്‍ കിട്ടിയ അവസരമായി അവരതിനെ കാണുന്നു. നീണ്ട പതിനാറു മണിക്കൂര്‍ പകല്‍ നോമ്പ്. നോമ്പുതുറയും അത്താഴവും മുത്താഴവും എല്ലാം കൂടി ചിലപ്പോള്‍ ഒരു നേരം. അതും കൃത്യമായിട്ടല്ല. പരാതി പറയാന്‍ പടച്ചവന്‍ മാത്രം. നോമ്പ് എടുക്കുന്നവര്‍ക്ക് രണ്ട് ആശ്വാസമുണ്ടെന്നാണ്  തിരുവചനം. ഒന്ന് നോമ്പ് മുറിക്കുമ്പോഴുള്ള ആശ്വാസം. രണ്ടാമത്തേത് ദൈവത്തെ കണ്ടെത്തുമ്പോഴുള്ളത്. എന്നാല്‍ ഇറാഖിലെ 20 ലക്ഷം അഭയാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും നോമ്പ് മുറിക്കുമ്പോഴുള്ള ആശ്വാസമില്ല.   

കഠിനമായ പരീക്ഷണമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ നേരിടുന്നത്. വൈകുന്നേരങ്ങളില്‍ ഭക്ഷണവുമായി വരുന്ന ട്രക്കിലേക്ക് അവര്‍ പാഞ്ഞടുക്കുന്ന ദൃശ്യം മനസ്സലിയിക്കുന്നതാണ്. നോമ്പ് തുറക്കാനുള്ള വെള്ളവും റൊട്ടിയും മറ്റേതെങ്കിലും  ഭക്ഷണ പദാര്‍ഥങ്ങളും കരസ്ഥമാക്കാനുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയുമൊക്കെ ഓട്ടപ്പാച്ചിലാണത്. ഭക്ഷണത്തളികയുമായി പാഞ്ഞടുക്കുന്നവരെ ഉദ്യോഗസ്ഥര്‍ ആട്ടിപ്പായിക്കുന്നു. ഒരു തുള്ളി വെള്ളത്തിനായി നിരത്തിവെച്ച കാലിക്കുപ്പികള്‍ ആള്‍ക്കൂട്ടത്തില്‍ തട്ടി താഴെ വീഴുമ്പോള്‍ പ്രതീക്ഷയോടെ പാത്രം വെച്ച് കാത്തിരിക്കുകയായിരുന്ന വിതുമ്പുന്ന കുറേ ഹൃദയങ്ങളുമുണ്ടായിരുന്നു ചുറ്റും. ഉദ്യോഗസ്ഥര്‍ എറിഞ്ഞുകൊടുക്കുന്ന  ഭക്ഷണം പാകം ചെയ്യാനുള്ള പാക്കറ്റുകള്‍ക്ക് വേണ്ടി നീണ്ട നേരത്തെ  കാത്തിരിപ്പ്. ഒടുവില്‍ എന്തെങ്കിലും ലഭിച്ചാല്‍ ഒരു നേരത്തെ  ഭക്ഷണം പോലും  പാകം ചെയ്യാന്‍ തികയാത്ത അവസ്ഥ. പറഞ്ഞറിയിക്കാന്‍ കഴിയാത്ത, പറയാന്‍ മടിക്കുന്ന ഒട്ടേറെ പോരായ്മകള്‍ വേറെയും. ആരോഗ്യാവസ്ഥ മോശമായ കുറേ പേര്‍ പേരിനു പോലും ചികിത്സ ലഭിക്കാതെ കാലം കഴിക്കുന്നു.  

