Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

ത്യാഗമാണ് നോമ്പിന്റെ ആത്മാവ്‌

ടി. മുഹമ്മദ് വേളം

നന്‍മ ചെയ്യണം, തിന്‍മകളില്‍നിന്ന് വിട്ടുനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ് പൊതുവില്‍ മനുഷ്യര്‍. ആ ആഗ്രഹത്തില്‍ പലപ്പോഴും നാം പരാജയപ്പെട്ടുപോകാറാണ് പതിവ്. എന്തുകൊണ്ട് പരാജയപ്പെടുന്നു? ത്യജിക്കാനുള്ള ശേഷിയുടെ കുറവാണ് പരാജയത്തിന്റെ കാരണം. നന്‍മ ചെയ്യാനും  തിന്‍മവര്‍ജിക്കാനുമുള്ള കരുത്തിനാണ് വിശുദ്ധ ഖുര്‍ആന്‍ തഖ്‌വ എന്നുപറയുന്നത്. തഖ്‌വയെ സാധ്യമാക്കുന്നത് ത്യജിക്കാനുള്ള ശേഷിയാണ്. ഈ ശേഷിയെ വര്‍ധിപ്പിക്കുന്ന പരിശീലന പദ്ധതിയാണ് നോമ്പ്. 'നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണ് പൂര്‍വികര്‍ക്കെന്നപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്' എന്നാണ് ഖുര്‍ആന്‍ പറയുന്നത് (അല്‍ ബഖറ 183). ഭക്തിയുടെ വഴി ത്യാഗത്തിന്റേതാണ്. എന്തും ത്യജിക്കാനുള്ള പരിശീലനമാണ് നോമ്പ് നല്‍കുന്നത്. എന്തും ത്യജിക്കാനാണ് പൊതുവില്‍ ഇസ്‌ലാം വിശ്വാസിയോട് ആഹ്വാനം ചെയ്യുന്നത്.

ത്യാഗം അര്‍ഥപൂര്‍ണമാവുന്നത് സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ്. ത്യാഗങ്ങളുടെ മഹത്വങ്ങള്‍ സന്ദര്‍ഭനിരപേക്ഷമല്ല. ത്യാഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമായി മനസ്സിലാക്കപ്പെടാറുള്ളത് രക്തസാക്ഷ്യമാണ്. രക്തസാക്ഷ്യം പോലും മഹത്തരമാകുന്നത് സന്ദര്‍ഭപരമായി മാത്രമാണ്. എങ്ങനെയെങ്കിലും രക്തസാക്ഷിയാകുന്ന രക്തസാക്ഷ്യങ്ങള്‍ ഇസ്‌ലാമികമായ രക്തസാക്ഷ്യങ്ങളാവുകയില്ല. ഏതൊരാളെ സംബന്ധിച്ചേടത്തോളവും എപ്പോഴും ഏറ്റവും വലിയ ത്യാഗം രക്തസാക്ഷ്യവുമല്ല. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ത്യാഗം സ്ഥൂലമെന്നതിനേക്കാള്‍ സൂക്ഷ്മമാണ്. സാമൂഹികം എന്നതിനേക്കാള്‍ വൈയക്തികമാണ്. ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ത്യാഗങ്ങളുണ്ടാകും. ചരിത്രത്തിലെ ആഘോഷിക്കപ്പെട്ട ത്യാഗാനുഭവങ്ങള്‍. യുദ്ധങ്ങളും രക്തസാക്ഷ്യങ്ങളും പലായനങ്ങളും ചരിത്രത്തിന്റെ ലൈംലൈറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന ത്യാഗേതിഹാസങ്ങളാണ്. ഇതിന്റെ പ്രാധാന്യം ഒട്ടും ചെറുതായി കാണാന്‍ കഴിയില്ല. ചരിത്രത്തെ മുന്നോട്ടു നയിച്ചത് ഈ വെടിയലുകളും ചോരപ്പാടുകളും തന്നെയാണ്. എന്നാല്‍ ചരിത്രപരമായി പ്രധാനമല്ലാത്ത ത്യാഗത്തിന്റെ തീവ്രാനുഭവങ്ങളും ഉണ്ട്. ചരിത്രത്തിലെ ത്യാഗത്തിനു പകരം ത്യാഗത്തിന്റെ ചരിത്രം രേഖപ്പെടുത്തിയാല്‍ ഏറെ മൂല്യവത്തായ അനുഭവങ്ങളായി അത് മനസ്സിലാക്കപ്പെടും. ഒരു പെരുംമഴയില്‍ ഗുഹയില്‍ അഭയം പ്രാപിക്കുകയും പെരുംകാറ്റിനാല്‍ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടഞ്ഞുപോയി അതില്‍ അകപ്പെട്ട പൂര്‍വ മുസ്‌ലിം സമൂഹത്തിലെ മൂന്നു പേരുടെ കഥ പ്രവാചകന്‍ (സ)പറയുന്നുണ്ട്. അവരില്‍ ഓരോരുത്തരും അവരവര്‍ ചെയ്ത ഏറ്റവും ത്യാഗസുരഭിലമായ കര്‍മങ്ങള്‍ എടുത്തുപറഞ്ഞ് അതിനെ മുന്‍നിര്‍ത്തി ഈ വിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ഓരോരുത്തരുടെയും പ്രാര്‍ഥനക്കു  ശേഷം കല്ല്  അല്‍പാല്‍പമായി നീങ്ങി. മൂന്നാമത്തെയാളുടെ പ്രാര്‍ഥനയോടെ അവര്‍ക്ക്  പുറത്തു കടക്കാവുന്ന പാകത്തില്‍ ഗുഹാമുഖം അടച്ചിരുന്ന കല്ല് നീങ്ങി. ഈ മൂന്നുപേരുടെ മഹിത ത്യാഗങ്ങളും ഒരു ചരിത്രപ്രസക്തിയും ഉള്ളവയല്ല. പ്രവാചകന്‍ പറഞ്ഞതുകൊണ്ടുമാത്രം ചരിത്രം അറിഞ്ഞ ത്യാഗപ്പാടുകളാണവ. ചെയ്തവരും ആ ത്യാഗത്തിന്റെ ഗുണഭോക്താക്കളായ ഒന്നോ രണ്ടോ പേരും മാത്രമറിയുന്ന രഹസ്യാനുഭവങ്ങള്‍. ചരിത്രമൂല്യമില്ല എന്നതുകൊണ്ട് അതിന്റെ ത്യാഗമൂല്യം ഒരിക്കലും കുറയുന്നില്ല. ഇങ്ങനെ ചരിത്രത്തെ ശബ്ദമുഖരിതമാക്കാത്ത, പൊടിപടലങ്ങള്‍ ഉയര്‍ത്താത്ത എത്രയോ ത്യാഗസംഭവങ്ങളുണ്ട്. അല്ലാഹുവിന്റെയടുത്ത് മഹത്വത്തിന്റെ മഹാമൂല്യങ്ങളുള്ളവയാണവ. ചരിത്രത്തിലെ അറിയപ്പെടാത്ത മനുഷ്യരുടെ അറിയപ്പെടാത്ത ത്യാഗോജ്വലതകള്‍.

ത്യാഗം മിക്കപ്പോഴും സൂക്ഷ്മസ്വരൂപിയാണ്. ചരിത്രത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞ, അത് പ്രതിബിംബിച്ച ത്യാഗാടയാളങ്ങളേക്കാള്‍ എത്രയോ അധികമാണ് ചരിത്രത്തിന്റെ ഒരു ദര്‍പ്പണത്തിലും പതിയാത്ത ത്യാഗസംഭവങ്ങള്‍. ഏറ്റവും തീവ്രവും വേദനാപൂര്‍വവുമായ ത്യാഗമേതെന്ന ചോദ്യം പ്രസക്തമാണ്. അത് ഓരോ വ്യക്തിക്കും ഓരോന്നായിരിക്കും. സന്ദര്‍ഭമനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കും. രക്തസാക്ഷ്യത്തേക്കാള്‍ തീവ്രവും എന്നാല്‍ ത്യാഗമെന്ന നിലയില്‍ അത്ര പൊതുശ്രദ്ധയില്‍ വന്നിട്ടില്ലാത്തതുമായ ചില അനുഭവങ്ങളെകുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതു പ്രധാനമായും അല്ലാഹുവിന്റെ കല്‍പ്പനയെ മുന്‍നിര്‍ത്തി നടത്തിയ ആത്മാഭിമാന ത്യാഗങ്ങളാണ്. ആത്മാഭിമാനത്തിന്റെ സംരക്ഷണം. ഇസ്‌ലാമിന്റെ, അതിന്റെ പ്രായോഗിക പദ്ധതിയായ ശരീഅത്തിന്റെ മുഖ്യലക്ഷ്യങ്ങളിലും പ്രധാന പരിഗണനകളില്‍ ഒന്നാണ്. സാമാന്യാര്‍ഥത്തില്‍ ഇസ്‌ലാം ഏതു വ്യക്തിയുടെയും ആത്മാഭിമാന സംരക്ഷണത്തിനു വേണ്ടിയാണ് നിലയുറപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ ജീവിതത്തിന്റെ ചില അപൂര്‍വഘട്ടങ്ങളില്‍ ഇസ്‌ലാം അതും നമ്മോട് ബലിയായി ചോദിക്കും. കണ്ണീരും ചോരയുമിറ്റുന്ന നമ്മുടെ തന്നെ ആത്മാഭിമാനം നാം തന്നെ പറിച്ചെടുത്തുകൊടുക്കേണ്ടിവരും. ലോകത്തിലെ ഏറ്റവും വേദനാനിര്‍ഭരമായ ത്യാഗം അതാണ്. പീഡനപൂര്‍വം സ്വന്തം ജീവന്‍ ത്യജിക്കേണ്ടിവരുന്ന ത്യാഗത്തേക്കാള്‍ പലര്‍ക്കും വേദന നിറഞ്ഞതായിരിക്കും അത്. അഭിപ്രായമുള്ളവരെ സംബന്ധിച്ചേടത്തോളം അഭിപ്രായത്യാഗമാണ് ഏറ്റവും വലിയ ത്യാഗം എന്നു പറയാറുണ്ടല്ലോ, അതിനേക്കാള്‍ ഉയര്‍ന്ന ത്യാഗരൂപമാണ് ആത്മാഭിമാന ത്യാഗം. 

