Prabodhanm Weekly

Pages

Search

2011 മെയ് 21

ആ പരാമര്‍ശങ്ങള്‍ ശരിയല്ല

പ്രബോധനം 44-ാം ലക്കത്തില്‍ ഗീതയും ഖുര്‍ആനും എന്ന ലേഖനത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ചില ഗൗരവമുള്ള വചനങ്ങള്‍ കണ്ടു. അതിപ്രകാരമാണ്.
1. ഏക ഭാഷാവാദം പോലെ ഏകമതവാദവും അപ്രായോഗികമാണ്. എല്ലാ മതങ്ങളും നിലനില്‍ക്കണമെന്നും ഏകതാവാദം അപകടകരമാണെന്നും പറയുന്നു.
2. ദൈവം ഒന്നേയുള്ളൂ എന്നതിനാല്‍ ഒരു മതമേ വേണ്ടതുള്ളൂ എന്നു കരുതുന്നവരുണ്ട്. പക്ഷേ, അത്തരം ധാരണ മതഭ്രാന്തനായ മനുഷ്യന്റെ ധാരണയാണ്, ദൈവത്തിന്റേതായിരിക്കാന്‍ ഇടയില്ല.
3. നിനക്ക് അവതരിച്ച് കിട്ടിയതിനെ നീ മാനിക്കുക എന്നു മാത്രമല്ല, നിനക്ക് മുമ്പ് അവതരിച്ച് കിട്ടിയതിനെയും നീ മാനിക്കുക എന്നു കൂടി അല്ലാഹു നബിയോട് ഖുര്‍ആനില്‍ പ്രബോധിപ്പിക്കുന്നുണ്ടെന്ന് പരിഗണിക്കുമ്പോള്‍ ഒരേയൊരു മതം മതി എന്ന മതഭ്രാന്തന്റെ പിടിവാശി ഖുര്‍ആനികമല്ലെന്നും വ്യക്തമാകും.
ഖുര്‍ആന്‍ വചനങ്ങളെ, അതായത് ദൈവത്തിന്റെ വചനത്തെ തെറ്റിദ്ധരിപ്പിച്ച് വിശദീകരിച്ച ഈ ലേഖനം വായിച്ചപ്പോള്‍ വളരെ പ്രയാസം തോന്നി. അല്ലാഹു ഈ വചനത്തില്‍ ഉദ്ദേശിച്ചത് ഇസ്‌ലാം മതമാണ്. നിനക്ക് അവതരിച്ചതിലും നിനക്ക് മുമ്പ് അവതരിക്കപ്പെട്ട വേദങ്ങളിലുള്ളതും ഇസ്‌ലാം മതം തന്നെയാണ് എന്ന് നബിയിലൂടെ മനുഷ്യരെ മുഴുവനും പഠിപ്പിക്കുന്നു.
സൂറഃ അര്‍റൂമിലെ 22-ാം ആയത്ത് (ആകാശഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലും ഉള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്) ലേഖകന്റെ ആശയത്തെ ഖണ്ഡിക്കുന്നില്ലേ?
കെ.വി ഹാരിസ്, കളമശ്ശേരി