തെക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബിലില്‍നിന്ന് വിദൂരത്ത് സ്ഥിതിചെയ്യുന്ന അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ഈ നോമ്പിന് അവസരമുണ്ടായി. അഭയാര്‍ഥികളോടൊപ്പം നോമ്പ് തുറക്കാമെന്ന് കരുതിയാണ് ഞങ്ങള്‍ അവിടെയെത്തിയത്. പൊടിപടലങ്ങളുടെ ഒരന്തരീക്ഷമാണ് ഞങ്ങളെ വരവേറ്റത്. ചൂട് കൂടാനുള്ള സൂചനയാണ് അന്നത്തെ പൊടിക്കാറ്റ്.  അപ്പോള്‍ അന്തരീക്ഷത്തില്‍ 39 ഡിഗ്രി ചൂടുണ്ട്. സമയം വൈകുന്നേരം ആറര. നോമ്പ് തുറക്കാന്‍ ഇനിയും ഒരു മണിക്കൂര്‍ കാത്തിരിക്കണം. ഞങ്ങളുടെ കൈയില്‍ രണ്ടു സഞ്ചി നിറയെ പഴങ്ങളും പച്ചക്കറികളുമുണ്ട്. ഞങ്ങളെ കണ്ടയുടന്‍ കുറേ കുട്ടികള്‍ ഒപ്പം കൂടി. ഓരോ ഓറഞ്ച് വീതം കുട്ടികള്‍ക്ക് നല്‍കി. രണ്ടു മിനിറ്റ് കൊണ്ട് സഞ്ചികള്‍ രണ്ടും കാലിയായി. ചില കുട്ടികള്‍ ഞങ്ങളുടെ കാലില്‍ വീണു, 'എന്തെങ്കിലും തന്നു സഹായിക്കണം, ഉമ്മാക്ക് ഭക്ഷണം കഴിക്കാനാണ്.' ചില പെണ്‍കുട്ടികളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ കാലില്‍ വീഴുന്നവരെ ചിലരെയെങ്കിലും  രാത്രി കാലങ്ങളില്‍ ഐങ്കാവയിലും കാണാമെന്നു കൂടെയുണ്ടായിരുന്ന ഇറാഖുകാരന്‍ സൈദ് ഉസാമ സഅ്ദൂന്‍  പറഞ്ഞു. അവര്‍ക്ക് ഈ കാഴ്ചയിലൊന്നും വലിയ പുതുമയില്ല.   ഐങ്കാവ അടിച്ചുപൊളിയുടെ കേന്ദ്രമാണ്. പക്ഷേ നമുക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതവന്റെ വെറും ഊഹമായിരിക്കുമെന്നു തല്‍ക്കാലം സമാധാനിച്ചു.

പ്രവിശാലമായി നീണ്ടുകിടക്കുന്ന ക്യാമ്പിലാണ് ഞങ്ങള്‍ എത്തിയത്. എല്ലായിടത്തേക്കും എത്തുക സാധ്യമല്ല. മാത്രമല്ല അഭയാര്‍ഥികള്‍ക്ക് കൊടുക്കാന്‍ കരുതിയത് തീരുകയും ചെയ്തു. എന്നാലും ഞങ്ങള്‍ കുറച്ച് ദൂരം നടന്നു. സമാനമായ കാഴ്ചകള്‍ തന്നെ. വാഹനം നിര്‍ത്തിയ സ്ഥലത്തു നിന്നും ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. നടന്നു നടന്നു ഞങ്ങളും ക്ഷീണിച്ചു. ഞങ്ങള്‍ എടുത്തതെല്ലാം ക്യാമ്പുകളില്‍ കൊടുത്തതിനാല്‍ കൈയില്‍ ഒന്നുമില്ല. ഈ അവസ്ഥ എനിക്കറിയാമായിരുന്നു. ഞാന്‍ കുറച്ച് ഈത്തപ്പഴവും വെള്ളവുമെല്ലാം വേറെയും  വണ്ടിയില്‍ കരുതിയിട്ടുണ്ട്. സൈദ് സഅ്ദൂന്‍ ഞങ്ങളോട് പറഞ്ഞു. കുര്‍ദിസ്താന്‍ സൈന്യമായ പെഷമര്‍ഗയുടെ സുരക്ഷിത വലയങ്ങളിലാണ് ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന കുര്‍ദിഷ് ഭാഷയറിയാവുന്ന അലി ദര്‍വീഷ് സുരക്ഷാ ഉദ്യോഗസ്ഥരോട് സംസാരിച്ച് ഉറപ്പിച്ചാണ് ഞങ്ങള്‍ ക്യാമ്പിനു അകത്ത് കയറിയത്. അലിയുടെ സഹോദരന്‍ ഗവണ്‍മെന്റില്‍ പിടിപാടുള്ളയാളാണ്. ഈ ക്യാമ്പില്‍ മാത്രം പതിനായിരങ്ങള്‍ ഉണ്ടെന്ന് അലി ഞങ്ങളോട് പറഞ്ഞു. ക്യാമ്പിനകത്ത് കുറേ തരം താമസയിടങ്ങള്‍ ഉണ്ട്. വില്ലകള്‍ പോലെ അടുക്കും ചിട്ടയുമുള്ളതാണ് ചിലതെങ്കില്‍ ടെന്റുകള്‍ കണക്കെ  കെട്ടിപ്പൊക്കിയവയാണ് അധികവും.  താല്‍ക്കാലികമായി പൂര്‍ത്തിയാക്കിയതാണ് പല കെട്ടിടങ്ങളും.

