ഖുര്‍ആനിന്റെ ശാസ്ത്ര സ്ഥിരീകരണം
അല്ലാഹു തന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മനുഷ്യരിലെത്തിച്ചത് അവരില്‍നിന്നുതന്നെ തെരഞ്ഞെടുത്ത പ്രവാചകന്മാരിലൂടെയായിരുന്നു. പ്രവാചകനിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥത്തെ ജനങ്ങള്‍ പക്ഷേ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. വിശ്വസിക്കാന്‍ അവര്‍ പ്രവാചകനില്‍നിന്ന് ദിവ്യാത്ഭുതങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. പല മുന്‍പ്രവാചകന്മാര്‍ക്കും അത്ഭുതങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവുകളും അല്ലാഹു നല്‍കിയിരുന്നു (ഖുര്‍ആന്‍ 3:49, 7:106-108). മുഹമ്മദ് നബി(സ)യുടെ കാലെത്ത ജനങ്ങളും അവിടുന്ന് പ്രബോധനം ചെയ്തിരുന്ന ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ളതാണോ എന്നതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വിശ്വസിക്കാനുതകുംവിധമുള്ള ദിവ്യാത്ഭുതങ്ങള്‍ അവര്‍ മുഹമ്മദ് നബി(സ)യോട് ആവശ്യപ്പെട്ടപ്പോള്‍ മറുപടിയായി പറഞ്ഞത് ഖുര്‍ആന്‍ തന്നെയാണ് അത് അല്ലാഹുവിങ്കല്‍നിന്നുള്ളതാണെന്നതിന് തെളിവ് എന്നാണ് (ഖുര്‍ആന്‍ 29:50,51). ഒരു മനുഷ്യന്നും ഖുര്‍ആന്‍ പോലുള്ള സന്ദേശങ്ങള്‍ കൊണ്ടുവരാനാവില്ലെന്ന് വിവക്ഷ. ഖുര്‍ആനിന്റേതു പോലുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ അല്ലാഹു അവിശ്വാസികളെ വെല്ലുവിളിക്കുന്നുമുണ്ട് (2:23-24). ഖുര്‍ആന്‍ മനുഷ്യനെഴുതിയ ഗ്രന്ഥമായിരുന്നെങ്കില്‍ എഴുതിയയാളുടെ പേര് ഖുര്‍ആനിന്മേല്‍ ഉണ്ടാകുമെന്ന് ഖുര്‍ആനില്‍ വിശ്വസിക്കാത്തവര്‍ക്കു പോലും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഖുര്‍ആന്റെ ദിവ്യത്വത്തിന്റെ തെളിവായി അല്ലാഹു പറയുന്നത് അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നുവെന്നാണ് (4:82). ഖുര്‍ആന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാകയാല്‍ അത് ഒരു മാറ്റവുമില്ലാതെ ലോകാവസാനം വരെ നിലനില്‍ക്കും (15:9, 6:115). അവതരിക്കപ്പെട്ട് ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനുഷ്യകരങ്ങളാല്‍ അലങ്കോലപ്പെടാതെ ആദിമരൂപത്തില്‍ ഇന്നും എന്നും നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ഇത് കേവലം അവകാശവാദമല്ല; നൂറ്റാണ്ടുകളായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. ഇതുതന്നെ ഖുര്‍ആന്റെ ദിവ്യത്വത്തിന് മതിയാവുന്നതിലേറെ തെളിവല്ലേ?
പ്രധാനമായും നാലു രീതികളാണ് ഖുര്‍ആനിന്റെ സാധുത ശാസ്ത്രീയമായി തെളിയിക്കാന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഒന്ന്, ശാസ്ത്ര കണ്ടെത്തലുകളിലൂടെ സ്ഥിരീകരിക്കപ്പെട്ട മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച ഖുര്‍ആനിക വെളിപ്പെടുത്തലുകള്‍. രണ്ട്, ഖുര്‍ആന്‍ സന്ദേശങ്ങളോട് യോജിക്കാത്ത ശാസ്ത്രസിദ്ധാന്തങ്ങളുടെ ദുരവസ്ഥ. മൂന്ന്, ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന സൃഷ്ടിയുടെ ദൈവികോദ്ദേശ്യവും പ്രകൃതി യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തം. നാല്, ഖുര്‍ആന്‍ നല്‍കുന്ന പ്രപഞ്ച സംവിധാനത്തെയും ഭാവി സംബന്ധമായ വിവരങ്ങളുടെയും ശാസ്ത്രാടിസ്ഥാനം.
