Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

വര്‍ണനകള്‍ക്ക് വഴങ്ങാത്ത വിസ്മയം

സുഹൈബ് സി.ടി

വിശുദ്ധ ഖുര്‍ആന്‍ വര്‍ണനകള്‍ക്ക് വഴങ്ങാത്ത വിസ്മയമാണ്. പാരായണത്തെ മനസ്സുകൊണ്ട് പിന്തുടരുന്നവന് അത് അനിര്‍വചനീയമായ അനുഭൂതി പകരുന്നു. ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. അതിലെ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേകമായൊരു ആനന്ദം മനസ്സില്‍ നിറയും. അതിന്റെ കര്‍ത്താവാനോട് വല്ലാത്ത ബഹുമാനം തോന്നിപ്പോകും. മനുഷ്യന്‍ അവന്റെ എല്ലാവിധ ദൗര്‍ബല്യങ്ങളോടെയും എഴുതിവെച്ച വാക്കുകള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന സ്വാധീനം അത്രത്തോളമാണെങ്കില്‍ അവനെയും അവന്റെ വാക്കുകളെയും പടച്ച അക്ഷരങ്ങളുടെ ഉടയ തമ്പുരാന്റെ വാക്കുകള്‍ക്ക് മുന്നില്‍ എത്ര വിനയാന്വിതരാകണം നമ്മള്‍. മറ്റൊരു ഗ്രന്ഥത്തെയും സമീപിക്കുന്ന ലാഘവത്തോടെയല്ല ഖുര്‍ആനിനെ സമീപിക്കേണ്ടത്. അത് അല്ലാഹുവിന്റെ വചനങ്ങളാണ്. ബുദ്ധിയോടും മനസ്സിനോടും ഖുര്‍ആന്‍ സംവദിക്കുമ്പോള്‍ അവയുടെയെല്ലാം സ്രഷ്ടാവാണ് സംവദിക്കുന്നതെന്ന ബോധം മറ്റേത് ഗ്രന്ഥത്തെ സമീപിക്കുന്നതിനേക്കാള്‍ ഗൗരവം നമ്മളില്‍ രൂപപ്പെടുത്തുന്നു.

എല്ലാവരും ഒരേ രീതിയിലല്ല ഖുര്‍ആനെ അനുഭവിക്കുക. ഓരോരുത്തരും സമീപിക്കുന്ന രീതികള്‍ക്കനുസരിച്ചുള്ള അനുഭൂതികളാണ് അതവരില്‍ സൃഷ്ടിക്കുക. ചിലര്‍ക്കതൊരു വഴികാട്ടിയാണ്. സ്വന്തം അസ്തിത്വത്തിന്റെ യാഥാര്‍ഥ്യവും ജീവിതത്തിന്റെ അര്‍ഥവും മനസ്സിലാകാതെ അന്തിച്ചുനില്‍ക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കാനുള്ള വഴികാട്ടി. ചിലര്‍ക്കത് വെളിച്ചമാണ്, വിശ്വാസ വൈകല്യങ്ങളും അന്ധവിശ്വാസവും ഇരുള്‍ പടര്‍ത്തിയ മനസ്സുകള്‍ക്ക് സത്യത്തിലേക്കും യാഥാര്‍ഥ്യത്തിലേക്കും വഴികാണിക്കുന്ന ദിവ്യപ്രകാശം. ചിലര്‍ക്കത് തണലാണ്. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വിമോചന സങ്കല്‍പങ്ങളുടെ വെയിലേറ്റ് ക്ഷീണിച്ചവര്‍ക്കുള്ള ആശ്വാസത്തിന്റെ തണല്‍. മറ്റു ചിലര്‍ക്കത് ശാന്തിയും ശമനവുമാണ്. ജീവിതത്തിന്റെ യാഥാര്‍ഥ്യവും മിഥ്യയും കൂടിക്കലര്‍ന്ന് ശരിയേതെന്നറിയാതെ അസ്വസ്ഥമാകുന്ന മനസ്സുകളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്ന ശാന്തിയും ശമനവും. ഇനിയും ചിലര്‍ക്കത് പ്രചോദനമാണ്. ദൈവിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടു പോകുന്നവര്‍ക്ക് പരീക്ഷണങ്ങളെ സധീരം നേരിടാന്‍ കരുത്തു നല്‍കുന്ന പ്രചോദനം. പോരാളികള്‍ക്കത് ദൈവിക സ്‌നേഹവായ്പുകള്‍ അനുഭവിച്ചറിയാനുള്ള ഉറവയാണെങ്കില്‍ ദൈവപ്രേമത്തിന്റെ വ്യക്തികേന്ദ്രീകൃത മാര്‍ഗങ്ങളില്‍ മാത്രം മുന്നോട്ടുപോകുന്നവര്‍ക്ക് വിമോചന പോരാട്ടത്തിനായുള്ള സംഘടിത ദൗത്യത്തില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ ബാധ്യതയെ ഓര്‍മപ്പെടുത്തുന്ന വെളിപാടാണത്.

