Prabodhanm Weekly

Pages

Search

2011 മെയ് 21

പ്രവാചക സ്‌നേഹവും 'വിശുദ്ധ കേശ'വും

 മനുഷ്യനെ സൃഷ്ടിച്ച അന്നുതന്നെ അവനെ ദ്രോഹിക്കാന്‍ ഇബ്‌ലീസ് അല്ലാഹുവിന്റെ മുമ്പില്‍ ശപഥം ചെയ്തിരുന്നു. ''നിന്റെ നേരായ പാതയില്‍ അവര്‍ക്ക് വിലങ്ങുതടിയായി തീര്‍ച്ചയായും ഞാനിരിക്കുന്നുണ്ടാകും. മുന്നിലൂടെയും പിന്നിലൂടെയും ഇടതു വശത്തിലൂടെയും വലതു വശത്തിലൂടെയുമെല്ലാം ഞാനവരെ സമീപിക്കും. അവരിലധികപേരെയും നീ നന്ദിയുള്ളവരായി കാണുകയില്ല'' (വി.ഖു 7:16,17). ഈ ശപഥത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇബ്‌ലീസിന്റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കാനുമാണ് അല്ലാഹു വേദങ്ങളയച്ചതും പ്രവാചകന്മാരെ നിയോഗിച്ചതും. അതുകൊണ്ട് മനുഷ്യരെ അല്ലാഹുവിനോട് നന്ദി കെട്ടവരാക്കാന്‍ വേദത്തെയും പ്രവാചകനെയുമാണ് ആദ്യം ആക്രമിക്കേണ്ടതെന്ന് ഇബ്‌ലീസിനറിയാം. അന്തിമ വേദമായ ഖുര്‍ആനെ വികൃതമാക്കാന്‍ ആദ്യകാലം തൊട്ടേ ശ്രമം തുടങ്ങിയെങ്കിലും അത് ഇന്നോളം വിജയിച്ചിട്ടില്ല. എന്നാല്‍, പ്രവാചകന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ചിലതൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ട്. ഒരുവശത്ത് പ്രവാചകനെക്കുറിച്ച് അപവാദങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുക. മറുവശത്ത് വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രവാചകനെ ദൈവതുല്യമോ ദൈവത്തേക്കാള്‍ ഉയര്‍ന്നതോ ആയ അസ്തിത്വമായി അവതരിപ്പിക്കുക. യഹൂദ മതത്തിലെ ഒരു വിഭാഗമാണ് ഈ കൃത്യം കൂടുതലായി നിര്‍വഹിച്ചുവരുന്നത്. സയണിസ്റ്റുകള്‍ എന്ന പേരില്‍ ഈ വിഭാഗം ഇന്നും സജീവമാണ്. പൂര്‍വകാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നു. ഹദീസുകളില്‍ ധാരാളം 'ഇസ്രായീലിയ്യാത്തു'കള്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ അവര്‍ ഹദീസിലെ നെല്ലും കല്ലും വേര്‍തിരിക്കാന്‍ അതി സമര്‍ഥമായ ഉപാധികള്‍ ആവിഷ്‌കരിച്ചു. കഅ്ബുല്‍ അഹ്ബാറിനെയും വഹബുബിന്‍ മുനബ്ബഹിനെയും പോലുള്ള ഹദീസ് നിവേദകരെ സംശയത്തോടെ വീക്ഷിച്ചു. മുസ്‌ലിംസമൂഹത്തില്‍ വിശ്വാസപരവും ആരാധനാപരവുമായ വൈകൃതങ്ങള്‍ സൃഷ്ടിക്കാന്‍ കുറച്ചുകാലമായി അവലംബിക്കപ്പെടുന്ന ഒരു തന്ത്രമിതാണ്: ഇന്നാലിന്ന മഹാന്‍ നബി(സ)യെ സ്വപ്നം കാണുന്നു. നബി അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ എല്ലാവരെയും അറിയിക്കാന്‍ കല്‍പിക്കുന്നു. അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിച്ചാല്‍ കണക്കറ്റ ഇഹപര സൗഭാഗ്യങ്ങള്‍. അവഗണിച്ചാല്‍ മഹാ നാശവും. ഇത്തരം നോട്ടീസുകള്‍ ഇടക്കിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വ്യാപകമായി പ്രചരിക്കുന്നു. മൂഢ ജനങ്ങള്‍ അതിന്റെ പിന്നാലെ പായുന്നു. ഇബ്‌ലീസ് അത് കണ്ട് ആഹ്ലാദിക്കുന്നു. ഇപ്പോള്‍ മുസ്‌ലിം കേരളത്തിന്റെ മുഖ്യ ചര്‍ച്ച ഒരു മുടിയാണ്. അത് നബി(സ)യുടേതാണത്രെ. തിരുമുടി പ്രതിഷ്ഠിക്കാന്‍ 40 കോടിയുടെ പള്ളി പണിയാന്‍ പോകുന്നു. ആളുകള്‍ പതിനായിരങ്ങള്‍ കൊടുത്ത് മുടിയിട്ട വെള്ളം കുടിച്ച് നിര്‍വൃതി നേടുന്നു. ഒരു യു.എ.