പി.എ കബീര്‍
അബ്ദുല്‍ അസീസ് മഞ്ഞിയില്‍
കണ്ണോത്ത് മഹല്ല് പരിധിയില്‍, പാടൂര്‍ ഹല്‍ഖയില്‍പെട്ട മുല്ലശ്ശേരിയിലായിരുന്നു പി.എ കബീര്‍ സാഹിബിന്റെ താമസം. ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ പഠനത്തിനു ശേഷം പ്രവാസിയായി രിയാദിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 2016 ഏപ്രില്‍ 6-ന് മരണപ്പെട്ടു. ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്നു. ഊര്‍ജസ്വലനായ സംഘാടകനും പ്രാദേശിക കൂട്ടായ്മയായ ഉദയം പഠനവേദിയുടെ ആദ്യകാല ഓര്‍ഗനൈസര്‍മാരിലൊരാളുമായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: അബ്ദുല്‍ വാജിദ്, അബ്ദുല്‍ ഹാദി. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശാഫി, സൈനബ.
വി. മുഹമ്മദ് മാസ്റ്റര്‍
കോഴിക്കോട് ജില്ലയിലെ പടനിലത്ത് അര നൂറ്റാണ്ടുമുമ്പുതന്നെ ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുകയും അതിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്ത സംഘത്തിലെ കണ്ണിയായിരുന്നു മുഹമ്മദ് മാസ്റ്റര്‍.
ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയാ പ്രസിഡന്റ്, പടനിലം കള്‍ച്ചറല്‍ ലൈബ്രറി പ്രസിഡന്റ്, പടനിലം ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മാസ്റ്റര്‍ കുലീനമായ പെരുമാറ്റംകൊണ്ടും എളിമകൊണ്ടും നര്‍മമധുര ഭാഷണംകൊണ്ടും ദേശത്തിന്റെ ഹൃദയം കവര്‍ന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും മികച്ച സേവനം കാഴ്ചവെച്ച മാസ്റ്റര്‍ ശിഷ്യഗണങ്ങളുടെ പ്രിയങ്കരനായ ഗുരുനാഥനും വഴികാട്ടിയുമായിരുന്നു. പ്രബോധനം വാരികയും ഇസ്‌ലാമിക ഗ്രന്ഥങ്ങളും പുതിയ തലമുറക്കു വിതരണം ചെയ്യാന്‍ അദ്ദേഹം എന്നും ജാഗ്രത പുലര്‍ത്തി.
രോഗബാധിതനായി കിടപ്പിലാവുന്നതു വരെ ചുറ്റുവട്ടത്തുള്ള വീടുകളില്‍ അദ്ദേഹം മാധ്യമം ദിനപ്പത്രം നേരിട്ടു വിതരണം ചെയ്യുന്നതും പടനിലം അങ്ങാടിയിലെ ചപ്പുചവറുകള്‍ തൂത്തുവാരി വൃത്തിയാക്കുന്നതും ഒരു പതിവു കാഴ്ചയായിരുന്നു.
മൂസക്കോയ പടനിലം
Comments