ഖുര്‍ആന്‍ വായിക്കാനാരംഭിക്കുന്നതോടെ ചില തിരിച്ചറിവുകളിലേക്കാണത് നമ്മെ കൊണ്ടെത്തിക്കുന്നത്. ജീവിതത്തിലെ അടിസ്ഥാനപരമായ ചില ബോധ്യങ്ങളിലേക്ക്. അല്ലാഹുവെ തിരിച്ചറിയലാണ് അതിലൊന്നാമത്തേത്. ഈ മഹാ പ്രപഞ്ചത്തിന്റെയും അതില്‍ താനടക്കമുള്ള കോടാനുകോടി ജീവജാലങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥക്കുള്ള സംവിധാനങ്ങളുടെയുമെല്ലാം സ്രഷ്ടാവും നിയന്താവും അധികാരിയുമായ അജയ്യ ശക്തി. ആ അപാര ശക്തിക്ക് മുമ്പില്‍ ഞാനെത്ര നിസ്സാരന്‍. എന്റെ അസ്തിത്വം തന്നെ അവന്റെ ഇഛകൊണ്ട് മാത്രം സംഭവിച്ചതല്ലേ? എന്റേതെന്ന് പറയുന്ന ഒന്നും എന്റേതല്ല തന്നെ. അവന്റെ നിശ്ചയത്തിനു മുന്നില്‍ നിശ്ചലമായിപ്പോകുന്ന കഴിവുകളാണെന്റേത്. അല്ലാഹുവിന്റെ മഹത്വവും എന്റെ നിസ്സാരതയും തിരിച്ചറിയുന്ന ഞാന്‍ അപകര്‍ഷബോധത്തിലേക്ക് വീണുപോവുകയല്ല ചെയ്യുന്നത്. മറിച്ച് അത്രയും നിസ്സാരക്കാരനായ എന്നെക്കുറിച്ച് ദൈവം പറയുന്നു; ഞാന്‍ അവന്റെ സൃഷ്ടികളില്‍ ഉത്തമനാണെന്ന്, ആദരണീയനാണെന്ന്, സര്‍വോപരി അവന്റെ ഖലീഫയാണെന്ന്. അവന്റെ സൃഷ്ടികളില്‍ മറ്റാര്‍ക്കും നല്‍കാത്ത അന്തസ്സും സ്വാതന്ത്ര്യവും നല്‍കപ്പെട്ട അവന്റെ ഖലീഫ. സ്വാതന്ത്ര്യത്തിനേക്കാള്‍ വലിയ മറ്റൊരു ആദരവ് എന്തുണ്ട്!. അവന്റെ ഖലീഫയോട് അവന്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. നിസ്സാരനായ എനിക്ക് അവനെ പരിചയപ്പെടുത്തുന്നു, അവന്റെ അസ്തിത്വത്തെക്കുറിച്ച്, ശക്തിയെക്കുറിച്ച്, ഗുണങ്ങളെക്കുറിച്ച്, പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും കുറിച്ച്. എന്നെക്കുറിച്ചും പറയുന്നു. എന്റെ സ്രഷ്ടാവിനെക്കുറിച്ച്, വിശ്വാസത്തെയും ആരാധനയെും സ്വഭാവത്തെയും പെരുമാറ്റത്തെയും ബന്ധങ്ങളെയും ഇടപാടുകളെയും സാമൂഹിക-രാഷ്ട്രീയ നിലപാടുകളെയും കുറിച്ചെല്ലാം എന്നോട് സംസാരിക്കുന്നു. അത്ഭുതത്തോടെ ആ വചനങ്ങളിലൂടെ ഞാന്‍ മുന്നോട്ടുപോവുകയാണ്. ദൈവത്തെയും എന്നെയും തിരിച്ചറിഞ്ഞ ഞാന്‍ ജീവിക്കുന്ന ലോകത്തെ മനസ്സിലാക്കാന്‍ തുടങ്ങുന്നു. നശ്വരമായ ഐഹിക ജീവിതം, നൈമിഷികമായ സുഖാനന്ദങ്ങളിലേക്ക് നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുന്ന