ഗനൂശിയുടെ സെക്യുലറിസം
രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അന്നഹ്ദ അധ്യക്ഷന്‍ റാശിദുല്‍ ഗനൂശി (ഗള്‍ഫ് മാധ്യമം 2016 മെയ് 23). 90 ശതമാനം മുസ്‌ലിംകളുള്ള തുനീഷ്യയിലെ പോലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാടുമാറ്റം കേരളത്തിലെ മത സംഘടനകളുടെ അതേ നിലപാടിലേക്കല്ലേ?
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആദര്‍ശവും ലക്ഷ്യവും പൊതുവാണെങ്കിലും ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കും ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കും അനുസൃതമായ നയപരിപാടികളാണ് വിവിധ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. ഇസ്‌ലാം സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, മതപരം മുതലായ എല്ലാ ജീവിത രംഗങ്ങളെയും അഗാധമായി സ്പര്‍ശിക്കുന്ന സമഗ്ര ജീവിത വ്യവസ്ഥയാണെന്ന കാര്യത്തില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. എന്നാല്‍, ഏതു വശത്തിന്, എത്രത്തോളം ഊന്നല്‍ നല്‍കണം, സമാധാനപരമായ പരിവര്‍ത്തനത്തിന് ഏതു മാര്‍ഗം സ്വീകരിക്കണം, ആരോടെല്ലാം എത്രത്തോളം സഹകരിക്കാം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ സ്വരാജ്യത്തെ സാഹചര്യങ്ങളുടെ വെളിച്ചത്തിലേ പ്രസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാവൂ.
സുദീര്‍ഘമായ ഫ്രഞ്ച് ആധിപത്യത്തില്‍നിന്ന് മോചനം നേടിയ തുനീഷ്യ, അള്‍ട്രാ മോഡേണ്‍ ചിന്താഗതിക്കാരനായ ഹബീബ് ബൂറഖീബയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിനും കൂടുതല്‍ മോശമായ അനന്തരഗാമി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ സ്വേഛാ വാഴ്ചക്കും ശേഷം 2013-ലെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജനാധിപത്യത്തിന്റെ പ്രാണവായു ശ്വസിച്ചു തുടങ്ങിയപ്പോഴാണ് അടിച്ചമര്‍ത്തപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദക്ക് ഒട്ടൊക്കെ പ്രവര്‍ത്തന സ്വാതന്ത്ര്യം കൈവന്നത്. നാടുകടത്തപ്പെട്ട നായകന്‍ റാശിദുല്‍ ഗനൂശി സ്വദേശത്ത് തിരിച്ചുവന്ന് തന്റെ പ്രസ്ഥാനത്തെ അവധാനതയോടെ പുനരുജ്ജീവിപ്പിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അപ്രതീക്ഷിതമായ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. പക്ഷേ, അത് പൂര്‍ണാര്‍ഥത്തിലുള്ള ഒരു ഇസ്‌ലാമിക ഭരണത്തിനോ ശരീഅത്തിന്റെ പ്രയോഗവത്കരണത്തിനോ വേണ്ടിയുള്ള ഒരു മാന്‍ഡേറ്റ് ആയിരുന്നില്ലെന്ന് വിവേകശാലിയായ ഗനൂശി തിരിച്ചറിഞ്ഞിരുന്നു. കടുത്ത തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും പട്ടിണിക്കും അതിനെല്ലാം വഴിവെച്ച അഴിമതി ഭരണത്തിനുമെതിരെ, സത്യസന്ധരും മനുഷ്യസ്‌നേഹികളുമായ അന്നഹ്ദ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനത്തിന്റെ വിധിയെഴുത്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ സെക്യുലര്‍ പാര്‍ട്ടികളെയും ഒപ്പം സലഫികളെയും സഹകരിപ്പിച്ചുകൊണ്ട് ഭരണം മുന്നോട്ടുകൊണ്ടുപോവാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ, ഒരുവശത്ത് സഡന്‍ ശരീഅത്ത്‌വത്കരണത്തിന് വേണ്ടി മുറവിളി കൂട്ടിയ തീവ്ര സലഫികളും മറുവശത്ത് മതരാഷ്ട്രവാദം വരുന്നേ എന്ന് ആര്‍ത്തുവിളിച്ച തീവ്ര മതേതര വാദികളും ചേര്‍ന്ന് രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്നുവെന്ന് കണ്ടപ്പോള്‍ ഗനൂശി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും അന്നഹ്ദയെ തന്ത്രപരമായി പിന്നില്‍ നിര്‍ത്താനുമാണ് കരുക്കള്‍ നീക്കിയത്. ആ തെരഞ്ഞെടുപ്പില്‍ വിവിധ ട്രേഡ് യൂനിയനുകള്‍ ചേര്‍ന്നുണ്ടാക്കിയ 'നിദാഅ് തുനീസ്' ഏറ്റവും വലിയ കക്ഷിയായി വന്നു, അന്നഹ്ദ രണ്ടാം സ്ഥാനത്തും. മതേതര സഖ്യത്തിന് അന്നഹ്ദയെ സര്‍ക്കാറില്‍ പങ്കെടുപ്പിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെങ്കിലും അന്നഹ്ദയെ മാറ്റിനിര്‍ത്തി ഭരണം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമായിരുന്നു.
അതേയവസരത്തില്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും ദുരനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ച ഗനൂശി മതേതര സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ മാത്രമല്ല, അന്നഹ്ദയെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ഒരു സെക്യുലര്‍ പാര്‍ട്ടിയായി മാറ്റാനുള്ള തീരുമാനവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനര്‍ഥം ഇസ്‌ലാമിക പ്രബോധനം പ്രസ്ഥാനത്തിന്റെ അജണ്ടയില്‍നിന്ന് പുറംതള്ളുകയോ മതത്തെ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തുന്ന സെക്യുലരിസ്റ്റ് സങ്കല്‍പത്തെ സ്വാംശീകരിക്കുകയോ ചെയ്തുവെന്നല്ല. അതൊക്കെ മുറപോലെ തുടരും. മാറ്റം കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ചുകൊണ്ടുള്ള ദൗത്യ വിഭജനം മാത്രമാണെന്ന് അന്നഹ്ദ നേതാക്കള്‍ വിശദീകരിക്കുന്നു. മാറ്റം ദഹിക്കാത്തവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടാവുക സ്വാഭാവികമാണ്. എല്ലാ പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ അനിവാര്യത മാത്രമാണത്. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയിലും ഇഖ്‌വാനുല്‍ മുസ്‌ലിമൂനിലുമൊക്കെ നിര്‍ണായക നയംമാറ്റ വേളകളില്‍ ഭിന്നതകള്‍ രൂപപ്പെട്ടിരുന്നു, ഇന്നും അതില്ലെന്ന് പറയാനാവില്ല.
എന്നാല്‍, ഇടത്തോ വലത്തോ ഉള്ള ഏതു പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുയായികള്‍ക്ക് യഥേഷ്ടം അനുവാദം നല്‍കി, മതപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില വിശ്വാസാചാരങ്ങളില്‍ മാത്രം കാര്‍ക്കശ്യം പുലര്‍ത്തുന്ന സാമ്പ്രദായിക മത സംഘടനകളുടെ മാതൃകയിലേക്ക് തിരിച്ചുപോവുകയാണ് തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. 90 ശതമാനം മുസ്‌ലിം നാമധാരികളാണെന്നതുകൊണ്ടു മാത്രം നൂറ്റാണ്ടുകള്‍ നീണ്ട പാശ്ചാത്യ സംസ്‌കാരാധിനിവേശത്തിന്റെ ഇരകള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ശരിയായ അറിവോ ബോധമോ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍നിന്ന് ഇസ്‌ലാമിക ഭരണത്തിലേക്കുള്ള മാറ്റം അസാധ്യവുമല്ല.
തുര്‍ക്കി രാഷ്ട്രീയം എങ്ങോട്ട്?
ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ ക്രമം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആവേശവും പ്രചോദനവുമായ തുര്‍ക്കിയിലെ അക് പാര്‍ട്ടിയുടെ അമരക്കാരായ ത്വയ്യിബ് ഉര്‍ദുഗാനും ദാവൂദ് ഒഗ്‌ലുവും 'മൂപ്പിളമ' തര്‍ക്കത്തില്‍ വഴിപിരിയുമ്പോഴും പാര്‍ലമെന്റില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടുമ്പോഴും, അധികാരം എല്ലാവരെയും ദുഷിപ്പിക്കുമെന്നും ആദര്‍ശവാദികളും ഇസ്‌ലാമിസ്റ്റുകളും
പോലും അതില്‍നിന്ന് മുക്തമല്ലെന്നുമുള്ള പൊതുധാരണ ബലപ്പെടുകയല്ലേ? ആഗോള തലത്തിലുള്ള മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും പ്രതിരോധത്തിലാക്കുന്നതല്ലേ തുര്‍ക്കി രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍?
പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍
കമാലിസ്റ്റ് തുര്‍ക്കിയിലെ തീവ്ര മതേതര ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജനാധിപത്യപരവും മാനവികവുമായ മാറ്റത്തിനു വേണ്ടി സാവകാശം പണിയെടുക്കുകയും, ഒരുകാലത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ആ രാജ്യത്ത് നിഷേധിക്കപ്പെട്ട മതസ്വാതന്ത്ര്യം ക്രമാനുസൃതമായി വീണ്ടെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് അക് പാര്‍ട്ടി. അതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഒന്നായി അക് പാര്‍ട്ടിയെ ഗണിക്കാന്‍ പറ്റില്ല. ഇസ്‌ലാമിക പ്രസ്ഥാന നായകനായിരുന്ന പ്രഫ. നജ്മുദ്ദീന്‍ അര്‍ബകാന്‍ അക് പാര്‍ട്ടിയോട് യോജിച്ചിരുന്നുമില്ല. അതേയവസരത്തില്‍ തുര്‍ക്കിയെ രാഷ്ട്രീയാനിശ്ചിതത്വത്തില്‍നിന്നും പട്ടാള മുഷ്ടിയില്‍നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റി സുസ്ഥിരതയിലേക്കും സമൃദ്ധിയിലേക്കും നയിച്ച റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അനര്‍ഘ സേവനത്തെ വിലകുറച്ചു കാണുന്നതും ശരിയല്ല. ഇസ്രയേലുമായി സാമ്പ്രദായിക നയതന്ത്രബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ ഫലസ്ത്വീന്റെ ജന്മാവകാശങ്ങള്‍ക്കു വേണ്ടി വീറോടെ വാദിക്കുകയും ഹമാസിനെ പിന്തുണക്കുകയും രാഷ്ട്രാന്തരീയ പ്രശ്‌നങ്ങളില്‍ മുസ്‌ലിംകളോടുള്ള നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുകയും അഭയാര്‍ഥി പ്രശ്‌നത്തോട് പരമാവധി അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഉര്‍ദുഗാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അനുഭാവം പിടിച്ചുപറ്റിയത് സ്വാഭാവികമാണ്.
ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഉര്‍ദുഗാനും പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവും തമ്മിലെ ഭിന്നതയും തുടര്‍ന്നുള്ള ഒഗ്‌ലുവിന്റെ സ്ഥാനത്യാഗവും മുസ്‌ലിം ലോകത്ത് പൊതുവെ ഉത്കണ്ഠയുണ്ടാക്കിയത് അപ്രതീക്ഷിതമല്ല. ഇരുവരും യോജിച്ചും സഹകരിച്ചും മുന്നോട്ടു പോവണമെന്നാണ് ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരുടെ താല്‍പര്യം. പക്ഷേ, നയപരമായ ഭിന്നതകള്‍ എല്ലായ്‌പ്പോഴും ഒഴിവാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. തുര്‍ക്കിയുടെ സുസ്ഥിരതക്കും ഭദ്രതക്കും വികാസത്തിനും കൂടുതല്‍ അനുയോജ്യം അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യന്‍ ഡെമോക്രസിയാണെന്ന് കരുതുന്ന ഉര്‍ദുഗാന്‍ ആ ദിശയിലേക്കുള്ള മാറ്റത്തിന് കിണഞ്ഞു ശ്രമിക്കുകയാണിപ്പോള്‍. അതിനോട് അക് പാര്‍ട്ടിയില്‍ തന്നെ എല്ലാ നേതാക്കള്‍ക്കും യോജിപ്പില്ല. ദാവൂദ് ഒഗ്‌ലുവും അക്കൂട്ടത്തില്‍ പെടുന്നു. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യത്തെയാണ് അവര്‍ അനുകൂലിക്കുന്നത്. തന്റെ അധികാര സീമ വര്‍ധിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ഉര്‍ദുഗാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ കരുതുന്നു. മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടല്‍ ഈ ധാരണയെ ബലപ്പെടുത്തുകയും ചെയ്യുന്നു. മാറ്റത്തിന് തെരഞ്ഞെടുപ്പിനെയാണ് ഉര്‍ദുഗാന്‍ ഏകാവലംബമായി കാണുന്നത് എന്നതുകൊണ്ടണ്ട് ജനഹിതം അദ്ദേഹത്തിന് അനുകൂലമായാല്‍ ഭരണസമ്പ്രദായം സമൂല പരിവര്‍ത്തനത്തിന് വിധേയമാക്കുന്നതില്‍ തെറ്റ് കാണാനാവില്ല. ജനഹിതം തനിക്ക് എതിരാണെന്ന് ബോധ്യമാവുമ്പോള്‍ മാറിച്ചിന്തിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യാന്‍ ഉര്‍ദുഗാന്‍ സന്നദ്ധമാവുമെന്നാണ് കരുതേണ്ടത്. ചരിത്രത്തിന്റെ ഇത്തരം അനിവാര്യതകളില്‍ ആശങ്കക്ക് സ്ഥാനമില്ല.
Comments