ചെയ്യാനുണ്ട്, ചെയ്തതിലേറെ
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ത്രീ സംഘാടനത്തെക്കുറിച്ച് കെ.പി സല്‍വ എഴുതിയ ലേഖനത്തോടുള്ള (ലക്കം 45) പ്രതികരണമാണീ കുറിപ്പ്. വസ്തുതനിഷ്ഠമെന്നതിലുപരി അങ്ങേയറ്റത്തെ ആത്മപ്രശംസയാണ് ലേഖനത്തിലുടനീളം മുഴച്ചുകാണുന്നത്.
വാരാന്ത യോഗങ്ങളിലെ ഖുര്‍ആന്‍ ക്ലാസ്, സര്‍ക്കുലറിനനുസരിച്ചുള്ള സംഘടനാ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നതില്‍ കവിഞ്ഞ് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ തങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് ലേഖിക ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരളത്തിലെ മഹല്ല് ഭരണ സംവിധാനങ്ങളില്‍ (പ്രസ്ഥാനത്തിന്റേതടക്കം) എന്ത് പ്രാതിനിധ്യമാണ് മുസ്‌ലിം സ്ത്രീക്കുള്ളത്? ഇസ്‌ലാമിക പ്രസ്ഥാനം തന്നെ ആത്മപരിശോധന നടത്തേണ്ട ഒരു കാര്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സമൂഹത്തിലെ സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമല്ല എന്നതാണത്. പ്രാദേശികമായ ഇസ്‌ലാമിക സംസ്‌കാരത്തോടും ചരിത്രത്തോടും അത്തരത്തിലുള്ള ആവിഷ്‌കാരത്തോടും അകലം പാലിച്ച് പൊതുവെ ലളിതമായ ഇസ്‌ലാമിനെ സങ്കീര്‍ണവും വരേണ്യവുമായ രീതിയില്‍ അവതരിപ്പിച്ച ജമാഅത്തിന് സമുദായത്തിലെ സാധാരണക്കാരെ പ്രസ്ഥാനത്തോടടുപ്പിക്കുന്നതില്‍ വിജയിക്കാനായില്ല. ഇതേ ശൈലി തന്നെയാണ് ജമാഅത്ത് മഹിളകളും നടത്തുന്നത്. മറ്റു മുസ്‌ലിം വനിതാ സംഘങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച പ്രവര്‍ത്തനശൈലി ജമാഅത്ത് വനിതകള്‍ക്കുണ്ട് എന്നത് ശരിതന്നെ. വനിതകള്‍ക്കിടയില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതും ശരി. എന്നാല്‍, പൊതുമുസ്‌ലിം വനിതകളുടെ എന്ത് പ്രശ്‌നമാണ് ജമാഅത്ത് വനിതാ വിഭാഗം ഏറ്റെടുത്തിട്ടുള്ളത്? വിവാഹമോചന കേസുകള്‍, സ്ത്രീപീഡനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്ന ഇവിടത്തെ ഫെമിനിസ്റ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അടുത്തെത്തുന്നുണ്ടോ ജമാഅത്തിന്റെ വനിതാ വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍?
സ്ത്രീധനം, വിവാഹമോചനം, വിവാഹ രംഗത്തെ ധൂര്‍ത്ത്, മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണം, സ്ത്രീ പീഡനങ്ങളിലെ ഇരകള്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടം, തീരദേശത്തെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, തൊഴിലാളി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി ഇടപെടാനുള്ള മേഖലകള്‍ നിരവധിയാണ്. സ്ത്രീധനം എന്ന വിപത്ത് മൂലം വിവാഹസ്വപ്നം പൂവണിയാത്ത ഒരുപാട് സഹോദരിമാരുണ്ട്. ലേഖിക ഊറ്റം കൊള്ളുന്ന പ്രസ്ഥാനത്തിലെ യുവ വിപ്ലവകാരികള്‍ പോലും 'പ്രസ്ഥാന കുടുംബം' എന്ന് വ്യവഹരിക്കപ്പെടുന്ന മധ്യവര്‍ഗ, ഉപരിവര്‍ഗ കുടുംബങ്ങളിലെ സുരക്ഷിത ഇടങ്ങളില്‍ നിന്നാണ് വിവാഹ ബന്ധങ്ങള്‍ ആഗ്രഹിക്കുന്നത്. പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളില്‍ കാലിടറി ട്രാക്ക് തെറ്റിപ്പോയ നിരവധി സ്ത്രീകളുണ്ട് ഈ സമുദായത്തില്‍. സമുദായത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവര്‍ എന്നവകാശപ്പെടുന്നവരാണ് പലപ്പോഴും ഇതിനു പിന്നില്‍. ഇവരുടെയൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി ഓഫീസിന്റെ സുരക്ഷിതത്വത്തിലിരുന്ന് തൊട്ടിലാട്ടുന്ന ഒരു വനിതാ സംഘത്തിന് കഴിയുമോ എന്നതാണ് കാലം ഉയര്‍ത്തുന്ന ചോദ്യം.
എം. അബ്ദുല്‍ കബീര്‍
ഗവ. ലോ കോളേജ് കോഴിക്കോട്

ഏത് ഇസ്‌ലാം?
'ഇസ്‌ലാം ഇല്ലാത്ത ലോകം' എന്ന തലക്കെട്ടില്‍ പ്രബോധനം എഴുതിയ മുഖക്കുറിപ്പ്(ലക്കം 39) വായിച്ചു. ഇസ്‌ലാമിനെക്കുറിച്ച് കനഡയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ പുസ്തകമെന്ന നിലയില്‍ അതെന്നെ പ്രത്യേകം ആകര്‍ഷിച്ചു. 'കനഡയില്‍ തന്നെ പ്രസിദ്ധീകൃതമായ മറ്റു രണ്ടു കൃതികളെക്കൂടി ഡഗ്ലസ് പരാമര്‍ശിക്കുന്നുണ്ട്. രണ്ടും മുസ്‌ലിം എഴുത്തുകാരുടെ വകയാണ്' എന്ന പരാമര്‍ശം എന്നെ കൂടുതല്‍ ഉത്സുകനാക്കി. വിശിഷ്യാ ഒരാള്‍ ടൊറണ്ടോക്കാരനായതിനാല്‍. ആദ്യം എന്റെ അജ്ഞതയില്‍, എന്റ വായനയുടെ പരിമിതിയില്‍ ഞാന്‍ ലജ്ജിച്ചു- എത്ര ശ്രമിച്ചാലും വിവര സ്‌ഫോടനത്തിന്റെ ഇക്കാലത്ത് എല്ലായിടത്തും കണ്ണെത്തുക ആര്‍ക്കും പ്രയാസകരമാണെങ്കിലും.
പക്ഷേ, മുഖക്കുറിപ്പ് മുഴുവന്‍ വായിച്ചപ്പോള്‍ എന്റെ അജ്ഞതയിലും വിവരമില്ലായ്മയിലും വലിയ വിഷമം തോന്നിയില്ല. ഗ്രഹാം ഫുള്ളറും ഡഗ്ലസ് ടാറ്റും പുകഴ്ത്തിപ്പറയുന്ന ഗ്രന്ഥകര്‍ത്താക്കള്‍ ഏത് ഇസ്‌ലാമാണ് അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് അന്വേഷിച്ചറിയാന്‍ പ്രബോധനം മുഖക്കുറിപ്പുകാരന്‍ ശ്രദ്ധിക്കേണ്ടിയിരുന്നു.
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ത്വാരിഖ് ഫത്താ(ഫത്ഹ അല്ല)യെയും പ്രഫ. ഇബ്രാഹിം അബുറുബായേയുമാണ് ഡഗ്ലസ് ടാറ്റ് വാനോളം പുകഴ്ത്തുന്നതും പ്രബോധനം ഏറ്റുപിടിക്കുന്നതും. ഇതില്‍ പ്രഫ. ഇബ്രാഹീമിനെ എനിക്കറിയില്ല. എന്നാല്‍, ത്വാരിഖ് ഫത്തായെ മുപ്പത് വര്‍ഷത്തിലേറെ വ്യക്തിപരമായി അറിയും. ഇടക്കൊക്കെ കണ്ടുമുട്ടാറും കുശലം പറയാറുമുണ്ട്. പൂര്‍ണ മോഡേണിസ്റ്റും തികഞ്ഞ സെക്യുലരിസ്റ്റുമാണ് ഫത്താ. കഴിഞ്ഞവര്‍ഷം മുസ്‌ലിം സ്ത്രീ ജമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ അദ്ദേഹം അല്‍ട്രാ മോഡേണിസ്റ്റായി രംഗത്ത് വന്നു. മുസ്‌ലിം സ്ത്രീയുടെ അവകാശ സംരക്ഷണത്തിന് നേതൃത്വം നല്‍കി.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താരിഖ് ഫത്താ ഈ കുറിപ്പുകാരനെ സന്ദര്‍ശിച്ചു, ഞാന്‍ ടൊറണ്ടോ ഇസ്‌ലാമിക് സെന്ററിന്റെ അസി. ഡയറക്ടറായിരിക്കുമ്പോള്‍. അദ്ദേഹവുമായുള്ള ചര്‍ച്ചയില്‍നിന്ന് ഖുര്‍ആനില്‍ അദ്ദേഹത്തിന് വിശ്വാസമില്ലെന്ന് എനിക്ക് ബോധ്യമായി. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളിലോ മൗലിക സിദ്ധാന്തങ്ങളിലോ അദ്ദേഹത്തിന് അശേഷം വിശ്വാസമില്ല. അദ്ദേഹത്തിന് മുസ്‌ലിം കനേഡിയന്‍ കോണ്‍ഗ്രസ് എന്നൊരു സംഘടനയും സി.എഫ്.ആര്‍.ബി എന്ന റേഡിയോ ഷോയില്‍ ഫ്രന്റ്‌ലി ഫയര്‍ എന്നൊരു പ്രോഗ്രാമുമുണ്ട്. ടൊറണ്ടോവിലെ മുസ്‌ലിംകളെ പരിഹസിക്കുക അവയുടെ പ്രധാന ഹോബിയാണ്.
ടി.കെ ഇബ്‌റാഹീം ടൊറണ്ടോ
[email protected]

