Prabodhanm Weekly

Pages

Search

2011 മെയ് 21

സായി ഭക്തരായ മുസ്‌ലിംകള്‍

സായി ഭക്തരായ മുസ്‌ലിംകള്‍ -

- സ്വയം 'ദൈവ'മായും 'ദൈവാവതാര'മായും രംഗത്ത് വന്ന സത്യസായി ബാബയും ദൈവത്തിങ്കലേക്ക് യാത്രയായി. അത്ഭുതങ്ങളും അമാനുഷികതകളുമായി ജീവിതം ധന്യമാക്കിയ സായിബാബക്ക് സ്വദേശത്തും വിദേശത്തുമായി മുസ്ലിംകള്‍ അടക്കമുള്ള നിരവധി അനുയായികളുണ്ട്. രാഷ്ട്രീയ അന്താരാഷ്ട്രീയ ജാതിമത കക്ഷിരാഷ്ട്രീയ വര്‍ഗ വര്‍ണ ദേശഭാഷകള്‍ക്കതീതമായി സ്നേഹത്തിലും സഹിഷ്ണുതയിലുമുള്ള സായിബാബയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ മുസ്ലിംകളും ഉണ്ടാകുമ്പോള്‍ ഇവരും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സായിബാബയെ അംഗീകരിക്കുന്നവരോ പ്രോത്സാഹിപ്പിക്കുന്നവരോ ആകുന്നില്ലേ? പ്രതികരണം? -

- ഇ.സി റംല പള്ളിക്കല്‍ -

- മനുഷ്യരടക്കം ഒരു സൃഷ്ടിക്കും ദൈവമാവാനോ ദൈവാവതാരമാവാനോ ആവില്ല. സ്രഷ്ടാവും ആദിയും അന്ത്യവുമില്ലാത്തവനും സര്‍വജ്ഞനും സര്‍വശക്തനും ഉറക്കമോ ക്ഷീണമോ മറവിയോ അബദ്ധമോ സംഭവിക്കാത്തവനും സര്‍വ ചരാചരങ്ങളോടും കരുണയുള്ളവനുമായവന്‍ മാത്രമേ ദൈവമാവൂ. അതിനാലാണ് കറകളഞ്ഞ ഏകദൈവവിശ്വാസം ഇസ്ലാമിന്റെ അടിത്തറയായത്. കലര്‍പ്പില്ലാത്ത ഏക ദൈവവിശ്വാസത്തില്‍ കടുകിട സംശയമുള്ളവന്‍ മുസ്ലിമാവില്ല. നിരീശ്വരവാദികളും അദ്വൈതസിദ്ധാന്തക്കാരും ബഹുദൈവവിശ്വാസികളുമൊക്കെ നിലവിലെ മുസ്ലിം സമുദായത്തിലുണ്ട്. അവരാരെങ്കിലും തങ്ങള്‍ മുസ്ലിംകളാണെന്നവകാശപ്പെടുന്നുവെങ്കില്‍ അത് കേവലം അവകാശവാദം മാത്രമാണ്. പ്രമാണങ്ങളുടെയോ യുക്തിയുടെയോ പിന്‍ബലം അവരുടെ വാദത്തിനില്ല. അതിനാല്‍ നശ്വരനായ സായിബാബ ദൈവമാണെന്നോ ദിവ്യാവതാരമാണെന്നോ തെറ്റായി വിശ്വസിച്ചു അദ്ദേഹത്തിന്റെ ആരാധകരായിത്തീര്‍ന്ന മുസ്ലിംകള്‍ രണ്ടിലൊന്ന് തീരുമാനിക്കുന്നതാണ് ശരി. ഒന്നുകില്‍ തൌഹീദിലേക്ക് മടങ്ങി യഥാര്‍ഥ മുസ്ലിംകളാവാം. അല്ലെങ്കില്‍ മരണാനന്തരവും സായിബാബയുടെ ദിവ്യത്വത്തില്‍ വിശ്വസിച്ച് ഇസ്ലാമിനോട് വിടപറയാം. രണ്ടും കെട്ട നിലപാടിന് ഒരു ന്യായീകരണവും ഇല്ല. ധര്‍മം, മൈത്രി, സ്നേഹം, സഹിഷ്ണുത, ജീവകാരുണ്യം തുടങ്ങിയ കാര്യങ്ങള്‍ ബാബയുടെ അധ്യാപനങ്ങളിലുണ്ടെന്നത് ശരിയാണ്. മറ്റു ചില ആള്‍ ദൈവങ്ങളെപ്പോലെ തീവ്ര ഹിന്ദുത്വ വികാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒട്ടേറെ സേവനങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെടുകയും ചെയ്തു. അതൊക്കെയും തള്ളിപ്പറയണമെന്നോ അത് പ്രയോജനപ്പെടുത്തിക്കൂടെന്നോ ശഠിക്കേണ്ടതില്ല. അതേസമയം ആള്‍ദൈവത്തിന്റെ ദിവ്യത്വത്തിന് സ്വീകാര്യത നേടാന്‍ കാരണമാവുന്ന നടപടികള്‍ യഥാര്‍ഥ വിശ്വാസികളില്‍ നിന്നുണ്ടാവുന്നത് വൈരുധ്യമായാണ് വിലയിരുത്തപ്പെടുക.#### ഹിന്ദുത്വവും മതേതരത്വവും -

- മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി നിലനില്‍ക്കുന്ന പ്രസ്ഥാനങ്ങളെ ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നു. അതേസമയം ഹിന്ദുഭൂരിപക്ഷമുള്ള ഇന്ത്യാ രാജ്യത്ത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പരിശ്രമിക്കുന്ന സംഘ്പരിവാറിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പ് നയമല്ലേ? മതവും രാഷ്ട്രവും രണ്ടല്ലെന്ന അടിസ്ഥാന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുകയും മതേതരത്വത്തെ താത്ത്വികമായി വിമര്‍ശിക്കുകയും ചെയ്യുന്ന ജമാഅത്ത് ഹിന്ദുരാഷ്ട്രവാദത്തിനെതിരെ മതേതരത്വത്തെ പിന്തുണക്കുന്നത് അവസരവാദമല്ലേ? -

- മുഹ്സിന കല്ലായി -

- ഇസ്ലാമിക രാഷ്ട്ര സങ്കല്‍പവും ഹിന്ദുത്വവും തമ്മിലെ മൌലികമായ അന്തരം മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന്റെ നിരര്‍ഥത ബോധ്യമാവും. ദൈവത്തിന്റെ പരമാധികാരത്തിലും ജനങ്ങളുടെ പ്രാതിനിധ്യത്തിലും വിശ്വമാനവികതയിലും സാമൂഹികനീതിയിലും അധിഷ്ഠിതമാണ് ഇസ്ലാമിക രാഷ്ട്ര സങ്കല്‍പം. അതില്‍ ഭൂമിശാസ്ത്രപരമോ വംശീയമോ ഭാഷാപരമോ വര്‍ണപരമോ ആയ ഔന്നിത്യവാദങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഒരു സ്ഥാനവും ഇല്ല. ലോകം ഒന്ന്, മനുഷ്യര്‍ ഒന്ന്. മറ്റൊരു ഭാഷയില്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. ഇന്ത്യയില്‍ സംഘ്പരിവാര്‍ ഉല്‍പന്നമായ ഹിന്ദുത്വം സനാതന ധര്‍മത്തിലോ സദാചാര മൂല്യങ്ങളിലോ ഊന്നാത്ത, തനി ഭൂമിശാസ്ത്രപരവും വംശീയവുമായ ഒരാത്യന്തിക ദേശീയതാ വാദമാണ്. മാതൃഭൂമിയാണ് സ്വര്‍ഗത്തേക്കാള്‍ പ്രിയങ്കരം എന്ന് വിശ്വസിക്കുന്ന, ഭാരതീയര്‍ ലോകത്തെ മറ്റു ജനവിഭാഗങ്ങളേക്കാള്‍ ഉന്നതരെന്ന് വാദിക്കുന്ന, ആര്യ സംസ്കാരമാണ് ലോകോല്‍കൃഷ്ടമെന്ന് ഉദ്ഘോഷിക്കുന്ന ഏത് നിരീശ്വരവാദിക്കും ഹിന്ദുത്വവാദിയാവാം. ഇതര മതങ്ങളോടും ചിന്താ ധാരകളോടുമുള്ള വെറുപ്പും വിദ്വേഷവുമാണ് അത് ഹിന്ദു മനസ്സുകളില്‍ കുത്തിവെക്കുന്നത്. മിലിറ്റന്‍സിയാണ് ഹിന്ദുത്വവാദത്തിന്റെ പ്രാണവായു. അപ്പോള്‍ ഇസ്ലാമിക രാഷ്ട്ര പരികല്‍പനയെയും ഹിന്ദുത്വത്തെയും തുല്യമായി കാണാനോ ചിത്രീകരിക്കാനോ സത്യസന്ധനായ ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രീയത്തെ പിന്തുണക്കുന്നതും ഹിന്ദുത്വത്തെ എതിര്‍ക്കുന്നതും. സൈനികവത്കൃത ഹിന്ദുത്വത്തിനെതിരെ, എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുന്ന ഇന്ത്യന്‍ മതനിരപേക്ഷതയെ ജമാഅത്ത് പിന്താങ്ങുന്നത്, അല്ലെങ്കിലുള്ള ബദല്‍ മതന്യൂനപക്ഷങ്ങളുടെ അസ്തിത്വമോ വ്യക്തിത്വമോ അംഗീകരിക്കാത്ത ഹിന്ദുത്വമായത് കൊണ്ടാണ്. ഹിന്ദുത്വത്തെപ്പോലെ തന്നെ മുസ്ലിം രാജ്യങ്ങളിലെ അറബ് ദേശീയത, തുര്‍ക്കിയിലെ തൂറാനി ദേശീയത, ബംഗ്ളാദേശിലെ ബംഗ്ളാ ദേശീയത തുടങ്ങിയ ഒന്നിനെയും ഇസ്ലാമിക പ്രസ്ഥാനം കടുകിട അംഗീകരിക്കുന്നില്ലെന്ന് കൂടി ഓര്‍ക്കണം. അതൊക്കെ ശുദ്ധ ജാഹിലിയ്യത്താണ്, ഇസ്ലാമല്ല എന്നതാണ് കാരണം. മതവും രാഷ്ട്രവും രണ്ടല്ല എന്നതല്ല, മതവും രാഷ്ട്രവും സമ്പത്തും ഉള്‍പ്പെടെ എല്ലാം ദൈവിക മാര്‍ഗദര്‍ശനത്തിനും വ്യവസ്ഥക്കും വിധേയമായിരിക്കണം എന്നാണ് ജമാഅത്തിന്റെ വീക്ഷണം.#### സ്വന്തം പേരില്‍ എന്തുകൊണ്ട് മത്സരിച്ചുകൂടാ? -

