ബിലെയാം ഇപ്പോഴും നാവ് നീട്ടി ഓടിക്കൊണ്ടിരിക്കുന്നു
ഏതു പാരായണവും ആഹ്ലാദകരമായ അനുഭവമാകുന്നത് അത് വര്‍ത്തമാനകാലത്തോട് രചനാത്മകമായി അന്യോന്യപ്പെടുമ്പോഴാണ്. ഓരോ തവണ കടന്നുപോകുമ്പോഴും നവീന ആശയങ്ങളുടെ അത്യസാധാരണമായ പ്രപഞ്ച ദര്‍ശനം സാധിക്കുന്നുവെങ്കില്‍ അത്തരം പാരായണം ധന്യസാന്ദ്രവുമാണ്. ഇതിന് തുറവികള്‍ തരുന്ന രചനകളാണ് യഥാര്‍ഥ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍. ഈ രചനാശ്രേണിയിലെ ഒരു അപൂര്‍വ പുസ്തകമാണ് ജീലാനിയുടെ ബിലെയാം. ലാഹോറിലെ ഏഷ്യന്‍ പത്രത്തിന്റെ എഡിറ്ററായിരുന്നു ജീലാനി. പത്രപ്രവര്‍ത്തന മേഖലക്കപ്പുറമായിരുന്നു ജീലാനിയുടെ പ്രതിഭ. ചെറുകഥയുടെയും നോവല്‍ രചനയുടെയും മണ്ഡലത്തില്‍ അസാധാരണ സാന്നിധ്യമായി ജീലാനി. സയ്യിദ് മൗദൂദിയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ ദാര്‍ശനിക പ്രധാനമാര്‍ന്ന ലേഖനമെഴുതിയാണ് ജീലാനി എഴുത്തിന്റെ ലോകത്തെത്തിയത്. കഥകളാകട്ടെ, പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ പത്രാധിപത്യത്തില്‍ വന്ന ചിറാഗെറാഹിലൂടെയും. ജീലാനിയുടെ സന്ദേശ പ്രധാനമായ രചനകളില്‍ ഏറെ ശ്രദ്ധേയമാണ് ബിലെയാം എന്ന കുഞ്ഞു നോവല്‍. മുസ്‌ലിം മിത്തോളജിയും ബൈബിള്‍ പാഠവും അത്യസാധാരണമാം വിധം സംയോജിപ്പിച്ചു വികസിപ്പിച്ചെടുത്ത മനോഹരമായ രചനാ ശില്‍പം.
മൂസാ പ്രവാചകന്റെ സാന്നിധ്യത്തില്‍ വിശ്വാസികളായ ഇസ്രയേല്‍ ജനത യോര്‍ദാന്‍ നദിക്കരെ മോവാബു സമരഭൂമിയില്‍ പാളയമിറങ്ങി. സിപ്പേരിന്റെ മകന്‍ ബാലാക്കയായിരുന്നു അന്ന് മോവാബുവിലെ ദുഷ്ടരാജാവ്. ഹിമശൈലങ്ങളും നഗര വിസ്തൃതികളും കടന്നെത്തുന്ന മൂസായുടെ പടയോട്ടം കണ്ട് ഭയന്ന ബാലാക്ക് പ്രവാചകനെതിരെ ശാപപ്രാര്‍ഥന ചൊല്ലാന്‍ ബെയോറിന്റെ മകന്‍ ബിലെയാമിനെ സമീപിക്കുന്നു. സത്യജ്ഞാന യോഗിയാണ് ബിലെയാം. ഫലസിദ്ധിയുള്ള പ്രാര്‍ഥനയാണയാളുടേത്. ദൈവത്തിന്റെ സാമീപ്യമയാള്‍ക്കുണ്ട്. ആയിരക്കണക്കിന് അനുയായികള്‍ അദ്ദേഹത്തിന്റെ മന്ത്രോക്തികള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നു. അവര്‍ ബിലെയാമിനെ ആദരപൂര്‍വം പാദനമസ്‌കാരം ചെയ്യുന്നു. ഒരു നിമിഷം ബിലെയാം സ്വന്തത്തെപ്പറ്റി അഹം കരുതി. വിലയേറിയ സമ്മാനങ്ങളുമായാണ് ബാലാക്കിന്റെ ദൂതന്മാര്‍ പെഥോറിലെത്തിയത്. അവരുടെ ആവശ്യം ലളിതം. പകരം നല്‍കുന്ന വാഗ്ദാനമാകട്ടെ, ഭൗതിക ജീവിതത്തിലെ ഏത് വാണിജ്യ പാഠങ്ങളെയും വിസ്മയിപ്പിക്കുന്നതും. ഇസ്രയേലികളെ ശപിച്ചു പ്രാര്‍ഥിക്കുന്നത് ചെയ്യാന്‍ പാടില്ലാത്ത അപരാധമാണെന്ന് ബിലെയാമിനറിയാം. വിശ്വാസബോധ്യത്തിന്റെ അവസാന കണികയും മനസ്സില്‍ നിന്നും പടിയിറങ്ങുമ്പോഴാണ് ഒരാള്‍ സത്യത്തിനെതിരെ പ്രവര്‍ത്തിക്കുകയെന്ന് കഴിഞ്ഞ ദിവസം അനുയായികളോട് താന്‍ പറഞ്ഞതയാള്‍ മറന്നു. സമ്മാന വാഗ്ദാനങ്ങളില്‍ മനസ്സഞ്ചിപ്പോയ ബിലെയാം മൂസാ പ്രവാചകനും അനുയായികള്‍ക്കുമെതിരെ ശാപ പ്രാര്‍ഥന ചെയ്യാന്‍ അംഗവസ്ത്രങ്ങളും ചുറ്റി രാജസന്നിധിയിലേക്ക് ഒളിച്ചു പുറപ്പെട്ടു. ഒരുക്കി നിര്‍ത്തിയ ഹോമകുണ്ഡങ്ങളില്‍ കാളകളെയും ആടുകൊറ്റന്മാരെയും ആഹുതി ചെയ്തു. മൂന്നു പീഠങ്ങളില്‍ കയറി അദ്ദേഹം പ്രാര്‍ഥിച്ചു നോക്കി. ഉരുവിട്ട മന്ത്രങ്ങളൊക്കെയും ലക്ഷ്യം തെറ്റി. നാലാം തവണ മറ്റൊരു ബലിപീഠത്തില്‍ കയറി മൂസ്സക്കെതിരെ ബിലെയാം സുഭാഷിതം ചൊല്ലി. അപ്പോള്‍ സമ്മാന ഭാണ്ഡങ്ങളിലെ ദ്രവ്യപ്പെരുമകള്‍ ബിലെയാമിനെ നോക്കിച്ചിരിച്ചു. ബൈബിള്‍ പാഠത്തിനു സമാനമായ പാഠവിവരണം ഖുര്‍ആനിലുണ്ട്. ബൈബിളിലെ ബിലെയാമിനു പകരം അറബിയില്‍ അത് ബല്‍ആമുബ്‌നു ബാഊറയാണ് (ബാഊറയുടെ മകന്‍ ബല്‍ആം). ''നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ലഭിക്കുകയും എന്നിട്ടതില്‍ നിന്നു തെന്നുകയും ചെയ്തയാളിന്റെ കഥ നീ അവരോട് പറയുക. പിശാച് അയാളെ വശപ്പെടുത്തി അങ്ങനെ വഴികേടിലായി. അവന്‍ ദേഹേഛക്ക് പിന്നാലെ ഓടി. മണ്ണോട് ഒട്ടിപ്പിടിച്ചു. അവന്റെ ഉപമ ശുനകനെപ്പോലെയാണ്. അതിനെ ആക്രമിച്ചാലും വെറുതെ വിട്ടാലും അത് നാവു നീട്ടി ഓടും'' (ഖുര്‍ആന്‍ 7:175,176).
ഈ നോവല്‍ രചനക്കുള്ള പശ്ചാത്തലം വിവരിച്ചുകൊണ്ട് ജീലാനി സമര്‍പ്പിക്കുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ബിലെയാം തന്നില്‍ ഗുപ്തമായ ജഡിക മോഹങ്ങള്‍ തന്റെ യഥാര്‍ഥ ജ്ഞാനത്തിനു പകരം വെച്ചു. സത്യദര്‍ശനം ബിലെയാമിനു സിദ്ധിച്ചിരുന്നു. പക്ഷേ, ആര്‍ത്തിയാല്‍ അയാള്‍ അതിജയിക്കപ്പെട്ടു. ഇത്തരത്തിലൊരാളില്‍ യഥാര്‍ഥ ജ്ഞാനം ഉണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും ഒരുപോലെയായി. സത്യജ്ഞാനിയായ ഒരാള്‍ അധര്‍മത്തിന്റെ പക്ഷത്തേക്ക് പൊടുന്നനെ ഓടിക്കയറാന്‍ എന്തുകൊണ്ടാണ് തയാറായത്? ഭൗതിക വിമുക്തനായ ഒരാള്‍ക്ക് ദേഹേഛയുടെ ദാസ്യം വരിക്കാന്‍ എങ്ങനെ കഴിഞ്ഞു? വര്‍ഷങ്ങളോളം ഒരേ സരണയില്‍ സഞ്ചരിച്ച ഒരു വ്യക്തി പെട്ടെന്നൊരു നാള്‍ ഇങ്ങനെ എതിര്‍ദിശയിലേക്ക് തിരിയുന്നത് എന്തുകൊണ്ടായിരിക്കാം? ഇതിനു ജീലാനി കണ്ടെത്തുന്ന ഒരു യുക്തിയുണ്ട്. അത്തരം ആളുകള്‍ പ്രത്യക്ഷത്തില്‍ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്ന സരണിയിലൂടെയല്ല യാത്ര ചെയ്യുന്നത്. യഥാര്‍ഥത്തില്‍ അയാള്‍ വിരുദ്ധ ദിശയിലെ യാത്രികനാണ്.
ഏറെ ദാര്‍ശനിക മാനങ്ങളുള്ള ഈയൊരു ഇതിവൃത്തം നിശിതമായി ചര്‍ച്ച ചെയ്യാനാണ് ബൈബിള്‍ പാഠത്തിലും മുസ്‌ലിം ഏടുകളിലും ദൃശ്യമാകുന്ന ജ്ഞാനിയായ ബിലെയാമിനെ ദാര്‍ശനിക നോവലിന്റെ ശില്‍പഘടനയിലേക്ക് ജീലാനി സംക്ഷേപിച്ചത്. നോവല്‍ രചനയിലെ കേന്ദ്ര പ്രശ്‌നത്തെ വേണ്ടവിധം അപഗ്രഥിക്കാന്‍ ബിലെയാമിന്റെ ശൈശവം തൊട്ടുള്ള കഥ പറയുകയാണ് ജീലാനി. അയാള്‍ അസ്വസ്ഥചിത്തനായി താണ്ടിക്കടന്നു പോകുന്ന ഓരോ ജീവിതഘട്ടത്തെയും ജീലാനി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രമാണപാഠത്തിലെ കരു മാത്രമേ ജീലാനി സ്വീകരിക്കുന്നുള്ളൂ. യുക്തമായ പോഷകധാരകളാല്‍ കഥാപ്രവാഹത്തിന് ഒഴുക്കും മിഴിവും നല്‍കാന്‍ ഉരുവം മുഴുവന്‍ ഉടച്ചുവാര്‍ത്ത ബിലെയാമിനെ പുനഃസൃഷ്ടി നടത്തിയിട്ടുണ്ട് ജീലാനി.
ഫറോവന്‍ കാലത്തെ ഫലസ്ത്വീന്‍ നഗര രാജ്യമാണ് പെഥോര്‍. പെഥോര്‍ നഗരത്തിലെ ജ്യോത്സ്യനും നഗരപിതാവുമായ ബയോറിന്റെ മകനാണ് ബിലെയാം. തനിക്കോര്‍മ വീണ നാള്‍ മുതല്‍ അഛനെ അടക്കി ഭരിക്കുന്ന ഒരു സ്ത്രീയെ വീട്ടില്‍ കണ്ടു വളരുന്നു. അവര്‍ തന്റെ അമ്മയായിരുന്നില്ല. അമ്മ ബാല്‍ ദേവന്റെ സ്വര്‍ഗീയ ദേവാലയത്തിലേക്ക് ആഘോഷമായി വിളിക്കപ്പെട്ട ശേഷം ബിലെയാമിനെ വളര്‍ത്തിയത് അമ്മൂമ്മയാണ്. അഛനാകട്ടെ സമ്പൂര്‍ണമായും ഇളയമ്മയുടെ നിയന്ത്രണത്തില്‍. ബയോറിന്റെ മുമ്പ് ഇത്ര സമര്‍ഥനായ ഒരു നഗരപിതാവ് പെഥോര്‍ നഗരത്തില്‍ ഉണ്ടായിട്ടില്ല. വീട്ടില്‍ പക്ഷേ, അയാള്‍ രണ്ടാം സ്ഥാനത്തായിരുന്നു. അഛന്റെ കൂടെ ബിലെയാം ക്ഷേത്രങ്ങളില്‍ പതിവ് യാത്രക്കാരനായി. ബലിപീഠത്തില്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന അഛനെ കര്‍പ്പൂരത്തിന്റെയും കുന്തിരക്കത്തിന്റെയും പുകച്ചുരുളുകള്‍ക്കിടയില്‍ തേജസ്വിയായ ഒരു ദേവനെപ്പോലെ അവന്‍ കണ്ടു. ദര്‍ശനം കാത്തുനില്‍ക്കുന്ന ഭക്തജനങ്ങള്‍ അയാളുടെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തു. ഭക്തര്‍ക്ക് മുന്നില്‍ അസാധാരണ ഗാംഭീര്യത്തോടെ അയാള്‍ നിന്നു. അപ്പോള്‍ അഛന്‍ പറയുന്നതത്രയും അരുളപ്പാടുകളാണ്. ഇത് കണ്ടുനില്‍ക്കുന്ന ബിലെയാമിലും ദൈവവിശ്വാസം മിഴാവുകൊട്ടി. ധര്‍മചിന്തയുടെ കൃശബോധ്യത്തോടൊപ്പം ഭൗതിക കമാനങ്ങള്‍ അവന്റെ അബോധമനസ്സില്‍ സമാന്തര സഞ്ചാരം ചെയ്തുതുടങ്ങി. അപ്പോഴേക്കും ബിലെയാം കൗമാര ബാല്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരുനാള്‍ ബിലയാം ആറ്റുവഞ്ചിയില്‍ സഞ്ചരിക്കുന്നു. ഗ്രാമത്തിലെ വ്യാപാരിയും ഭാര്യയും വഞ്ചിയില്‍. തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകള്‍, ശോണിമയാര്‍ന്ന അധരം, പാതി കൂമ്പിയ കണ്ണുകള്‍. അഛന്‍ എന്തുകൊണ്ടാണ് വീട്ടില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തനാകുന്നതെന്ന് അവന്‍ അറിഞ്ഞു. ക്ഷേത്രത്തിലെ ആത്മീയ ധ്യാനത്തില്‍ എത്ര കണ്ട് ലയിച്ചാലും ക്ഷേത്രത്തിന് പുറത്തെ ലോകത്തേക്ക് മനസ്സും പിടഞ്ഞോടി.
ഇതിനിടയില്‍ പെഥോറിലെ ഉത്സവ നാളുകള്‍ വന്നെത്തി. അന്ന് ബാല്‍ദേവനു ധാരാളം പെണ്ണൊട്ടകങ്ങള്‍ ബലി നല്‍കപ്പെട്ടു. പ്രാര്‍ഥനയും ആട്ടവും പാട്ടുമായി നഗരം ആത്മീയ ലഹരിയില്‍ കുളിച്ചു നിന്നു; ബിലെയാമും. അതിനോടനുബന്ധിച്ച് അന്ന് നഗരത്തില്‍ കുതിരപ്പന്തയം നടന്നു. പന്തയപ്പാച്ചിലില്‍ ജയിച്ചത് അര്‍മേനിയക്കാരന്‍ ഉരേസുവിന്റെ കുതിരയാണ്. ആ കുതിരയുടെ കഴുത്തില്‍ കല്ലു മാലകള്‍ ഞാന്നു കിടന്നു. അതിന്റെ കുഞ്ചിരോമങ്ങള്‍ യോര്‍ദാന്‍ നദിയിലെ കുനുകുനുത്ത നുരമാലകള്‍ പോലെ ചാഞ്ചാടി. ഒന്നാമതെത്തിയ ഉറേബിന്റെ കഴുത്തില്‍ അന്ന് ഹാരം ചാര്‍ത്തിയത് ഏവ്യ നഗരത്തിലെ ഗവര്‍ണറുടെ ഭാര്യ. ഹാരം ചാര്‍ത്തുമ്പോള്‍ അവരുടെ മാറിടം ഉറേബിന്റെ നെഞ്ചില്‍ ചേരുന്നത് ബിലെയാം കണ്ടു. ക്ഷേത്ര ബോധ്യത്തിലെ സത്യത്തിനു പുറംസത്യത്തോട് ഒരു താരതമ്യവുമില്ലെന്ന് അന്നും ബിലെയാമിനു തോന്നി. അവന്റെ വികാരങ്ങള്‍ നദിയിലെ ഓളങ്ങള്‍ പോലെ ചടുലവും സ്വതന്ത്രവുമായി. ബിലെയാം ഒരേസമയം രണ്ട് ലോകത്ത് ജീവിച്ചു. ഒന്ന് ക്ഷേത്ര പരിസരത്തെ ലോകം. അവിടെ ബാല്‍ദേവന്റെ ജ്വലിക്കുന്ന മുഖം. പുറത്തു ഉറേബിനു മാല ചാര്‍ത്തിയ നെഞ്ചും. ക്ഷേത്ര ശുശ്രൂഷയോടൊപ്പം അയാള്‍ കുതിരസവാരിയും കൂടി പരിശീലിച്ചുകൊണ്ട് മനസ്സിലെ ഈ വിരുദ്ധ ശക്തികളുടെ സംഘട്ടനം രാജിയാക്കി. ഒരുനാള്‍ പ്രഭാതത്തില്‍ നഗരത്തില്‍ ഒരു വാര്‍ത്ത വന്നു. അജ്ഞാതന്റെ കൈകളാല്‍ കൊല്ലപ്പെട്ട ഉറേബിന്റെ മൃതദേഹം നഗരപ്രാന്തത്തില്‍ കണ്ടെത്തി. ദേശീയ നായകന്റെ അകാല അന്ത്യം നാടിനെ നടുക്കി. പക്ഷേ, ബിലെയാമില്‍ ഈ വാര്‍ത്ത ഒരുതരം നിസ്സംഗതയാണ് ഉണ്ടാക്കിയത്. ബിലെയാം വിരുദ്ധ ദിശയിലെ യാത്രക്കാരനായിരുന്നു.
അടുത്ത ഉത്സവത്തിലേക്കായി നഗരത്തില്‍ സൂര്യദേവന്റെ മഹാ പ്രതിമ പണിയാന്‍ പൗരസഞ്ചയം തീരുമാനിച്ചു. അടിമകള്‍ കൂറ്റന്‍ പാറക്കല്ലുകള്‍ തോണിയില്‍ കയറ്റി തുഴപ്പാടുകള്‍ എറിഞ്ഞ് അണയവും അമരവും നിവര്‍ത്തി. വാര്‍ധക്യത്തിലേക്ക് ചാഞ്ഞ പെരുന്തച്ചന്‍ വിഗ്രഹ നിര്‍മാണത്തില്‍ ആപാദം മുഴുകി നിന്നു. ബിലെയാമില്‍ ആത്മീയ ചിന്തയുടെ ഞാണ്‍ മുറുകി. അയാളും ശില്‍പ നിര്‍മിതിയില്‍ ആമഗ്നനായി. വളരെ പെട്ടെന്നു ബിലെയാം വിഗ്രഹ നിര്‍മാണത്തില്‍ വിശാരദനായി. മുഖ്യശില്‍പിയുടെ ചുമതല ഊരാളിക്കൂട്ടം ബിലെയാമിനെ ഏല്‍പിച്ചു. വിശ്വാസത്തിന്റെ ബാഹ്യത്തിനിപ്പുറം എതിര്‍ദിശയിലെ യാത്രികനാണയാളെന്ന് അവര്‍ അറിഞ്ഞില്ല. പകലന്തികള്‍ മുഴുക്കെ ബിലെയാം ജോലിയില്‍ വ്യാപൃതനായി. പെഥോര്‍ നിവാസികള്‍ പറഞ്ഞുതുടങ്ങി: ''ബിലെയാം ജ്ഞാന പ്രകാശം ലഭിച്ച പുണ്യവാനാണ്. വിശ്വാസം അതിന്റെ സര്‍വ സൗന്ദര്യത്തോടെയും ബിലെയാം കര്‍മജീവിതത്തില്‍ സമന്വയിപ്പിച്ചുവല്ലോ.'' നഗരത്തിലൂടെ നടന്നുപോകുന്ന ബിലെയാമിനെ നഗരവാസികള്‍ ആദരപൂര്‍വം തൊഴുതുനിന്നു. അതയാള്‍ക്ക് ശക്തിയും ആനന്ദവും നല്‍കി. ഒപ്പം അഹംബോധവും. യഥാര്‍ഥത്തില്‍ അയാള്‍ വിരുദ്ധരാശിയിലെ സഞ്ചാരിയാണല്ലോ.
ഒരുനാള്‍ താന്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന അമോലക്കിന്റെ (സൂര്യദേവന്‍) വിഗ്രഹ ഭംഗി ആസ്വദിച്ചു നില്‍ക്കുന്ന ബിലെയാമിന്റെ മുന്നിലേക്ക് കുഴിഞ്ഞ കണ്ണുകളും നീണ്ട ജടാവല്‍ക്കങ്ങളുമായി ഒരു ജ്ഞാനവൃദ്ധന്‍ പ്രത്യക്ഷനായി. അയാള്‍ പെറുക്കി നല്‍കിയ മാലമണികള്‍ ബിലെയാം അരുമയായി സൂക്ഷിക്കുന്ന സ്വന്തം കണ്ഠമാലയിലെ മുത്തുമണികളായിരുന്നു. ഞാനറിയാതെ ഇതെങ്ങനെ ചിതറി. ചിതറിയതൊക്കെ എങ്ങനെ ഈ പരമജ്ഞാനി പൊതിഞ്ഞെടുത്തു. ചിതറിയ മാലമണികള്‍ ബിലെയാമിന്റെ മനസ്സായിരുന്നു. അദ്ദേഹത്തിന്റെ നിരങ്കുശമായ വിചാരണക്ക് മുന്നില്‍ ബിലെയാം കൊണ്ടു നടക്കുന്ന ഇരട്ട വ്യക്തിത്വം തകര്‍ന്നു വീഴുന്നു.
അപ്പോഴും ബിലെയാം അമോലക്കിന്റെ മഹാരൂപ നിര്‍മിതിയില്‍ മുഴുകി നിന്നു. ഒരുനാള്‍ അമോലക്കിന്റെ പ്രതിമയില്‍ അവസാന മിനുക്കുപണികള്‍ ചെയ്തുകൊണ്ടിരുന്ന ബിലെയാമിനരികിലൂടെ ഒരു പല്ലക്ക് കടന്നുപോകുന്നു. മുത്തും പവിഴവും പൊതിഞ്ഞ പല്ലക്ക് ആഡംബരത്തിന്റെ മികവ് കാട്ടി. പല്ലക്കിനകത്താകട്ടെ സൗന്ദര്യത്തില്‍ വാര്‍ത്തൊരുക്കിയ യൗവനവും. ബിലെയാം പല്ലക്കിനകത്തേക്ക് നോക്കി. ഇത് മനുഷ്യനോ മാലാഖയോ! പല്ലക്കന്നുപോയപ്പോള്‍ അയാളുടെ മനസ്സില്‍ നേരിയ വേദന. എന്തുമാത്രം ശാലീനമാണീ രൂപം! തന്റെ കണ്ണിലഞ്ചിയ പല്ലക്കിന്റെ പകിട്ട് മനസ്സില്‍ പ്രതിഷ്ഠിച്ചു. എന്നിട്ടയാള്‍ അമോലക്കിനെ നോക്കി. അതൊരു ബീഭത്സ ശിലാ സത്വമായി അയാള്‍ക്കു തോന്നി. ബിലെയാം തന്റെ കല്ലുളിയും കൊട്ടുവടിയും നിലത്തെറിഞ്ഞു. ആത്മസംഘര്‍ഷത്തിന്റെ പിരിമുറുക്കത്തില്‍ അയാള്‍ നഗരം വിട്ടു. അമോലക്കിന്റെ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട ദിവസം മിദ്യാനിലെ പൗരസഞ്ചയം മുഴുവന്‍ നഗരത്തില്‍ വന്നു. അമോലക്കിന്റെ വാത്സല്യ ഭാജനത്തെ മാത്രം കാണാനില്ല.
ഒരുനാള്‍ യോര്‍ദാന്‍ നദിക്കരയിലെ കുന്നിന്‍ പുറത്ത് അസാധാരണ വേഷധാരിയായ ഒരു പുരോഹിതനെ ഇടയന്മാര്‍ കണ്ടെത്തി. പഴകിപ്പിന്നിയ വസ്ത്രങ്ങള്‍. അലക്ഷ്യമായി വളര്‍ന്ന ഊശാന്‍ താടി. ദൈവസംസര്‍ഗമുള്ള പുണ്യാത്മാവാണെന്ന് അവര്‍ക്ക് തോന്നി. അപ്പോള്‍ കറന്ന ആട്ടിന്‍ പാലും കാട്ടുപഴങ്ങളും നല്‍കി ഇടയന്മാര്‍ ഗുരുവിനെ സ്വീകരിച്ചു. അടുത്ത നാള്‍ അയാള്‍ക്ക് ഇടയന്‍ പുതപ്പും വിരിപ്പും സമ്മാനിച്ചു. ആഴ്ചകള്‍ക്കു ശേഷം ഇടയന്‍ ഗുരുവിന്റെ മുന്നില്‍ തന്റെ സങ്കടം ഉണര്‍ത്തിച്ചു. അമ്മക്ക് ദേഹസുഖമില്ല. ആടുകളെ മേയ്ക്കാന്‍ വരുമ്പോള്‍ അമ്മയെ നോക്കാനാളില്ല. ആടുകളില്ലെങ്കില്‍ പട്ടിണിയാവും. താങ്കള്‍ ദേവന്മാര്‍ പ്രിയം വെച്ചവനാണ്. ആ പുണ്യകരംകൊണ്ട് അമ്മയെ തടവുമെങ്കില്‍ അവര്‍ സുഖം പ്രാപിച്ചേനെ. അവസാനം ബിലെയാമിന്റെ കരങ്ങള്‍ അമ്മെയ തഴുകി. അത്ഭുതമെന്നോണം അവര്‍ സുഖം പ്രാപിച്ചു. പിന്നീട് ദീനക്കാരുടെ മഹാഗണം ആ മലമേട്ടിലേക്കൊഴുകി. വന്നവരൊക്കെ പറഞ്ഞു: ''ദേവന്മാരുടെ ഇഷ്ട ഭാജനമേ, ഞങ്ങളില്‍ പ്രസാദിച്ചാലും.'' ദീനക്കാരൊക്കെയും ദിവ്യന്റെ മുന്നില്‍ തലകുനിച്ചു. ഒരിക്കല്‍ ബിലെയാം പറഞ്ഞു. ദൈവത്തിനു മുന്നിലാണ് തല കുനിക്കേണ്ടത്. മറുപടി പെട്ടെന്നായിരുന്നു. ഞങ്ങള്‍ അങ്ങയിലാണ് ദൈവത്തെ കാണുന്നത്. ക്രമേണ ഇടയനും അമ്മയും ദിവ്യന്റെ കൂടെ താമസമാക്കി. ഇടയജോലി ഉപേക്ഷിച്ച് അവര്‍ ബിലെയാമിന്റെ പരികര്‍മികളായി. തന്നില്‍ നിന്നൊഴുകുന്ന അനുഗ്രഹ സ്രവന്തിയില്‍ ബിലെയാം സംതൃപ്തനായി. സുഖം പ്രാപിച്ച രോഗികള്‍ കരയുമ്പോള്‍, അവര്‍ രോഗാതുരതയുടെ സങ്കടക്കടല്‍ മുറിച്ചു കടക്കുമ്പോള്‍ ബിലെയാം കൂടുതല്‍ ഉന്മേഷവാനായി. മനസ്സ് കൂടുതല്‍ വിശ്രാന്തി തേടി. ഇന്നയാള്‍ ആചാര്യനായി. അയാള്‍ ഏതൊരു രാജരഥത്തിലെ യാത്രികനാണോ ആ വഴിയില്‍ വഴി അറിയുന്നവന്‍ അയാള്‍ മാത്രം. അതുകൊണ്ടുതന്നെ അയാള്‍ വഴികാട്ടിയും ആചാര്യനും. മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ അയാള്‍ക്ക് സാധിച്ചു. മറ്റുള്ളവരെ നയിക്കുമ്പോള്‍ അയാള്‍ ഏതോ ആത്മനിര്‍വൃതി അനുഭവിച്ചു. അയാള്‍ ചുണ്ടനക്കുമ്പോള്‍ സദസ്സില്‍ നിശ്ശബ്ദത. തന്റെ ഓരോ വാക്കും തങ്ങളിലേക്കാവാഹിക്കാന്‍ വെമ്പിനില്‍ക്കുന്ന അനുയായി വൃന്ദം. സദസ്സ് ഏതു മര്‍മരത്തില്‍ നിന്നും അടങ്ങിപ്പാര്‍ക്കുന്നു. അഹംബോധത്തിന്റെ അപാരസാഗരം തന്റെ അന്തരംഗത്തില്‍ ചാകരക്കടലുപോലെ. അനുകൂലമായ ഏതു സന്ദര്‍ഭത്തിലും അത് പ്രക്ഷുബ്ധമാവും. അയാള്‍ വിരുദ്ധ ദിശയിലെ യാത്രികനാണ്. വേഷങ്ങളില്‍ ബിലെയാം നിസ്സംഗനായിരുന്നു. ലൗകിക മോഹങ്ങള്‍ അയാളില്‍ പ്രകടമല്ല.
ഒരുനാള്‍ ബിലെയാം കിനാവ് കണ്ടു. ആറ്റുജലം പൊങ്ങുന്നു. ഇടയന്റെ കുഞ്ഞുകുടില്‍ പറിച്ചെടുത്ത് അത് നിര്‍ദയം ഒഴുകി. ഇടയന്റെ അമ്മ 'എന്റെ രക്ഷകാ' എന്നു വിലപിച്ചു. അവരെ രക്ഷിക്കുന്നതിനു പകരം ബിലെയാം അവളുടെ തളര്‍ന്ന അവയവങ്ങളില്‍ തടവുന്നു. ഉറക്കമുണര്‍ന്ന പ്രഭാതത്തില്‍ ബിലെയാം അവളെ കണ്ടപ്പോള്‍ നാണം കാട്ടി. ജഡിക ദാഹങ്ങളെ അതിജയിക്കാന്‍ അയാള്‍ക്കായിട്ടില്ല. ബിലെയാം വിരുദ്ധ ദിശയിലെ യാത്രികനായിരുന്നു.
ക്ഷേത്രനടയില്‍ ഭജനമിരുന്ന പൂര്‍വാശ്രമത്തിലും ബിലെയാമിനു ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഭൗതിക കാമനകളുടെ അഭിനിവേശം മറികടക്കാന്‍ അയാള്‍ വീണ്ടും പലായനത്തിനൊരുങ്ങി. അപ്പോഴും മനസ്സില്‍ ഒരശരീരി ഉയര്‍ന്നു. നിരാലംബരായ ആയിരക്കണക്കിന് നിരാലംബരെ ഉപേക്ഷിച്ചു പോവുകയോ? ഒരിക്കലിങ്ങനെ പെഥോറില്‍ നിന്നയാള്‍ ഓടിയതാണ്. ഇത്തവണ പക്ഷേ, അതുണ്ടായില്ല. ബിലെയാം കുന്നിന്‍പുറത്തെ സങ്കേതത്തിലേക്ക് തിരിച്ചു. ദര്‍ശനം കാത്തുനിന്ന വിശ്വാസികള്‍ മടങ്ങി. പരികര്‍മികള്‍ മാത്രം ബാക്കിയായി. അപ്പോള്‍ അകലെ നദീ ദൃശ്യത്തില്‍ ഒരു വഞ്ചി ഒഴുകിവരുന്നു. ക്രമേണ അലങ്കരിച്ചെത്തിയ കടത്തുവഞ്ചി ഗുഹാമുഖത്ത് അണയും ചേര്‍ന്നു. വഞ്ചിയുടെ അലങ്കാര തൊങ്ങലുകള്‍ കണ്ടാലറിയാം, അതേതോ പ്രഭുകുമാരിയുടേതാണെന്ന്. ബിലെയാമിന്റെ നിരീക്ഷണം തെറ്റിയില്ല. അണയം ചേര്‍ന്ന വഞ്ചിയില്‍ നിന്നും അംഗവസ്ത്രം ധരിച്ചൊരാള്‍ കരക്കിറങ്ങി. അയാള്‍ ആചാര്യനുമുന്നില്‍ തൊഴുതു: ''ദേവന്മാരുടെ വാത്സല്യ ഭാജനമേ, അങ്ങ് വഞ്ചിയിലേക്കൊന്നു എഴുന്നള്ളിയാലും. അതിനകത്ത് ഞങ്ങളുടെ യജമാനയുണ്ട് അങ്ങയെ കാത്തിരിക്കുന്നു.'' കരയോടടുപ്പിച്ച ചന്ദനക്കോണി കയറി ബിലെയാം അകത്തെത്തി. അകത്തൊക്കെ സ്വര്‍ണ വില്ലീസുകള്‍ ഞാന്നു കിടക്കുന്നു. അമ്പറിന്റെയും സാമ്പ്രാണിയുടെയും സുഗന്ധ ധൂമങ്ങള്‍ നദീപരിസരങ്ങളില്‍ വിലയം കൊണ്ടു. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ട്. ബിലയാമിന് ഓര്‍മ തെളിഞ്ഞു. പണ്ട് അമോലക്കിന്റെ വിഗ്രഹം നിര്‍മിക്കുമ്പോള്‍ അലോസരമുണ്ടാക്കി കടന്നുപോയ പല്ലക്ക്. അവര്‍ പതിയേ പറഞ്ഞു തുടങ്ങി: ''ബാല്‍ പെയോറിന്റെ അനുഗ്രഹം ലഭിച്ചവരേ, ഞാന്‍ മിദ്യാനിലെയും മിസ്രയീമിലെയും മുക്കു മൂലകള്‍ പരതി നടന്നു. തേടി നടന്ന രക്ഷകനെ എവിടെയും കണ്ടില്ല. ഇന്നു ഇവിടെ ഞാന്‍ അങ്ങയെ കാണുന്നു.'' അവളുടെ ഇമകളില്‍ മിഴിനീര്‍ മുത്തുകള്‍ വിറയാര്‍ന്നു നിന്നു. വാദ്യോപകരണങ്ങളുടെ നനുത്ത സംഗീതം. ആ രാഗവീചികള്‍ അവന്റെ ആത്മാവിനെ ജഡത്തില്‍ നിന്നെങ്ങോ എടുത്തുകൊണ്ടുപോയി. ചെറുത്തുനില്‍പിന്റെ നാഡീസ്പന്ദനം നിലക്കുന്നുവോ...ഹൃദയം ഉച്ചത്തില്‍ മിടിച്ചു തുടങ്ങി. അന്തരംഗമുയര്‍ത്തുന്ന നേര്‍ത്ത ശബ്ദം പോലും നിന്നുപോകുന്നു. ഏതോ പൂര്‍വ സുകൃതം കൊണ്ടോ പുണ്യപ്പെരുമകള്‍ കൊണ്ടോ ബിലെയാം ഒരു നിമിഷം സ്തംഭിച്ചു നിന്നു. വിരികള്‍ വകഞ്ഞുമാറ്റി വഞ്ചിയില്‍ നിന്നും ഇറങ്ങിയോടി. അപ്പോഴും അവളുടെ അംഗലാവണ്യം മായികദൃശ്യമായി അയാളുടെ മനസ്സില്‍ പെയ്തിറങ്ങിക്കൊണ്ടിരുന്നു. ബിലെയാമില്‍ ഭിന്ന ശക്തിയുടെ സംഘട്ടനം ശക്തമായി. അയാള്‍ ഏറെ ദുഃഖിച്ചു. ഇത്രയും ജ്ഞാനം നേടിയിട്ടും പാണ്ഡിത്യം വര്‍ധിച്ചതല്ലാതെ ഭൗതിക കാമനകളെ ചുട്ടെരിക്കാന്‍ സാധിച്ചില്ലല്ലോ. ഇടയന്റെ അമ്മ കമ്പിളി വിരിച്ചു. ബിലെയാം ഉറക്കത്തിലേക്ക് വഴുതി. ക്ഷീണിച്ച ഞരമ്പുകള്‍ക്ക് വിശ്രാന്തി കിട്ടി. ചുണ്ടുകളില്‍ സ്മിതം വിരിഞ്ഞു. അസ്വസ്ഥതകളുടെ കൊടുങ്കാറ്റുകള്‍ പോയ് മറഞ്ഞു. പെട്ടെന്ന് വിളക്കിനു മുന്നില്‍ നിഴലനങ്ങുന്നു. ഇടയന്റെ അമ്മ. അവള്‍ ബിലെയാമിന്റെ കാലുകള്‍ തിരുമ്മാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ ഒലിവു വിളക്കിന്റെ നാളം ഇളകിയാടുന്നു. അവള്‍ക്ക് പ്രായം ഏറിയിട്ടില്ല. അവളെ സമാശ്വസിപ്പിക്കാനായി അവന്റെ കൈകള്‍ അവളുടെ ശിരോഭാഗത്തേക്ക് നീങ്ങി. വാത്സല്യപൂര്‍വം അവന്‍ അവളെ തലോടിയപ്പോള്‍ അവന്റെ മാറിലേക്ക് അവളുടെ മുഖം ഒഴുകിവീണു. പെട്ടെന്നു കാറ്റു വീശി. ഒലിവു വിളക്ക് കണ്ണു ചിമ്മി.
ജഡിക മോഹങ്ങളില്‍ മുഖം കുത്തിവീണ ബിലെയാമിന്റെ കഥ പറയുമ്പോള്‍ ജീലാനി സൂക്ഷിക്കുന്ന രംഗബോധം ഉജ്ജ്വലമാണ്. അര്‍ഥവിസ്മയങ്ങളെ എയ്തയക്കുന്ന പദവില്ലുകള്‍ ജീലാനിയുടെ പ്രതിഭാസാന്നിധ്യമാണ്. ബിലെയാം സംഭീതനായി. രാത്രികളില്‍ അന്ധകാരം വ്യാപിക്കുമ്പോഴെല്ലാം അയാള്‍ വേദന കൊണ്ട് പുളഞ്ഞു. നദീതീരം വിജനമാവുകയും പ്രപഞ്ച ബഹളങ്ങള്‍ നദിയുടെ സാന്ദ്രസംഗീതത്തില്‍ ലയിക്കുകയും ചെയ്യുമ്പോള്‍ ബിലെയാമിന്റെ ജഡം മനസ്സിന്റെ ഗുഹയില്‍ നിന്നും പുറത്തുവരും. ജഡവും ആത്മാവും തമ്മിലുള്ള ഒളിച്ചുകളി നിരന്തരം തുടര്‍ന്ന് പതിയേ അയാളുടെ മനസ്സാക്ഷി ദ്രവിച്ചു വീണു. അപ്പോഴും പ്രശസ്തി പരന്നൊഴുകി. ദ്വന്ദവ്യക്തിത്വം ഏറ്റവും മലിനമായി അയാളില്‍ സംഗമിക്കുന്നത് അനുയായികള്‍ അറിഞ്ഞില്ല.
ആ നാളുകളില്‍ മിസ്‌റ് ദേശത്തിന്റെ പരിസരത്ത് പുതിയ വിശ്വാസ പ്രമാണങ്ങള്‍ പ്രസരിക്കുന്നത് അവരും അറിഞ്ഞു. അത് മൂസയുടെ ആശയപ്രചാരണ ദൗത്യമായിരുന്നു. യാത്രാ സംഘങ്ങളും വണിക്കുകളും പലപ്പോഴും ഇവരുടെ കഥകളുമായെത്തി. കഥാകഥനത്തിന്റെ ഇരമ്പത്തില്‍ ഫറോവ ചെങ്കടലില്‍ മുങ്ങിമരിച്ചതും അവനറിഞ്ഞു. മൂസാ പ്രവാചകന്റെ സമരത്തെയും അതിന്റെ പിന്നിലെ ആശയ ദീപ്തിയെയും ബിലെയാമിനറിയാമായിരുന്നു. സത്യമതാണെന്നും അത് മാത്രമാണ് മോക്ഷ മാര്‍ഗമെന്നും ബിലെയാമിനുറപ്പുണ്ട്. അയാളുടെ മനസ്സ് അവരോടൊപ്പമായിരുന്നു. പക്ഷേ, വിശ്വാസത്തെ പ്രമാണങ്ങളില്‍ നിന്നും പ്രയോഗത്തിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ ഭൗതിക മോഹങ്ങളുടെ തടങ്കലിലായ ബിലെയാമിനായില്ല.