അറബി മനസ്സുകളില്‍ വേരുകളാഴ്ത്തി പടര്‍ന്നുപന്തലിച്ച ദത്തുപുത്രസമ്പ്രദായം അവസാനിപ്പിക്കുക എന്ന ചരിത്രദൗത്യത്തിനു വേണ്ടി അല്ലാഹു ബലിയായി ആവശ്യപ്പെട്ടത് പ്രവാചകന്റെ ആത്മാഭിമാനമായിരുന്നു. ആ അഭിമാന ത്യാഗത്തിനിടയില്‍ പ്രവാചകന്‍ അനുഭവിച്ച  അന്തഃസംഘര്‍ഷത്തെക്കുറിച്ച് അല്ലാഹു ഇങ്ങനെ പറയുന്നു: ''അല്ലാഹുവും നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: 'നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക; അല്ലാഹുവെ സൂക്ഷിക്കുക.' അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു; ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തു

പുത്ര•ാര്‍ അവരുടെ ഭാര്യമാരില്‍നിന്നുള്ള ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുക തന്നെ ചെയ്യും'' (അല്‍അഹ്‌സാബ് 37)

ഈ ഖുര്‍ആനിക വചനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''ഈ സൂറയിലെ 1, 2, 3, 7 സൂക്തങ്ങള്‍ ഇതോട് ചേര്‍ത്തുവായിച്ചു നോക്കിയാല്‍ സൈദ്-സൈനബ് ദാമ്പത്യം ശിഥിലമായിത്തുടങ്ങിയപ്പോള്‍ തന്നെ സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ ആ വിവാഹമുക്തയെ താങ്കള്‍ വിവാഹം ചെയ്യണമെന്ന് അല്ലാഹു നബി (സ)യോട് നിര്‍ദേശിച്ചിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാം. പക്ഷെ, ദത്തുപുത്രന്റെ വിവാഹമുക്തയെ വിവാഹം ചെയ്യുകയെന്നാല്‍ അറബ് സമൂഹത്തില്‍ എന്താണര്‍ഥമെന്ന് - അതും ഒരുപിടി മുസ്‌ലിംകളൊഴിച്ചുള്ള അറബികളഖിലം തന്നോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സാഹചര്യത്തില്‍- അവിടുത്തേക്ക് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ട് ആ കഠിനമായ പരീക്ഷണത്തെ നേരിടാന്‍ അവിടുന്ന് അറച്ചുനിന്നു. സൈദ് വിവാഹമോചനാഭിലാഷം പ്രകടിപ്പിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'നീ അല്ലാഹുവിനെ ഭയപ്പെടുക, നിന്റെ ഭാര്യയെ ത്വലാഖ് ചെയ്യാതിരിക്കുക' ഇയാള്‍ വിവാഹമോചനം ചെയ്യാതിരിക്കുകയാണെങ്കില്‍ തനിക്ക് ഈ പരീക്ഷണത്തിലകപ്പെടാതെ രക്ഷപ്പെടാമല്ലോ എന്നായിരുന്നു അവിടുത്തെ വിചാരം. ഈ വിവാഹമോചനം നടക്കുകയാണെങ്കില്‍ താന്‍ ദൈവാജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് തന്റെ മേല്‍ ചെളി വാരിയെറിയപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍ തന്റെ പ്രവാചകന്‍ പാലിക്കേണ്ട നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമചിത്തതയുടെയും ഉന്നതനിലവാരത്തോട് പൊരുത്തപ്പെടുന്ന നടപടിയായിരുന്നില്ല, അപവാദ ഭയത്താല്‍ ഹസ്രത്ത് സൈദിനോട് മനഃപൂര്‍വം വിവാഹമോചനം വിലക്കിയത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍). പ്രവാചകന്‍ അനുഭവിച്ച ആത്മസംഘര്‍ഷം ഈ ത്യാഗത്തിന്റെ മാറ്റ് കുറക്കുകയല്ല. മറിച്ച് മാറ്റ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇത്രയും കടുത്ത ആത്മസംഘര്‍ഷങ്ങള്‍ക്കും ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനും ഒടുവിലാണ് എല്ലാ മാനനഷ്ടവും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ കല്‍പനയെ മാത്രം ശിരസാവഹിച്ച് ആ വിവാഹത്തിന് പ്രവാചകന്‍ സന്നദ്ധനാവുന്നത്. 

