Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

ഓര്‍മകളിലെ തക്ബീറൊലികള്‍

ലബീബ റിയാസ്

അത്തറിന്റെ മണവും പുത്തനുടുപ്പും ബിരിയാണിയും മൈലാഞ്ചിയും ഒക്കെയുള്ള പെരുന്നാള്‍ നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍, അതൊന്നുമില്ലാത്ത പെരുന്നാള്‍കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടു കൂടിയ റമദാന്‍. അതിനു ശേഷമുള്ള പെരുന്നാള്‍. മാപ്പിളപ്പാട്ടില്ലാത്ത പെരുന്നാള്‍ കാലത്തെക്കുറിച്ച് വളരെ കൗതുകത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്. ആലപ്പുഴ വടുതലയിലെ പെരുന്നാളിനെക്കുറിച്ച് സൈനബ എന്ന മൈനിത്തയും ആഇശയുമ്മയും ശരീഫത്തയും ഖദീജത്തയും പറഞ്ഞുതന്നതാണ് ഇനിയിവിടെ പകര്‍ത്തുന്നത്.

ഒട്ടുമിക്ക വീട്ടിലും ദാരിദ്ര്യം. അന്നൊക്കെ അരി പലഹാരം കാണണമെങ്കില്‍ പെരുന്നാള്‍ വരണമെത്രെ. ഇറച്ചിയുടെ മണം അറിയണമെങ്കില്‍ പെരുന്നാളും കൊടികുത്ത് നേര്‍ച്ചയും ഒന്നിച്ചു വരണം. അന്നത്തെ ഇറച്ചിയുടെ മണം ഇന്നുണ്ടോ? അന്ന് ഒരു വീട്ടില്‍ ഇറച്ചിക്കറി ഉണ്ടാക്കിയാല്‍ അതിന്റെ മണം ദൂരത്തേക്കെത്തുമായിരുന്നു. അന്ന് കഴുകി ഉണക്കി ഉരലില്‍ പൊടിച്ചെടുത്ത മുളകും മല്ലിയും ചേര്‍ത്ത് മണ്‍ചട്ടിയിലാണ് കറിവെക്കുന്നത്. കരിയിലയും വിറകും കൂട്ടിക്കത്തിക്കുന്ന അടുപ്പില്‍ എത്ര മണിക്കൂറോളം ഇരുന്ന് വേകണം.

പെരുന്നാളിന് വേണ്ടി ഉള്ളതില്‍ പുതിയ, നിറം മങ്ങാത്ത ഒരു ഉടുപ്പ് അലക്കി മടക്കി വെക്കും. ആണുങ്ങള്‍ക്കും കുട്ടികള്‍ക്കും പുതിയ ഉടുപ്പെടുക്കും. ചില വീടുകളില്‍ പെണ്ണുങ്ങള്‍ക്ക് ഇട്ട് കീറുമ്പേഴേ ഉടുപ്പെടുക്കൂ (ഇന്ന് അടുത്ത വീട്ടില്‍ കല്യാണമായാലും ഉടുപ്പ് എടുക്കും. എടുക്കുന്ന ഉടുപ്പ് പറ്റിയില്ലെങ്കില്‍ എത്ര തവണയും മാറ്റും). ഇന്നത്തെപ്പോലെ പെണ്ണുങ്ങള്‍ക്ക് പള്ളിയില്‍ പോക്കും പെരുന്നാള്‍ നമസ്‌കാരമൊന്നും ഇല്ലായിരുന്നു. ഫര്‍ദ് തന്നെ വല്ലപ്പോഴും.

നോമ്പിന് മുമ്പ് തന്നെ മുളക്, മല്ലി, അരി ഒക്കെ ഉണക്കി പൊടിച്ച് വെക്കും. പിറ കാണാന്‍ ആണുങ്ങള്‍ കായലരികത്ത് പോയി നില്‍ക്കും. പിറ കണ്ട് എന്ന് ഖാദി ഉറപ്പിച്ചാല്‍ പിന്നെ അറിയുന്നവര്‍ അറിയുന്നവര്‍ ഓരോ വീട്ടിലേക്കും വിവരമെത്തിക്കും. പിന്നെ പെണ്ണുങ്ങളുടെ ലോകമാണ്. അടുത്ത വീട്ടില്‍ ആദ്യം ഇറച്ചി വെക്കുമെങ്കില്‍ ഇപ്പുറത്ത് പത്തിരിപ്പണി. പണി കഴിഞ്ഞ് പലകയും കുഴലും അടുത്ത വീട്ടിലേക്ക്. അന്ന് 'പ്രസ്' ഇല്ല. അടുപ്പില്‍ തീ കൂട്ടിയാണ് സകല പണിയും. ഇന്ന് സൗകര്യങ്ങള്‍ ആയപ്പോള്‍ പഴയ ആ ബന്ധമൊന്നും ഇല്ല.

നാട്ടിന്‍ പുറങ്ങളില്‍ മൈലാഞ്ചി ഇടല്‍ ഇല്ല. അന്നും കൊച്ചിയില്‍ പെണ്‍ കുട്ടികള്‍ മൈലാഞ്ചി ഇടും- കല്ലില്‍ അരച്ചെടുത്ത് 'അപ്പോം തൊപ്പീം' ആണ് ഇടുക. കൊച്ചിയില്‍ പെരുന്നാള്‍ തലേന്ന് വളചെട്ടികള്‍ വരും. കുപ്പി വള, കണ്‍മഷി, റിബണ്‍ ഒക്കെ ഉണ്ടാകും. അവര്‍ അത് കൈപിടിച്ച് ഇട്ടുതരും. പെണ്ണുങ്ങള്‍ പെരുന്നാള്‍ തലേന്ന് മട്ടാഞ്ചേരി പാലസ് റോഡില്‍നിന്നും വരുന്ന ചെട്ടികളെ കാത്തിരിക്കും.

അന്നൊക്കെ പെരുന്നാപ്പടി കിട്ടും കുട്ടികള്‍ക്ക്. അതാണവരുടെ സന്തോഷം. ഒരു അണ. അത് അവര്‍ കുടുക്കയില്‍ ഇട്ട് സൂക്ഷിച്ചുവെക്കും.

പെരുന്നാളിന് നാട്ടിന്‍പുറങ്ങളില്‍ കുട്ടികള്‍ ഊഞ്ഞാലാടും, കൈക്കൊട്ടി കളിക്കും. കൂട്ടുകാരായ മുസ്‌ലിംകള്‍ അല്ലാത്ത കുട്ടികളും ഉണ്ടാകും. പെരുന്നാള്‍ എല്ലാവരുടേതും കൂടിയായിരുന്നു. തേങ്ങാ ചോറും ഇറച്ചീം അടുത്തുള്ള എല്ലാ വീടുകളിലും എത്തിക്കും. അതുകൊണ്ടുപോയി കൊടുക്കുന്നത് കുട്ടികള്‍ക്ക് ഹരമായിരുന്നു. സൗകര്യങ്ങള്‍ കൂടിയിട്ടും അന്നത്തെപ്പോലെയൊന്നും ഇന്ന് കാണുന്നില്ല. 

കൊച്ചിയില്‍ ഒക്കെ ഇറച്ചി ചോറാണ്. അയല്‍വാസികള്‍ കച്ചികള്‍ ആണെങ്കില്‍ കുശാലായി. നമ്മുടെ അലീസ, ചീരാണി, ഇറച്ചിചോര്‍ ഒക്കെ അവര്‍ക്ക് കൊടുക്കും. അവരുടെ പെരുന്നാള്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ നമുക്കും തരും.

കൂട്ടുകുടുംബം ആയിരുന്നതുകൊണ്ട് വിരുന്നു പോക്ക് ഒന്നും ഇല്ല. ഉച്ചക്ക് ശേഷം എല്ലാവരും ബീച്ചിലോ പാര്‍ക്കിലോ പോകും. ഐസ്‌ക്രീം ഇല്ല. തൊണ്ടുള്ള കപ്പലണ്ടി വാങ്ങാന്‍ കിട്ടും. കുട്ടികള്‍ പത്രക്കടലാസും ഈര്‍ക്കിലും കൊണ്ട് ഉണ്ടാക്കിയ പട്ടം പറത്തും. രാത്രി കടപ്പുറത്ത് നിന്ന് വല വീശിപ്പിടിക്കുന്ന ഫ്രഷ് മീനുമായി വീടുകളിലേക്ക് മടങ്ങും.  പെരുന്നാളിന്റെ അന്ന് എല്ലാവരും അടുക്കളയില്‍ കയറി ഒറ്റക്ക് ഒറ്റക്ക് പാചകമായിരുന്നു. കഴിക്കുന്നത് എല്ലാവരും കൂടെ ഒരുമിച്ചും.

നാട്ടിന്‍പുറങ്ങളില്‍ പെരുന്നാള്‍ സ്‌പെഷ്യല്‍ ആയിരുന്നു പഴം പൊരി. ഒരിക്കല്‍ നോമ്പ് തീര്‍ന്നത് അറിഞ്ഞില്ല. സ്വുബ്ഹിക്ക് കുട്ടി പള്ളിയില്‍ പോയി വന്നപ്പോ പറഞ്ഞു: 'കിഴക്കൊക്കെ പഴം പൊരിക്കുന്നുണ്ടല്ലോ, പെരുന്നാള്‍ ആയിട്ടുണ്ട്.' അങ്ങനെ നിലാവും പിറയും ഒന്നും അറിയാത്ത പെരുന്നാളുകളും ഉണ്ടായിട്ടുണ്ട്.

അത്താഴം മുട്ടുകാര്‍ ഉണ്ട്. അവര്‍ വീടുകള്‍ തോറും വന്ന് അത്താഴത്തിന് ആളുകളെ വിളിച്ചുണര്‍ത്തും. കൊച്ചിയില്‍ ദഫ് മുട്ടിയാണ് വിളിച്ചുണര്‍ത്തുക. രാത്രി നോമ്പ് തുറന്നു കഴിഞ്ഞാല്‍ പിന്നെ അത്താഴം ഉണ്ടാക്കും. ഒന്നോ രണ്ടോ മണിക്കൂര്‍ കിടക്കുമ്പോള്‍ തന്നെ അത് കഴിക്കാനുള്ള സമയം ആകും. അടുപ്പില്‍ വിറക് കൂട്ടി ആയിരുന്നല്ലോ! അന്നൊന്നും പെണ്ണുങ്ങള്‍ തറാവീഹ് നിസ്‌കരിക്കില്ല. നോമ്പിന് ജീരക കഞ്ഞി, തരിക്കഞ്ഞി ഒക്കെയാണ് സ്‌പെഷ്യല്‍. മറ്റു വിഭവങ്ങള്‍ ഒന്നും ഇല്ല. പെരുന്നാള്‍ തലേന്ന് ചില വീടുകളില്‍ അച്ചപ്പം, കുഴലപ്പം, ചുക്കപ്പം ഒക്കെ പൊരിക്കും. പിന്നെ ചട്ടിപ്പത്തിരിയും. ബന്ധുക്കളുടെ വീടുകള്‍ അടുത്തടുത്ത് ആയതുകൊണ്ട് പെരുന്നാളിന് വിരുന്നു പോക്ക് ഇല്ല. എല്ലാവരും കൂടെ കളിക്കും. വൈകീട്ട് കായലിറമ്പില്‍ പട്ടം പറത്തും. പെണ്‍കുട്ടികള്‍ കണ്ടു നില്‍ക്കും. കുട്ടിച്ചോറ് വെച്ച് കളിക്കും. എന്നിട്ടത് മുളകും കൂട്ടി കഴിക്കും. ഉച്ചക്കുണ്ടാക്കിയ തേങ്ങാ ചോറിനെക്കാള്‍ രുചി ഉണ്ടാകും.

ആ തലമുറയോട് ചോദിച്ചാല്‍ ആദ്യം പറയുക, പെരുന്നാള്‍ ഇന്നും അന്നും ഒരുപോലെയാണെന്ന്. ഒരു പക്ഷേ മാറ്റങ്ങള്‍ അവര്‍ പോലും അറിയുന്നുണ്ടാവില്ല. ദാരിദ്ര്യത്തിലെ പെരുന്നാള്‍ സന്തോഷത്തിന് ഇന്നത്തേതിനേക്കാള്‍ ഇരട്ടി മധുരം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവരില്‍ ചിലരെങ്കിലും പറയുന്നത്, അന്നത്തെ പെരുന്നാള്‍ മതിയായിരുന്നു എന്ന്. അന്നത്തെ സന്തോഷം ഇന്നില്ലാത്തതാണ് കാരണം.

അന്ന് വല്ലപ്പോഴും വാതപ്പനിയോ ജലദോഷപ്പനിയോ വരും. ഇന്ന് എന്തൊക്കെ അസുഖമാണ്. കഴിക്കാന്‍ വിഭവങ്ങള്‍ ഉണ്ട്; പക്ഷേ കഴിക്കാന്‍ ആവുന്നില്ല. അന്ന് പെരുന്നാളിനെങ്കിലും വയര്‍ നിറയെ മനസ്സറിഞ്ഞ് കഴിക്കും. പുതിയ തലമുറക്ക് തിന്നിട്ട് വരുന്ന അസുഖം ആണ്. തിന്നാന്‍ ഇല്ലാതിരുന്ന കാലത്ത് പനി അല്ലാത്ത ഒരു അസുഖവും കേട്ടിട്ടില്ല. വീട്ടിലെ ദാരിദ്ര്യം കാരണം ഗള്‍ഫില്‍ പോയ ഒരാള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഡോക്ടറെ കണ്ടു. രക്തപരിശോധനയില്‍ ഷുഗറും കൊളസ്‌ട്രോളും ഉണ്ടായിരുന്നു. ഡോക്ടര്‍ പഥ്യം വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇത്ര നാളും 'പഥ്യം'തന്നെ ആയിരുന്നില്ലേ. ഇനിയും അങ്ങനെ തന്നെ വേണോ?''

ബിരിയാണിയും അത്തറും മൈലാഞ്ചിയും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അന്നൊക്കെ പെണ്ണുങ്ങള്‍ക്ക് പെരുന്നാള്‍ ജോറ് ആയിരുന്നു. ശരീരത്തിന്റെ സന്തോഷത്തേക്കാള്‍ മനസ്സിന്റെ സന്തോഷത്തിന് പത്തരമാറ്റിന്റെ തിളക്കം. ഒരുപക്ഷേ ആ തലമുറ ആയിരിക്കണം പെരുന്നാളിന്റെ മാധുര്യം ശരിക്ക് അറിയുന്നുണ്ടാവുക. ആണുങ്ങള്‍ക്ക് പള്ളീല്‍ പോക്ക് കഴിഞ്ഞാല്‍ പിന്നെ എന്തു പെരുന്നാള്‍! ശരിക്കും പെരുന്നാള്‍ പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കുമായിരുന്നു. കാലം മാറിയപ്പോള്‍ അതില്‍ അലിഞ്ഞു ചേര്‍ന്നെങ്കിലും ഓര്‍മകളിലെ പെരുന്നാള്‍ അവരുടെ മനസ്സില്‍ ഇന്നും തക്ബീര്‍ മുഴക്കുന്നു.

പെരുന്നാളിന്റെ പിറ്റേ ദിവസമായാല്‍ പഴയ പോലെ തന്നെ കപ്പയും കാച്ചിലും ഒക്കെയാണ്. പ്രാതല്‍ പെരുന്നാള്‍ പിറ്റേന്ന് അടുത്ത വീട്ടില്‍ ചെന്ന കുട്ടിയോട് ഇന്നെന്തായിരുന്നു ചായക്ക് കടി എന്ന് ചോദിച്ചപ്പോള്‍ ''വാപ്പാക്ക് പുട്ട്. ഞങ്ങള്‍ക്ക് കാച്ചില്‍'' എന്ന് മറുപടി.  


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