ഇക്കാരാനാണ് മുടി കേരളത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഉറ്റവര്‍ തന്നെ പറയുന്നു, തങ്ങളുടെ കുടുംബത്തില്‍ പ്രവാചക കേശം സൂക്ഷിച്ചിരുന്നില്ലെന്ന്. കുടുംബം തന്നെ പ്രസിദ്ധീകരിച്ച കുടുംബ ചരിത്രത്തിലുമില്ലത്രെ അങ്ങനെയൊരു മുടി പുരാണം. പിന്നെ എവിടെ നിന്നു വന്നു ഈ മുടി? നടേ സൂചിപ്പിച്ച ഉറവിടത്തില്‍ നിന്നായിരിക്കാനാണ് മികച്ച സാധ്യത. ഇപ്പോഴത്തെ കേശവാഹകര്‍ വഞ്ചിതരായതോ ആളുകളെ വഞ്ചിക്കാന്‍ മനപ്പൂര്‍വം കച്ചകെട്ടിയിറങ്ങിയതോ എന്നറിഞ്ഞുകൂടാ. രണ്ടായാലും വിജയം ഇബ്‌ലീസിന്റേതാണ്. കഴിഞ്ഞ ഒന്നര സഹസ്രാബ്ദത്തിനിടയില്‍ മുസ്‌ലിം സമുദായം ലക്ഷക്കണക്കില്‍ മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നു. ഏതെങ്കിലും ദിവ്യവസ്തുവിന്റെ പ്രതിഷ്ഠക്ക് വേണ്ടി ഇതുവരെ ഒരു പള്ളിയും നിര്‍മിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ മുടി പ്രതിഷ്ഠക്കുവേണ്ടിയുള്ള ഒരു മസ്ജിദ് ഉയരാന്‍ പോകുന്നു. പള്ളികള്‍ പ്രതിഷ്ഠാലയങ്ങളായി മാറ്റപ്പെടുന്നതിന്റെ സൂചനയായി ഇതിനെ കാണാന്‍ വിവേകമുള്ള മുസ്‌ലിം നേതൃത്വത്തിന് കഴിയേണ്ടതാണ്. സ്വന്തം നിലപാട് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ മുഹമ്മദ് നബിയോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിങ്ങനെയാണ്: ''ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നു'' (18:110). ''എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അതിഭൗതിക രഹസ്യങ്ങളറിയുന്നുമില്ല. ഞാനൊരു മലക്കാണെന്ന്‌പോലും നിങ്ങളോട് പറയുന്നില്ല. എനിക്ക് ലഭിക്കുന്ന ദിവ്യബോധനത്തെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്'' (6:50). ദിവ്യബോധനം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാ കാര്യങ്ങളിലും പ്രവാചകന്‍ സാധാരണ മനുഷ്യനായിരുന്നു. ദിവ്യബോധനങ്ങളെ കണിശമായി പ്രാവര്‍ത്തികമാക്കി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ഈ സവിശേഷതയാണ് പ്രവാചകന്‍ പിന്‍ഗാമികള്‍ക്ക് വേണ്ടി അവശേഷിപ്പിച്ചിട്ടുള്ള അമൂല്യ നിക്ഷേപം. മറിച്ച് തന്റെ മുടിയോ താടിയോ അല്ല. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം അസന്ദിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു: ''അല്ലാഹുവിന്റെ ദൂതനിലൂടെ നിങ്ങള്‍ക്ക് -അല്ലാഹുവിലും അന്ത്യനാളിലും പ്രതീക്ഷയര്‍പ്പിക്കുകയും അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്- വിശിഷ്ടമായ മാതൃകയുണ്ടായിരിക്കുന്നു'' (33:21). പ്രവാചകന്‍ തന്റെ അവസാന നാളുകളില്‍ പറഞ്ഞു: ''ഞാന്‍ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ജീവിതചര്യയും.'' ഇതല്ലാതെ എന്റെ താടിയും മുടിയും അല്ലെങ്കില്‍ ഞാന്‍ ധരിച്ച വസ്ത്രങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു എന്ന് തിരുമേനി പറഞ്ഞില്ല. പ്രവാചക സ്‌നേഹം സത്യവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അനിവാര്യതയാണത്. അല്ലാഹുവിനോടുള്ള സ്‌നേഹമാണ് മുഖ്യം. ''സത്യവിശ്വാസികളായവര്‍ ഏറ്റവുമധികം അല്ലാഹുവിനെ സ്‌നേഹിക്കുന്നവരാകുന്നു'' (2:165). പ്രവാചകനോടുള്ള സ്‌നേഹത്തിലൂടെയും അനുസരണത്തിലൂടെയുമാണ് ഈ സ്‌നേഹം പ്രായോഗികമായി പ്രത്യക്ഷപ്പെടുക. ''പ്രവാചകന്‍ അവരോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു'' (3:31). വിശ്വാസി സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റെല്ലാവരേക്കാളും പ്രവാചകനെ സ്‌നേഹിക്കണമെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. താന്‍ അല്ലാഹുവിനു മീതെ സ്‌നേഹിക്കപ്പെടണമെന്നോ തന്റെ താടിയും മുടിയും പൂജിക്കപ്പെടണമെന്നോ അല്ല അതിനര്‍ഥം. അല്ലാഹുവിനോടുള്ള വിശ്വാസികളുടെ സ്‌നേഹം അര്‍ഥവത്താകാന്‍ അവര്‍ തന്റെ ജീവിതചര്യകളെ പൂര്‍ണ മനസ്സോടെ പിന്തുടരണമെന്നാണ്. ''തന്റെ ഇഛ എന്നെ പിന്തുടരുന്നതാകുവോളം നിങ്ങളിലാരും സത്യവിശ്വാസിയാകുന്നില്ല'' എന്ന വാക്കുകളിലൂടെ പ്രവാചകന്‍ അത് വ്യക്തമാക്കി തന്നിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം