Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

സ്വര്‍ഗവാതിലുകള്‍ തുറക്കുന്നതെങ്ങനെ?

ഷമീന അസീസ്

മനുഷ്യനെ സന്തുലിതമായ ജീവിതപാതയിലൂടെ നയിക്കുക എന്നതാണ് ദൈവിക സന്‍മാര്‍ഗദര്‍ശനം ലക്ഷ്യമിടുന്നത്. ജീവിതവിജയത്തിനായുള്ള നൈസര്‍ഗികവും സന്തുലിതവുമായ വക്രതകളില്ലാത്ത നേര്‍മാര്‍ഗം അത് വെട്ടിത്തുറക്കുകയും ജീവിതവിശുദ്ധി കൈവരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധിയുടെ ജീവിതപാതകളാണ് നിത്യശാന്തിയുടെ കവാടങ്ങളിലേക്ക് നയിക്കുന്നത്. ശാന്തിയും സമാധാനവുമാണ് ഇരുലോകത്തും മനുഷ്യന്‍ തേടുന്ന അമൂല്യനിധി. ആരാധനാമുറകളൊക്കെയും പ്രസ്തുത ലക്ഷ്യത്തിലേക്കു നയിക്കുന്ന ഉപാധികള്‍ മാത്രം. ആരാധനകള്‍ സ്വയം ഒരു ലക്ഷ്യമല്ല, പരമോന്നത ലക്ഷ്യത്തിലേക്കുള്ള ഭിന്നമാര്‍ഗങ്ങളാണ്. അവ ഒറ്റക്കോ കൂട്ടായോ പ്രസ്തുത ലക്ഷ്യത്തിലേക്കു നയിക്കുമ്പോഴാണ് അര്‍ഥപൂര്‍ണമായിത്തീരുന്നത്. 

വിഭവങ്ങളുടെ സന്തുലിതമായ ഉപഭോഗമാണ് വ്രതം പരിശീലിപ്പിക്കുന്നത്. അനുവദനീയമായ വിഭവങ്ങളുടെ സന്തുലിതമായ ഉപഭോഗത്തിലൂടെ സുഖലോലുപതക്കും തീവ്ര ആധ്യാത്മികതക്കും ഇടയിലുള്ള മധ്യമജീവിതരീതിയും സംസ്‌കാരവും ശീലിപ്പിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് വ്രതമാസത്തിലൂടെ സഫലമാകേണ്ടത്. എന്നാല്‍ ആരാധനകള്‍ കമ്പോളവത്ക്കരിക്കപ്പെട്ട് മൂല്യശോഷണം സംഭവിച്ചതിന്റെ  ഉദാഹരണങ്ങളാണ് പലപ്പോഴും റമദാനില്‍ കാണാനാവുക.  ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെ രാപ്പകലുകളുടെ സ്ഥാനത്ത് ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും വേലിയേറ്റം കമ്പോളവത്കരണത്തിന്റെ ഉപോല്‍പന്നമാണ്. കുത്തകകള്‍ക്ക് സര്‍വാധിപത്യമുള്ള കാലത്ത്, കച്ചവടതന്ത്രങ്ങളുടെയും കമ്പോളവത്കരണത്തിന്റെയും ഇരകളായി വിശ്വാസിസമൂഹങ്ങള്‍ മാറുന്നത് അവര്‍ പോലും അറിയാതെയാണ്. ഭക്ഷ്യ ഉപഭോഗത്തിന്റെയും ഭക്ഷ്യവിപണന മേളകളുടെയും ഏറ്റവും വലിയ ആഘോഷകാലമായി വ്രതമാസം മാറുന്നത് ദഃഖകരമായ വിരോധാഭാസമാണ്. 

ഉപവാസത്തിന്റെ ശാരീരികവും ആരോഗ്യശാസ്ത്രപരവുമായ സമസ്ത ഗുണങ്ങളെയും നശിപ്പിച്ചുകളയുന്നവയാണ് നോമ്പുതുറമേളകള്‍. ദീര്‍ഘനേരത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം നടത്തുന്ന അമിതാഹാരം വ്രതത്തിന്റെ സമസ്ത ഗുണങ്ങളെയും ചോര്‍ത്തിക്കളയുന്നു എന്നു മാത്രമല്ല വിപരീതഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഭക്ഷണം എന്ന അനുഗ്രഹത്തെ ഒരു ശിക്ഷയാക്കി മാറ്റുകയാണ് പല നോമ്പുതുറമേളകളും. ഭക്ഷണം എന്ന അനുഗ്രഹം നിഷേധിക്കപ്പെട്ടവന്റെയും അഭയാര്‍ഥിയുടെയും പലായകന്റെയും ദുരിതങ്ങളുടെ വിദൂരസ്മരണകള്‍ പോലും അവിടെയുണരുന്നില്ല. അന്താരാഷ്ട്ര സമൂഹം എത്രതന്നെ തേച്ചുമിനുക്കിയാലും തെളിഞ്ഞു കാണുന്ന കറുത്ത പുള്ളികള്‍ പോലെ അഭയാര്‍ഥിക്യാമ്പുകളും, അവിടെ നിസ്സഹായരായി പുഴുക്കളെപ്പോലെ ജീവിക്കുന്ന മനുഷ്യരും നമ്മുടെ നോമ്പുതുറസല്‍കാരങ്ങളെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്. മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളോട് സംവദിക്കാത്ത, നിരാലംബര്‍ക്കും നിസ്സഹായര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താത്ത ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആരാധനകളുമെല്ലാം അപ്രസക്തമാണ്.

വര്‍ഷാവര്‍ഷങ്ങളില്‍ നിറക്കുന്ന പിച്ചപ്പാത്രങ്ങളിലൂടെയല്ല, സ്ഥായിയായ പരിഹാരങ്ങളിലൂടെയാണ് അശരണരുടെ അവസ്ഥകള്‍ മാറ്റപ്പെടേണ്ടത്. ജനസംഖ്യയുടെ നല്ലൊരു ശതമാനം അഭയാര്‍ഥികളായി മാറിക്കൊണ്ടിരിക്കുന്ന ലോകക്രമവുമായി രമ്യതയിലായിക്കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ പച്ചമാംസത്തിന്റെയും ചുടുരക്തത്തിന്റെയും ഗന്ധം പേറുമ്പോള്‍ ആകാശത്തേക്ക് കൈകളുയര്‍ത്താന്‍ ലജ്ജിക്കേണ്ടതുണ്ട്. നിലക്കാത്ത കണ്ണീര്‍ചാലുകളും ഉണങ്ങാത്ത ചോരപ്പാടുകളും പരസ്പരം സമ്മാനിച്ചുകൊണ്ട് തേടുന്നതേത് സ്വര്‍ഗം? സാമൂഹിക സുസ്ഥിതി സ്ഥാപിക്കാനും ലോകക്രമത്തെ പരിവര്‍ത്തിപ്പിക്കാനുമുള്ള ഊര്‍ജ്ജവാഹിനികളായി വ്രതമടക്കമുള്ള ആരാധനകള്‍ മാറുമ്പോഴാണ് ആകാശലോകത്തുനിന്നുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. 

സുഖലോലുപതയുടെ മേലെ കനത്ത പ്രഹരമാണ് വ്രതം ഏല്‍പിക്കുന്നത്. ആഹാരവര്‍ജനമായും ശാരീരികേഛകളുടെ നിയന്ത്രണമായും ദുശ്ശീലങ്ങളുടെ അടിയറവ് പറച്ചിലുകളായും, ചീത്ത സംസാരങ്ങളുടെയും ചീത്ത കേള്‍വികളുടെയും ചീത്ത നോട്ടങ്ങളുടെയും ഉപേക്ഷകളായും ദീര്‍ഘമായ നിശാപ്രാര്‍ഥനകളായും ധ്യാനങ്ങളായും കടന്നുവരുന്ന വ്രതം ആത്മനിയന്ത്രണം ശീലിച്ച വിശ്വാസിയെയാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ഇവയൊന്നും തന്നെ വ്രതമാസത്തിലാരംഭിച്ച് അതില്‍ത്തന്നെ അവസാനിപ്പിക്കേണ്ടുന്ന ആത്മീയവ്യായാമങ്ങളല്ല. വ്രതപൂര്‍ത്തീകരണാനന്തരവും ജീവിതത്തില്‍ ചേര്‍ത്തുപിടിക്കേണ്ട വ്യക്തിത്വ സംസ്‌കരണോപാധികളാണ്. ദൈവിക സന്മാര്‍ഗപാഠങ്ങളും ദിവ്യഗ്രന്ഥപാരായണവും അധരവ്യായാമത്തിലൊതുക്കി വ്രതമാസത്തിന് ആത്മീയ പരിവേഷം ചാര്‍ത്തിക്കൊടുത്തുകൊണ്ട് ഹൃദയത്തിലല്‍പം പോലുംപരിവര്‍ത്തനമുണ്ടാക്കാതെ, സ്വഭാവത്തില്‍ സംസ്‌കരണം സാധ്യമാവാതെ, കര്‍മരംഗത്ത് പ്രതിഫലനങ്ങളുണ്ടാക്കാതെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരങ്ങളുണ്ടാകാതെ കടന്നുപോകുമ്പോള്‍ പിച്ചപ്പാത്രങ്ങള്‍ നിറച്ചുകൊണ്ട് സായൂജ്യമടയുന്ന വിശ്വാസി ഹിറാഗുഹയിലിറങ്ങിയ വിപ്ലവപാഠങ്ങള്‍ പുനര്‍വായിക്കേണ്ടതുണ്ട്. 

മനഃപരിവര്‍ത്തനവും അതിലൂടെ സാമൂഹിക പരിവര്‍ത്തനവുമാണ് ദിവ്യഗ്രന്ഥവും ദൈവദൂതനും ആര്‍ജിച്ചെടുത്തത്. ദിവ്യഗ്രന്ഥത്തിന്റെ കേവലാക്ഷര വായനകളിലൂടെയും അക്ഷരപൂജകളിലൂടെയും നഷ്ടപ്പെട്ടുപോകുന്ന ആശയപ്രപഞ്ചവും കര്‍മസാകല്യവും കേവലം വ്യക്തിയുടെ മാത്രമല്ല, മൊത്തം സമൂഹത്തിന്റെ നഷ്ടങ്ങളാണ്. സാമൂഹിക പുനര്‍നിര്‍മാണത്തിന്റെ അനന്തസാധ്യതകളുള്‍ക്കൊള്ളുന്ന വരദാന വീചികകളെ അധരവ്യായാമങ്ങളിലൊതുക്കി ദൈവിക വചനങ്ങളുടെ അവതരണോദ്ദേശ്യത്തെത്തന്നെ അട്ടിമറിച്ചുകൊണ്ടു നടത്തുന്ന അധര-ആചാരവത്കൃത മതബോധത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടാകണം വ്രതത്തിന്റെ പൂര്‍ത്തീകരണം.

വ്രതം ഒരുനിലപാടാണ്; അന്നപാനീയങ്ങള്‍ ത്യജിച്ചുകൊണ്ട് ഭൗതികതയുടെ അതിപ്രസരത്തിനുനേരെ വിശ്വാസി കൈക്കൊള്ളുന്ന തീക്ഷ്ണമായ നിലപാട്... അതിന്റെ അനുരണനങ്ങള്‍ എല്ലാ സ്വയംകൃത വിഗ്രഹങ്ങളെയും തച്ചുടച്ചുകൊണ്ടാവണം നിലയുറപ്പിക്കേണ്ടത്. സ്വേഛയും താന്‍പോരിമയും ആര്‍ത്തിയും ദുരയും വ്യക്തിപൂജയും മുതല്‍ മനുഷ്യന്റെ കഴുത്തില്‍ ചങ്ങലയിട്ടു മുറുക്കുന്ന എല്ലാവിധ ചൂഷക സംവിധാനങ്ങളും വ്രതശുദ്ധിയുടെ തീച്ചൂളയില്‍ വെന്തുരുകേണ്ടതുണ്ട്. ആത്മസംസ്‌കരണത്തിന്റെ തീച്ചൂളയില്‍ സ്വയം ഉരുകിക്കൊണ്ടും നൈതികതയുടെ രാജവീഥിയിലേക്ക് സമൂഹത്തെ നയിച്ചുകൊണ്ടുമാണ് വ്രതമാസ സാകല്യം തേടേണ്ടത്. ആ സായൂജ്യത്തിലേക്ക് വഴി നടത്തുവാന്‍ ആര്‍ജവമുള്ള നേതൃത്വത്തെയാണ് ലോകം കാത്തിരിക്കുന്നതും. 

 

Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