- "ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആ പേരില്‍ തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും മത്സരിപ്പിക്കുകയും ചെയ്തുകൂടാ? കശ്മീര്‍ ജമാഅത്തെ ഇസ്ലാമി നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് നടന്ന പ്രസ്തുത തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നാല് സീറ്റ് അടിച്ചെടുത്തു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം രേഖപ്പെടുത്തിയും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തുമാണ് ജയിച്ച ജമാഅത്ത് അംഗങ്ങള്‍ ജമ്മുകശ്മീര്‍ നിയമസഭയുടെ അകത്തേക്ക് 'ബിസ്മി' ചൊല്ലി കടന്നിരുന്നത്. പാകിസ്താനിലും ബംഗ്ളാദേശിലും ജമാഅത്തെ ഇസ്ലാമി ഉണ്ട്. ഈ ജമാഅത്തുകാരാരും യാത്രാ വാഹനത്തിന്റെ നെയിംബോര്‍ഡ് മാറ്റിവെച്ചും ആദര്‍ശപരമായും മതപരമായും തങ്ങളോട് വിയോജിപ്പുള്ളവരെ മുമ്പില്‍ എഴുന്നള്ളിച്ചുമല്ല പക്ഷേ രാഷ്ട്രീയത്തെ നേരിട്ടത്. സ്വന്തം പ്രത്യയശാസ്ത്രം തങ്ങള്‍ക്ക് ഒരു ഭാരമാണ് എന്ന ചിന്തയില്‍ നിന്നാണ് ജമാഅത്ത് ഒളിസങ്കേതങ്ങള്‍ അന്വേഷിക്കാന്‍ ഇടയാകുന്നത്. തങ്ങള്‍ക്ക് കാര്യമായ എന്തോ മറച്ചുവെക്കാന്‍ ഉണ്ട് എന്ന് അവര്‍ക്ക് സ്വയം തോന്നുന്നപോലെ. യാഥാര്‍ഥ്യമാവട്ടെ, മൂടിവെക്കാനൊന്നുമില്ലതാനും. പ്രത്യയശാസ്ത്രമാണ് യഥാര്‍ഥത്തില്‍ ജമാഅത്തിന്റെ കരുത്ത്. സത്യമായും പ്രസ്തുത പ്രത്യയശാസ്ത്ര വിശദീകരണങ്ങള്‍ക്കും അടിക്കുറിപ്പുകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ ആവശ്യമാണ്. ഇസ്ലാമിന്റെ മൌലികതക്ക് മാറ്റം വരുത്താതെ അത് യഥാവിധി നടക്കണം. ഇന്ത്യന്‍ ബഹുസ്വരതയെ കാണാതിരിക്കുന്നില്ല. ബഹുസ്വരത എന്നതിന് കാപട്യം എന്ന് അര്‍ഥമില്ല. ഉണ്ണിയപ്പത്തെ ഉണ്ണിയപ്പം എന്നു വിളിക്കുന്നതിനു പകരം ജനപക്ഷമെന്നോ വെല്‍ഫെയര്‍ എന്നോ വിളിക്കുന്നിടത്തുനിന്നാണ് കുഴപ്പത്തിന്റെ തുടക്കം. എന്തോ ഭീകരമായ ആശയങ്ങള്‍ ചുമന്ന് നടക്കുന്നവര്‍ എന്ന് എതിരാളികളെ കൊണ്ട് പറയിക്കുന്നതിലും ഭേദം തങ്ങള്‍ പ്രതിനിധീകരിക്കുന്ന ദൈവിക പ്രത്യയശാസ്ത്രത്തിന്റെ സ്വഛത മറ്റുള്ളവരുടെ മുമ്പില്‍ പൊതിയഴിച്ചു തുറന്നു കാണിക്കലാണ്'' (തേജസ് ദിനപത്രം ഏപ്രില്‍ 30). പ്രതികരണം? -

- ഹാറൂണ്‍ തങ്ങള്‍,കിളികൊല്ലൂര്‍, കൊല്ലം -

- നാഷ്നല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ സംഘടന ഉണ്ടാക്കുകയും അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ആക്കി രൂപപരിണാമം വരുത്തുകയും അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുകയും ചെയ്യുന്നവരുടെ പത്രത്തിലാണ് ഈ വെളിപാടുകളൊക്കെ അച്ചടിച്ചുവന്നത് എന്ന വിരോധാഭാസം വേണ്ടത്ര ചിരിക്കാന്‍ വകനല്‍കുന്നതാണ്. ഒരു പ്രസ്ഥാനം സ്വന്തം ആദര്‍ശ ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കവെ തന്നെ, പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പ്രത്യേക കൂട്ടായ്മയുണ്ടാക്കുന്നതും രംഗത്തിറങ്ങുന്നതുമൊന്നും പുതിയ കാര്യമോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് മാത്രം ബാധകമായതോ ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പരിമിതമായ പ്രതിഭാസമോ അല്ല. തുര്‍ക്കിയിലെ ഇസ്ലാമിസ്റുകള്‍ പല പരീക്ഷണങ്ങള്‍ക്കും ശേഷം അന്നാട്ടിലെ തീവ്ര മതേതര ഭരണഘടനയെ അതിജീവിക്കാന്‍ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി രൂപവത്കരിച്ചു, തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നു. ജോര്‍ദാനില്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ (മുസ്ലിം ബ്രദര്‍ ഹുഡ്) ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ ബാനറിലാണ് സജീവ രാഷ്ട്രീയം കൈയാളുന്നത്. കുവൈത്തില്‍ ഇഖ്വാന്‍ ചിന്താഗതിക്കാരുടെ ജംഇയ്യത്തുല്‍ ഇസ്ലാഹില്‍ ഇജ്തിമാഈ, ഹറകത്തുദ്ദസ്തൂര്‍ (ഭരണഘടനാ പ്രസ്ഥാനം) എന്ന പേരിലാണ് നാഷ്നല്‍ അസംബ്ളി തെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഖ്വാന്റെ തട്ടകമായ ഈജിപ്തില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫ്രീഡം ആന്റ് ജസ്റിസ് എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു കഴിഞ്ഞു. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മാറിയ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ സെക്യുലര്‍ സ്വഭാവമുള്ള പുതിയ പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ സോഷ്യലിസ്റുകള്‍ വിവിധ ജനതാദള്‍ ഗ്രൂപ്പുകളായാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആസാം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് യഥാര്‍ഥത്തില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇതൊന്നും കാപട്യമോ അവസരവാദമോ ഇരട്ടത്താപ്പോ ആയി ആരും കാണാറില്ല. പ്രായോഗിക രാഷ്ട്രീയ തന്ത്രം എന്ന് പറയാം. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളില്‍ ഉറച്ചുനിന്ന് ലക്ഷ്യത്തിനായി സമാധാനപൂര്‍വം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിന്റെ പരിമിതികളെക്കുറിച്ച് നന്നായറിയാം. ആദര്‍ശവും ലക്ഷ്യവും ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിനും പരിചയപ്പെടുത്താനോ ബോധവത്കരിക്കാനോ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. 18 കോടിയോളം വരുന്ന മുസ്ലിം സമൂഹം പോലും മിക്കവാറും സംഘടനയുടെ സ്വാധീന വലയത്തിന് പുറത്താണ്. ഇങ്ങനെയുള്ളൊരു സംഘടന കൊടിയും പിടിച്ച് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഉള്ളതും പോവുകയല്ലാതെ ഒന്നും നേടാനില്ല. അതുകൊണ്ടാണ് ഇന്നുവരെ രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിക്കുകയോ ഇലക്ഷനില്‍ മത്സരിക്കുകയോ ചെയ്യാതിരുന്നത്, സമീപഭാവിയിലൊന്നും അങ്ങനെ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കിയത്. അതിനര്‍ഥം സംഘടന എല്ലാ കാലത്തും അരാഷ്ട്രീയമായി തുടരും എന്നല്ല. പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും നയനിലപാടുകള്‍ക്കും ഗണ്യമായ സ്വാധീനം നേടാന്‍ കഴിഞ്ഞു എന്നു ബോധ്യമാവുമ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ചും ചിന്തിക്കും. അതുവരെ സുപ്രധാനമായ രാഷ്ട്രീയ രംഗത്ത് നിന്ന് സന്യാസം സ്വീകരിക്കും എന്നാണോ? അല്ല. ദ്രുതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. പണാധിപത്യവും, വാനോളം ഉയര്‍ന്ന അഴിമതിയും കുത്തകകളുടെ നീരാളിപ്പിടിത്തവും ഫാഷിസത്തിന്റെ ഭീകരവളര്‍ച്ചയും ക്രിമിനലിസത്തിന്റെ താണ്ഡവവും എല്ലാമായി സാമാന്യ ജനജീവിതം നരകതുല്യമായിത്തീര്‍ന്നിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍. അപ്പോള്‍ ഒരു ബദല്‍ ചിന്ത തികച്ചും പ്രസക്തവും അടിയന്തരവുമാണ്. യഥാര്‍ഥ ജനാധിപത്യത്തിലും അവര്‍ഗീയതയിലും സാമൂഹിക നീതിയിലും ഊന്നുന്ന ഒരു ധാര്‍മിക ബദല്‍. ആ ചിന്തയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപവത്കരണത്തിലേക്ക് വഴിതെളിയിച്ചത്. എല്ലാതരം ജീര്‍ണതകളെയും തുറന്നെതിര്‍ക്കുന്ന, അതേയവസരത്തില്‍ ഒരു മതേതര ജനാധിപത്യ പാര്‍ട്ടിയെയും ശത്രുവായി കാണാത്ത, ന്യൂനപക്ഷ പിന്നാക്ക ദലിത് പക്ഷത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു പാര്‍ട്ടി. അതില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നല്ലാതെ ആരുടെ നേരെയും കവാടം കൊട്ടിയടക്കാത്ത ഈ ജനാധിപത്യ പാര്‍ട്ടി ജമാഅത്തിന്റെ പേര് മാറ്റിയ പാര്‍ട്ടിയല്ല, ആരെയോ ഭയന്ന് പ്രഛന്നവേഷം സ്വീകരിച്ച കൂട്ടായ്മയും അല്ല. മുസ്ലിം ലീഗിന്റെ ഭൂമികയിലേക്ക് കയറിക്കൂടാന്‍ പടച്ചുണ്ടാക്കിയതോ ലീഗിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതോ അല്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മുന്‍വിധിയുടെയും വൈരാഗ്യത്തിന്റെയും മാനസികാവസ്ഥയില്‍ നിന്ന് മുളച്ചുപൊന്തുന്നതാണ്. മുസ്ലിം ലീഗ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ പേരില്‍ മുസ്ലിംകള്‍ പങ്കാളികളായ ഒരു രാഷ്ട്രീയ കൂട്ടായ്മയും ഇനി ഉണ്ടായിക്കൂടാ എന്ന മനസ്സ് കുടിലമാണ്. അത് വകവെച്ചുകൊടുക്കാന്‍ ലീഗ് സഹയാത്രികര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല.#### സുന്നികളുടെ രാഷ്ട്രീയം -

- "സുന്നികള്‍ തെരഞ്ഞെടുപ്പില്‍ വ്യക്തിയെയും പാര്‍ട്ടിയെയും നോക്കിയല്ല വോട്ട് ചെയ്യുന്നത്. സമൂഹത്തിന് മൊത്തത്തിലുള്ള ഗുണമാണ് തങ്ങളുടെ ലക്ഷ്യം. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വോട്ട് നല്‍കാറുള്ളത്. പക്ഷം പിടിക്കുന്ന നിലപാട് സുന്നികള്‍ക്കില്ല. അധര്‍മങ്ങളോട് യോജിക്കാനാകില്ല. ജമാഅത്തെ ഇസ്ലാമിയുടെ മൂല്യം പോലെയല്ല തങ്ങളുടെ മൂല്യം. മൂല്യം പറഞ്ഞ നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി മാറേണ്ട അവസ്ഥയായി. മലപ്പുറം പ്രസ് ക്ളബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.പി അബൂബക്കര്‍ മുസ്ലിയാര്‍.'' (സിറാജ് ദിനപത്രം 2011 ഏപ്രില്‍ 26). മുജീബിന്റെ പ്രതികരണം? -

- അബൂ ഫാഇസ്, കല്ലായി -

- 'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും' എന്ന പ്രഖ്യാപിത നിലപാടില്‍നിന്ന് മുന്നോട്ട് പോയി സമൂഹത്തിന്റെ മൊത്തത്തിലുള്ള ഗുണം നോക്കി വോട്ട് ചെയ്യാന്‍ എ.പി വിഭാഗം സുന്നികള്‍ തീരുമാനിച്ചുവെങ്കില്‍ അത് സ്വാഗതാര്‍ഹമായ മാറ്റമാണ്. സമൂഹത്തിന്റെ മൊത്തം നന്മയാവുമ്പോള്‍, സുന്നി-മുജാഹിദ് പരിഗണനക്കോ സാമുദായിക താല്‍പര്യങ്ങള്‍ക്കോ അല്ല പ്രഥമ പരിഗണന എന്ന് വരുന്നു. പക്ഷേ, പിന്തുണക്കുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാര്‍ഥിയുടെയോ പേര്‍ അപ്രഖ്യാപിതമാക്കി നിര്‍ത്തുകയും ജയിക്കുന്നവര്‍ ആരായാലും തങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന നിലവിലെ അടവ് നയം എന്‍.എസ്.എസ്സിന്റെ സമദൂര സിദ്ധാന്തം പോലുള്ള ഏര്‍പ്പാടാണ്. ജമാഅത്തെ ഇസ്ലാമിയുടെ മൂല്യമല്ല തങ്ങളുടെ മൂല്യം എന്ന് അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞപ്പോള്‍ അതെന്താണെന്ന് വ്യക്തമാക്കാതിരുന്നതിലുമുണ്ട് ഈ പിടികൊടുക്കായ്മ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം