Prabodhanm Weekly

Pages

Search

2011 മെയ് 21

എല്ലാറ്റിനും കഴിവുള്ളവന്‍


(അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എഡിറ്റ് ചെയ്ത അത്തൗഹീദ് എന്ന കൃതിയില്‍ നിന്ന്.
വിവ: എം.എസ്.എ റസാഖ്, മുഹമ്മദ് സാകിര്‍ നദ്‌വി)


പ്രതാപശാലിയും മഹത്വമേറിയവനുമായ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാകുന്നു. ഭൂമിയിലും ആകാശത്തും യാതൊന്നും അവനെ അശക്തനാക്കുകയില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹു സൃഷ്ടിച്ചതാകുന്നു. എല്ലാ സൃഷ്ടികളും ദിവ്യകഴിവിന്റെ അടയാളങ്ങളാണ്. ദൃശ്യമായ തൂണുകളില്ലാതെ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന ആകാശലോകം ദൈവിക കഴിവിന്റെ ദൃഷ്ടാന്തമാകുന്നു. മഴവര്‍ഷിക്കല്‍, സസ്യങ്ങളെ മുളപ്പിക്കല്‍, കാറ്റിന്റെ ഗതി തിരിച്ചുവിടല്‍, നിര്‍ജീവ പദാര്‍ഥങ്ങളില്‍നിന്ന് ജീവനുള്ളവയെ പുറത്തെടുക്കല്‍, ജീവിതാവസ്ഥയില്‍നിന്ന് മരണാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കല്‍, രാപ്പകലുകളുടെയും ഇരുട്ടിന്റെയും പ്രകാശത്തിന്റെയും നിയതമായ മാറിവരവ്, വാനലോകത്തുള്ളവയെ ഭൂമിയില്‍ ആപതിക്കാതെ നിലനിര്‍ത്തല്‍, ഉരുണ്ടതും കറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഭൂമി അതില്‍ വസിക്കുന്ന നമ്മെയും കൊണ്ട് മറിഞ്ഞുപോകാതെ നിലനിര്‍ത്തല്‍ തുടങ്ങി നമുക്കറിവുള്ളതും അറിവില്ലാത്തതുമായ മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ തെളിവാകുന്നു. അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്ന് മഴ വീഴ്ത്തി. അതുവഴി നാം ഭൂമിയില്‍ സകലയിനം മികച്ച സസ്യങ്ങളെയും മുളപ്പിച്ചു. ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്ന് കാണിച്ചുതരൂ'' (ലുഖ്മാന്‍ 10,11). ''അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിപ്പിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍ പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്. അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ ചരിക്കുന്നവയുമുണ്ട്. അല്ലാഹു അവനിഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്'' (അന്നൂര്‍ 45). ''ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന് ഉടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്'' (അല്‍മുല്‍ക്ക് 1).

അല്ലാഹു ഇഛിക്കുന്നത് ചെയ്യുന്നു
അല്ലാഹു ഒന്നിനെയും സൃഷ്ടിക്കുന്നില്ല; അവന്റെ ഉദ്ദേശ്യവും ഇഛയും യുക്തിയും അനുസരിച്ചല്ലാതെ. ''നിന്റെ നാഥന്‍ താനിഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു'' (അല്‍ഖസ്വസ്വ് 68). അല്ലാഹുവിന്റെ സൃഷ്ടികളില്‍ നീളം കൂടിയതുണ്ട്. നീളം കുറഞ്ഞതുണ്ട്. വെളുത്ത നിറമുള്ളതുണ്ട്. കറുത്തതുണ്ട്. പുരുഷവര്‍ഗമുണ്ട്. സ്ത്രീ വര്‍ഗമുണ്ട്. ചിലര്‍ സുന്ദരന്മാര്‍. മറ്റു ചിലര്‍ വിരൂപര്‍. സസ്യജാലകങ്ങളില്‍ മധുരമുള്ളതുണ്ട്. കയ്പുള്ളതുണ്ട്. ഈ വൈവിധ്യം അല്ലാഹുവിന്റെ പൂര്‍ണ ഇഛയും ഉദ്ദേശ്യവും തീരുമാനാധികാരവും അനുസരിച്ചാകുന്നു. അവന്റെ വിധി, നിശ്ചയം നിഷ്ഫലമാക്കാന്‍ ആര്‍ക്കും സാധ്യമല്ല. അവന്റെ തീരുമാനം മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. ''തീര്‍ച്ചയായും നിന്റെ നാഥന്‍ താനിഛിക്കുന്നത് നടപ്പാക്കുന്നവനാണ്'' (ഹൂദ് 107). ''അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ'' (യാസീന്‍ 82). ''ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഇഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു'' (അശ്ശൂറ 49). ''പറയുക, എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിലും കഴിവുറ്റവന്‍ തന്നെ'' (ആലുഇംറാന്‍ 26).
യുക്തിജ്ഞനും പ്രതാപശാലിയും
അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നവനാണെന്നും പറഞ്ഞതിനര്‍ഥം യാതൊരു ലക്ഷ്യവും യുക്തിദീക്ഷയും കൂടാതെ ഓരോന്നും ചെയ്യുന്നുവെന്നല്ല. അല്ലാഹുവിന്റെ സകല പ്രവര്‍ത്തനങ്ങളും അത്യുന്നത യുക്തിബോധത്തിന്റെ താല്‍പര്യമനുസരിച്ചും കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലും നിമിത്ത-ഫലബന്ധത്തിന്റെ അടിസ്ഥാനത്തിലുമാണ് നടക്കുന്നത്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് യാതൊരു ചോദ്യം ചെയ്യലിനും വിധേയനല്ല അല്ലാഹു. അവന്‍ പ്രതാപശാലിയും യുക്തിജ്ഞനുമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവന്റെ യുക്തി നമുക്ക് അജ്ഞാതമായിരിക്കും. അതിനര്‍ഥം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍ യുക്തിരഹിതമാണെന്നല്ല. പക്ഷേ, നമ്മുടെ പരിമിത ബുദ്ധികൊണ്ട് പൂര്‍ണതയോടെ അത് ഗ്രഹിക്കുക സാധ്യമല്ല. കാരണം, അതിനെ സംബന്ധിച്ചേടത്തോളം സകല വിവരങ്ങളും അല്ലാഹുവിന് മാത്രമാണുള്ളത്. ദൈവത്തിന്റെ യുക്തി എന്തെന്ന് നമുക്കറിയാന്‍ കഴിയയുന്നില്ലെങ്കില്‍ കൂടിയും സകല കാര്യങ്ങളും അല്ലാഹുവിങ്കല്‍ അര്‍പ്പിക്കുക. അല്ലാഹു അത്യുന്നതനും യുക്തിജ്ഞനുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. ''മണ്ണിലോ മാനത്തോ അല്ലാഹുവിന്റെ കാഴ്ചയില്‍ പെടാത്ത ഒന്നും തന്നെയില്ല. തീര്‍ച്ച, അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിഛിക്കുന്ന വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്. യുക്തിമാനും'' (ആലുഇംറാന്‍ 5,6). അല്ലാഹു പ്രതാപിയും സര്‍വജ്ഞനും യുക്തിശാലിയുമാണെന്ന് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
ദയാപരനും കാരുണ്യനിധിയും
കാരുണ്യം അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പെട്ടതാകുന്നു. അവന്‍ തന്റെ പ്രജകളോട് അതിരറ്റ കാരുണ്യവും ദയയുമുള്ളവനാകുന്നു. അല്ലാഹു ദാസന്മാരിലേക്ക് പ്രവാചകന്മാരെ അയക്കുകയും ഗ്രന്ഥം ഇറക്കിക്കൊടുക്കുകയും ചെയ്തു. അന്ധകാരത്തില്‍ നിന്ന് സന്മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാനും അജ്ഞത നീക്കി സത്യം പഠിപ്പിക്കാനും വേണ്ടിയായിരുന്നു അത്. ഇതവരോടുള്ള കാരുണ്യം കൊണ്ടാകുന്നു. അവരോടുള്ള കൃപയാല്‍ ഭൂമി സൗകര്യപ്പെടുത്തിക്കൊടുക്കുകയും വാനഭുവനങ്ങളില്‍ ഉള്ളതൊക്കെയും വിധേയമാക്കിക്കൊടുക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഹൃദയത്തില്‍ സന്താനങ്ങളോട് വാത്സല്യവും ദയയും സ്‌നേഹവും കാരുണ്യവികാരവും നിക്ഷേപിച്ചു. കുറ്റവാളികള്‍ക്കും ധിക്കാരികള്‍ക്കും അവര്‍ പശ്ചാത്തപിച്ചാല്‍ പാപമോചനം നല്‍കുന്നു. ഇതെല്ലാം അല്ലാഹുവിന് മനുഷ്യവര്‍ഗത്തോടും ജന്തുവര്‍ഗത്തോടുമുള്ള വിശാലമായ കാരുണ്യത്തിന്റെ അടയാളങ്ങളാകുന്നു. അല്ലാഹു പറയുന്നു: ''എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്ന് നില്‍ക്കുന്നു'' (അല്‍അഅ്‌റാഫ് 156). ''നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മ കാരണം വല്ല തെറ്റു ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് കര്‍മങ്ങള്‍ നന്നാക്കുകയുമാണെങ്കില്‍ അറിയുക, തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്'' (അല്‍അന്‍ആം 54). ''അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികനാകുന്നു'' (യൂസുഫ് 64).
എല്ലാം അറിയുന്നവന്‍
എല്ലാറ്റിനെ സംബന്ധിച്ചും സമഗ്രമായ അറിവ് അല്ലാഹുവിനുണ്ട്. ആകാശഭൂമികളിലുള്ള യാതൊന്നിനെക്കുറിച്ച വിവരവും അവന് അജ്ഞാതമല്ല, അദൃശ്യവുമല്ല. ഭാവിഭൂതവര്‍ത്തമാനകാല ജ്ഞാനം അവനുണ്ട്. പ്രപഞ്ചത്തിലും പ്രപഞ്ചത്തിന്റെ ഘടനയിലും കാണുന്ന വ്യവസ്ഥാപിതത്വവും ഭദ്രതയും പരിപൂര്‍ണതയും അല്ലാഹുവിന്റെ വിജ്ഞാന വൈപുല്യത്തിന് മതിയായ തെളിവാകുന്നു. ''അതിഭൗതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാണ്. അവനല്ലാതാരും അതറിയുന്നില്ല. കരയിലും കടലിലുമുള്ളതൊക്കെയും അവനറിയുന്നു. അവനറിയാതെ മരത്തില്‍നിന്ന് ഒരിലപോലും കൊഴിയുന്നില്ല. അവന്റെ ജ്ഞാനത്തില്‍ പെടാത്ത ഭൂമിയുടെ ഇരുണ്ട മൂടുപടങ്ങളില്‍ ഒരു ധാന്യമണിയുമില്ല. പച്ചയും ഉണങ്ങിയതുമെല്ലാം ഒരു തെളിഞ്ഞ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്'' (അല്‍അന്‍ആം 59).
നിത്യജീവന്‍
മുഴുവന്‍ ജീവജാലങ്ങളുടെയും ജീവന്റെ ഉറവിടവും ജീവദായകനും അല്ലാഹുവാകുന്നു. പൂര്‍ണ രൂപത്തില്‍ നിത്യജീവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവനാകുന്നു അല്ലാഹു. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. ഇല്ലാതിരുന്ന ഒരു ഘട്ടം അല്ലാഹുവിന് ഉണ്ടായിട്ടില്ല. അനശ്വരനാണവന്‍. നശ്വരത അവനെ ബാധിക്കുകയില്ല. മറ്റെല്ലാ ദൈവിക ഗുണവിശേഷങ്ങളുടെയും അടിത്തറ 'നിത്യജീവന്‍' എന്നതാകുന്നു. സകല കഴിവിന്നുമുടമ, ഉദ്ദേശ്യം, കാരുണ്യം, യുക്തിഭദ്രത, അറിവ് തുടങ്ങിയ ഗുണവിശേഷങ്ങള്‍ നിത്യജീവനു മാത്രമേ അനുയോജ്യമാവുകയുള്ളൂ. ''അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ ദൈവമില്ല'' (അല്‍ഗാഫിര്‍ 65). ''സാക്ഷാല്‍ ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമായ ദൈവത്തിങ്കല്‍ ഭരമേല്‍പ്പിക്കുക'' (അല്‍ഫുര്‍ഖാന്‍ 58). ''സജീവനും സകലതും നിലനിര്‍ത്തുന്നവനുമായ അവന്റെ സമക്ഷത്തില്‍ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞുപോകുന്നു'' (ത്വാഹാ 111). ''അല്ലാഹു-ബ്രഹ്മാണ്ഡപരിപാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല'' (അല്‍ബഖറ 255). ബ്രഹ്മാണ്ഡപരിപാലകന്‍ എന്നതിന്റെ അര്‍ഥം അഖില സൃഷ്ടികളുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും പരിപാലിക്കുന്നവനുമാകുന്നു എന്നാണ്. ''അവന് മയക്കമോ സുഷുപ്തിയോ ബാധിക്കുന്നില്ല. വാനഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു'' (അല്‍ബഖറ 225). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം