Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

ഹലാല്‍ ഉല്‍പന്നങ്ങള്‍, കാഴ്ചപ്പാടുകള്‍ മാറുകതന്നെ വേണം

അബ്ദുല്‍ മജീദ്, കുണ്ടയം

തന്റെ പ്രസംഗത്തില്‍ ജ്ഞാനിയായ ഒരു ഹൈന്ദവ സഹോദരന്‍ ഇങ്ങനെ പറയുന്നത് കേട്ടു: 'that Islam is the only religion which knows how to kill an animal without knowing its pain' (ഒരു മൃഗത്തെ അതിന്റെ വേദന അറിയാതെ കൊല്ലാനറിയുന്ന ഒരേയൊരു മതം ഇസ്‌ലാമാണ്). 'ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും' (ലക്കം 2953) എന്ന മുനീര്‍ മുഹമ്മദ് റഫീഖിന്റെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ വന്നതാണ് ഈ വാചകം.

മൃഗങ്ങളുടെ മാംസം കഴിക്കേണ്ടിവരുമ്പോള്‍ മാത്രമാണ് അത് ഹറാമോ, ഹലാലോ എന്ന് നാമന്വേഷിക്കുക. കര്‍മശാസ്ത്രത്തിലെ സാങ്കേതികമായ ഹലാല്‍, ഹറാമിനെക്കുറിച്ചല്ല, അതിനപ്പുറം വിശുദ്ധമായ (ത്വയ്യിബ്) എന്ന 

നിലക്കുള്ള അനുവദനീയതയെക്കുറിച്ചും നാം ആലോചിക്കണം.  വീട്ടില്‍ നാം മുട്ട വെച്ച് വിരിയിക്കുന്ന കോഴി പ്രായമാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെടുക്കുമ്പോള്‍ 35-40 ദിവസക്കാലം കൊണ്ട് ഹോര്‍മോണുകളും കൃത്രിമ തീറ്റകളും കൊടുത്ത് വളര്‍ത്തുന്ന കോഴി, ഹലാലായി അറുത്താല്‍ പോലും കഴിക്കല്‍ ഹലാല്‍ (അനുവദനീയം) ആകുമോ?

ചായക്കടകളില്‍നിന്ന് ശേഖരിച്ച തേയിലച്ചണ്ടി മാരകമായ വിഷങ്ങള്‍ ചേര്‍ത്ത് വീണ്ടും തേയിലയായി മാറ്റുന്നതും, കണക്കിലധികം പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ത്തും കവര്‍ പാല്‍ ഉപയോഗിച്ചും ചായ ഉണ്ടാക്കുന്നതും അനുവദനീയമാകുമോ? രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കുത്തരി എന്ന പേരില്‍ കിട്ടുന്നത് നിറം പൂശിയതാണെങ്കില്‍ അതും അനുവദനീയമാകുമോ?

ഉപ്പു പോലെയുള്ളതല്ലാതെ രാസനിര്‍മിതമായ പ്രിസര്‍വേറ്റീവ്‌സ് അനുവദനീയമായ അളവിലാണെങ്കില്‍ പോലും ചേര്‍ത്ത സാധനങ്ങള്‍ എത്ര മനോഹരമായ പാക്കറ്റിലാണെങ്കില്‍ പോലും ഉപയോഗിക്കാമോ?

കിണറ്റിലെ പച്ചവെള്ളം, നമ്മുടെ നാട്ടിലെ തെങ്ങില്‍ നിന്നുമുള്ള കരിക്കിന്‍ വെള്ളം, തേങ്ങ, വാഴപ്പഴം, ചക്ക, പപ്പായ, മത്തങ്ങ, വെള്ളരി എന്നിവയും, രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ ആഹാരത്തിനു വേണ്ടി കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളുമാണ് അനുവദനീയമാകുന്നത്.

ഖുര്‍ആന്‍ പറയുന്നു: 'അല്ലയോ ജനങ്ങളേ, ഭൂമിയില്‍ നിന്നുള്ള അനുവദനീയവും പരിശുദ്ധവുമായവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍'' (അല്‍ബഖറ 168). വീണ്ടും അതേ അധ്യായത്തില്‍ തന്നെ പറയുന്നു: ''അല്ലയോ വിശ്വാസികളേ, നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിന് മാത്രം അടിമപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ട വിഭവങ്ങളില്‍ നിന്നും പരിശുദ്ധമായവ ഭക്ഷിക്കുകയും അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുവിന്‍'' (വാക്യം 170).

ഈ രണ്ട് വാക്യങ്ങളില്‍ ഒരു പ്രാവശ്യം അനുവദനീയമായത് ഭക്ഷിക്കാനും രണ്ട് പ്രാവശ്യം പരിശുദ്ധമായവ ഭക്ഷിക്കാനും കല്‍പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മായം ചേര്‍ത്തവയോ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തവയോ മറ്റു ഹിതകരമല്ലാത്തതോ ആയ യാതൊരു ഭക്ഷണസാധനവും കഴിക്കാന്‍ പാടില്ല എന്നതല്ലേ ശരി?

ഇതിനു വിപരീതമായി ചെയ്യുന്നതു കൊണ്ടാണ് ജീവിതശൈലീ രോഗങ്ങള്‍ എന്ന കുറ്റത്തിന് നാം പിടികൂടപ്പെടുന്നതും ചികിത്സ എന്ന ശിക്ഷ അനുഭവിക്കേണ്ടിവരുന്നതും.

 

ധിക്കാരം വാശിയോടെ

 

പല തെറ്റുകളെക്കുറിച്ചും ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുണ്ട്. എന്നാല്‍, ധൂര്‍ത്തിനെക്കുറിച്ചു പറഞ്ഞത്ര രൂക്ഷമായി മറ്റൊരു തെറ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടാവില്ല. ''ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടുകാരാണ്. പിശാചാകട്ടെ ശപിക്കപ്പെട്ടവനും.'' ഭക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ധൂര്‍ത്തടിക്കരുത് എന്ന് അല്ലാഹു പറഞ്ഞത്. ഭക്ഷണ നിയന്ത്രണത്തിന്റെ മാസം കൂടിയാണ് റമദാന്‍. എന്നാല്‍ ഭക്ഷണധൂര്‍ത്തിന്റെ മാസമായി മുസ്‌ലിംകള്‍ റമദാന്‍ ആഘോഷിക്കുകയാണ്. ഇതര സമുദായങ്ങളുടെ കണ്ണില്‍ റമദാന്‍ 'മന്‍ത് ഓഫ് ഫാസ്റ്റ്' അല്ല, 'മന്‍ത് ഓഫ് ഫീസ്റ്റ്' ആണ്.

എല്ലാ രംഗത്തും മുസ്‌ലിം ജീവിതത്തില്‍ ധൂര്‍ത്ത് പ്രകടമാണിന്ന്. ഏറ്റവും ലാഘവത്തോടെയാണ് മുസ്‌ലിംകള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. സമ്പന്നരും ദരിദ്രരും ഇക്കാര്യത്തില്‍ ഒരേ മനോഭാവം പുലര്‍ത്തുന്നു. സമ്പന്നര്‍ പണം വെടിക്കെട്ടുപോലെ വാരിയെറിയുന്നു. ദരിദ്രരാകട്ടെ സമ്പന്നന്റെ ധൂര്‍ത്തിനെക്കുറിച്ച് ധാര്‍മികരോഷം കൊള്ളുന്നില്ല. സാധ്യമാകുന്നത്ര അവനും ധൂര്‍ത്തടിക്കുന്നു; കടം വാങ്ങിയിട്ടെങ്കിലും.

ധൂര്‍ത്തിന്റെ കാര്യത്തില്‍ കുറ്റകരമായ നിസ്സംഗത നിലനില്‍ക്കുന്നുണ്ട്. കോടികള്‍ വാരിത്തൂവി മണിമേടകള്‍ പണിഞ്ഞാല്‍ പുരോഹിതന്മാരും പണ്ഡിതന്മാരും നേതാക്കളും ഒത്തൊരുമിച്ച് അതിന്റെ ഉദ്ഘാടനത്തിനെത്തുന്നു. വിവാഹത്തിന് ആഡംബരപ്പന്തലും അലങ്കാര വെളിച്ചവും സര്‍വ സാധാരണമായിരിക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകരും അക്കാര്യത്തില്‍ പിന്നിലല്ല. ധൂര്‍ത്തിന്റെ സൂനാമിത്തിര മുസ്‌ലിംകളുടെ ജീവിതത്തിലേക്ക് അടിച്ചുകയറുകയാണ്. ജീവിതത്തിലില്ലാത്ത ഖുര്‍ആനും പ്രയോഗത്തിലില്ലാത്ത സുന്നത്തുമായി സമുദായം പുരോഗമിക്കുക തന്നെ!

 

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 

ബഹുസ്വരത മതസമുദായങ്ങളെയും പുല്‍കുന്നു

 

ഖുര്‍ആന്‍ പറഞ്ഞ ഉമ്മത്ത് (5:48) എന്നത് 'സമുദായ സമൂഹം' അല്ല രാഷ്ട്രീയസമൂഹം മാത്രമാണെന്നും ഇസ്‌ലാമിക പദ്ധതി രാഷ്ട്രീയമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ബഹുസ്വരതകള്‍ അപ്രസക്തമാകുമെന്നുമുള്ള അഹ്മദ് അശ്‌റഫിന്റെ വാദം (കത്ത്, ലക്കം 73:03) അപക്വമാണ്. ഇസ്‌ലാമിക രാഷ്ട്രീയം സാമുദായികവും രാഷ്ട്രീയമായ ഭിന്നസ്വരങ്ങളെ ഉള്‍ക്കൊള്ളാത്തതുമാണെന്ന ഈ വാദം ഇസ്‌ലാമിന്റെ സാമൂഹിക സങ്കല്‍പത്തെ  അവമതിക്കുന്നതും ഖുര്‍ആനിനും പ്രവാചകന്റെ മദീനാ രാഷ്ട്രമാതൃകക്കും വിരുദ്ധവുമാണ്. വിവിധ ജൂത ഗോത്രങ്ങളുടെ അസ്തിത്വവും വ്യതിരിക്തതയും അംഗീകരിക്കുകയും പൊതുവായ ന•യില്‍ ഏവരെയും സഹകരിപ്പിക്കുകയും ചെയ്തു മദീനരാഷ്ട്രം. ഇസ്‌ലാമിക രാഷ്ട്രീയം ബഹുസ്വരമാണ്. മതസമുദായങ്ങളടക്കമുള്ള വിഭാഗങ്ങളെ വിവിധ ഉമ്മത്തുകളായി പരിഗണിച്ചു തന്നെയാണ് മദീനാരാഷ്ട്രം പ്രവര്‍ത്തിച്ചത്.

ഭൂമിയിലെ മര്‍ത്യജീവിതം പരീക്ഷണാലയമാണ് (ഖുര്‍ആന്‍ 67:2, 2:155). ചിന്താ-മത സ്വാതന്ത്ര്യം പരീക്ഷണത്തിന് അനുപേക്ഷണീയമായതിനാല്‍ ദീന്‍ കാര്യത്തില്‍ ബലാല്‍ക്കാരത്തിന് പഴുതില്ല (ഖുര്‍ആന്‍ 2:256, 18:29, 17:15). വ്യക്തിയുടെ ഈ താര്‍ക്കിക സ്വാതന്ത്ര്യത്തിന് സമാനമായി സമൂഹത്തിനും സ്വന്തം വിധിനിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു (43:54, 3:159, 4:59, 42:38). പ്രവാചകന്‍ പോലും പ്രബോധകന്‍ മാത്രമാണ്; ജനതെയ നിര്‍ബന്ധിച്ചു വഴിനടത്തുന്നവനല്ല (ഖു: 88:21, 24:54, 64:12, 33:45).

മനുഷ്യരെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് ദൈവിക പദ്ധതിയുടെ ഭാഗമായാണ് (ഖുര്‍ആന്‍ 49:13). സിനഗോഗുകളടക്കമുള്ള ആരാധനാ കേന്ദ്രങ്ങളൊക്കെ ഇസ്‌ലാമിക രാഷ്ട്രം സംരക്ഷിക്കും (22:40). സ്വയം തിരിച്ചറിയുന്ന വിവിധവിഭാഗങ്ങളുണ്ട് എന്നതല്ല, അവയെ സംഘര്‍ഷത്തിലാക്കുന്ന ദുരവസ്ഥയാണ് പ്രശ്‌നം. ഫാഷിസ്റ്റ് ശക്തികള്‍ വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി കലാപം കൂട്ടുമ്പോള്‍ ഇസ്‌ലാമിക രാഷ്ട്രീയം വൈവിധ്യങ്ങളെ സഹവര്‍ത്തിത്വത്തിന് പ്രേരിപ്പിക്കുന്നു (ഖുര്‍ആന്‍ 5:2). വേദഗ്രന്ഥങ്ങളുടേയും ദൈവദൂത•ാരുടേയും അടിസ്ഥാനസന്ദേശം നീതിയാണ് (57:25). സംഘര്‍ഷപ്പെടുന്ന വിഭാഗങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കിയുള്ള പ്രശ്‌നപരിഹാരം ഇസ്‌ലാം വിഭാവന ചെയ്യുന്നില്ല. ഓരോ വിഭാഗവും ഖൈറാത്തുകളില്‍, നന്മകളില്‍ മുന്നേറുകയാണ് വേണ്ടത് (ഖുര്‍ആന്‍ 5:48, 2:148).

(ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു- എഡിറ്റര്‍)

വി.എ.എം അശ്‌റഫ്‌


മമ്മി ചെയ്യപ്പെട്ട ശരീരം ദൃഷ്ടാന്തമാകുന്നതെങ്ങനെ?

 

പ്രഫ. പി.എ വാഹിദിന്റെ ഖുര്‍ആന്റെ ശാസ്ത്രസ്ഥിരീകരണം എന്ന ലേഖനം (ജൂണ്‍ 10) പഠനാര്‍ഹമായിരുന്നു. എന്നാല്‍, ലേഖനത്തില്‍ പരാര്‍ശിക്കപ്പെട്ട, മുസ്‌ലിം ലോകം സാര്‍വത്രികമായി പ്രചരിപ്പിച്ചു പോരുന്ന ഫറോവയുടെ ജഡത്തിന്റെ കാര്യത്തില്‍ ഒരു പുനര്‍വായന അനിവാര്യമാണെന്ന് തോന്നുന്നു.

ലേഖനത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക. 'ഫറോവ(ഞമാലലൈ െകക)യുടെ മമ്മിയാക്കപ്പെട്ട ജഡം കണ്ടെത്തിയത് 1881-ല്‍ തെബാന്‍ പടിഞ്ഞാറെക്കരയിലാണ്.'

മുസ്‌ലിം സാമാന്യ ജനം പൊതുവെ പറഞ്ഞുവരുന്നതില്‍നിന്ന് വ്യത്യസ്തമായി ഫറോവയുടെ ജഡം മമ്മിഫൈ ചെയ്തിട്ടുണ്ടെന്ന് ലേഖകന്‍ സമ്മതിക്കുന്നു. ഫറോവയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

അതായത് പ്രസ്തുത മൃതശരീരം മമ്മിയാക്കപ്പെട്ടതിനാലാണ് ജീര്‍ണിക്കാതെ ഇരിക്കുന്നത്. കയ്‌റോ മ്യൂസിയത്തില്‍ തന്നെ വേറെയും നിരവധി മമ്മികള്‍ സൂക്ഷിക്കുന്നുണ്ട് എന്നറിയുക. അക്കൂട്ടത്തില്‍ ഈയൊരു മമ്മി മാത്രമെങ്ങനെയാണ് സവിശേഷ ദൃഷ്ടാന്തമായി മാറിയത്?

അതല്ല, ജഡം കണ്ടെത്തിയ ശേഷം മമ്മിഫൈ ചെയ്യുകയായിരുന്നോ? ഇത്രയും നൂറ്റാണ്ടുകള്‍ തനിയെ സംരക്ഷിക്കപ്പെട്ടുവെന്നു പറയുന്ന ജഡത്തെ പിന്നീടാര് മമ്മിയാക്കി? അതിന്റെ ആവശ്യമെന്തായിരുന്നു?

മൂസാ(അ) നബിയുടെ കാലത്ത് ജീവിക്കുകയും  കടലില്‍ മുങ്ങിമരിക്കുകയും ചെയ്ത അതേ ഫിര്‍ഔന്‍ തന്നെയാണിത് എന്നതിന് ശാസ്ത്രീയമോ മതപരമോ ആയ തെളിവൊന്നും ഇല്ലല്ലോ.

അത് മൂസാ(അ)യുടെ കാലത്തെ ഫിര്‍ഔന്റെ ശരീരമായിരിക്കാം എന്നത് ഫ്രഞ്ച് ഡോക്ടര്‍ മോറിസ് ബുക്കായിയുടെ നിഗമനം മാത്രമാണ്. ഇത്തരമൊരു നിഗമനത്തെ ഖുര്‍ആന്റെ ദിവ്യതക്കുള്ള മഹാ ദൃഷ്ടാന്തമായി കൊണ്ടുനടക്കുന്നത് ഖുര്‍ആനിക ആശയങ്ങള്‍ അപഹസിക്കപ്പെടാന്‍ തന്നെയായിരിക്കും ഇടയാക്കുക.

'നിന്റെ പിറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്' എന്നുള്ള ഖുര്‍ആന്‍ പരാമര്‍ശത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാവണം, ആരുടേതെന്ന് ഒരു ഉറപ്പുമില്ലാത്ത മൃതശരീരവും ചുമന്നുനടക്കുന്നത്.

എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ ആ മമ്മി കണ്ടെത്തുന്നതുവരേക്കും പ്രസ്തുത ഖുര്‍ആന്‍ വചനത്തിന് ശക്തിപോരെന്ന് മുന്‍ഗാമികളില്‍ ആര്‍ക്കും തോന്നിയിട്ടില്ലല്ലോ!

അസ്‌ലം കോങ്ങോട്‌


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