മനസ്സ്. ജീവിതത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഉള്ളില്‍ വെളിച്ചം പരത്തുമ്പോള്‍ ചുറ്റുമുള്ള ഭൗതികാലങ്കാരങ്ങള്‍ കൊതുകിന്റെ ചിറകിനോളം നിസ്സാരമായി തോന്നുന്നു. അനശ്വരമായ മറ്റൊരു ലോകത്തെക്കുറിച്ച വചനങ്ങള്‍ അനീതിയും അസ്വസ്ഥതയും പെരുകിയ ലോകത്ത് പ്രതീക്ഷാനിര്‍ഭരമായൊരു ലോകത്തെ കിനാവ് കാണിക്കുന്നു. നീതി മാത്രം പുലരുന്ന അങ്ങനെയൊരു ലോകം സജ്ജമാക്കുന്ന അല്ലാഹു ഈ ലോകത്ത് അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ എന്നെ ഏല്‍പിക്കുന്നതായി അവിടം മുതല്‍ തിരിച്ചറിയുന്നു.

പിന്നീട് ഞാനെന്ന വ്യക്തിയില്‍നിന്നും ഞാനുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്ക് ഞാന്‍ ഇറങ്ങി നില്‍ക്കുകയാണ്. എനിക്കു ചുറ്റും ആശയങ്ങളുടെ സംഘട്ടനങ്ങളാണ്. മനുഷ്യന്റെ ജീവിതം മനോഹരമാക്കാന്‍ അവന്‍ തന്നെ രൂപപ്പെടുത്തിയ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും. യാഥാര്‍ഥ്യവും മിഥ്യയും കൂടിക്കലര്‍ന്നിരിക്കുന്നു. സത്യം തിരിച്ചറിയുന്നതില്‍നിന്നും എന്നെ തടയുന്നതെന്താണ്? ഞാന്‍ സ്വീകരിച്ച ആശയം പാരമ്പര്യമായി ഞാന്‍ സ്വീകരിച്ചതല്ലേ? അതിനെ കുറിച്ചാണല്ലോ ഖുറൈശി വിശ്വാസദര്‍ശനത്തെ എതിര്‍ത്തുകൊണ്ട് ഖുര്‍ആന്‍ പറയുന്നത്; 'അവര്‍ക്ക് യാതൊരു അറിവുമില്ല. അവരുടെ പൂര്‍വ പിതാക്കള്‍ക്കും അറിവില്ല'' (അല്‍കഹ്ഫ് 5). ആളുകളുടെ എണ്ണപ്പെരുപ്പം നോക്കിയല്ലേ ആ ആശയത്തെ ഞാന്‍ സ്വീകരിച്ചത്; അതിനെ കുറിച്ചാണല്ലോ ആ വചനങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത്. 'ചീത്തതും നല്ലതും സമമാവുകയില്ല. ചീത്തതിന്റെ എണ്ണപ്പെരുപ്പം നിന്നെ എത്ര അത്ഭുതപ്പെടുത്തിയാലും ശരി'' (അല്‍മാഇദ 100). പണവും ഭൗതിക നേട്ടങ്ങളുമാണോ പ്രസ്തുത ആശയത്തെ മേധാവിത്വമുള്ള ആശയമായി ഞാനിഷ്ടപ്പെടാന്‍ കാരണമായത്? അതിനെക്കുറിച്ചല്ലേ ത്വാലൂത്തിന്റെ രാജാവാകാനുള്ള യോഗ്യതയെ ചോദ്യം ചെയ്തവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടിയിലൂടെ ബോധ്യപ്പെടുത്തുന്നത്? 'അവര്‍ ചോദിച്ചു: അദ്ദേഹത്തിനെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? അതിനു മാത്രം സമ്പത്തൊന്നും അദ്ദേഹത്തിനില്ലല്ലോ. (അപ്പോള്‍ ആ പ്രവാചകന്‍ പറഞ്ഞു) അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അറിവിലും ആരോഗ്യത്തിലും വര്‍ധനവ് അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടുണ്ട്'' (അല്‍ബഖറ 247). അങ്ങനെ പാരമ്പര്യത്തിന്റെ ആശയം സ്വീകരിച്ചവരുടെ എണ്ണപ്പെരുപ്പത്താലും ഭൗതിക വിഭവങ്ങളുടെ അടിസ്ഥാനത്തിലുമൊക്കെ ഏതെങ്കിലും ദര്‍ശനത്തെ പിന്‍പറ്റുകയും പിന്തുണക്കുകയും ചെയ്യുന്നതിനെ ശക്തമായി നിരൂപണം ചെയ്ത് മിഥ്യയുടെ മറ നീക്കി സത്യത്തെ വെളിപ്പെടുത്തുമ്പോള്‍ സാമൂഹിക ജീവിതത്തിലെ യഥാര്‍ഥ ആശയത്തെ എനിക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു. ആ വിമോചന സിദ്ധാന്തത്തെ എന്റെ ജീവിതത്തോട് ചേര്‍ത്തുവെക്കുന്നതോടെ ഉന്നതമായൊരാദര്‍ശം നെഞ്ചേറ്റിയ ഉത്തമ സമൂഹത്തിലെ ഒരംഗമായി ഞാന്‍ മാറുകയാണ്. ആ ഉമ്മത്തിന്റെ സംസ്‌കാരവും ദൗത്യവും വിജയനിദാനവും എന്റെ മുന്നില്‍ വെക്കപ്പെടുകയായി. അവിടെ ചരിത്രത്തിന്റെ ഏടുകള്‍ എനിക്ക് മുന്നില്‍ തുറന്നുവെക്കപ്പെടുകയാണ്. ആദ് സമൂഹവും സമൂദും നംറൂദും ഫിര്‍ഔനും ഖാറൂനും മദ്‌യന്‍ നിവാസികളും ബനൂഇസ്രാഈല്‍ സമൂഹവുമെല്ലാം എന്റെ മുന്നില്‍ ദൃശ്യവത്കരിക്കപ്പെടുകയാണ്. അവിടെ ഞാനെന്റെ നായകരെ കണ്ടെത്തുന്നു. ചരിത്രത്തിന്റെ മുന്നോട്ടുപോക്ക് ഡാര്‍വിന്‍ സിദ്ധാന്തിച്ചതുപോലെ ഭൗതിക ശക്തിയുള്ളവന്‍ ദുര്‍ബലനു മേല്‍ നേടുന്ന വിജയത്തിലൂടെയോ മാര്‍ക്‌സ് പറഞ്ഞ തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വര്‍ഗ സംഘട്ടനത്തിന്റെതോ അല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. അത് സത്യവും അസത്യവും ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടത്തിന്റെ ആവര്‍ത്തനങ്ങളാണ്. സകലവിധ ഭൗതിക സന്നാഹങ്ങളോടെ അധികാരത്തിന്റെയും പണത്തിന്റെയും പൗരോഹിത്യത്തിന്റെയും കുലമഹിമയുടെയും വരേണ്യബോധം കൊണ്ടുനടന്ന മലഉകള്‍ അസത്യത്തെയും അനീതിയെയും പ്രതിനിധീകരിച്ചപ്പോള്‍, ചങ്കൂറ്റത്തോടെ സത്യത്തെയും നീതിയെയും പ്രതിനിധീകരിച്ച പ്രവാചകന്മാരും വിശ്വാസികളായ അവരുടെ ചെറുസംഘവും സത്യത്തിന്റെ ആത്യന്തിക വിജയം സാക്ഷാത്കരിച്ചത് എനിക്ക് മുന്നില്‍ തെളിഞ്ഞുവരുന്നു.

അതൊരു ദൗത്യത്തിന്റെ കൈമാറ്റം കൂടിയാണ്. ആദര്‍ശ സമൂഹത്തിന്റെ ഭാഗമായി നിന്ന് ഞാന്‍ ചുറ്റും നോക്കുന്നു. ഖുര്‍ആനിക വചനങ്ങള്‍ എനിക്കു മുന്നില്‍ സമര്‍പ്പിച്ച ഉന്നതമായ ആശയവിതാനത്തില്‍നിന്ന് നോക്കുമ്പോള്‍ എനിക്ക് ചുറ്റും അന്ധകാരം പരന്നതായി കാണുന്നു. തൗഹീദിന്റെ വെളിച്ചമെത്താത്ത കോടിക്കണക്കിനാളുകള്‍... അവരില്‍ എല്ലാ വിഭാഗമാളുകളുമുണ്ട്. അധികാരികളുണ്ട്, പ്രജകളുണ്ട്, ധനികരും ദരിദ്രരുമുണ്ട്, വരേണ്യരെന്ന് വിചാരിക്കുന്നവരും അധമരെന്ന് മുദ്രകുത്തപ്പെട്ടവരുമെല്ലാമുണ്ട്. അവരുടെ ജീവിതത്തെ പൊതിഞ്ഞ മുഴുവന്‍ അന്ധകാരങ്ങളില്‍നിന്നും ഏകദൈവത്വദര്‍ശനത്തിന്റെ വെളിച്ചത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തേണ്ടത് അടിസ്ഥാനബാധ്യതയാണെന്ന് ദൈവിക വചനങ്ങള്‍ എനിക്ക് മുന്നില്‍ സമര്‍ഥിച്ചുകഴിഞ്ഞു. ആദര്‍ശവിമോചനത്തെ മാനവിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ പഠിപ്പിക്കുമ്പോള്‍തന്നെ, സാമൂഹിക നീതിയുടെ മാര്‍ഗത്തില്‍ ഒരു പക്ഷംചേരലിനെ കുറിച്ച് കൂടി ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അത് അനീതിക്കിരയാകുന്ന, പീഡനങ്ങള്‍ക്ക് വിധേയമാകുന്ന വിഭാഗങ്ങളുടെ പക്ഷത്തു നിന്ന് അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള സാമൂഹിക പോരാട്ടത്തെക്കുറിച്ച ശക്തമായ ആഹ്വാനമാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന 'മലഉകള്‍' (പ്രമാണി വര്‍ഗം) ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അധീശത്വബോധവും വരേണ്യബോധവും വെച്ചുപുലര്‍ത്തുന്ന വിഭാഗമാണ് 'മലഉകള്‍' എന്നും. സത്യത്തിന് വിലങ്ങുതടിയായി നിന്ന അവര്‍ക്കെതിരെ 'മുസ്തള്അഫു' (ദുര്‍ബലമാക്കപ്പെട്ടവര്‍)കളുടെ പക്ഷം ചേരുന്ന ഒരു രാഷ്ട്രീയ വിമോചനം കൂടി അല്ലാഹു ഏല്‍പിക്കുകയാണ്. എന്റെ മുന്നോട്ടുപോക്കില്‍ എന്റെ സ്‌പേയ്‌സ് അവിടെ വ്യക്തമാവുകയാണ്. വ്യക്തിയായും ഖൈറു ഉമ്മത്തിന്റെ ഭാഗമായും, ആത്മീയമായും സാമൂഹികമായും ഞാന്‍ ആരാണെന്നും എന്താണെന്നുമുള്ള വലിയ തിരിച്ചറിവില്‍ ഖുര്‍ആന്‍ അടച്ചുവെച്ച് പുറത്തിറങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പ്രകാശം എനിക്ക് മുന്നില്‍ തിളങ്ങുന്നു. 'നൂറുന്‍ അലാ നൂര്‍'-വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്/തിളക്കമാണ്. 



Comments