1. ഖുര്‍ആനിക വെളിപ്പെടുത്തലുകളുടെ ശാസ്ത്ര സ്ഥിരീകരണം
മനുഷ്യധിഷണക്ക് സ്വീകാര്യമാകുംവിധം ഖുര്‍ആന്‍ സത്യമാണെന്ന് ശാസ്ത്രത്തിലൂടെ തെളിയിച്ചുകൊടുക്കാനായി മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച ശാസ്ത്രമാനമുള്ള ധാരാളം സന്ദേശങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവ ഓരോന്നായി ശാസ്ത്ര ഗവേഷണങ്ങളിലൂടെ അല്ലാഹു തെളിയിച്ചുതരുന്ന കാഴ്ചയാണ് ആധുനികലോകം കാണുന്നത്. അതിലൂടെ ഖുര്‍ആന്‍ സത്യമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു.
ക്രൈസ്തവ വിശ്വാസിയും പാരീസ് സര്‍വകലാശാലയിലെ സര്‍ജിക്കല്‍ ക്ലിനിക്കിന്റെ മേധാവിയുമായിരുന്ന മോറിസ് ബുകായ് (Maurice Bucaille)യുടെ 1979-ല്‍ പ്രസിദ്ധീകരിച്ച The Bible,the Qur'an and Science (American Trust Publications,Indiana), എന്ന പുസ്തകമാണ് ഖുര്‍ആനിലെ പല വെളിപ്പെടുത്തലുകളും ആധുനിക ശാസ്ത്ര കണ്ടെത്തലുകളോട് യോജിക്കുന്നവയാണെന്ന് ലോകത്തെ ആദ്യമായി അറിയിച്ചത്. പത്തു വര്‍ഷത്തോളം നീണ്ടുനിന്ന തന്റെ ഖുര്‍ആന്‍-ശാസ്ത്ര ഗവേഷണത്തില്‍നിന്നും മനസ്സിലാക്കിയ ശരീരശാസ്ത്രത്തെയും (Physiology) പ്രത്യുല്‍പാദനത്തെയും സംബന്ധിച്ച ഖുര്‍ആനിക വെളിപാടുകളെ 1976-ല്‍ വൈദ്യശാസ്ത്ര ഫഞ്ച് അക്കാദമി മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് ഡോ. ബുകായ് പറഞ്ഞതിങ്ങനെയായിരുന്നു ''...ഈ ആധുനിക കാലത്ത് മാത്രം കണ്ടെത്തിയ ഈ വിഷയങ്ങളിലെ ആശയങ്ങള്‍ ഖുര്‍ആന്റെ അവതരണകാലത്ത് ഒരു പ്രസ്താവ(Text)ത്തില്‍ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കാന്‍ സാധ്യമല്ല.'' പിന്നീട് കനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ അനാട്ടമി ആന്റ് സെല്‍ ബയോളജി വകുപ്പില്‍ പ്രഫസറായിരുന്ന ഡോ. കീത്ത് മൂര്‍ ഖുര്‍ആനിലെ മനുഷ്യഭ്രൂണസംബന്ധമായ വെളിപ്പെടുത്തലുകള്‍ ആധുനിക ഭ്രൂണശാസ്ത്രവുമായി വളരെ യോജിക്കുന്നതായി കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ 1982-ല്‍ പ്രസിദ്ധീകരിച്ച The Developing Human with Islamic Additions എന്ന പുസ്തകത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. കീത്ത് മൂര്‍ പറയുന്നു: ''ഭ്രൂണശാസ്ത്രത്തിന്റെ പിറവിക്കു മുമ്പ് ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ പ്രസ്താവനകളുടെ കൃത്യതയില്‍ ഞാന്‍ ആശ്ചര്യം കൂറുകയാണ്.'' കൂടാതെ ഖുര്‍ആന്റെ ദിവ്യത്വത്തെയും അദ്ദേഹം സൂചിപ്പിച്ചു: ''ഈ വിവരങ്ങള്‍ ദൈവത്തില്‍നിന്നാണ് മുഹമ്മദിനു ലഭിച്ചതെന്നത് എനിക്കു വ്യക്തമാണ്. കാരണം മിക്ക വിവരങ്ങളും കണ്ടുപിടിക്കപ്പെട്ടതു തന്നെ അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഇത് തെളിയിക്കുന്നത് മുഹമ്മദ് ദൈവത്തിന്റെ ദൂതനെന്നാണ്.'' അമുസ്‌ലിം ശാസ്ത്രജ്ഞരാണ് ഖുര്‍ആന്‍ വെളിപാടുകളുടെ ശാസ്ത്രീയാടിത്തറ ആദ്യമായി മനസ്സിലാക്കിയതെന്ന സത്യം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ശാസ്ത്ര കണ്ടെത്തലുകളിലൂടെ ഇതിനകം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ഖുര്‍ആന്‍ വെളിപാടുകളുടെ ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
ഭൂമിയുടെ ആന്തരിക ഘടനയെ സംബന്ധിച്ചും ആകാശ (Space) സംവിധാനത്തെ കുറിച്ചും പ്രധാനമായ ചില സൂചനകള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ആകാശത്തെ ഏഴ് അടുക്കുകളായി സൃഷ്ടിച്ചതുപോലെയാണ് ഭൂമിയെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് അല്ലാഹു വെളിപ്പെടുത്തുന്നു (ഖുര്‍ആന്‍ 65:12). ഈ വചനത്തെ പക്ഷേ തെറ്റായാണ് മതപണ്ഡിതന്മാര്‍ ധരിച്ചിരിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ഏഴ് ആകാശങ്ങളും അവക്ക് തുല്യമായി ഏഴ് ഭൂമികളുമുണ്ടെന്നാണ് അവരുടെ ധാരണ. ഖുര്‍ആനില്‍ പ്രപഞ്ചെത്ത പരാമര്‍ശിക്കുന്നത് 'ആകാശങ്ങളും ഭൂമിയും' എന്നാണ്. ആകാശങ്ങളെന്നു പറയുന്നത് ഒരു ആകാശത്തെ (Space) ഏഴ് അടുക്കുകളായി സംവിധാനിച്ചതിനെയാണ് (ഖുര്‍ആന്‍ 42:9-12, 2:29, 67:3). ഏഴ് വെവ്വേറെ ആകാശങ്ങളുള്ളതുകൊണ്ടല്ല. അതുപോലെ ഏഴ് അടുക്കുകളായാണ് ഭൂമിയെയും സംവിധാനിച്ചിരിക്കുന്നത്. ഭൂമിയുടെ ആന്തരിക ഘടന സംബന്ധമായ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അടുക്കുകളായുള്ള സംവിധാനത്തെയാണ്. ഏഴ് അടുക്കുകളായി ഭൂമിയുടെ അന്തര്‍ഭാഗത്തെ വിഭജിച്ച് വിശദീകരിക്കുന്നതായി ഭൂഗര്‍ഭശാസ്ത്ര സാഹിത്യത്തില്‍ കാണാവുന്നതാണ് (ചിത്രം 1). ഇത് ഖുര്‍ആനിക വെളിപ്പെടുത്തലിനോട് യോജിക്കുന്ന ഭൂമിയുടെ വിവരണമാണ്.
മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച ഈജിപ്തിലെ ചക്രവര്‍ത്തി ഫറോവയുടെ ജഡം ഒരു ദൃഷ്ടാന്തമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു (10:75, 10:90-92). അഹങ്കാരിയും, അല്ലാഹുവിലും അവന്റെ പ്രവാചകന്മാരായ മൂസായിലും ഹാറൂനിലും വിശ്വസിക്കാത്തവനുമായിരുന്ന ഫറോവയും സൈന്യങ്ങളും കടലില്‍ മുക്കിക്കൊല്ലപ്പെടുകയായിരുന്നു. ഫറോവയുടെ ജഡം വരുംതലമുറകള്‍ക്ക് ഒരു ദൃഷ്ടാന്തമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന ദൈവിക വെളിപ്പെടുത്തല്‍ മുഹമ്മദ് നബി(സ)യുടെ മരണശേഷം ഏതാണ്ട് 1200 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടത്. ഫറോവ(Ramesses II)യുടെ മമ്മിയാക്കപ്പെട്ട ജഡം കണ്ടെത്തിയത് 1881-ല്‍ തെബാന്‍ പടിഞ്ഞാറെക്കരയിലാണ്. ഈജിപ്തിലെ കയ്‌റോ മ്യൂസിയത്തിലാണ് ജഡം പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത് (ചിത്രം 2).
ഇതുപോലുള്ള വെളിപ്പെടുത്തലുകള്‍ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവിശ്വാസികള്‍ക്ക് ഖുര്‍ആന്‍ സത്യമാണെന്ന് ശാസ്ത്രത്തിലൂടെ തെളിയിച്ചു കൊടുക്കാന്‍ വേണ്ടിയാണെന്ന് 21:30, 41:52-53 തുടങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശകലനത്തില്‍നിന്ന് മനസ്സിലാകും. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ആകാശങ്ങളും ഭൂമിയും ഒന്നിച്ചായിരുന്നുവെന്നും, പിന്നീട് അല്ലാഹു അവയെ വേര്‍പ്പെടുത്തുകയായിരുന്നുവെന്നും ഈ സൂക്തങ്ങള്‍ വെളിപ്പെടുത്തുന്നു (51:47, 21:30). പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ല ഉള്ളതെന്നും പരസ്പരം അതിവിദൂരതയില്‍ കഴിയുന്ന അനന്തകോടി നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നുമുള്ള അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബ്‌ളിന്റെ 1924-ലെ കണ്ടുപിടിത്തം, പ്രപഞ്ചോല്‍പത്തി വിശദീകരിക്കാനുള്ള അലക്‌സാണ്ടര്‍ ഫ്രീഡ്മാന്റെ ഗണിത മാതൃകകളുടെ പ്രവചനമായ എല്ലാ താരസമൂഹങ്ങളും (Galaxy) പരസ്പരം അകലുകയാണെന്ന ആശയത്തിന് തെളിവായിരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സൂചിപ്പിക്കുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് താരസമൂഹങ്ങളെല്ലാം ഒന്നിച്ചായിരുന്നുവെന്നാണ്. ആകാശങ്ങളും ഭൂമിയും ഒന്നിച്ചായിരുന്നുവെന്നും, പിന്നീട് അല്ലാഹു അവയെ വേര്‍പ്പെടുത്തുകയായിരുന്നുവെന്നും ആകാശം വികസിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ഖുര്‍ആന്‍ വെളിപാടുകളെ (51:47, 21:30) ഈ കണ്ടുപിടിത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.
2. ഖുര്‍ആന്‍ സന്ദേശങ്ങളോട് യോജിക്കാത്ത ശാസ്ത്രസിദ്ധാന്തങ്ങളുടെ ദുരവസ്ഥ
ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള സത്യമാണ് (2:147, 3:60), സത്യാസത്യവിവേചന പ്രമാണമാണ് (25:1). അതായത് ഖുര്‍ആനോട് യോജിക്കാത്ത ഏതൊരാശയവും സന്ദേശവും, അത് ശാസ്ത്രത്തിലായാലും മതത്തിലായാലും അല്ലെങ്കില്‍ മറ്റേത് മേഖലയിലായാലും സത്യമാകില്ല. അസത്യം മാഞ്ഞുപോകുമെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (17:81). വിവാദമാകുന്നതും ചോദ്യം ചെയ്യപ്പെടുന്നതും തള്ളപ്പെടുന്നതുമായ സിദ്ധാന്തങ്ങളും ആശയങ്ങളുമൊക്കെ ഖുര്‍ആനോട് യോജിക്കാത്തതായിരിക്കും. ഖുര്‍ആന്‍ സത്യമാണെന്നതിന്റെ പ്രത്യക്ഷ തെളിവാണത്. ഇതിന്റെ ഒന്നു രണ്ട് ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉത്ഭവം വിശദീകരിച്ചുകൊണ്ട് 1920-കളുടെ മധ്യത്തില്‍ അവതരിപ്പിക്കപ്പെട്ട മഹാവിസ്‌ഫോടനസിദ്ധാന്തം (Big Bang Theory) പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യത്തെ ലോകത്തെ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു. ഈശ്വരവിശ്വാസത്തിന് ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിനു പകരമായി മറ്റൊന്നു കൊണ്ടുവരാന്‍ നെട്ടോട്ടമായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിന്‍സ് A Brief History of Time എന്ന തന്റെ പുസ്തകത്തില്‍ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നുവെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം....'' അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പല ഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ച സിദ്ധാന്ത(Steady State Theory)ത്തിനായിരുന്നു. സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന് പക്ഷേ രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും ഒരു തെളിവും ലഭിച്ചില്ല. അങ്ങനെ ആ സിദ്ധാന്തം തള്ളപ്പെട്ടു. ഖുര്‍ആനോട് യോജിക്കാത്ത സിദ്ധാന്തത്തിന്റെ ഖുര്‍ആനില്‍ പറഞ്ഞ വിധിയാണത് (ഖുര്‍ആന്‍ 17:81).
സ്രഷ്ടാവിനും സൃഷ്ടിപ്പിനുമെതിരെ കൊണ്ടുവന്ന സിദ്ധാന്തമാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍നിന്നു കാലക്രമേണ പരിണമിച്ചമുണ്ടായതാണ്. ഇത് ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന സൃഷ്ടിക്കെതിരെയുള്ള സിദ്ധാന്തമാണ്. അവതരണം മുതല്‍ കഴിഞ്ഞ 150 വര്‍ഷക്കാലത്തിലേറെയായി ഈ സിദ്ധാന്തം വിവാദമായി തുടരുന്നു!
3. സൃഷ്ടിയുടെ ദൈവികോദ്ദേശ്യവും പ്രകൃതി യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തം
യാതൊരു ലക്ഷ്യവുമില്ലാതെ സ്വയംഭൂവായി ഉണ്ടായി അനിശ്ചിതത്വത്തില്‍ തുടരുന്ന പ്രതിഭാസമായാണ് മനുഷ്യനെയും പ്രപഞ്ചത്തെയും ശാസ്ത്രസമൂഹം വിലയിരുത്തുന്നതും വിശദീകരിക്കുന്നതും. ഖുര്‍ആന്‍ മാത്രമാണ് ഈ ആശയം തെറ്റാണെന്ന് സമര്‍ഥിക്കുന്നത്. ഒരു മഹാലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു സൃഷ്ടിക്കപ്പെട്ട മഹാവ്യവസ്ഥകളാണ് മനുഷ്യനും പ്രപഞ്ചവും. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവനു ദാസ്യവൃത്തി ചെയ്യുന്നതിനായിട്ടാണ് (ഖുര്‍ആന്‍ 51:56). അല്ലാഹുവിന്റെ നിര്‍ദേശങ്ങളനുസരിച്ച് മനുഷ്യന്‍ ജീവിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ പരീക്ഷിക്കാനായി സൃഷ്ടിച്ച താല്‍ക്കാലിക സംവിധാനമാണ് ഈ പ്രപഞ്ചം (ഖുര്‍ആന്‍ 11:7). ഭൂമിയാണ് പരീക്ഷണശാല. മനുഷ്യന് ഈ ജീവിതം പരീക്ഷണജീവിതവും. പരീക്ഷണക്കാലം മുഴുവന്‍ നിലനില്‍ക്കുന്ന വിധം ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും ഈ പ്രപഞ്ചത്തില്‍, പ്രത്യേകിച്ച് ഭൂമിയില്‍ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്: ''.... നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൗകര്യമുണ്ട്. അതില്‍ നിങ്ങള്‍ ജീവിക്കും, അവിടെതന്നെ നിങ്ങള്‍ മരിക്കും, അവിടെനിന്നുതന്നെ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുകയും ചെയ്യും'' (ഖുര്‍ആന്‍ 7:24-25). ഖുര്‍ആനില്‍ പ്രപഞ്ചെത്ത പരാമര്‍ശിക്കുന്നത് 'ആകാശങ്ങളും ഭൂമിയും' എന്നാണ്. പ്രപഞ്ചത്തിലെ എത്രയോ ചെറിയ ഗ്രഹമായ ഭൂമിക്ക് ഇത്രയും പ്രാധാന്യവും പ്രസക്തിയും ലഭിച്ചിരിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യകേന്ദ്രീകൃതമായതുകൊണ്ടും (Anthropocentric), ഭൂമി മനുഷ്യ വാസകേന്ദ്രമായതുകൊണ്ടുമാണ്. അല്ലാഹുവിന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിച്ച മനുഷ്യരെ തെരഞ്ഞെടുത്ത് ഇനി സൃഷ്ടിക്കുന്ന പ്രപഞ്ചത്തിന്റെ സ്വര്‍ഗമെന്ന അനശ്വര ഭൂമിയില്‍ തന്റെ പ്രതിനിധികളും ദാസന്മാരുമായി നിയോഗിക്കുകയാണ് ദൈവികദൗത്യത്തിന്റെ അന്തിമലക്ഷ്യം (ഖുര്‍ആന്‍ 21:101-105). സൃഷ്ടിയുടെ ഈ ദൈവികോദ്ദേശ്യവുമായി പ്രകൃതി യാഥാര്‍ഥ്യങ്ങളെ വിലയിരുത്തിയാല്‍ അവ പൂര്‍ണമായും യോജിക്കുന്നതാണെന്നു കാണാം.
സൃഷ്ടിക്കപ്പെട്ടതെല്ലാംതന്നെ മനുഷ്യനു വേണ്ടിയാണെന്ന് ധാരാളം സൂക്തങ്ങളിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നു. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായി ഭൂമിയില്‍ പലവിധ വസ്തുക്കള്‍ നല്‍കിയതും (ഖുര്‍ആന്‍ 15:19-21) സസ്യങ്ങള്‍, ജന്തുക്കള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയെല്ലാം മനുഷ്യാവശ്യത്തിനു വേണ്ടിയാക്കിതും (ഖുര്‍ആന്‍ 55:10-12; 16:10-11; 36:71-73; 40:79-80; 16:14), അല്ലാഹു പരീക്ഷണ വേദിയില്‍ സംവിധാനിച്ച സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും സജ്ജീകരണങ്ങളുടെയും ചില ഉദാഹരണങ്ങളാണ്. ഭൂമിയിലും ആകാശങ്ങളിലുമുള്ളതെല്ലാം പരീക്ഷണകാലത്തെ വിഭവങ്ങളായി മനുഷ്യാവശ്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നു മാത്രമല്ല, അവയെല്ലാം തന്നെ മനുഷ്യന് വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍ 2:29; 28:60; 45:13; 14:32-33; 36:71-73; 16:5). അല്ലാഹു നല്‍കുന്ന ശാസ്ത്ര-സാങ്കേതിക ജ്ഞാനം അതിന് ഉപകരിക്കുകയും ചെയ്യുന്നു.
പ്രകൃതിയിലുള്ള മുഴുവന്‍ വസ്തുക്കളും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു പറയുമ്പോള്‍, ഭൂമിയിലെ ലക്ഷക്കണക്കിനുള്ള മറ്റു ജീവികളും അവയൊക്കെ ഉപയോഗിക്കുന്നില്ലേയെന്ന ചോദ്യം ഉയര്‍ന്നേക്കാം. അല്ലാഹു പറയുന്നത് ആ ജീവികളും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതെന്നാണ്. അവയെ നിലനിര്‍ത്താനായി മാത്രമേ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കപ്പെടുന്നുള്ളൂ. പരീക്ഷണകേന്ദ്രമായ ഭൂമിയില്‍ രണ്ടുതരം വിഭവസ്രോതസ്സുകളുണ്ട്: ഒന്ന്, പുനഃസ്ഥാപിക്കപ്പെടുന്നതും (Renewable Resources) രണ്ടാമത്തേത്, പുനഃസ്ഥാപിക്കപ്പെടാത്തതും (Non Renewable Resources). ഒന്നാമത്തേതിന്റെ ഉദാഹരണങ്ങള്‍ വെള്ളം, സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയാണ്. രണ്ടാമത്തേതിന്റെ ഉദാഹരണങ്ങളായി പറയാവുന്നത് ഭൂഗര്‍ഭവിഭവങ്ങളായ പെട്രോളിയം, ധാതുക്കള്‍ മുതലായവയാണ്. ഭൂമിയിലെ ജീവികളുടെ പ്രകൃതിവിഭവ ഉപഭോഗരീതി പരിശോധിച്ചാല്‍ വളരെ സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുക, മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളും പുനഃസ്ഥാപിക്കപ്പെടുന്ന വിഭവങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവയാണെന്നും, മനുഷ്യനു മാത്രമേ പുനഃസ്ഥാപിക്കപ്പെടാത്ത വിഭവങ്ങളുടെ ആവശ്യമുള്ളൂവെന്നുമാണ്. ഇത് വ്യക്തമാക്കുന്നത് മനുഷ്യനു വേണ്ടി മാത്രമാണ് ഈ വിഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നാണല്ലോ. മറ്റൊരു സത്യം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത്, വിഭവസംഭരണികളുടെ പരിധിയെ സംബന്ധിച്ചാണ്. അവയെല്ലാം തന്നെ ഓരോ തോതനുസരിച്ചും (ഖുര്‍ആന്‍ 15:19; 25:2) ഒരു നിര്‍ണയിക്കപ്പെട്ട കാലയളവിലേക്ക് മാത്രമായുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (13:2; 30:8; 31:29; 46:3). ലോകാവസാനം വരെയുള്ള മനുഷ്യ പരീക്ഷണകാലത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
മേലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളിലെ (7:24,25) മറ്റൊരു വിവക്ഷ പ്രപഞ്ചത്തിലെ മനുഷ്യവാസയോഗ്യമായ സ്ഥലം ഭൂമി മാത്രമാണെന്നാണ്. മനുഷ്യാവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിഭവങ്ങളാണ് അല്ലാഹു ഭൂമിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രപഞ്ചത്തിലെ മറ്റൊരിടവും മനുഷ്യന് വാസയോഗ്യമായി കണ്ടെത്തിയിട്ടില്ല.
4. ഖുര്‍ആന്‍ നല്‍കുന്ന പ്രപഞ്ച സംവിധാനത്തിന്റെയും ഭാവി സംബന്ധമായ വിവരങ്ങളുടെയും ശാസ്ത്രാടിസ്ഥാനം
മനുഷ്യനെ പരീക്ഷിക്കാനായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്ന പ്രപഞ്ചം കമ്പ്യൂട്ടര്‍ പോലെ സ്വയം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥയാണ്. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അഥവാ പ്രോഗ്രാം പ്രപഞ്ചഘടകങ്ങളില്‍ നിക്ഷിപ്തമാണെന്നും (41:12) ആ നിര്‍ദേശങ്ങളനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (7:54, 13:15, 16:48-50). എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നുണ്ടെന്നും അല്ലാഹു അറിയുന്നുണ്ടെന്നും (6:59, 10:61), വിവരം പ്രപഞ്ചത്തില്‍നിന്ന് അല്ലാഹുവിങ്കലേക്കും (57:4,5) അവിടെനിന്ന് പ്രപഞ്ചത്തിലേക്കും സഞ്ചരിക്കുന്നുണ്ടെന്നും (65:12, 34:2), ഓരോ വ്യക്തിയും മനസ്സറിഞ്ഞ് ചെയ്യുന്ന കാര്യങ്ങള്‍ ശരീരത്തില്‍തന്നെ തല്‍സമയം രേഖപ്പെടുത്തുന്നുണ്ടെന്നും (36:12, 100:6-11), സൃഷ്ടിപ്രക്രിയ എന്താണെന്നും (2:117), ഈ പ്രപഞ്ചത്തിന് അന്ത്യമുണ്ടെന്നും മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കപ്പെടുമെന്നും (21:104, 39:67), മനുഷ്യന്‍ പുനഃസൃഷ്ടിക്കപ്പെടുമെന്നും (56:47-49, 36:52) മറ്റുമുള്ള ഒട്ടേറെ ഖുര്‍ആനിക വെളിപ്പെടുത്തലുകള്‍ കമ്പ്യൂട്ടര്‍ മാതൃകയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വിശദീകരിക്കാനും മനസ്സിലാക്കാനും സാധ്യമാണ് (www.islamicscience.in).
മേല്‍ വിശകലനം വ്യക്തമാക്കുന്നത് മനുഷ്യധിഷണക്ക് ബോധ്യപ്പെടുംവിധം ഖുര്‍ആന്‍ വെളിപാടുകളെ ശാസ്ത്രീയമായി മനസ്സിലാക്കാനാവുമെന്നാണ്. ഖുര്‍ആനിലെ മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ ശാസ്ത്ര സ്ഥിരീകരണം ഖുര്‍ആന്‍ സത്യമാണെന്നും ദൈവികമാണെന്നും സംശയാതീതമായി തെളിയിക്കുന്നു.
Comments