റമദാന്‍ വിട പറയുമ്പോള്‍
വിശുദ്ധ റമദാന്‍ യാത്രയാവുന്നു. വിടപറയാനാവാത്ത വിധം പുണ്യങ്ങളുടെ വസന്തത്തോട് നാം താദാത്മ്യപ്പെട്ട മാസമായിരുന്നു ഇത്. തഖ്‌വയാര്‍ജിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് നാം പുതിയ കര്‍മ ഭൂമിയിലേക്ക് പ്രവേശിക്കുന്നത്. ദേഹേഛകളെ അകറ്റി നിര്‍ത്തി ദൈവേഛക്കു വിധേയമാവുകയാണല്ലോ തഖ്‌വ. ആര്‍ജിച്ച തഖ്‌വയുടെ ആഴവും പരപ്പും നമുക്ക് തന്നെ ബോധ്യപ്പെടേണ്ടത് കാത്തിരിക്കുന്ന കാലത്താണ്.
പ്രലോഭനങ്ങളും പ്രകോപനങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടാവും. നന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയാന്‍ വളഞ്ഞ് വട്ടമിട്ട പിശാചുക്കളുടെ വലയം ഭേദിച്ചാണ് റമദാന്‍ പൂര്‍ത്തിയാക്കിയത്. ആ പോരാട്ടമൂല്യം കൈമോശം വരരുത്. 'കൂനൂ റബ്ബാനിയ്യീന്‍, വലാ തകൂനൂ റമദാനിയ്യീന്‍' എന്നാണല്ലോ.
വിശുദ്ധ ഖുര്‍ആന്റെ മാസമാണല്ലോ റമദാന്‍. അല്ലാഹു അത് നമുക്ക് വേണ്ടി അവതരിപ്പിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു നോമ്പും നീണ്ടുനീണ്ട് പോയ രാത്രി നമസ്‌കാരങ്ങളും. ഖുര്‍ആനിന്റെ വചനങ്ങളിലൂടെ കടന്നു പോയപ്പോള്‍ അവനെന്തുമാത്രം നമ്മെ സ്‌നേഹിക്കുന്നുവെന്ന് നാം അറിഞ്ഞു. നമ്മുടെ ഇഹലോക വിജയവും പരലോക മോക്ഷവുമാണല്ലോ ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. റമദാനാനന്തര കാലത്ത് നമ്മുടെ വഴികാട്ടിയായി ആ ദിവ്യവചസ്സുകളെ നാം സ്വീകരിക്കണം. അതിലൊരു മറുചോദ്യം പാടില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവത്തോടും സൃഷ്ടികളിലോരോന്നിനോടുമുള്ള കടപ്പാടുകള്‍ നാം നിര്‍വഹിച്ചേ പറ്റൂ,ശങ്കിച്ചു നില്‍ക്കരുത്.
വേദഗ്രന്ഥത്തിന്റെ പ്രസക്തി ഏറെ വര്‍ധിച്ചിട്ടുണ്ട് ഇന്ന്. ദൈവത്തിന്റെ ഏകത്വവും പ്രപഞ്ചത്തിന്റെ ഏകതയും ഏക മാനവികതയുമാണത് ഉദ്‌ഘോഷിക്കുന്നത്. മത, ജാതി, ലിംഗ, ദേശ, ഭാഷാ സ്വത്വങ്ങള്‍ പോരടിക്കലിന്റെയും രക്തം ചിന്തലിന്റെയും വേര്‍ത്തിരിവുകളാവണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിഹരിക്കുന്ന കാലമാണിത്; മാനവികതയുടെ ഐക്യത്തെ പ്രഘോഷിക്കാന്‍ നമുക്കുള്ള ബാധ്യത ഇരട്ടിക്കുന്ന കാലവും. വിശാല കൂട്ടായ്മകളും സദസ്സുകളും സംവാദങ്ങളും രൂപപ്പെടുത്തി ഭിന്നതകളുടെ മതില്‍കെട്ടുകളെ നാം ഭേദിക്കണം.
നീതിക്കു വേണ്ടിയുള്ള നില്‍പും ദൈവത്തിനു വേണ്ടിയുള്ള നില്‍പും സമീകരിച്ചിട്ടുണ്ടല്ലോ ഖുര്‍ആന്‍. ആയിരക്കണക്കിന് സഹോദരങ്ങള്‍ അന്യായമായി തടവറയില്‍ കഴിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. അവകാശങ്ങളും ജീവിത വിഭവങ്ങളും നിഷേധിക്കപ്പെട്ട പതിത കോടികള്‍ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തിന്റെ അര്‍ധപാതി വിമോചനം കാത്തു കഴിയുന്നുണ്ട്. വേട്ടക്കാര്‍ സംഘടിതരാണ്. ചെറുത്തു നില്‍പുകളെ അവര്‍ തൂക്കിലേറ്റും. സ്വപ്നങ്ങളെ അവര്‍ അട്ടിമറിക്കും. പോരാട്ടത്തിന്റെ വരും ദിനങ്ങള്‍ക്ക് പാകമാവാന്‍ തന്നെയാണ് റമദാന്‍ ആഹ്വാനം ചെയ്യുന്നത്. അത്തരം സമരോല്‍സുകതയെ മരവിപ്പിച്ച് നിര്‍ത്താന്‍ റമദാനില്‍ ആര്‍ജിച്ച തഖ്‌വയെ സംബന്ധിച്ച തെറ്റിദ്ധാരണ കാരണമായിക്കൂടാ.
സമൂഹത്തിന്റെ ഓരത്ത് ഒഴിഞ്ഞ വയറുമായി കഴിയുന്നവരെ പരിഗണിക്കാതെയുള്ള ദീന്‍ അല്ലാഹു നിരാകരിച്ചിട്ടുണ്ട്. നമ്മുടെ വിഭവങ്ങളില്‍ അവര്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. ദാനധര്‍മങ്ങളുടെ കൂടി വസന്തമായിരുന്നല്ലോ റമദാന്‍. പട്ടിണിക്കാരോടുള്ള വികാരവായ്പിനാല്‍ കൈകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ അനേകായിരങ്ങളാണ് പുഞ്ചിരി തൂകിയത്. എത്രയായിരം സാമൂഹിക സ്ഥാപനങ്ങളാണ് അതിജീവനം സാധ്യമാക്കിയത്. മതജാതി പരിഗണനകള്‍ക്കതീതമായി ജനസേവനത്തിന്റെ കൈകള്‍ ആവശ്യക്കാരെ പുണരാന്‍ നീണ്ടു പോകട്ടെ എന്ന് റമദാന്‍ നമ്മില്‍ നിന്ന് പ്രത്യാശിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങളിലേക്കുള്ള പ്രവേശം പോലും നിര്‍ബന്ധിത ദാനത്തിനു ശേഷമേ ആകാവൂ. വിശക്കാത്ത ലോകത്തെ കുറിച്ച പ്രതീക്ഷ തന്നെയാണ് ഇസ്‌ലാം.
ആഘോഷങ്ങള്‍ക്ക് പശിമ നഷ്ടപ്പെട്ട കാലമാണിത്. വ്യക്തികള്‍ സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആഘോഷങ്ങളുടെ സാമൂഹികത അന്യം നിന്നു. സാമൂഹികമായ ആഘോഷങ്ങള്‍ അതിരുവിടുകയും ചെയ്തു. സന്തോഷാവസരങ്ങളെ ആഘോഷിക്കാന്‍ പഠിക്കണം. ഈദിനെ പാട്ടുപാടി വരവേറ്റ പെണ്‍കുട്ടികളെ വിലക്കിയ അനുചരന്‍മാരോട് അരുതെന്ന് പ്രവാചകന്‍ പറഞ്ഞു. ആഘോഷങ്ങളുടെ അതിരടയാളങ്ങളാണത്. അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയിണക്കാനും ദൃഢീകരിക്കാനും അയല്‍പക്കങ്ങളിലെ പുതിയ ബന്ധങ്ങളിലേക്ക് വ്യാപിക്കാനും ഈദ് സഹായകമാവണം. പ്രായം ചെന്നവരെയും അവശരെയും പ്രത്യേകം പരിഗണിക്കുക. കുടുംബത്തിനകവും പുറവും ആഹ്ലാദത്തിന്റെ പുതിയ സ്വരമാധുരികളാല്‍ സാന്ദ്രമാവട്ടെ.
പ്രാര്‍ഥനയുടെ സന്ദര്‍ഭം കൂടിയാവണം ആഘോഷവേളകള്‍. മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മുഴുവന്‍ വിശ്വാസികള്‍, ലോകത്തെല്ലായിടത്തുമുള്ള ആദര്‍ശ സഹോദരങ്ങളും പോരാളികളും, ദൈവമാര്‍ഗത്തില്‍ ജീവന്‍ നല്‍കിയ ത്യാഗിവര്യന്‍മാര്‍, സല്‍കര്‍മികളായ മുന്‍ഗാമികള്‍, മര്‍ദിതര്‍- എല്ലാവര്‍ക്കും വേണ്ടി നമ്മുടെ കൈകള്‍ അല്ലാഹുവിലേക്കുയരട്ടെ.
ഈദ് എന്നാല്‍ മടക്കമെന്നര്‍ഥം. അല്ലാഹുവിലേക്കുള്ള തിരിച്ചു വരവ്. നിശിതമായ ആത്മ വിമര്‍ശത്തിലൂടെ, കണ്ണീരണിഞ്ഞ പ്രാര്‍ഥനകളിലൂടെ, ഇടമുറിയാത്ത സല്‍ക്കര്‍മങ്ങളിലൂടെ, നാം തിരിച്ചു വരികയായിരുന്നു. അല്ലാഹു നമുക്ക് കുറേ വലിയവന്മാരില്‍ ഒന്നല്ല, ഏറ്റവും വലിയവന്‍ തന്നെ. ഈ സദ്പാന്ഥാവിലേക്ക് നയിച്ച അവനാണ് സര്‍വ സ്തുതിയും.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
Comments