ഇവിടെ അറബി സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഒരു തിരുത്തലിനു വേണ്ടി അല്ലാഹു ആവശ്യപ്പെട്ട ബലി പ്രവാചകന്റെ അന്തസ്സിന്റെ ബലിയാണ്. പ്രവാചകന്‍-സൈനബ് വിവാഹവിവാദത്തെക്കുറിച്ച് നടത്തിയ പഠനാവതരണത്തെ സമാപിച്ചുകൊണ്ട് പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ അലി ശരീഅത്തി എഴുതുന്നു: ''പ്രവാചകനെതിരെ ആഞ്ഞെറിയപ്പെട്ട ആരോപണങ്ങളില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുക എന്ന പ്രതിജ്ഞാബദ്ധത ഈ ഗവേഷണത്തിന്റെ ആരംഭത്തില്‍ എനിക്കുണ്ടായിരുന്നില്ല. സ്‌നേഹവികാരത്തിനതീതനാണ് അദ്ദേഹമെന്ന മുന്‍ധാരണയും എനിക്കുണ്ടായിരുന്നില്ല. എന്നിട്ടും ഹ്രസ്വമായ ഈ ഗവേഷണത്തിനും പരിചിന്തനത്തിനും ശേഷം എനിക്കു തോന്നുന്നു, മുഹമ്മദിന്റെയും സൈനബിന്റെയും കഥ സത്യത്തിനു വേണ്ടി സ്വന്തം അന്തസ്സിനെ നിസ്വാര്‍ഥമായി ബലികഴിച്ച നേതാവിന്റെ ആത്മീയ ഔന്നത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമാണെന്ന്. എത്രയോ നേതാക്ക•ാര്‍ ജനതക്കുവേണ്ടി തങ്ങളുടെ ജീവിതവും വിശ്വാസവും ഉദാരമായി ദാനം നല്‍കിയിട്ടുണ്ട്. പക്ഷേ പ്രതിഫലമായി അവര്‍ ആദരവും യശസ്സും നേടി. എന്നാല്‍ വിശ്വാസത്തിനും ജനതക്കും വേണ്ടി സ്വന്തം പ്രശസ്തിയെയും ബഹുമാനത്തെയും ആത്മാഹുതിചെയ്യാന്‍ ഏറ്റവും ഉന്നതമായ അളവിലുള്ള ആത്മാര്‍ഥതയും സ്വയം സമര്‍പ്പണവും ആവശ്യമാണ്. ശാരീരിക സമര്‍പ്പണത്തിന്റെ നിമ്‌ന വിതാനത്തിനപ്പുറം പോവാന്‍ കഴിയാത്തവര്‍ക്ക് ഈ പ്രശ്‌നത്തിന്റെ ആഴമറിയാന്‍ കഴിയില്ല.''

അഭിമാനത്യാഗത്തിന്റെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന അത്യുജ്ജ്വലമായ മറ്റൊരു ഉദാഹരണമാണ് മര്‍യം ബീവി. ഇതൊരു സ്്ത്രീയുടെ മാനത്യാഗത്തിന്റെ ചരിത്രമാണ്. സദാചാരമുള്ള ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം ജീവത്യാഗത്തേക്കാള്‍ വേദന പൊടിയുന്ന ത്യാഗമായിരുന്നു അത്. മാലാഖ കന്യകയായ മര്‍യത്തോട് പുത്രനെക്കുറിച്ച് വൃത്താന്തമറിയിച്ചപ്പോള്‍ മര്‍യം ചോദിച്ചു: 'എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരാണും സ്പര്‍ശിച്ചിട്ടില്ല, ഞാന്‍ ദുര്‍നടപ്പുകാരിയല്ല.' മാലാഖ പ്രതിവചിച്ചു: 'അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാകും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമാണ്.' അങ്ങനെ അവര്‍ ഗര്‍ഭം ധരിച്ചു. ഒറ്റക്കൊരിടത്തേക്ക് മാറിത്താമസിച്ചു(മര്‍യം 20-22). അവരനുഭവിച്ച ആത്മവേദനയുടെ ചിത്രം ഖുര്‍ആന്‍ ഇങ്ങനെയാണ് വരച്ചിടുന്നത്. ''പിന്നെ പേറ്റുനോവ് അവരെ ഈന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ ആത്മഗതം ചെയ്തു: അയ്യോ ഇതിനുമുമ്പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍, എന്റെ പേരും കുറിയും മാഞ്ഞുപോയിരുന്നെങ്കില്‍. ഞാന്‍ തന്നെ ഒരു മറവിയായി മാറിയിരുന്നെങ്കില്‍'' (മര്‍യം 23).

ഒരു രക്തസാക്ഷിയും രക്തസാക്ഷ്യത്തിനുമുമ്പ് ഇത്ര കടുത്ത ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. ആത്മത്യാഗത്തിന്റെ വേദനയുടെ ആഴമാണ് ഈ ഖുര്‍ആനിക വിവരണം വെളിപ്പെടുത്തുന്നത്. പക്ഷേ ആ ത്യാഗമാണ് അവരെ വേദഗ്രന്ഥം പേരുപറഞ്ഞ ഏക വനിതയാക്കിയത്, ലോകത്തെ മുഴുവന്‍ വിശ്വാസികള്‍ക്കും ത്യാഗത്തിനും സമര്‍പ്പണത്തിനും അനുസരണത്തിനും ദൈവസ്‌നേഹത്തിനുമുള്ള മാതൃകയാക്കിയത്. ചിലര്‍ എന്തുവേണമെങ്കിലും ത്യജിക്കും. പറഞ്ഞ വാക്കിനുമുന്നില്‍ ജീവന്‍ പോലും പുല്ലുപോലെ വലിച്ചെറിയും. അഭിമാനമോ ജീവനോ എന്ന തെരഞ്ഞെടുപ്പില്‍ അനായാസം അഭിമാനം തെരഞ്ഞെടുക്കും. വിശ്വാസവും അഭിമാനവും ഏറ്റുമുട്ടുമ്പോള്‍ വിശ്വാസത്തെ തെരഞ്ഞെടുക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തായ ത്യാഗം. മറ്റുള്ളവരുമായുള്ള ഇടപഴകലിന്റെ ചെറുതും സൂക്ഷ്മവുമായ നിരവധി കവലകളില്‍ ഈ ത്യാഗം വിശ്വാസം നമ്മോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ത്യാഗത്തെ ജ്വലിപ്പിക്കുന്ന റമദാന്‍ നമ്മില്‍ ഏറ്റവും ആഴത്തില്‍ വേരുപിടിപ്പിക്കേണ്ടത് മാനത്തെപോലും ത്യജിക്കുന്ന ത്യാഗബോധമാണ്. അത് പരിശീലിപ്പിക്കാനാണ്, നമ്മോട് ശണ്ഠക്ക് വരുന്നവനോടും ആക്രമിക്കാന്‍ വരുന്നവനോടും ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞൊഴിയാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്. അക്രമിക്കപ്പെടുന്നവന് തിരിച്ചുപറയാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ട് (അന്നിസാഅ് 148). ക്ഷമയുടെ ഈ പെരുമാറ്റച്ചട്ടം അഭിമാനത്യാഗത്തെ വരെ പരിശീലിപ്പിക്കുന്ന നോമ്പിന്റെ സവിശേഷ പദ്ധതിയാണ്. എപ്പോഴും ഇതുതന്നെയാണ് ഉത്തമമെങ്കിലും ഈ സമീപനം നിര്‍ബന്ധമാകുന്നത് നോമ്പിനാല്‍ മാത്രമാണ്. 


Comments