ഇറാഖിലെ റമാദിയില്‍നിന്നെത്തിയ ഒരു കുടുംബത്തോട് ഞങ്ങള്‍ സംസാരിച്ചു. രണ്ടു വര്‍ഷമായി ഈ ക്യാമ്പില്‍ എത്തിയിട്ട്. പുരാതന സുന്നി കുടുംബമായ അവര്‍ ജീവിക്കാന്‍ നന്നേ പ്രയാസപ്പെടുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇന്ത്യക്കാരനാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി.  ഇന്ത്യയില്‍ സന്തോഷമല്ലേ എന്നുമാത്രം എന്നോട് ചോദിച്ചു. അതേയെന്നു പറഞ്ഞു. കര്‍ശനമായ നിര്‍ദേശമുള്ളതിനാല്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ല. എന്നാലും ആ കുടുംബത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ കൂട്ടുകാരനോട് അനുവാദം ചോദിച്ചു. നിനക്ക് തിരിച്ച് നാട്ടില്‍ പോകേണ്ടേ എന്ന് മാത്രമാണ് അവന്‍ മറുപടിയായി പറഞ്ഞത്. കച്ചവടം ചെയ്ത് ജീവിച്ചിരുന്ന നല്ല തറവാടികളായിരുന്നു അവര്‍. ആകെയുണ്ടായിരുന്ന അത്താണിയായ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് ഞങ്ങള്‍ക്ക് ഒന്നുമില്ല. എവിടെനിന്നോ വരുന്ന വാഹനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം മാത്രമാണ് അവരുടെ ജീവിതം മുന്നോട്ടു നീക്കുന്നത്. ചിലപ്പോള്‍ അയല്‍ ക്യാമ്പുകളില്‍നിന്ന് ഭക്ഷണം ലഭിക്കും. ജോലിയെടുക്കാന്‍ പോകാന്‍ കഴിയുന്ന മക്കളില്ല. ആകെ രണ്ടു പെണ്‍മക്കള്‍; രണ്ടും പ്രായം തികയാത്തവര്‍. മക്കളെ നശിപ്പിക്കാതെ വളര്‍ത്തണം എന്നുള്ളതിനാല്‍ മാത്രം ഇതുവരെയും അവരെ ജോലിക്ക് വിട്ടില്ല. ഒരു ദിവസം ഭക്ഷണം വന്നില്ലെങ്കില്‍ ദൂരെ നിന്നും വരുന്ന വാഹനത്തില്‍ കണ്ണും നട്ട് കാത്തിരിക്കുക, ചിലപ്പോള്‍ ആ കാത്തിരിപ്പ് അടുത്ത ദിവസം വരെ നീളും. വറുതിയുടെയും പ്രതീക്ഷയുടെയും മാത്രം ദിനങ്ങള്‍ ശീലമാക്കിയ കുറേ പട്ടിണിപ്പാവങ്ങളെ ഞങ്ങള്‍ ആ ക്യാമ്പില്‍ കണ്ടു.

ഐസിസ് ഭീകരന്മാരുടെ പിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മറ്റൊരു കുടുംബവുമായി സംസാരിച്ചു, അവര്‍ യസീദികളാണെന്ന് ക്യാമ്പ് വിട്ടു പോരുമ്പോള്‍ കൂടെയുണ്ടായിരുന്ന അലി ഞങ്ങളോട് പറഞ്ഞു.   ഒരു സാധാരണ സുരക്ഷാ ഓഫീസറാണ് അവരെ രക്ഷപ്പെടുത്തിയത്. നാട് മുടിപ്പിക്കുന്നത് ശീഈ ഭൂരിപക്ഷമുള്ള സൈന്യമാണ് എന്നും അവരുടെ ഇടയില്‍ ഞങ്ങള്‍ ഞെരിഞ്ഞമരുകയായിരുന്നുവെന്നും അവര്‍ ഓര്‍ത്തു. ഞങ്ങളുടെ പ്രതീക്ഷകളെ ശീഈകള്‍ തകര്‍ത്തു. അമേരിക്കയോടല്ല ഞങ്ങള്‍ക്ക് ദേഷ്യം, ഞങ്ങളുടെ നാട്ടുകാരോട് തന്നെയാണ്. അവരാണ് ഞങ്ങളെ ഈ കോലത്തിലാക്കിയത്. ഞങ്ങളുടെ പെണ്‍മക്കളെ അവരാണ് കാപാലികര്‍ക്ക് കൂട്ടിക്കൊടുത്തത്. അവരുടെ കണ്ണ് നിറയുന്നത് ഞങ്ങള്‍ കണ്ടു.  

നോമ്പെടുക്കാന്‍ ശാരീരിക ശേഷിയില്ലാത്ത ഒരു പടുവൃദ്ധയെ പരിചയപ്പെട്ടു. ''ഈ കൊടും ചൂടില്‍ നോമ്പെടുക്കുക പ്രയാസമാണ്. വെള്ളവും ഭക്ഷണവും കിട്ടാതെ വരുന്നതിനാല്‍ അതിലും ഭേദം മരിക്കുകയാണ്. അവര്‍ ഭക്ഷണം കൊണ്ട് തരുന്നത് അവര്‍ തന്നെ വീഡിയോവിലാക്കി ലോകത്തോട് വിളിച്ച് പറയുന്നു, ഞങ്ങള്‍ സുരക്ഷിതരാണെന്ന്. ഞങ്ങളുടെ കഥ ഞങ്ങള്‍ക്കും പടച്ചവനുമല്ലാതെ മറ്റാര്‍ക്കുമറിയില്ല. ആരോടാണ് ഇതെല്ലാം പറയുക? പറഞ്ഞിട്ടെന്താണ് കാര്യം. എല്ലാവരും  നോക്കുന്നത് ഞങ്ങളില്‍നിന്ന് എന്ത് കിട്ടും എന്നാണ്. പക്ഷേ എനിക്ക് വയസ്സായി. എന്റെ മക്കള്‍ക്കെങ്കിലും ഞങ്ങളുടെ രാജ്യം തിരിച്ചു കിട്ടുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു.'' ആ വൃദ്ധയുടെ വാക്കുകള്‍ക്ക് നല്ല ശക്തിയുണ്ടായിരുന്നു. മുകളിലേക്ക് നോക്കി കൈ ഉയര്‍ത്തിക്കൊണ്ടാണ് നെടുവീര്‍പ്പുകള്‍ നിറഞ്ഞ ആ വാക്കുകള്‍ അവസാനിപ്പിച്ചത്.

ഠഉ48 നമ്പര്‍ ക്യാമ്പിലെ ഒരു വീട്ടില്‍ ഞങ്ങള്‍ മുട്ടിയപ്പോള്‍ അവിടെയുള്ളവര്‍ നോമ്പ് തുറക്കാന്‍ കാത്തിരിക്കുന്നു. പത്ത് വയസ്സുകാരിയായ ഹാവനാസ് കൂട്ടിപ്പിടിച്ച ഒരു പാത്രം ഭക്ഷണവുമായി കടന്നുവന്നു. ഞങ്ങള്‍ക്കുള്ള നോമ്പ് തുറ ക്ഷണമായിരുന്നു അത്.  അഞ്ചു പേരുള്ള കുടുംബം. അവരുടെ കൈയില്‍ ചോറും വെള്ളവും മാത്രമാണ് ഉള്ളത്. പരിപ്പ് കറി അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്നു. മകന്‍ ജോലിക്ക് പോകുന്നുണ്ട്. എന്തെങ്കിലും അവന്‍ കൊണ്ടുവരും. അതുകൊണ്ട് അവര്‍ നോമ്പെടുക്കുന്നു. അത്താഴത്തെ കുറിച്ച് ഞങ്ങള്‍ ചോദിച്ചു. അത് ഞങ്ങള്‍ക്ക് ശീലമില്ല. നമസ്‌കരിക്കാന്‍ എഴുന്നേല്‍ക്കും, വെള്ളം തന്നെയാണ് ഞങ്ങളുടെ അത്താഴമെന്ന് അവര്‍ പറഞ്ഞു. അലിയുടെ വീട്ടില്‍നിന്ന് അല്‍പം ഫ്രഷ് ജ്യൂസ് ഉണ്ടാക്കിയിരുന്നു. കാറില്‍ കരുതിയിരുന്ന കുറച്ച് ഈത്തപ്പഴം ആ ക്യാമ്പില്‍ എത്തിച്ചാണ് ആ ക്യാമ്പ് വിട്ടത്. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്രഷ് ജ്യൂസ് കുടിക്കുന്നത് എന്ന് ആ ക്യാമ്പിലുള്ളവര്‍ പറയുന്നതും ഞങ്ങള്‍ കേള്‍ക്കാനിടയായി.

ഈത്തപ്പഴത്തിന്റെ നാട്ടിലായിട്ടും നോമ്പ് തുറക്കാന്‍ ഒരു ഈത്തപ്പഴം പോലും  കിട്ടാത്ത കുറേ പേരെ ഞങ്ങള്‍ കണ്ടു. വിശപ്പടക്കാന്‍ എങ്ങനെയോ ദൈവകാരുണ്യം ലഭിക്കുകയാണെന്നും  റമദാനിന്റെ പുണ്യം അത് തന്നെയാണ് എന്നും അവര്‍ വിശ്വസിക്കുന്നു. 'ഞങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ തെളിവാണ്.' സിറിയയിലെ റഖയില്‍നിന്നുള്ള ഒരു   അഭയാര്‍ഥി വനിത ഞങ്ങളോട് പറഞ്ഞു. ഭക്ഷണം ക്യാമ്പില്‍ എത്തുന്നുണ്ട്. കൈയൂക്കുള്ളവര്‍ അത് തട്ടിയെടുക്കുന്നു. ഉദ്യോഗസ്ഥരുടെ താല്‍പര്യത്തിനു നിന്ന് കൊടുത്താല്‍ എല്ലാം സമയത്തിനു നിങ്ങളുടെ മുന്നിലെത്തും. പക്ഷേ എല്ലാവരെയും അതിനു കിട്ടില്ലല്ലോ എന്നും ആ കുടുംബനാഥ പറഞ്ഞു.

യു.എന്‍ എന്ന് മുദ്രവെച്ച ഒരു തുണി കൊണ്ട് ടെന്റിന്റെ ഒരു ഭാഗം മറച്ചുകെട്ടി ജീവിക്കുന്ന കുറേ ചെറുപ്പക്കാരെയും പരിചയപ്പെടാനായി. അവര്‍ ബാച്ച്‌ലേഴ്‌സാണ്. അവരുടെ ടെന്റിനുള്ളിലേക്ക് ഞങ്ങള്‍ കയറിച്ചെന്നു. അവരില്‍ ജോലി കഴിഞ്ഞു വന്ന് വിശ്രമിക്കുന്നവരും നോമ്പ് തുറന്ന് ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. ബിരിയാണിയും ചിക്കന്‍ സൂപ്പും കണ്ടപ്പോള്‍ നിങ്ങള്‍ക്കിതെല്ലാം ഉണ്ടല്ലോ എന്ന് ഞങ്ങള്‍ ചോദിച്ചു. 'ഞങ്ങള്‍ ജോലിക്ക് പോകുന്നു. ദൈവം വലിയവനാണ്' എന്നു മാത്രമാണ് അവര്‍ പറഞ്ഞത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും എവിടെയോ നഷ്ടപ്പെട്ടവരാണവര്‍ എന്നും ഞങ്ങള്‍ മനസ്സിലാക്കി.      

മടക്കയാത്രയില്‍ അടുത്തടുത്ത് കാണുന്ന ടെന്റുകള്‍ ഒഴിവാക്കി റോഡിന്റെ വളവില്‍ ഒരു ചെറിയ ടെന്റിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. മരണം കാത്തു കിടക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് അവിടെ ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ക്ക്  മരിക്കണം, ധീരയായി തന്നെ മരിക്കണമെന്ന് ഉറച്ച സ്വരത്തില്‍ ഒരു സ്ത്രീ. അവര്‍ തയാറായി ഇരിക്കുകയാണ്. ഭക്ഷണം മുറക്ക് കിട്ടാത്തതിനാല്‍ നോമ്പ് നോറ്റ് മരിക്കണമെന്നാണ്  ആഗ്രഹം. ആത്മഹത്യ ചെയ്യാന്‍ താല്‍പ്പര്യമില്ല, ശഹീദിന്റെ കൂലിയും വേണം. സിറിയന്‍ ഭാഗത്തുനിന്നെത്തിയ ഒരു വൃദ്ധയാണ്  അതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അവരുടെ ഭര്‍ത്താവ് ഒരു കവിയായിരുന്നു. ജനങ്ങള്‍ക്കു വേണ്ടി കവിത ചൊല്ലി രാജ്യത്തിനു വേണ്ടി അദ്ദേഹം മരിച്ചു. ഞങ്ങളെ തനിച്ചാക്കി. അപ്പോള്‍ നോമ്പ് തുറന്ന് സമയം ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞിരിക്കുന്നു. പക്ഷേ അവര്‍ ഒന്നും കഴിച്ചിട്ടില്ല. മക്കളെ കാത്തിരിക്കുകയാണ് ആ സ്ത്രീ. അല്‍പം ഈത്തപ്പഴവും ഒരു ബോട്ടില്‍ ജ്യൂസും ഞങ്ങള്‍ കൊടുത്തപ്പോള്‍ അവര്‍ ചോദിച്ചത് നിങ്ങള്‍ എന്നെ മരിക്കാന്‍ അനുവദിക്കില്ലേ എന്നാണ്. അവര്‍ സിറിയയിലെ അലപ്പൊവിനെ കുറിച്ച് ഞങ്ങളോട് പറഞ്ഞു. അവരുടെ വാക്കുകളില്‍ കവിതയുടെ നിഴലാട്ടം ഉണ്ടായിരുന്നു. പ്രശാന്ത സുന്ദരമായ അലപ്പോവിനെയും പാല്‍മിറയെയും വര്‍ണിക്കാന്‍ അവര്‍ക്ക് ആയിരം നാവുകളുണ്ടായപോലെ ഞങ്ങള്‍ക്ക് തോന്നി. നഷ്ടപ്പെട്ട തന്റെ മൂന്ന് മക്കളെ കുറിച്ച് പറഞ്ഞപ്പോള്‍ അവരുടെ വാക്കുകള്‍ ഞങ്ങളെയും കരയിച്ചു.  

കാവര്‍ഗോസ്‌കിലെ ഒരു ക്യാമ്പിലെ കാഴ്ച അതിലേറെ മനസ്സലിയിക്കുന്നതായിരുന്നു. 2014-ലാണ് നൂരിഖാന്‍ കുടുംബം ഈ ക്യാമ്പില്‍ എത്തുന്നത്. മരിക്കാന്‍ തയാറാണ് എന്നാണ് അവര്‍ പറയുന്നത്. ഒരു കരിഞ്ഞ ടെന്റിലാണ് അവര്‍ താമസിക്കുന്നത്. ഭാര്യയും മൂന്നു മക്കളും. യുദ്ധത്തില്‍ ഒരു കാല് നഷ്ടപ്പെട്ടിരിക്കുന്നു. മറ്റൊരു കാല് നീരു വന്നു വീര്‍ത്തിട്ടുണ്ട്. സിറിയയിലെ ഹിംസ്വില്‍നിന്നാണ് ഇറാഖില്‍ എത്തിയത്. കീറിയ ഒരു തുണിയിലാണ് അദ്ദേഹം കിടക്കുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് മധുരമിഠായി ഉണ്ടാക്കിയാണ് ജീവിതം കഴിക്കുന്നത്. പക്ഷേ മടുത്തു എന്ന് അദ്ദേഹം പറയുന്നു. സ്വയം മരിക്കണം എന്നുണ്ട്. പക്ഷേ എന്റെ കുടുംബം ഒറ്റപ്പെടും എന്നാണ് ഭയം. എന്നും ടി.വി കാണുമെന്ന് പറയുന്ന അദ്ദേഹം സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത് വെറും കച്ചവടം മാത്രമാണെന്ന് പറയുന്നു. ആരൊക്കെയോ പുറത്തുനിന്നും വന്ന് കച്ചവടമുറപ്പിക്കുന്നു. പാവപ്പെട്ടവന്റെ ജീവിതത്തിനു വിലപറയുന്നു.  എല്ലാം ഒരു ദിവാസ്വ

പ്നം പോലെ എന്ന് അദ്ദേഹം ഓര്‍ക്കുന്നു. തെരുവില്‍ ജനങ്ങള്‍ മരിച്ചു കിടക്കുന്നു, അതില്‍നിന്ന് നായ്ക്കള്‍ തിന്നുന്ന കാഴ്ച. അത് കണ്ടാണ് സിറിയ വിട്ടോടിയതെന്ന് ഖാന്‍ പറഞ്ഞു. സന്തോഷത്തോടെ എന്തെങ്കിലും കഴിച്ച കാലം മറന്നു. ഞങ്ങളുടെ നോമ്പാണ്  ലോകത്തില്‍ ഏറ്റവും പ്രയാസമേറിയ നോമ്പ്.  അവരുടെ പത്‌നി ഫാത്വിമ ഞങ്ങളോട് പറഞ്ഞു: ആഗ്രഹങ്ങള്‍ വാടിക്കരിഞ്ഞ റമദാനാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. പടച്ചവന്റെ സഹായം മാത്രമാണ് പ്രതീക്ഷയെന്നു പറഞ്ഞ്  കണ്ണുനിറഞ്ഞ ആ ഉമ്മയെ കെട്ടിപ്പിടിച്ച പറക്കമുറ്റാത്ത ആ മക്കളുടെ നോട്ടത്തില്‍ എല്ലാം അലിഞ്ഞു പോയപോലെ തോന്നി.

ഇറാഖിലും ലബനാനിലും മറ്റും കഴിയുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ നോമ്പനുഭവങ്ങള്‍ നമ്മുടെ നോമ്പുമായി ഒരിക്കലും താരതമ്യപ്പെടുത്താനാവില്ല. മരിച്ചു ജീവിക്കുന്ന കുറേ കാഴ്ചകളാണ് ഇവരുടെ  ടെന്റുകളില്‍, കുടിലുകളില്‍, തെരുവോരങ്ങളില്‍ നമ്മെ കാത്തിരിക്കുന്നത്. സന്ദര്‍ശകര്‍  നല്‍കുന്ന ഒരു ആശ്വാസ വാക്ക്, ഒരു ചീന്ത് ഈത്തപ്പഴം, അല്ലെങ്കില്‍ അവരുടെ അടുക്കല്‍ ചെന്ന് അവര്‍ക്കു വേണ്ടി നടത്തുന്ന ഒരു പ്രാര്‍ഥന ഇതൊക്കെയാകാം എല്ലാറ്റിനേക്കാളും അവര്‍ക്ക് വലുത്.  നമ്മുടെ തീന്‍മേശകളില്‍ നോമ്പ് മുറിക്കാന്‍ എണ്ണമറ്റ പലഹാരങ്ങള്‍ നാമൊരുക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനായി, അരവയര്‍ നിറക്കാന്‍ പാടുപെടുന്ന ഈ അഭയാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ നമുക്ക് കഴിയുമോ? ഇല്ലായ്മയുടെയും വറുതിയുടെയും വേവലാതികളിലും ധീരതയോടെ നോമ്പനുഷ്ഠിക്കുന്നവര്‍ക്കായി, ലോകത്തിന്റെ നാനാഭാഗത്തും  കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും  പ്രത്യേകിച്ച് അഭയാര്‍ഥികള്‍ക്കും വേണ്ടി ഇരു കൈയുമുയര്‍ത്തി നമുക്ക് പ്രാര്‍ഥിക്കാം. 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