ബഹുസ്വരതയെക്കുറിച്ചുതന്നെ
'ബഹുസ്വരത ഖുര്ആനികാശയം തന്നെ' എന്ന തലക്കെട്ടിലുള്ള വി.എ.എം അശ്റഫിന്റെ കത്ത് (ലക്കം 2953) വായിച്ചു. മത, ജാതി, വര്ണ, ഭാഷാ, സമുദായ ബഹുസ്വരതകള് 'ദൈവിക പദ്ധതിയുടെ ഭാഗം തന്നെയാണ്' എന്ന് പറയുമ്പോള് ഇസ്ലാമിക ഉമ്മത്തിന്റെ (മുസ്ലിം ഉമ്മത്ത്) പദ്ധതികള് മറ്റെന്താണ് എന്ന ചോദ്യം സ്വാഭാവികമായും അര്ഥഗര്ഭമാണ്. അല്ലാഹുവിന്റെയും ഖുര്ആന്റെയും പ്രവാചകന്മാരുടെയും ഇസ്ലാമിക പദ്ധതി രാഷ്ട്രീയമായി ആവിഷ്കരിക്കപ്പെടുന്ന സന്ദര്ഭത്തില് മേല്പ്പറഞ്ഞ 'ബഹുസ്വരത'കള് അപ്രസക്തവും രാഷ്ട്രീയമായി അര്ഥരഹിതവുമാകും എന്നതാണ് എന്റെ വാദം. മഅ്റൂഫുകള് കല്പിക്കുകയും മുന്കറുകള് തടയുകയും ചെയ്യുക എന്ന മുസ്ലിം ഉമ്മത്തിന്റെ ഇസ്ലാമിക ബാധ്യത രാഷ്ട്രീയമായി നിര്വഹിക്കപ്പെടുക എന്നതും അധികാരപരവും രാഷ്ട്രീയവുമായ മുന്കറുകള്ക്കെതിരെ ചെറുത്തുനില്ക്കുക എന്നതും ഏകസ്വരപരമാണ്. അധികാര വ്യവസ്ഥക്കെതിരെയുള്ള ചെറുത്തുനില്പ്, നിലനില്ക്കുന്ന ബഹുസ്വരതകള്ക്ക് അകത്തുകടന്ന് പ്രവര്ത്തിക്കേണ്ടതിന്റെ ഇസ്ലാമികവും ആ അര്ഥത്തില് രാഷ്ട്രീയവുമായ ആവശ്യകതയിലാണ് എന്റെ കത്ത് (2950) ഊന്നുന്നത്.
വിശുദ്ധ ഖുര്ആന് 5:48-ാം വാക്യത്തിലെ ഉമ്മത്ത് എന്ന പദം ഇന്ന് നിലവിലുള്ള മുസ്ലിം സമുദായം, ഈഴവ സമുദായം, ക്രിസ്ത്യന് സമുദായം, ദലിത് സമുദായം മുതലായ 'സമുദായ'ങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് വി.എ.എം അശ്റഫ് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് എല്ലാ ജനങ്ങളെയും അല്ലാഹു ഇന്നത്തെ 'മുസ്ലിം സമുദായ'മാക്കുമായിരുന്നു എന്ന ധ്വനി അതിലുണ്ട്. ഉമ്മത്ത് എന്നത് രാഷ്ട്രീയ സമൂഹമാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് എല്ലാ സമുദായങ്ങളെയും ഉത്തമ സമൂഹ(ഖൈറ് ഉമ്മത്ത്)മാക്കുമായിരുന്നു, പക്ഷേ, അങ്ങനെ ചെയ്യാതിരുന്നത് അവന് നിങ്ങള്ക്ക് നല്കിയിട്ടുള്ളതില് നിങ്ങളെ പരീക്ഷിക്കാനാണെന്നാണ് ഖുര്ആനില് അല്ലാഹു പറയുന്നത് (അതേ വാക്യം). ഉമ്മത്തുകളുടെ ബഹുസ്വരതക്ക് നിദാനം സമുദായ സ്വത്വം ഉള്പ്പെടെയുള്ള സ്വത്വ ബഹുസ്വരതകള് (പലമകള്) അല്ല എന്നതിന് ഇതില്പരം മറ്റെന്തു തെളിവാണ് ഇനി വേണ്ടത്?
'സാമ്രാജ്യത്വ സൃഷ്ടി' എന്ന ഒരു പ്രയോഗമേ എന്റെ കത്തിലില്ല. കേവലമായി സാമ്രാജ്യത്വം എന്ന വാക്കും അതിലില്ല. 'ബഹുസ്വരത'ക്ക് പിന്നിലുള്ള സ്വത്വ(സമുദായ-മത) രാഷ്ട്രീയം ഉത്തരാധുനിക മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ് എന്നതാണ് എന്റെ വാദം. ദലിതനും കീഴാളനും അവരുടെ വിഭവപരമായ ദലിതത്വത്തെയോ കീഴാളത്വത്തെയോ അന്വേഷിക്കുന്നതിനു പകരം അവന് അവന്റെ ദലിത്-കീഴാള 'സ്വത്വം' അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നാണ് ഉത്തരാധുനിക സിദ്ധാന്തവും മുതലാളിത്തവും പറയുന്നത്. അങ്ങനെ ദലിതനും കീഴാളനും അവന്റെ സ്വത്വം 'ഹിന്ദു'വില് കണ്ടെത്തുകയും ഗുജറാത്തില് അത് നാം നേരിട്ട് കാണുകയും ചെയ്തു. വിഭവസമത്വവും വിഭവകര്തൃത്വവും ഞങ്ങള്ക്ക് വേണ്ടാ, ഞങ്ങള്ക്ക് ഞങ്ങളുടെ 'സ്വത്വം' മതി എന്ന് ദലിതനും കീഴാളനും പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നതോടെ മുതലാളിത്തവും ഉത്തരാധുനിക നവ സിദ്ധാന്തവും അതിന്റെ 'സൂക്ഷ്മ രാഷ്ട്രീയ'വും കളം വിട്ടൊഴിയുകയും 'വിദ്വേഷത്തിന്റെ കനല്' താനേ എരിയുകയും ചെയ്യുന്നു. ഇതൊക്കെ നന്നായറിയാവുന്നത് മുതലാളിത്തത്തിനാണ്. അവരുടെ അതിജീവന സാമര്ഥ്യത്തിന്റെ ചാവേറുകളാകാന് നാം ഇപ്പോഴും കാണിക്കുന്ന ഔത്സുക്യം അമ്പരപ്പിക്കുന്നതാണ് എന്ന് പരാമര്ശിത കത്ത് വെളിവാക്കുന്നു. മുതലാളിത്ത-പുരുഷാധിപത്യ-സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളില്നിന്നുണ്ടാകേണ്ട 'വിദ്വേഷണ്ടത്തിന്റെ കനലി'ല്നിന്ന് മുതലാളിത്തം സ്വയം രക്ഷിക്കുന്നത് മത, ജാതി, സമുദായ 'സ്വത്വ'ങ്ങളുടെ അഗ്നിക്ക് ജനങ്ങളില് തിരി കൊളുത്തിക്കൊണ്ടാണ് എന്ന് ചുരുക്കം.
'പാപമുക്തി', 'പരമഗതി', 'മോചനം' എന്നിങ്ങനെ 'മോക്ഷ'ത്തിന് നാനാര്ഥങ്ങളുണ്ടാകാം. ഇസ്ലാമില് പക്ഷേ ഇത്തരം നാനാര്ഥങ്ങള്ക്ക് യാതൊരു പ്രസക്തിയും സ്ഥാനവുമില്ല. ഇസ്ലാമില് അന്തിമ വിജയം (ആഖിബത്ത്) എന്നത് തഖ്വയുടെ നൈരന്തര്യത്തിലാണ്. ഖൈറാത്തുകളിലുള്ള മുന്നേറലുകള് എന്ന് ഖുര്ആന് (5:48).
Comments