എന്നിട്ടും ഇസ്‌ലാം ജനഹൃദയങ്ങളെ കീഴടക്കുന്നത് എന്തുകൊണ്ട് ?
മുസ്‌ലിംകളും വേദക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇബ്‌റാഹീം നബിയെയും മകനെയും സംബന്ധിച്ച ബലി സംഭവം. ബലി അര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇളയ പുത്രനായ ഇസ്ഹാഖിനെയായിരുന്നു എന്ന ബൈബിളിലെ സംശയാതീതമായ പ്രസ്താവനയാണ് ഒരുകാലത്തും തീരാന്‍ സാധ്യതയില്ലാത്തതായി നിലനില്‍ക്കുന്ന കീറാമുട്ടി പ്രശ്‌നം.
ഇബ്‌റാഹീം നബിയുടെ ഏക പുത്രനായ ബാലനെ ബലിയര്‍പ്പണത്തിനായി കൊണ്ടുപോയെന്നു പറയുമ്പോള്‍, ആ കുട്ടി ആരായിരുന്നു എന്ന കാര്യത്തില്‍ സാധാരണഗതിയില്‍ ആര്‍ക്കും യാതൊരു സംശയത്തിനും വഴിയില്ലാത്തതാണ്. ഇബ്‌റാഹീം നബിയുടെ മൂത്ത പുത്രനായ ഇസ്മാഈല്‍ ആയിരുന്നു 14 കൊല്ലക്കാലം അദ്ദേഹത്തിന്റെ ഏക പുത്രന്‍. പിന്നീടായിരുന്നു ഇസ്ഹാഖിന്റെ ജനനം. ജനനം മുതല്‍ ഒരുകാലത്തും, അതായത് വയോവൃദ്ധനായി പിതാവ് മരണമടയുന്നതുവരെ ഒരുകാലത്തും ഇസ്ഹാഖ് ഏകപുത്രനായിരുന്നില്ല. പിതാവിന്റെ മൃതദേഹം അടക്കം ചെയ്തത് ജ്യേഷ്ഠാനുജന്മാര്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍, ജ്യേഷ്ഠസ ഹോദരനെ ഒഴിവാക്കി ഏക പുത്രന്‍ എന്ന നിലയില്‍ ഇസ്ഹാഖിന്റെ മാത്രം നേതൃത്വത്തില്‍ ആയിരുന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്ന് ഒരു വിധത്തിലുമില്ല വ്യാഖ്യാനം.
ദാസീ പുത്രന്‍ ആയിരുന്നതുകൊണ്ട് ഇസ്മാഈലിന് ജന്മാവകാശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നത് സാമ്രാജ്യത്വ മനോഭാവത്തിന്റെ ഒരുതരം അധമവികാരം വെച്ചുകൊണ്ടാണ്. അടിമ-ഉടമ ബന്ധം നോക്കിയല്ലല്ലോ ദൈവത്തിന്റെ നീതിനിര്‍വഹണം. ജനിക്കുന്നതിന് മുമ്പ് മാതാവിന്റെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ദൈവാനുഗ്രഹം ലഭിക്കുന്നതിനു ഭാഗ്യം സിദ്ധിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ഇസ്മാഈല്‍ എന്ന് ബൈബിളില്‍ തന്നെ കാണുന്നു. ദൈവം അബ്രഹാമുമായി നടത്തിയ പ്രധാന ഉടമ്പടികളെല്ലാം ഇസ്ഹാഖ് ജനിക്കുന്നതിന് മുമ്പും ഇസ്മാഈലിന്റെ സാന്നിധ്യത്തിലുമായിരുന്നു എന്നു കാണാം. ആ ഉടമ്പടികളുടെ ആദ്യത്തെ പ്രയോക്താവും സാക്ഷിയും ആയിരുന്നു ഇസ്മാഈല്‍. ദൈവം ഒരിക്കലും ഇസ്മാഈലിനോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിച്ചതായി ബൈബിളില്‍ കാണാന്‍ കഴിയുന്നതല്ല. എങ്കിലും ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വരുത്തി ഇസ്മാഈലിനും സന്തതികള്‍ക്കും അര്‍ഹതപ്പെട്ട ഒരു മഹാ ബഹുമതി തട്ടിയെടുത്ത് സ്വന്തമാക്കാനുള്ള കുത്സിത ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായാലും എതിര്‍ക്കപ്പെടേണ്ടതാണ്.
കാലമേറെ കഴിഞ്ഞിട്ടും ഇസ്മാഈലിനെതിരായി ഇന്നും നിലനില്‍ക്കുന്ന പക്ഷപാത മനോഭാവം ഇനിയും തുടരുന്നതിന് എന്തെങ്കിലും അടിസ്ഥാനമോ ന്യായീകരണമോ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ബൈബിളില്‍ ഈ ബലി സംഭവം വിവരിച്ച കാലത്ത് ഖുര്‍ആന്‍ അവതീര്‍ണമായിട്ടില്ല. മുഹമ്മദ് നബിയും അന്നില്ലായിരുന്നു. യഹൂദ-ക്രൈസ്തവ-മുസ്‌ലിം മതങ്ങളും അതിനു ശേഷം മാത്രം രൂപംകൊണ്ടവയാണ്. അതുകൊണ്ടുതന്നെ ആ മതങ്ങളില്‍ പെട്ടവരായിരുന്നുമില്ല ഇബ്‌റാഹീം ഇസ്മാഈല്‍ നബിമാര്‍. അവരില്‍ ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ആയിരുന്നില്ല ബൈബിളില്‍ വിവരണം. സംഭവം രേഖപ്പെടുത്തിയ ഗ്രന്ഥകാരന്റെ മനസ്സിലും ഉണ്ടാവാനിടയില്ല അങ്ങനെ ഒരു ഗൂഢോദ്ദേശ്യം.
ഏതൊരു മതത്തിലാണോ ഗ്രന്ഥകാരന്‍ ജീവിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഒരു മഹാ പ്രവാചകനെ സംബന്ധിച്ച ഒരു മഹാ സംഭവം അവരുടെ മതകാര്യം എന്ന നിലയില്‍ മാത്രമാവാം അദ്ദേഹം ഇത് രേഖപ്പെടുത്താന്‍ ഇടയായത്. ഭാവിതലമുറകള്‍ക്ക് പാഠമായും ഓര്‍മക്കുറിപ്പായും എന്നും ഉപകരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നത് വേറെ കാര്യം.
ഇബ്‌റാഹീം നബിയെയും മക്കളെയും ഭാര്യമാരെയും സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ ഈ ബലി സംഭവത്തെക്കുറിച്ച് മാത്രമല്ല, മറ്റു പല കാര്യങ്ങളിലുമുണ്ട് വസ്തുതാപരമായ ധാരാളം തെറ്റുകളും അബദ്ധ പ്രസ്താവനകളും. വളരെയേറെ കൊല്ലങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ഒരു ഗ്രന്ഥത്തില്‍ ബോധപൂര്‍വമല്ലാതെ കയറിപ്പറ്റിയ മാനുഷികമായ വീഴ്ചകള്‍ എന്ന നിലക്ക് അവഗണിക്കുക എന്നത് മാത്രമേ ഇന്ന് നമുക്ക് കരണീയമായുള്ളൂ.
പലരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: ഇസ്‌ലാംവിരോധം ഇത്രയധികം വ്യാപകമായിട്ടും ആളുകള്‍ ഇസ്‌ലാമിലേക്ക് അധികമധികം ആകര്‍ഷിക്കപ്പെടുന്നതെന്തേ? മുസ്‌ലിംകളുമായും ഇസ്‌ലാമുമായും കൂടുതല്‍ അടുക്കാനും അറിയാനും ഇടയാകുന്നവര്‍ അതിലേക്ക് ആകൃഷ്ടരാവാന്‍ എന്തു കാരണം? ക്രൈസ്തവരോടോ മറ്റുള്ളവരോടോ അങ്ങനെ ഒരടുപ്പം തോന്നാത്തതെന്ത്? മുസ്‌ലിംകളുമായി കൂടുതല്‍ അടുക്കുകയും അവരുമായി അടുത്തിടപഴകി പരിചയപ്പെടുകയും ചെയ്യുന്നവരെ സ്‌നേഹമസൃണമായ അവരുടെ പെരുമാറ്റമാണ് കൂടുതല്‍ ആകര്‍ഷിക്കുന്നത്. കൃത്രിമത്വം ഇല്ലാതെ ശുദ്ധവും ലളിതവുമായ സ്‌നേഹം അവരില്‍ കാണുകയും ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവരില്‍ വ്യാപകമല്ലാത്ത സ്‌നേഹ പ്രകടന രീതി മുസ്‌ലിംകളില്‍ പലരിലും സ്വാഭാവികമെന്നോണം പ്രകടമാണ്. ആശയ ഗാംഭീര്യം കൊണ്ടും അതിലടങ്ങിയ സ്‌നേഹപ്രകടനം കൊണ്ടും വളരെ ഹൃദ്യമായ വശ്യശക്തി ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിംകളുടെ സ്വന്തമായ, അവര്‍ക്കു മാത്രം സ്വന്തമായുള്ള 'അസ്സലാമു അലൈക്കും' എന്ന സ്വാഗത വാക്യം. പരസ്പരം ആലിംഗനം ചെയ്യുന്നതും സ്‌നേഹപൂര്‍വം ചുംബിക്കുന്നതും മറ്റു മതസ്ഥരില്‍ ഇത്രത്തോളം സാര്‍വത്രികമല്ല. കലവറയില്ലാതെ ഉള്ളു തുറന്നു സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്വഭാവം ഒരുപക്ഷേ മറ്റാരിലും കാണാന്‍ കഴിയുന്നതല്ല, മുസ്‌ലിംകളിലുള്ളതുപോലെ. മതത്തിന്റെ തന്നെ ഭാഗമായ ഈ പ്രത്യേക ജീവിതശൈലി മറ്റു മതസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുകയും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിവേചനമില്ലാതെ ഇസ്‌ലാമില്‍ കാണുന്ന പ്രായോഗിക സാഹോദര്യവും സൗഹൃദവും ആയിരിക്കാം എല്ലാത്തരം എതിര്‍പ്പുകളെയും ആരോപണങ്ങളെയും മറികടന്നും അതിജീവിച്ചും ഇസ്‌ലാമിന്റെ അത്ഭുതാവഹമായ വളര്‍ച്ചക്കും മുന്നേറ്റത്തിനും കാരണം.
മഹത്തായ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ അവരറിയാതെ തന്നെ പ്രാധാന്യം നല്‍കി, ശുദ്ധാത്മാക്കളായി ജീവിക്കുന്ന നിഷ്‌കളങ്ക മനുഷ്യര്‍ മറ്റെവിടെയും കാണാത്തവിധം കൂടുതലായി മുസ്‌ലിം സമൂഹത്തില്‍ ഉണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അവരെ സംബന്ധിച്ചായാലും മറ്റാരെ സംബന്ധിച്ചായാലും അതൊരു വലിയ മുതല്‍ക്കൂട്ടായേ ആര്‍ക്കും കാണാനാവൂ. നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരുത്തമ സമുദായത്തില്‍ പെട്ടവരാണ് തങ്ങളെന്ന ബോധം മറക്കാത്തവരും അതനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരുമായ കുറേപ്പേരെയെങ്കിലും എവിടെയും കാണാം, മുസ്‌ലിംകള്‍ക്കിടയില്‍. ഇസ്‌ലാമിലേക്ക് വരാനാഗ്രഹിക്കുന്നവരുടെ ഹൃദയം അല്ലാഹു വിശാലമാക്കിക്കൊടുക്കുമെന്നു പറയുന്നത് അന്വര്‍ഥമാക്കിക്കൊണ്ട് വിശാല ഹൃദയത്തോടെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും അവരോട് ഗുണകാംക്ഷ വെച്ചു പുലര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന പലരെയും ഇസ്‌ലാമില്‍ കാണാന്‍ കഴിയുന്നു. അതാണ് ഇസ്‌ലാമിന്റെ വിജയം.
ഉള്ളത് ഉള്ളപോലെ പറയുകയല്ലാതെ ഇല്ലാത്തത് പറയുകയോ സത്യം മൂടിവെക്കുകയോ ഈ സ്‌നേഹസംവാദത്തില്‍ ചെയ്തിട്ടില്ല. ഒരു ഭാഗം ഉയര്‍ത്തിക്കാണിച്ച് മറുഭാഗം താഴ്ത്തിക്കാണിക്കാനും ഇതില്‍ ഉദ്യമിച്ചിട്ടില്ല. സത്യവും അസത്യവും ഒന്നല്ലാത്തതുപോലെ ഇരുട്ടും വെളിച്ചവും തമ്മിലുമുണ്ടല്ലോ വ്യത്യാസം. കുന്നും കുഴിയും ഒരുപോലെ എന്നു വരുത്താനോ സമനില ഉണ്ടാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ജീവിതയാത്രയിലെ ചുഴികളും ഗര്‍ത്തങ്ങളും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ആത്മാര്‍ഥമായും ഗുണകാംക്ഷയോടെയും ആയിരുന്നു. ആര്‍ക്കെങ്കിലും അത് മനസ്സിലാക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ധന്യനായി.
എല്ലാവര്‍ക്കും നന്ദി. എല്ലാവരിലും ഉണ്ടാവട്ടെ, ദൈവാനുഗ്രഹം സമൃദ്ധമായി.
(അവസാനിച്ചു)
ഫോണ്‍: 0480-2818692, 9895419918
Comments