Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

'വസ്വിയ്യത്ത്' എഴുതുമ്പോള്‍

ജാസിമുല്‍ മുത്വവ്വ

ഞാന്‍ അയാളോട് ചോദിച്ചു: ''നിങ്ങള്‍ നിങ്ങളുടെ 'വസ്വിയ്യത്ത്' (വില്‍പത്രം) എഴുതിവെച്ചിട്ടുണ്ടോ?''

അയാള്‍: ''ഞാന്‍ ഇപ്പോഴും ചെറുപ്പമല്ലേ?''

ഞാന്‍: ''വസ്വിയ്യത്തിന് വയസ്സുമായി ബന്ധമില്ല. നിങ്ങള്‍ വിവാഹിതനാണ്. നിങ്ങള്‍ക്കാണെങ്കില്‍ മക്കളില്ല. ഒരുപാട് സ്വത്തും. വസ്വിയ്യത്തില്‍ ശിക്ഷണപരമായ ഒരു വശമുണ്ട്. സാമ്പത്തികമായ ഒരു വശമുണ്ട്.''

അയാള്‍: ''നല്ല ആരോഗ്യവാനായ ഞാന്‍ ഉടനെയൊന്നും മരിക്കുമെന്നു തോന്നുന്നില്ല.''

ഞാന്‍: ''വസ്വിയ്യത്തിന് പ്രായവുമായി ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ. ആയുസ്സ് അല്ലാഹുവിന്റെ കൈയിലാണ്. തന്റെ വസ്വിയ്യത്ത് രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ ഒരാളുടെയും രണ്ടു രാവുകള്‍ കടന്നുപോകരുതെന്നാണ് നബി (സ) നിര്‍ദേശിച്ചിട്ടുള്ളത്.''

അയാള്‍: ''വസ്വിയ്യത്ത് എഴുതിവെക്കാന്‍ നിങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണിപ്പോള്‍. എങ്ങനെയാണ് അത് എഴുതേണ്ടത്?'' 

ഞാന്‍ അയാള്‍ക്ക് ഒരു മാതൃകാ 'വസ്വിയ്യത്ത് പത്രം' അയച്ചുകൊടുത്തു. അയാള്‍ക്ക് സന്തോഷമായി. എനിക്ക് നന്ദി രേഖപ്പെടുത്തി മറുപടിയും വന്നു. ആ അനുഭവം മുന്‍നിര്‍ത്തി ഞാന്‍ അയാള്‍ക്ക് അയച്ചുകൊടുത്ത മാതൃകാ വില്‍പത്രം ഇവിടെ സമര്‍പ്പിക്കുന്നു: 

''ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം. നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോവുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയാകുന്നു അത്. ഇനി (വസ്വിയ്യത്ത്) കേട്ടതിനു ശേഷം ആരെങ്കിലും അത് മാറ്റിമറിക്കുകയാണെങ്കില്‍ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്‍ക്ക് മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഇനി വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തുനിന്നുതന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്‍ക്കെങ്കിലും ആശങ്ക തോന്നുകയും അവര്‍ക്കിടയില്‍ (ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതില്‍ തെറ്റില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു'' (അല്‍ബഖറ:180-182). 

നബി (സ) അരുള്‍ ചെയ്തു: ''വസ്വിയ്യത്ത് ചെയ്യുന്നതിന് അര്‍ഹമായി വല്ലതും വിട്ടേച്ചുപോകുന്ന വിശ്വാസിയെ സംബന്ധിച്ചേടത്തോളം, തന്റെ വസ്വിയ്യത്ത് എഴുതി രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ രണ്ടു രാവുകള്‍ കടന്നുപോകാന്‍ പറ്റില്ല.'' 

മരണത്തിനു മുമ്പേ വസ്വിയ്യത്ത് കല്‍പിച്ച അല്ലാഹുവിന് സ്തുതി. സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ)ക്ക് സ്വലാത്തും സലാമും. 

''ഞാന്‍ .................... പൂര്‍ണ മനസ്സോടെ, സ്വബോധത്തോടെ എഴുതി തയാറാക്കുന്ന വസ്വിയ്യത്താകുന്നു ഇത്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് (സ) അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ഗം സത്യമാണ്, നരകം സത്യമാണ്, ഖബ്‌റകങ്ങളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. ആയുസ്സ് അല്ലാഹുവിന്റെ കൈകളിലാകുന്നു. ജീവിതത്തില്‍ ഉടനീളം ചെയ്ത കര്‍മങ്ങളെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്യുമെന്നും സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.''

''രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ എന്റെ കുടുംബത്തോടും എന്റെ മക്കളോടും വസ്വിയ്യത്ത് ചെയ്യുന്നു. അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ നിഷ്ഠ പുലര്‍ത്തണമെന്നും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. കാരണം നമസ്‌കാരം ദീനിന്റെ അവിഭാജ്യഘടകവും മതത്തിന്റെ സ്തംഭവുമാകുന്നു. അന്യോന്യം നിങ്ങള്‍ നന്മ ഉപദേശിക്കാനും കുടുംബബന്ധം ചേര്‍ക്കാനും ഞാന്‍ ഉപദേശിക്കുന്നു. ആദര്‍ശവിശുദ്ധിയും വിശ്വാസദാര്‍ഢ്യവും നിങ്ങള്‍ക്ക് വേണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. ഏതു നേരത്തും അല്ലാഹുവിന്റെ ഉറങ്ങാത്ത കണ്ണുകള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം നിങ്ങള്‍ക്കുണ്ടാവണം. മുസ്‌ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കരുത്.'' 

''എന്റെ പ്രിയപ്പെട്ട മക്കളേ, നിങ്ങളെ നന്നായി വളര്‍ത്താന്‍ ഞാന്‍ എന്റെ പ്രയത്‌നം പരമാവധി വിനിയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനോട്ടം നിങ്ങളെ കടാക്ഷിക്കട്ടെ എന്നും അവന്റെ സംരക്ഷണത്തില്‍ നിങ്ങള്‍ക്ക് നിര്‍ഭയത്വത്തോടെ ജീവിക്കാന്‍ സാധ്യമാവട്ടെ എന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സ്വഭാവ ചര്യകളും മുഖേന ഇസ്‌ലാമിന്റെ വ്യാപനത്തിനും പ്രചാരണത്തിനും നിങ്ങള്‍ പരിശ്രമിക്കണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു.''

''എന്റെ മരണശേഷം എന്റെ മുതലിന്റെ മൂന്നില്‍ ഒന്നോ നാലില്‍ ഒന്നോ അഞ്ചില്‍ ഒന്നോ (എത്രയെന്ന് രേഖപ്പെടുത്തുക) ലാഭകരമായ തുറയില്‍ നിക്ഷേപിച്ച് അതിന്റെ വരുമാനം അടുത്ത കുടുംബാംഗങ്ങള്‍ക്കും സാധുക്കള്‍ക്കും ആവശ്യക്കാര്‍ക്കും വിനിയോഗിക്കണമെന്ന് ഇതോടെ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. വരുമാനത്തില്‍നിന്ന് ഒരു വിഹിതം ജീവകാരുണ്യ-മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. റമദാനിലെ സ്വദഖകള്‍, മാതാപിതാക്കളായ ഞങ്ങളുടെ ഉദ്ഹിയ്യത്തുകള്‍ തുടങ്ങിയവക്കും ഇതില്‍നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കാവുന്നതാണെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.''

''ഓരോ രാജ്യത്തിന്റെയും കാലത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ ഈ വില്‍പത്രം കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് അധികാരം ഉണ്ടായിരിക്കും. മൊത്തം തുകയുടെ നിശ്ചിത ശതമാനം പ്രത്യുല്‍പാദനമേഖലയില്‍ വിനിയോഗിച്ച് വരുമാനം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനകരമായ മേഖലകളില്‍ വിനിയോഗിക്കണം. ഈ വില്‍പത്രപ്രകാരം ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട വ്യക്തി എന്റെ കാലശേഷം എന്റെ മക്കളുടെ കൈകാര്യകര്‍തൃത്വം വഹിക്കണം. എന്റെ മൈനറായ മക്കള്‍ പ്രായപൂര്‍ത്തിയെത്തി വിവേകപ്രായമെത്തുന്നതു വരെ അവരുടെ സ്വത്ത് വകകള്‍ സംരക്ഷിക്കാനും അയാള്‍ ബാധ്യസ്ഥനായിരിക്കും. എന്റെ മക്കളില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്തവും കൈകാര്യകര്‍തൃത്വവും ചാര്‍ത്തിക്കൊടുക്കാന്‍ ഈ വസ്വിയ്യത്തില്‍ നിര്‍ദേശിക്കപ്പെട്ട വ്യക്തിക്ക് തോന്നുകയാണെങ്കില്‍, അയാളുടെ വിവേചനാധികാരം ഉപയോഗിച്ച് അങ്ങനെ ചെയ്യാവുന്നതാകുന്നു.''

''വസ്വിയ്യത്തില്‍ നിര്‍ദേശിച്ച വ്യക്തിയും മേലില്‍ ഉത്തരവാദിത്തം കൈയേല്‍ക്കുന്ന വ്യക്തിയും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും ഈ വസ്വിയ്യത്ത് പ്രകാരമുള്ള കടമകള്‍ യഥാവിധി നിറവേറ്റണമെന്നും ധനവിക്രയരംഗത്ത് ജാഗ്രത്തായ സമീപനങ്ങള്‍ സ്വീകരിക്കണമെന്നും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു.''

'വസ്സ്വലാത്തു വസ്സലാമു അലാ മുഹമ്മദ്. വലില്ലാഹില്‍ ഹംദ്, വസ്സലാം.' ................. (ഒപ്പ്). 

ഇതൊരു മാതൃകയാണ്. വസ്വിയ്യത്താണ് പ്രധാനം. ഏറ്റവും വലിയ നിരീക്ഷകനും മേല്‍നോട്ടക്കാരനും അല്ലാഹുവാണെന്ന് ഓര്‍മയിരിക്കട്ടെ.  

വിവ: പി.കെ ജമാല്‍ 

 

Comments