Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും സൂക്ഷ്മതയും

ജുമൈല്‍ കൊടിഞ്ഞി

നുഷ്യന് സത്യാസത്യങ്ങള്‍ വിവേചിച്ചറിയാന്‍ അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ കാഴ്ചപ്പാടുകളോടെയും വൈകാരികതകളോടെയും ഖുര്‍ആന്‍ വായിക്കപ്പെട്ടിട്ടുണ്ട്. അറബി ഭാഷയിലെ അതുല്യ ഗ്രന്ഥം എന്ന നിലയില്‍ അതിന്റെ ഭാഷാപരമായ അമാനുഷികതകള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. സൂക്തങ്ങള്‍ക്കിടയില്‍ ശാസ്ത്ര സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച അമാനുഷിക ഗ്രന്ഥമായും ഖുര്‍ആനെ സമീപിച്ചിട്ടുണ്ട്. ചരിത്രം, തത്ത്വശാസ്ത്രം, നിയമങ്ങള്‍, പരിശീലന മാര്‍ഗങ്ങള്‍, സ്വഭാവ ഗുണങ്ങള്‍, സ്രഷ്ടാവിനോടുള്ള വൈകാരികമായ അടുപ്പം അങ്ങനെ പലതിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആനെ വായിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. 

ഇസ്‌ലാമിലെ ജ്ഞാനത്തിന്റെ ഉറവിടങ്ങളില്‍ പ്രധാനം ദൈവികമായ ഈ വെളിപാടുതന്നെയാണ്. മനുഷ്യജീവിതത്തിന്റെ ഏത് പ്രശ്‌നത്തിനും കൃത്യമായ  പരിഹാരം നിശ്ചയിക്കാനാകുന്ന അറിവുകളും അധ്യാപനങ്ങളും ലഭിക്കുന്നതും ഖുര്‍ആനില്‍നിന്നാണ്. പൂര്‍വികരായ പണ്ഡിതന്മാരും മഹാന്മാരും ഖുര്‍ആനെ ഇപ്രകാരം മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് നമുക്ക് ലഭ്യമായ മതവിധികളും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ഉള്‍ക്കൊള്ളുന്ന തഫ്‌സീറുകള്‍. 

ഓരോ കാലത്തും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥക്കനുസരിച്ച് വിജ്ഞാനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അത് വികസിപ്പിക്കാനുള്ള ചട്ടക്കൂടുകളും രൂപപ്പെടാറുണ്ട്. സമൂഹത്തെയും അതിന്റെ ഘടനയെയും അതില്‍ നടക്കുന്ന വിവിധ സംഭവങ്ങളെയും വിലയിരുത്താനും നീതിയെയും അക്രമങ്ങളെയും വേര്‍തിരിക്കാനും ഈ ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളാണ് (എപ്പിസ്റ്റമിക് ഫ്രൈംവര്‍ക്ക്) ഉപയോഗിക്കപ്പെടുക. നിലവിലെ അക്കാദമിക സാഹചര്യങ്ങളില്‍ വിശുദ്ധ ഖുര്‍ആനെ സമീപിക്കുമ്പോഴുള്ള ചില കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. 

 

ഖുര്‍ആന്‍ വായന: സമീപനങ്ങള്‍

വിശുദ്ധ ഖുര്‍ആനെ (അല്ലെങ്കില്‍ ഇസ്‌ലാമിലെ പ്രമാണങ്ങളെ) വായിക്കുന്നതിനും അതില്‍നിന്ന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിനും വിവിധ സമീപനങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസകാര്യങ്ങള്‍ (അഖീദ), കര്‍മശാസ്ത്രം (ഫിഖ്ഹ്), സ്വഭാവ ഗുണങ്ങള്‍ (അഖ്‌ലാഖ്) ഇവയിലേത് മേഖലയെ ആസ്പദിച്ച് വേദഗ്രന്ഥത്തെ  വായിക്കുമ്പോഴും, അതിന് അവലംബിക്കുന്ന രീതിയും ചട്ടക്കൂടുമനുസരിച്ച് ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. 