പ്രവാസിയെ അറിയണം
കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ന് കാണുന്ന പുരോഗതിയിലേക്കെത്തിച്ചതിന്റെ മുഖ്യ ചാലകശക്തി ഗള്‍ഫ് പണമാണ്. അത് ഇന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. ഇന്നും ഓരോ മഹല്ലിലും ഏതെങ്കിലും തരത്തിലുള്ള വികസന ചര്‍ച്ച മുന്നിലെത്തുമ്പോഴേക്കും ചര്‍ച്ചയില്‍ വരുന്ന ഏകാഭിപ്രായം സാമ്പത്തിക കാര്യങ്ങള്‍ക്ക് നമ്മുടെ ഗള്‍ഫ് സഹോദരങ്ങളെ ഉപയോഗപ്പെടുത്താം എന്നാണ്. ഏതെങ്കിലും മഹല്ലിലെ ഒരു വീട് അറ്റകുറ്റപ്പണി മുതല്‍ ഏതെങ്കിലും സംഘടനയുടെ സംസ്ഥാന പരിപാടികള്‍വരെ മുഖ്യമായും ആശ്രയിക്കുന്നത് ഗള്‍ഫ് പണത്തെയാണ്. ഗള്‍ഫിലുള്ള സമൂഹമാവട്ടെ, നാട്ടില്‍ നിന്നെത്തുന്ന ഏതൊരു സഹായഭ്യര്‍ഥനയെയും  റസീവറെയും നിരാശപ്പെടുത്താറുമില്ല. നാട്ടില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെയും വാര്‍ഷിക മിച്ചത്തിന്റെ എത്ര ശതമാനമാണ് സംഭാവനയായി നല്‍കുന്നത് എന്ന് പരിശോധിച്ചാല്‍ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും, ഗള്‍ഫുകാരന്റെ ശതമാനത്തിന്റെ ഭാരം. ഇത് നല്ല കാര്യം തന്നെയാണ് താനും.
അതേസമയം, ഇന്ന് ഗള്‍ഫ് നാടുകളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രവാസികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്. ബഹ്‌റൈനിലും ഒമാനിലും സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെല്ലാം തന്നെ തികഞ്ഞ അരക്ഷിതാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ മാസത്തെ ശമ്പളം കിട്ടുമ്പോഴും ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയും അടുത്ത മാസത്തെ ശമ്പളത്തിന് കുഴപ്പങ്ങളൊന്നും ഉണ്ടാവല്ലേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വാണിജ്യ രംഗം അതിഭീമമായ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു.
ഈ ഒരവസ്ഥ നാട്ടിലെ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും നിര്‍ബന്ധമായും മനസ്സിലാക്കുകയും കുറഞ്ഞ കാലത്തേക്കെങ്കിലും ഗള്‍ഫിലേക്ക് സഹായഭ്യര്‍ഥന തേടുന്നത് കുറക്കുകയും ചെയ്യണമെന്ന് സൂചിപ്പിക്കുകയാണ്.
ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ എന്തെങ്കിലും സ്വന്തം കുടുംബത്തിന് മിച്ചമുണ്ടാക്കാന്‍, അല്ലെങ്കില്‍ തല താഴ്ത്തി നാട്ടിലെത്തി കടക്കാരനാകുന്നതില്‍ നിന്ന് ഗള്‍ഫുകാരനെ രക്ഷിക്കാന്‍ ഈ ഒരു വിഷയം വളരെ ഗൗരവത്തോടെ ഉള്‍ക്കൊള്ളണമെന്ന് അപേക്ഷ.
അബൂഹനീന്‍ മസ്‌കത്ത്

തിരുത്ത്
പ്രബോധനം ലക്കം 46-ല്‍ ഞാന്‍ എഴുതിയ 'പൂച്ചക്ക് നേര്‍ന്ന ഒരു പിടി വറ്റ്' എന്ന ലേഖനത്തില്‍ ഉമറി(റ)നെക്കുറിച്ച പരാമര്‍ശത്തില്‍ 'അല്ലാഹുവിന്റെ നിയമം നടപ്പാക്കേണ്ടിവന്നപ്പോള്‍ ശിക്ഷ തീരും മുമ്പെ ജീവന്‍ വെടിഞ്ഞ മകന്റെ ഖബ്‌റിന്റെ മേല്‍ അറച്ചുനില്‍ക്കാതെ ബാക്കി കൂടി പൂര്‍ത്തിയാക്കുകയും ചെയ്ത ഉമര്‍' എന്ന സംഭവത്തിന് പ്രബലമായ ചരിത്ര രേഖകളുടെ പിന്‍ബലമില്ലെന്നറിയുന്നു. ചൂണ്ടിക്കാണിച്ച വായനക്കാര്‍ക്ക് നന്ദി.
അബ്ദുല്ല മണിമ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം