കരള്‍പിളരും കഥകളുമായി ചില ചിത്രങ്ങള്‍
''സുബ്ഹാനല്ലാഹ്! എന്താണീ കാണുന്നത്!'' എന്ന് ഉച്ചത്തില്‍ വിലപിച്ചുകൊണ്ടാണ് രണ്ട് മൂന്ന് അറബ് പ്രേക്ഷകര്‍ ഹാള്‍ വിട്ടിറങ്ങിപ്പോയത്. അമേരിക്ക യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ ഫലമായി ഇറാഖിലെ ഫല്ലൂജ നഗരത്തിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ പ്രമേയമായി നിര്‍മിച്ച, ഇരുപത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അത്രയും ഭീകരമായിരുന്നു. അംഗവൈകല്യവും വൈരൂപ്യവും ബാധിച്ച് പിറന്നുവീഴുകയും അഞ്ചോ ആറോ വര്‍ഷം മാത്രം ജീവിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ മാത്രം മറവ് ചെയ്ത വിശാലമായ ഖബ്‌റിടം കാണുമ്പോള്‍ ആരുമൊന്ന് ഞെട്ടും.
ഇന്ത്യ ഉള്‍പ്പെടെ അറുപത്തിയഞ്ച് രാഷ്ട്രങ്ങളില്‍നിന്നുള്ള മുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ദോഹയിലെ ഏഴാമത് അല്‍ജസീറ ഡോക്യുമെന്ററി ചലചിത്രമേള, സമീപകാലത്ത് അറബ് രാജ്യങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സംവാദം' എന്ന പ്രമേയമാണ് സ്വീകരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ തന്നെ നടന്ന ട്രിബേക ചലച്ചിത്രോത്സവത്തില്‍ കാണികളുടെ പ്രശംസ നേടിയ 'ഗസ്സയുടെ കണ്ണീര്‍' എന്ന നോര്‍വെക്കാരി വിബേകയുടെ ചിത്രം ഇക്കുറിയും കാണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഖുദ്‌സിനു ചുറ്റും നടക്കുന്ന പീഡനങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും നേര്‍ ചിത്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ വെച്ച് അല്‍ജസീറ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഥായിര്‍ ആല്‍ഥാനിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഈയിടെ ലിബിയയില്‍ കൊല്ലപ്പെട്ട തങ്ങളുടെ ഫോട്ടോഗ്രാഫര്‍ അലി ഹസന്‍ അല്‍ ജാബിറിനെ അനുസ്മരിച്ചപ്പോള്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ അബ്ബാസ് ആര്‍നോത് കരഞ്ഞുപോയി. മര്‍ദിതരും പീഡിതരുമായ അറബ് ജനത ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന സമരങ്ങളുടെ യഥാര്‍ഥ ചിത്രം പ്രേക്ഷകര്‍ക്കെത്തിക്കുന്നത് പലപ്പോഴും ലക്ഷങ്ങളുടെ വാണിജ്യ പരസ്യങ്ങള്‍ ഒഴിവാക്കിയിട്ടാണെന്ന് ചാനല്‍ ജനറല്‍ മാനേജര്‍ വദ്ദാഹ് ഖന്‍ഫറും വ്യക്തമാക്കി.
ദോഹ ഷെറടോണിലെ ശീതീകരിച്ച ഹാളുകളില്‍ മാത്രം നടന്നിരുന്ന പ്രദര്‍ശനം ഇക്കുറി സൂഖ് വാഖിഫിലെ തുറന്ന മൈതാനത്തും അല്‍ഖോര്‍-ഉംസൈദ് കമ്യൂണിറ്റി ഹാളുകളിലും ഹയാത് പ്ലാസയിലുമെല്ലാം ശ്രോതാക്കളെ തേടി എത്തിയിരുന്നു.
'എന്റെ നൂറ് ഖുത്വ്ബയേക്കാള്‍ ഫലം ചെയ്യു'മെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലെ ഒരു സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രവാചക ജീവിതം പ്രമേയമാക്കി അവതരിപ്പിച്ച നാടകം കണ്ട ഡോ. യൂസുഫ് ഖറദാവി അഭിപ്രായപ്പെട്ടിരുന്നു. മേളയില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളും അവ കാണാനെത്തിയ വ്യത്യസ്ത രാജ്യക്കാരായ കാണികളെയും കണ്ടപ്പോള്‍ ഈ വാക്കുകള്‍ ഓര്‍ത്തുപോയി. പ്രസംഗത്തിലൂടെയും ലേഖനത്തിലൂടെയും ഫലിപ്പിക്കുന്നതിനെക്കാളേറെ ശക്തമായ പല സന്ദേശങ്ങളും ദൈര്‍ഘ്യം കുറഞ്ഞ ചിത്രങ്ങള്‍ വഴി നല്‍കാന്‍ സാധിച്ചുവെന്നുറപ്പാണ്. ഇതിനകം ആറ് ചിത്രങ്ങള്‍ നിര്‍മിച്ച മുഹമ്മദ് ഖാദിര്‍ സംവിധാനം ചെയ്ത 'ഇസ്‌ലാമിലെ വനിതകള്‍' (26 മിനിറ്റ്) ഇക്കൂട്ടത്തില്‍ പെടുന്നു. ഇസ്‌ലാം, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളിലെ 'ബാങ്ക് വിളി'ക്കാരെ കേന്ദ്രബിന്ദുവാക്കിയാണ് ഇന്തോനേഷ്യക്കാരി എന്ത സുലിസ്തിയാന്റിയുടെ ചിത്രം. 1978 സെപ്റ്റംബറില്‍ നടന്ന ഇറാനിയന്‍ ജനകീയ വിപ്ലവത്തിന്റെയും അവിടെ നടന്ന നരനായാട്ടിന്റെയും നേര്‍കാഴ്ചകളായിരുന്നു 'നേരിയ കാറ്റില്‍' കണ്ടത്. ദില്ലിയില്‍ താമസക്കാരിയായ മലയാളി റിന്റു തോമസ് 'എന്റെ വീട് തേടി' എന്ന അര മണിക്കൂര്‍ ചിത്രത്തിലൂടെ, തലസ്ഥാന നഗരിയില്‍ കഴിഞ്ഞു കൂടുന്ന ബര്‍മ-അഫ്ഗാന്‍ അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ വരച്ചുകാണിക്കുന്നു. ഇന്ത്യക്കാരിയായ ആരതി ശ്രീവാസ്തവയാകട്ടെ 'വിധവകളുടെ ഭൂമി'യിലൂടെ രാജസ്ഥാനിലെ ഖനി തൊഴിലാളികളുടെ കഥയാണ് പറയുന്നത്. സെര്‍ബിയന്‍ വംശഹത്യയുടെ ദുഃഖഭാരം പേറേണ്ടിവന്ന ആയിരക്കണക്കിന് ബോസ്‌നിയന്‍ വിധവകളുടെ പ്രതിനിധിയാണ് റൂദി ഇറാന്റെ ചിത്രത്തിലെ നായിക മുനീറ. ആസ്‌ത്രേലിയയിലെയും ഫ്രാന്‍സിലെയും മുസ്‌ലിം സാന്നിധ്യം അറിയിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നു. താജ് മഹല്‍ കാണുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി പലതവണ വിസക്ക് അപേക്ഷിച്ചിട്ടും നിരസിക്കപ്പെട്ട പാകിസ്താനി ടാക്‌സി ഡ്രൈവര്‍ ഹൈദറിന്റെ നിരാശ നിറഞ്ഞ വാക്കുകളിലൂടെ അയല്‍ രാഷ്ട്രങ്ങളിലെ സാധാരണ മനുഷ്യരുടെ മനോഗതമാണ് പുറത്ത് വരുന്നത് (താജ്മഹല്‍ എന്ന സ്വപ്നം). ഇന്ത്യയിലെ സ്ത്രീ മുന്നേറ്റത്തിന്റെ കഥ പറയുന്ന ബ്രിട്ടീഷ് ചിത്രമായ 'പിങ്ക് സാരിസ്' ദീര്‍ഘ ചിത്രത്തിനുള്ള ഗോള്‍ഡന്‍ അവാര്‍ഡ് നേടി. പെങ്ങളുടെ കല്യാണം നടത്താന്‍ വേണ്ടി ഒമ്പത് വര്‍ഷം കഠിനാധ്വാനം ചെയ്യുന്ന ആശിഖ് എന്ന കശ്മീരി യുവാവിനെ വര്‍ക്കലയില്‍ വെച്ച് പരിചയപ്പെട്ട ജര്‍മന്‍കാരി ഡാനിയേല, പാശ്ചാത്യര്‍ക്ക് സങ്കല്‍പിക്കാന്‍ പറ്റാത്ത ഈ കുടുംബസങ്കല്‍പത്തില്‍ അത്ഭുതം കൂറി ശ്രീനഗറിലെത്തുകയും 'അറേയ്ഞ്ച്ഡ് ഹാപിനസ്' എന്ന ചിത്രം നിര്‍മിക്കുകയും ഒടുവില്‍ അയാളുടെ ജീവിത സഖിയാവുകയും ചെയ്തു. ഈ ഡോക്യുമെന്ററിയും ചൈല്‍ഡ്-ഫാമിലി വിഭാഗത്തിലെ അവാര്‍ഡ് നേടി.
നാട്ടിലെ പഴയകാല മൗലിദ് രാവുകളെ ഓര്‍മിപ്പിക്കുന്ന 'സീറ' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പാട്ടിലൂടെ പഴയകാല ചരിത്രം പറയുന്ന എണ്‍പത്തിയഞ്ചുകാരന്‍ സയ്യിദ് അല്‍ദവ്വി തന്റെ അറിവുകള്‍ പേരമകനിലൂടെ അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. പല സ്ഥലങ്ങളിലായി നടക്കുന്ന പരിപാടികളിലൂടെ ഈ ഈജിപ്ഷ്യന്‍ ഉപ്പാപ്പ പ്രവാചകന്റെ ചരിത്രവും മൊഞ്ചത്തിയായ രാജകുമാരിയെ സ്‌നേഹിച്ച സുന്ദരനായ രാജകുമാരന്റെ കഥയുമെല്ലാം പാടി പറയുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അടുത്ത മാസം ഇദ്ദേഹത്തെ സ്വിസ്റ്റര്‍ലന്റിലെ കലാ പ്രേമികള്‍ ആദരിക്കുന്നുണ്ട്.
ആശയങ്ങള്‍ ചോര്‍ന്നുപോകാതെ ചരിത്രസ്മാരകങ്ങളും മഹദ് വ്യക്തിത്വങ്ങളുടെ ജീവിതാനുഭവങ്ങളും മറ്റും പ്രമേയമാക്കി ഡോക്യുമെന്ററികള്‍ നിര്‍മിച്ചാല്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് തന്നെ അതൊരു മുതല്‍ക്കൂട്ടാകും.
[email protected]
Comments