അഗതി
ഞങ്ങളോട് വെടിവട്ടം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് ഷിഹാബെന്തിനാണ് വീടിനുള്ളിലേക്ക് വലിഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. മധ്യവയസ്സ് പിന്നിട്ട ആ സ്ത്രീ ഗേറ്റിനരികില്‍ നിന്ന് വീടിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഷിഹാബ് മുങ്ങിയതാണ്. കാശുകാരുടെ വീട്ടിലേക്ക് സഹായത്തിനായി പണമിരന്നെത്തുന്നവര്‍ നാള്‍ക്കുനാള്‍ കൂടുകയാണ്. ചിലരൊക്കെ ഇതൊരു തട്ടിപ്പായും കൊണ്ടുനടക്കുന്നുണ്ട്. നിര്‍മാണ ജോലിയുമായി പല വീടുകളില്‍ ചെല്ലുമ്പോഴും ഞാന്‍ കാണാറുള്ള കാഴ്ചയാണിത്.
ഷിഹാബ് സമ്പന്നനാണ്. വീടിനോട് അറ്റാച്ച് ചെയ്ത ഒരു കാര്‍പോര്‍ച്ചുണ്ടെങ്കിലും രണ്ടു വാഹനത്തിനൊരേസമയം ഇടമില്ലാത്തതിനാല്‍ പുതിയൊരു പോര്‍ച്ച് പണിയുകയാണ്.
ആ സ്ത്രീ പലവട്ടം കോളിംഗ് ബെല്‍ മുഴക്കിയപ്പോള്‍ ഷിഹാബിന്റെ ഭാര്യ വന്ന് വാതില്‍ തുറന്നു. ''ഷിഹാബിക്ക ഇവിടെയില്ല. രണ്ടീസം കഴിഞ്ഞേ വരൂ''- അലോസരം മുഖത്തു നിന്നൊളിപ്പിക്കാതെ തന്നെ അവള്‍ പറഞ്ഞു.
''ഡോക്ടറെ കാണേണ്ട ദിവസം ഇന്നായിരുന്നു.'' കൊക്കി കുരച്ചു കൊണ്ട് അഗതി ആവശ്യം അറിയിച്ചു. പക്ഷേ, തുടര്‍ സംസാരത്തിനിടം കിട്ടാതെ അവരുടെ മുന്നില്‍ ഒച്ചയോടെ വാതിലടഞ്ഞു. എന്നിട്ടും അവര്‍ കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ തല വിറപ്പിച്ചുകൊണ്ട് നടന്നകന്നു.
പാപമാണ്. അവര്‍ സഹായം അര്‍ഹിക്കുന്നുണ്ട്. ഷിഹാബിനെന്തെങ്കിലും കൊടുക്കാമായിരുന്നു.... ഞാന്‍ അകമെ പരിഭവപ്പെട്ടു.
അവര്‍ പോയെന്നുറപ്പായപ്പോള്‍ ഷിഹാബ് ഞങ്ങള്‍ തൊഴിലാളികളുടെ അടുത്തേക്ക് വീണ്ടും വന്നു.
''മുങ്ങ്യേതാണല്ലേ?'' ഞാന്‍ ഒരല്‍പം നീരസത്തോടും എന്നാല്‍ സൗഹൃദത്തോടും കൂടി ചോദിച്ചു.
ഷിഹാബപ്പോള്‍ നിര്‍മമനായി പറഞ്ഞു: ''ഉമ്മയാണ്. കായി ചോദിച്ച് എടക്കൊക്കെ വരും. മറ്റുള്ളോരേ ബുദ്ധിമുട്ടിക്കാന്‍.''
ഞാന്‍ ഞെട്ടി. അടുത്ത ക്ഷണം ജോലിയില്‍ ശ്രദ്ധ പിഴച്ച് ചുറ്റിക എന്റെ വിരലില്‍ കൊണ്ട് ചോര തെറിച്ചു.
ശിരോവസ്ത്രം കൊണ്ട് കണ്ണുകള്‍ തുടച്ച് മറഞ്ഞ ആ സ്ത്രീ എന്റെയും ഉമ്മയല്ലേ...!?
Comments