അപ്പോഴേക്കും മൂസാ പ്രവാചകന്റെ വിമോചന സൈന്യം മൊവാബ്യാ സമരഭൂമിയില്‍ പാളയമിറങ്ങി. സത്യത്തിന്റെ മുന്നേറ്റം തടയപ്പെടില്ലെന്നും അതിനാണ് പ്രാര്‍ഥിക്കേണ്ടതെന്നും ബിലെയാമിനറിയാം. പക്ഷേ, ഒരുനാള്‍ മൊവാബ്യയിലെ പ്രഭുക്കന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാന ഭാണ്ഡങ്ങളുമായി ബിലെയാമിന്റെ മുന്നിലെത്തി. അവര്‍ക്കൊരു കുടില ലക്ഷ്യമുണ്ട്. സത്യത്തിനെതിരെ ജ്ഞാനിയായ ബിലെയാമിന്റെ ശാപ പ്രാര്‍ഥന. എങ്ങനെയെങ്കിലും മൂസയുടെ സൈന്യത്തെ പരാജയപ്പെടുത്തണം. ഭൗതിക പ്രലോഭനങ്ങള്‍ വെള്ളി നായണങ്ങളായി മുന്നില്‍ കുമിഞ്ഞപ്പോള്‍ ബിലെയാം സത്യത്തിനെതിരെ ശാപ പ്രാര്‍ഥന ചൊല്ലാന്‍ യാഗപീഠത്തില്‍ ഓടിക്കയറി. മൂന്നു തവണ ശ്രമിച്ചിട്ടും അയാള്‍ക്കതിനായില്ല. അപ്പോഴൊക്കെ തന്റെ മുന്നിലെ സമ്മാന ഭാണ്ഡത്തിലെ മുഴപ്പുകള്‍ അയാളെ ശാപപ്രാര്‍ഥനക്ക് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. നാലാം തവണയും പീഠത്തില്‍ കയറിയ ബിലെയാം മൂസാ പ്രവാചകനെതിരെ സുഭാഷിതം ചൊല്ലി. ഒരു കുറ്റബോധവുമില്ലാതെ.
ഇവിടെ ജീലാനി ഉയര്‍ത്തുന്ന മൗലികമായ ചില പ്രശ്‌നങ്ങളുണ്ട്. എന്തിനായിരുന്നു ബിലെയാം ഇതുവരെ പ്രവര്‍ത്തിച്ചത്? സ്വന്തം പ്രശസ്തിക്കും ഭൗതിക കാമനകള്‍ക്കും വേണ്ടിയോ? തനിക്കു തന്നെ ബോധ്യമല്ലാത്ത പ്രമാണ സത്യങ്ങളായിരുന്നുവോ അയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്? അതാണ്. ബിലെയാം ഒരിക്കലും അയാള്‍ പ്രതിനിധാനം ചെയ്ത സരണിയിലെ സഞ്ചാരിയായിരുന്നില്ല. അയാള്‍ വിരുദ്ധ രാശിയിലെ യാത്രികനായിരുന്നു. അതുകൊണ്ടാണ് പ്രലോഭനങ്ങളുടെ ചതുപ്പില്‍ ഇത്ര ശീഘ്രം വീണുപോയത്. അയാള്‍ വിശ്വാസത്തില്‍ രൂഢമായിരുന്നില്ല. ഇത്തരക്കാര്‍ തന്റെ പതനത്തില്‍ മറ്റുള്ളവരില്‍ കുറ്റവാളിയെ തെരയും.
ബിലെയാമുമാര്‍ പുനര്‍ജനിച്ചുകൊണ്ടിരിക്കും. മൂസാ പ്രവാചകന്റെ അനുയായികള്‍ക്കെതിരെ ബാലാക്കിനു വേണ്ടി പ്രാര്‍ഥന ചൊല്ലാന്‍. ദ്രവ്യപ്പെരുമഴയില്‍ അവര്‍ കുളിച്ചു നില്‍ക്കും. ആര്‍ത്തി പിടിച്ച നായയെപ്പോലെ അവര്‍ ഇടംവലം പാഞ്ഞുകൊണ്ടിരിക്കും.
അര നൂറ്റാണ്ടോളം പഴക്കമുണ്ടീ രചനക്ക്. ഏതു സമകാലിക പാരായണത്തിലും നവീനമായ ആശയതലങ്ങള്‍ അഴിഞ്ഞുകിട്ടുന്ന ദാര്‍ശനിക പ്രധാനമായ ഈ പുസ്തകത്തിന് കാലത്തെ അതിശയിപ്പിക്കാനുള്ള സര്‍ഗശേഷിയുണ്ട്. ജീലാനിയുടെ രചന ഉര്‍ദു ഭാഷയിലാണ്. ആശയവും ഭാഷയും നിറഞ്ഞാടി നില്‍ക്കുന്ന വിഭ്രാത്മകമായ ഒരു അപരലോകത്തേക്കത് നമ്മളെ കൊണ്ടുപോവുന്നു. സയ്യിദ് മൗദൂദിയുടെയും ഖുര്‍ശിദ് അഹ്മദിന്റെയും പത്രങ്ങളില്‍ എഴുതണമെങ്കില്‍ അസാധാരണനായ പ്രതിഭാധനനാകണം ജീലാനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ കൊച്ചു കൃതിക്ക് മലയാളത്തില്‍ പരിഭാഷ വന്നിട്ട് മുപ്പത്തഞ്ച് വര്‍ഷമായി. അധികം പേര്‍ കണ്ടിട്ടില്ലാത്തതും കുറച്ചു പേര്‍ മാത്രം വായിച്ചിട്ടുള്ളതുമായ ഈ കൊച്ചു പുസ്തകം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത് അനുഗൃഹീത എഴുത്തുകാരനായ വി.എ കബീറാണ്. പ്രസാദമധുരമാണ് കബീറിന്റെ ഭാഷ. പാരായണ സുഭഗത ആഹ്ലാദകരമാക്കുന്നത് പരിഭാഷയുടെ ചാരുത കൊണ്ടുകൂടിയാണ്. കോഴിക്കോട്ടെ പ്രതിഭ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇന്ന് കമ്പോളത്തില്‍ ലഭ്യമല്ലെങ്കിലും കഥാപാത്രങ്ങള്‍ സുലഭമാണ്.
[email protected]
Comments