Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

കോഴിക്കോട് കടപ്പുറത്ത് മാസം കണ്ടതിനാല്‍.....

ബിശാറ മുജീബ്

കുഞ്ഞുമക്കളും വാര്‍ധക്യത്തില്‍ എത്തിയവരും ഒരുപോലെ അമ്പിളിപ്പിറവിക്ക് കാത്തിരിക്കുന്ന നാള്‍. അന്നുവരെ ഉണ്ടായിരുന്ന നോമ്പിന്റെ വിശുദ്ധഗന്ധം അത്തറിന്റെ പരിമളത്തിലേക്ക് വഴിമാറും. പട്ടിണിയും വിശപ്പും അറിഞ്ഞ ഉള്ള് ഭക്ഷണത്തിന്റെ നടുത്തളികയിലേക്ക് മാറിയിരിക്കും. പൊലിവുള്ള വസ്ത്രങ്ങള്‍ അലക്കിയും തേച്ചും തക്ബീര്‍ധ്വനികളോടൊപ്പം അണിയുന്നതിനായി കാത്തിരിക്കും. പരിണാമങ്ങള്‍ ചിലപ്പോള്‍ സിദ്ധാന്തമാകുന്നത് ആഘോഷങ്ങളോട് ചേര്‍ത്തുവെക്കുമ്പോഴാണ്. അന്ന്, ഇന്ന്, പണ്ടുകാലത്ത് എന്നൊക്കെ പറയേണ്ടി വരുന്നത് ആഘോഷങ്ങള്‍ക്കൊപ്പമാണ്. വിലമതിക്കാനാവാത്ത സ്‌നേഹക്കൈമാറ്റങ്ങള്‍ നവമാധ്യമങ്ങളിലൂടെയല്ലാതെ മനസ്സും ശരീരവും കൈമാറിയിരുന്നൊരു കാലമുണ്ടായിരുന്നു.   

വിവരവിനിമയങ്ങള്‍ക്ക് ഒട്ടും വേഗതയില്ലാതിരുന്ന അക്കാലത്ത് ഖാദിമാരും നാട്ടുപ്രമാണിമാരും നോമ്പുതുറ കഴിഞ്ഞ് മാസം കണ്ടവനെ വിളിപ്പിക്കും. അവനെ വിചാരണചെയ്ത് മാസമുറപ്പിച്ചാലും ആളറിയാന്‍ പിന്നെയും വൈകും. കുട്ടികള്‍ വഴികളിലൂടെ 'മാസം കണ്ടേ' എന്നുറക്കെ വിളിച്ചുപറഞ്ഞ് പോകും. ചിലപ്പോള്‍ പള്ളികളില്‍നിന്ന് കതീനവെടി പൊട്ടും. നേരം വെളുത്തിട്ട് നോമ്പായപോലെ അത്താഴച്ചോറ് തിന്നുകഴിഞ്ഞ് പെരുന്നാളറിഞ്ഞ നാളുകളുമുണ്ടായിരുന്നു. അതോടെ ആണുങ്ങളെല്ലാം പള്ളിയില്‍പോയി തക്ബീര്‍ ചൊല്ലും. പെണ്ണുങ്ങള്‍ അക്കാലത്ത് പള്ളിയില്‍ പോയി ചൊല്ലാറില്ല. അരക്കലും ഇടിക്കലും അരിയലുമെല്ലാം കൈകൊണ്ട് നടക്കുമ്പോള്‍ അവരുടെ ചുണ്ടുകളില്‍ തക്ബീര്‍ തത്തിക്കളിക്കും. കൂട്ടുകുടുംബ താവഴിയുള്ള കോഴിക്കോടന്‍ തറവാടുകളില്‍ പെണ്ണുങ്ങള്‍ക്ക് തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ മൊല്ലാക്കക്കുട്ടികളെ നിര്‍ത്തിയിരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിനും കൂടി നേതൃത്വം നല്‍കിയേ അദ്ദേഹം അവിടം വിട്ടിരുന്നുള്ളൂ. 1956-ല്‍ കോഴിക്കോട് മാനാഞ്ചിറയിലാണ് ആദ്യത്തെ ഈദ്ഗാഹ് നടന്നത്. അന്നതിന് നേതൃത്വം നല്‍കിയത് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയായിരുന്ന എ.കെ അബ്ദുല്ലത്വീഫ് മൗലവിയായിരുന്നു. അതിന്റെ മുഖ്യ സംഘാടകന്‍ കോഴിക്കോട്ടുകാരനും ഈദ്ഗാഹ് കമ്മിറ്റി സെക്രട്ടറിയുമായ അബൂബക്കര്‍ മാസ്റ്റര്‍ ആയിരുന്നു. കെ.സി അബ്ദുല്ല മൗലവി, മൊയ്തു മൗലവി, കെ.എന്‍ ഇബ്‌റാഹീം മൗലവി തുടങ്ങിയവരും പിന്നീട് പലപ്പോഴായി നേതൃത്വം നല്‍കിയിരുന്നു. ധാരാളം സ്ത്രീകളും അന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. മുസ്‌ലിംകളല്ലാത്തവര്‍ ചെരുപ്പ് ധരിക്കാറില്ലാത്ത അക്കാലത്ത് ഈദ്ഗാഹ് മൈതാനത്തിന്റെ വശങ്ങളില്‍ അഴിച്ചുവെച്ച പാദരക്ഷകളുടെ പെരുപ്പം പത്രങ്ങളുടെ ഫോക്കസ് ആയിരുന്നു.

ഉറക്കം പെരുന്നാള്‍ രാവിന് ചേര്‍ന്നതല്ല. ആണുങ്ങള്‍ അങ്ങാടികളില്‍ ചെന്ന് ഇറച്ചിയും സാമാനങ്ങളും വാങ്ങുന്ന തിരക്കിലായിരിക്കും. അടുക്കളയിലെ പാത്രങ്ങള്‍ക്കും അമ്മിക്കും ആട്ടുകല്ലിനും ചിരവക്കുമെല്ലാം പിന്നെ പിടിപ്പതു പണിയാണ്. അപ്പത്തരങ്ങളും ആണ്ടില്‍ എപ്പോഴെങ്കിലും കിട്ടുന്ന ബിരിയാണിയും പലതരത്തില്‍ വിരിയിച്ചെടുക്കാനുള്ള വെപ്രാളത്തിലായിരിക്കുമവ. രാവിലെ കടലപ്പരിപ്പ് വേവിച്ച് അതില്‍ സാബൂനരിയോ നേന്ത്രപ്പഴമോ ചേര്‍ത്തുണ്ടാക്കുന്ന പായസമാണ് ആദ്യം നുണയുന്നത്. 

കോഴിക്കോട്ടുകാര്‍ക്ക് പെരുന്നാള്‍ പിറ കണ്ടാല്‍ ഇത്തോത്ത് (പിതൃഗൃഹം) എത്തണം. അവിടെ നെയ്‌ച്ചോറും പരിപ്പ് വേവിച്ചുടച്ചതും ചീര ഉപ്പേരിയും വെണ്ട മുളകിട്ടതും മൂരി സ്റ്റൂവും റെഡിയാക്കി ഇത്ത(ഉപ്പയുടെ ഉമ്മ)യും കൂട്ടരും കാത്തിരിക്കുന്നുണ്ടാവും. അക്കാലങ്ങളില്‍ ഡൈനിംഗ് ടേബിള്‍ ഇല്ല. പത്തര പതിനൊന്ന് മണിയാകുമ്പോഴേക്ക് ഭക്ഷണപരിപാടി കഴിയും. കല്യാണം കഴിയാത്തവരാണ് ഇത്തോത്ത് രാവിലെത്തന്നെ എത്തുന്നത്. വിവാഹിതരായവര്‍ ഉച്ച കഴിഞ്ഞേ വീട്ടിലെത്തൂ. ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ക്ക് തിടുക്കമാണ് പെരുന്നാള്‍ പൈസ കിട്ടാന്‍. പണ്ട് അണകളില്‍നിന്ന് തുടങ്ങിയ പെരുന്നാള്‍പണം പത്തും ഇരുപതും കഴിഞ്ഞ് നൂറുകിട്ടിയാലേ മതിയാവൂ എന്നായിരിക്കുന്നു.

ഫിത്വ്ര്‍ അരി അയല്‍പക്കത്തുള്ളവര്‍ക്ക് രാത്രി തന്നെ എത്തിച്ചുകൊടുക്കുമെങ്കിലും ഉള്ളതുകൊണ്ട് നുള്ളിയൊപ്പിച്ചിരുന്ന ചാപ്പയിലും വെള്ളയിലും മുഖദാറിലുമൊക്കെയുള്ളവര്‍ തലേന്നുതന്നെ തറവാടു വീടുകളില്‍ ചെന്ന് അരി ശേഖരിച്ചിരുന്നു. ചാളമീന്‍ കൂട്ടി മൂന്നു നേരവും ചോറ് തന്നെ കഴിച്ചിരുന്നവര്‍ക്ക് ഇങ്ങനെ കിട്ടുന്ന അരി വലിയൊരു ആശ്വാസമാണ്. സകാത്തായി ലഭിച്ച പൈസകൊണ്ട് നെയ്‌ച്ചോറരിയും ഇറച്ചിയും വാങ്ങി പെരുന്നാളിന് വയര്‍ നിറച്ചുണ്ണാന്‍ അവര്‍ക്കെല്ലാമായിരുന്നു.

പെരുന്നാള്‍ തലേന്ന് വലിയവര്‍ ആരെങ്കിലും മൈലാഞ്ചി ശേഖരിച്ച് അരച്ചുവെക്കും. പിന്നെ കല്യാണ രാവ് തന്നെയാണ്. എല്ലാവരും വരക്കുന്നതില്‍നിന്ന് വ്യത്യസ്തമാവാന്‍ മെഴുകുതിരി ഉരുക്കി കൈകളിലിറ്റിച്ച് അതിനു മുകളില്‍ കട്ടിയില്‍ മൈലാഞ്ചി വിരിച്ച് ഉറങ്ങാന്‍ കിടക്കുന്ന കുട്ടികളുണ്ടാവും. ചൂടുള്ള മെഴുക് കൈകളിലിറ്റുമ്പോള്‍ വേദനയാകുമെങ്കിലും നാളത്തെ ചോപ്പ് നിയ്യത്തുവെച്ച് അവര്‍ കിടക്കും.

ഉറങ്ങാത്ത രാവുണര്‍ന്നാല്‍ പിന്നെ കാണുക കുളിപ്പുരക്കു മുന്നിലെ ക്യൂവിലായിരിക്കും. അതിനിടക്കാണ് കൈകളെല്ലാം മൈലാഞ്ചിച്ചോപ്പ് താരതമ്യം ചെയ്യുക. അലക്കുകല്ലിലും വിരിച്ചിടുന്ന അയലിലുമൊന്നും തിരക്കെന്ന സംഗതിക്ക് വ്യത്യാസമില്ല. വലിയവായിലെ സംസാരങ്ങളും കുട്ടികളുടെ ഒച്ചപ്പാടുമെല്ലാം ചേര്‍ന്ന് കോഴിക്കോടന്‍ തറവാടുകള്‍ സൂര്യനുണരാതെത്തന്നെ ഉണരും. വാസന സോപ്പ് ഒന്ന് എല്ലാ പെരുന്നാളിനും അവര്‍ക്ക് കുളിക്കാന്‍ കിട്ടുമായിരുന്നത്രെ. എന്നാല്‍, വെള്ളം കോരിയെടുത്ത് മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ കുളിക്കാനും ക്ലോസറ്റിലൊഴിക്കാനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം വെള്ളമൊപ്പിച്ച് മുതിര്‍ന്നവര്‍ ഒരു വഴിക്കാകുമായിരുന്നു. കത്തിക്കാനുള്ള വിറക് കീറുന്നതും മല്ലിയും മുളകും ഉണക്കിവെച്ചത് ചൂടുവെള്ളം വീഴ്ത്തി അമ്മിയില്‍ അരച്ചെടുക്കുന്നതും പെരുന്നാളാന്ന് പറഞ്ഞ് ചെയ്യാതിരിക്കാനാവില്ലല്ലോ. ഫാന്‍സിക്കടകളും ബേക്കറികളും ഇല്ലാതിരുന്ന അക്കാലത്ത് വീടുകളിലെത്തുന്ന വളക്കാരില്‍നിന്ന് വാങ്ങുന്ന കുപ്പിവളകളായിരുന്നു അലങ്കാരം. 

കാച്ചിയും കുപ്പായവും അല്ലെങ്കില്‍ പാവാടയും കുപ്പായവും പെരുന്നാള്‍ കോടിയായി കിട്ടും. അത് പെരുന്നാളിന് മുമ്പ് ഏതെങ്കിലുമൊരു ദിവസം ബാപ്പ കൊണ്ടുകൊടുക്കും. അതെന്തായാലും കബൂലാക്കി ഇട്ടുകൊള്ളണം. അല്ലെങ്കില്‍ മുമ്പുള്ളതൊന്ന് നന്നായി അലക്കി ഉണക്കി പെരുന്നാളിനായി മടക്കിവെക്കും. പുയ്യാപ്പിളയുടെ വീട്ടില്‍നിന്ന് ആണ്ടിലെ രണ്ട് പെരുന്നാളിന് മുമ്പും രണ്ടുമൂന്ന് കൂട്ടം ഡ്രസ്സ് എത്തിക്കും. അക്കൊല്ലത്തേക്ക് ആകെയുള്ള ഉടയാടകള്‍ അത് മാത്രമായിരിക്കും. ഇന്ന് പെരുന്നാളിനുമുമ്പ് തന്നെ മരുമക്കളുടെ വീട്ടില്‍ അവരുടെ ആദ്യത്തെ പെരുന്നാളിന് വീട്ടിലെല്ലാവര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ആവശ്യമായ വസ്ത്രങ്ങളും ഡ്രൈ ഫ്രൂട്ട്‌സും എത്തിക്കുന്നത് ഉപ്പമാരുടെ പണിയാണ്.

കുടുംബക്കാരൊക്കെ വിരുന്നുവരികയും വിരുന്നുപോവുകയും ചെയ്യും. അയല്‍പക്കങ്ങളിലേക്കും കൂട്ടുകാരുടെ വീടുകളിലേക്കുമുള്ള ഈ പോക്ക് കൂടി കഴിയുമ്പോള്‍ ആ ദിവസത്തില്‍ പിന്നെയൊന്നും ബാക്കിയുണ്ടാവില്ല. പുതിയാപ്പിളമാര്‍ക്ക് സാധാരണ ചോറും മൈസൂര്‍പ്പഴം സ്‌പെഷ്യലായും കൊടുത്തിരുന്ന പെരുന്നാള്‍ക്കാലവും ഉണ്ടായിരുന്നു. വിരുന്നുവരുന്നവര്‍ക്ക് ഉള്ളത് എടുത്തുകൊടുക്കും. അതെത്രയായാലും എന്തായാലും ആര്‍ക്കും പ്രശ്‌നമുണ്ടാകില്ല.

പെരുന്നാള്‍ വൈകുന്നേരങ്ങളില്‍ സൈക്കിള്‍ റിക്ഷകളില്‍ കയറിയും ഒരുപാട് നടന്നുമൊക്കെ കുട്ടികള്‍ മുതിര്‍ന്നവരുമൊത്ത് ബീച്ചില്‍ പോകും. ഐസ്‌ക്രീമും മധുരങ്ങളും കഴിഞ്ഞേ മടക്കമുണ്ടാവൂ. പുതിയ കാലത്തിന്റെ പളപളപ്പില്‍ ഒഴുക്കിനൊത്ത് നീങ്ങുമ്പോഴും ഉള്ളില്‍ കഴിഞ്ഞ കാലത്തിന്റെ മധുരമുള്ള വേദന പൊലിയാതെ കൊണ്ടുനടക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. പുറംകാഴ്ചകള്‍ മാത്രം ശീലിച്ച നമ്മള്‍ പലപ്പോഴും അവരുടെ ഉള്ള് കണ്ടെന്നു വരില്ല.

മുന്‍ ജില്ലാ കലക്ടര്‍ ഡോ. പി.വി സലീമിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മുല അനുസരിച്ച്, ഇപ്പോള്‍ മാതൃകാപരമായ ഈദ്ഗാഹാണ് കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്നത്. ചെറിയ ചെറിയ ഒരുപാട് ഈദ്ഗാഹുകള്‍ ഒന്നിച്ച് ഒറ്റ ഒന്നായി നടത്തുന്ന ഈ രീതി ശ്ലാഘനീയമാണ്.

കോഴിക്കോടന്‍ പെരുന്നാള്‍ എപ്പോഴും തെക്കേപ്പുറം (കുറ്റിച്ചിറ) വെള്ളയില്‍ കല്ലായി പോലുള്ള മരുമക്കത്തായ രീതി പിന്‍പറ്റുന്നവരുടെ പെരുന്നാള്‍ വര്‍ത്തമാനത്തിലേക്ക് ചുരുങ്ങുന്നുണ്ട്. കോഴിക്കോട് തന്നെ സാധാരണ മലയാളി മുസ്‌ലിം സംസ്‌ക്കാരം പിന്‍തുടരുന്നവരും ധാരാളമുണ്ട്. 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