ഖുര്‍ആനെ സമീപിക്കേണ്ടതും വായിക്കേണ്ടതും അതില്‍നിന്ന് നിയമങ്ങള്‍ മനസ്സിലാക്കേണ്ടതും കൃത്യമായ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാകണം എന്നതാണ് ഖുര്‍ആനെ സമീപിക്കുന്നതിന്റെ ഒരു രീതി. ഇത്തരം നിയമ വ്യവസ്ഥകള്‍ വിശദമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള മദ്ഹബുകള്‍ക്കെല്ലാം ഖുര്‍ആനിനെ സമീപിക്കുന്നതിന് ഇത്തരം അടിസ്ഥാനങ്ങളുണ്ട്. അവയിലുള്ള വ്യത്യാസങ്ങള്‍ പലപ്പോഴും മദ്ഹബുകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഖുര്‍ആനിനെ പ്രത്യക്ഷാര്‍ഥത്തില്‍ എടുക്കണമെന്ന ളാഹിരികളുടെ വീക്ഷണവും, ബുദ്ധിക്കും ചിന്തക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയ മുഅ്തസിലികളുടെ വീക്ഷണവും ചരിത്രത്തിലുണ്ട്.

ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് പ്രത്യേകമായ നിയമവും വ്യവസ്ഥയും അനിവാര്യമാണ് എന്ന് പറയുമ്പോള്‍ ആ നിയമവും വ്യവസ്ഥകളും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവര്‍ക്കായിരിക്കും ഖുര്‍ആന്റെ ആശയങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുക. പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കുമായിരിക്കും അപ്പോള്‍ ഈ മേഖലയില്‍ സംഭാവനകളര്‍പ്പിക്കാനാവുക. സാധാരണക്കാര്‍ ഇവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുക. ഇതാണ് അനുകരണം (തഖ്‌ലീദ്). ഈ അനുകരണത്തിനു തന്നെ രണ്ട് രീതികളുണ്ട്. നിശ്ചിത ഇമാമും അനുയായികളും നടത്തിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മാത്രം സ്വീകരിക്കുക എന്നതാണ് അതിലൊന്ന്. അപ്പോള്‍ ഇവിടെ ഒരു സാധാരണക്കാരന് ഖുര്‍ആന്‍ വാക്യങ്ങളേക്കാള്‍ പ്രാധാന്യം, തന്റെ ഇമാമും ആ ധാരയിലെ പണ്ഡിതന്മാരും ഒരു വാക്യത്തിന് നല്‍കിയ വ്യാഖ്യാനമായിരിക്കും. കാരണം ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള വിധി ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്ന് നേരിട്ട് ലഭിക്കണം എന്നില്ല. അത് ലഭിക്കുക ആ വാക്യങ്ങള്‍ക്ക് ഇമാം നല്‍കുന്ന വിശദീകരണത്തില്‍ നിന്നായിരിക്കാം. ഖുര്‍ആനില്‍നിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവില്ലാത്തവന് ഈ രീതി അവലംബിക്കല്‍ നിര്‍ബന്ധമാണെന്ന് പല പണ്ഡിതന്മാര്‍ക്കും അഭിപ്രായമുണ്ട്. അറബി ഭാഷ കൂടി അറിയാത്ത ആളുകള്‍ക്ക് പ്രായോഗികമായി ഈ രീതി അനിവാര്യമായിത്തീരുന്ന അവസ്ഥയും ഉണ്ട്. 

ഒരു പ്രത്യേക ഇമാം അല്ലെങ്കില്‍ അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്കായി സ്വീകരിച്ച വ്യാഖ്യാന രീതിശാസ്ത്രം (ഉസ്വൂലുത്തഫ്‌സീര്‍) സ്വീകരിച്ച് ഖുര്‍ആനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നതാണ് തഖ്‌ലീദിന്റെ രണ്ടാമത്തെ ഇനം. ഇവിടെ ഖുര്‍ആന്‍ വാക്യങ്ങളെയും സൂക്തങ്ങളെയും നേരിട്ട് ഒരാള്‍ വായിക്കുകയാണ് ചെയ്യുക. പക്ഷേ അതിനുള്ള അടിസ്ഥാന ചട്ടങ്ങളും നിയമങ്ങളും താന്‍ പിന്‍പറ്റുന്ന ഇമാമിന്റേതു മാത്രമാണ് അയാള്‍ സ്വീകരിക്കുക. അപ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഒരുപോലെയാകുന്നതിനു പകരം അതിനായി അവലംബിക്കുന്ന രീതിശാസ്ത്രമാണ് ഒന്നാവുക. 

ഒരു പ്രത്യേക കാലത്ത് പ്രത്യേക സാഹചര്യത്തില്‍ ജീവിക്കുന്ന ഒരാള്‍ ഖുര്‍ആനിനെ നേരിട്ട് സമീപിക്കുകയും അതിനായി പുതിയ അടിസ്ഥാനങ്ങള്‍ (ഉസ്വൂലുത്തഫ്‌സീര്‍) വികസിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി. ഇവിടെ അയാളുടെ പരിസരത്തുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക സ്ഥിതിഗതികള്‍ വ്യാഖ്യാനത്തെ സ്വാധീനിക്കും. അവക്കനുസരിച്ചാണ് വ്യാഖ്യാനത്തിന്റെ ചട്ടക്കൂട് അയാള്‍ വികസിപ്പിക്കുന്നത്. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം, പരിസ്ഥിതി രാഷ്ട്രീയം, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വ്യാഖ്യാനശ്രമങ്ങളെ നമുക്ക് ഈ രീതിയായി പരിഗണിക്കാവുന്നതാണ്. 

ഒരാള്‍ തന്റെ ചുറ്റുമുള്ള ജ്ഞാനശാസ്ത്ര ചട്ടക്കൂടുകള്‍ക്കനുസരിച്ച് ഖുര്‍ആനെ വായിക്കാനുള്ള ശ്രമം നടത്തുന്നതും മറ്റൊരു സമീപന രീതിയാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കിയുള്ള വായനകള്‍, സ്ത്രീവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇപ്രകാരം പുതുതായി രൂപപ്പെട്ട തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്റെ വ്യാഖ്യാനങ്ങള്‍ ഉണ്ടായതോടെ ഇത്തരം എല്ലാ ആധുനിക വ്യാഖ്യാന സാധ്യതകള്‍ക്കുമപ്പുറം പൂര്‍വാധുനികമായ (പ്രീ മോഡേണ്‍) ജ്ഞാനപരിസരത്ത് ഖുര്‍ആനെ വായിക്കാനും ശ്രമം നടന്നു. അവയെ ഡികൊളോണിയല്‍ വ്യാഖ്യാന ശ്രമങ്ങള്‍ എന്ന് പറയാവുന്നതാണ്. 

 

വ്യാഖ്യാനാധികാരം (മലക തഫ്‌സീരിയ്യ)

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്. അല്ലാഹുവിന്റെ അടിമകളോടുള്ള സ്രഷ്ടാവിന്റെ ആശയവിനിമയവും സംസാരവുമാണത്. അപ്പോള്‍ ഒരു അടിമ എങ്ങനെയാണ് അല്ലാഹുവിന്റെ വാക്കുകളെ മനസ്സിലാക്കുന്നത് എന്നത് വലിയൊരു ചോദ്യമാണ്. അല്ലാഹുവിന്റെ വാക്കുകള്‍ മനസ്സിലാക്കാനുള്ള അധികാരം (അതോറിറ്റി) എല്ലാവര്‍ക്കും ഒരു പോലെ ഉണ്ടോ, അതല്ല വ്യത്യസ്തമാണോ? 

നേരത്തേ  വിവരിച്ച  പോലെ  പ്രത്യേക കഴിവുകളും അടിസ്ഥാന യോഗ്യതകളും ഉള്ളവര്‍ക്ക് മാത്രമാണ് ഖുര്‍ആനിനെ വ്യാഖ്യാനിക്കാനുള്ള അവകാശം എന്നതാണ് ഇസ്‌ലാമിക ലോകത്ത് പൊതുവെ അംഗീകരിക്കപ്പെടുന്നത്. ആദ്യകാലങ്ങളിലും പിന്നീടുള്ള കാലത്തും ഈ അധികാരത്തെ നിര്‍ണയിക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് ഉസ്വൂലുകളുടെ ഗ്രന്ഥങ്ങളില്‍ നിബന്ധനകള്‍ കാണാവുന്നതാണ്. ഈ നിബന്ധനകളില്‍ പലപ്പോഴും ചെറിയ വ്യത്യാസങ്ങളും കാണാറുണ്ട്. ഇത്തരം അധികാര സങ്കല്‍പങ്ങളെ കുറിച്ച് അക്കാദമികമായ പഠനങ്ങള്‍ ഈയടുത്തും പുറത്തുവന്നിട്ടുണ്ട്. 'അതോറിറ്റി ഇന്‍ ഇസ്‌ലാം: ഫ്രം ദ റൈസ് ഓഫ് മുഹമ്മദ് ടു ദ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ദ ഉമയ്യ' എന്ന പേരില്‍ ചിന്തകനായ ഹാമിദ് ദബ്ബാശിയുടെ രചന അതോറിറ്റിയെ കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഖാലിദ് അബു ഫദ്‌ലിനെ പോലുള്ള മറ്റു ചിന്തകരും ജ്ഞാനാധികാരത്തിന്റെ പ്രശ്‌നങ്ങളും ഇസ്‌ലാമിക പാരമ്പര്യത്തില്‍ അതിന്റെ സ്ഥാനവും വിവിധ ധാരകളില്‍നിന്ന് അതിനെതിരെ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. 

അല്ലാഹുവിന്റെ ഓരോ വ്യക്തികളോടുമുള്ള സംസാരവും ആശയവിനിമയവുമാണല്ലോ ഖുര്‍ആന്‍ വാക്യങ്ങള്‍. എന്നാല്‍ ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ കൃത്യമായ യോഗ്യതകള്‍ ഇസ്‌ലാമില്‍ നിര്‍ബന്ധവുമാണ്. അപ്പോള്‍ ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ഇസ്‌ലാമില്‍ നിബന്ധനയായി പറയപ്പെട്ട ജ്ഞാനാധികാരം ഇല്ലാത്തവര്‍ അല്ലാഹു തന്നോടു നടത്തുന്ന സംഭാഷണം എന്ന നിലയില്‍ ഖുര്‍ആനിനെ വായിക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചാല്‍ അതിന്റെ സ്വീകാര്യത, അല്ലെങ്കില്‍ ആധികാരികത എന്ത് എന്നതാണാ ചോദ്യം. ഇസ്‌ലാമില്‍ എല്ലാവര്‍ക്കും പൊതുവായി ബാധകമാകുന്ന നിയമമായി അത് പരിഗണിക്കപ്പെടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാല്‍ സ്വന്തമായി വായിക്കുന്ന ഒരാള്‍ക്ക് അയാളുടെ വ്യക്തിജീവിതത്തില്‍ അത് പകര്‍ത്താന്‍ അധികാരമുണ്ടോ? ഇവിടെ വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മതക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയില്‍ വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കാമെന്നാണ് തോന്നുന്നത്. ഉദാഹരണത്തിന് അതിസൂക്ഷ്മമായതിനെ എടുക്കുക (അല്‍അഖ്ദു ബില്‍ അത്ഖാ) എന്ന ഇമാം അബൂ ഹനീഫയുടെ ഉസ്വൂലീ തത്ത്വത്തിന്റെ വ്യാഖ്യാനമായി ഇതിനെ എടുക്കാവുന്നതാണ്. എന്നാല്‍, മറ്റുള്ളവരെ ബാധിക്കുന്ന വിഷയങ്ങളില്‍ നേരത്തേ പറഞ്ഞ ജ്ഞാനാധികാര സങ്കല്‍പം പാലിക്കേണ്ടിവരും. മറിച്ചാണെങ്കില്‍ ഇസ്‌ലാമിക വിധികളുടെ കാര്യത്തില്‍ അനിശ്ചിതത്വം രൂപപ്പെടുകയാവും ചെയ്യുക. 

 

തല്‍ഫീഖ് (പെറുക്കിയെടുക്കല്‍)

ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ട മറ്റൊരു കാര്യമാണ്  വ്യത്യസ്ത  വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ സ്വീകരിക്കുന്നതിനെ എങ്ങനെ വിലയിരുത്തും എന്നത്. ഇതിന് ഫിഖ്ഹീ പണ്ഡിതന്മാര്‍ തല്‍ഫീഖ് (പെറുക്കിയെടുക്കല്‍) എന്നാണ് പറയാറുള്ളത്. അത് ഫിഖ്ഹില്‍ തീരെ പാടില്ലാത്തതാണെന്ന് ധാരാളം പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അതിന് പ്രധാന കാരണമായി പ്രമുഖ പണ്ഡിതന്‍ ത്വാഹാ ജാബിര്‍ അല്‍വാനി പറയുന്നത്, വിധികളുടെ തെരഞ്ഞെടുക്കല്‍ അല്ലാഹുവിന്റെ വിധികളില്‍നിന്ന് ഊരിച്ചാടാനുള്ള തന്ത്രം (ഹീലത്ത്) ആയാണ് ഉപയോഗപ്പെടുത്തപ്പെടുക എന്നാണ്. അഭിപ്രായ ഭിന്നതകളില്‍നിന്ന് എളുപ്പമുള്ളത് മാത്രം സ്വീകരിച്ച് വിധികളുടെ ഉദ്ദേശ്യങ്ങളെ ഹനിക്കാനാണ് അത് കാരണമാവുകയെന്നാണ് മറ്റു പണ്ഡിതന്മാരും തല്‍ഫീഖിനെ നിരാകരിക്കാന്‍ കാരണമായി പറയുന്നത്. 

കൂടുതല്‍ സൂക്ഷ്മവും വ്യക്തവുമായ കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ വിവിധ അഭിപ്രായങ്ങളുടെ പെറുക്കിയെടുക്കല്‍ അല്ലെങ്കില്‍ മുന്‍ഗണന നല്‍കല്‍ (തര്‍ജീഹ്) സാധ്യമാകുമോ എന്നും ആലോചിക്കാവുന്നതാണ്. സൂക്ഷ്മതയുടെ ഫിഖ്ഹ് (ഫിഖ്ഹുല്‍ വറഅ്) അടിസ്ഥാനമാക്കി ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാനും ജീവിതത്തില്‍ പ്രായോഗികമാക്കാനും സാധിക്കുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. 

ഖുര്‍ആനെ അതിന്റെ ഭാഷയില്‍ തന്നെ മനസ്സിലാക്കുമ്പോഴാണ് ഇത്തരം പരിഗണനകള്‍ സാധ്യമാവുക. എന്നാല്‍ വിവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കി അത് ജീവിതത്തില്‍ പകര്‍ത്തുന്നത് വീണ്ടും സങ്കീര്‍ണമാവുകയാണ് ചെയ്യുക. നേരത്തേ പറഞ്ഞ വ്യക്തിയുടെ സ്വകാര്യകാര്യങ്ങളില്‍ അല്ലാഹുവോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ വിവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങള്‍ സാധ്യമാകാവുന്നതാണ്.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന മാര്‍ഗദര്‍ശനമെന്ന നിലയില്‍ മനുഷ്യജീവിതത്തില്‍ പ്രായോഗികമാക്കേണ്ട കാര്യങ്ങളാണ് ഖുര്‍ആനിന്റെ ഉള്ളടക്കം. അത് മനസ്സിലാക്കല്‍ വിശ്വാസിയുടെ ഇസ്‌ലാമിക ജീവിതത്തിന് അനിവാര്യമാണ്. എന്നാല്‍ അതിനെ മനസ്സിലാക്കുമ്പോള്‍ മുമ്പില്‍ വരാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനത്തെയും വിശദീകരണത്തെയും സമീ

പിക്കുമ്പോള്‍ അല്ലാഹുവോടുള്ള സൂക്ഷ്മതക്ക് (തഖ്‌വ) പ്രാധാന്യം നല്‍കുക എന്നതാണ് കരണീയമായ മാര്‍ഗം. അതിനു പുറമെ തന്റെ ജീവിതത്തില്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങളുടെ വിശദീകരണങ്ങള്‍ തേടാതിരിക്കാനുള്ള വൈജ്ഞാനിക അച്ചടക്കം കൂടി ഉണ്ടെങ്കില്‍ വിശുദ്ധ ഖുര്‍ആനിനെ അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക ജീവിതം വളരെ എളുപ്പമാകും. 


Comments