Prabodhanm Weekly

Pages

Search

2011 മെയ് 21

ദൈവങ്ങളിലെ മായാജാലക്കാരന്‍ മായാജാലക്കാരിലെ ദൈവം

ജമീല്‍ അഹ്മദ്

സത്യസായി ബാബയുടെ ഹൃദയമിടിപ്പ് നിശ്ചലമായതോടെയാണ് അദ്ദേഹം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ കുറിപ്പിട്ടത്. ആ ഹൃദയത്തിനുള്ളില്‍ അവസാനം വരെ മിടിച്ചുകൊണ്ടിരുന്നത് മനുഷ്യതയുടെ, അവന്റെ സ്ഥായിയായ ദൗര്‍ബല്യത്തിന്റെ എല്ലാ സത്യങ്ങളുമായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യം. പതിനാലാം വയസ്സില്‍ ദൈവമായി വയസ്സറിയിക്കപ്പെട്ട് ഇന്നോളം ബാബ തന്റെ ദിവ്യത്വം നിഷേധിച്ചിട്ടുമില്ല. അമൃതാനന്ദമയി, രവിശങ്കര്‍, രജനീഷ് തൊട്ട് നമ്മുടെ നാട്ടുമ്പുറങ്ങളിലെ കുഞ്ഞുകുഞ്ഞു ദൈവങ്ങളും ദൈവാവതാരങ്ങളും വരെ അത്രയും ജനപ്രീതിയോടെ അതിജീവിച്ചിട്ടുമില്ല. വെറും മായാജാലക്കാരനെന്ന് ബാബയെ ഇകഴ്ത്താം. ദൈവമെന്ന് പുകഴ്ത്താം. രണ്ടും ഒരുപോലെ ശരിയല്ലതന്നെ.
അതിമാനുഷികതയോടും അതീന്ദ്രിയാനുഭവങ്ങളോടും മനുഷ്യന് അങ്ങേയറ്റം അതൃപ്പമാണ്. അക്കാരണംകൊണ്ടുമാത്രം അവര്‍ പെട്ടെന്ന് വിശ്വസിച്ചുകളയും. മുഹമ്മദ് നബിയോടും അതിനുമുമ്പേ മറ്റു നബിമാരോടും അത്തരം അതിമാനുഷ തെളിവുകള്‍ താന്താങ്ങളുടെ സമുദായം ആവശ്യപ്പെട്ടിരുന്നുവെന്നതിന് ഖുര്‍ആന്‍ സാക്ഷിയാണ്. അക്കാര്യത്തില്‍ മൂസാ നബിയുടെ സമുദായംപോലെയാണ് ഇന്ത്യന്‍ ജനത, എണ്ണത്തിലും ഗുണത്തിലും. ആര്‍ഷഭാരതത്തിലെ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, മിത്തുകള്‍,  വിശ്വാസങ്ങള്‍,  പുരാവൃത്തങ്ങള്‍ തുടങ്ങിയ ആഖ്യാനങ്ങളെല്ലാം ഇത്തരം അതിമാനുഷഭാവനകളാല്‍ ജടിലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരന്റെ പൊതുബോധം ആത്മീയോന്മുഖവും ഇന്ദ്രജാലത്തോട് ആഭിമുഖ്യമുള്ളതുമാണ്. ഈ സത്യം തിരിച്ചറിഞ്ഞാണ്, ക്രിസ്തുമതത്തിന്റെ മിഷനറിപ്പാതിരിമാര്‍ കുഷ്ഠരോഗികളെയും വികലാംഗരെയും സ്റ്റേജില്‍ വെച്ച് പാട്ടുപാടി ശുശ്രൂഷിച്ച് സുഖപ്പെടുത്തിവിടുന്ന അത്ഭുതകൃത്യം പുതിയ പ്രബോധനതന്ത്രമായി ഏഷ്യന്‍ രാജ്യങ്ങളില്‍ പയറ്റുന്നത്.
ഇസ്‌ലാമിനെയും ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെ ഉള്‍ക്കൊണ്ടത്, സലഫിചിന്തകര്‍ മുന്നോട്ടുവെക്കുന്ന ഒറ്റവരക്കുസമാനമായ ഏകദൈവസിദ്ധാന്തത്തിന്റെ വിമോചനസൗന്ദര്യത്തിലാകൃഷ്ടമായിട്ടല്ല എന്ന് അലസമായി നിരീക്ഷിക്കാനാവും. ഭാരതീയനായ ആദ്യത്തെ മുസ്‌ലിം എന്നു വിളിക്കാവുന്ന ചേരമാന്‍ പെരുമാള്‍ പോലും ഇസ്‌ലാമിനെ കണ്ടെത്തുന്നത് മുത്തുനബി അമ്പിളി പിളര്‍ന്ന കാഴ്ചയില്‍ വ്യാമുഗ്ധനായിട്ടാണല്ലോ. കറാമത്തുകളുടെ ബഹുഭാരങ്ങളില്ലാതെ ഒരു ഔലിയക്കും അതിജീവിക്കാനാവില്ല എന്നു തോന്നുന്നവിധം മായാജാലക്കാരായാണ് അല്ലാഹുവിന്റെ വലിയ്യുകളെ മലയാളത്തിലുള്ള ചരിത്രപുസ്തകങ്ങള്‍ മുഴുവനും പരിചയപ്പെടുത്തുന്നത്.
പക്ഷേ, സായിബാബയുടെ സത്യാസത്യങ്ങളില്‍ ആകൃഷ്ടരായ പ്രമാണികളില്‍ ഏറ്റവുമധികമുള്ളത് ശാസ്ത്രജ്ഞരും വിദ്യാസമ്പന്നരുമാണെന്നതാണ് മറ്റൊരു കൗതുകം. ബാബക്കു മാത്രമല്ല, അമൃതാന്ദമയിക്കും രവിശങ്കറിനും രജനീഷിനും തുടങ്ങി ഏതാണ്ടെല്ലാ ഹൈന്ദവാടിസ്ഥാനത്തിലുള്ള മനുഷ്യദൈവങ്ങളുടെയും പിന്നില്‍ സമൂഹത്തിലെ വിദ്യാസമ്പന്നരും പണക്കാരുമാണ്. ആള്‍ദൈവങ്ങള്‍ക്ക് ആശയപരവും ഭൗതികവുമായ പിന്തുണ നല്‍കുന്നതും അവരാണ്. അവതാരങ്ങളുടെ ഇന്ദ്രജാലപ്രകടനങ്ങള്‍ക്കും  അലസഭാഷണങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയും അര്‍ഥവും നല്‍കുന്നതും ഈ പിണിയാളുകളാണ്. രാഷ്ട്രനേതാക്കള്‍ മുതല്‍ പ്രഫസര്‍മാര്‍ വരെ ദൈവങ്ങളുടെ പബ്ലിക് റിലേഷന്‍ ഓഫീസില്‍ വേതനമില്ലാതെ പണിചെയ്യുന്നു. യുക്തിവാദികളുടെ ഒരു സംഘം ബാബയുടെ തന്ത്രങ്ങള്‍ വെറും മാജിക്കുകളാണെന്ന് തെളിയിക്കാന്‍ പെടാപാടുപെടുമ്പോള്‍തന്നെ, ഭക്തശാസ്ത്രജ്ഞരുടെ മറ്റൊരു നിര അവക്ക് ശാസ്ത്രീയ തെളിവുകള്‍ നിരത്തി. അനുയായികള്‍ പക്ഷേ, യുക്തിവാദികളുടെ ശാസ്ത്രത്തെ തള്ളിക്കളയുകയും ഭക്തിയുടെ ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്തു. സായിബാബ മൃദുവായി ചിരിച്ചുചിരിച്ചു വളര്‍ന്നുകൊണ്ടേയിരുന്നു. ഏത് യുക്തിരാഹിത്യത്തിനും കണ്‍കെട്ടുവിദ്യക്കും സുരക്ഷിതമായി താമസിക്കാനും അതിജീവിക്കാനുമുള്ള ഇടവും തന്നിലുണ്ടെന്നതാണ് 'മോഡേണ്‍ സയന്‍സി'ന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. എന്തൊക്കെയായാലും സായിബാബയുടെ പുകയിലും മുടിച്ചുരുളുകളിലും തഴുകലിലും നോട്ടത്തിലും ദൈവത്തെ കാണുന്ന ദുര്‍ബല മനുഷ്യരോടല്ല, അതുമുഴുവന്‍ തട്ടിപ്പാണ് എന്ന് തെളിയിക്കാന്‍ മെനക്കെടുന്ന യുക്തിവാദികളോടാണ് കൂടുതല്‍ സഹതാപം തോന്നുന്നത്. സ്‌നേഹത്തെയും സൗന്ദര്യത്തെയും ഭക്തിയെയും യുക്തിയുടെ ലിറ്റ്മസ് കൊണ്ട് പരിശോധിക്കുന്ന അവരെക്കാള്‍ വലിയ വിഡ്ഢികള്‍ വേറെയാരുണ്ട്.
കണ്‍കെട്ടുവിദ്യകൊണ്ടും അതീന്ദ്രിയ ഭാവനകള്‍ കൊണ്ടും കോടികള്‍ സമ്പാദിക്കുന്നതാണ് വലിയ കുറ്റമെങ്കില്‍, ആ കുറ്റപത്രത്തിലെ ഒന്നാംപ്രതി സായിബാബയെപ്പോലുള്ള ദൈവങ്ങളല്ല, ആധുനിക ശാസ്ത്രവും അതിന്റെ പ്രധാന ഷെയര്‍പങ്കാളിയായ സിനിമയുമാണ്. സയന്‍സ് ഫിക്ഷനെന്ന പേരില്‍ അന്യഗ്രഹജീവികളുടെയും ഭാവിലോകത്തിന്റെയും ഗ്രാഫിക് മായാജാലങ്ങള്‍കൊണ്ട് അവര്‍  പാവപ്പെട്ട പ്രേക്ഷകനെ പറ്റിച്ചു സമ്പാദിച്ച  കോടികള്‍ വെച്ചുനോക്കുമ്പോള്‍ സായിബാബയും രജനീഷും അമൃതാനന്ദമയിയും എത്ര നിസ്സാരര്‍. സയന്‍സിന്റെ പ്രചാരണത്തിനുപോലും കണ്‍കെട്ടുവിദ്യയെത്തന്നെ ശാസ്ത്രജ്ഞര്‍ ശരണം പ്രാപിക്കുമ്പോള്‍ ഇങ്ങനെ ചിന്തിച്ചുപോകുന്നു, 'പടച്ച തമ്പുരാനേ, ഈ മനുഷ്യന്‍ എത്ര നിസ്സാരനാണ്!'
പിന്‍വാതില്‍ -  ഇ.എം കോവൂരിന്റെ 'യുക്തിചിന്ത' എന്ന പുസ്തകത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ അവതാരിക ഗംഭീരമാണ്. തന്റെ വിശ്വാസവും അവിശ്വാസവും തുറന്നു പറയുന്നുണ്ട് ബഷീര്‍ ആ ലേഖനത്തില്‍. 'വളി വിടുന്ന ദൈവം' എന്ന കഥയെക്കുറിച്ച് സാന്ദര്‍ഭികമായി ആ  അവതാരികയില്‍ പരാമര്‍ശിക്കുന്നുണ്ട്. വയലാര്‍ രാമവര്‍മയും മറ്റും ആ കഥ വായിച്ചുകേട്ട് തലതല്ലിച്ചിരിച്ചുവത്രെ. മനുഷ്യന്‍ ദൈവമായാല്‍ വളിവിടാതിരിക്കുമോ എന്നാണ് ബഷീറിയന്‍ നര്‍മത്തിന്റെ കാതല്‍. അത്രയും ദുര്‍ഗന്ധം ദൈവത്തിനുണ്ടാകുമോ? ചോദ്യം അസ്സലാണ്. ചില മാറ്റങ്ങള്‍ വരുത്തി അതു പ്രസിദ്ധീകരിക്കുമെന്ന് ബഷീര്‍ തുടര്‍ന്നു പറയുന്നു. പക്ഷേ, ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട, ബഷീര്‍ കൃതികളുടെ സമ്പൂര്‍ണ സമാഹാരം മുഴുവന്‍ പരിശോധിച്ചിട്ടും ആ കഥ കണ്ടുകിട്ടിയില്ല.
9895 437056
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം